നന്ദമയൂഖം: ഭാഗം 13

nanthamayoogham

A Story by സുധീ മുട്ടം

പുറത്തേക്കിറങ്ങിയ നന്ദൻ കുഞ്ഞിന്റെ ചിരിയിൽ ലയിച്ചു ചേർന്നു... മനസ്സിന്റെ സങ്കടങ്ങൾ മുഴുവനും മഞ്ഞുതുള്ളിയായി കല്ലുമോളുടെ കളി ചിരിയിൽ അലിഞ്ഞു പോയത് അറിഞ്ഞു..ഇന്നലെ മോളെ എടുക്കാഞ്ഞതിൽ വലിയ സങ്കടം വന്നു.. "അമ്മ കേൾക്കേതാ അച്ഛേന്ന് വിളിച്ചാൽ മതി ട്ടൊ... നാവിൻ തുമ്പിൽ വന്നത് അപ്പോഴങ്ങനെ പറഞ്ഞു പോയി..തിരുത്താനൊന്നും നിന്നില്ല.. കുഞ്ഞിനെ മുകളിലേയ്ക്കായി എടുത്തു ഉയർത്തി അഭിമുഖമായി നിർത്തി..കല്ലുമോൾ അവന്റെ മിഴികളിൽ നോട്ടം ഉറപ്പിച്ചു. "എന്താടീ കള്ളിപ്പെണ്ണേ പറഞ്ഞത് ഇഷ്ടമായില്ലേടീ... പതിയെ പതിയെ കല്ലുമോളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു...

പോകപ്പോകെ കുഞ്ഞു ഇളകി മറിഞ്ഞു.. " പതുക്കെ മറിയെടീ അങ്കാരി... പിന്നെയും ഒന്നൂടെ ചിരിച്ചു.. "അച്ഛാ പറഞ്ഞത് കേട്ടല്ലോ ..അമ്മ കേൾക്കാതെ അങ്ങനെ വിളിച്ചാൽ മതി" കുഞ്ഞിളം കവിളിൽ ചുണ്ടുകൾ ചേർത്തൊന്ന് ചുംബിച്ചു.. അവനിൽ മിഴിനീര് പൊടിഞ്ഞു.. സ്വന്തമോ ബന്ധമോ അല്ല എന്നിട്ടും കല്ലുമോളെത്ര നന്നായി ഇണങ്ങി..നന്ദനിലൊരു നോവുണർന്നു പെയ്തു... ജനലരികിൽ നിന്നും മയൂഖ അവരെ നോക്കി നിന്നു.. പതുക്കെ മിഴികൾ ഈറനണിഞ്ഞു..നന്ദനുമായി കല്ലുമോൾ ഒരുപാട് ഇണങ്ങിയിരിക്കുന്നു.ചില സമയത്തെ അവന്റെ പ്രവൃത്തികൾ മധുവിനെ ഓർമ്മിപ്പിക്കുന്നതായി അനുഭവപ്പെട്ടു..

ഓർമ്മകൾ കൊത്തി വലിച്ചതോടെ പാവം പെണ്ണൊന്ന് പിടഞ്ഞു പോയി.. "സൗഭാഗ്യം നിറഞ്ഞയൊരു ജീവിതം കൈ വെളളയിൽ വെച്ചു തന്നിട്ട് ഈശ്വരൻ തന്നെയത് തിരികെ എടുത്തു...തങ്ങളുടെ സ്നേഹവും സന്തോഷവും ദൈവത്തിനു പോലും ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി...വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. " ദാ കണ്ടോടീ പെണ്ണേ പൂമ്പാറ്റ പറക്കണത്" മുറ്റത്തെ ചെടികളിൽ വിരിഞ്ഞ് നിൽക്കുന്ന പൂവിന്മേൽ സൂര്യ പ്രകാശം വീണു തുടങ്ങിയതോടെ പൂമ്പാറ്റകൾ പാറി നടന്നു..കുഞ്ഞിക്കണ്ണുകളങ്ങനെ വിടർത്തി കല്ലുമോൾ അവയെ കണ്ണുമിഴിച്ചു നോക്കി.. "ഇനി നാളെ രാവിലെ..അച്ഛക്ക് പണിക്ക് പോകാൻ സമയമായി...

നന്ദൻ മോളുമായി തിരിഞ്ഞു..കണ്ണുകൾ ജാലക വാതിലിനു അരികിൽ നിന്നു തങ്ങളെ നോക്കി നിന്നിരുന്ന മയൂഖയിൽ ചെന്നു പതിച്ചു..മിഴികൾ തമ്മിലൊന്നു കോർത്തു.. അവൻ തന്നെ കണ്ടെന്ന് മനസ്സിലായതോടെ മയൂ പിന്നിലേക്ക് വലിഞ്ഞു... നന്ദൻ മോളുമായി വീടിനകത്തേക്ക് കയറി.. " അമ്മേ ... അവൻ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു.. "എന്താടാ..കിടന്ന് അലറുന്നത്... അടുക്കളയിൽ നിന്നും വാതിലിലൂടെ ജാനകിയമ്മ തലയിട്ടു.. " കല്ലുമോളെയൊന്ന് എടുക്ക്...എനിക്ക് പണിക്ക് പോകണം... "മുറിയിൽ മോളുണ്ട്..അവളെ ഏൽപ്പിക്ക്..." ജാനകിയമ്മ തല അകത്തേക്ക് വലിച്ചതോടെ നന്ദൻ സമ്മർദ്ദത്തിലായി..

കുളിയും ജപവുമൊക്കെ നടത്തി വേഗം ഇറങ്ങണം..കല്ലുമോളുമായി മയൂഖയുടെ അടുത്തെത്തി.. അവൾ പെട്ടെന്ന് മുഖം കുനിച്ചു.. "ജോലിക്ക് പോകാൻ സമയമായി... അവളിലേക്ക് നോക്കാതെ അലക്ഷ്യമായി പറഞ്ഞു.. " വാ മോളെ... കുഞ്ഞിനെ എടുക്കാനായി മയൂഖ കൈകൾ നീട്ടി.. കല്ലുമോൾ അമ്മയിലേക്ക് ചാഞ്ഞ് പെട്ടെന്ന് തിരിഞ്ഞ് നന്ദനിലേക്ക് ചാരി..അതോടെ അവളൊന്ന് വല്ലാതായി.. "ചെല്ലെടീ പെണ്ണേ..വൈകിട്ട് നേരത്തെ വരാം" നന്ദനെത്ര പറഞ്ഞിട്ടും കല്ലുമോൾ കളള പുഞ്ചിരിയോടെ അനങ്ങാതങ്ങനെ ഇരുന്നു..മയൂഖ കൈ നീട്ടി ബലമായി കുഞ്ഞിനെ എടുത്തതോടെ അവളലറിക്കരഞ്ഞു അവനെ നോക്കി..

"പൊയ്ക്കോളൂ..കരച്ചിൽ പതിയെ മാറിക്കോളും.. അവനെ നോക്കാതെയാണു അവളും പറഞ്ഞത്..നന്ദൻ പിന്തിരിഞ്ഞ് നടന്നതും കല്ലുമോളുടെ കരച്ചിൽ ഉച്ചത്തിലായി..ഹൃദയത്തിൽ എവിടെയോ മുറിപ്പാട് ഉയർന്നതും ഓടിച്ചെന്നു.. " കുഞ്ഞിനെ കരയിക്കണ്ടാ... നന്ദൻ കൈ നീട്ടി എടുത്തതും കല്ലുമോൾ അവനിലേക്ക് ചാടിക്കയറി അമ്മയെ നോക്കി ചിരിച്ചു... "അമ്മേ പറ്റിച്ചേ...നിക്ക് അച്ഛയെ മതിയേന്ന ഭാവത്തിൽ... മയൂഖ തറഞ്ഞങ്ങനെ നിന്നതും നന്ദൻ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി... " നീയിന്ന് പണിക്കു പോകുന്നില്ലേടാ... കുഞ്ഞിനേയും കളിപ്പിച്ചിരിക്കുന്ന മകനെ നോക്കി.. "പോകണം അമ്മേ..പക്ഷേ ഇവളെന്നെ വിടണ്ടേ.... "

അതങ്ങനാടാ പെണ്മക്കൾക്ക് ഇഷ്ടം അവരുടെ അച്ഛനെയാണ്... ജാനകിയമ്മയുടെ സ്വരം ഉയർന്നു.... മുറിയുടെ വാതിക്കൽ നിന്നിരുന്ന മയുവിന്റെ കാതിലേക്കാ സ്വരം ഇരച്ചു കയറി... "പെണ്മക്കൾക്ക് ഇഷ്ടം അച്ഛയെ ആണത്രേ... ഓർമ്മകളുടെ കുത്തൊഴിക്കിൽ അവൾ പിന്നെയും പൊള്ളിപ്പിടഞ്ഞു..പിന്നെയും നോവൂറുന്ന ഓർമ്മകളങ്ങനെ പെയ്തു തുടങ്ങി.... " നീ പോയി കുളിക്ക് മോളെ ഞാൻ നോക്കിക്കോളാം.... നന്ദനിൽ നിന്ന് കല്ലുമോളെ ജാനകിയമ്മ വാങ്ങി..ആദ്യം അവളൊന്ന് പ്രതിഷേധിച്ചെങ്കിലും കുഞ്ഞിന്റെ ശ്രദ്ധമാറ്റി... മുക്കാൽ മണിക്കൂറുകളോളം കഴിഞ്ഞു നന്ദൻ ഒരുങ്ങി വന്നു...

"അമ്മേ കാപ്പി എടുത്ത് വെയ്ക്ക്... മറുപടി വരാഞ്ഞതോടെ വീണ്ടും വീണ്ടും ഉറക്കെ വിളിച്ചു... മുറിയിൽ നിന്നിരുന്ന മയൂഖ ഒന്നു പരുങ്ങി...അമ്മ മോളുമായി മുറ്റത്താണ്...നന്ദന്റെ വിളി വീണ്ടും കേട്ടതോടെ മടിച്ചു മുറിവിട്ടിറങ്ങി..അവനെ മറി കടന്ന് മുറ്റത്തേക്കിറങ്ങി.. " അമ്മേ നന്ദൻ വിളിക്കുന്നു... "വല്ലതും കഴിക്കാനായിരിക്കും..മോള് ചെന്നൊന്ന് എടുത്തു കൊടുക്ക്.. അവളുടെ മുഖം വിളറിപ്പോയി..ജാനകിയമ്മ അതൊന്നും കണ്ടിരുന്നില്ല..മടിയോടെ അകത്തേക്ക് കയറി അടുക്കളയിൽ ചെന്നു...ദോശയും ചട്നിയും പ്ലേറ്റിൽ വിളമ്പി കൊണ്ടു വന്നു.. " അമ്മ..അമ്മ മുറ്റത്താ... വിറയാർന്ന കൈകളും വിറയ്ക്കുന്ന സ്വരവും നന്ദൻ കേട്ടു.. "ഉം... അമർത്തിയൊന്നു മൂളി... നന്ദൻ കഴിച്ചു തുടങ്ങി... ഇടക്ക് ഇക്കിൾ കയറിയതോടെ ചുമച്ചു...

"വെള്ളം... ഉടനെ ഓടിച്ചെന്ന് വെളളവുമായി മയൂ തിരികെ എത്തി...വെള്ളം ഒറ്റക്ക് വലിച്ചു കുടിച്ചതും നിറുകയിൽ കയറി ചുമക്കാൻ തുടങ്ങി... മയൂഖ എന്ത് ചെയ്യണമെന്ന് അറിയാതെ അങ്ങനെ നിന്നു... നന്ദന്റെ ചുമ കൂടി.... ഏതോ ഒരു ഉൾപ്രേരണ ഉടലെടുത്തതോടെ അവന്റെ നിറുകയിൽ അവൾ അമർത്തി തടവി തുടങ്ങി.... ആ സമയത്ത് തന്നെ ജാനകിയമ്മ കല്ലുമോളുമായി അകത്തേക്ക് കയറി വന്നത്... "മകന്റെ നിറുകയിൽ അമർത്തി തിരുമ്മുന്ന മയൂനെ കണ്ടു ഒരുനിമിഷം നിന്നു...അമ്മ തന്നെ കണ്ടെന്ന് തിരിച്ചറിഞ്ഞവൾ ഉൾക്കിടിലത്തോടെ മുറിയിലേക്ക് ഓടിക്കയറി... കാര്യങ്ങൾ മനസ്സിലായ ജാനകിയമ്മയുടെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞത് മയൂഖയും നന്ദനും കണ്ടില്ല..അവർ മനസ്സിൽ ചില കണക്കു കൂട്ടലുകൾ നടത്തി............................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story