നന്ദവൈശാഖം: ഭാഗം 16

nanthavaishakham

A Story by സുധീ മുട്ടം

വൈശാഖൻ മുറി വിട്ടിറങ്ങിയപ്പോൾ നിഴലായി നന്ദയും കൂടെ ഉണ്ടായിരുന്നു..അതും കണ്ടതും അവരുടെ മാതാപിതാക്കളുടെ കണ്ണുകളിൽ അശ്രുകണങ്ങൾ പൊടിഞ്ഞു. നളിനി എഴുന്നേറ്റ്ചെന്ന് നന്ദയെ ചേർത്തണച്ചു നെറ്റിയിൽ ചുംബിച്ചു.. അവരുടെ കണ്ണുകളിൽ നിന്ന് ബാഷ്പ ബിന്ദുക്കളൊഴുകി. "അമ്മക്ക് സന്തോഷമായിട്ടോ..എത്ര നാളായി എന്റെ മോളൊന്ന് ചിരിച്ചു കണ്ടിട്ട്" അവരുടെ കണ്ണുകൾക്കൊപ്പം നന്ദയുടെ മിഴികളും നിറഞ്ഞു.. "അമ്മ ഒരുപാട് സങ്കടപ്പെടുത്തിയത് എന്റെ മോളൊന്ന് ചിരിച്ചു കാണാനാ" "അമ്മേ എന്നോട് ഇങ്ങനെയൊന്നും പറയല്ലേ എനിക്ക് സഹിക്കില്ല" കണ്ണുകൾ നിറച്ചു മുഖം വാടി... "എനിക്കു വേണ്ടിയല്ലേ അമ്മ പറഞ്ഞത്..എന്റെ നല്ലതിനായിട്ട്..അതൊക്കെ വിട്ടേക്ക്" അമ്മയുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.. പ്രസവിച്ചിട്ടില്ലെന്നെയുള്ളൂ..എന്നും വൈശാഖിനെക്കാൾ കൂടുതൽ ചേർത്ത് നിർത്തിയട്ടേയുള്ളൂ..നന്ദന്റെ മരണശേഷം തനിക്ക് ഒരു നല്ല ജീവിതം ലഭിക്കാൻ ഏറെ കൊതിച്ചിരുന്ന അമ്മ...നന്ദ ഒരോന്നും ഓർത്തെടുത്തു.. "എന്റെ നളിനി മോള് ഒത്തിരി കരഞ്ഞതാ...നീയായിട്ടിനി എല്ലാവരെയും കരയിക്കരുത്"

പൊടിഞ്ഞ മിഴിനീര് വെയ്ക്കാതെ മാധവ് ചിരിയോടെ വിളിച്ചു പറഞ്ഞു... "ഒന്നു പോ മനുഷാ...ഞങ്ങൾ കരഞ്ഞതൊന്നും അല്ല" നളിനി കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു...എല്ലാവരും അതുകേട്ടു ചിരിച്ചു.. 💙💙💙💙💙💙💙💙💙💙💙💙💙💙 കുറച്ചു ദിവങ്ങൾ കൂടി പിന്നിട്ടതോടെ തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് ശിൽപ്പ ഉറപ്പിച്ചു..രാത്രിയാകാനായി ക്ഷമയോടെ കാത്തിരുന്നു... ഇനിയിവിടെ നിൽക്കാൻ കഴിയില്ല.നിന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരും.കുറഞ്ഞ മാസങ്ങൾ കൊണ്ടു അനുഭവിക്കാനുളളതെല്ലാം അനുഭവിച്ചു കഴിഞ്ഞു.. അരുണിനു തന്നിലുള്ളത് കാമം മാത്രമായിരുന്നെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല..ഇപ്പോൾ അയാൾക്ക് മടുത്തു കഴിഞ്ഞു..കയ്യിലുള്ള സ്വർണ്ണവും പണവും തീർന്നതോടെ അയാൾ വിൽക്കാനുളള ശ്രമമാണ്. വയ്യ അതിനു നിന്നു കൊടുക്കാൻ കഴിയില്ല.. മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങുന്ന അരുണിനെ വെറുപ്പോടെ നോക്കിയശേഷം അവിടെ നിന്നും ഇറങ്ങി..

അയാളെ കൊല്ലാനുള്ള ത്വര ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അതടക്കി.. "വൈശാഖ് ക്ഷമിക്കും..മോളേയും കാണണം" ആ കാൽ ചുവട്ടിലൊരു നായയെ പോലെ ജീവിക്കണം..ഇത്രയും നാൾ ചെയ്ത പാപങ്ങൾക്കെല്ലാം പരിഹാരമായി.. "കുഞ്ഞാറ്റ...." കുഞ്ഞിനെ ഓർത്തതും നെഞ്ചിലൊരു പിടച്ചിൽ ഉണർന്നു... മോളെ കണ്ടിട്ട് എത്ര മാസങ്ങൾ കഴിഞ്ഞു... ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനോട് ചെയ്ത നെറികേട് ഓർത്തു മനസ്സ് പിന്നെയും നീറിത്തുടങ്ങി.. "പൊന്നു മോൾ അവൾക്ക് ലഭിക്കേണ്ട മുലപ്പാലു പോലും നിഷേധിച്ച പാപിയാണ് താൻ" മാറിടം വിങ്ങിയതോടെ വാഷ് റൂമിലേക്ക് കയറി... തന്റെ കുഞ്ഞാറ്റ കുടിക്കേണ്ട പാൽ മുഴുവനായും ഒഴുക്കി കളയേണ്ടി വന്നതിൽ സങ്കടപ്പെട്ടു.. അരുണിന്റെ പോക്കറ്റൊന്നു തപ്പി..കുറച്ചു കാശ് കിട്ടിയത് ബ്ലൗസിൽ തിരുകി...വണ്ടിക്കൂലിക്ക് കാശ് വേണം.. ശിൽപ്പ ഒഴിവായി പോകുമെന്ന് അരുണിനു ഏകദേശം ഉറപ്പായിരുന്നു..

അതിനു വേണ്ടിയാണ് കുറച്ചു പൈസ അവന്റെ ഷർട്ടിന്റെ പോക്കേറ്റിൽ വെച്ചത്..വണ്ടിക്കൂലിക്ക് പോക്കറ്റ് തിരയുമെന്ന് ഉറപ്പാണു..കാശ് ഇല്ലെന്ന് കരുതി അവൾ പോകാതിരിക്കണ്ടാ.. ശിൽപ്പ അവിടെ നിന്ന് ഇറങ്ങി ബ്സ് സ്റ്റാൻഡിലേക്ക് നടന്നു...അർദ്ധരാത്രിയിൽ ഒരു ചെറുപ്പക്കാരി നടന്നു പോകുന്നത് സാമൂഹിക വിരുദ്ധരായ ചിലർ കണ്ടിരുന്നു.. അവർ അവൾക്ക് പിന്നാലെ കൂടി.. തനിക്ക് പിന്നാലെ ആരോ ഉണ്ടെന്ന് തോന്നിയതും സർവ്വ ശക്തിയും എടുത്ത് ശിൽപ്പ ഓടി...അവൾക്ക് പിന്നാലെ അവരും... "ഈശ്വരാ വൈശാഖും.. കുഞ്ഞും..." കണ്ണിൽ ഇരുട്ടു കയറി... റോഡിലൂടെ പേരിനു മാത്രം ചില വാഹനങ്ങൾ ഓടുന്നതൊഴിച്ചാൽ ബാക്കി വിജനമാണു വഴി.. കുറച്ചു ഓടിയശേഷം തിരിഞ്ഞൊന്ന് നോക്കി...അവർ തൊട്ടു പിന്നാലെയുണ്ട്..വീണ്ടും അവളോടി..കാലുകൾ തളർന്നു റോഡിലേക്ക് വീണു പോയി.. 💙💙💙💙💙💙💙💙💙💙💙💙💙💙

രണ്ടു മൂന്നു ദിവസങ്ങളാായി നന്ദ പകൽ സമയം മുഴുവനും വൈശാഖിന്റെ വീട്ടിലാണ്.. രാത്രിയോടെ കുഞ്ഞാറ്റയുമായി വീട്ടിലേക്ക് പോകും.. വൈശാഖിനൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതാണു നല്ലതെന്ന് തോന്നി..രണ്ടു പേരുടെയും ചുട്ടു പൊള്ളിക്കുന്ന ഓർമ്മകൾക്കും പരസ്പരം ആശ്വാസമാകാനും കഴിയും.. നന്ദയുടെ തീരുമാനം ശരിയായിരുന്നു...കൂടുതൽ മനസ്സിലാക്കാനും ഇരുവർക്കും കഴിഞ്ഞു... ശിൽപ്പയുടെ പൊള്ളിക്കുന്ന ഓർമ്മകളിൽ നിന്നും നന്ദയുടെ സാമീപ്യം അയാൾക്ക് കൂടുതൽ സാന്ത്വനമായി.. ശിൽപ്പയെ പോലെയല്ല നന്ദയെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല..ശിൽപ്പ ഇടക്കിടെ ദേഷ്യപ്പെടുമെങ്കിൽ നന്ദ നേരെ തിരിച്ചാണു..പരിഭമില്ലാതെ,മുഖം വീർപ്പിക്കാതെ സ്നേഹത്തോടെ സാഹചര്യം നോക്കി ഓരോന്നും ചോദിച്ചു മനസ്സിലാക്കി വേണ്ടതു ചെയ്യും..

"നന്ദാ.... അവളുടെ മടിയിൽ തല ചായിച്ചു കിടക്കുകയായിരുന്ന വൈശാഖ് സ്നേഹത്തോടെ വിളിച്ചു..കുഞ്ഞാറ്റ അവർക്ക് അരികിലായി കിടന്നു ഉറങ്ങുന്നുണ്ട്.. " എന്തോ" വിളി കേൾക്കാനിരുന്നതു പോലെ പ്രണയത്തോടെ അവന്റെ മുടിയിഴകളിൽ വിരലുകളോടിച്ചു വിളികേട്ടു.. അയാൾക്ക് സന്തോഷമായി... ഭാര്യയായാൽ ഇങ്ങനെ വേണം...ശിൽപ്പയെ പോലെ വീർപ്പിച്ചു കെട്ടിയ മുഖവുമായി നിൽക്കാതെ സ്നേഹത്തോടെ വിളി കേൾക്കണം...അതുപോലെ ആകണം ഭർത്താവെന്നും വൈശാഖിനും നിർബന്ധമുണ്ട്... "ശിൽപ്പയുമായി ഡിവോഴ്സ് നേടണം...അതു കഴിഞ്ഞു വിവാഹം നടത്താം..അല്ലെങ്കിൽ നിയമസാധുത ലഭിക്കില്ല നന്ദ..നാളെ തന്നെ മറ്റൊരാൾ വന്നു തന്റെ സ്ഥാനം ചോദ്യം ചെയ്യാൻ പാടില്ല..

നന്ദയുടെ മനസ്സ് നിറഞ്ഞു... മനസ്സ് വായിച്ചതു പോലെയാണ് വിശാഖ് സംസാരിക്കുന്നത്.. "അതുമതി വൈശാഖ്‌... എന്റെ മനസ്സ് വായിച്ചതു പോലെയുണ്ട്" വൈശാഖിനു അത്ഭുതം തോന്നി...രണ്ടു പേരും തമ്മിലുള്ള മനപ്പൊരുത്തമാണ്..അല്ലെങ്കിൽ താനിപ്പോൾ ഇങ്ങനെ സംസാരിക്കില്ലെന്ന് ഓർത്തു.. "ശിൽപ്പ തിരിച്ചു വന്നാലെന്ത് ചെയ്യും വൈശാഖ്‌... സ്വീകരിക്കുമോ?" വളരെ അപ്രതീക്ഷിതമായിരുന്നാ ചോദ്യം...അതുകേട്ടതും അയാളൊന്ന് നടുങ്ങി...ആ നടുക്കം നന്ദയിലേക്കും പടർന്നു കയറി.. "താനായാൽ എന്ത് ചെയ്യും..." കുറെ സമയത്തിനു ശേഷം വൈശാഖ്‌ തിരിച്ച് ചോദിച്ചു? "സ്വീകരിക്കില്ല" പുഞ്ചിരി ആയിരുന്നാ മുഖത്ത്.. "എങ്കിൽ അതുപോലെ ആണ് ഞാനും... മറ്റൊരാൾക്കൊപ്പം അവൾ പോയത് എന്നെക്കാൾ യോഗ്യത അയാളിൽ അവൾ കണ്ടതു കൊണ്ടല്ലേ..പിന്നെ ഞാനെന്തിനു സ്വീകരിക്കണം".. മനസ്സറിഞ്ഞ മറുപടി... എങ്കിലും പെട്ടന്നവൾ അവന്റെ ചുണ്ടുകൾ പൊത്തി...

" വൈശാഖിനുളള യോഗ്യത...അതുമതി എനിക്ക്" ഇതിൽ കൂടുതൽ ഒരാണിനു എന്ത് വേണം...ഒരുപെൺകുട്ടി അവളുടെ മനസ്സ് നിറഞ്ഞു അംഗീകരിക്കുന്നത്.... "താനെന്റെ ഭാഗ്യമാടോ...എന്റെ മാത്രമല്ല കുഞ്ഞാറ്റയുടേയും... " ഞാൻ വൈശാഖിന്റെ ഭാഗ്യമാണെങ്കിൽ വൈശാഖും കുഞ്ഞാറ്റയും എന്റെ പുണ്യമാണു...എന്റെ നന്ദനും മോളുമായി പുനർജ്ജനിച്ചു...എനിക്കു വേണ്ടി ഒരിക്കൽ കൂടി... " കുനിഞ്ഞവൾ അവന്റെ അധരങ്ങളിൽ ചുണ്ടുകൾ അമർത്തിയതും വൈശാഖ്‌ നന്ദയുടെ കഴുത്തിലൂടെ കൈകളിട്ട് അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story