നന്ദമയൂഖം: ഭാഗം 18

nanthamayoogham

A Story by സുധീ മുട്ടം

മയൂഖ ഓടിയ ഭാഗത്തേക്ക് നോക്കിയ നന്ദന്റെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു... മനസ്സിലേക്ക് അവന്റെ മയിൽ കടന്നു വന്നു... ഓർക്കാൻ ശ്രമിക്കാറില്ലെങ്കിലും ജീവനോടെ ചിതയിലെരിക്കാനായി ഇടക്കിടെ ഇതുപോലെ ഓർമ്മയിലെത്തും.... റൂമിൽ ഇരിക്കുന്തോറും നന്ദനു ഉടലാകെ പൊള്ളിയടരുന്നത് പോലെ തോന്നി....മുറിയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കിറങ്ങി.... മയൂഖയുടെ മുറിക്ക് സമീപം എത്തിയപ്പോൾ കണ്ണുകൾ അവിടേക്ക് പാഞ്ഞു...പാലു കുടിക്കാതെ അമ്മയെ പറ്റിച്ചു ചിരിച്ചു കളിച്ചു കിടക്കുന്ന കല്ലുമോളെ കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ മുറിയിലേക്ക് ഇരച്ചു കയറി...

നന്ദൻ അടുത്തെത്തി കഴിഞ്ഞാണ് മയു അവനെ കാണുന്നതും...പിടച്ചിലോടെ സാരിത്തലപ്പിനാൽ മറച്ചു പിടഞ്ഞ് എഴുന്നേറ്റു തിരിഞ്ഞു നിന്നു... "അച്ഛേടെ മുത്തേ... അവന്റെ സ്വരം കേട്ടതും കല്ലുമോൾ മുഖം തിരിച്ചു... ആളെ മനസ്സിലായതോടെ കൈകാലിട്ടടിച്ചു ചിരിച്ചു... " വാ..നമുക്ക് വെളിയിലൊക്കെ കറങ്ങാം... കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചിലക്ക് കിടത്തി... "മയിൽ വരണുണ്ടോ.. ബ്ലൗസിന്റെ ഹുക്ക് ശരിയാക്കിയ ശേഷം തിരിഞ്ഞ് നിന്നിരുന്ന മയൂഖയോട് ആയിരുന്നു ചോദ്യം... " എവിടേക്ക്... "വെറുതെ നടക്കാം... വൈകുന്നേരം ആയതോടെ വെയിലിന്റെ ചൂട് കുറഞ്ഞിരുന്നു....

" വാ...മയിലേ..ഇതിനകത്ത് ഇരുന്നാൽ എനിക്ക് പ്രാന്താകും... അവൾക്ക് തടയാൻ കഴിയും മുമ്പേ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി...നന്ദൻ കൈകൾ അയച്ചതോടെ അവൾ സ്വതന്ത്രയായി...തെല്ലൊരു മടിയോടെയെങ്കിലും ഒരു നിശ്ചിതമായ അകലമിട്ടു കൂടെ നടന്നു... പാടത്തിനു കുറുകെയായി ചെറിയ റോഡുണ്ട്...അതിലൂടെയാണവർ നടന്നത്...കല്ലുമോൾ കുഞ്ഞിക്കണ്ണുകൾ വിടർത്തി ചുറ്റിലെയും കാഴ്ചകൾ വിസ്മയത്തോടെ കണ്ടു... നടന്നവർ നന്ദൻ ഫുട്ബോൾ കളിക്കുന്ന സ്ഥലത്തെത്തി....മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിന്നതും ഹൃദയമൊന്നു പിടഞ്ഞു അവനിൽ നിന്നും രണ്ടു മിഴിനീര് ചിതറി..

"എന്തു പറ്റി നന്ദാ... മയൂഖയിൽ ആധി നിറഞ്ഞു...മുഖമാകെ മാറിയിരുന്നു... " ഒന്നൂല്ലാ മയിലേ... സ്വരം ചിലമ്പിച്ചിരുന്നു... "പ്ലീസ് പറയ് നന്ദനെന്തിനാ കരഞ്ഞത്... " ഞാനും എന്റെ മയിലും കൂടി ഒരുമിച്ച് കൂടുന്നത് ഇവിടെയാണ്... മയൂഖയിലൊരു വേലിയേറ്റമുണ്ടായി....ഇപ്പോഴും അവളെ ഓർത്തിരിക്കണമെങ്കിൽ അതുപോലെ സ്നേഹിച്ചിരിക്കും.... "ഒരുപാട് ഇഷ്ടം ആയിരുന്നു.. ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടി.. ഒടുവിൽ നല്ലൊരു ആലോചന വന്നതോടെ എന്നെ ഒഴിവാക്കി രക്ഷപ്പെട്ടു.. എനിക്കായി കാത്തിരിന്നാൽ അവളുടെ ജീവിതം മുരടിച്ചു പോകുമെന്ന് കരുതിക്കാണും... നന്ദനിലെ ഓരോ വാക്കുകളും അവളിലൊരു നോവായി പെയ്തിറങ്ങി..

ഇടക്കിടെ മയുവിന്റെ മിഴികൾ തുളുമ്പി പോയി.. " പോട്ടേ നന്ദാ...നന്ദനെ പോലെ ഒരാളെ അവൾക്ക് വിധിച്ചിട്ടില്ലെന്ന് കരുതിയാൽ മതി... വ‍ൃഥയോടെ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..... "ഹാം... പോട്ടേ മയിലേ...അവൾ പറന്നകന്ന് പോകട്ടെ.... നെഞ്ചിലെ കനലുകൾ പിന്നെയും ജ്വലിച്ചു തുടങ്ങിയതോടെ നന്ദൻ തളർന്നു പോയി... " ഒരിക്കലും ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത് മയിലേ....പെട്ടെന്ന് ഒരുദിവസം നമ്മളെ ഇട്ടെറിഞ്ഞു പോയാൽ തകർന്നു പോകും... മയൂഖ ശക്തമായി ഏങ്ങലടിച്ചു.., അവനൊന്ന് അമ്പരന്നു നോക്കി... "മധുവേട്ടനെ ഒരുനിമിഷം ഓർത്തുപോയി.. " നോവോടെ വീണ്ടും വിതുമ്പി...

"വിധിയെ തടുക്കാൻ നമുക്ക് ആകില്ല മയിലേ...അത്രയേ ആയുസുള്ളൂന്ന് കരുതിയാൽ മതി...ജീവിക്കാനായി കല്ലുമോളുണ്ട്... " ഹ്മ്മ്ം.... കുറച്ചു സമയം അങ്ങനെ നിന്നു... "പോകാം... അവളെ നോക്കി മിഴികളെറിഞ്ഞു.. " ഹ്മ്മ്ം.... മയൂഖക്ക് ഒപ്പമാണു നന്ദൻ നടന്നത്..പതിയെ അവൻ അവളുടെ കയ്യിൽ വിരലുകൾ കോർത്തു പിടിച്ചു... ഒന്ന് പൊള്ളിപ്പിടഞ്ഞു വലിച്ചെറിയാൻ ശ്രമിച്ചു നോക്കി.. കഴിയാതെ ദുർബലയായി...അവൻ ഇതൊന്നും അറിയാതെ ഒപ്പം നടന്നു... അകലെ നിന്നേ ജാനകിയമ്മ കണ്ടു ഇണക്കുരുവികളായി കൈ കോർത്തു പിടിച്ചു വരുന്ന മയൂഖയേയും നന്ദനേയും...അവരുടെ മനസ്സിലൊരു തണുപ്പ് നിറഞ്ഞു...

അമ്മ തങ്ങളെ കണ്ടെന്നു മനസ്സിലായതും മയു കൈകൾ ശക്തമായി പിന്നിലേക്ക് വലിച്ചതോടെ നന്ദൻ തന്റെ കരമൊന്നു അയച്ചു.... അമ്മക്ക് മുഖം കൊടുക്കാതെ വേഗം അവൾ അകത്തേക്ക് വലിഞ്ഞു..ജാനകിയമ്മക്ക് പിന്നാലെ നന്ദൻ മോളുമായി അകത്തേക്ക് കയറി.... "എടീ പെണ്ണേ നിനക്ക് വിശപ്പില്ലേടീ... കുഞ്ഞ് അവന്റെ നെഞ്ചിലക്ക് വലിഞ്ഞു കയറി.... " അഹങ്കാരിയാ പെണ്ണ്.. നന്ദന്റെ സംസാരം കേട്ടു കല്ലുമോൾ ഇളകി മറിഞ്ഞു.... 💜💜💜💜💜💜💜💜💜💜💜💜💜💜💜 സന്ധ്യയെ വിഴുങ്ങി ഇരുൾ വളർന്നു....നന്ദൻ കിടക്കയിലേക്ക് മലർന്ന് കിടന്നു.കല്ലുമോളെ നെഞ്ചിലക്ക് കിടത്തി കണ്ണുകളടച്ചു... രണ്ടു പേരും ഒന്നു മയങ്ങിപ്പോയി..

കുറച്ചു കഴിഞ്ഞു കുഞ്ഞിനെ എടുക്കാനായി മയൂഖ മുറിയിലേക്ക് വന്നു...നന്ദന്റെ നെഞ്ചിൽ കിടക്കുന്ന കല്ലുമോളെ കണ്ടു..ഒരു കയ്യാൽ അവനങ്ങനെ മോളെ ചുറ്റിപ്പിടിച്ചിട്ടുണ്ട്...ശരിക്കും അച്ഛനും മകളും പോലെ... അവളങ്ങനെ നോക്കി നിൽക്കുന്ന സമയത്താണ് നന്ദൻ മിഴികൾ തുറന്നത്...നെഞ്ചിൽ പറ്റിച്ചേർന്നു ഉറങ്ങുന്ന കുഞ്ഞിനെ കണ്ടു ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.. മെല്ലെ അവനൊന്ന് തല ചരിച്ചതും തങ്ങളെ ശ്രദ്ധിച്ചു വാതിക്കൽ നിൽക്കുന്ന മയിലിനെ കണ്ടു...ചമ്മലോടെ പിന്തിരിയാൻ കഴിയും മുമ്പേ അവന്റെ സ്വരം കാതിൽ പതിച്ചു... "മയിലേ.... " എന്തിനെന്ന് മുഖം ഉയർത്തി... തനിക്ക് അരികിലേക്ക് വരാനായി കയ്യാട്ടി വിളിച്ചു..

ജാള്യതയോടെ അങ്ങോട്ട് ചെന്നു... "മോളെ എടുത്തോളൂ... അനുവാദം ലഭിച്ചതോടെ കല്ലുവിന്റെ ഉറക്കത്തിനു ഭംഗം വരാതെ മോളെ എടുത്തു.... " സർട്ടിഫിക്കറ്റ് കൈവശം ഉണ്ടോ... "ഇല്ല..അതങ്ങ് മധുവേട്ടന്റെ വീട്ടിലാ.. " ശ്ശെടാ.. ഇനിയെന്ത് ചെയ്യും‌‌... താടിക്ക് കയ്യും കൊടുത്തു അവനിരുന്നു.... അമ്മ വലിച്ചെറിഞ്ഞ ബാഗുമായി മാത്രമാണ് അവിടെ നിന്നും ഇറങ്ങിയത്...സർട്ടിഫിക്കറ്റ് എല്ലാം മുറിയിലാണ്....മയൂഖക്ക് കരച്ചിൽ വന്നു.. "സാരമില്ല... നാളെ നമുക്ക് വീട്ടിൽ പോയെടുക്കാം.... മയിലിൽ ഒരു ഭയം വളർന്നു... മനുവും അമ്മയും എങ്ങനെ പ്രതികരിക്കുമെന്ന് നന്നായി അറിയാം...അതിനാൽ പോകാൻ മടിച്ചു....

" നമുക്കൊന്ന് ട്രൈ ചെയ്യാം.... ഭാവിയുടെ കാര്യമാണ്... വേണമെന്നോ വേണ്ടെന്നോ ഒന്നും പറയാതെ കുഞ്ഞുമായി മുറിയിലേക്ക് പോയി... 💜💜💜💜💜💜💜💜💜💜💜💜💜💜💜 അടുത്ത ദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു നന്ദൻ ഒരു ഫ്രണ്ടിന്റെ ബൈക്കു വാങ്ങി തിരികെയെത്തി... "മയിലേ നീ ഇതുവരെ ഒരുങ്ങിയില്ലേ.. " വേണ്ട നന്ദാ എനിക്ക് പേടിയാ... "നീ തെറ്റൊന്നും ചെയ്തട്ടില്ല..പിന്നെ ആരെ ഭയക്കാനാ..ചെല്ല് മോളെ..നന്ദൻ കൂടെയില്ലേ... ജാനകിയമ്മ കൂടി നിർബന്ധിച്ചതോടെ കുളിച്ചു ഒരുങ്ങി ഇറങ്ങി... കല്ലുമോളെ അമ്മ നോക്കിക്കോളും... നന്ദനൊപ്പം ബൈക്കിൽ കയറാൻ ചമ്മലായിരുന്നു...അല്ല മടി..മറ്റ് വഴികൾ ഇല്ലാത്തതിനാൽ കുറച്ചു അകലമിട്ടു ഇരുന്നു...

മയിൽ പറഞ്ഞു കൊടുത്ത വഴിയിലൂടെ നന്ദൻ ബൈക്ക് ഓടിച്ചു...ഒടുവിൽ മധുവിന്റെ വീടിനു മുമ്പിലായി ബൈക്ക് നിന്നു... " ചെല്ല് മയിലേ"... പേടിയോടെ അവനെ നോക്കിയതും മിഴികളാൽ ധൈര്യം പകർന്നു നൽകി... മടിയോടെ അവൾ അകത്തേക്ക് ചെന്നു... "എവിടേക്കാടീ നീ.. പൊട്ടിയടർന്നതു പോലെ മധുവേട്ടന്റെ അമ്മ അവൾക്ക് മുന്നിൽ വന്നു നിന്നു.. " അമ്മേ എന്റെ സർട്ടിഫിക്കറ്റ് എടുക്കാൻ വന്നതാ...പെട്ടെന്ന് പൊയ്ക്കോളാം... അവൾ ദയനീയമായി കേണിട്ടും അവരുടെ മനസ്സ് അലിഞ്ഞില്ല.... "ആഹാ അഴിഞ്ഞാട്ടക്കാരി വന്നോ... പരിഹസിച്ചോണ്ട് മനു അകത്തു നിന്നും ഇറങ്ങി വന്നു....മയുവിന്റെ നെഞ്ചിലത് വന്നു തറഞ്ഞു...

മനുവിന്റെ കണ്ണുകൾ അവളിലായിരുന്നു...പോയതിനെക്കാൾ ഒന്നുകൂടി തെളിഞ്ഞിട്ടുണ്ട്.... മിഴികളാൽ അവളെ നഗ്നയാക്കി അവൻ ബലാൽക്കാരം ചെയ്തു.. വെറുപ്പോടെ മയൂഖ മുഖം വെട്ടിച്ചു... ഗേറ്റിനു വെളിയിൽ നിന്നിരുന്ന നന്ദൻ പെട്ടെന്ന് അകത്തേക്ക് കയറി വന്നു.... അവരുടെ മിഴികൾ അവനിലായി... " ആഹാ...പുതിയ ആളുകളെ ഒപ്പിച്ചോ നീ... മനു പിന്നെയും പരിഹസിച്ചു...നന്ദന്റെ മുഖം ദേഷ്യത്താൽ ചുവന്ന് തുടുത്തു.. "ഓ...നീയാണല്ലേ ലവൻ..സദ്ഗുണ സമ്പന്നൻ മനു... " മയിലേ കാലിൽ കിടക്കുന്ന ചെരുപ്പൂരി ഒരെണ്ണം അവന്റെ കവിളത്ത് കൊടുക്ക്.. മയൂഖ വിങ്ങിപ്പൊട്ടി നിന്നതല്ലാതെ ചലിച്ചില്ല..

"നീ ആരാടാ എന്റെ വീട്ടിൽ വന്ന് എന്നെ തല്ലാനായി ഈ വേശ്യയോട് കൽപ്പിക്കാൻ... മനു ദേഷ്യപ്പെട്ടു മനുവിനു അരികിലെത്തി... " അവളുടെ കെട്ടിയോൻ‌..... മറുപടിക്കൊപ്പം മനുവിന്റെ കവിളടക്കം ഒരടി കൊടുത്തു.. നിലവിളിയോടെ വട്ടം കറങ്ങി വീണു.. മയൂഖ ഞെട്ടിത്തരിച്ചു നിന്നു...ശാന്തനായ നന്ദനാണോ ഇത് ചെയ്തത്...വിശ്വസിക്കാൻ കഴിഞ്ഞില്ല...അവൾ അവനെ ഭയത്തോടെ നോക്കി... '"ഓടിവായോ നാട്ടുകാരെ ഏതൊ ഒരുത്തനുമായി വന്ന് ഇവൾ ഞങ്ങളെ തല്ലിക്കൊല്ലുന്നേ.... മീനാക്ഷിയമ്മയുടെ അലർച്ച കേട്ടു ആളുകൾ ഒത്തുകൂടി.... അപ്പോഴും നന്ദൻ കൂസലില്ലാതെ നിന്നു...

"ആരാ മയൂഖേ ഇവൻ‌‌‌....നിന്റെ ആരാ ഇവൻ... ഓടിക്കൂടിയ പലരും തന്നെ മറ്റൊരു കണ്ണിലൂടെ കാണുന്നതെന്ന് മനസ്സിലായതും നെഞ്ച് പൊട്ടി അവൾ ഉറക്കെ കരഞ്ഞു... എല്ലാം തകർന്നവളുടെ നിലവിളി നന്ദനെ വല്ലാതെ നോവിച്ചു... നന്ദൻ കയ്യിൽ കെട്ടിയിരുന്ന മഞ്ഞച്ചരട് വലിച്ചു പൊട്ടിച്ചു... അപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല... തകർന്നു നിൽക്കുന്ന മയൂഖയുടെ കഴുത്തിൽ മഞ്ഞച്ചരട് എല്ലാവരും കാൺകെ മുറുക്കി കെട്ടി... മയൂഖ തകർന്നു പോയി..ശരീരമാകെ വിറച്ചു പതിയെ സ്തംഭനാവസ്ഥയിലായി. എന്താണ് നടന്നതെന്ന് മനസ്സിലാക്കാൻ കുറച്ചു സമയം എടുത്തു... കഴുത്തിലെ മഞ്ഞച്ചരടിലേക്കും നന്ദനെയും നോക്കി അലറിക്കരഞ്ഞു... " എന്റെ പെണ്ണാ ഇവൾ...നന്ദന്റെ ഭാര്യ മയിൽ...." അവളെ നെഞ്ചോട് ചേർത്തു പിടിച്ചു ഉറക്കെ പറഞ്ഞു....അവളുടെ ചുടുകണ്ണുനീർ അപ്പോഴും അവന്റെ മാറിനെ നനച്ചൊഴുക്കി.............................. തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story