മിഴിയിൽ: ഭാഗം 46

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

മാളവികയുടെ ബോഡി ഡേവിഡിന്റെ പരിചയത്തിലുള്ള ഒരു ടീമിനെ ഏൽപ്പിച്ചതിനു ശേഷം ബദ്രിയും ഡേവിഡും ആശുപത്രിയിലെത്തുമ്പോൾ ഏകദേശം നേരം പുലർന്നിരുന്നു... അവിടെയെത്തുന്നത് വരെയും അവന്റെ മനസ്സ് വളരെ അസ്വസ്ഥമായിരുന്നു .. മിഴിയെ നേരിട്ട് കണ്ടപ്പോഴാണ് ബദ്രിയ്ക്ക് ആശ്വാസമായത്. കരഞ്ഞു തളർന്നിരുന്നു അവൾ.. ബദ്രിയെ കണ്ടതും വീണ്ടും കണ്ണുകൾ നിറഞ്ഞു.. അവൻ അവളെ ചേർത്ത് പിടിച്ചു.. "ഞാൻ.. ഞാൻ കാരണമാ...." അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. "അതിനൊന്നും പറ്റിയില്ലാലോ.. രാവിലെ റൂമിലേക്ക് മാറ്റില്ലേ.. പിന്നെന്താ..??" അവൾ മറുപടി പറയാതെ വീണ്ടും തേങ്ങി.. ആർദ്രയുടെ അവസ്ഥയും മോശമായിരുന്നില്ല.. ഡേവിഡ് അവൾക്കടുത്തേക്ക് പോയി.. അവൾ ഇരിക്കുന്നു സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് ഇരുന്നു... അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു..

ഡേവിഡ് പെട്ടെന്ന് ഞെട്ടി.. നേരെ മുന്നിൽ നിൽക്കുന്ന അവളുടെ പപ്പയുടെയും അമ്മയുടെയും മുഖത്തേക്ക് നോക്കി... അവരും ശ്രദ്ധിക്കുന്നുണ്ട് എങ്കിലും ഒന്നും മിണ്ടുന്നില്ല.. ആശുപത്രി ആയത് കൊണ്ടാവാം.. ഡേവിഡ് പതിയെ അല്പം സൈഡിലോട്ട് നിരങ്ങി.. അവളുടെ തല തോളിൽ നിന്നും താഴെ വീഴും എന്നായപ്പോൾ അനങ്ങാൻ സമ്മതിക്കില്ല എന്ന പോലെ അവന്റെ കൈക്കുള്ളിലൂടെ അവൾ കൈ ചുറ്റിപിടിച്ചു... പൂർത്തിയായി.. അവൻ വേഗം മുഖം എങ്ങോട്ടോ വച്ച് ഒന്നുമറിയാത്ത പോലെ ഇരുന്നു.. ____💜 ഏതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന ആ കണ്ണുകൾ നിരാശയോടെ അവിടെ നിന്നും പിൻവാങ്ങി... ധരിച്ചിരുന്ന ഹുഡിയുടെ ക്യാപ് തലയിലേക്കിട്ട് അവൻ ആശുപത്രിയിൽ നിന്നും പുറത്തേക്കിറങ്ങി.. അവന്റെ ദേഷ്യം എത്രയാണെന്ന് ആ നടത്തത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.. ആരെയും ശ്രദ്ധിക്കാതെ,

എല്ലാം തട്ടിത്തെറിപ്പിച്ച് വാശിയോടെയുള്ള നടത്തം... 'രാത്രി ആ ആദിയെയും കുത്തി അവിടന്ന് രക്ഷപ്പെട്ട് വീടിനു പുറകിലേക്ക് വരുമ്പോൾ അവിടെ മാളവികയുടെ വണ്ടി ഉണ്ടായിരുന്നില്ല... ബദ്രിയുടെ കയ്യിൽ പെട്ടിട്ടുണ്ടാവുമോ??? അങ്ങനെയാണെങ്കിൽ തീർച്ചയായും ഞാൻ ജീവനോടെ ഉണ്ട് എന്ന് അവൻ അറിഞ്ഞിട്ടുണ്ടാകും... മാളവിക മാത്രമല്ല ശത്രു എന്നറിഞ്ഞാൽ അവൻ കൂടുതൽ കരുതൽ നൽകി മിഴിയെ സംരക്ഷിക്കും... ഇനിയൊരു അവസരം കിട്ടിയെന്ന് വരില്ല.. ഇന്ന് തന്നെ അവളെ തീർക്കണം... ഒരു ഓട്ടോ വിളിച്ച് സഹായിയായി കൂടെയുണ്ടായിരുന്നവനെ അതിൽ കയറ്റി വിട്ട് തിരിയുമ്പോഴും, അവരുടെ ഗേറ്റ് കടന്ന് ഒരു കാർ പോകുന്നുണ്ടായിരുന്നു.. അതിൽ ഉറപ്പായും ആദിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതാവും എന്ന് ഉറപ്പായിരുന്നു.. കൂടെ അവളും പോയിട്ടുണ്ടാകും..

ആ വഴിയിലൂടെ വന്ന ഒരുത്തനെ തല്ലി വീഴ്ത്തി അവന്റെ ബൈക്കുമെടുത്ത് ഓരോ ആശുപത്രികളിലായി രാത്രി മുഴുവൻ തിരഞ്ഞു നടന്നു.. സിറ്റിക്കുള്ളിൽ തന്നെ പന്ത്രണ്ടോളം ആശുപത്രികളിൽ ഏതിൽ പോയി എന്ന് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.. അവസാനം അവളെ കണ്ടെത്തിയപ്പോൾ കൂടെ നിൽക്കുന്ന ബദ്രിയെ കണ്ട് അവന് നിരാശയും ദേഷ്യവും അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. ബദ്രീ........ വിടില്ല ഞാൻ.. അവളെ കൊന്നിരിക്കും.. നിന്റെ സന്തോഷങ്ങളെയും..." ____💜 കാലത്തുതന്നെ ആദിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.. അതോടെ എല്ലാവരുടെയും മുഖം തെളിഞ്ഞു.. മരുന്നിന്റെ സെഡെഷനിൽ ബോധം വരാൻ അല്പസമയം കൂടി എടുക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും അവനെ നേരിട്ട് കണ്ടത് തന്നെ എല്ലാവർക്കും വളരെയേറെ ആശ്വാസം നൽകി.. മിഴിയുടെ കണ്ണുകൾ സത്യഘോഷിനെ തേടി...

മുറിയിൽ അദ്ദേഹം മാത്രം ഇല്ലായിരുന്നു... അവൾ പതിയെ പുറത്തേക്കിറങ്ങി ... റൂമിന് പുറത്ത് വരാന്തയിൽ നിരനിരയായി ഇട്ടിരിക്കുന്ന ചെയറിൽ തലതാഴ്ത്തി ഇരിക്കുന്ന സത്യഘോഷിന് മുന്നിലായി അവൾ നിന്നു.. ആരുടെയോ സാന്നിധ്യം മനസ്സിലാക്കി എന്നപോലെ അയാൾ തലയുയർത്തി നോക്കി... അവൾ അയാൾക്കു മുന്നിൽ മുട്ടുകുത്തിയിരുന്നു. അയാളുടെ മടിയിൽ വച്ചിരിക്കുന്ന കൈകൾക്ക് മുകളിൽ അവളുടെ കൈകൾ അമർന്നു. " ഞാൻ.. ഞാൻ കാരണമാ അങ്കിൾ.. ഇന്നലെ ഇങ്ങനെയൊക്കെ നടന്നത്.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. എനിക്കുവേണ്ടി മറ്റാരും വേദനിക്കരുത്.. ഞാൻ.. ഞാൻ ... തിരികെ പൊയ്ക്കോളാം.. ഒരു ദിവസം കൊണ്ട് തന്നെ അങ്കിളിന്റെ മോനെ ഇവിടെ വരെ എത്തിച്ചു.. എന്നോട് ക്ഷമിക്കണം.. ഞാൻ.. ഞാൻ പൊയ്ക്കോളാം... " അയാൾ അവളുടെ കൈകൾക്കുള്ളിൽ അമർത്തി പിടിച്ചിരുന്ന ഒരു കൈ മോചിപ്പിച്ച് അവളുടെ കവിളിൽ തലോടി..

" നീയും ആദിയും ആർദ്രതയും എനിക്ക് ഒരേ പോലെയാണ് .. നിങ്ങളിൽ ആർക്ക് അപകടം വന്നാലും എന്റെ അവസ്ഥ ഇങ്ങനെ തന്നെയായിരിക്കും.. എന്റെ മോൻ ജീവൻ കൊടുത്ത് നിന്നെ രക്ഷിച്ചു എന്നത് ഒരച്ഛൻ എന്ന നിലയിൽ എനിക്ക് അഭിമാനമാണ്... അഥവാ നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?? പിന്നെ ഞങ്ങൾ ജീവനോടെ ഇരിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ?? എന്റെ മോൾ അതൊന്നും ഇപ്പോൾ ആലോചിക്കണ്ട.. ഒന്നും സംഭവിച്ചില്ലല്ലോ.. എല്ലാം നല്ലതിനാണ്.. എന്റെ കുഞ്ഞുങ്ങൾക്ക് നല്ലതേ വരൂ.. " അവളുടെ കവിളിൽ തഴുകിയിരുന്ന കൈകൾ എടുത്ത് അവളുടെ നെറുകയിൽ കൈവെച്ച് അയാൾ നിറഞ്ഞ മനസ്സോടെ പറഞ്ഞു.. അവളും കണ്ണീരിൽ കുതിർന്ന നടന്ന പുഞ്ചിരിയോടെ അയാൾക്ക് നേരെ തലയാട്ടി.. അവളെ തിരിച്ചു കൊണ്ടു പൊയ്ക്കോളാം എന്ന് സത്യഘോഷിനോട് പറയാൻ വന്ന ബദ്രിയും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ തിരികെ മുറിയിലേക്ക് കയറി..

അല്പസമയം കഴിഞ്ഞതും ആദിക്ക് ബോധം തെളിഞ്ഞു... അവൻ എല്ലാവരെയും നോക്കി നേർമയായി പുഞ്ചിരിച്ചു.. ബദ്രിയും ഡേവിഡും ആശുപത്രിക്ക് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.. പെട്ടെന്ന് വന്നതായിരുതു കൊണ്ടുതന്നെ മാറ്റാനുള്ള വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കുവാനായി സത്യഘോഷും രേവതിയും വീട്ടിലേക്ക് പോകാൻ റെഡിയായി.. അവർ ഇറങ്ങി അൽപസമയം കഴിഞ്ഞതും ആദി വീണ്ടും മയങ്ങി.. കുറച്ചു സമയം കൂടെ കഴിഞ്ഞ് ബദ്രിയും ഡേവിഡും വന്നു അല്പനേരം അവിടെയിരുന്നു എങ്കിലും ആദിയെ ഉണർത്തിയില്ല.. അവരും ഫ്രഷ് ആയിട്ട് വരാം എന്നു പറഞ്ഞ് പുറത്തേക്കിറങ്ങി... പെട്ടെന്നാരോ ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചു .. ഫോണിൽ വീഡിയോയും കണ്ടിരിക്കുന്ന മിഴിയും ആർദ്രയും ഡോറിലേക്ക് കണ്ണു മാറ്റി... രണ്ടുപേരുടെയും നെറ്റി ചുളിഞ്ഞു .. "നിത??? " "എന്താ ഇവിടെ???"

മിഴി അവളുടെ പേര് ഉച്ചരിക്കുമ്പോഴേക്കും ആർദ്ര അടുത്ത ചോദ്യം ചോദിച്ചിരുന്നു... "ആദി.. ആദിക്ക് എങ്ങനെയുണ്ട്.. എന്ത് പറ്റിയതാ...??" അവളുടെ വെപ്രാളത്തോടെ ഉള്ള ചോദ്യം കേട്ട് മിഴിയും ആർദ്രയും പരസ്പരം നോക്കി.. അതിനുശേഷം ബെഡിൽ ശാന്തമായി കിടക്കുന്ന ആദിയെയും.. നിതയുടെ മുഖത്തുണ്ടായിരുന്ന വെപ്രാളത്തിന്റെ അർത്ഥം മാത്രം ഇരുവർക്കും മനസ്സിലായില്ല.. "എന്ത് പറ്റിയതാ. ഇപ്പൊ എങ്ങനെയുണ്ട്.. Anything serious???" "ഏയ്‌.. കുഴപ്പമൊന്നുമില്ല.. ഇപ്പൊ ഉറങ്ങിയേ ഉള്ളൂ.. ഞാൻ വിളിക്കാം..." നിതയ്ക്ക് മറുപടി കൊടുത്ത് ആർദ്ര ആദിക്കരികിലേക്ക് പോയി. "ടാ.. ചേട്ടാ.. ടാ... എഴുന്നേൽക്ക്..." ആർദ്ര കുലുക്കി വിളിച്ചതും വേദനകൊണ്ട് ആദിയുടെ മുഖം ചുളിഞ്ഞു.. "ഒന്ന് പോ ആരൂ.. മനുഷ്യനെ മെനക്കെടുത്താൻ.. ആഹ്...' അവൻ കണ്ണു തുറക്കാതെ തന്നെ ഇടുപ്പിൽ കൈവെച്ച് ആർദ്രയെ ശകാരിച്ചു.. "ആഹ്.. ഞാൻ പൊയ്ക്കോളാം നിത വന്നിട്ടുണ്ട്. അവളോടും പോകാൻ പറയട്ടെ??"

നിതയുടെ പേര് കേട്ടതും ആദി പെട്ടെന്ന് കണ്ണു തുറന്നു.. നിതയെ കണ്ട് പെട്ടെന്ന് എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.. വേദന കൊണ്ട് അവൻ ഒന്ന് ചെറുതായി നിലവിളിച്ചു.. "ടാ ചേട്ടൻ തെണ്ടി.. പെണ്ണിന്റെ പേര് കേട്ടതും ചാടി എഴുന്നേൽക്കുമ്പോ പഞ്ചറൊട്ടിച്ചു കിടക്കുന്ന ഈ ബോഡിയെ കുറിച്ച് കൂടി ചിന്തിക്കണം...." അവനെ പിടിച്ചിരുത്തി കൊണ്ട് ആർദ്ര പറയുന്നത് കേട്ട് ആദി പല്ലു കടിച്ചു... പിന്നെ ഒരു വളിച്ച ചിരിയോടെ നിതയുടെ മുഖത്തേക്ക് നോക്കി.. അവൾ അവൻ ഇരിക്കുന്നതിന് തൊട്ടരികിലായി വന്നിരുന്നു .. "What happened ആദി...??" ആദി പതിയെ ആർദ്രയെ നോക്കി.. അവൾ രണ്ടുപേരെയും നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് മിഴിയുടെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി .. "എന്താടി...??" മിഴി മനസ്സിലാകാതെ അവളുടെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു.. " കാര്യം മനസ്സിലായില്ല.. എന്നാലും ഇന്നലെ രാത്രിയിലെ സംഭവം അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് അതിസാഹസികമായ ഒരു ത്രില്ലറായി അവതരിപ്പിക്കാനാണ് ആദിയേട്ടന്റെ ശ്രമം...

അതിനായിരിക്കും നമ്മളെ പുറത്താക്കിയത്.. " "അതിന് നമ്മളെ എപ്പോഴാ പുറത്താക്കിയത്..." "ഹോ.. നിനക്ക് മനസ്സിലായില്ല അല്ലേ... അതിന് ആദി ഏട്ടന്റെ കണ്ണിലെ മുദ്ര ശ്രദ്ധിക്കണം. മുദ്ര... അത് ദ്വിമുദ്രയായിരുന്നു... " "ദ്വിമുദ്രയോ???" "ആഹ്.. രണ്ടും ഇറങ്ങി വെളിയിൽ പോകീനടീ എന്ന മുദ്ര. അവിടെ വല്ലവരുടെയും പഞ്ചാര നോക്കി വെള്ളം ഇറക്കിയിട്ട് എന്താ കാര്യം? വാ ക്യാന്റീനിൽ പോവാം..വല്ലതും തിന്നിട്ട് വന്നിട്ട് ബാക്കി..." ഒന്നും നോക്കാതെ നേരെ കാന്റീനിലേക്ക് നടക്കുന്ന ആർദ്രയെ നോക്കി ചിരിയോടെ മിഴിയും അവളെ പിന്തുടർന്നു... _____💜 ആദി നടന്നതു മുഴുവൻ നിതയോട് പറഞ്ഞു.. "Great aadhi. You done something great.. Really proud of you..." ആദിയാണെങ്കിൽ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു.. ഇന്നലെ ഇരുവരും പിരിയുമ്പോൾ പിന്നീട് ഒരു കണ്ടുമുട്ടലിനെ കുറിച്ച് സംസാരിച്ചില്ലായിരുന്നു..

ഇനി എപ്പോഴാണ് അതിന് ഒരു അവസരം ഉണ്ടാവുക എന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നു.. ഒരു കുത്തു കിട്ടിയാലെന്താ.. ഇങ്ങനെയൊരു മീറ്റിങ്ങും ഇത്രയും നല്ല വാക്കുകളും നിതയുടെ ഭാഗത്തുനിന്നും ഉണ്ടായല്ലോ എന്ന സന്തോഷത്തിലായിരുന്നു ആദി.. "ആദി.... " "ഹാ..." "ഇപ്പൊ പെയിൻ കുറവുണ്ടോ??" "ഹ്മ്മ്.. Much better... " അവന്റെ മുറിവിൽ ചുറ്റിയിരിക്കുന്ന ബാൻഡെയ്ഡിന് മുകളിലൂടെ തഴുകുന്ന അവളുടെ നീണ്ട വിരലുകളിലേക്ക് നോക്കിക്കൊണ്ട് ആദി പറഞ്ഞു.. "പിന്നെന്താ...???" അവന്റെ ചോദ്യത്തിൽ അവൾ മുറിവിൽ നിന്നും നോട്ടം മാറ്റി അവനിലേക്ക് നോക്കി... കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കുന്ന അവന്റെ നോട്ടത്തെ നേരിടാൻ കഴിയാതെ അവൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു.. അവളുടെ പതർച്ച മനസ്സിലായ പോലെ ആദിയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.. "ആദി.. ഇത് ലവ് ആണോ..? അതോ, any affection or attraction??" ആദി അവളുടെ കയ്യിൽ പിടിച്ച് വീണ്ടും ബെഡിലേക്ക് ഇരുത്തി.. "നിന്നെ ഞാൻ മുന്നേ കണ്ടിരുന്നു.

. അന്ന്.. ബദ്രിയുടെ വീട്ടിൽ വച്ച്.. അട്ട്രാക്ഷൻ ആണെങ്കിൽ അന്ന് തന്നെ അത് എനിക്ക് ഫീൽ ആവേണ്ടതല്ലേ. അന്ന് നിന്നെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല.. ഞാൻ നിന്നെ ശ്രദ്ധിച്ചത് ഈ മുഖം കാരണമല്ല.. Your character... Yes.. I like your character.. ഈ മുഖം.. സൗന്ദര്യം.. ഇതിനൊന്നും യാതൊരു ഗ്യാരണ്ടിയും ഇല്ല... പക്ഷെ ക്യാരക്ടർ... അതിന് ഗ്യാരണ്ടി ഉണ്ട്. അത് ഒരാളുടെ ജന്മ ഗുണമായിരിക്കും.. It will never changed till their end.. You have it.. I like the way you are.. And I love you...💜" നിത നാണത്തോടെ മുഖം താഴ്ത്തി... അവർ രണ്ടുപേരുമല്ലാതെ മറ്റു രണ്ടു ചെവികൾ കൂടി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു.. കുറച്ചു ദൂരം നടന്നതിനുശേഷം കയ്യിൽ കാശില്ല എന്ന സത്യം മനസ്സിലാക്കിയ ആർദ്രയും മിഴിയും പൈസ എടുത്തിട്ട് പോകാൻ വേണ്ടി തിരികെ വന്നതായിരുന്നു.. അപ്പോഴാണ് ആദിയുടെ യമണ്ടൻ പ്രൊപ്പോസൽ സീൻ..

"എടീ.. ഇങ്ങേര് കൊള്ളാലോ.. ഡ്രസ്സ്‌ മാറ്റുന്ന പോലെയല്ലേ പെൺപിള്ളേരെ മാറ്റുന്നത്..." ആർദ്ര ഡോറിന് ഇടയിലൂടെ ഒളികണ്ണിട്ടു കൊണ്ട് മിഴിയോട് പറഞ്ഞു... "പതിയെ പറയടീ.. അവര് കേൾക്കും... എന്താ റിപ്ലൈന്ന് നോക്കട്ടെ..." ആർദ്രയുടെ താഴെ കൂടെ അകത്തേക്ക് ചെവി നുഴച്ചുകൊണ്ട് മിഴി ശബ്ദം താഴ്ത്തി പറഞ്ഞു.. "എടീ.. ചെവി ഇടാതെ കണ്ണിട്ട് നോക്കു പെണ്ണേ.. നിത അങ്ങേരുടെ അടുത്തേക്ക് നീങ്ങി പോകുന്നു. ഒരു ലൈവ് കിസ്സ് സീൻ കാണാൻ യോഗം ഉണ്ടെന്ന് തോന്നുന്നു..." ആർദ്ര പറഞ്ഞത് കേട്ട് മിഴി വേഗം ചെവി പിൻവലിച്ച് ഒരു കണ്ണ് ഗ്യാപ്പിലേക്ക് ഫിറ്റ്‌ ചെയ്ത് വച്ചു.. "ഇപ്പൊ ഉമ്മിക്കും.. ഉമ്മിക്കാൻ പോണു.. പോയി.. പോയി... ദേ ഉമ്മി...... ആഹ്........ പൂർത്തിയാക്കും മുന്നേ തലയിൽ ശക്തമായി ഒരു കൊട്ടു കൊണ്ടതുകൊണ്ട് തലയുഴിഞ്ഞ് ആർദ്ര ദേഷ്യത്തോടെ തിരിഞ്ഞുനോക്കി.. പുറകിൽ നിൽക്കുന്ന ബദ്രിയെ കണ്ട് മുഖത്തെ ദേഷ്യം മാറ്റി ചെറിയൊരു ഇളി ഫിറ്റ് ചെയ്തു.

പിന്നെ പതിയെ നോട്ടം ഡോറിലേക്ക് മാറ്റി.. സീന് കാണാൻവേണ്ടി കുനിഞ്ഞിരുന്ന് ഒളിഞ്ഞുനോക്കുന്ന മിഴിയെ ദയനീയമായി നോക്കി കൊണ്ട് ആർദ്ര ബദ്രിയിലേക്ക് നോട്ടം മാറ്റി... "ടീ. സീന് കഴിഞ്ഞു. പൊളി ആയിരു....... സന്തോഷത്തോടെ ഫുൾ വോൾട്ടേജിൽ തിരിഞ്ഞുകൊണ്ട് ആർദ്രയോട് പറഞ്ഞു മുഴുവനാകും മുന്നേ തൊട്ടടുത്തു നിൽക്കുന്ന ബദ്രിയെ കണ്ട് ബാക്കി അവൾ വിഴുങ്ങി.. "പ.. പ.. പാർട്ണർ എപ്പോ വ വന്നു???" "കുറച്ച് നേരമായി..." പതറിയ ശബ്ദത്തോടെയുള്ള അവളുടെ ചോദ്യത്തിന് കൈകെട്ടി നിന്ന് കൂസലില്ലാതെ ബദ്രി മറുപടി കൊടുത്തു ... "അല്ലാ. ഫ്രഷ് ആവാൻ പോയില്ലേ??" " ഡേവിഡ് വന്നിട്ട് പോകാം എന്ന് കരുതി .. " "സന്തോഷം.. എന്നാൽ ഞങ്ങളങ്ങോട്ട്...." "എങ്ങോട്ട്....?" അവനെ നോക്കി ഒന്ന് ചിരിച്ച് ആർദ്രയുടെ കൈയുംപിടിച്ച് മിഴി മുന്നിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴും അവന്റെ അടുത്ത ചോദ്യം വന്നു.. "അത്.. കഴിക്കാൻ.. നല്ല വിശപ്പ്..." "ഹ്മ്മ്.. വാ..." ബദ്രി മുന്നോട്ടു നടന്നതും ആശ്വാസത്തോടെ രണ്ടാളും അവനു പുറകെ നടന്നു.....

ഹോസ്പിറ്റലിനു പുറത്തുള്ള ഒരു റസ്‌റ്റോറന്റിലേക്കാണ് അവർ പോയത് .. "കോഴികുഞ്ഞെ..." "എനിക്ക് 4 പൊറോട്ടയും ഒരു ബീഫ് റോസ്റ്റും.. രാവിലെ ഞാൻ ലൈറ്റ് ആയി എന്തെങ്കിലുമേ കഴിക്കാറുള്ളു.. അത് കൊണ്ടാ.. മാത്രമല്ല.. എന്റെ കൂടപ്പിറപ്പ് ഇങ്ങനെ കിടക്കുമ്പോ എനിക്കൊന്നും ഇറങ്ങില്ല...." മാക്സിമം സങ്കടം വാരിവിതറി പറയുന്ന ആർദ്രയെ കണ്ട് ബദ്രി അന്തംവിട്ട് നോക്കിയിരുന്നു... മിഴിയാണെങ്കിൽ ചിരി പുറത്തുവരാതിരിക്കാൻ വിരൽകൊണ്ട് ചുണ്ടിൽ തടവി താഴേക്ക് നോക്കിയിരുന്നു.. "അതല്ല.. നിന്നോട് മറ്റൊരു കാര്യം പറയാനുണ്ടായിരുന്നു.." "എന്താ ബദ്രിയേട്ടാ..." "നീയേ ഇങ്ങനെയായി. ഇനി ദേ ഇവളെയും കൂടെ നശിപ്പിച്ചു കയ്യിൽ തരല്ലേ..." "ഞാനെന്ത് നശിപ്പിച്ചു..??? ഇവളാ സീൻ കാണാൻ വെയിറ്റ് ചെയ്ത് കുനിഞ്ഞ് നിന്നത്.. ഞാൻ സംസാരിച്ചപ്പോൾ പതിയെ പറയ്, അവരുടെ സംസാരം കേൾക്കുന്നില്ല എന്ന് പറഞ്ഞ് എന്നെ ചീത്ത പറഞ്ഞതും ഇവളാ... എന്നിട്ട് എന്നെ കുറ്റം പറയുന്നോ..??"

ബദ്രിയുടെ നോട്ടം മിഴിയിലേക്ക് നീണ്ടു.. അവളാണെങ്കിൽ ഒന്നുമറിയാത്തപോലെ എങ്ങോട്ടൊക്കെയോ നോക്കി എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു.. അവസാനം പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ മൂന്നാളും ഓർഡർ ചെയ്ത്, ഭക്ഷണം കഴിച്ച് അവിടെ നിന്നും ഇറങ്ങി.. അവർ തിരികെ വരുമ്പോഴേക്കും നിത മടങ്ങിയിരുന്നു... അവളുടെ പോസിറ്റീവ് റെസ്പോൺസിന്റെ എഫക്ട് ആദിയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ബദ്രി ആദിയുടെ മുന്നിൽ പോയില്ല എങ്കിലും രാത്രിയും ആശുപത്രിയിൽ തന്നെ ഇരുന്നു.. മൂന്ന് ദിവസവും മിഴി എവിടെയാണോ അവിടെ കാവൽ എന്നപോലെ ബദ്രിയും ഉണ്ടായിരുന്നു... മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങി.. പകൽ മുഴുവൻ ആർദ്രയുടെ വീടിനു മുന്നിലൂടെ ഡേവിഡ് ചുറ്റി കറങ്ങി കൊണ്ടിരിക്കും..

ബദ്രി ഓഫീസിലെ വർക്കുകളിൽ ബിസി ആയിരുന്നു.പക്ഷേ രാത്രി നേരെ ആർദ്രയുടെ വീട്ടിലേക്ക് വരും.. വീടിന് ഒരു ഭാഗത്തായി വണ്ടി ഒതുക്കിയിട്ട് വണ്ടിയിൽ തന്നെ കിടന്നുറങ്ങും.. ഒരാഴ്ച കഴിഞ്ഞു ആദിക്ക് ഇപ്പോൾ എഴുനേറ്റ് നടക്കാൻ പറ്റുന്നുണ്ട്.. ഇനി കല്യാണത്തിന് 6 ദിവസമേ ഉള്ളൂ.. എല്ലാവരും ചേർന്ന് ഷോപ്പിങ്ങിനൊക്കെ പോയി.. മിഴിക്കുള്ളതെല്ലാം അവളുടെ ഇഷ്ടത്തിനനുസരിച്ച് തന്നെ എടുത്തു.. വൈകുന്നേരം മൂന്നുമണിയോടെ ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തി.. ആർദ്രയും മിഴിയും പർച്ചേസ് ചെയ്ത സാധനങ്ങളുമായി മുറിയിലേക്ക് നടക്കാനൊരുങ്ങുമ്പോഴേക്കും ഡ്രോപ്പ് ചെയ്യാൻ വന്ന ബദ്രിയും ഡേവിഡും അകത്തേക്ക് വരുന്നത് കണ്ട് രണ്ടാളും അവിടെ തന്നെ നിന്നു..

സത്യഘോഷ് ഒരു നിമിഷം ഒന്ന് ചിന്തിച്ചെങ്കിലും ചിരിയോടെ അവരെ അകത്തേക്ക് സ്വീകരിച്ച് ഇരിക്കാൻ പറഞ്ഞു.. ബദ്രി വേഗം അവിടെയിട്ട സെറ്റിയിലേക്ക് ഇരുന്നു.. ഡേവിഡ് സത്യഘോഷിന്റെ അടുത്തേക്ക് പോയി കൈ നീട്ടി. അയാൾ അവന്റെ കയ്യിലേക്ക് കൈ ചേർത്ത് വച്ച് ഹസ്തധാനം നൽകി.. "അങ്കിൾ.. ഞാൻ ഡേവിഡ്.." "അറിയാം.. ഇപ്പൊ ബദ്രിയുടെ കൂടെ എപ്പോഴും കാണാറുണ്ടല്ലോ..." ഡേവിഡ് ബദ്രിയെ നോക്കി.. അവൻ കണ്ണുകൾ കൊണ്ട് ഡേവിഡിന് ധൈര്യം നൽകി.. "അങ്കിൾ.. എനിക്ക് ആർദ്രയെ.. "ഇഷ്ട്ടമാണ്.. അല്ലെ..?...".....💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story