മിഴിയിൽ: ഭാഗം 48

mizhiyil

എഴുത്തുകാരി: അനു രാജീവ്‌

ബദ്രി ആ കത്ത് മുറുകെ പിടിച്ച് തലയിൽ കൈ വച്ചു... അവൻ വേഗം ഡോർ തുറന്ന് താഴേക്കിറങ്ങി... കാറെടുത്ത് അവിടെനിന്ന് ആർദ്രയുടെ വീട് ലക്ഷ്യമാക്കി പായുമ്പോൾ മനസ്സിൽ കുറ്റബോധമായിരുന്നു... അന്നും അവളെ മനസ്സിലാക്കാതെ നോവിച്ചു.. ഇന്ന് വാക്കുകൾ കൊണ്ടും... അന്ന് എത്ര നിർബന്ധിച്ചിട്ടും അവൾ പുറത്തു പോയതിന്റെ കാരണം പറയാതിരുന്നത് ഈ സർപ്രൈസ് കരുതിയാവാം... ഇന്ന് ഇത്രയും റിസ്ക് എടുത്ത് ഇങ്ങോട്ട് വന്നപ്പോഴും എന്തിനു വന്നു എന്ന് ഞാൻ ചോദിച്ചില്ല.. അല്ലെങ്കിലും ഈ ദിവസത്തെ കുറിച്ച് ഞാൻ ഓർക്കാറില്ല.. എന്റെ ജന്മദിനം മാത്രമല്ല.. എന്റെ അമ്മയുടെ മരണ ദിനവും കൂടിയാണ്.. ആദ്യമൊക്കെ ഈ ദിവസം ഒരുപാട് കരയാറുണ്ടായിരുന്നു.. പിന്നീട് മനപ്പൂർവ്വം ഈ ദിവസത്തെ മറവിക്ക് വിട്ടുകൊടുത്തു..

കുറച്ചുവർഷങ്ങളായി എന്റെ ജനനവും അമ്മയുടെ മരണവും രണ്ടും ഓർക്കാറില്ല.. അതുകൊണ്ടാണ് ചിന്തകൾ അതിലേക്ക് പോകാതിരുന്നത് .. അവൻ കാറിന്റെ വേഗത കൂട്ടി.. അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ ആയിരുന്നു മനസ്സിൽ നിറയെ.. വേണ്ടിയിരുന്നില്ല... കാർ വീടിന്റെ മുൻവശത്തെത്തി.. കയ്യിലെ ബാൻഡിൽ സമയം നോക്കി. 2.25. ഫോൺ എടുത്ത് വേഗം തന്നെ മിഴിക്ക് ഡയൽ ചെയ്തു.. മുഴുവനായും റിങ് ചെയ്ത് കട്ടായി.. വീണ്ടും ട്രൈ ചെയ്തു.. എടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൻ ഫോൺ പോക്കറ്റിലിട്ട് മതിലിന്റെ ഉയരം കുറഞ്ഞ ഭാഗത്തേക്ക് നീങ്ങി.. അന്ന് ഡേവിഡ് ഉണ്ടായിരുന്നത് കൊണ്ട് അത്ര ബുദ്ധിമുട്ടുണ്ടായിരുന്നില്ല.. അവനെയും വിളിച്ചുകൊണ്ടുവരാമായിരുന്നു എന്ന് മനസ്സിൽ ചിന്തിച്ച് അല്പം ബുദ്ധിമുട്ടിയാണെങ്കിലും ബദ്രി അപ്പുറത്തേക്ക് ചാടി..

പുറകിലെ വാതിലിനടുത്തേക്ക് നടക്കുമ്പോൾ മറ്റാരുടെയോ കാൽപാദം ചുറ്റും പതിയുന്ന പോലെ തോന്നി ബദ്രി ഒന്ന് നിന്നു.. തോന്നലല്ല മറ്റാരോ ഇവിടെയുണ്ട് എന്നുറപ്പായപ്പോൾ ബദ്രി പതിയെ ഒരു മറവിലേക്ക് മാറി.. അവന്റെ കണ്ണുകൾ മാത്രം പരിസരം മുഴുവൻ അലഞ്ഞു കൊണ്ടിരുന്നു.. മതിലിനു മുകളിൽ നിശ്ചിത അകലത്തിൽ വച്ചിരിക്കുന്ന ചെറിയ മഞ്ഞ നിറത്തിലുള്ള ലൈറ്റിന്റെ വെളിച്ചത്തിൽ ബദ്രിയുടെ കണ്ണുകൾ മാത്രം ദൃശ്യമായി.. അവന്റെ കൃഷ്ണമണികൾ സെക്കൻഡുകളിൽ ഓരോയിടത്തേക്കും മാറിമാറി സഞ്ചരിച്ചു.. ഇരുളിനെ ബേധിച്ചു കൊണ്ട് എങ്ങും നിശബ്ദത നിറഞ്ഞു... ബൂട്ടിട്ട കാലടി ശബ്ദം അടുത്തേക്ക് വന്നുകൊണ്ടിരുന്നു... ഒരു നിഴൽ ആ വെളിച്ചതിനു മുകളിൽ ഭീമാകാരമായി ഉയർന്നു വന്നു. പുറകെ അവനും... അർജിത്.... തിരഞ്ഞതെന്തോ ലഭിച്ച പോലെ ബദ്രിയുടെ കൃഷ്ണമണികൾ ഒരിടത്തേക്ക് മാത്രം നോട്ടം പതിപ്പിച്ചു..

അവന്റെ ചുണ്ടുകൾ പുഞ്ചിരിച്ചു... അപ്പോഴും കണ്ണുകളിൽ തീക്ഷ്ണത തന്നെയായിരുന്നു.. വീടിനു പുറകിലായി ബോട്ടിൽ ആർട്ട് ചെയ്ത് നിരത്തിവെച്ചിരിക്കുന്ന ബിയർ ബോട്ടിലുകളിൽ ഒന്ന് കയ്യിലെടുത്തു... ആ ബോട്ടിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ മറവിൽ നിന്നും പുറത്തേക്കിറങ്ങി.. തിരിഞ്ഞു നിൽക്കുന്നവൻ പുറകിൽ അനക്കം കേട്ട് പെട്ടെന്ന് തിരിഞ്ഞു നോക്കി.. തന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ തൊട്ടടുത്ത് തലതാഴ്ത്തി നിൽക്കുന്ന ബദ്രിയ കണ്ട് അർജിത് പേടിച്ച് ഒരടി പുറകിലേക്ക് മാറി... ബദ്രി മുഖമുയർത്തി നോക്കി.. അവനെ ചുട്ടെരിക്കാനുള്ള അഗ്നി ഉണ്ടായിരുന്നു ബദ്രിയുടെ കണ്ണിൽ... ആ കണ്ണുകളെ നേരിടാനാവാതെ അർജിത് പുറകിലേക്ക് കാലടികൾ വച്ചു...

എന്നാൽ രണ്ടടി വയ്ക്കുമ്പോഴേക്കും ബദ്രി മുറുകിയ മുഖത്തോടെ കയ്യിലെ ബിയർ കുപ്പി മുകളിലേക്കെറിഞ്ഞ് കറക്കി മറുഭാഗത്തു പിടിച്ച് അവന്റെ തലയിലേക്ക് ആഞ്ഞടിച്ചു..... പ്രഹരം ഏൽപ്പിച്ച് ബിയർ കുപ്പി ചിന്നിച്ചിതറി.. അവൻ അടക്കിപ്പിടിച്ച നിലവിളിയോടെ തലയിൽ കൈവച്ചു.. അവന്റെ വിരലുകൾക്കിടയിലൂടെ രക്തമൊഴുകുന്നുണ്ടായിരുന്നു.. കൺപീലികളിൽ നിന്നും ഇറ്റുവീഴുന്ന രക്തതുള്ളികൾക്കിടയിലൂടെ അവന്റെ കണ്ണുകൾ ബദ്രിയിലേക്ക് നീണ്ടു.. ബദ്രിയുടെ കണ്ണിൽ അപ്പോഴും ഒരുതരം വെറിയായിരുന്നു.. തലയിൽ മുറുകെ പിടിച്ചു കൊണ്ട് അർജിത് തിരിഞ്ഞോടാൻ തുനിഞ്ഞു .. അപ്പോഴേക്കും ബദ്രിയുടെ കയ്യിൽ ബാക്കിയുണ്ടായിരുന്ന ബിയർ കുപ്പിയുടെ ഒരു ഭാഗത്തെ ചില്ല് അവന്റെ പുറം കഴുത്തിലൂടെ വരഞ്ഞു..

അർജിത് വേദന കൊണ്ട് ഒന്ന് പിടഞ്ഞു. എന്നാലും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ അവൻ മുന്നോട്ടോടാൻ ശ്രമിച്ചു .. അപ്പോഴേക്കും ബദ്രി ആ ചില്ല് അവന്റെ ഇടുപ്പിൽ തറച്ചു കയറ്റിയിരുന്നു.. വേദന സഹിക്കാതെ അവൻ നിലത്തേക്ക് പതിച്ചു.. താഴെ കാലുകൾ നീട്ടിയിരുന്ന് രക്തം കിനിയുന്ന ഇടുപ്പിലെ മുറിവിൽ മുറുകെ പിടിച്ചു.. ബദ്രി വേദനകൊണ്ട് പിടയുന്ന അവനരികിൽ മുട്ടുകുത്തിയിരുന്നു.. അർജിത് കിതപ്പോടെ മുഖമുയർത്തി... "ദൈവം എന്റെ കൂടെയാടാ.. അല്ലെങ്കിൽ ഇന്ന് തന്നെ നിനക്കിവിടെ കയറാൻ തോന്നില്ലായിരുന്നു.. എന്നെ ഒരുപാട് ചുറ്റിക്കാതെ എന്റെ മുന്നിൽ വന്നതിന്... Thank you my dear friend...." പറഞ്ഞുതീർന്നതും ബദ്രിയുടെ മുഖത്തെ പുഞ്ചിരിയിൽ ക്രൂരത കലർന്നു.... അവൻ മുഷ്ടിചുരുട്ടി അർജിത്തിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... ഒരൊറ്റ അടിക്ക് അവൻ ബോധംകെട്ട് താഴെവീണു...

അവന്റെ ബോധം മറഞ്ഞിട്ടും വീണ്ടും ബദ്രി ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആഞ്ഞിടിച്ചു കൊണ്ടിരുന്നു... മൂക്കിലൂടെ ചോര ഒഴുകാൻ തുടങ്ങിയപ്പോഴാണ് അവൻ ആ ഇടി നിർത്തിയത്... ബദ്രി എഴുന്നേറ്റുനിന്നു കൈകുടഞ്ഞ് മുടികൾക്കിടയിലൂടെ കൈവിരലുകൾ പിണച്ചു.. ഫോണെടുത്ത് ആദിയുടെ നമ്പർ ഡയൽ ചെയ്തു.. രണ്ടാമത്തെ തവണ റിങ്ങ് ചെയ്യാൻ തുടങ്ങിയതും ആദി കോൾ അറ്റൻഡ് ചെയ്തു.. "പുറത്തേക്ക് വാ..." ഇത്ര മാത്രം പറഞ്ഞുകൊണ്ട് ബദ്രി കോൾ കട്ട് ചെയ്തു... ബദ്രി പുറത്ത് എന്നും കാവലിരിക്കാറുള്ളത് അറിയാവുന്നത് കൊണ്ട് തന്നെ ആദിക്ക് അത്ഭുതമൊന്നും തോന്നിയില്ല... എന്തെങ്കിലും സീരിയസ് മാറ്റർ ആകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ വേഗം പടികളിറങ്ങി മുന്നിലെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.. അവിടെ ബദ്രി നിൽപ്പുണ്ടായിരുന്നു...

മുന്നിലെ ലൈറ്റ് ഓണാക്കി ആദി വേഗം ബദ്രിക്കരികിലേക്ക് പോയി... ബദ്രി ഒന്നും മിണ്ടാത്തെ വീടിനു പുറകിലേക്ക് നടക്കുന്നത് കണ്ട് ആദിയും അവനെ പിന്തുടർന്നു... അവിടെ ചോരയൊലിപ്പിച്ച് കിടക്കുന്ന അർജിത്തിനെ കണ്ട് ആദി ഒന്ന് ഞെട്ടി.. "കാറിലേക്കിടണം.. ഒരു മൂന്ന് മണിക്കൂറെങ്കിലും ബോധം വരാൻ പാടില്ല..." ആദിയെ നോക്കാതെയാണ് ബദ്രി അത് പറഞ്ഞത്.. ആദി വേഗം തലയാട്ടിക്കൊണ്ട് വീണ്ടും വീടിനകത്തേക്ക് കയറി പോയി... അവന്റെ മെഡിക്കൽ ബോക്സ് തുറന്ന് ഒരു സിറിഞ്ചെടുത്ത് അതിൽ മെഡിസിൻ ഫില്ല് ചെയ്തു.. പുറകിലെ വാതിലിലൂടെ പുറത്തേക്കിറങ്ങുമ്പോൾ ഗേറ്റിന്റെ കീയും കയ്യിലെടുത്തു.. ആദിയെ കണ്ടതും ബദ്രി അർജിത്തിനു മുന്നിൽ നിന്നും മാറി നിന്നു..

ആദി അവിടെ നിലത്തേക്ക് ഇരുന്ന് അർജിത്തിന്റെ കയ്യിൽ ആ മരുന്ന് ഇഞ്ചക്ട് ചെയ്തു.. "12 മണിക്കൂർ കഴിഞ്ഞേ ബോധം വരൂ...." ആദി ബദ്രിയെ നോക്കി പറഞ്ഞു.. ബദ്രി അവനെ നോക്കി തലയാട്ടിക്കൊണ്ട് അർജിത്തിനെ എടുക്കാനായി കുനിഞ്ഞു.. അവനോടൊപ്പം തന്നെ ആദിയും കുനിയാൻ നിന്നതും ബദ്രി അവനെ തടഞ്ഞു. " വേണ്ട നിന്റെ മുറിവ് അനക്കണ്ടാ .. I will...." ആദി കുഴപ്പമില്ല എന്ന് പറഞ്ഞെങ്കിലും ബദ്രി അവനെ സഹായിക്കാൻ സമ്മതിച്ചില്ല.. ബദ്രി അർജിത്തിനെ കൈകളിൽ തൂക്കിയെടുത്തു.. അപ്പോഴേക്കും ആദി മുന്നോട്ടോടി ഗേറ്റിന്റെ ലോക്ക് തുറന്ന് കൊടുത്തു.. അവനെ കാറിൽ കൊണ്ട് കിടത്തി ബദ്രി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..

ആദി തലയാട്ടിക്കൊണ്ട് അകത്തേക്ക് പോയി ഗേറ്റ് പൂട്ടി വീടിനകത്തേക്ക് കടന്നു .. ബദ്രി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.. പെട്ടെന്നാണ് മിഴിയുടെ മുഖം ഓർമ്മ വന്നത്.. അവന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.. ഈ കോലാഹലത്തിനിടയ്ക്ക് എന്തിനാണ് വന്നത് എന്ന് പോലും അവൻ മറന്നു പോയിരുന്നു.. അവൻ പതിയെ കുനിഞ്ഞ് ആദിയുടെ മുറിയിലെ ലൈറ്റ് ഓഫായോ എന്ന് നോക്കി.. 10 സെക്കൻഡിനുള്ളിൽ എല്ലാ ലൈറ്റും ഓഫ്‌ ആയി.. ബദ്രി കാറിൽ ചുരുണ്ട് കിടക്കുന്ന അർജിത്തിനെ ഒന്നുകൂടി നോക്കി... ഡാഷ് ബോർഡിൽ നിന്നും ഒരു സെല്ലോ ടേപ്പ് എടുത്ത് അവന്റെ ഇരുകൈകളും കൂട്ടി ചുറ്റി വെച്ചു.. അതിനുശേഷം പുറത്തേക്കിറങ്ങി കാർ ലോക്ക് ചെയ്ത് വീണ്ടും മതിലുചാടി .. ഇനിയെങ്ങനെ അകത്തേക്ക് കടക്കും എന്നാലോചിച്ച് നിൽക്കെ,

ആദി പുറകിലെ വാതിലിലൂടെ സിറിഞ്ച് എടുത്തുകൊണ്ടു വന്നത് അവന് ഓർമ്മ വന്നു.. അത് അടച്ചിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ച് ബദ്രി പുറകിലെ വാതിലിൽ പോയി അകത്തേക്ക് തള്ളി.. ഡോർ തുറന്ന് വന്നു.. മുറി എവിടെയാണ് എന്നറിയില്ലല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് മിഴി ഡേവിഡിനോട് അന്ന് പറഞ്ഞത് ബദ്രിക്ക് ഓർമ്മവന്നത്.. മുകളിലേക്ക് പോയി ലെഫ്റ്റ് സൈഡിൽ ആദ്യത്തെ റൂം.. ആദി ഉറങ്ങിയിട്ടുണ്ടാവാൻ സാധ്യതയില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവൻ വളരെ പതിയെ സ്റ്റെപ്പുകൾ കയറി... ലെഫ്റ്റ് സൈഡിൽ ആദ്യത്തെ മുറിയിലേക്ക് പോയി ഡോർ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്നും പൂട്ടിയിരുന്നു... വേറെ വഴിയില്ലാത്തത് കൊണ്ട് തന്നെ അവൻ ഡോറിൽ പതിയെ തട്ടി...

ഒരു മിനിറ്റ് വെയിറ്റ് ചെയ്തെങ്കിലും ആരും വാതിൽ തുറന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും തട്ടി.. അല്പം കൂടി ഉച്ചത്തിൽ വീണ്ടും വീണ്ടും തട്ടി കൊണ്ടിരുന്നു . തട്ടലിന്റെ ഒച്ചകേട്ട് ആദിയുടെ റൂമിൽ ലൈറ്റ് ഓൺ ആയത് ബദ്രി പകപ്പോടെ നോക്കിനിന്നു.. പെട്ടെന്ന് ഹാളിലും ലൈറ്റ് തെളിഞ്ഞു.. എങ്ങോട്ട് പോകുമെന്ന് ചുറ്റും നോക്കുമ്പോഴേക്കും തട്ടി വിളിച്ചു കൊണ്ടിരുന്ന ഡോർ ആരോ തുറന്നു.. അതാരാണെന്ന് പോലും നോക്കാതെ ബദ്രി വേഗം അകത്തേക്ക് കയറി വാതിലടച്ചു.. അപ്പോഴേക്കും ആദിയുടെ മുറി തുറക്കപ്പെട്ടു.. ഒപ്പം താഴെ സത്യഘോഷും രേവതിയും ഹാളിലേക്ക് വന്നു.. "നീയായിരുന്നോ???. " സത്യഘോഷ് താഴെനിന്നും മുകളിലെ റെയ്ലിങ്ങിൽ പിടിച്ചു നിൽക്കുന്ന ആദിയോട് ചോദിച്ചു..

ആദിയും ശബ്ദം കേട്ടെങ്കിലും പപ്പയെയും മമ്മിയെയും പേടിപ്പിക്കേണ്ട എന്ന് കരുതി അതെ എന്നർത്ഥത്തിൽ തലയാട്ടി.. സത്യഘോഷും രേവതിയും ലൈറ്റ് ഓഫ് ചെയ്തു റൂമിലേക്ക് പോയി.. ആദി ചുറ്റും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പാക്കിക്കൊണ്ട് മുറിയിലേക്ക് മടങ്ങി... ഇതെല്ലാം കീഹോളിലൂടെ നോക്കിക്കൊണ്ടിരുന്ന ബദ്രി ആശ്വാസത്തോടെ തിരിഞ്ഞുനോക്കി.. "ആാാാാ......" ബദ്രി പേടിച്ച് നിലവിളിച്ചു.... "അയ്യോ.. ബദ്രിയേട്ടാ.. ഇത് ഞാനാ.. ആർദ്ര...." "നിന്റെ മുഖത്തെന്താ ഇങ്ങനെ...??" "അത് നൈറ്റ്‌ ഫേഷ്യൽ ചെയ്ത് കിടന്നതാ. ഈൗ....." "മാറി നിൽക്കടി മരംഭൂതമേ.. മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോ കോലം കെട്ടി ഇറങ്ങിക്കോളും.. "

ആർദ്ര മുഖം കോട്ടി മാറിനിന്നു. കണ്ണുമാത്രം വിട്ട് ബാക്കി എല്ലായിടത്തും വായിച്ചിരിക്കുന്ന വെള്ള പേസ്റ്റിലേക്കും , എല്ലാം മുടിയിലും സെറ്റ് ചെയ്തു വെച്ചിരിക്കുന്ന കേൾ ക്ലിപ്പിലേക്കും ഒന്നുകൂടി നോക്കി കൊണ്ട് തല കുടഞ്ഞ് ബദ്രി ബെഡിൽ കിടന്നുറങ്ങുന്ന മിഴിക്കരികിലേക്ക് നടന്നു.. "Partner....." ബദ്രി പതിയെ അവളെ തട്ടിവിളിച്ചു.. "Partner....." "പോടാ പരട്ടെ.. " അവൾ ഉറക്കത്തിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു.. ആർദ്ര വന്ന ചിരിയെ ഒതുക്കാൻ ശ്രമിച്ചെങ്കിലും കുതിര കത്തുന്ന പോലെ ഒരു നേരിയ ശബ്ദം അവളുടെ വായിൽ നിന്നും പുറത്തേക്കു വന്നു.. ബദ്രി ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയതും അവൾ വായിക്ക് സിബ്ബിട്ട് എങ്ങോട്ടോ നോക്കിനിന്നു .. "മിഴീ.. എഴുന്നേൽക്ക്... ഞാനാ ബദ്രി.."

"ഉണക്ക മത്തിയൊ...? കിലോ 40 രൂപ........" അത് കേട്ട് വീണ്ടും ആർദ്ര ചിരിച്ചു... ബദ്രി ദേഷ്യത്തോടെ അവളെ നോക്കി.. ഇനിയും അവളെ ഇവിടെ നിർത്തിയാൽ ഉള്ള മാനവും കപ്പല് കേറും... "എടീ.. നേരം വെളുത്തു.. പോയി മുഖത്തെ ചുണ്ണാമ്പൊക്കെ കഴുകിയിട്ടു വാ.. നോക്കി നിൽക്കാൻ പറ്റുന്നില്ല....ഹ്മ്മ്.. പോ.." 'ഓഹ്.. ഏകമുദ്ര..... നൈസായി ഒഴിവാക്കിയല്ലേ...' മനസ്സിൽ പ്രാകി കൊണ്ട് ബദ്രിയെ നോക്കി ചിരിച്ച് ആർദ്ര ബാത്റൂമിലേക്ക് കയറി.. ബദ്രി മിഴിയെ നോക്കി.. നല്ല ഉറക്കത്തിലാണ്.. പക്ഷേ കരഞ്ഞതിന്റെ അടയാളങ്ങൾ കൺകോണിൽ വ്യക്തമാണ് .. ബദ്രി മുഖം താഴ്ത്തി അവളുടെ കഴുത്തിടുക്കിൽ ചുണ്ടുകൾ പതിപ്പിച്ചു.. മീശയും താടിയും ഇക്കിളികൂട്ടി അപ്പോൾ അവൾ പിടഞ്ഞെഴുന്നേറ്റു...

മുന്നിലിരിക്കുന്ന ബദ്രിയെ കണ്ട് അവൾ ചുറ്റും നോക്കി.. ആദ്യം മുഖം ഒന്ന് വിടർന്നെങ്കിലും, പെട്ടെന്നുതന്നെ ആ മുഖം കോപം കൊണ്ട് ചുവന്നു.. വീർത്തിരിക്കുന്ന കവിളിൽ അവൻ ചുണ്ടുകൾ അമർത്തി.. അവളവനെ തള്ളി മാറ്റി.. "Sorry and thank you" അവൻ അവളുടെ കൈ തന്റെ കൈകൾക്കുള്ളിലാക്കികൊണ്ട് പതിഞ്ഞസ്വരത്തിൽ അവളോട് പറഞ്ഞു.. അവൾ കൈകൾ വാശിയോടെ അവനിൽ നിന്നും വലിച്ചെടുത്തു.. "Sorry partner.. ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല.. എന്റെ ബർത്ത്ഡേ ഞാൻ ഓർക്കുന്നത് തന്നെ ആരെങ്കിലും ഡേറ്റ് ഓഫ് ബർത്ത് ചോദിക്കുമ്പോഴാണ്. അല്ലാത്ത സമയത്ത് എനിക്ക് അതിനെക്കുറിച്ച് ഓർമ്മ ഉണ്ടാവാറില്ല... ഓർക്കാൻ ശ്രമിക്കാറില്ല... കാരണം ആ ദിവസം ഞാൻ കാരണം എനിക്ക് എന്റെ അമ്മയെ നഷ്ടമായ ദിവസം കൂടിയാണ്..

Iam sorry.. എന്റെ മിസ്റ്റേക്ക് ആണ്.. നിന്നെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു.. ഞാൻ ഇനി ഒരിക്കലും കാര്യമറിയാതെ നിന്നോട് ദേഷ്യപ്പെടില്ല. I promise you.. Sorry.. Please.... കാല് പിടിക്കണോ.. അതും ചെയ്യാം..." അവൻ കൈകൾ അവളുടെ കാലിലേക്ക് കൊണ്ടു പോകുമ്പോഴേക്കും അവൾ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു... ഇതിലും കൂടുതൽ അവൻ താഴ്ന്നു തരുന്നത് അവൾക്ക് സഹിക്കാൻ സാധിക്കുമായിരുന്നില്ല.. "ഒരു sorry മതി.. ഇതിപ്പോ എത്ര സോറിയാ തന്നത്.. എന്നിട്ട് കാല് പിടിക്കാൻ വരുന്നോ..??" ഇരു കൈകളും ഇടുപ്പിൽ കുത്തികൊണ്ട് അത്ഭുതത്തോടെയാണ് അവൾ ചോദിച്ചത്.. മറുപടി പറയുന്നതിനു മുന്നേ അവൻ അവളുടെ ഇടുപ്പിൽ കയ്യിട്ടു വലിച്ച് അവളെ തന്റെ ദേഹത്തോട് ചേർത്തു പിടിച്ചിരുന്നു..

"നിന്റെ കാലല്ലേ, കുഴപ്പമില്ല.. നിന്റെ മുന്നിൽ മാത്രമേ ബദ്രി തലകുനിക്കൂ.. നിന്നെ ഒരിക്കലും തലകുനിയാൻ ഇടവരുത്താതെ... നിന്റടുത്തു താഴ്ന്നു തരുന്നതിലും വല്ലാത്ത സുഖമാടി പെണ്ണേ..." മിഴിയുടെ ചുണ്ടുകൾ പുഞ്ചിരി വിടർത്തി.. അവന് അത്രയും മതിയായിരുന്നു... ചിരിയോടെ ആ ചുണ്ടുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് അവൻ വിട്ടു നിന്നു.. അപ്പോഴേക്കും ബാത്രൂം ഡോർ തുറന്ന് ആർദ്ര ഇറങ്ങി വന്നു.. "കാലത്ത് ഞാൻ വരാം.. റെഡി ആയി നിക്ക്. നമുക്കൊരിടം വരെ പോകാനുണ്ട്..." മിഴിയുടെ കവിളിൽ തഴുകികൊണ്ട് ബദ്രി പറഞ്ഞു.. മിഴി തലയാട്ടി സമ്മതിച്ചു.. "പിന്നെ ഇവളുടെ കൂടെ ഇനി കിടക്കണ്ടാ.. രാത്രിയെങ്ങാനും അറിയാതെ ഉണർന്നാൽ ആ മുഖത്തേക്ക് ഒരൊറ്റ നോട്ടം മതി കാറ്റു പോവാൻ....

മനുഷ്യന്റെ നല്ല ജീവൻ പോയി..." മിഴി മനസിലാകാതെ ആർദ്രയെ നോക്കി.. ബദ്രി രണ്ടാളെയും ഒന്ന് നോക്കി മിഴിയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഡോർ തുറന്ന് പുറത്തേക്കിറങ്ങി.. "അയ്യേ.. മ്ലേച്ചൻ, മറ്റൊരാൾ ഇവിടെ നിക്കുമ്പോഴാണോ കിസ്സടിച്ചു കളിക്കുന്നത്.. ശെയ്..." "അതവിടെ നിക്കട്ടെ.. നീയെന്തിനാ അങ്ങേരെ പേടിപ്പിച്ചേ???" "ഞാനോ...?? അങ്ങേർക്ക് പ്രാന്താടി.. ഞാൻ ഫേഷ്യൽ ചെയ്ത് കിടന്നതാ.. ഡോർ തട്ടുന്നത് കേട്ട് പോയി തുറന്ന് കൊടുത്തു.. തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കണ്ട് ചെറുതായൊന്ന് ഞെട്ടി.. അതിനാ ഇത്ര സീനെറക്കുന്നത്.." "അതിന് പാതിരാത്രി 1 മണിക്കല്ലേ നമ്മൾ തിരിച്ചു വന്നത്.. ആ നേരത്ത് ഫേഷ്യലും ചെയ്തോ??" "ഹ്മ്മ്... നാളെ ഇച്ചായൻ കാണാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്. അപ്പൊ ഇൻസ്റ്റന്റ് ആയി ഇത്തിരി മൈതാ മാവും കടലമാവും ചേർത്ത് മിക്സ്സാക്കി മുഖത്ത് തേച്ചതാ.. അങ്ങേരോട് അങ്ങനെ പറയാൻ പറ്റുവോ..

അതാ ഫേഷ്യൽ ആണെന്ന് പറഞ്ഞത് " "തെണ്ടി.. " "ഈഈഈ...." ____💜 ബദ്രി പുറകിൽ മയങ്ങി കിടക്കുന്ന അർജിത്തിനെ ഒന്ന് നോക്കിക്കൊണ്ട് കാർ മുന്നോട്ടെടുത്തു.. അത്യാവശ്യം നേരം വെളുത്തു തുടങ്ങിയിരുന്നു.. സമയം നോക്കിയപ്പോൾ 4.20 ആയി.. ഇരുട്ട് കുറഞ്ഞിട്ടില്ല എങ്കിലും ദൂരെനിന്നും ഏതൊക്കെയോ അമ്പലങ്ങളിൽ വച്ച ദേവീസ്തുതികൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. വണ്ടി നേരെ കൊണ്ടുപോയത് വിക്രമിന്റെ ഗസ്റ്റ് ഹൗസിലേക്കാണ്.. നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച് വിക്രം അവിടെയെത്തിയിരുന്നു.. അർജിത്തിനെ ഇരുവരും ചേർന്ന് അകത്തേക്ക് കൊണ്ടുപോയി.. ഒരു റൂമിലിട്ട് പൂട്ടിയതിനുശേഷം വിക്രമിനോട് ശ്രദ്ധിക്കാൻ പറഞ്ഞ് നിർദേശവും നൽകി ബദ്രി അവിടെ നിന്നും മടങ്ങി..

മാൻഷനിൽ എത്തുമ്പോഴേക്കും 6 മണിയായി.. ഗാർഡനിൽ നിന്ന് വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്ന ഡേവിഡിന് നേരെ കൈകാണിച്ച് ബദ്രി കാർ പാർക്ക് ചെയ്ത് അവനരികിലേക്ക് വന്നു.. "എവിടെ പോയതാടാ..." "ആളെ കിട്ടി.." ഡേവിഡ് പെട്ടെന്ന് സ്റ്റക്ക് ആയി.... "എവിടന്ന്..." "പറയാം..." ഇരുവരും സംസാരിച്ചു കൊണ്ട് അകത്തേക്ക് നടന്നു.. ___💜 "എങ്ങോട്ടാ പോവുന്നെ...??" "Wait partner.. എത്തുമ്പോ അറിയാലോ.. " കാറിൽ കയറിയപ്പോൾ തൊട്ട് ചോദ്യം തുടങ്ങിയതാണ് മിഴി... എങ്ങോട്ടാണ് എന്നറിയാതെ അവൾക്ക് സമാധാനം കിട്ടുന്നില്ല... ബദ്രിയാണെങ്കിൽ പറയില്ല എന്ന വാശിയിൽ.. യാത്ര തുടങ്ങിയിട്ട് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു... പരിഭവത്തോടെ അവൾ പതിയെ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.. കിലോമീറ്ററുകൾ താണ്ടി വാഹനം മുന്നോട്ട് കുതിച്ചു... "Partner...." ബദ്രി അവളെ പതിയെ വിളിച്ചു.. മിഴി കണ്ണുകൾ തുറന്നു...

ആദ്യം ചിരിയോടെ ബദ്രിയിലേക്കും പിന്നീട് പുറത്തേക്കും നോക്കി.. മുഖത്തെ ചിരി പതിയെ മായുന്നത് ബദ്രി കണ്ടു.. അവൾ ഉമിനീരിറക്കി ചുറ്റും നോക്കികൊണ്ടിരുന്നു... ഉറപ്പിക്കാണെന്ന വണ്ണം... "Partner...... ഇത്....." "ഇത് നിന്റെ നാട്.. നീ ജനിച്ചു വളർന്ന നിന്റെ നാട്..." അവളുടെ കണ്ണുകൾ നിറഞ്ഞു... "നമുക്ക് പോവാം partner.. എനിക്ക്.. എനിക്കിവിടെ ആരുമില്ല.. പോവാം..." "നിന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങണ്ടേ...??" അവൾ നിറഞ്ഞ കണ്ണുകളോടെ വേണം എന്ന പോലെ തലയാട്ടി.. പക്ഷെ ഉള്ളിൽ ഭയമായിരുന്നു .. ചെറിയമ്മ, ശേഖരൻ, തളർന്ന് കിടക്കുന്ന അച്ഛൻ, നാട്ടുകാരുടെ മുറുമുറുപ്പ്, ചെയ്താലും ചെയ്താലും തീരാത്ത വീട്ടുപണികൾ,

ആരോരുമില്ലാത്ത പെൺകുട്ടിയോട് നാട്ടുകാർ കാണിക്കുന്ന അപമാര്യാദകൾ നഷ്ട്ടങ്ങളും വേദനകളും മാത്രമേ തനിക്ക് ഈ നാട് തന്നിട്ടുള്ളൂ.. ഓർമയിൽ ഒന്ന് പുഞ്ചിരിച്ചിട്ട് പോലുമില്ല.. സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല.. ഇനിയൊരിക്കലും ഇങ്ങോട്ട് തിരിച്ചു വരരുത് എന്ന് കേണപേക്ഷിച്ചിട്ടാ അന്ന് അച്ഛൻ ഇവിടെ നിന്നും എന്നെ പറഞ്ഞു വിട്ടത്. അച്ഛൻ ആഗ്രഹിച്ച പോലെ ഞാൻ രക്ഷപെട്ടു... ദൈവത്തിന്റെ രൂപത്തിൽ എന്നെ രക്ഷപ്പെടുത്താനും കൈ പിടിച്ചുയർത്താനും ഒരുപാട് മനുഷ്യർ ഉണ്ടായിരുന്നു.. എന്നാൽ അതൊന്നും കാണാൻ അച്ഛനില്ലല്ലോ എന്നാലോചിച്ചപ്പോൾ അവളുടെ ഹൃദയം വിങ്ങി... "ഇറങ്ങ് ..." ബദ്രിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്... വില കൂടിയ കാർ വന്നു നിൽക്കുന്നത് കണ്ട് ആളുകളൊക്കെ നോക്കി നിൽക്കുന്നുണ്ട്.. അതിൽ നിന്നിറങ്ങിയ മിഴിയെ കണ്ട് പെട്ടെന്ന് ആർക്കും മനസിലായില്ല..

ബദ്രി മിഴിയുടെ കൈ ചേർത്ത് പിടിച്ച് അവളുടെ വീട്ടിലേക്ക് നടന്നു... ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു.. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. വീടിന്റെ വാതിൽ ചാരി വച്ചിരിക്കുകയായിരുന്നു... അവൻ അത് ശ്രദ്ധിക്കാതെ അവളെയും ചേർത്ത് പിടിച്ച് വീടിന് ഒരു ഭാഗത്തായി അല്പം ഉയർത്തി കൂട്ടിയിരിക്കുന്ന മണ്ണിന് താഴെ നിന്നു.. അച്ഛൻ..... അമ്മക്കടുത്തു തന്നെയാണ് അച്ഛനെയും മറവു ചെയ്തിരിക്കുന്നത് എന്നത് അവളിൽ നേരിയ ആശ്വാസമുണ്ടാക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു.. അവരെ തഴുകി കടന്നു പോയ കാറ്റിൽ അവളുടെ അച്ഛന്റെ അനുഗ്രഹവും കലർന്നിരുന്നു... "പോവാം..." അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി.. "നിന്റെ ചെറിയമ്മയെ കാണണ്ടേ...?"

"വേണ്ട.. എന്നെ വഴക്കുപറയും.. ചീത്ത വിളിക്കും.. നമുക്ക് വേഗം പോവാം.." "അയ്യേ.. ഇവിടെയെത്തിയപ്പോഴേക്കും നീ ആ പഴയ തൊട്ടാവാടി മിഴി ആയോ.? You are mizhi badrinadh.. The bold and strong girl .. വാ..." അവൾ നിഷേധിച്ചിട്ടും അത് കാര്യമാക്കാതെ അവളുടെ കയ്യിൽ പിടിച്ച് ചാരി വച്ച ഡോർ തുറന്ന് അവൻ അകത്തേക്ക് കയറി. കഷായത്തിന്റെയും മരുന്നിന്റെയും മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു അതിനാകത്ത്.. അകത്തെ കാഴ്ച്ച കണ്ട് അവൾ തറഞ്ഞു നിന്നു.. "ചെറിയമ്മേ....." അവൾ അറിയാതെ വിളിച്ചു പോയി... അവളെ കണ്ടതിൽ അമ്പരപ്പും സന്തോഷവും അവരുടെ മുഖത്ത് നിറഞ്ഞു... "മോളെ...." മിഴി അത്ഭുതത്തോടെ അവരെ നോക്കി. ഓർമ വച്ചതിൽ പിന്നെ ആദ്യമായാണ് മോളെ എന്ന് വിളിക്കുന്നത്.. """എടി മൂദേവി ആരെ കാണിക്കാനാടി ഒരുങ്ങി കെട്ടി കോളേജിക്കെന്നും പറഞ്ഞ് ഇറങ്ങുന്നേ..?

എടി എരണംകെട്ടവളെ ഇനി എന്റെ അനിയന് നേരെ മുഖം കറുപ്പിച്ചാൽ തിളച്ച വെള്ളമെടുത്ത് മുഖത്തൊഴിക്കും ഞാൻ.. എടി &%* മോളെ.. നിന്നെ ഇത്രേം വളർത്താനാറിയാമെങ്കിൽ നിന്നെ വിറ്റു വിലയാക്കാനും എനിക്കറിയാം.. എഴുന്നേൽക്കാൻ മേലാത്ത നിന്റെ കിഴങ്ങൻ തന്തപ്പടിക്ക് എന്തൊലത്താൻ പറ്റുമെന്ന് ഞാനും നോക്കട്ടെ """""" പണ്ട് തന്റെ നേരെ പറഞ്ഞ ഓരോ വാക്കുകളും അവളുടെ കാതിൽ മുഴങ്ങി കേട്ടു.. ആ വാക്കുകൾ ഓരോന്നും, 'മോളേ' എന്ന അവരുടെ കണ്ണീരിൽ കുതിർന്ന വിളിയേ നിഷ്കരുണം പുച്ഛിച്ചു തള്ളി.. "എന്ത് പറ്റിയതാ ചെറിയമ്മേ....??" കട്ടിലിൽ ഇട്ടിരിക്കുന്ന പുൽപായയിൽ അനങ്ങാതെ കിടക്കുന്ന അവരെ നോക്കി അവൾ ചോദിച്ചു.. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. "നിന്റെ അച്ഛൻ പോയതിനു ശേഷം ആരും തിരിഞ്ഞു നോക്കാൻണ്ടായിരുന്നില്ല.. ആങ്ങള എന്ന് പറഞ്ഞവനും നീ പോയതോടെ, അതും പറഞ്ഞ് ദ്രോഹിക്കാൻ മാത്രായി വരവ്..

പട്ടിണി ആയപ്പോ വേറെ വഴിയില്ലാതെ കൂലിപ്പണിക്ക് പോയി തുടങ്ങി.. കെട്ടുപണിക്ക് പോയിടത്തിന്ന് മതിലിടിഞ്ഞു മേലെ വീണതാ.. ഇപ്പൊ കിടന്നിടത്തിന്ന് മാറി കിടക്കണെങ്കിൽ ആരുടെയെങ്കിലും സഹായം വേണം.. ഗവെർമെന്റ് ആസ്പത്രിയിന്ന് പൈസ കൊടുക്കാതെ മരുന്ന് തരും. അത് കൊണ്ട് ഇപ്പോഴും ചാവാതെ പിടിച്ച് നിക്കുന്നു..." അവൾക്ക് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.. സങ്കടം തോന്നുന്നില്ല.. കാരണം തന്റെ അച്ഛനും ഇതേ അവസ്ഥയിൽ കിടന്നിട്ടുണ്ട്. അന്ന് ഭർത്താവാണെന്ന് പോലും ആലോചിക്കാതെ കേട്ടാൽ അറയ്ക്കുന്ന തെറികൾ അച്ഛന്റെ മുഖത്ത് നോക്കി വിളിക്കാറുണ്ട്..

ഇല്ല.. മിഴിക്ക് ആരോടും സഹതാപം തോന്നേണ്ട.. ഇവർ ഇത് അനുഭവിക്കണം.. തെറ്റ് ചെയ്തവർ അതിനുള്ള ഫലം അനുഭവിച്ചേ തീരു.. അവൾ തിരിഞ്ഞ് ബദ്രിയെ നോക്കി.. "പോവാം..." ബദ്രി ചിരിയോടെ തലയാട്ടി.. "ശരി ചെറിയമ്മേ. ഞങ്ങൾ ഇറങ്ങുവാ.. പിന്നീട് എന്നെങ്കിലും തോന്നുവാണെങ്കിൽ വരാം.." മിഴിയും ബദ്രിയും അവിടെ നിന്നും ഇറങ്ങി പോവുമ്പോൾ വാസന്തി സ്വയം ചെയ്ത് കൂടിയ തെറ്റുകളുടെ പരിണിതഫലമാണ് ഇതെല്ലാം എന്ന തിരിച്ചറിവിൽ പുഞ്ചിരിയോടെ കിടന്നു........💜കാത്തിരിക്കാം💜

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story