💕മിഴികൾ പറഞ്ഞ പ്രണയം 💕: ഭാഗം 89

mizhikal paranja pranayam

രചന: സഫ്‌ന കണ്ണൂർ

ഇറങ്ങി പോകുന്നുണ്ടോ ഒന്ന്.. നിന്റെ കള്ളക്കണ്ണീർ കാണാൻ ഇവിടെ ആരും ഇല്ല.ഉണ്ടായിരുന്നവൻ ദാ എല്ലാരേം തോൽപിച്ചു അങ്ങോട്ടോ ഇങ്ങോട്ടോന്ന് പറയാൻ പറ്റാതെ ഉള്ളിൽ കിടപ്പുണ്ട്. എനിക്ക് ഒരു പ്രാവശ്യം കണ്ടാൽ മതി...... ഒരേ ഒരു പ്രാവശ്യം....... പുറത്തു നിന്നും നോക്കിക്കോളാം..... പ്ലീസ് അജു. പറ്റില്ലെന്ന് പറഞ്ഞില്ലേ..... അവന്റെ നിഴൽ പോലും കാണണ്ട നീ. കാണിക്കില്ല ഞാൻ. ഭീഷണിയായോ യാചനയായോ എങ്ങനെ വേണമെങ്കിലും എടുക്കാം. ഇപ്പൊ ഈ നിമിഷം പോയികൊള്ളണം ഇവിടെ നിന്നും. അല്ലെങ്കിൽ അജുവിന്റെ വേറൊരു മുഖം നീ കാണും. അജു പ്ലീസ്...... ഒന്ന് കണ്ടാൽ മതി എനിക്ക്. കാല് പിടിക്കാം ഞാൻ. വീണ്ടും യാചനയുടെ രൂപത്തിൽ അവന്റെ നേരെ പോയതും സാലി അവളെ പിടിച്ചു കൊണ്ട് പോയി. അവൾ കുതറി മാറാൻ നോക്കിയെങ്കിലും സാലിയുടെ കരുത്തിന് മുന്നിൽ കീഴടങ്ങി അവളുടെ എതിർപ്പ്. വെയ്റ്റിങ് ചെയറിൽ കൊണ്ട് പോയി അവളെ ഇരുത്തി. സഫു ഇവിടെയൊരു സീൻ ക്രിയേറ്റ് ചെയ്യരുത്. ഹോസ്പിറ്റൽ ആണിത്.

ആൾക്കാരൊക്കെ കാണുന്നു. എനിക്ക് അവനെ ഒന്ന് കാണിച്ചുതരാൻ പറയടാ. എന്റെ പ്രാണനാ അവിടെ കിടക്കുന്നത്. അവൾ കരഞ്ഞുകൊണ്ട് ദയനീയ സ്വരത്തിൽ പറയുന്നത് കേട്ടു അവനിലും ചെറിയൊരു നോവ് ഉണർത്തി. പെട്ടന്ന് തന്നെ അത് മാറുകയും ചെയ്തു. പ്രാണൻ....... അവന്റെ മുഖത്ത് ഒരു പുച്ഛം സഫു കണ്ടു. പ്രാണൻ ആയോണ്ടാണല്ലോ അവനെ വേണ്ടെന്ന് വെച്ചു നീ പോയത്. ഒരിറ്റ് സ്നേഹം നിനക്ക് അവനോട് ഉണ്ടായിരുന്നുവെങ്കിൽ നീ പോകില്ലായിരുന്നു. അവന്റെ സമ്മതത്തോടെയാ ഞാൻ പോയത്. സാലി ഞെട്ടലോടെ അവളെ നോക്കി. അവൻ പോകാൻ സമ്മതിചെന്നോ. ആ. അവൾ മുംബൈക്ക് പോയതും ഉപ്പാന്റെ ഉപ്പ പറഞ്ഞതും എല്ലാം പറഞ്ഞുകൊടുത്തു. ഷെറിയുടെ വിവാഹം കഴിഞ്ഞു ആരും അറിയാതെ നാട് വിട്ടു പോകണം എന്നായിരുന്നു കരുതിയിരുന്നത്. ബ്യൂട്ടിപാർലറിൽ പോകാൻ കൂടെ പോകണമെന്ന് പറഞ്ഞു ഷെറി വിളിച്ചിരുന്നു. ഇന്നലെ ഒരുപാട് പ്രാവശ്യം വിളിച്ചിട്ടും ഷെറി ഫോൺ എടുത്തില്ല. അപ്പോഴാ ഫൈസി വിളിച്ചത് അത്യാവശ്യം ആയി ബീച്ചിൽ വരോന്നു ചോദിച്ച്.

ഞാൻ പോയി. അവിടെ പോയപ്പോൾ ഷെറിയും ഫൈസിയും തമ്മിൽ സംസാരിക്കുന്നത് കണ്ടു. ഫൈസി എന്നോട് ക്ഷമിക്കണം. എനിക്ക് ഈ വിവാഹത്തിന് സമ്മതം അല്ല. നീ പറഞ്ഞത് പോലെ ഞാനൊരുപാട് ആലോചിച്ചു. നിന്റെ കൂടെ നീ പറഞ്ഞത് പോലൊരു ജീവിതം എനിക്ക് പറ്റില്ല. നീയപ്പോൾ എന്റെ പണത്തെയാണോ സ്നേഹിച്ചത്. പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. ഞാൻ സ്നേഹിച്ചത് സ്വത്തും പ്രതാപവും ഒക്കെയുള്ള ഫൈസിയെആണ്. അല്ലാതെ ഇങ്ങനെ റോഡിൽ തെണ്ടി നടുക്കുന്ന ദരിദ്രവാസിയെ അല്ല. ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി ഷെറി. വിവാഹം കഴിഞ്ഞശേഷം ആണ് എനിക്കിതൊക്കെ നഷ്ടപെട്ടതെങ്കിൽ അന്നും ഇത് പോലെ എന്നെ ഉപേക്ഷിക്കുമായിരുന്നോ നീ. പണം ഇന്ന് വരും നാളെ പോകും. അത് മറക്കരുത് നീ. എനിക്ക് വേറൊന്നും പറയാൻ ഇല്ല. ഞാൻ പോകുന്നു. ഇതും പറഞ്ഞു അവൾ തിരിഞ്ഞതും സഫുനെ കണ്ടു. അവളെ കവിളിൽ നോക്കി ഒറ്റയടി. ഫൈസി ചെയ്യേണ്ടിയിരുന്നത ഇത്. അവനത് ചെയ്യഞ്ഞത് അവന്റെ മര്യാദ. ഇപ്പൊ എവിടെ പോയെടി ഇവനോടുള്ള സ്നേഹം.

പണം പോയപ്പോൾ സ്നേഹവും ഒലിച്ചു പോയോ. അവനെ കിട്ടിയില്ലെങ്കിൽ ആത്മഹത്യചെയ്യുന്നു പറഞ്ഞതൊക്കെ നാടകം ആയിരുന്നല്ലേ അപ്പൊ. ഇവൻ പറഞ്ഞപ്പോ ഞാൻ അത് വിശ്വസിച്ചില്ല. നിന്നെ പോലൊരു വൃത്തികെട്ടവൾക്ക് വേണ്ടിയാണല്ലോ ഞാനവനെ വിട്ടു കൊടുക്കാൻ നോക്കിയത്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. നീയൊക്കെ ഒരു പെണ്ണാണൊടി. വീണ്ടും അവളെ തല്ലാൻ നോക്കിയതും ഫൈസി എന്നെ തടഞ്ഞു. ഷെറിയോട് അവൻ പോകാൻ പറഞ്ഞു. ഷെറി പോയി. കൊല്ലുകയാ വേണ്ടേ ആ പന്നിയെ. സഫുന് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നോട് പൊറുക്കണം ഫൈസി. ഞാൻ അറിഞ്ഞിരുന്നില്ല ഇവളുടെ ഉള്ളിലിരിപ്പ്. മരിക്കാൻ നടക്കുന്ന ഇവളെ കണ്ടപ്പോ വിശ്വസിച്ചു പോയി. ഒന്നുമില്ലെങ്കിലും എന്റെ സഹോദരിയാണല്ലോ എന്നൊക്കെ ഓർത്തപ്പോ. ഒരു നിമിഷം എല്ലാം മറന്നു പോയി. എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ നിനക്ക് നാട് വിട്ടു പോവ്വുകയും ചെയ്യാം അല്ലെ സഫു. പെട്ടെന്ന് അവൻ അങ്ങനെ ചോദിച്ചതും അവൾ ഞെട്ടിപ്പോയി. നിനക്ക് ഇതൊക്കെ......

അറിഞ്ഞു. ആ ഷാൻ എല്ലാം എന്നോട് പറഞ്ഞിരുന്നു. അപ്പൊ നിന്റെ ഓഫീസ്...... വീട് അതൊക്കെ എനിക്ക് ഒന്നും നഷ്ടപെട്ടിട്ട് ഇല്ല. ഷെറിയുടെ യഥാർത്ഥ മുഖം നിനക്ക് കാണിച്ചുതരാൻ വേണ്ടി ഞാൻ കളിച്ച ഡ്രാമയാണ് ഇതെല്ലാം. ഷെറിക്ക് എന്നോടുള്ളത് ഒരിക്കലും പ്രണയം ആയിരുന്നില്ല. എന്റെ പണത്തോട് ആയിരുന്നു അവൾക്ക് പ്രണയം. പിന്നെ നിന്നോട് ഉള്ള അസൂയ. നീ സുഖമായി ജീവിക്കുന്നത് കണ്ടപ്പോൾ എനിക്ക് കിട്ടേണ്ടിയിരുന്നുള്ള സൗഭാഗ്യം അവൾക്ക് കിട്ടിയല്ലോന്ന് ഓർത്ത് ഉള്ള നഷ്ടബോധം തോന്നി. പിന്നെ അത് നിന്നോടുള്ള ദേഷ്യവും വാശിയും ആയി മാറി. അതിന് വേണ്ടിയാ അവളീ കാണിച്ചു കൂട്ടിയത് മൊത്തം. ഒരു തളർച്ചയോടെ മാത്രമേ എനിക്കത് കേട്ടിരിക്കാൻ കഴിഞ്ഞുള്ളു. ഇനിയെങ്കിലും എന്റെ കൂടെ വന്നോടെ. മുംബൈയിൽ വന്നു ഞാൻ സംസാരിക്കാം. നിന്റെ ഉപ്പാപ്പനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാം. എന്തിനും ഞാൻ ഉണ്ടാവും നിന്റെ കൂടെ. നിന്റെ സന്തോശം മാത്രമല്ല ദുഖത്തിലും ഞാൻ ഉണ്ടാവും കൂടെ. നമുക്ക് ഇപ്പൊ ഈ നിമിഷം മുംബൈക്ക് പോകാം.

നീ വരുമോ എന്റെ കൂടെ. അതായിരുന്നു ഞാൻ അവനോട് പറഞ്ഞ മറുപടി. അവൻ സമ്മതിക്കുകയും ചെയ്തു. ഒരിക്കൽ കൂടി ഞാനാ വീട്ടിലേക്ക് കയറി ചെന്നു. ആദ്യം കണ്ടത് ഉപ്പാന്റെ ഉപ്പാനെ ആയിരുന്നു ഞങ്ങളോട് സംസാരിക്കാൻ തന്നെ തയ്യാറായില്ല. ഫൈസി എന്നിട്ടും കുറെ ശ്രമിച്ചു. അയാൾ പറഞ്ഞ വാക്കിൽ ഉറച്ചു തന്നെ നിന്നു. ഫൈസിക്ക് പിന്നെ ദേഷ്യം ആയിരുന്നു വന്നത്. കണ്ണിൽ ചോര ഇല്ലാത്ത ഇയാൾക്ക് വേണ്ടി നീ നിന്റെ ജീവിതം കളയൊന്നും വേണ്ട. അതിന് ഞാൻ സമ്മതിക്കുകയും ഇല്ലെന്ന് പറഞ്ഞു എന്നെ പിടിച്ചു വലിച്ചു അവിടെ നിന്നും വന്നു. ഞാൻ പറയുന്നതൊന്നും ഫൈസി കേൾക്കുന്നുണ്ടായിരുന്നില്ല. അപ്പോഴാ ഉമ്മാമ എന്നെ കണ്ടത്. എന്നെ കണ്ടതും എന്റെ മോൻ വന്നോ എന്ന് ചോദിച്ചു ഓടി വന്നു. ഇല്ലെന്ന് പറഞ്ഞതും ഒന്നും മിണ്ടിയില്ല. എന്റെ കയ്യിൽ പിടിച്ചു കുറേ കരഞ്ഞു. സാരമില്ല എന്റെ മോള് വിഷമിക്കണ്ട. മോളെങ്കിലും സന്തോഷം ആയി ജീവിക്കണം. ഈ കിളവിക്ക് കാണാൻ വിധി ഉണ്ടാകില്ല അതാവും. അതും പറഞ്ഞു അവർ പോയതും ഒന്നും മിണ്ടാതെ നോക്കി നിൽക്കുന്ന ഫൈസിയുടെ അടുത്തേക്ക് ഞാൻ ചെന്നു.

ആ ഉമ്മാന്റെ കണ്ണുനീർ തുടക്കാൻ നിനക്ക് പറ്റുമോ. അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാനും എന്റുമ്മയും അല്ലെ ഇതിനൊക്കെ കാരണക്കാരി. സ്വന്തം മകൻ നഷ്ടപ്പെടാൻ കാരണക്കാരിയായ എന്റുമ്മയോട് ഇവർ പൊറുക്കുമോ. ശപിക്കുന്നുണ്ടാവും എന്റുമ്മയെ. ഉപ്പാന്റെ മനസ്സിലും ഇല്ലാതിരിക്കുമോ പെറ്റുമ്മയെ കാണാനുള്ള മോഹം. ഒരു നിമിഷം എങ്കിലും എന്റെ ഉമ്മനോട്‌ ദേഷ്യം തോന്നിയിരിക്കില്ലേ ആ മനസ്സിൽ. എല്ലാവരെ ഉള്ളിലും വെറുക്കപെട്ടവളാ എന്റെ ഉമ്മ. ആ ഉമ്മാക്ക് വേണ്ടി ഒരു മകൾ എന്ന നിലയിൽ ഞാൻ ഇതെങ്കിലും ചെയ്തു കൊടുക്കണ്ടേ ഫൈസി. എല്ലാം മറന്നു നിന്റെ കൂടെ ഞാൻ വന്നാൽ എനിക്ക് മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ. നീ പറ ഇനി. ഞാൻ നിന്നോടുള്ള സ്നേഹം കൊണ്ട് ഈ ഉമ്മാന്റെ കണ്ണുനീർ കാണാത്ത മട്ടിൽ പോകണോ. കുറേ സമയം ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു നിന്റെ ഇഷ്ടം എന്താണോ അത് പോലെ നിനക്ക് ചെയ്യാം. നിന്റെ സന്തോഷം ആണ് എനിക്ക് വേണ്ടത്.

നാട്ടിലേക്ക് വന്നാലും കുറ്റബോധം കൊണ്ട് നീറികഴിയുന്ന നിന്നെ എനിക്ക് കാണേണ്ടിവരും. ഞാൻ സ്നേഹിച്ചതും സ്വന്തം ആക്കാൻ ആഗ്രഹിച്ചതും എന്റെ പഴയ സഫുനെ ആണ്. അങ്ങനെ ആവാൻ നിനക്ക് ഒരിക്കലും പറ്റില്ല. മനസ്സ് ഇവിടെ വിട്ടു ശരീരം മാത്രം കൂടെ കൂട്ടാൻ എനിക്ക് പറ്റില്ല. എല്ലാം മറന്നു എല്ലാവരെയും മറന്നു എന്നെ മാത്രം മതിയെന്ന് പറഞ്ഞു എന്റെ കൂടെ വരാൻ പറ്റുമെങ്കിൽ നിനക്ക് വരാം അല്ലെങ്കിൽ....... എനിക്ക് പറ്റില്ല ഫൈസി അതിന്. എനിക്ക് നിന്നെ ഇഷ്ടം ആണ്. ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നുമുണ്ട്. കടമകൾ നിറവേറ്റാൻ പറ്റാതെ സന്തോഷം അഭിനയിച്ചു ജീവിക്കാൻ എനിക്ക് പറ്റും അങ്ങനെയുള്ള എന്നെ സ്വീകരിക്കാൻ നിനക്ക് പറ്റുമോ. അതിന് അവൻ പറഞ്ഞത് ഇല്ലെന്ന് ആയിരുന്നു. നമുക്ക് പിരിയാം ഹൃദയം കീറി മുറിച്ച ഞാൻ അത് അവനോട് പറഞ്ഞത്. അവൻ ഒന്നും മിണ്ടാതെ കേട്ടിരിക്കുക മാത്രമേ ചെയ്തുള്ളു. കുറച്ചു കഴിഞ്ഞു എന്നെ കൂട്ടി ആ വീട്ടിലേക്ക് തന്നെ പോയി. ഉപ്പാന്റെ ഉപ്പയുടെ മുന്നിലേക്ക് വീണ്ടും ചെന്നു. ഇവളെ ഇവിടെ ഏല്പിച്ച പോകുന്നത്. ഉപേക്ഷിച്ചല്ല.

നിങ്ങൾ നിങ്ങളുടെ ഇഷ്ടം പോലെ എന്താന്ന് വെച്ച ചെയ്. ഒന്നോർത്തോ ഇവൾക്ക് എന്തെങ്കിലും ഒരു പോറൽ പോലും പറ്റിയ പിന്നെ ഒരുത്തനും ജീവനോടെ കാണില്ല ഇവിടെ. ഒന്ന് ഉറങ്ങിയാ നാളെ എണീക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത മനുഷ്യ ജന്മം ആണ്. നന്നായിക്കൂടെഡോ അതോർത്തെങ്കിലും .ഈ വയസ്സാൻ കാലത്തും വാശിയും വെറുപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത ഇവളോട് പക വീട്ടിയാൽ ഇവളെ ഉമ്മനോടുള്ള ദേഷ്യം കെട്ടടങ്ങുമെങ്കിൽ അങ്ങനെ ചെയ്. എന്തിനും തയ്യാറായിട്ട് തന്നെയാ അവൾ വന്നിരിക്കുന്നത്. അതും പറഞ്ഞു ആ വീട്ടിൽ നിന്നും അവൻ ഇറങ്ങി പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. അവന്റെ മനസ്സിൽ ഇങ്ങനെയൊരു തീരുമാനം കൂടി ഉണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അവനെ തനിച്ചു വിടില്ലായിരുന്നു ഞാൻ. മരിക്കാൻ ആയിരുന്നുവെങ്കിൽ സന്തോഷത്തോടെ ഞാനും പോയേനെ അവന്റെ കൂടെ. അവനെന്തെങ്കിലും പറ്റിയ സത്യം ആയിട്ടും ഞാനും ജീവിച്ചിരിക്കില്ല.

മുഖം പോത്തി പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കണോ വേണ്ടയൊന്ന് അറിയാതെ സാലിയും പകച്ചു നിന്നു. അപ്പോഴാ ഡോക്ടർ icu വിൽ നിന്നും പുറത്തേക്കു വന്നത് സാലി വേഗം അങ്ങോട്ട് പോയി. സഫുവും അവന്റെ കൂടെ പോയി. ഡോക്ടർ പറയുന്നത് കേട്ടു എല്ലാവരും ഞെട്ടിവിറച്ചു. പേഷ്യന്റ് ജീവൻ തിരിച്ചു കിട്ടി. But......... ഡോക്ടർ ബാക്കി പറയാൻ മടിച്ചു നിന്നു. പിന്നെ മെല്ലെ പറഞ്ഞു. വീഴ്ചയിൽ പേഷ്യന്റിന്റെ കഴുത്തിനു താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു. ഇനിയൊരിക്കലും അവന് എഴുന്നേറ്റു നടക്കാനോ കൈകാലുകൾ അനക്കാനോ പറ്റില്ല. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം ആണെന്ന് കരുതി ദൈവത്തിന് നന്ദി പറയുക. ഡോക്ടർ പോയിട്ടും എല്ലാവരും ഒന്നും പരസ്പരം പറയാൻ ആവാതെ മുഖത്തോട് മുഖം നോക്കി. ഞെട്ടി വിറച്ചു നിൽക്കുന്ന സഫുന്റെ അടുത്തേക്ക് അജു ചെന്നു. നിനക്ക് അവനെ കാണണ്ടേ അജു സഫുനോട് ചോദിച്ചു. അവൾ വേണ്ടെന്നു തലയാട്ടി. കാണണം.... നിനക്ക അവനെ കാണാൻ ഏറ്റവും യോഗ്യത. അജു സഫുവിന്റെ കയ്യിൽ പിടിച്ചു icuവിന്റെ വാതിൽ തുറന്നു.

അവൾ വരുന്നില്ലെന്ന് പറഞ്ഞു അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. അവളെ പിടിച്ചു വലിച്ചു അവന്റെ അടുത്ത് കൊണ്ട് പോയി. നോക്കെടി നിന്നെ സ്നേഹിചുന്ന് ഉള്ള ഒറ്റ തെറ്റേ അവൻ ചെയ്തിട്ടുള്ളു. അതിനുള്ള ശിക്ഷ സ്വയം ഏറ്റുവാങ്ങി അവൻ കിടക്കുന്നത് നോക്കികണ്ടു ആസ്വദിക്ക്. ഡോക്ടർ പറഞ്ഞ ഓരോ വാക്കും ചാട്ടുളി പോലെ അവളെ ഉള്ളിൽ കിടന്നു പിടഞ്ഞു. ചുറ്റും കറങ്ങുന്നത് പോലെ തോന്നി അവൾക്. ശരീരം ഭാരമില്ലതാവുന്നത് അവളറിഞ്ഞു. അജു തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്കു ഇറങ്ങി. അജു...... സഫു..... സാലി അവനെ നോക്കി. അകത്തുണ്ട് കണ്ണ് നിറച്ചു കാണട്ടെ അവൾ അവനെ. അതിനുള്ള അർഹത അവൾക്കേ ഉള്ളൂ. സാലി അകത്തേക്ക് ഓടിപ്പോയി. സഫു അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. സഫു......സാലി അവളെ ചുമലിൽ കൈ വെച്ചു. അവൾ ഒരു നോട്ടം മാത്രമേ അവനെ നോക്കിയുള്ളൂ. ഫൈസീ..... ഒരലർച്ചയോടെ അവൾ അവന്റെ ദേഹത്തേക്ക് ബോധം കെട്ടു വീഴാൻ നോക്കി . അവന്റെ ദേഹത്ത് വീഴുന്നതിന് മുന്നേ സാലി അവളെ താങ്ങി പിടിച്ചു.

സാലി അവളെ എടുത്തു പുറത്തേക്കു വന്നു. അവളെ ഒരിടത് കിടത്തി. അവളെ മുഖത്ത് വെള്ളം കുടഞ്ഞു. അവൾ ഞെട്ടി എണീറ്റു. ഫൈസി....... അവൻ...... ഞാൻ കാരണം ആണ് അവനിങ്ങനെ അവൾ ഭ്രാന്തിയെ പോലെ അലമുറയിട്ടു. സാലി അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് അവന്ന് ബോധം വീണു. അവൾ സാലിയോട് അവനെ കാണാൻ വിടണമെന്ന് അജുനോട് പറയാൻ പറഞ്ഞു. അജുവും ഫൈസിയും തമ്മിലുള്ള ഫ്രണ്ട്ഷിപ് നിനക്ക് അറിയാലോ. ഒരു മനസ്സും രണ്ടു ശരീരവും ആണ് അവർ. അവന്റെ സങ്കടം കൊണ്ട നിന്നോട് ദേഷ്യം കാണിക്കുന്നത്. അവൻ സമ്മതിക്കുമോന്ന് അറിയില്ല. ഞാനൊന്ന് പറഞ്ഞു നോക്കാം. സാലി കുറേ പറഞ്ഞപ്പോൾ അജു സമ്മതിച്ചു. അവൾ അകത്തേക്ക് കയറി. അവൻ ഉറങ്ങുകയാരുന്നു. അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവൻ ആകെ തളർന്നത് പോലെ തോന്നി. വല്ലാത്തൊരു നിഷ്കളങ്കത അവന്റെ മുഖത്ത് അപ്പോഴും ഉണ്ടായിരുന്നു. അവൾ അവന്റെ തലയിലൂടെ തലോടി. അവൻ കണ്ണ് തുറന്നു. അവന്റെ മുഖത്ത് ദേഷ്യം വന്നത് അവൾ കണ്ടു.

ഡോക്ടർ....... അവൻ അലറുകയാരുന്നു. ഒരു നേഴ്‌സ് ഓടി വന്നു. ഞാൻ പറഞ്ഞതല്ലേ ഒരാളെയും എനിക്ക് കാണണ്ടെന്ന്. വൈഫ് ആണെന്ന് പറഞ്ഞോണ്ട ഞാൻ സോറി. എനിക്ക് വൈഫ് ഇല്ല. ഫാമിലിയും ഇല്ല. എനിക്കാരെയും കാണുകയും വേണ്ട. നീയെന്തൊക്കെയാ ഈ പറയുന്നത് ഫൈസി. എന്റെ വൈഫ് മരിച്ചു. അവൾ മരിച്ചതിനു ശേഷം ആണ് ഞാൻ മരിക്കാൻ തീരുമാനിച്ചതും. അവിടെയും എന്നെ വിധി തോൽപിച്ചു. മരണത്തിന് പോലും വേണ്ടാത്ത ഒരു ജന്മം. ഇതിന് മാത്രം എന്ത് പാപമാ റബ്ബേ ഞാൻ ചെയ്തത്. ഫൈസീ അവൾ അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി. അവൻ പറഞ്ഞത് അവളെ നെഞ്ചിൽ കത്തികുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക്. ദയവുചെയ്തു ഇനിയെന്നെ കാണാൻ വരരുത്. എനിക്ക് കാണണ്ട നിന്നെയിനി.എന്നെ വേണ്ടാന്ന് എന്ന് നീ തീരുമാനം എടുത്തോ അപ്പോഴേ നീ എന്നിൽ നിന്നും മരിച്ചു. അങ്ങനെയൊന്നും പറയല്ലേ ഫൈസി.

എന്നോട് പൊറുക്കണം. എന്റെ ഗതികേട് കൊണ്ട ഞാൻ അന്ന് അങ്ങനെ തീരുമാനം എടുത്തത്. നിങ്ങൾ ഇവളോട് പുറത്ത് പോകാൻ പറയുന്നുണ്ടോ അതോ ഞാൻ ഡോക്ടറേ വിളിച്ചു വരുത്തണോ. അവന്റെ കലിപ്പ് ശബ്ദം കേട്ടതും നഴ്സ് പേടിച്ചു. മാഡം പ്ലീസ്... ഒന്ന് പുറത്തിറങ്ങിക്കേ. അവൾ പോകാതെ ദയനീയമായി അവനെ നോക്കി. അവൻ മുഖം തിരിച്ചു. നഴ്സ്... ...... അവൻ ഒച്ചയെടുത്തു. നഴ്സ് അവളെ പിടിച്ചു പുറത്താക്കി ഡോർ അടച്ചു. പോകുന്നെന്ന് മുന്നേ അവൻ വിളിച്ചു പറഞ്ഞു. നാളെ ഡിവോഴ്സ് കേസിന്റെ വിധിയാണ്. അജുവിന്റെ കയ്യിൽ ഞാൻ ഒപ്പിട്ട പേപ്പർ ഉണ്ട്. അതിൽ ഒപ്പിട്ട് കൊടുക്കണം.പിന്നെ ഇനി മേലിൽ എന്നെ കാണാൻ ശ്രമിച്ചാൽ ഈ ഉള്ള ജീവൻ കൂടി ഞാനങ്ങ് കളയും. കയ്യും കാലും അനങ്ങില്ലെന്ന് വെച്ചു ചാവാൻ കഴിയില്ലെന്ന് വിചാരിക്കണ്ട. പട്ടിണി കിടന്നാണെങ്കിലും ഞാൻ ഈ ജീവൻ കളഞ്ഞിരിക്കും. ഞാൻ ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒപ്പിട്ട് കൊടുക്കണം. അവൾ പുറത്ത് ഇറങ്ങിയതും അജു അവൾക്ക് നേരെ പേപ്പർസ് നീട്ടി. അവൾ അത് വാങ്ങി. ആരെയും നോക്കാതെ പുറത്തേക്ക് പോയി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story