നാഗമാണിക്യം: ഭാഗം 1

nagamanikyam mukil

രചന: മുകിലിൻ തൂലിക

സുധേ പത്മ വന്നില്ല്യേ, കാവിൽ തിരി വെച്ചിട്ട്? ഇരുട്ട് വീണല്ലോ.. ” പൂമുഖത്തെ പടിയിൽ നിന്ന് കാലു കഴുകി അകത്തേക്കു കയറുമ്പോൾ മാധവൻ വിളിച്ചു ചോദിച്ചു. ഇല്ല്യ മാധവേട്ടാ, അല്ലേലും അവിടത്തെ കല്ലിനോടും പുല്ലിനോടുമൊക്കെ കഥയും പറഞ്ഞു ആടിപ്പാടിയാണല്ലോ തിരിച്ചെത്തുക, ഇന്ന് ശ്രീക്കുട്ടനെ കൂടെ വിട്ടിട്ടുണ്ട് ഞാൻ ” “അങ്ങനെ പേടിക്കേണ്ട കാര്യൊന്നുല്ല്യാലോ,ഓർമ്മ വെച്ച കാലം മുതലേ അവൾ ഓടിക്കളിച്ചു വളർന്നത് മനയ്ക്കലെ പറമ്പിലും കാവിലുമൊക്കെല്ലേ. അവള് തിരി വെച്ചു വണങ്ങുന്ന നാഗത്താന്മാരുടെ അനുഗ്രഹം ണ്ടാവും ന്റെ കുട്ടിയ്ക്ക് എപ്പോഴും.. ” “ന്നാലും മാധവേട്ടാ പ്രായം തികഞ്ഞ പെണ്ണല്ലേ, മനയ്ക്കലെ കാര്യങ്ങളൊക്കെ മാറിയില്യേ..”

“നിയ്ക്കറിയാടോ തന്റെ പേടി. പുതിയ അവകാശികൾ എത്തുവല്ലേ ” “എങ്ങനെയാണോ ആവോ, പുതിയ കുട്ട്യോൾക്കൊന്നും ഇതിലൊന്നും വിശ്വാസവും താല്പര്യവുമൊന്നുമുണ്ടാവില്യ . ന്നാലും രാഘവനും ശേഖരനും മഹേന്ദ്രനുമൊന്നും തറവാട് വിറ്റുകളയുമെന്നു ഞാൻ വിചാരിച്ചില്യ ” “വാങ്ങാൻ ആളില്ലാത്തത് കൊണ്ടല്ലേ, വരുന്നവർക്കൊന്നും ധൈര്യമുണ്ടായിരുന്നില്യാലോ, അല്ലേൽ പണ്ടേയ്ക് പണ്ടേ അവരിത് വിറ്റേനെ.തമ്പുരാട്ടി മരിക്കുന്നേനും മുൻപേ പോയതല്ലേ അവരിവിടെന്ന്, വർഷങ്ങൾ എത്രയായി ആ മണ്ണിലൊന്ന് ചവിട്ടിയിട്ട്. പേടി കാണും. വിറ്റൊഴിവാക്കിയാൽ എല്ലാം തീരുമെന്ന് കരുതിക്കാണും” “ന്തായാലും വാങ്ങിയ ആൾ ചില്ലറക്കാരനാവില്യാന്നാ എല്ലാരും പറയണേ ” “ചെറുപ്പക്കാരനാ, അനന്തപത്മനാഭൻ. ഇതിന് മുൻപ് രഘു പറഞ്ഞയച്ചിട്ട് കാണാൻ വന്നവർക്കൊന്നും മനയ്ക്കൽ വരെ എത്താൻ കഴിഞ്ഞിട്ട് പോലുമില്യ ”

“മാധവേട്ടൻ കണ്ടതല്ലേ അയാളെ? ” “കണ്ടിരുന്നു, അവിടെയൊക്കെ കാണിച്ചു കൊടുത്തത് ഞാനല്ലേ. നല്ലൊരു ചെറുപ്പക്കാരനാ.കണ്ടാലേ അറിയാം, എന്തിനും പോന്നവൻ.പക്ഷേ കാശിന്റെ അഹങ്കാരമൊന്നുമില്യ. മനയ്ക്കലെ പഴയ കാര്യസ്ഥന്റെ മോനാണെന്നറിഞ്ഞിട്ടു പോലും വിനയത്തോടെയേ സംസാരിച്ചുള്ളൂ ” “കാവിലെ കാര്യം വല്ലതും സൂചിപ്പിച്ചിരുന്നോ മാധവേട്ടൻ? ” “നമ്മൾ എന്ത് പറയാനാ സുധേ… മരിക്കുന്നേന് മുൻപേ ഭാഗീരഥി തമ്പുരാട്ടി ന്നെ വിളിപ്പിച്ചു ആവശ്യപ്പെട്ട ഒരേയൊരു കാര്യമായിരുന്നു. നാഗക്കാവിലെ തിരി മുടക്കരുതെന്ന്.മനസ്സുണ്ടെങ്കിൽ മുടക്കം വരാതെ കാക്കാൻ നാഗങ്ങൾ തുണയുണ്ടാവുമെന്ന് പറഞ്ഞത് ഇന്നീ നിമിഷം വരെ ശരിയായിട്ടില്ല്യേ. ഇന്നു വരെ മുടക്കിയിട്ടില്യ.

മരണം വരെ അങ്ങനെ വേണമെന്നാണ് ആഗ്രഹവും . പക്ഷേ അവകാശമില്ലല്ലോ നമ്മൾക്ക്. മനയ്ക്കലെ പഴയ കാര്യസ്ഥന്റെ മകൻ മാത്രമല്ലേ ഞാൻ. എങ്കിലും സൂചിപ്പിച്ചിട്ടുണ്ട് ഞാൻ ആ കുട്ടിയോട്. മറുപടി ഒന്നും പറഞ്ഞില്യേലും എതിർപ്പൊന്നുമുണ്ടാവില്യാന്നു തോന്നണൂ ” ഒരു നിമിഷം നെഞ്ചത്ത് കൈ വെച്ചിട്ട് സുധർമ്മ അകത്തേക്ക് നടന്നു. മാധവൻ കോലായിലെ ചാരു കസേരയിലിരുന്നു, അയാളുടെ കണ്ണുകൾ മതിലിനപ്പുറത്തെ പറമ്പിലേക്കായിരുന്നു… നാഗകാളി മഠം… വെച്ചാരാധനയും നാഗകാളിയെ കുടിയിരുത്തിയ നാഗക്കാവും കുളവുമൊക്കെയായി ഏക്കറുകണക്കിനുള്ള പറമ്പിന്റെ നടുവിലായുള്ള ഇല്ലം.പേരും പെരുമയുമായി പ്രതാപശാലികളായ തമ്പുരാക്കന്മാർ ഉണ്ടായിരുന്ന മന വർഷങ്ങളായി അവകാശികൾ എത്തി നോക്കുക പോലും ചെയ്യാതെ കിടക്കുകയായിരുന്നു.

ഭാഗീരഥി തമ്പുരാട്ടി മരിച്ച കാലം മുതൽ ശ്രമിക്കുന്നതാണ് മക്കളും ചെറുമക്കളുമെല്ലാം അതൊന്ന് വിറ്റൊഴിവാക്കാൻ. അതിൽ നിന്ന് കിട്ടുന്ന പണത്തിനേക്കാൾ അതിൽ ഉറങ്ങിക്കിടക്കുന്ന ഓർമ്മകളെ ഒഴിവാക്കാനായിരുന്നു അവർക്ക് തിടുക്കം. ഒരുപാട് പേര് വന്നു പോയി. പക്ഷേ പല കാരണങ്ങളാലും വന്നവർക്കൊന്നും ഇല്ലപ്പറമ്പിൽ കാലു കുത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഇല്ലത്തെ കാര്യസ്ഥനായിരുന്നു മാധവന്റെ അച്ഛൻ നാരായണൻ. അച്ഛനെ ഇടയ്ക്ക് സഹായിക്കാനെത്തുന്ന മാധവനെ തമ്പുരാട്ടിയ്ക്ക് മക്കളേക്കാൾ പ്രിയമായിരുന്നു. ഇല്ലപ്പറമ്പിന്റെ അതിരിലാണ് മാധവന്റെ വീട്. മതിലിനപ്പുറത്തേക്ക് മനയ്ക്കലേക്കും നാഗക്കാവിലേക്കും കടക്കാൻ ചെറിയൊരു ഗേറ്റുണ്ട്‌, കാവിനപ്പുറം നിറയെ താമരകൾ വിരിഞ്ഞു നിൽക്കുന്ന കുളവുമുണ്ട്. മാധവന്റെ മനസ്സിൽ ഭാഗീരഥി തമ്പുരാട്ടിയുടെ വാക്കുകൾ അലയടിച്ചു.

“മക്കളും ചെറുമക്കളും ഒക്കെണ്ടെങ്കിലും അവസാനനേരത്ത് ഇത്തിരി വെള്ളം തരാൻ അവരാരുമുണ്ടായില്ല്യാ , പേടിച്ചോടി പോയതല്ലേ.. ” അവരുടെ കണ്ണുകൾ നിറഞ്ഞെങ്കിലും പതിയെ അതിൽ തെളിഞ്ഞു വരുന്ന അഗ്നിയിൽ അതില്ലാതെയായി. ഒന്നേ ആവശ്യപ്പെടാനുള്ളൂ മാധവനോട്. നാഗക്കാവ്…. അവിടെ ഒന്നും മുടങ്ങാൻ പാടില്ല്യ . അവിടുത്തെ നാളം കൂടി പൊലിഞ്ഞാൽ നാഗകാളി മഠം നാമാവശേഷമാവും. ഇല്ലത്തിന്റെ സർവനാശം കാണാനായി മാത്രം ജന്മമെടുത്തവന് മുന്നിൽ തോൽക്കാൻ പാടില്ല്യ. മനസ്സുണ്ടായാൽ മാത്രം മതി ഒന്നിനും മുടക്കം വരാതെ നാഗങ്ങൾ കൂട്ടുണ്ടാവും. ഒരവകാശി എത്തുന്നത് വരെ അത് പൊലിയാൻ പാടില്ല. വരും അവൻ..

അവനു കാവലായ് അവളും. നാഗക്കാവിലെ അധിപതിയായി അവനു തുണയായി അവളുമെത്തും.. ” പൂർണ്ണമായി ഒന്നും മനസ്സിലായില്ലെങ്കിലും മാധവൻ തലയാട്ടി. മാധവന്റെ അടുത്ത് നിന്നിരുന്ന സുധർമ്മയിൽ തമ്പുരാട്ടിയുടെ കണ്ണെത്തി, പിന്നെ പതിയെ അവളുടെ വയറ്റത്തേയ്ക്കും. സുധർമ്മ രണ്ടു മാസം ഗർഭിണിയാണെന്ന് മാധവൻ തമ്പുരാട്ടിയോട് പറഞ്ഞിരുന്നു. സുധർമ്മ അടുത്തേയ്ക്ക് ചെന്നതും കിടന്ന കിടപ്പിൽ പതിയെ സുധർമ്മയുടെ വയറിൽ കൈ വെച്ചു തമ്പുരാട്ടി. ഒരു നിമിഷം കഴിഞ്ഞു അവരുടെ കണ്ണുകളിൽ ഒരു തിളക്കം മാധവൻ കണ്ടു. ഭാഗീരഥി മനസ്സിൽ പറയുന്നുണ്ടായിരുന്നു. “എത്ര ജന്മമെടുത്താലും ഏതു വേഷത്തിൽ വന്നാലും നാഗകാളി മഠം നിനക്ക് മുൻപിൽ തല കുനിക്കില്ല ഭൈരവാ. നിന്റെ സർവ്വനാശത്തിന് അവരെത്തും… നാഗത്താന്മാരും അവർക്ക് തുണയുണ്ടാവും..”

“മാധവാ സുധർമ്മയേയും കൂട്ടി നാഗക്കാവിൽ തിരി വെച്ചു തൊഴണം ” അവരുടെ കണ്ണടയുമ്പോഴും ആ തിളക്കം മാഞ്ഞില്ല. ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.മറ്റൊരു ലോകത്ത് തന്നെ കാത്തിരിക്കുന്ന പ്രാണപ്രിയന്റെ അടുത്തേക്ക് യാത്രയാവുമ്പോഴും സുധർമ്മയുടെ വയറ്റിലെ ജീവന്റെ തുടിപ്പുകൾ അവർക്ക് തോറ്റു പോയിട്ടില്ല എന്ന തിരിച്ചറിവ് നൽകിയിരുന്നു… കുറച്ചു ദിവസങ്ങൾക്കു മുമ്പേയാണ് ശേഖരൻ നമ്പൂതിരി മാധവനെ വിളിച്ചത്. ഇല്ലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞെന്നും പുതിയ ഉടമസ്ഥൻ വന്നാൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കണമെന്നും പറഞ്ഞു. മറുപടിയ്ക്കായി കാത്തു നിൽക്കാറില്ല. ശേഖരൻ കാൾ കട്ട്‌ ചെയ്‌തെങ്കിലും മാധവന്റെ മനസ്സിൽ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയായിരുന്നു… ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നപ്പോഴും അയാളുടെ മനസ്സിൽ, എവിടെയോ കണ്ടു മറന്നതുപോലുള്ള,

നിഗൂഢ ഭാവങ്ങൾ ഒളിപ്പിച്ച മുഖവും, നുണക്കുഴികൾ തെളിയുന്ന മനോഹരമായ പുഞ്ചിരിയുമുള്ള, ആ ചെറുപ്പക്കാരനായിരുന്നു. അനന്തപത്മനാഭൻ… ചുറ്റും തിങ്ങി നിറയുന്ന ഇരുട്ടിലും കാവിലെ തിരിവെട്ടത്തിൽ പത്മയുടെ മുഖം ജ്വലിച്ചു നിന്നു.പത്മേച്ചിയുടെ മുഖം കാണുമ്പോൾ ഭഗവതിക്കാവിലെ ദേവി പ്രതിഷ്ഠ ഓർമ്മ വന്നു ശ്രീക്കുട്ടന്. കണ്ണുകളടച്ചു തൊഴുതു നിൽക്കുന്ന അവളെ കണ്ടു ശ്രീക്കുട്ടനും കണ്ണടച്ച് കൈ കൂപ്പി. നാഗകാളിയെ കുടിയിരുത്തിയ നാഗത്തറയിൽ പത്മ കത്തിച്ച തിരിയുടെ വെളിച്ചത്തിൽ നാഗപ്രതിമയിൽ ചുറ്റി നിന്ന് പത്മയെ നോക്കുന്ന മണി നാഗത്തിന്റെ കണ്ണുകൾ തിളങ്ങിയത് അവർ കണ്ടില്ല. കാവിൽ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോൾ ശ്രീക്കുട്ടൻ പത്മയുടെ കൈ പിടിച്ചു. “നോക്കിക്കോ ഇന്നും അമ്മയോട് വഴക്ക് കേൾക്കും. ഈ പപ്പേച്ചിയ്ക്കെന്താ കാവിൽ ഇത്രേം നേരം പ്രാർത്ഥിക്കാനായിട്ട് , പോരാത്തേന് അവിടേം ഇവിടേം നോക്കി നിൽക്കും. എനിക്കാണേൽ പേടിച്ചു വിറച്ചിട്ട് നിൽക്കാനും വയ്യ. ഈ മരങ്ങളും വള്ളിപ്പടർപ്പും എല്ലാം കൂടെ പകലും കൂടെ ഇവിടെ വെളിച്ചണ്ടാവില്യാ.. ”

“ഇവിടെ നമ്മളെ ആരും ഒന്നും ചെയ്യില്ല്യ .മറ്റെവിടെത്തേക്കാളും നാഗക്കാവിൽ നമ്മൾ സുരക്ഷിതരാണ്.ഓർമ്മ വെച്ച കാലം മുതൽ എന്റെ ജീവിതം ഈ കാവിനെ ചുറ്റിപ്പറ്റിയാണ്. ഒന്നുമില്ലേലും എന്റെ അനിയനല്ലെടാ നീ… പേടിത്തൊണ്ടൻ ” “ഏച്ചി അങ്ങനൊക്കെ പറഞ്ഞോ, ഇത് വാങ്ങിയ ആൾക്കാർ ഇതൊക്കെ പൊളിക്കാനാണെങ്കിലോ ഉദ്ദേശിച്ചിരിക്കുന്നേ? ” “കൊല്ലും ഞാൻ… നാഗക്കാവ് ആര് നശിപ്പിക്കാൻ ശ്രമിച്ചാലും ” പത്മ അറിയാതെയാണ് അവളിൽ നിന്ന് ആ വാക്കുകൾ പുറത്തേക്ക് വന്നത്. അത് കേട്ട ശ്രീക്കുട്ടനെ പോലെ തന്നെ അവളും ഞെട്ടി. “വേഗം വാ.. അച്ഛൻ വന്നിട്ടുണ്ടാകും… ” ശ്രീക്കുട്ടന്റെ കൈയിൽ പിടിച്ചു കൊണ്ടു നാഗക്കാവിൽ നിന്ന് വീട്ടിലേക്കുള്ള വഴിയേ അവൾ നടന്നു. കാവിൽ നിന്ന് അവർ ഇറങ്ങിയതും കാവിലെ സർപ്പഗന്ധിയ്ക്കപ്പുറം പാലമരക്കൊമ്പിൽ ചുറ്റിക്കിടന്ന കരി നാഗം പതിയെ താഴേക്കിറങ്ങി. പത്മയും ശ്രീക്കുട്ടനും പൂമുഖത്തെത്തിയിരുന്നു. അവർ പോയ വഴിയിലൂടെ അത് മെല്ലെ ഇഴഞ്ഞു നീങ്ങി. ഈ ഏച്ചി ഇന്നും കാവിൽന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ലച്ഛാ ”

ശ്രീക്കുട്ടൻ പറഞ്ഞത് കേട്ട് കേട്ട് മാധവൻ പത്മയെ നോക്കി. അവൾ അച്ഛനെ നോക്കി ചിരിച്ചു കൊണ്ടു കണ്ണിറുക്കി കാട്ടി. പത്മ അകത്തേക്ക് കയറുമ്പോൾ മാധവൻ പറഞ്ഞു. “മോളെ ഇനി ഇല്ലപ്പറമ്പിൽ അലഞ്ഞു തിരിയാൻ നിക്കരുത്. പുതിയ ആളുകളൊക്കെ വരുന്നതാണ്. എത്ര പറഞ്ഞാലും നീ അനുസരിക്കില്ല്യാന്നറിയാം, ന്നാലും പറയാണ് കാലം നല്ലതല്ല ” തലയാട്ടിക്കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ഇല്ലത്തിന്റെ പടിഞ്ഞാറേ മുറ്റത്തെ തേന്മാവായിരുന്നു പത്മയുടെ മനസ്സിൽ. ഏതു ദേവേന്ദ്രൻ വന്നാലും പത്മ നോട്ടമിട്ടു വച്ചിരിക്കുന്നത് പത്മയ്ക്കാണ് . അവളെക്കണ്ടതും സുധർമ്മ വിളിച്ചു. “പത്മേ ആ ദോശയ്‌ക്കുള്ള മാവൊന്ന് അരച്ച് വെച്ചേ, ഞാൻ കഞ്ഞിയ്ക്കുള്ള പയറുതോരൻ ശരിയാക്കട്ടെ ” “അത് അമ്മേ… എനിക്ക് പഠിക്കാൻ.. ” സുധർമ്മ കണ്ണുരുട്ടിയതും പത്മ നാക്കു കടിച്ചു. “പരീക്ഷയും കഴിഞ്ഞു കോളേജും അടച്ചു, പരീക്ഷയുടെ തലേന്ന് പോലും പുസ്തകവും തുറന്നു വെച്ച് ഉറക്കം തൂങ്ങുന്നവളാ എന്തെങ്കിലും ജോലി പറഞ്ഞാൽ അവൾക്കപ്പോ പഠിക്കാനുണ്ടാവും ” ശോ പറ്റിപ്പോയി, ശീലമായിപ്പോയത് കൊണ്ടാ, അമ്മ എന്തേലും ജോലി പറഞ്ഞാൽ ഇറക്കുന്ന നമ്പരാ, പഠിക്കാനുണ്ടെന്ന്.

പക്ഷേ ഈ തവണ എക്സാം കഴിഞ്ഞു കോളേജ് അടച്ചിരിക്കുവാണെന്ന് മറന്നു പോയി. “അതേയ് പൊന്നുമോൾക്ക് ഓർമ്മയുണ്ടല്ലോല്ലേ വാസ്സുക്കണിയാർ പറഞ്ഞത്. ഇരുപത് തികഞ്ഞു.ഇനി നിനക്ക് കല്യാണയോഗമാണ് .അച്ഛൻ ആ ബ്രോക്കർ സതീശനോട് പറയാൻ പോവാ. അതോണ്ട് അമ്മേടെ മോൾ വല്ലതും വെച്ചുണ്ടാക്കാൻ പഠിച്ചോ, വെറുതെ വല്ലെടുത്തും ചെന്നു വളർത്തുദോഷമാണെന്ന് പറയിപ്പിക്കണ്ട ” “ഓ പിന്നേ എന്നെ കല്യാണം കഴിപ്പിച്ചല്ലേ അയക്കുന്നേ, അല്ലാതെ ജോലിക്കാരിയായി പറഞ്ഞു വിടുവൊന്നുമല്ലല്ലോ ” “അല്ലെടി നിന്നെ കെട്ടിലമ്മയായി വാഴിക്കും അവർ ” “എന്റെ പൊന്നമ്മേ ഞാൻ ആ ദോശമാവ് അരച്ച് വെച്ചാൽ തീരുന്ന പ്രശ്നമല്ലേ ഇപ്പോൾ ഇവിടുള്ളൂ. ചെയ്തോളാം ” സുധർമ്മയെ നോക്കി തൊഴുതു കൊണ്ടു അവൾ അരി കഴുകാൻ തുടങ്ങി. അച്ഛനും അമ്മയും മക്കളും അത്താഴം കഴിഞ്ഞു കുറച്ചു നേരം തളത്തിലിരുന്നു സംസാരിച്ചു. പിന്നെ ഉറങ്ങാനായി പോയി. പൂമുഖത്തെ ലൈറ്റ് അണഞ്ഞതും മുറ്റത്തതിരിലെ പേരമരക്കൊമ്പിൽ ചുറ്റി കിടന്നിരുന്ന കരിനാഗം താഴേക്കിറങ്ങി പതിയെ കോലായിലെ തൂണിൽ കൂടി മുകളിലേക്ക് കയറി പത്തി വിടർത്തി ഉത്തരത്തിൽ പിണഞ്ഞു കിടന്നു. ഒരു കാവൽ പോലെ…

നിലാവെളിച്ചത്തിൽ കറുത്ത മുത്തുകൾ കോർത്തു വെച്ചതു പോലെ അതിന്റെ ഉടൽ തിളങ്ങുന്നുണ്ടായിരുന്നു. കിടക്ക കാണുമ്പോഴേ കൂർക്കം വലി തുടങ്ങുന്ന പത്മയ്ക്ക് അന്ന് ഉറക്കം വന്നില്ല…. പതിവില്ലാതെ… എന്തോ സംഭവിക്കാൻ പോവുന്നത് പോലെ… രാവിലെ നേരത്തേ എഴുന്നേറ്റു കുളിച്ചത് കണ്ടു സുധർമ്മ ആശ്ചര്യത്തോടെ അവളെ നോക്കി. “ഓ ഇന്നെന്തോ കാര്യസാധ്യണ്ടല്ലോ.രാവിലെ ബക്കറ്റിൽ വെള്ളമെടുത്തു തലയിലൊഴിച്ചാലും പിന്നേം കിടന്നുറങ്ങുന്നവളാ. എന്താണോ എന്തോ, പരീക്ഷയൊക്കെ കഴിഞ്ഞതല്ലേ?.. ” “എന്റമ്മേ അമ്മ ഇന്നലെ കല്യാണക്കാര്യമൊക്കെ പറഞ്ഞു മോഹിപ്പിച്ചത് കൊണ്ടു ഞാൻ അങ്ങു നന്നായേക്കാമെന്ന് കരുതി ” “ഉവ്വുവ്വേ.. എന്നാ പൊന്നുമോളങ്ങു ചെല്ല് ” കോലായിൽ ഇരുന്നു പത്രം വായിക്കുന്ന മാധവനോട് പത്മ പതിയെ പറഞ്ഞു. “ന്നാലും അച്ഛാ അച്ഛനു പ്രേമിച്ചു കെട്ടാൻ ഈ മൊതലിനെയേ കിട്ടിയുള്ളൂ ” “എന്തു ചെയ്യാനാ മോളെ അന്നവൾ കണ്ണും കയ്യും കാണിച്ചപ്പോൾ ഞാനങ്ങു വീണു പോയി ” പത്മയുടെ ചിരിയ്‌ക്കൊപ്പം അകത്തു നിന്ന് സുധർമ്മയുടെ ശബ്ദമുയർന്നു.

“മാധവേട്ടാ.. വേണ്ട വേണ്ട.. എന്നെകൊണ്ട് ഒന്നും പറയിക്കരുത് ” “രാവിലെ തന്നെ അവളുടെ വായിലിരിക്കുന്നതൊക്കെ എന്നെ കേൾപ്പിക്കാന്ന് നിനക്ക് വല്ല നേർച്ചയുമുണ്ടോ പൊന്നുമോളെ..” മാധവൻ പത്രത്തിലേക്ക് മുഖം പൂഴ്ത്തിയത് കണ്ടു ചിരിയോടെ പത്മ മുറ്റത്തേക്കിറങ്ങി കാവിലേക്ക് നടന്നു. നടക്കുന്നതിനിടെ അവൾ ഓർക്കുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്നേഹം… പ്രണയിച്ചു വിവാഹം കഴിച്ചതാണ്. സ്നേഹപ്രകടനങ്ങൾ കുറവാണ്, എങ്കിലും ഒരാളുടെ ഇഷ്ടങ്ങൾ അയാളെക്കാളും അറിയുന്നത് മറ്റേയാൾക്കാണ്. അങ്ങനെയൊരാൾ… എന്നെങ്കിലും എന്നെ തേടി വരുമോ? വല്യ വല്യ ആഗ്രഹങ്ങളും മോഹങ്ങളുമൊന്നുമില്ല്യാ…എന്നാലും… കാവിലേക്ക് കാലെടുത്തു വെച്ചതും മനസ്സിലെ അസ്വസ്ഥതകളൊക്കെ എങ്ങോ പോയ്‌ മറഞ്ഞു. നിറയെ മരങ്ങളാണ്, ശ്രീക്കുട്ടൻ പറഞ്ഞത് പോലെ പകലും മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങളേയുള്ളൂ. വള്ളിപ്പടർപ്പുകളിൽ നീലയും വെള്ളയും കലർന്ന പൂക്കുലകൾ നിറഞ്ഞിരിക്കുന്നു.

ഇലഞ്ഞിയുടെയും ചെമ്പകത്തിന്റെയും മനം മയക്കുന്ന സുഗന്ധം നിറയുന്നു. മരങ്ങളിലൂടെ പടർന്നു കയറിയ വള്ളിപടർപ്പുകൾ കെട്ടു പിണഞ്ഞു കിടക്കുന്ന നാഗങ്ങളെപ്പോലെ തോന്നിക്കുന്നു. പറന്നിറങ്ങിയ അപ്പൂപ്പൻ താടികളിലൊന്ന് പത്മയുടെ നീളമുള്ള മുടിയിഴകളിൽ ഉടക്കി നിന്നു… പത്മ നിൽക്കുന്നിടത്തു നിന്നും പത്തടി തികച്ചില്ലാതെ കരി മൂർഖൻ ഇഴഞ്ഞു പോയി. അവളിൽ ഭയത്തിന്റെ ലാഞ്ഛന പോലും കണ്ടില്ല. ആയില്യത്തിന് നൂറും പാലും നേദിച്ചിരുന്നു. മേലേരിയിലെ ദേവദത്തൻ തിരുമേനിയാണ് ഇടയ്ക്ക് വന്നു പൂജകളൊക്കെ നടത്താറ്. നാഗത്തറയിലാകെ മഞ്ഞൾ പൊടി വീണു കിടന്നിരുന്നു. നാഗകാളി പ്രതിഷ്ഠയിലെ മാലയിലെ തെച്ചി പൂക്കൾ വാടിക്കരിഞ്ഞിരിക്കുന്നു. പത്മ കൈകൾ കൂപ്പി കണ്ണടച്ച് നിന്നു. കണ്ണടച്ചെങ്കിലും പെട്ടെന്നു മുൻപിൽ ഒരു പ്രകാശം മിന്നി മാഞ്ഞത് പോലെ ഒരു തോന്നലുണ്ടായി. പതിയെ കണ്ണുകൾ തുറന്നെങ്കിലും ഒന്നുമില്ലായിരുന്നു. പ്രതിഷ്ഠയിലേക്ക് നോക്കി നിൽക്കെ അവളുടെ വലം കണ്ണ് തുടിച്ചു. കുറച്ചു സമയം കൂടെ നിന്ന് പത്മ കാവിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ ഇലഞ്ഞി മരത്തിൽ നിന്ന് കരി നാഗം താഴേക്കിറങ്ങുന്നുണ്ടായിരുന്നു.

തിരികെ വീട്ടിലെത്തി ചായ കുടിച്ചൊക്കെ കഴിഞ്ഞു പത്മ അതിലെയും ഇതിലേയുമൊക്കെ പമ്മി പതുങ്ങി നടന്നു. മാധവൻ പാടത്തേയ്ക്കിറങ്ങിയിരുന്നു. അമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്.ഇപ്പോൾ സഹായിക്കാൻ വിളിക്കാൻ സാധ്യതയില്ല, അത് ഇരട്ടി പണിയാവുമെന്ന് അമ്മയ്ക്ക് നന്നായി അറിയാം. അമ്മയുടെ മാത്രമല്ല ശ്രീക്കുട്ടന്റെയും കണ്ണ് വെട്ടിയ്ക്കണം. ക്രിസ്മസ് വെക്കേഷൻ ആയത് കൊണ്ടു അവനും വീട്ടിലുണ്ട്. കാര്യം അമ്മയുടെ ചാരൻ ആണെങ്കിലും പപ്പേച്ചി കഴിഞ്ഞിട്ടേ ആരുമുള്ളൂ. പക്ഷെ അവൾ മനയ്ക്കലെ പറമ്പിൽ ചുറ്റിത്തിരിയുന്നത് അവനൊട്ടും ഇഷ്ടമല്ല. അവനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം നാഗകാളി മഠത്തെ പറ്റി നാട്ടുകാർ പറയുന്ന പഴങ്കഥകൾ കേൾക്കാൻ സുഖമുള്ളതല്ല. കാവും കടന്നു മനയ്ക്കലെ മുറ്റത്തേയ്ക്ക് പോവുന്നതിനു മുൻപേ പതിവ് പോലെ താമരക്കുളത്തിലേക്കാണ് പത്മ ചെന്നത്. പൊട്ടി പൊളിഞ്ഞ പടവുകളിലൂടെ താഴേക്കെത്തുമ്പോൾ നേർത്ത പച്ചനിറം തോന്നിക്കുന്ന വെള്ളത്തിൽ നിറയെ താമരപ്പൂക്കൾ ഉണ്ടായിരുന്നു.

അന്നും കുളത്തിന്റെ ആഴങ്ങളിൽ അവ്യക്തമായ രൂപങ്ങൾ തെളിയുന്ന പോലെ തോന്നി പത്മയ്ക്ക്. ഏറെ പ്രിയ്യപ്പെട്ട ആരൊക്കെയോ അടുത്തുള്ളപോലെ… മനയ്ക്കലെ മുറ്റത്തെ തേന്മാവിലേക്കാണ് നോട്ടം ചെന്നത്. മൂത്തു തുടങ്ങുന്നേയുള്ളൂ മാങ്ങകൾ.മനയ്ക്കൽ ഏറെ സമയവും പത്മ ചിലവിടുന്നതവിടെയാണ്. അതിൽ പടർന്നു കയറിയ മുല്ലവള്ളിയും അവൾ നട്ടു പിടിപ്പിച്ചതാണ്. തേന്മാവിന്റെ ചാഞ്ഞു കിടക്കുന്ന കൊമ്പിൽ ചവിട്ടി പത്മ മുകളിലേക്ക് വലിഞ്ഞു കയറി. പറ്റാവുന്നത്ര ഉയരത്തിൽ കയറി അവിടെയുള്ള കൊമ്പിൽ ഇരുന്നു. ചുറ്റും നോക്കി. ഏക്കറുകണക്കിനുള്ള പറമ്പിൽ അവിടവിടെയായി കാടു പിടിച്ചു കിടപ്പുണ്ട്. നാളെയോ മറ്റന്നാളോ എല്ലാം വൃത്തിയാക്കാൻ പണിക്കാരെത്തുന്നുണ്ടെന്ന് അച്ഛൻ അമ്മയോട് പറയുന്നത് കേട്ടിരുന്നു. ഇവിടുള്ളവരാവില്ല. ഈ നാട്ടിലുള്ളവർക്കൊന്നും ഇങ്ങോട്ട് കയറാൻ ധൈര്യം ഉണ്ടാവില്ല. ഇനിയിപ്പോൾ ആളും ബഹളവുമൊക്കെയാവും. പത്മയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

ഒരുപക്ഷെ സ്വന്തം വീടിനേക്കാൾ കൂടുതൽ സമയം ചിലവഴിച്ചതിവിടെയാവും. അത്രമേൽ പ്രിയപ്പെട്ടതാണിവിടം… പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന മഠത്തിന്റെ മുകൾ നിലയിലേയ്ക്ക് കണ്ണോടിച്ചു പത്മ. പിന്നെ കണ്ണുകൾ ചെന്നെത്തിയത് കൊത്തുപണികളാൽ അലംകൃതമായ ബാൽക്കണിയിലേക്കാണ്. ഉള്ളിൽ അടക്കി വെച്ച ആഗ്രഹം പിന്നെയും തിക്കി തിരക്കി വരുന്നുണ്ടായിരുന്നു. ഇന്ന് വരെ ആ തടവാടിന്റെ പൂമുഖത്തിനപ്പുറത്തേക്ക് കാലു കുത്തിയിട്ടില്ല. അച്ഛന്റെ കർശനമായ വിലക്കിനെ മറികടന്നാണ് പണ്ടൊരിക്കൽ ആ പൂമുഖത്തോളം ചെന്നെത്തി നോക്കിയത്. അന്നാദ്യമായി അച്ഛൻ ഒരുപാട് തല്ലി, ആദ്യമായാണ് അത്രയും ദേഷ്യത്തോടെ അച്ഛനെ കണ്ടത്. പേടിച്ചു പോയിരുന്നു. പക്ഷേ അതിനേക്കാളൊക്കെ ഭയപ്പെട്ടത് അവിടത്തെ പൂമുഖപ്പടിയിൽ നാഗകാളിയമ്മയുടെ ചിത്രത്തിന് മുകളിൽ ചുറ്റിപിണഞ്ഞു കിടന്നു തന്നെ നോക്കിയ മണിനാഗത്തിന്റെ കണ്ണുകളെയായിരുന്നു. ആ നീല കണ്ണുകളിൽ ശാസനയായിരുന്നു…

ഓർമ്മ വെച്ച കാലം മുതൽ തൊടിയിലും കാവിലുമൊക്കെ കാണാറുള്ളതാണ്. കാലിൽ കൂടി തൊട്ടുരുമ്മി പോയാലും ഭയം തോന്നാറില്ല. പക്ഷേ അന്നെന്തോ… സാധാരണ ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങളാണ് ചെയ്യാൻ മനസ്സ് തിടുക്കം കൂട്ടാറുള്ളത്. പക്ഷേ പിന്നീടൊരിക്കലും അങ്ങോട്ട്‌ കയറാൻ തോന്നിയിട്ടില്ല. അന്ന് പൂമുഖപ്പടിയിൽ തന്നെ നോക്കിയ ആളെ കണ്ടിട്ടുമില്ല. നാലഞ്ചെണ്ണം പറിച്ചെടുത്ത് ദാവണിത്തുമ്പിലിട്ട്, പകുതി കടിച്ചു തിന്ന പച്ച മാങ്ങ കൈയിൽ പിടിച്ചു മനോരാജ്യത്തിലാണ്ടിരിക്കുന്നതിനിടെയാണ് താഴെ നിന്നെന്തോ ശബ്ദം കേട്ടത് പോലെ തോന്നിയത്. ന്റെ കൃഷ്ണാ, അച്ഛനാവും, ഇന്നെന്റെ കട്ടേം പടോം മടങ്ങിയത് തന്നെ… വെപ്രാളത്തോടെയാണ് താഴേക്കിറങ്ങിയത്, താഴത്തെ കൊമ്പിൽ ചവിട്ടവേ കാലൊന്നു സ്ലിപ്പായി. വീഴുമെന്ന് കരുതിയെങ്കിലും വീണില്ല, ദാവണി തുമ്പിലെ മാങ്ങകൾ ചുറ്റും ചിതറി. കടിച്ചു തിന്ന മാങ്ങയും കൂട്ടി രണ്ടു കൈ കൊണ്ടും പാവാടത്തുമ്പ് ഉയർത്തി പിടിച്ചു കിതപ്പോടെ താഴെ ലാൻഡ് ചെയ്തപ്പോഴാണ് കണ്ടത് മുന്നിൽ നിൽക്കുന്നയാളെ.. തുറന്ന വായ അടയ്ക്കാൻ മറന്നു നിൽക്കവേ മുത്തിയമ്മ പറഞ്ഞ കഥകളിലെ ഗന്ധർവ്വൻ മനസ്സിലൂടെ മിന്നി മാഞ്ഞു.

നീണ്ട മുടിയിഴകളും താടിയും ചേർന്ന ഭംഗിയുള്ള മുഖത്തിന്‌ ചേരാത്ത തീക്ഷ്ണതയേറിയ കണ്ണുകൾ.. ഗന്ധർവ്വന് താടിയുണ്ടാവുമോ…? അറിയാതെയാണ് ചോദ്യം നാവിൽ നിന്ന് വീണത്. “ആരാ ..? ” “വാട്ട്….? ” പരുഷമായിരുന്നു മറു ചോദ്യം. ഒരു പുഞ്ചിരി പോലും ആ മുഖത്തില്ലായിരുന്നു. അവളെ അടിമുടി നോക്കി കൊണ്ടാണവൻ ചോദിച്ചത്. പാവാടത്തുമ്പ് അപ്പോഴും ഉയർത്തി പിടിച്ചത് കൊണ്ടു കണങ്കാലുകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നിറയെ മണികളുള്ള കൊലുസ്സുകളിൽ അയാളുടെ നോട്ടം എത്തി നിന്നു. ഞെട്ടലോടെ പത്മ പാവാടത്തുമ്പിലെ പിടുത്തം വിട്ടു. അപ്പോഴാണ് അവൾ കുറച്ചകലെയായി നിർത്തിയിട്ടിരിക്കുന്ന, വെട്ടിത്തിളങ്ങുന്ന, ആ വലിയ കാർ കണ്ടത്. പെട്ട്…ഇതാവും ഇവിടുത്തെ പുതിയ ആൾ… ഒരു വളിച്ച ചിരിയോടെ അവന്റെ സൈഡിലൂടെ ഓടിപ്പോവാൻ ശ്രമിച്ചതും അയാൾ മുന്നിലേക്ക് കയറി നിന്നു. അറിയാതെ ഒരു നിമിഷം പത്മ ആ കണ്ണുകളിലേക്ക് നോക്കി പോയി, ആ മിഴികളും അവളിലായിരുന്നു… പ്രതീക്ഷിക്കാത്ത നിമിഷം അവനെ തള്ളിമാറ്റി അവൾ മുന്നോട്ടോടി, അപ്പോഴാണ് തെല്ലുറക്കെ പുറകിൽ നിന്നാ ശബ്ദം കേട്ടത്. “കള്ളി.. ” പത്മ തിരിഞ്ഞു നിന്നു.

“കള്ളി തന്റെ അമ്മൂമ്മ ” “ഡീ… ” “താൻ പോടോ ” “അവിടെ നിൽക്കെടി ” മുഖം കോട്ടിക്കൊണ്ട് പത്മ മുന്നോട്ട് നടക്കുമ്പോഴാണ് തന്റെ നേരേ നടന്നു വരുന്ന അച്ഛനെ കണ്ടത്. അവളെയൊന്ന് അടിമുടി നോക്കി, മുറ്റത്തേയ്ക്ക് നോട്ടമയച്ചു കൊണ്ടു മാധവൻ പത്മയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അയാൾക്കരികിലേക്ക് നടന്നു. കള്ളം പിടിച്ച കുട്ടിയെ പോലെയുള്ള അവളുടെ മുഖം കണ്ടു അനന്തന് ചിരി വരുന്നുണ്ടായിരുന്നു. പണിപ്പെട്ട് അടക്കി പിടിച്ചു. “കുഞ്ഞെത്തിയിട്ട് ഒത്തിരി സമയായോ, വിളിക്കാത്തതെന്തേ? ” “കുഞ്ഞോ..? എടുത്തു എളിയിൽ വെയ്ക്കാൻ പറ്റിയ പ്രായം ” അച്ഛൻ കേൾക്കാതെ പത്മ പുച്ഛത്തോടെ പിറുപിറുത്തത് അനന്തൻ കേട്ടിരുന്നു. “ഇല്ല മാധവേട്ടാ ഞാനെത്തിയിട്ട് കുറച്ചു സമയം ആയേയുള്ളൂ. പണിക്കാരൊക്കെ നാളെയേ വരികയുള്ളൂ, ഞാൻ നേരത്തേ പോന്നു ” “ഉള്ളിലൊക്കെ വൃത്തിയാക്കിയിട്ടിട്ടുണ്ട് കുഞ്ഞേ, പറമ്പൊക്കെയാണൊന്ന് വെട്ടിത്തെളിക്കേണ്ടത്, ഇവിടെ പണിക്കാരെയൊന്നും കിട്ടാനില്ല ” “എല്ലാരും നാളെയെത്തും… ” ഒന്ന് നിർത്തി പത്മയെ ഒന്ന് നോക്കി കൊണ്ടാണ് അവൻ തുടർന്നത്. “പിന്നെ മാധവേട്ടാ ഈ ‘കുഞ്ഞ് ‘വിളി വേണ്ട, എന്നെ അനന്തൻന്നു വിളിച്ചാൽ മതി ” മാധവൻ ചിരിയോടെ തലയാട്ടി. പിന്നെ പറഞ്ഞു.

“ചോദിക്കാൻ മറന്നു, ഇവൾ കുറുമ്പ് വല്ലതും കാട്ടിയോ?. ന്റെ മോളാണ്, പത്മ. കുറച്ചേറെ ലാളിച്ചത് കൊണ്ടു വികൃതിത്തരങ്ങൾ ഇത്തിരി കൈയിലുണ്ട് ” “ഇല്ല.. ” ചിതറിക്കിടക്കുന്ന മാങ്ങകളിൽ നോക്കിയ നോട്ടം അവളിലെത്തിയപ്പോൾ പുച്ഛമായിരുന്നു ആ മുഖത്ത്. “മോളെ നീ പോയി മോന് കുടിക്കാൻ സംഭാരം എടുത്തിട്ട് വാ ‘ പത്മയോടായി പറഞ്ഞിട്ട് മാധവൻ അനന്തനെ നോക്കി. “എന്നാൽ ഞാൻ പോയി പൂമുഖവാതിൽ തുറക്കാം, കു.. അല്ല അനന്തൻ വന്നോളൂ ” മാധവൻ പൂമുഖത്തേക്കു നടന്നതും പതിഞ്ഞ ശബ്ദത്തിൽ അനന്തൻ പത്മയോട് പറഞ്ഞു . “കുറെ കഷ്ടപെട്ടതല്ലെ, ഈ മാങ്ങയും കൂടി എടുത്തോണ്ട് പോ.. ” “ഹും.. ” അവനെ തുറിച്ചു നോക്കിക്കൊണ്ടു പത്മ തിരിഞ്ഞു നടന്നു. “നിന്നോടെല്ലെടി പറഞ്ഞത്…? ” ഇത്തിരി മുൻപോട്ടെത്തിയിട്ടാണ് പത്മ പറഞ്ഞത്. “പോയി തന്റെ മറ്റവളോട് പറയെടോ ” ചവിട്ടി തുള്ളി നടന്നു പോവുന്ന പത്മയെ നോക്കി അനന്തൻ മനസ്സിൽ പറഞ്ഞു. കാന്താരി നിനക്കുള്ള മരുന്ന് എന്റെ കൈയിൽ ഉണ്ടെടി, ശരിയാക്കി തരാം ഞാൻ അനന്തൻ പൂമുഖത്തേയ്ക്ക് നടക്കവേ നാഗകാളി മഠത്തിന്റെ മുഖപ്പിൽ പത്തി വിരിച്ചു നിന്നിരുന്ന മണി നാഗത്തിന്റെ നീലക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. (തുടരും )

Share this story