💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 78

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

എന്റെ പൊന്ന് മോളെ നിലവിളിച്ചു ആളെ കൂട്ടല്ല. ഈ അവസരത്തിൽ തല്ല് കൊള്ളാനുള്ള ശേഷി എനിക്കില്ല. നിലവിളിക്കരുത് പ്ലീസ്..... അവൻ മെല്ലെ കയ്യെടുത്തു. എന്നിട്ട് അവന്റെ ഷർട്ട് കൊണ്ട് തന്നെ ബ്ലഡ്‌ ഒപ്പിയെടുക്കാൻ തുടങ്ങി. അവൻ മെല്ലെ അവളെ നോക്കി. ഷോക്ക് ആയത് പോലെ അവനെ തന്നെ പകച്ചു നോക്കി നിൽക്കുന്നത് കണ്ടു. ടീ ദയവുചെയ്തു ഇടുക്കി ഡാം തുറക്കരുത്. അത് കാണാനുള്ള ശേഷി എനിക്കില്ല അത് കൊണ്ട. എനിക്ക് കുഴപ്പം ഒന്നും ഇല്ല. ചെറിയൊരു മുറിവേ ഉള്ളൂ. നീ വയറിനു മുകളിൽ വീണപ്പോൾ ബ്ലഡ്‌ വീണ്ടും വന്നു. അതിന്റെ മേലെ നീ വെള്ളം കോരിയൊഴിച്ചു. ബ്ലഡ്‌ മൊത്തം എല്ലായിടത്തും പടർന്നു. അത്രേ സംഭവിച്ചിട്ട് ഉള്ളു. അവൻ മുഴുവൻ തുടച്ചു. ഒരിടത്ത് മാത്രമേ മുറിവ് ഉള്ളൂ. പക്ഷേ ബ്ലഡ്‌ നിൽക്കുന്നില്ല. അവൻ ഷർട്ട് കൊണ്ട് തന്നെ മുറുക്കി കെട്ടി. ഇത്രയും ആയിട്ടും അവൾ ഒന്നും ചോദിച്ചോ പറഞ്ഞോ ഇല്ല. ആ പകപ്പോടെ നോക്കി നിൽക്കുകയെ ചെയ്തുള്ളു. മുറിവിൽ വെക്കുന്ന മരുന്ന് എന്തെങ്കിലും ഉണ്ടോ. അവൾ തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി.

അവനും പിറകെ പോയി. അവൾ തന്നെ മുറിവിൽ മരുന്ന് വെച്ചു കെട്ടികൊടുത്തു. അവന്റെ മുഖത്തേക്ക് നോക്കുക പോലും ചെയ്തില്ല. അവനും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ പോകാൻ നോക്കിയതും അവൻ കയ്യിൽ പിടിച്ചു. ദേഷ്യം ആണോ ഇന്നലെ രാത്രി മുതൽ എന്റെ കൂടെ ഉണ്ടായിട്ടും എന്നോട് എന്തെങ്കിലും പറഞ്ഞോ ഇല്ലല്ലോ. ഞാനാരാ അല്ലെ ഇതൊക്കെ പറയാനും അറിയാനും. സോറി. ചെറിയൊരു ആക്സിഡന്റ്. അങ്ങനെ ആയതാ. അവൾ അവന്റെ കയ്യെടുത്തു തലയിൽ വെച്ചു ഇനി പറ എന്താ സംഭവിച്ചത്. അത്..... പിന്നെ.....അവളെ തലയിൽ കൈ വെച്ച് കള്ളം പറയാൻ അവന് തോന്നിയില്ല. കുറച്ചു സമയം അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ ഒരു ദീർഘശ്വാസം എടുത്തു കുറച്ചു സമയം ഇരുന്നു. പിന്നെപറയാൻ തുടങ്ങി. നിനക്ക് അന്ന് സംഭവിച്ചത് ഒരാക്സിഡന്റ് ആയിരുന്നില്ല.

ആരോ മനപ്പൂർവം ചെയ്തത് ആയിരുന്നു. അവൾ ഞെട്ടലോടെ അവന്റെ തലയിൽ നിന്നും കയ്യെടുത്തു. അയാളെ ഞാൻ അന്ന് ലഞ്ച് കഴിക്കുമ്പോൾ റെസ്റ്റോറന്റ് കണ്ടിരുന്നു. അവിടെ നിന്നും ഫോട്ടോ സങ്കടിപ്പിച്ചു ഫ്രണ്ട്സ് വഴി അയാളെ പൊക്കി. കൊല്ലാൻ ഒരാൾ പണം കൊടുത്തു കൊട്ടേഷൻ കൊടുത്തത്‌ ആയിരുന്നു. അയാളെ നമ്പർ മാത്രമേ കിട്ടിയുള്ളൂ. അത് വെച്ചു ആളെ കണ്ടു പിടിച്ചു. ജാബിർ അന്ന് നമ്മളെ പൂട്ടിയിട്ട കക്ഷി. അവനെ പൊക്കാൻ ഇറങ്ങിയതാ പക്ഷേ പോകുന്ന വഴിക്ക് വെച്ച് ഷെറിയെ കണ്ടു. അവളെ കുറച്ചു പേര് തടഞ്ഞു വെച്ച് എന്തോ കശപിശ. കണ്ടിട്ട് ഇടപെടാതിരിക്കാൻ കഴിഞ്ഞില്ല. അവളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചുന്ന അവൾ പറഞ്ഞേ. അവളെ രക്ഷിക്കുന്നതിനിടയിൽ ഏതോ ഒരുത്തൻ കത്തി കൊണ്ട് ഒന്ന് പോറി. അങ്ങനെ പറ്റിയതാ. ഹോസ്പിറ്റലിൽ പോയി.അവളെ വീട്ടിൽ കൊണ്ട് വിട്ടു എല്ലാം കഴിഞ്ഞു ജാബിറിനെ തപ്പിപോയെങ്കിലും അവൻ രക്ഷപ്പെട്ടിരുന്നു. വന്നപ്പോഴേക്കും രാത്രിയായി. ഫോൺ ആണെങ്കിൽ കാറിൽ വെച്ച് മറന്നു പോയി.

അതാ വിളിച്ചിട്ട് കിട്ടാഞ്ഞത്. എന്നാലും എനിക്ക് മനസ്സിലാവാത്ത കാര്യം ഇതാണ് നിന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുക്കാൻ മാത്രം ജാബിറും നീയും തമ്മിൽ എന്താ പ്രശ്നം. അവൾ അറിയില്ലെന്ന് തലയാട്ടി. നീ എല്ലാം അറിഞ്ഞാൽ പേടിച്ചു പോകുമെന്ന് കരുതിയ ഒന്നും മിണ്ടാതിരുന്നത്. നീ പേടിക്കുകയൊന്നും വേണ്ട ഞാൻ ജീവനോടെ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല. അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. അവൾ അവന്റെ മാറിലേക്ക് തല ചായ്ച്ചു ഇരുന്നു.ഷെറിയാണ് ഇതിന്റെ പിന്നിൽ എന്ന് അവൾക്ക് മനസ്സിലായിരുന്നു. ജാബിറിനെ പിടിച്ചാൽ അവളുടെ കള്ളത്തരം പൊളിയുമെന്ന് കരുതി അവനെ രക്ഷിക്കാൻ അവൾ കളിച്ച ഡ്രാമ ആണ് ഫൈസിയുടെ ദേഹത്ത് ഉള്ള മുറിവ്. അവളുടെ അകവും പുറവും ഷെറിയോടുള്ള ദേഷ്യം കൊണ്ട് പുകഞ്ഞു കൊണ്ടിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരി അവളാണെന്ന് അറിഞ്ഞ നിമിഷം അവളെ കൊല്ലണ്ട ദേഷ്യം ഉണ്ടായിരുന്നു. സാലി പറഞ്ഞത് കൊണ്ട് മാത്രമാണ് മിണ്ടാതെ ഇരിക്കുന്നത്.

എന്തിന് വേണ്ടിയാ സാലി ഷെറിയെ പറ്റി ആരോടും പറയരുതെന്ന് പറഞ്ഞതെന്ന മനസ്സിലാവാത്തത്. പക്ഷേ ഇനി എനിക്ക് സഹിക്കാൻ ആവില്ല. ഫൈസി അവന്റെ ദേഹത്ത് ചോര പൊടിഞ്ഞത് അവൾ കാരണം ആണ്. അത് മാത്രം സഹിക്കാൻ എനിക്കാവില്ല. ഇനിയെങ്കിലും ഷെറിയുടെ തനിസ്വഭാവം എല്ലാവരും അറിയണം. അവളുടെ ഉള്ളിൽ ഒരു ക്രിമിനൽ സ്വഭാവം ഉണ്ട്. തടഞ്ഞില്ലെങ്കിൽ എനിക്ക് വേണ്ടപ്പെട്ട എല്ലാവരും അവൾ കാരണം കഷ്ടപ്പെടേണ്ടി വരും. അവൾ മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ടിരുന്നു. ഇടക്ക് അവളെ ഉമ്മ വിളിച്ചു അവൾ താഴേക്ക് പോയി. പോകുമ്പോൾ വാതിൽ പൂട്ടി താക്കോൽ എടുത്തായിരുന്നു പോയത്. പെട്ടന്ന് ആരെങ്കിലും കേറി വന്നാലൊന്ന് ഉള്ള പേടി ഉള്ളിൽ ഉണ്ടയിരുന്നു. തിരിച്ചു വരുമ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു. അവന്റെ മുടിയിലൂടെ തലോടി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അവന്റെ മുഖത്തേക്ക് നോക്കും തോറും മനസ്സ് നീറുന്നുണ്ടായിരുന്നു. അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു അവൾ.

അവന്റെ നെഞ്ചോട് ചേർന്നു കിടക്കുമ്പോഴും ഒരുനാൾ ഇവനെ വിട്ടു പോകേണ്ടി വരുമല്ലോ എന്ന ഓർമ അവളെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. ആരോ വാതിലിൽ മുട്ടി വിളിക്കുന്നത് കേട്ടാണ് അവന്റെ ഉറക്കം ഞെട്ടിയത്. അവൻ കണ്ണ് തുറന്നു. തന്റെ നെഞ്ചിൽ തലവെച്ചു തന്നെയും കെട്ടിപിടിച്ചു കിടക്കുന്ന അവളെ കണ്ടു. വിളിക്കാൻ മനസ്സ് വന്നില്ല അവന്ന്. പക്ഷേ പുറത്ത് നിന്നും മുട്ട് ശക്തിയായതോടെ അവൻ അവളെ വിളിച്ചു. അവളെ ഉപ്പ വിളിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. അവൾ ഞെട്ടി എണീറ്റു. അവനെ നോക്കി. ഞാൻ കട്ടിലിന് അടിയിലേക്ക് പോകണം അതല്ലേ ഈ നോട്ടത്തിന്റെ അർത്ഥം. വേണ്ട.ഈ മുറിവും വെച്ചു റിസ്ക് എടുക്കണ്ട. പിന്നെ നീ വാതിലിന് പിറകിൽ നിന്ന മതി. ഞാൻ പുറത്ത് പോയിക്കൊള്ളാം. അവൾ വാതിൽ തുറന്നു. പുറത്ത് ഇറങ്ങി വാതിൽ ചാരി. ഉപ്പയും സാലിയും സാലിയുടെ ഉപ്പയും ഉമ്മയും ഉമ്മാമ്മയും സാലിയുടെ തലയിൽ ചെറിയൊരു കെട്ടുണ്ട്. വേറെ പ്രോബ്ലം ഒന്നും ഇല്ല. സാലി അവളെ നോക്കി ചിരിച്ചു. സാലിയെ കണ്ടു അവൾക്ക് കുറച്ചു ആശ്വാസം തോന്നി. അവനിലാ ഇപ്പൊ കുറച്ചു പ്രതീക്ഷ. ഉപ്പാനെ പറഞ്ഞു മനസ്സിലാക്കാൻ അവന് മാത്രമേ കഴിയു. അവൾ ഇന്നലെതന്നെ എല്ലാം അവനെ വിളിച്ചു പറഞ്ഞിരുന്നു.

നമുക്ക് എല്ലാം ശരിയാക്കാന്ന് വാക്കും തന്നിരുന്നു. ഇപ്പൊ എന്തിനാ എല്ലാവരും കൂടെ വന്നത് എന്ന മനസ്സിലാവാത്തെ. അവൾ സാലിയെ നോക്കി എന്താന്ന് ചോദിച്ചു. പറയാന്നു അവൻ കൈ കൊണ്ട് കാണിച്ചു. ഫൈസി വാതിലിന് വിടവിലൂടെ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ നാളെ പോവുകയാണ്. അതിന് മുൻപ് നിങ്ങളുടെ എൻഗേജ്മെന്റ് എങ്കിലും ഉറപ്പിക്കണം എന്നുണ്ടായിരുന്നു. മൂന്നു മാസം കഴിയാതെ ഒന്നും പറ്റില്ലല്ലോ. എന്നാലും എന്റെ ഒരു സമാധാനത്തിനു വേണ്ടിയാണ് ഞാനിപ്പോ വന്നത്. സാലിയുടെ ഉമ്മാമ സാലിയുടെ കയ്യിൽ ഒരു മോതിരം കൊടുത്തു അവൾക്ക് ഇട്ട് കൊടുക്കാൻ പറഞ്ഞു. അവൻ മോതിരം അവൾക്ക് നേരെ നീട്ടി. അവൾ ഞെട്ടലോടെ അവനെ നോക്കി. സാലിയെ കാണാൻ അവന്റെ ഉമ്മാന്റെ ഉമ്മ നാട്ടിൽ നിന്നും വന്നെന്ന് കേട്ടിരുന്നു. എനിക്ക് പാരയായി വരുന്നു സ്വപ്നത്തിൽ പോലും കരുതിയില്ല. അതിനേക്കാൾ പേടി ഇതെല്ലാം ഫൈസി കാണുംനുണ്ടോന്ന് ആയിരുന്നു.അവൾ സാലിയെ നോക്കി. അവൻ അവളെ നോക്കി കണ്ണടച്ച് സാരമില്ലന്ന് കാണിച്ചു.

എന്നിട്ടും അവൾ കൈ നീട്ടിയില്ല. ഉപ്പ അവളോട് കൈ നീട്ടാൻ പറഞ്ഞു അവൾദയനീയമായി എല്ലാവരെയും നോക്കി കൊണ്ട് കൈ നീട്ടി. സാലി മോതിരം ഇട്ടുകൊടുത്തു.അവൾക്ക് എങ്ങനെയെങ്കിലും അവിടെ നിന്ന് പോയാൽ മതി എന്ന് തോന്നി. ഫൈസികാണരുതെന്ന് മനമുരുകി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവൾ തിരിച്ചു വന്നു. അവൻ ജനലിൽ പിടിച്ചു പുറം തിരിഞ്ഞു ഇരിക്കുന്നത് കണ്ടു. അവൾ അവന്റെ ചുമലിൽ കൈ വെച്ചു വിളിച്ചു. എന്താണ് മോനെ ഒരാലോചന. തിരിഞ്ഞു നോക്കിയതും അവന്റെ ദേഷ്യം കൊണ്ട് വിറക്കുന്ന മുഖം കണ്ടതും അവൾക് ചെറിയ പേടി തോന്നി. തീപാറുന്ന അവന്റെ കണ്ണുകൾ നേരിടാൻ ആവാതെ അവൾ മുഖം താഴ്ത്തി.അവൻ എല്ലാം കണ്ടെന്നു അവൾക്ക് മനസ്സിലായി. എന്തിനായിരുന്നുടീ എന്നെ മോഹിപ്പിച്ചത്. എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്. പറയെടീ എന്തിനാ എന്നെ വിഡ്ഢി വേഷം കെട്ടിച്ചത്.

നിന്നോട് എന്ത് തെറ്റാ ഞാൻ ചെയ്തത്. ഇഷ്ടം അല്ലെങ്കിൽ അത് തുറന്നു പറയാമായിരുന്നു. വാശിയും ദേഷ്യം തീർക്കാൻ ആണെങ്കിൽ അതും ചെയ്യാമായിരുന്നു. സ്നേഹം നടിച്ചു വഞ്ചിക്കേണ്ടിയിരുന്നില്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. സ്നേഹം നടിച്ചു ചതിച്ചിട്ടും ഇല്ല. ഇല്ലേ.... നീയെന്നെ ചതിച്ചിട്ടില്ലേ. ഞാനിപ്പോ എന്റെ കണ്ണ് കൊണ്ട് കണ്ടതോക്കെയോ. അതും കളവായിരിക്കും. ഫൈസി.... ഞാൻ വേണ്ട ഇനിയൊന്നും പറയണ്ട. എല്ലാം കണ്ടും കേട്ടും മനസ്സിലാക്കി. നിന്റെ മൗനം അതാടീ എന്നെ തളർത്തിയത്. നീയൊരു വാക്ക് മറുത്തു പറഞ്ഞിരുന്നുവെങ്കിൽ അവൻ നിന്റെ വിരലിൽ മോതിരം ഇടുമായിരുന്നോ. അവനുമായുള്ള വിവാഹത്തിന് സമ്മതം മൂളുകയല്ലേ അതിലൂടെ നീ ചെയ്തത്. ഒരിക്കലും അല്ല. സാലി എന്റെ നല്ലൊരു ഫ്രണ്ട് ആണ്. അതിൽ കൂടുതൽ ഇന്ന് വരെ അവനെ ഞാൻ കണ്ടിട്ടില്ല. തല്ക്കാലം പ്രശ്നം ഒന്നും ഇല്ലാണ്ടിരിക്കാനാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. ഉപ്പാനോട് സാവധാനം സംസാരിക്കാമെന്ന് അവൻ പറഞ്ഞു. ഞാനിത് വിശ്വസിക്കണമല്ലേ. ഇനിയും നീയെത്ര കള്ളം പറയും സഫു.

ഞാൻ പറഞ്ഞതൊന്നും കളവല്ല. ദയവു ചെയ്തു എന്നെ ഒന്ന് വിശ്വാസിക്ക്. വിശ്വസിക്കാം നീ പറഞ്ഞതൊക്കെ വിശ്വസിക്കാം. ഇപ്പൊ ഈ നിമിഷം നീയീ പറഞ്ഞതൊക്കെ നിന്റെ വീട്ടുകാരെ മുന്നിൽ വെച്ചു പറയണം പറ്റോ. അവൾ ഇല്ലെന്ന് തലയാട്ടി. അത് പറ്റില്ലല്ലേ . നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞോളാം. നിനക്ക് എന്റെ കൂടെ വരാൻ പറ്റോ. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. നിന്നോടാ ചോദിച്ചേ. എന്നെ വേണമെങ്കിൽ ഈ നിമിഷം നീ എന്റെ കൂടെ വരണം പറ്റോ. അവളുടെ ഇരു ചുമലിലും പിടിച്ചു അവൻ അ ലറുന്നത്‌ പോലെ പറഞ്ഞു. അവരെ മുന്നിൽ പോവാനോ. നിന്റെ കൂടെ വരാനോ എനിക്ക് പറ്റില്ല. അവരെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല ചെയ്യാൻ പറ്റില്ല എനിക്ക് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. എന്ത് കൊണ്ട് പറ്റാത്തത്. നിനക്ക് എന്നെ വേണ്ടേ. വേണം. നീയില്ലാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ പറ്റില്ല. പിന്നെന്ത് കൊണ്ട് അവരോട് അത് പറഞ്ഞു കൂടാ. അവരെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.

അവർക്ക് ഇഷ്ടംഅല്ലാത്ത ഒരു കാര്യവും ചെയ്യാൻ എനിക്ക് പറ്റില്ല. അവർക്ക് ഇഷ്ടം അല്ലെങ്കിൽ നിനക്ക് എന്നെ വേണ്ടേ. അവർ ഒഴിവാക്കാൻ പറഞ്ഞാൽ നീ അതും ചെയ്യോ. അവൾ മിണ്ടാതെ തല താഴ്ത്തി. മറുപടി പറയെടി അവന് അവളെ ചുമലിൽ പിടിച്ചുഉലച്ചു കൊണ്ട് ചോദിച്ചു. ചെയ്യും. അവന്റെ കൈ അവളെ ദേഹത്ത് നിന്ന് ഊർന്ന് വീണു. എന്നേക്കാൾ വലുത് അവരാണല്ലേ നിനക്ക്. നിന്നെ ജീവന് തുല്യം സ്നേഹിച്ചതിനു എനിക്കിത് കിട്ടണം. നിന്റെ സ്നേഹം സത്യം ആണെന്ന് വിശ്വസിച്ചു. മതിയായി എനിക്ക് എല്ലാം മതിയായി.ഇഞ്ചിഞ്ചായി കൊല്ലാതെ എന്നെയങ്ങ് ഒറ്റയടിക്ക് കൊന്നുടാരുന്നോ നിനക്ക്. എന്നോട് പൊറുക്കണം. എനിക്ക് അവരെ ധിക്കരിക്കാൻ ആവില്ല. എന്റെ ഉപ്പ കഴിഞ്ഞേ എനിക്ക് ഈ ലോകത്ത് മറ്റാരും ഉള്ളൂ. ഉപ്പാനെ വിഷമിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. നിനക്ക് മാത്രമേ ഉള്ളോ ഉപ്പ. അവൻ ദേഷ്യത്തോടെ പറഞ്ഞു. ഞാൻ ഇപ്പൊ തന്നെ നിന്റെ ഉപ്പാനോട് സംസാരിക്കാൻ പോവുകയാണ്. മോളോട് ഉപ്പക്കും ഇതേ സ്നേഹം ഉണ്ടോന്ന് അറിയണമല്ലോ.സമ്മതിച്ചില്ലെങ്കിൽ എന്ത് വേണമെന്ന് എനിക്കും അറിയാം അവൻ പോകാൻ നോക്കിയതും അവൾ തടഞ്ഞു. ഉപ്പ സമ്മതിക്കില്ല. ഉപ്പാക്ക് നിന്നോടുള്ള ദേഷ്യം ഇത് വരെ മാറിയിട്ടില്ല.

ഉപ്പാനെ ധിക്കരിച്ചു ഞാൻ നിന്റെ കൂടെ വരികയും ഇല്ല. പിന്നെന്തിനാ നീ സംസാരിക്കുന്നെ. എവിടെയും കേൾക്കാത്ത ഒരു ഉപ്പയും മോളും. അതിന് മാത്രം എന്ത് മഹാത്യാഗം ആണാവോ നിന്റെ ഉപ്പ ചെയ്തത് ഫൈസിയുടെ വാക്കുകളിൽ പരിഹാസം കലർന്നിരുന്നു. മഹാത്യാഗം തന്നെ ചെയ്തത്. ആരോരും ഇല്ലാത്ത ഈ അനാഥപെണ്ണിനെ സ്വന്തം മോളായികണ്ടു വളർത്തി വലുതാക്കിയില്ലേ അത് ത്യാഗം അല്ലെ. സഫൂ....... ഞെട്ടലോടെ ഫൈസി വിളിച്ചു. സത്യ പറഞ്ഞത്. ഞാൻ ഇവരുടെ ആരും അല്ല. ഈ വീടും ആൾക്കാരും കുടുംബവും ഒന്നും എന്റേതല്ല.സ്വന്തം എന്ന് പറയാൻ എനിക്കാരും ഇല്ല. പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നു ഇരുന്നു. ഫൈസി കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവളുടെ അടുത്ത് ഇരുന്നു. പതിയെ അവളെ ചുമലിൽ കൈ വെച്ചു. നീ... അപ്പൊ.... ജനിപ്പിച്ച തന്തക്കും തള്ളക്കും വേണ്ടാത്തത് കൊണ്ട് തെരുവിൽ ഉപേക്ഷിച്ച ഒരു പാഴ്ജന്മം. ആർക്കെങ്കിലും പിഴച്ചുണ്ടായത് ആയിരിക്കും. അല്ലെങ്കിൽ തന്തയാരാണെന്ന് അറിയതോണ്ട് വഴി വക്കിൽ ഉപേക്ഷിച്ച ചാരസന്തതി. അതും അല്ലെങ്കിൽ പ്രണയത്തിന്റെ പേരും പറഞ്ഞു ചതിക്കപ്പെട്ട ഏതെങ്കിലും പെണ്ണിന് ജനിച്ചതായിരിക്കും.

എങ്ങനെ ആയാലും ചൂണ്ടി കാണിക്കാൻ ഉപ്പയും ഉമ്മയും ഇല്ല.വീടോ കുടുംബമോ ഒന്നും ഇല്ല. ആരാണെന്ന് അറിയെം ഇല്ല. ഭാഗ്യം കെട്ട നശിച്ചൊരു പാഴ്ജന്മം അതാ ഞാൻ. അവളുടെ കണ്ണിൽ നിന്നും രക്തം ആണ് ഒഴുകുന്നതെന്ന് തോന്നിപ്പോയി അവന്. അവളുടെ ഓരോ വാക്കും ഹൃദയം കീറി മുറിച്ച പുറത്തേക്കു വരുന്നത്. എന്താടി ഈ പറയുന്നതൊക്കെ. വിശ്വാസം വരുന്നില്ല അല്ലെ. ആരും വിശ്വസിക്കില്ല. ആർക്കും വിശ്വസിക്കാൻ കഴിയില്ല. അങ്ങനെ മത്സരിച്ചു സ്നേഹിക്കുകയാ ഇവിടുത്തെ ഉപ്പയും ഉമ്മയും. ഇന്ന് വരെ എന്നെ ഉപ്പയും ഉമ്മയും മറ്റൊരു കണ്ണോടെ നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്തിന് സ്വന്തം ചോരയിൽ പിറന്ന അനിയത്തിയേയും അനിയനെയും പോലും ഇത്രയും സ്നേഹിച്ചിട്ട് ഉണ്ടാവില്ല അവർ . അവർക്ക് കൊടുക്കുന്നതിന്റെ ബാക്കിയല്ല എനിക്ക് തന്നതിന്റെ ബാക്കിയ അവർക്ക് കൊടുക്കൽ. ഒരു നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പോലും വേർതിരിച്ചു കണ്ടിട്ടില്ല അവർ. പേരും ഐഡന്റിറ്റിയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഉപ്പനെയും ഉമ്മനെയും ബന്ധുക്കളെയും ഒരു കുടുംബവും എല്ലാം നേടിത്തന്നുഎനിക്ക്. നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു കനൽ എരിഞ്ഞു തീരുന്നുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു കണക്കിന് നീയെന്തിനാ സങ്കടപെടുന്നെ നിന്നെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഫാമിലി ഇല്ലേ നിനക്ക്.

നീ പറഞ്ഞത് പോലെ സ്വന്തം ഉപ്പയും ഉമ്മയും പോലും ഒരു മകളെയും ഇങ്ങനെ സ്നേഹിക്കുന്നുണ്ടാവില്ല. അവൾ മൂളുക മാത്രം ചെയ്തു. എന്നെ വേണ്ടെന്ന് വെക്കുന്നതും ഇതും തമ്മിൽ എന്താ ബന്ധം. നിന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്റെ ഉപ്പ സന്തോഷത്തോടെ ഇത് സമ്മതിക്കുകയല്ലേ ഉള്ളു. അങ്ങനെ ഒരു പ്രതീക്ഷ എനിക്കും ഉണ്ടായിരുന്നു ഇന്നലെ രാത്രി വരെ. ഇപ്പൊ ഇല്ല. ഒരിക്കലും അവർ ഇനി സമ്മതിക്കില്ല. അവരുടെ സമ്മതം ഇല്ലാതെ ഞാനൊരിക്കലും നിന്റെ കൂടെ വരികയും ഇല്ല. അവരുടെ സമ്മതം എനിക്ക് വേണ്ട. എന്നെ വേണ്ടെന്ന് വെക്കാൻ പറയാൻ നിന്നിൽ അവർക്ക്എന്താ അധികാരം. ഫൈസീ...... സൂക്ഷിച്ചു സംസാരിക്കണം. അവൾ ദേഷ്യത്തോടെ അവനോട്‌ പറഞ്ഞു. പിന്നെ ഞാനെന്താ വേണ്ടേ. സങ്കടം കൊണ്ട് പറഞ്ഞു പോയതാ. ഇവരുടെ കാല് പിടിക്കണോ ഞാൻ അതും ചെയ്യാം. എനിക്ക് നീയില്ലാതെ പറ്റുന്നില്ല സഫു. നീ ഒരിക്കൽ അവരോട് എനിക്ക് വേണ്ടി സംസാരിച്ചു നോക്ക്. അവർ സമ്മതിക്കും. അവൻ ദയനീയമായി പറയുന്നത് കേട്ടു അവൾക് നെഞ്ച് പൊടിയുന്നത് പോലെ തോന്നി.

എനിക്ക് പറ്റില്ല ഫൈസി ഇനിയതിന്. എന്ത് കൊണ്ട് അതാ എനിക്കറിയേണ്ടത് അവന്റെ ശബ്ദം ഉയർന്നിരുന്നു. വളർത്തി വലുതാക്കിയതിന്റെ കൂലി ചോദിക്കുകയാണോ അവർ. അവൾ പുച്ഛത്തോടെ അവനെ നോക്കി. അതിന് അവർക്ക് ഇപ്പോഴും അറിയില്ല ഞാൻ അവരുടെ മകൾ അല്ലെന്നുള്ള സത്യം എനിക്കറിയാമെന്ന്. അറിയിക്കാൻ ഇത് വരെ അവർ ഇടയാക്കിയിട്ടും ഇല്ല. അവൻ ഞെട്ടലോടെ അവളെ നോക്കി. പിന്നെങ്ങനെയാ നീ ഇതൊക്കെ അറിഞ്ഞത്. ഇനിയും അവനിൽ നിന്നും സത്യങ്ങൾ മൂടി വെക്കുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നി. നിന്നെ ഞാൻ വേണ്ടാന്ന് വെക്കുന്നതിന്റെ കാരണം അറിയണ്ടേ നിനക്ക്. അവൻ വേണമെന്ന് തലയാട്ടി. അവൾ കണ്ണ് തുടച്ചു കൊണ്ട് കട്ടിലിന് അടിയിൽ നിന്നും ഒരു പെട്ടി എടുത്തു. അത് മുഴുവൻ ചെരിഞ്ഞു ഏതോ ബുക്കിൽ നിന്നും ഒരു ഫോട്ടോ എടുത്തു നോക്കി അവന് കൊടുത്തു. അവനത് നോക്കി. പഴയൊരു ഫോട്ടോ ആയിരുന്നു അത്. കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു വീട്. അതിന്റെ മുന്നിൽ നിന്നിട്ട് ഉള്ള ഒരു ഫാമിലി ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു

അത്. കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്ന ഒരു കുടുംബം. ഗൗരവം തുളുമ്പുന്ന ഒരാൾ ഇരുന്നിട്ട് ഉണ്ട്.ബാക്കിയുള്ളവർ ഒക്കെ അവരെ ചുറ്റും നിന്നിട്ട് ആണ് ഉള്ളത്. അവൻ ഫോട്ടോയും അവളെയും മാറി മാറി നോക്കി. ഇവരൊക്കെ ആരാ. ഏതാ ഈ വീട്. ഇതാണ് എന്റെ ഉപ്പാന്റെ വീട്. ഇരുന്ന ആളെ ചൂണ്ടി അവൾ പറഞ്ഞു ഇത് ഉപ്പാന്റെ ഉപ്പ. അതിന്റെ അടുത്ത് രണ്ടാമത്തെ ആളെ ചൂണ്ടി പറഞ്ഞു ഇത് എന്റെ ഉപ്പ. സംശയത്തോടെ അവൻ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി അവളെ ഉപ്പ തന്നെ. ഇത്രയും വലിയ കോടീശ്വരൻ ആയ ഇയാളെങ്ങനെ ഈ ചെറിയവീട്ടിൽ എത്തി. ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കി നിന്നു. അവന്റെ മനസ്സ് മനസ്സിലാക്കിയെന്നോണം അവൾ തുടർന്നു. എന്റെ ഉപ്പ പാവപ്പെട്ട വീട്ടിലെ ഒന്നും ആയിരുന്നില്ല.ഈ വീട്ടിലെ ഉപ്പാപ്പന്റെ ഇളയമോനാ എന്റെ ഉപ്പ. എല്ലാവിധ സൗഭാഗ്യങ്ങളുടെയും നടുവിൽ ജനിച്ചു വളർന്ന രാജകുമാരൻ. ഞാൻ കാരണം എന്റെ ഉപ്പാക്ക് എല്ലാം നഷ്ടപെട്ടു. നിനക്കറിയോ എനിക്ക് സ്വന്തം ആയി ഐഡന്റിറ്റി ഉണ്ടാക്കിത്തരുമ്പോൾ എന്റെ ഉപ്പാക്ക് ഓരോന്നായി നഷ്ട്ടപെട്ടു കൊണ്ടിരിക്കുകയാരുന്നു. നാട് വീട് കുടുംബം സ്വത്ത്‌ എല്ലാം. നഷ്ടപെടുകയല്ല സ്വയം നഷ്ടപെടുത്തുകയാ ചെയ്തേ അതും എനിക്ക് വേണ്ടി. ഏതോ അറബിക്കഥ കേൾക്കുന്നത് പോലെ അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story