നന്ദവൈശാഖം: ഭാഗം 9

nanthavaishakham

A Story by സുധീ മുട്ടം

കുഞ്ഞാറ്റയെ മാറോട് ചേർത്ത് നടക്കുമ്പോൾ സ്വന്തം കുഞ്ഞിനെ തിരികെ മടങ്ങി എത്തിയെന്നൊരു അനുഭൂതി നന്ദയിലുണ്ടായി‌.ഒന്ന് അനങ്ങുക പോലും ചെയ്യാതെ കുഞ്ഞാറ്റ അവളുടെ മാറിലേക്ക് പറ്റിച്ചേർന്നു കിടന്നു. "എന്റെ മോള് തന്നെയാണ് ട്ടോ" കുഞ്ഞിന്റെ ചെവിയിൽ മൃദുവായി കാതുകൾ ചേർത്ത ശേഷം കവിളിൽ ചെറുതായൊന്ന് മുത്തമിട്ടു. നന്ദ പോയ വഴിയേ ഇരുട്ടിലും നോക്കി നിൽക്കുകയായിരുന്നു രാമചന്ദ്രനും സരസ്വതിയും. മകൾ വൈശാഖിന്റെ വീട്ടിലേക്ക് പോയതോടെ ഭർത്താവിനെ അവർ വിവരം ധരിപ്പിച്ചിരുന്നു.രണ്ടു പേരും കൂടി വഴിക്കണ്ണുമായി കാത്തു നിൽക്കാൻ തുടങ്ങിയട്ട് നിമിഷങ്ങൾ കഴിഞ്ഞു. മടങ്ങി വന്ന മകൾക്കൊപ്പം കുഞ്ഞാറ്റയെ കൂടി കണ്ടവരൊന്ന് ഞെട്ടി.നളിനി ഒരിക്കലും മനസ്സറിഞ്ഞ് കൊടുത്തു വിടില്ലെന്ന് ഉറപ്പാണ്. "മോളേ കുഞ്ഞാറ്റ..." നന്ദക്ക് അരികിലേക്ക് നീങ്ങിയ അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു. "നളിനിയമ്മ മോളെ തന്നു വിട്ടമ്മേ" അവർക്ക് വിശ്വാസമായില്ല..നളിനി ഏത് നിമിഷവും ഓടിയെത്തുമെന്നവർ പ്രതീക്ഷിച്ചു. നന്ദ കുഞ്ഞുമായി മുറിയിലേക്ക് പോയി. "ചേട്ടാ ...എന്തെങ്കിലും പ്രശ്നമാകുമോ?" സങ്കടത്തോടെ ഭർത്താവിനെ നോക്കി..കുറച്ചു സമയം കഴിഞ്ഞു അയാളൊന്ന് പുഞ്ചിരിച്ചു.

"മോള് പറഞ്ഞത് ശരിയായിരിക്കും..കണ്ടില്ലേ അവള് വലിയ സന്തോഷത്തോടെ അല്ലേ വന്നത്" "ശരിയാണ്... അല്ലെങ്കിൽ നന്ദയുടെ വരവ് ഇങ്ങനെയാകില്ല.. " ഈശ്വരാ കാത്തോളണേ" ഈശ്വരനോട് മനമുരുകി പ്രാർത്ഥിച്ചിട്ട് മോളുടെ മുറിയുടെ വാതിലിനു അരികിൽ ചെന്ന് നിന്നു.. മുറിയിൽ കുഞ്ഞാറ്റയോട് സംസാരിക്കുന്ന നന്ദയെ കണ്ടു സമാധാനത്തോടെ പിന്തിരിഞ്ഞ് നടന്നു. "കുഞ്ഞാറ്റയെ കാണാതിരിക്കാൻ വയ്യാട്ടോ..ഇന്നു പകലൊരു ദിവസം മോളെ കാണാതെ അമ്മ എത്രയോളം നീറിയെരിഞ്ഞെന്ന് അറിയോ? അതാ നളിനിയമ്മയോടൊരു കളളം പറഞ്ഞു സുന്ദരിക്കുട്ടിയെ കൂടെ കൂട്ടിയത്.ഇല്ലെങ്കിൽ നളിനിയമ്മ സമ്മതിക്കില്ല വാവേ" നെഞ്ചിലെ സങ്കടവും മനസ്സിലെ സന്തോഷവും ചേർന്ന് അശ്രുകണമായി പുറത്തേക്കൊഴുകി. "കണ്ടോ നന്ദേട്ടാ കുഞ്ഞാറ്റയെ..നമ്മുടെ പൊന്നുമോളുടെ സാമ്യമില്ലേ" കുഞ്ഞിനു നേർക്ക് നന്ദന്റെ ഫോട്ടോ ഉയർത്തിപ്പിടിച്ചു..വീണ്ടും അവളിൽ കണ്ണുനീർ കുമിഞ്ഞ് കൂടിയതും തേങ്ങലോടെ കുഞ്ഞിനെ മാറോട് ചേർത്തണച്ചു... 💙💙💙💙💙💙💙💙💙💙💙💙💙💙 നന്ദ നൽകിയ ഷോക്കിൽ നിന്നും നളിനി പതിയെ മുക്തയായി. "എനിക്ക് സമ്മതമാ വൈശാഖിനെ വിവാഹം കഴിക്കാൻ.. അങ്ങനെയെങ്കിലും എനിക്ക് കുഞ്ഞാറ്റയെ കിട്ടുമല്ലോ"

നന്ദയുടെ വാക്കുകൾ വീണ്ടും കാതിൽ വന്നലക്കുന്നതായി തോന്നിച്ചു.ഒരേ നിമിഷം അവർക്കും സങ്കടവും സന്തോഷവും ഒരുമിച്ച് വന്നു.. താൻ ഒരൽപ്പം സ്വാർത്ഥയായി പോകുന്നുന്നെരു തോന്നൽ..പറഞ്ഞു പോയ പല വാക്കുകളും തിരിച്ചെടുക്കാൻ കഴിയില്ല.പക്ഷേ കഴിയില്ല കണ്മുന്നിൽ രണ്ടു മക്കളുടെ ജീവിതമാണ് എരിഞ്ഞൊടുങ്ങുന്നത്.. വെറുത്തോട്ടെ അവരെല്ലാം...എല്ലാ എല്ലാം നല്ലതിനായിരുന്നെന്ന് അവർ എന്നെങ്കിലും തിരിച്ചറിയുമെങ്കിൽ അന്നുണ്ടാകുന്ന സന്തോഷം മതി തന്റെ സങ്കടങ്ങൾ മായിച്ചു കളയാൻ...വേദനയോടെ ഓരോന്നും ഓർത്തു... "മാധവേട്ടാ" സന്തോഷത്തോടെ വീടിനു മുൻ ഭാഗത്തേക്ക് നളിനിയെത്തി..ഭാര്യ പതിവിൽ കവിഞ്ഞ് സന്തോഷവതിയാണെന്ന് മനസ്സിലയി.നന്ദമോൾ വന്നതും കുഞ്ഞാറ്റയുമായി മടങ്ങിയതും എല്ലാം അത്ഭുതത്തോടെ നോക്കി ഇരുന്നു. "മാധവേട്ടാ നന്ദമോൾക്ക് സമ്മതമാണെന്ന് വൈശാഖുമായുളള വിവാഹത്തിന്" ഒറ്റശ്വാസത്തിലാണ് അവരത്രയും പറഞ്ഞത്..മാധവ് വിശ്വാസം വരാതെ ഭാര്യയെ തുറിച്ചു നോക്കി. "അതേ മാധവേട്ടാ മോള് സമ്മതിച്ചു" നളിനിക്ക് ഇങ്ങനെയൊരു കളളം പറയേണ്ട ആവശ്യമില്ലെന്ന് അറിയാം..എന്നാലും നന്ദമോൾ ഇത്രയും പെട്ടെന്ന് സമ്മതിക്കുമോ? മനസ്സിലെ സംശയം അതങ്ങനെ ദഹിക്കാതെ കിടന്നു. '"മോള് കുഞ്ഞാറ്റയെ കരുതി ആയിരിക്കും സമ്മതിച്ചത്"

"അതേ ചേട്ടാ എനിക്കും അങ്ങനെയാ തോന്നുന്നത്" തന്റെ മനസ്സിലെ സംശയം ഭർത്താവുമായി പങ്കുവെച്ചു. "നന്ദ മോള് സമ്മതിച്ചാലും വൈശാഖ്‌ സമ്മതിക്കുമെന്ന് കരുതുന്നുണ്ടോ?" മാധവിന്റെ സംസാരം കേട്ടു നളിനിയുടെ മുഖം പെട്ടന്ന് മങ്ങിപ്പോയി. "വൈശാഖ് സമ്മതിക്കില്ല...പക്ഷേ സമ്മതിച്ചേ മതിയാകൂ മാധവേട്ടാ.അമ്മയോളം വരില്ലൊരിക്കലും അച്ഛനും.അച്ഛനേയും അമ്മയേയും തമ്മിൽ വേർതിരിക്കുന്ന പ്രധാന ഘടകം അതാണ്" "ശരിയാണ് നളിനി പക്ഷേ..." "ഒരുപക്ഷേയും ഇല്ല മാധവേട്ടാ.കുഞ്ഞാറ്റയൊരു പൊടിക്കുഞ്ഞാണ്..അവൾക്കൊരു അമ്മയുടെ തണൽ ആവശ്യമാണ്. നാവിനാൽ പറയും പോലെയോ എഴുതി വെയ്ക്കുന്നതോ അല്ല ജീവിതം. നന്ദമോളും വൈശാഖും തമ്മിലുള്ള വിവാഹം നടന്നേ തീരൂ" ഉം..." മനസ്സിലായതു പോലെ മാധവൻ അമർത്തി മൂളി...കാലം മാറും പോലെയാണ് കുട്ടികളുടെ വളർച്ചയും സ്വഭാവമാറ്റവും...എപ്പോഴും അവർക്കൊരു നല്ല കൂട്ടായും കൂട്ടുകാരായും അച്ഛനും അമ്മയും വേണം.. വൈശാഖ്‌ ഇതൊന്നും അറിയാതെ മുറിയിൽ കിടന്ന് ഓർമ്മകളിൽ ശ്വസം മുട്ടുകയാണ്.ശിൽപ്പ ആയിരുന്നു അയാളുടെ മനസ്സ് മുഴുവനും. എത്രയൊക്കെ ചിന്തിച്ചിട്ടും അവൾ തന്നെയും മോളെയും ഒഴിവാക്കി പോകാനുള്ള കാരണം മനസ്സിലായില്ല.എഴുതി വെച്ചതെല്ലാം കളളമാണെന്ന് വിശ്വസിക്കാനാണു ഇഷ്ടപ്പെട്ടത്... ഇടക്ക് അയാളുടെ മനസ്സിലേക്ക് നന്ദയുടെ വിഷാദം നിറഞ്ഞ മുഖമെത്തി.എപ്പോഴും ചിരിയോടെ കണ്ടിരുന്നവൾ എത്ര പെട്ടന്നാണ് മാറിയത്.

ഇപ്പോൾ തന്റെ അമ്മ കാരണം അവളും വീണ്ടും ദുഖിക്കുന്നു.വൈശാഖിന്റെ മനസ്സ് വീണ്ടും കലങ്ങി മറിഞ്ഞു... 💙💙💙💙💙💙💙💙💙💙💙💙💙💙💙 നന്ദയുടെ ചൂടുപറ്റി കുഞ്ഞാറ്റ സുഖമായി ഉറങ്ങി...രാത്രിൽ വലിയ കരച്ചിലൊന്നും ഇല്ലായിരുന്നു. സരസ്വതി രാവിലെ മുറിയില മുറിയിലേക്ക് വന്നു..നന്ദയുടെ ചേർന്നു കിടക്കുന്ന കുഞ്ഞാറ്റയെ സംതൃപ്തിയോടെ നോക്കി നിന്നു.. തങ്ങളുടെ മകളുടെ ജീവിതത്തിൽ സന്തോഷം പകരാനെത്തിയ നിധി.കുഞ്ഞിക്കവിളിൽ അവർ ഉമ്മ വെച്ചതും കുഞ്ഞാറ്റ ഉണർന്നു...സരസ്വതിയെ മനസ്സിലായതോടെ ചിരിച്ചു കാണിച്ചു. കുഞ്ഞാറ്റയുടെ ഇളക്കവും കാലിട്ടടിയും കേട്ടാണ് നന്ദ ഉണർന്നത്.... "അമ്മ എപ്പോൾ വന്നു" "ദാ വന്നു കയറിയതേയുള്ളൂ" "മോളെയൊന്ന് നോക്കിക്കോളൂ അമ്മേ..ഞാനിപ്പോൾ വരാം" എന്നു പറഞ്ഞു നന്ദ വാഷ് റൂമിലേക്ക് കയറി. കുഞ്ഞാറ്റയും എടുത്തു സരസ്വതി രാമചന്ദ്രനു അടുത്തെത്തി..അവർ കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുമ്പോൾ മാധവ് വന്നത്..അയാൾ എല്ലാം വിവരിച്ചതോടെ മനസ്സ് നിറഞ്ഞു അവർ പുഞ്ചിരിച്ചു. "ഈശ്വരാ എല്ലാം നല്ലതിനാകണേ" ഈശ്വരനോടെ മനസ്സുരുകി പ്രാർത്ഥിച്ചു. "തൽക്കാലം ഇതൊന്നും അറിഞ്ഞതായി ഭാവിക്കേണ്ടാ" മാധവ് അവരെ ഓർമ്മിപ്പിച്ചു... അപ്പോഴേക്കും നന്ദ എത്തിയതോടെ അവർ ആ വിഷയം അവിടെ അവസാനിപ്പിച്ചു...

💙💙💙💙💙💙💙💙💙💙💙💙💙💙💙 പത്തുമണി ആയപ്പോഴേക്കും കുഞ്ഞാറ്റയെ കുളിപ്പിച്ച് കണ്ണെഴുതി പൊട്ടും തൊട്ടു സുന്ദരിയാക്കി നന്ദയും കുളിച്ചൊരുങ്ങി കുഞ്ഞുമായി വൈശാഖിന്റെ വീട്ടിലേക്ക് പോയി...മകളിലെ മാറ്റം അവർ കാണുന്നുണ്ടായിരുന്നു..അവരെയത് വളരെയേറെ സന്തോഷിപ്പിച്ചു..വലിയൊരു ഇടവേളക്ക് ശേഷമാണ് മകളെ ചിരിച്ചൊന്ന് കാണുന്നത്.. നന്ദ വരുമ്പോൾ വൈശാഖ്‌ മുറിയിൽ കിടക്കുകയായിരുന്നു.. കുഞ്ഞാറ്റയുമായി മുറിയിലേക്ക് കയറി വന്നവളെ കണ്ണും മിഴിച്ചു നോക്കി. "എനിക്ക് വിശാഖുമായി കുറച്ചു സംസാരിക്കാനുണ്ട്.. പ്ലീസ് ഒന്നു പുറത്തേക്ക് വരാമോ?" അപേക്ഷയോടെ പറഞ്ഞവളെ നോക്കി വിളറിയൊരു പുഞ്ചിരി സമ്മാനിച്ചു പുറത്തേക്കിറങ്ങി...മാധവും നളിനിയും എല്ലാം ശ്രദ്ധിച്ചു.അവരുടെ ചുണ്ടിലുമൊരു പുഞ്ചിരി തെളിഞ്ഞു.. തൊടിയിലെ പുളിയൻ മാവിൻ ചോട്ടിൽ നിൽക്കുമ്പോൾ നന്ദ വൈശാഖിനു മുന്നിൽ മനസ്സ് തുറന്നു.. "വൈശാഖ്‌ എനിക്കൊപ്പം കുറച്ചു നാളൊന്ന് അഭിനയിക്കണം.

.പ്ലീസ് എന്റെയൊരു അപേക്ഷയാണ്" വൈശാഖിനു ഒന്നും മനസ്സിലായില്ല...നന്ദ ഓരോന്നായും വിശദീകരിച്ചു...നളിനിയുടെ കയ്യിൽ നിന്നും കുഞ്ഞാറ്റയെ വാങ്ങാനായി കളളം പറഞ്ഞത് ഉൾപ്പെടെ.. "വൈശാഖിനു അറിയാലോ എന്നെ...നന്ദനും മോളും മരിച്ചതോടെ ജീവിതം തീർന്നെന്ന് കരുതിയവളാ..അച്ഛനേയും അമ്മയേയും ഓർക്കുമ്പോൾ ആത്മഹത്യ ചെയ്യാനും മനസ്സ് വരുന്നില്ല" വൈശാഖ്‌ ഒന്ന് ഞെട്ടി...നന്ദയിലെ ദുഖം ഉൾക്കൊള്ളാൻ അയാൾക്ക് കഴിഞ്ഞു.. "കുറച്ചു നാളത്തേക്ക് മതി...വിവാഹത്തിനു സമ്മതമാണെന്ന് ഒന്ന് പറയണം.. എല്ലാം മറക്കാനായി കുറെ നാളത്തെ സമയം..എനിക്ക് ജീവിക്കാനായി നന്ദന്റെയും മോളുടെയും ഓർമ്മകളുണ്ട്.അതിനിടയിൽ മറ്റൊരു പുരുഷനെ സങ്കൽപ്പിക്കാൻ കഴിയില്ല.. ഇതിനിടയിൽ ഞാൻ മറ്റെന്തെങ്കിലും ജോലിക്ക് ശ്രമിക്കും..എല്ലാം മറക്കാനായി ഒരു സ്ഥലം മാറ്റം ആവശ്യമാണ്. അതുവരെ ഞാൻ കുഞ്ഞാറ്റയുടെ അമ്മയായി കഴിഞ്ഞോട്ടെ..കുറച്ചു നാളത്തേക്ക് മാത്രം" നന്ദ പ്രതീക്ഷയോടെ വൈശാഖിനെ നോക്കി.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story