മിന്നുകെട്ട്: ഭാഗം 17

minnukett

എഴുത്തുകാരി: ആര്യ പൊന്നൂസ്

വേദിക ഓരോന്ന് ആലോചിച്ചു സോഫയിൽ ഇരിക്കായിരുന്നു. വാതില് തുറക്കുന്ന ശബ്ദം കേട്ടതും അവളങ്ങോട്ട് നോക്കി.. മുന്നിൽ വഷളൻ ചിരിയോടെ ജോയ്... അവനെ കണ്ടാൽ ആദ്യത്തെ പോലെ അവള് പേടിച് മാറും എന്ന് കരുതിയിരുന്നു അവൻ... അവനെ കണ്ടതും അവളവിടെ ഒന്നുകൂടെ അമർന്നിരുന്നു....എന്നിട്ട് അവനെയൊന്ന് തറപ്പിച്ചു നോക്കി. " എടാ.... നിനക്കെന്താ മന്നേഴ്സ് ഇല്ലേ... ഒരാളുടെ റൂമിലേക്ക് കടന്ന് വരുമ്പോൾ മിനിമം കതകിൽ തട്ടാനുള്ള കോമൺ സെൻസ് വേണം... നീയാരോട് ചോദിച്ചിട്ടാ ഇങ്ങോട്ട് കയറി വന്നത്... ഇറങ്ങി പോടാ... " അവളുടെ നോട്ടവും തന്റേടത്തോടെയുള്ള സംസാരവും കേട്ട് അവനൊന്നു ചൂളി പോയി... അവന്റെ ചുണ്ടിലെ വഷളൻ ചിരി മാഞ്ഞു... " എന്താടാ നിനക്ക് പറഞ്ഞത് മനസിലായില്ലേ... " " മര്യാദക്ക് സംസാരിക്കണം.... " " എന്നെ മര്യാദ പഠിപ്പിക്കാൻ നീയാരാടാ... ആദ്യം നീ ഈ റൂമിൽ നിന്ന് പുറത്തിറങ്... നിന്റെ അമ്മയെ ഞാൻ തല്ലാത്തതു പ്രായം കൂടിയ പെണ്ണുങ്ങൾ ആണെന്നുള്ള പരിഗണന ഒന്ന് കൊണ്ട് മാത്രമാ... നിനക്കത് കിട്ടും എന്ന് നീ കരുതണ്ട.... "

" ഞാൻ ആരാണെന്ന് നിനക്കറിയോ? " " നീ ഒരു ഫ്രോഡ്... അതെനിക്കറിയാം... " " എടീ ഇനിയെന്തെങ്കിലും പറഞ്ഞാൽ... " അവനത് മുഴുവപ്പിക്കുന്നതിനു മുൻപേ അവളുടെ ഇടത് കൈ അവന്റെ മുഖത്ത് പതിച്ചു.. അവനത് തീരെ എസ്‌പെക്ട് ചെയ്തില്ല... ഇടത് കൈ കൊണ്ട് ആയിട്ടുപോലും അവനു നല്ല വേദന ആയി.. അവൻ മുഖം പൊത്തി... " ഇനിയും നിനക്ക് കിട്ടേണ്ടെങ്കിൽ ഇറങ്ങി പോ.... " " എടീ എന്ത് കണ്ടിട്ടാടി നീ ഇത്രയ്ക്കും അഹങ്കരിക്കുന്നത്? അതിനും മാത്രം എന്താ ഉള്ളത്? " " അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല... " റോയ് ഭക്ഷണം കഴിച്ചു വേഗം അങ്ങോട്ട് വന്ന് റൂമിലേക്ക് കടക്കാതെ വാതിലിന്റെ അവിടെ കയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു ... " എടീ... നിന്നെ... " അവനവളുടെ നേരെ കൈ പൊക്കി. " ജോയ്.... " റോയിയുടെ വിളി കേട്ടതും അവൻ കൈ താഴ്ത്തി മുഖം കുനിച്ചു നിന്നു.. " നീയവിടെ മുഖവും കുനിച്ചു നിൽക്കാതെ ഇങ്ങ് പോരെ.... നിനക്ക് വേണ്ടത് അവള് തന്നില്ലേ... ഇനിയും വേണേൽ അവള് തരും.. " ജോയ് വേഗം പുറത്തേക്കിറങ്ങി.. " വേദികാ നീ ബെഡിൽ കിടന്നോ... ഞാനിവിടെ സോഫയിൽ കിടന്നോളാം... നിനക്ക് കൈക്ക് വയ്യാത്തത് അല്ലേ... ആ ഒരൊറ്റ കൺസിഡറേഷൻ... " ജോയി കേൾക്കാൻ പറഞ്ഞുകൊണ്ട് അവൻ റൂമിൽ കയറി കതകടച്ചു...

എന്നിട്ട് വേഗം അവളെ കിടത്തി അവളുടെ വയറിലേക്ക് തലയും വച്ചു കിടന്നു... " ഇച്ചായാ.... " " എന്താ കൊച്ചേ? " " ഇച്ചായനെന്താ നേരത്തെ അവരോടൊന്നും പറയാൻ സമ്മതിക്കാഞ്ഞേ? " " ഒന്നാമത്തെ കാര്യം അവരുടെ മനസിലിരിപ്പ് എനിക്കറിയണമായിരുന്നു... മറ്റൊരു കാര്യം കൊച്ച് അതിനെ എതിർത്തു പറഞ്ഞാൽ അവർക്ക് കൊച്ചിനോടുള്ള ദേഷ്യം കൂടും... ഇപ്പൊ അവര് ഇതൊക്കെ ജോയ്ക്ക് കിട്ടും എന്ന വിശ്വാസത്തിലാണ്... തത്കാലം അങ്ങനെ പോട്ടെ....രണ്ടിനെയും എന്താ വേണ്ടതെന്നു ആലോചിക്കാൻ കുറച്ചു സമയം എനിക്ക് വേണം.... " " ഉം.... " " എന്തായാലും കൊച്ചിന്റെ ആ അടി കലക്കി... എനിക്കത് ഇഷ്ടായി.... പെമ്പിള്ളേർ ആയാൽ ഇങ്ങനെയായിരിക്കണം... ഇപ്പോഴാ എല്ലാ അർത്ഥത്തിലും നീയീ റോയിയുടെ പെണ്ണായത് ..... " വേദികയൊന്ന് ചിരിച്ചു.. " ഇത്രേം തന്റേടവും ധൈര്യവും ഉണ്ടായിട്ടാണോ ഇങ്ങനെ പേടിച് നിന്നത്? " " എന്റെ ധൈര്യവും തന്റെടവുമെല്ലാം ഇച്ചായനാ... ഇച്ചായൻ കൂടെയില്ലെങ്കിൽ ഇതൊന്നും ഉണ്ടാവില്ല ... " അവൻ വേഗം അവിടുന്ന് എണീറ്റ് അവളോട് ചേർന്ന് കിടന്നു.. " ഇച്ചായനെന്നും കൊച്ചിന്റെ കൂടെയുണ്ടാകും... ഏതെങ്കിലും ഒരു നിമിഷം ഇച്ചായൻ കൂടെ ഇല്ലാതായാലും ഇനി ഈ ധൈര്യവും തന്റെടവും കൈ വിടരുത്... "

" ഇച്ചായാ.... ഇങ്ങനെയൊന്നും പറയല്ലേ... " " ഏയ്‌ .... ഞാൻ അങ്ങനെ മീൻ ചെയ്തു പറഞ്ഞതല്ല... മനുഷ്യന്റെ കാര്യമല്ലേ അടുത്ത സെക്കൻഡിൽ എന്താ സംഭവിക്കാൻ പോകുന്നെ എന്ന് നമുക്ക് പറയാൻ പറ്റില്ല... അങ്ങനെ ഇച്ചായനെന്തെങ്കിലും സംഭവിച്ചുപോയാൽ മുന്നോട്ടുള്ള ജീവിതം ഇതിലും തന്റേടത്തോടെ ജീവിക്കണം... " അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു .... " അയ്യേ.... ഒരു തമാശ പറയുമ്പോഴേക്കും കരയുവാണോ.... അത്ര പെട്ടന്നൊന്നും എന്റെ കൊച്ചിനെ വിട്ട് ഇച്ചായനെങ്ങും പോകില്ലാ... " അവനവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... പിന്നെ അവളുടെ കണ്ണുകളിൽ ചുണ്ടമർത്തി ... " ഉറങ്ങിക്കോ... " അവന്റെ കൈ അവളെ പുൽകിയിരുന്നു... അവന്റെ നെഞ്ചോട് പറ്റി ചേർന്നുകൊണ്ട് അവളുറങ്ങി....... പിറ്റേന്ന് രണ്ട് പേരും നേരത്തെ ഇറങ്ങി... നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്... അവളുടെ നെറ്റിയിലെ കെട്ടഴിച്ചു... ഒരു ചെറിയ പാട് അവിടെ അവശേഷിക്കുന്നുണ്ട്..... അത് കഴിഞ്ഞ് അവളെ വീട്ടിൽ വിടണോ... ഒപ്പം കൂട്ടണോ എന്ന ചിന്തയിലായിരുന്നു റോയ്... "

എന്താ ഇച്ചായൻ ആലോചിക്കുന്നേ? " " നിന്നെ വീട്ടിൽ നിർത്താനുള്ള ധൈര്യം എനിക്കില്ല... എന്നാൽ ഇപ്പൊ എന്റെ കൂടെ കൂട്ടിയാൽ നമ്മുടെ പ്ലാൻ പൊളിയാനുള്ള ചാൻസ് ഉണ്ട്... എന്താ വേണ്ടത് " " ഇച്ചായൻ ടെൻഷനാകേണ്ട... ഞാൻ വീട്ടിൽ നിന്നോളാ... " " ഉം...കൊച്ചേ സൂക്ഷിക്കണേ... കിടക്കുവാണേൽ കതക് ലോക്ക് ചെയ്തിട്ട് കിടന്നാൽ മതി ..... " അവള് സമ്മതിച്ചു. റോയ് അവളെ വീട്ടിൽ വിട്ട് ഓഫീസിലേക്ക് പോയി.... ത്രേസ്യാമ്മച്ചിയോട് എല്ലാം പറയണം എന്നുണ്ടായിരുന്നെങ്കിലും റോയ് പറഞ്ഞതുകൊണ്ട് അത് വേണ്ടാന്ന് വച്ചു...... ത്രേസ്യാമ്മച്ചിയായിരുന്നു അവളെ ഭക്ഷണം കഴിപ്പിച്ചത്... അതൊക്കെ കഴിഞ്ഞു അവള് സിറ്റൗട്ടിൽ വന്നിരുന്നപ്പോൾ സിസിലി അങ്ങോട്ട് വന്നു.. അവരെ കണ്ടെങ്കിലും അവള് മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു .... " എടീ നീയെന്നോട് പറഞ്ഞത് നിനക്കോർമ്മയുണ്ടോ... അവൻ തന്നെ എന്നെയിവിടുന്ന് പുറത്താക്കുമെന്ന്... നീ നോക്കിക്കോ വൈകാതെ അവനെക്കൊണ്ട് നിന്നെ ഞാൻ ഇവിടുന്ന് പുറത്താക്കും.... " " ദേ പെണ്ണുമ്പിള്ളേ പ്രായം കുറച്ചായില്ലേ... അപ്പൊ അതിനനുസരിച്ചു നിൽക്ക്.... "

" എടീ പെണ്ണേ നീയെന്താ എന്നെയങ്ങു മൂക്കിൽകേറ്റാം എന്ന് വച്ചോ? അവനെ എന്റെ മോനാ " അവളത് മൈൻഡ് ചെയ്തില്ല... അവര് പിന്നെയും എന്തൊക്കയോ പറഞ്ഞോണ്ടിരുന്നു. അവളിൽ നിന്ന് പ്രതികരണമൊന്നും ഇല്ലാതായപ്പോ അവരവളെ തള്ളിയിടാൻ നോക്കി... അവള് വേഗം അവിടുന്ന് മാറി അവരെ ഒന്ന് തറപ്പിച്ചു നോക്കി... " എന്താടി നീ ഇങ്ങനെ നോക്കുന്നത്.... നിന്റെ നോട്ടം കണ്ടിട്ട് നിനക്കെന്നെ തല്ലണം എന്ന് തോന്നുന്നുണ്ടല്ലോ... ഒന്ന് തല്ലി നോക്കെടി... " അപ്പോഴാണ് ജോയ് അങ്ങോട്ട് വന്നത്.. വേദിക അവന്റെ കരണം നോക്കി ഒരെണ്ണം കൊടുത്തു....അവനാകെ വല്ലാതെ ആയി. ഒപ്പം സിസിലിയും... " എടാ നീയിങ്ങനെ നോക്കണ്ട... ഇത് നിനക്കുള്ളതല്ല നിന്റെ അമ്മച്ചിയ്ക്കുള്ളതാ... നിനക്ക് പറ്റുവാണേൽ നീയിത് അവർക്ക് കൊടുത്തേക്ക്.... " അവളതും പറഞ്ഞു തിരിഞ്ഞു നടന്നു... ആ അടിയിൽ ജോയിയുടെ ചുണ്ട് പൊട്ടി... അവനവളെ നോക്കി പല്ല് കടിച്. സിസിലി അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് തടസമായി നിന്നു.. " എന്താ ഇനി നിങ്ങൾക് ഞാൻ ഡയറക്ട് ആയിട്ട് തരണോ....? "

" എടീ നിന്നെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.... ഞാൻ നിന്നെ ഒന്നും ചെയ്യില്ല... നിന്നെ ഇവിടെ കേറ്റി താമസിപ്പിച്ചില്ലേ റോയ്... അവനെ കൊണ്ട് തന്നെ ഞാൻ നിനക്ക് ഇതിനൊക്കെ പകരം വീട്ടിപ്പിച്ചിരിക്കും... നീ നോക്കിക്കോ.... " അവളവരെ തള്ളിമാറ്റി റൂമിലേക്ക് നടന്നു. റോയ് പറഞ്ഞപോലെ കതകടച്ചു അവളവിടെ കിടന്നു... ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി എന്നതൊഴിച്ചാൽ അധികം സമയവും റൂമിനകത്തു തന്നെ ആയിരുന്നു അവള്... വൈകിട്ട് റോയ് വന്നതും സിസിലി വേദികയുടെ കുറ്റങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി.. അവനതൊക്കെ കേട്ട് മുഖത്തൊരു ഗൗരവം വരുത്തി.. " അവളെ ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്.... അമ്മച്ചി ഇവിടെ ഇരിക്ക് അവളെ ഞാൻ ഇങ്ങോട്ട് വിളിച്ചിട്ട് വരാം... ഇത്രയ്ക്കും അഹങ്കാരം പാടില്ലല്ലോ .... " അവൻ വേഗം റൂമിലേക്കു നടന്നു കതകിൽ തട്ടി. അവൻ വിളിച്ചതിനു ശേഷമാണ് അവള് കതകു തുറന്നത്... അവൻ വേഗം കതകടച്ചു. " ഇന്ന് എന്തായിരുന്നു കൊച്ചേ? " " ഇച്ചായനല്ലേ പറഞ്ഞത് അവരോട് അധികം ഒന്ന് പറയരുത് എന്ന്. മിണ്ടാതിരിക്കുന്നതിനനുസരിച് എന്റെ തലയിൽ കയറാൻ വരാ... "

അവനവളെയൊന്ന് ചേർത്തുപിടിച്ചു.. " വേറൊന്നുമല്ല ഇപ്പൊ അവർക്ക് നിന്നോടുള്ള ദേഷ്യമൊന്നു കുറഞ്ഞിട്ടുണ്ട്. അത് കൂട്ടണ്ട എന്ന് കരുതിയാ നിന്നോട് മിണ്ടണ്ട എന്ന് പറഞ്ഞെ... കൊച്ചിപ്പോ വാ.. " അവനവളുടെ കയ്യും പിടിച്ചു താഴോട്ടു നടന്നു.... " നീയിന്നു എന്റെ അമ്മച്ചിയെ എന്താ കാട്ടിയത്... മര്യാദക്ക് ചെയ്ത തെറ്റിന് മാപ്പ് പറാ... ഇല്ലെങ്കിൽ ഇപ്പൊ നിന്നെ ഇവിടുന്ന് ഇറക്കിവിടാനും ഞാൻ മടിക്കില്ല... വേദികാ നിന്നോട്... " അവള് മുഖവും താഴ്ത്തി നിന്നതേയുള്ളു. " വേദികാ ഞാൻ നിന്നോടാ ഈ പറയുന്നത്... say സോറി... " " ഓഹ് ഇവളിപ്പോ മാപ്പ് പറഞ്ഞിട്ട് ഇപ്പൊ എന്നതാ.... വിട്ടേക്കെടാ ഇവളെന്നോട് വാദ് വെച്ചതാ നീയിവൾക്ക് വേണ്ടി എന്നെ തള്ളി പറയും എന്ന്... ഇപ്പൊ നീ കണ്ടോടി... ആരാ പുറത്തായതെന്ന്... ഇനിയെങ്കിലും അഹങ്കാരം ഒന്ന് കുറയ്ക്കാൻ നോക്ക്... " അവളൊന്നും പറയാതെ തിരിഞ്ഞു നടന്നു.... പിറ്റേന്ന് പുലർച്ചയ്ക്ക് തന്നെ രണ്ടുപേരും തിരിച്ചുപോയി....... റോയ് മാറ്റി വന്നപ്പോൾ ത്രേസ്യാമ്മച്ചി അവനെയും കാത്ത് നിൽക്കുകയായിരുന്നു... അവന്റെ പിന്നാലെ വേദികയും ഉണ്ട്. "

റോയ് കുഞ്ഞേ.... എനിക്ക് കുഞ്ഞിനോട് ചിലത് പറയാനുണ്ട്... കുഞ്ഞ് കരുതുന്നപോലെ ആ സിസിലി അത്ര നല്ലവളൊന്നും അല്ല... " റോയ് ഒന്ന് ചിരിച്ചു. " എനിക്കറിയാം ത്രേസ്യാമ്മച്ചി... എല്ലാം അറിഞ്ഞിട്ട് തന്നെയാ വേദികയോട് അവരുടെ മുന്നിൽ വച്ചു അങ്ങനെ പെരുമാറിയത്... അവരെ തെറ്റിദ്ധരിപ്പിക്കാൻ... ത്രേസ്യാമ്മച്ചിയോട് എല്ലാം തുറന്ന് പറയാൻ ഇരിക്കുകയായിരുന്നു. അവരൊന്ന് പൊക്കോട്ടെ എന്ന് കരുതി... " അവൻ കാര്യങ്ങളൊക്കെ അവരോട് പറഞ്ഞു. അത് കേട്ടതും അവർക്ക് സമാധാനമായി... " ഇപ്പോഴാ സമാധാനം ആയെ... ഞാനാകെ പേടിച്ചു... എന്തായാലും മക്കള് സൂക്ഷിക്കണം... " " ഹ്മ്... " ദിവസങ്ങൾ കടന്നുപോയി.. വേദികയുടെ കയ്യിലെ പ്ലാസ്റ്റർ അഴിച്ചു.... റോയ് കിടക്കാൻ വന്നപ്പോഴാണ് വേദിക ഫോണിലേക്ക് തന്നെ നോക്കിയിരുന്നു സങ്കടപെടുന്നത് കാണുന്നത്.. അവനവളുടെ അടുത്തിരുന്നു തോളിൽ കയ്യിട്ടു... അവള് വേഗം അവനെ നോക്കി. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്... " എന്തുപറ്റി? എന്താ.... ഉം " അവൻ വേഗം ഫോൺ വാങ്ങി നോക്കി. വേദിക അവളുടെ അച്ഛന്റെയൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ....

" ഏയ്യ്... ജസ്റ്റ്‌ ലീവ് it... ഓക്കേ.... " " ഇച്ചായാ നാളെ അച്ഛന്റെ ആണ്ടാ... " അവനൊന്നും മിണ്ടാതെ അവളുടെ അടുത്തിരുന്നു... അവൾവന്റെ തോളിലേക് ചാഞ്ഞു.. അവരങ്ങനെ ഇരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. വേദികയുടെ അമ്മ... അവള് വേഗം കോൾ അറ്റൻഡ് ചെയ്തു.. " മോളേ.... കിടന്നോ? " " ഇല്ലാ.... " " മോനുണ്ടോ അടുത്ത്... ഒന്ന് ഫോൺ കൊടുക്ക് " അവള് ഫോണവന് നീട്ടി.. " ഹലോ... " " ആഹ്... മോനെ സുഖമാണോ? " " ഉം.... അവിടെയോ... അമ്മയ്ക്ക് കുഴപ്പൊന്നുമില്ലല്ലോ.. " " ഏയ്‌... എനിക്ക് കുഴപ്പൊന്നൂല്യ മോനെ..... പിന്നെ മോനെ ഞാൻ വിളിച്ചത് നാളെ മോളെ അച്ഛന്റെ ആണ്ടാണ്... നാളെ നേരത്തെ ഇങ്ങോട്ട് വരണം.... ".. " ഓ ഞാൻ വരാം.... " കുറച്ചു നേരം കൂടെ സംസാരിച്ചു അവര് കോൾ കട്ട്‌ ചെയ്തു... " കൊച്ചേ....രാവിലെ ഓഫീസിൽ പോകുമ്പോ നിന്നെയും ത്രേസ്യാമ്മച്ചിയേയും അവിടെ വിടാം.... എന്നിട്ട് വൈകിട്ട് ഞാൻ അങ്ങോട്ട് എത്തിക്കോളാം... അത് പോരെ? " " ഉം.... മതി.... " രാവിലെ അവര് മൂന്ന്പേരും കൂടെ ഇറങ്ങി..... റോയി വൈകിട്ട് വരാം എന്നും പറഞ്ഞു ഇറങ്ങാതെ പോകാൻ നോക്കി.. വേദികയുടെ മുഖം വാടിയത് കണ്ടതും അവനവരുടെ ഒപ്പം ചെന്നു... അമ്മയും ചേച്ചിയും മോളും മാത്രമേ അപ്പൊ അവിടെ ഉള്ളായിരുന്നു..

ശ്രീജിത്തിനെ അങ്ങോട്ട് വിളിച്ചെങ്കിലും അവൻ ഇറങ്ങാതെ വണ്ടിയിൽ തന്നെയിരുന്നു...കുറച്ചു നേരം അവിടെയിരുന്നു വൈകിയിട്ട് വരാമെന്നും പറഞ്ഞു റോയ് ഇറങ്ങാൻ തുടങ്ങി. " വേദികേ.... " അവള് വേഗം അവന്റെ അടുത്തേക്ക് ചെന്നു.. " എന്താ വാങ്ങേണ്ടത്... എനിക്കറിയില്ല അതാ... " " ഇച്ചായന് എന്താണോ ഇഷ്ടം അത് വാങ്ങിയാൽ മതി... " " ചേച്ചിടെ മോൾക്ക് എത്ര വയസായി? " " രണ്ട്.... " " ഉം.... എന്ന ഞാൻ ഇറങ്ങട്ടെ... അല്ല എപ്പോഴാ പരിപാടി? " " വിളക്ക് വെച്ച് കഴിഞ്ഞിട്ടാ നേർച്ച കൊടുക്കാ... " " ശരി ഞാൻ അപ്പോഴേക്കും എത്താം... " അവളവൻ പോകുന്നതും നോക്കി നിന്നു.. ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു...ദേവിക വന്ന് അവളുടെ തോളിൽ കയ്യിട്ടതും അവളൊന്ന് ഞെട്ടി....ദേവിക ഒന്ന് ചിരിച്ചു.. അവര് രണ്ടാളും അകത്തേക്ക് നടന്നു.. അവിടെ അവളുട അമ്മയും ത്രേസ്യാമ്മയും നല്ല ഫോമിലാണ്..... അവര് രണ്ടാളും അവിടെ ചെന്നിരുന്നു... പിന്നെ ദേവിക വേദികയെ അകത്തേക്ക് കൂട്ടി.. " മോളെ.... വിനുവേട്ടന് നല്ല മാറ്റമുണ്ട്... ഇപ്പൊ ആ കുടിയും കളിയുമൊക്കെ നിർത്തി.. ചെയ്ത് പോയ തെറ്റിന് എന്നോടും അമ്മയോടും മോളോടുംമൊക്കെ കുറേ മാപ്പ് പറഞ്ഞു... നിന്റെ കാലുപിടിക്കണം എന്ന് പറയുന്നുണ്ടായിരുന്നു.... " " സമാധാനമായി... മാപ്പൊന്നും പറയണ്ട... ആള് മാറിയല്ലോ അത് തന്നെ സന്തോഷം.... "

" ഹ്മ്.... അല്ല മോളെ കുട്ടികളൊന്നും വേണ്ടേ നിങ്ങൾക്ക്... എന്തെങ്കിലും കുഴപ്പം എങ്ങാനും ഉണ്ടോ? " " അറിയില്ല.... " " ഉം.... " അവര് പിന്നെ ഓരോ പണികളിലായിരുന്നു.. അടുത്ത ബന്ധുക്കളെ മാത്രമാണ് ക്ഷണിച്ചത് എങ്കിലും ഒരുപാട് ഒരുക്കങ്ങൾ ബാക്കിയാണ്... എല്ലാവരും കൂടെ ഉച്ചയാകുമ്പോഴേക്കും എല്ലാം തീർത് ഭക്ഷണവും കഴിച്ചു പുറത്ത് വന്നിരുന്നു... അപ്പോഴാണ് വേദികയുടെ മാമൻ വന്നത്...... " ശ്രീദേവി ( വേദിയകയുടെ അമ്മ ) കണ്ട നസ്രാണിയുടെ കൂടെ പോയി പൊറുക്കുന്ന ഇവളെ എന്തിനാ ഇന്ന് ഇങ്ങോട്ട് ക്ഷണിച്ചേ..... മരിച്ചുപോയവരാണെങ്കിലും അവർക്കും ഒരു മാന്യത കൽപ്പിക്കണം.... " വേദിക ഞെട്ടിപ്പോയി.. ത്രേസ്യാമ്മ അവളെ തന്നെ നോക്കിയിരിക്കുകയാണ്..... അവരും വല്ലാതായി.. " കുടുംബത്തിനെ പറയിപ്പിക്കാനായി ഉണ്ടായ അസത്ത്... നാട്ടുകാരൊക്കെ പറഞ്ഞു കളിയാക്കുകയാ ഇവിടുത്തെ ഈ വിശേഷം... ആളുകളുടെ മുന്നിൽ തല ഉയർത്തി നടക്കാൻ വയ്യാ മനുഷ്യന്... ഇതിനിയൊന്നും വീട്ടിൽ കേറ്റാൻ തന്നെ പാടില്ല..... " " മാമനിപ്പോ നാട്ടുകാരുടെ ചിലവിലാണോ ജീവിക്കുന്നത്?

അല്ല അവരുടെ മുന്നിൽ തല കുനിച്ചു എന്ന് പറയുന്നത് കൊണ്ട് ചോദിച്ചതാ.... " " എന്നോട് തർക്കുത്തരം പറയാൻ നീ വളർന്നോ? " അയാളതും പറഞ്ഞു അവൾക്ക് നേരെ കയ്യോങ്ങി..അവള് മുഖം ചെരിച്ചു എന്നാൽ അയാളുടെ കൈ അവളുടെ മുഖത്ത് പതിയുന്നതിന് മുൻപേ വിനീത് അത് തടഞ്ഞു.. " മാമാ... മാമനിത് എന്താ കാണിക്കുന്നത്... ഇവളതിന് എന്താ ചെയ്തേ.... കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ... പിന്നെന്താ? " അയാളൊന്നും പറഞ്ഞില്ല.. വിനീതയാളെ അവിടുന്ന് കൂട്ടി പുറത്തേക്ക് നടന്നു.... അയാളെ സമാധാനിപ്പിച്ചു വീട്ടിലേക്ക് കൂട്ടി വന്നു... അയാള് പിന്നെ വേദികയോട് ഒന്നും പറഞ്ഞില്ല... " മോളെ... ഒന്ന് വരോ? " വിനീത് താഴ്മയോടെ ചോദിച്ചതും അവള് ഒപ്പം ചെന്നു. " എന്നോട് ക്ഷമിക്കണം.... ഒരുപാട് ഞാൻ മോളെ ദ്രോഹിച്ചു... എല്ലാം ആ മദ്യത്തിന്റെ ലഹരിയിൽ പറ്റി പോയതാ... എനിക്ക് മാപ്പ് തരണം... " അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. അവളുടെ കാലിൽ വീഴാൻ പോയപ്പോ അവള് തടഞ്ഞു... " അതൊക്കെ പോട്ടെ ഏട്ടാ.... " " ഹ്മ്.... റോയ്... റോയ് എവിടെ മോളെ? " " ഇച്ചായൻ ഓഫീസിൽ പോയതാ... വൈകിട്ട് എത്തും... " " ഉം... ശരി എന്നാ മോള് അങ്ങോട്ട്‌ ചെല്ല് " അവളൊന്ന് ശ്വാസം വലിച്ചു വിട്ടു....... കുടുംബക്കാർക്ക് പലർക്കും അവളോട് ഉള്ള നീരസം പ്രകടമായിരുന്നു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story