നാഥാർജുനം: ഭാഗം 1

Natharjunam

എഴുത്തുകാരി: അനു രാജീവ്

"മാധവേട്ടാ... നാഥൻ കുഞ്ഞും ആ അജുവും തെക്കേലെ പറമ്പിൽ കിടന്നു അടിയുണ്ടാക്കുവാ... ഞാൻ തടയാൻ നോക്കി.. എന്നെ കൊണ്ട് കൂടിയാ കൂടുംന്ന് തോന്നിയില്ല.. ഒന്ന് അത്രേടം വരെ വന്നാൽ നന്നായി......'"" കിതച്ചു കൊണ്ട് കാര്യസ്ഥൻ കേശവൻ പറഞ്ഞത് കേട്ട് മാധവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു... പൂമുഖത്തെ ചൂരൽ കസേരയിൽ നിന്ന് അയാളെഴുന്നേറ്റു... "ദാസാ......" ആ ഘനഗാഭീര്യമുള്ള ശബ്ദം ശിവശൈലം വീട്ടിൽ മുഴങ്ങി കേട്ടു... ഡ്രൈവർ ദാസൻ കാർ സ്റ്റാർട്ട്‌ ചെയ്തു വീടിനു മുന്നിലായി കൊണ്ട് നിർത്തി.. തോളിലെ തുണ്ടൊന്ന് നേരെയാക്കി അയാൾ ബാക്ക് സീറ്റിൽ കയറി വണ്ടി ഗേറ്റ് കടന്ന് വേഗത്തിൽ കുതിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശിവശൈലം വീട്ടിൽ മഹാദേവൻ ശിവകാമി ദാമ്പത്തികൾക്ക് മൂന്ന് മക്കൾ... മൂത്ത മകൻ മാധവൻ... ഭാര്യ ഭാമ, മകൻ ശ്രീനാഥ് മകൾ ശ്രീപ്രിയ,.... രണ്ടാമത്തെ മകൻ മഹീന്ദ്രൻ, അന്യമതത്തിൽ പെട്ട പെൺകുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചത് കൊണ്ട് വീട്ടിൽ നിന്നും ഇറക്കി വിട്ടു... കുടുംബത്തിന് മാനക്കേടുണ്ടാക്കിയവൻ ജീവിച്ചിരിപ്പില്ല എന്ന് കരുതും എന്ന മഹാദേവന്റെ തീരുമാനമായിരുന്നു അവിടെ അവസാനത്തേത്... എന്നാൽ മഹീന്ദ്രൻ തന്റെ കഠിനാദ്വാനം കൊണ്ടും സത്യസന്തത കൊണ്ടും ചെറിയ നിലയിൽ നിന്നും ബിസിനസ്സിൽ വളർന്നു...

ശിവശൈലം വീടിനു നേർ മുന്നിലായി തന്നെ സ്ഥലവും വീടും വാങ്ങി ഭാര്യ ജെസ്സിയോടൊപ്പം ജീവിതം ആരംഭിച്ചു... അവർക്ക് ഒരേ ഒരു മകൻ അർജുൻ എന്നാൽ ആ സന്തോഷത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല... 10 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ മഹീന്ദ്രൻ.... മൂന്നാമത്തെ പെൺതരി.. മഹിമ... ഭർത്താവ് വേണുഗോപാൽ.... ഒരു മകൾ വാമിക അവർ കാനഡയിൽ സെറ്റൽഡ് ആണ്... 3 വർഷങ്ങൾക്ക് മുമ്പ് വാർദ്ധക്യ രോഗങ്ങളാൽ മഹാദേവൻ മരിക്കുമ്പോൾ മകനെ അകറ്റിനിർത്തിയതിലുള്ള കുറ്റബോധം അയാളിൽ ഉണ്ടായിരുന്നു... പേരക്കുട്ടിയെ സ്നേഹിക്കാൻ കൂട്ടാക്കാത്തത്തിലുള്ള നിരാശ അയാളിൽ ഉണ്ടായിരുന്നു.. പക്ഷെ പണ്ട് മുതലേ സ്വാർത്ഥത നിറഞ്ഞ മനസ്സായിരുന്നു മാധവന്... അത് കൊണ്ട് തന്നെ അനിയനോടോ കുടുംബത്തോടൊ യാതൊരു വിധ അനുകമ്പയും അയാൾക്കുണ്ടായിരുന്നില്ല... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കാർ ശരവേഗത്തിൽ പാഞ്ഞ് പറമ്പിൽ എത്തി നിന്നു... രണ്ടു പേരും മണ്ണിൽ കിടന്നുരുളുന്നത് കണ്ടാണ് മാധവൻ കാറിൽ നിന്നിറങ്ങിയത്... "ഡാാ............" അതൊരു അലർച്ചയായിരുന്നു.. നാഥിന് മുകളിലായി കിടക്കുകയായിരുന്നു അർജുൻ...

പരസ്പരം രണ്ടാളും കോളറിൽ പിടിച്ചിട്ടുണ്ട്, ശബ്ദം കേട്ട ഭാഗത്തേക്ക് രണ്ടു പേരും ഒരുമിച്ച് തിരിഞ്ഞു നോക്കി.... മാധവനെ കണ്ട നാഥിൽ ആശ്വാസം നിറഞ്ഞു, പക്ഷെ അർജുൻ ഒരു തരം വെറുപ്പോടെയാണ് അയാളെ നോക്കിയത്... നാഥ് അവന്റെ മുകളിൽ നിന്നും അർജുനെ തള്ളിയിട്ടു.. രണ്ടാളും എഴുന്നേറ്റു... മാധവൻ അവർക്കരികിലേക്ക് നടക്കാനൊരുങ്ങുമ്പോഴേക്കും പോലീസ് ജീപ്പ് അവിടെ എത്തിയിരുന്നു... "ടോ... ആ തെമ്മാടിയെ കൊണ്ട് ശല്യമാണെണ് എത്രയായി തന്നോട് പറയുന്നു... എന്റെ മോനോട് പട വെട്ടാൻ മാത്രമേ അവന് നേരമുള്ളൂ... എന്തെങ്കിലും കേസിൽ കൊണ്ട് ചാടിച്ചാൽ പിന്നേ അവന്റെ ഭാവി തീർന്നല്ലോ.. അതാ ഈ തല തെറിച്ചവന്റെ ഉദ്ദേശം... കൊണ്ട് പോയി പോലീസ് മുറയിൽ നാലെണ്ണം കൊടുക്ക്.. നന്നാവുമെങ്കിൽ ആയിക്കോട്ടെ..." പുച്ഛത്തോടെ മാധവൻ പറഞ്ഞു നിർത്തി... ജീപ്പിൽ നിന്നും ഇറങ്ങി വന്ന പോലീസുകാരൻ അർജുന്റെ കോളറിൽ പിടിച്ച് വലിച്ചോണ്ട് പോയി... അവൻ നാഥിനെ കൂർപ്പിച്ചു നോക്കി... നാഥ് അവനെ പുച്ഛിച്ചു... ശേഷം മാധവനൊപ്പം കാറിൽ കയറി... കാർ നീങ്ങി... ഒപ്പം തന്നെ പോലീസ് ജീപ്പും... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വീടെത്തിയതും കാറിൽ നിന്നും ഇറങ്ങി ശ്രീനാഥ് അകത്തേക്ക് ഓടി കയറി.. റൂമിലേക്ക് കേറി ചാർജിൽ ഇട്ടു വച്ച ഫോൺ എടുത്ത് സുധാകരൻ എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു... "സുധാകരേട്ടാ... ഞാനാ ശ്രീനാഥ്..." "ആ.. പറ കുഞ്ഞേ... അച്ഛൻ പറഞ്ഞ പോലെ അവന് നന്നായി തന്നെ കൊടുത്തിട്ടുണ്ട്..." അത് കേട്ടതും ശ്രീനാഥ് നെറ്റിയിലൂടെ വിരലോടിച്ച് കണ്ണിറുക്കെ ചിമ്മി.. "ചേട്ടാ.. അവനെ ഒന്നും ചെയ്യല്ലേ.. ഇപ്പൊ വിട്ടേക്ക്.. ഇത് കേസ് ഒന്നും ആക്കണ്ട.. ഇനി അവന്റെ ദേഹത്തും തൊടരുത്...." "അത് പിന്നേ.. കുഞ്ഞേ... അച്ഛൻ...." "അതൊക്കെ ഞാൻ നോക്കിക്കോളാം.. ചേട്ടൻ ഞാൻ പറയുന്നത് ചെയ്താ മതി... അവന് കൊടുക്കേണ്ടത് ഞാൻ കൊടുക്കും.. വേറെ ആരും വേദനിപ്പിക്കൻ ഞാൻ സമ്മതിക്കില്ല.. ഇപ്പൊ തന്നെ വിട്ടൊളണം......" അത് ഒരു ആജ്ഞയായിരുന്നു... അവൻ കണ്ണടച്ച് ബെഡിലേക്ക് കിടന്നു... തന്റെ ജന്മ ശത്രുവാണ് അർജുൻ... അവനെ അടിക്കുമ്പോഴും അവന്റെ കയ്യിൽ നിന്നും കൊള്ളുമ്പോഴും പക മാത്രമേ മനസ്സിൽ ഉണ്ടാവാറുള്ളു... ഒരു കാര്യത്തിലും ചേർച്ചയില്ലാത്ത രണ്ടു പേർ....

ചെറുപ്പം മുതൽ തുടങ്ങിയ വെല്ലുവിളികളും അതിന് പിന്നോടിയായെത്തുന്ന തല്ലും മുറിവും ചോരയും... "മോനെ...." വാതിൽ തുറന്ന് ഭാമ കയറി വന്നു... "ഹാ.. അമ്മ...... " "നിന്നോട് പറഞ്ഞിട്ടില്ലേ അജുവിനോട് വഴക്കിടാൻ പോകരുതെന്ന്.. നെറ്റി പൊട്ടിയിട്ടുണ്ട്..." അവർ മേശയിൽ നിന്നും പഞ്ഞിയും മരുന്നും എടുത്ത് തുടച്ച് കൊണ്ട് പതം പറഞ്ഞ് കരയാൻ തുടങ്ങി.. "എത്ര പറഞ്ഞാലും മനസിലാകില്ല... നീ അവനെക്കാൾ ഏഴെട്ട് മാസത്തിനു മൂത്തതല്ലേ.. ഒന്ന് ഒതുങ്ങി പൊയ്ക്കൂടേ.. എങ്ങനെയാ അച്ഛന്റ മോനല്ലേ.. കൂടപ്പിറപ്പുകളോട് എങ്ങനെ സ്നേഹം ഉണ്ടാകാനാ????" "എന്റമ്മേ... അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്...?? ഇത് ഒരുപാട് വർഷമായി തുടർന്ന് വരുന്ന കാര്യമല്ലേ.. കരഞ്ഞു കരഞ്ഞു അമ്മക്കി മടുത്തില്ലേ..." അവൻ അല്പം കുസൃതിയോടെ ചോദിച്ചു.. "അസത്തെ.. നീ നെറ്റിയിൽ മുറിവും വച്ച് കെട്ടി ഇരുന്നോ.. മഹിയേച്ചിയും കുടുംബവും ഈ മാസം തന്നെ വരുമെന്ന പറഞ്ഞത്... വാമി മോള് ഇങ്ങോട്ട് വന്നിട്ട് 10 വർഷം ആയിക്കാണും അല്ലെ ടാ.. കാണാൻ കൊതിയായി കുട്ടിയെ... " ഇത് കേൾക്കെ നാഥിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"നല്ലോണം കിട്ടീലെ...." "ഹ്മ്മ്...." "നിനക്കെന്തിന്റെ കേടാ... എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് രണ്ടാളും വഴക്കിടാൻ നിക്കരുതെന്ന്.. മോനെ നിന്റെ വലിയച്ഛൻ ആണെങ്കിലും ആ ചിന്തയൊന്നും അയാൾക്കില്ല... എന്തും ചെയ്യാൻ മടിക്കില്ല.. എനിക്ക് നീ മാത്രമേ ഉള്ളു..." ജെസ്സി കരച്ചിലോടെ പറഞ്ഞ് നിർത്തി... "എന്റമ്മേ... അതിനിപ്പോ എന്താ ഉണ്ടായത്... ഇതൊക്കെ അമ്മന്റെ മോന് പുത്തരിയാണോ... കൊടുക്കലും കൊള്ളലുമൊക്കെ ആൺപിള്ളാർക്ക് പറഞ്ഞിട്ടുള്ളതാ.. ഇന്ന് ഈ ചെയ്തതിനു ആ സുധാകരന് ഞാൻ കൊടുക്കുന്നുണ്ട്.." അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. "ആാാാാ......................... ഒന്ന് കലിപ്പാകാനും വിടില്ല.. നിങ്ങളെന്റെ പുറം പൊള്ളിക്കോ... എന്തൊരു ചൂട്... പതുക്കെ ആവി പിടിക്കീൻ... ഊതി ഊതി വയ്ക്ക്...". "നീ വയറു നിറയെ തല്ലും വാങ്ങി വരുമ്പോ ഊതി ഊതി വക്കാൻ ഒരുത്തിയെ കെട്ടി കൊണ്ട് വന്ന് നിർത്ത്... എനിക്ക് മതിയായി...!" ആവി പിടിക്കുന്ന തുണി അവന്റെ പുറത്തേക്ക് എറിഞ് ജെസ്സി ദേഷ്യത്തോടെ എണീറ്റു പോയി... അവൻ കമഴ്ന്നു കിടന്നു കൊണ്ടെന്നെ തലയുയർത്തി മാലായിട്ടു വച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി... "പൊന്നച്ചോ.. എങ്ങനെ സഹിച്ചു ഇവരെ,????"🤭 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി 10.30 കവലയിൽ.... "ടാ.. അയാള് ഇതിയെ തന്നെ വരുമെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്... " "എന്റെ അജു... എന്നും റൌണ്ട്സ്ന് ഇറങ്ങണം ഇവർക്ക്.. എന്നെ അന്ന് പൊക്കിയത് ഇവിടന്നായിരുന്നു... ഉറപ്പാ ഇതിലൂടെ തന്നെ വരും..." ഉറ്റ കൂട്ടുകാരൻ അമൽ, അർജുനിന്റെ സംശയം തീർത്തു കൊടുത്തു... "ടാ... ഈ ഇരുട്ടടിയൊക്കെ ഔട്ടോഫ് ഫാഷനാ... നമുക്ക് നാളെ വീട്ടിൽ കേറി ചെന്ന് പണിയാ ടാ..." "എന്റെ പൊന്നളിയാ, പോലീസുകാരെ പകപ്പിക്കാൻ പാടില്ല.. ഒരു പാസ്പോർട് വേണെങ്കിൽ പോലും ആ നാറികൾ മനസ് വക്കണം.. അത് കൊണ്ട് ഇരുട്ടടിയക് ബെസ്റ്റ്.. അതാകുമ്പോ നമ്മടെ ദേഷ്യം തീർക്കും ചെയ്യാം, അവരൊട്ട് അറിയാനും പോവുന്നില്ല.. "എനിക്കെന്തോ..... "അയ്യോ.. നീ ഒന്ന് മിണ്ടാതിരി.. നിനക്ക് കൊടുക്കാൻ വയ്യെങ്കിൽ വേണ്ട.. ഞാൻ കൊടുത്തോളാം... എന്റെ കൂട്ടുകാരനെ തൊട്ടാൽ എനിക്ക് പൊള്ളുമെടാ പൊള്ളും... പറയുന്നതിനോടൊപ്പം സൈഡിലായി ഒരു കവറിൽ കരുതിയിരുന്ന ചാണകം എടുത്ത് അത് ഓരോ കുഞ്ഞു ബോൾ ആക്കി അതിൽ ഓരോ ആണി വീതം കുത്തി നിർത്തി റോഡിനു കുറുകെ അടുപ്പിച്ചടുപ്പിച്ചു കൊണ്ടിട്ടു.. പൈപ്പിൽ നിന്ന് കൈ കഴുകി നടന്നു വരുന്ന അമലിനെ നോക്കി അജു നിർവികാരതയോടെ നിന്നു..... "ടാ..

ഇനി വേറെ ഏതെങ്കിലും വണ്ടി വന്നാലോ....?" "ഹോ... ഡാർക്ക്‌... നീ ഇത്തിരി മിണ്ടാതിരിക്ക്.. ഇങ്ങനെ നെഗറ്റീവ് അടിക്കാതെ... പോലീസ് ജീപ്പ് വരുന്നു പഞ്ചർ ആവുന്നു, ആ പരട്ട സുധാകരൻ വണ്ടിയിൽ നിന്നിറങ്ങുന്നു.. ഈ തുണി മുഖത്തിട്ട് അയാളെ മാത്രം വലിച്ചോണ്ട് പോവുന്നു... നല്ലോണം കൊടുക്കുന്നു...." ഇതെല്ലാം കേട്ട് അർജുൻ താടിക്ക് കയ്യും കൊടുത്ത് ബുള്ളറ്റിൽ ചാരി നിന്നു... പെട്ടെന്ന് ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു... "ടാ.. വന്നു വന്നു.. ഈ പാട്ട ഇവടന്ന് മാറ്റ്..." അമൽ ബുള്ളറ്റിനെ ചൂണ്ടി പറഞ്ഞതും അർജുൻ അവനെ ഒന്ന് കലിപ്പിച്ചു നോക്കി... "എന്റെ പൊന്നോ.. എന്നെ പിന്നേ പേടിപ്പിക്കാം.. ഇത് പോയ പോയതാട്ടാ.. ഈ ദിവ്യ പേടകത്തെ ഒന്ന് മാറ്റി നിർത്തിയാലും.. Plzz.." അർജുൻ ഒന്ന് മൂളി കൊണ്ട് വണ്ടി സൈഡിലേക്ക് ആരും കാണാത്ത രീതിയിൽ ഒതുക്കി നിർത്തി... "ട്ടോ..................." വലിയ ശബ്ദത്തിൽ വണ്ടി പഞ്ചറായി... അവർ രണ്ടാളും സന്തോഷത്തോടെ അതിലുപരി പ്രതികാര ബുദ്ധിയോടെ റോഡിലേക്കിറങ്ങി.. അർജുൻ കലിപ്പിച്ച് അമലിനെ നോക്കി.. അവൻ ഇളിഞ്ഞ മുഖത്തോടെ പഞ്ചറായ വണ്ടിയിലേക്കും.... "വാ.. ആരാണെന്ന് പോയി നോക്കാം..." അതിനും അർജുൻ അവനെ ദേഷ്യത്തോടെ നോക്കി...

"ഇങ്ങനെ നോക്കിയിട്ടൊന്നും കാര്യമില്ല... ശബ്ദം കേട്ടപ്പോ ജീപ്പ് ആണെന്ന് തോന്നി... വാ ആരാ വണ്ടിയിലെന്ന് നോക്കാം.." അർജുൻ മുണ്ട് മടക്കി കുത്തി പഞ്ചറായ വണ്ടിക്കരികിൽ പോയി... "എന്ത് പറ്റി ചേട്ടാ....". പുറത്തിറങ്ങി ടയർ നോക്കി നിൽക്കുന്ന ഡ്രൈവറോട് അമൽ നിഷ്കളങ്കമായി ചോദിച്ചു... "ആരോ ആണി വച്ചതാണെന്ന് തോന്നുന്നു കുഞ്ഞേ.. കസ്റ്റമർ ഉണ്ട്.. അതും ഒരു പെങ്കൊച്ച്... ഈ നേരത്ത് ഇങ്ങനെ ഒരു പണി കിട്ടുമെന്ന് കരുതിയില്ല...." മധ്യവയസ്കനായ അയാൾ അല്പം ആധിയോടെ പറഞ്ഞു നിർത്തി.. "എങ്ങോട്ടാ ചേട്ടാ പോവണ്ടത്...????" അർജുൻ അയാളോട് ചോദിച്ചു.. "ഇനിയും മൂന്നാലു കിലോമീറ്റർ ഉണ്ട് മോനെ 'ശിവശൈലം വീട്, തെക്കേക്കര...., അല്ലെങ്കിലേ വഴിയാറിയാതെ ആ കൊച്ചു ഫോണിൽ നോക്കിയാ പറഞ്ഞോണ്ടിരുന്നത്......." അഡ്രെസ്സ് കേട്ടപ്പോൾ അർജുനിന്റെ നെറ്റി ചുളിഞ്ഞു.. "ശിവ ശൈലത്തിലേക്കോ...????" "അതെ... എന്താ മോനെ..." "അത് ഇവന്റെ തറവാട് വീടാ..." മറുപടി പറഞ്ഞത് അമലായിരുന്നു... "ഹോ.. അത് നന്നായി... മോളെ..." അയാൾ കാറിലേക്ക് നോക്കി വിളിച്ചു... വിൻഡോ ഗ്ലാസ്‌ പതിയെ താഴ്ന്നു... മൂന്നു പേരും അങ്ങോട്ട് തന്നെ നോക്കി നിന്നു...

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ആ മുഖം തിളങ്ങുന്നതായി തോന്നി അർജുന്... ഹൃദയം ക്രമധീദമായി മിടിക്കുന്ന പോലെ.. കുഞ്ഞി കണ്ണുകളും ചുവന്ന അധരവും അളന്നെടുത്ത പോലെയുള്ള മൂക്കും.. അലസമായി കാറ്റിൽ പറന്നു കളിക്കുന്ന മുടിയിഴകൾ.. ആ മുഖത്തിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല അർജുന്... അവൻ നോട്ടം മാറ്റുന്നില്ലെന്ന് കണ്ട് അമൽ അവന്റെ തോളിൽ ചെറുതായൊന്ന് തട്ടി... "മോളെ.. ഈ കുഞ്ഞിനറിയാം ആ അഡ്രെസ്സ്.. ആ വീട്ടിലെയാണത്രേ..." ഡ്രൈവർ പറയുന്നത് കേട്ട് അവൾ സംശയത്തോടെ അർജുനിന്റെ മുഖത്തേക്ക് നോക്കി... പെട്ടെന്നവൾ അവനെ നോക്കി പുഞ്ചിരിച്ചു.... അവന് തിരിച്ചൊന്ന് ചിരിക്കാൻ പോലും കഴിഞ്ഞില്ല... ഇത് വരെ തോന്നാത്ത ഒരു തരം വികാരത്തിൽ പെട്ടുഴലുകയായിരുന്നു അവൻ... അവൾ കാറിൽ നിന്നും പുറത്തേക്കിറങ്ങി... " ഞാൻ ഇവരുടെ കൂടെ പോയ്കോളാം.." ഹാൻഡ് ബാഗിൽ നിന്നും പൈസയെടുത്തു നീട്ടി കൊണ്ട് അവൾ ഡ്രൈവറോട് പറഞ്ഞു.. അയാൾ മടിയോടെ മൂന്നു പേരെയും മാറി മാറി നോക്കി.. "പേടിക്കണ്ട ചേട്ടാ.. എനിക്ക് പരിചയമുള്ളവരാ.. Thank u so much.. " അവൾ പൈസ അയാളുടെ കയ്യിൽ വച്ച് കൊടുത്ത് സീറ്റിൽ നിന്നും ഒരു ബാഗ് കൂടെ പുറത്തെടുത്തു..

അപ്പോഴേക്കും അമൽ ഫോൺ എടുത്ത് പരിചയമുള്ള വർക്ഷോപ്കാരനെ വിളിച്ചു.. "ചേട്ടാ.. ഒരു അരമണിക്കൂറിനകം ആളിവിടെ എത്തും... സ്റ്റെപ്പിനി ഇല്ലാത്തൊണ്ടാ... അല്ലെങ്കിൽ ഞങ്ങൾ മതിയായിരുന്നു... അവൻ വന്ന് നോക്കിക്കോളും.. അയാൾ അതിനൊന്ന് പുഞ്ചിരിച്ചു.. "നിങ്ങൾ എങ്ങനെ പോവാനാ മോനെ...." അയാൾ അർജുനെ നോക്കി ചോദിച്ചു.. മറുപടി പറഞ്ഞത് അമലാണ് "ഇവന്റെ പാട്ട.. അല്ല.. പേടകം ഉണ്ടിവിടെ... അവര് പൊയ്ക്കോട്ടേ ഞാൻ ചേട്ടന് കൂട്ടിരിക്കാം.." അവൾ സംശയത്തോടെ അവനെ നോക്കി.. അവൻ ഒന്നും മിണ്ടാതെ റോഡിനു വളവിലെ സൈഡിലായി ഒതുക്കി നിർത്തിയിരുന്ന ബുള്ളെറ്റ് എടുത്തിട്ട് വന്നു... അത് കണ്ടതും അവളുടെ മുഖം വിടരുന്നത് അവൻ ശ്രദ്ധിച്ചു... അവൾ ഓടി വന്ന് ട്രോളി ബാഗ് അവന്റെ മുന്നിലായി വച്ചു... എന്നിട്ട് ചാടി കേറി പുറകിലിരുന്നു.. ആരാണെന്ന് ചോദിക്കണമെന്നുണ്ടെങ്കിലും എന്തോ ഒന്ന് വിലക്കുന്ന പോലെ.. ഒന്നും മിണ്ടാതെ ആക്‌സിലേറ്റർ മുറുക്കി... ആ യാത്ര അവന് അത്ര മേൽ പ്രിയപ്പെട്ടതായി തോന്നി... രണ്ടു പേരും ഒന്നും മിണ്ടിയില്ല.. ഇനിയും മിണ്ടാതിരിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കി അവൻ തന്നെ ചോദിച്ചു.. "ശിവ ശൈലത്തിലേക്ക് എന്തിനാ..

ആരെ കാണാൻ, അതും ഈ നേരത്ത്......?" അവൾ ചിരിച്ചു കൊണ്ട് കുറച്ചൂടെ ചേർന്നിരുന്നു.. അവൻ പതറിപ്പോയി.. ഒരു പെണ്ണിന്റെ ചൂട് . കഴുത്തിനോട് ചേർന്ന് വന്നു കാതിൽ പറഞ്ഞു "ശ്രീപ്രിയടെ ഫ്രണ്ടാ... ഫ്ലൈറ്റ് ഡിലൈ ആയി.. അത് കൊണ്ടാ ഈ സമയത്ത് എത്തിയത്.... " അവൾ ഊറി വന്ന ചിരി കടിച്ചു പിടിച്ചു... അവൻ ശ്വാസം പോലും എടുക്കാൻ മറന്ന് ഇരിക്കുവായിരുന്നു... എങ്ങനെയെങ്കിലും തറവാട് എത്തി ഇവളെ ഇറക്കി വിട്ടാൽ മതി എന്ന ചിന്തയും ഒപ്പം ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന ആഗ്രഹവും... പുറകിൽ രാത്രിയിലെ കാറ്റും തണുപ്പും ആസ്വദിച്ചിരിക്കുന്നവളെ സൈഡ് മിററിലൂടെ നോക്കി കൊണ്ടിരിക്കെ വണ്ടി തറവാട് പടിക്കലെത്തി... അവൾ അവന്റെ തോളിൽ കൈ ചേർത്ത് താഴെയിറങ്ങി... അവന്റെ കണ്ണിൽ തന്നെ നോക്കി മുന്നിൽ വച്ച ട്രോളി എടുത്തു.. "അകത്തേക്ക് വരുന്നില്ലേ..."

കണ്ണിൽ നിന്നും നോട്ടം മാറ്റാൻ രണ്ടാൾക്കും കഴിഞ്ഞില്ല... "വിലക്കാ... അകത്തു കേറില്ല..." അതിനവളൊന്ന് പുഞ്ചിരിച്ചു.. ബാഗ് എടുത്തു ഗേറ്റ് തുറന്ന് അകത്തു കയറി ബുള്ളറ്റിലിരിക്കുന്ന അവനെ തിരിഞ്ഞു നോക്കി... "അജുന് വാമിയുണ്ടല്ലോ........." അവൾ ഉറക്കെ വിളിച്ചു പറഞ്ഞു .. പുഞ്ചിരി തത്തി കളിച്ച മുഖത്ത് അത്ഭുതം വന്നു നിറഞ്ഞു... തിരഞ്ഞതെന്തോ കിട്ടിയ സന്തോഷമായി ആ അത്ഭുതം പരിണമിച്ചു... അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ അകത്തേക്ക് കേറി പോയി.. അവിടെ വെളിച്ചം തെളിഞ്ഞതിനു ശേഷം അവൻ വണ്ടി വീട്ടിലേക്ക് കയറ്റി... "അജുന് വാമിയുണ്ടല്ലോ... വിഷമിക്കണ്ടാട്ടോ..." കണ്ണുനീർ തളം കെട്ടിയ തന്റെ കവിൾതടം വെളുത്ത കുഞ്ഞി കൈകൾ കൊണ്ട് തുടച്ച് പറഞ്ഞ ആ 11 വയസ്സുകാരി അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു... തുടരും

Share this story