നാഥാർജുനം: ഭാഗം 17

Natharjunam

എഴുത്തുകാരി: അനു രാജീവ്

വെട്ടാൻ വാളോങ്ങി നിൽക്കുന്നവന്റെ കയ്യിൽ മുറുകെ പിടിച്ച് ദേഷ്യത്തോടെ നിൽക്കുന്ന അർജുനെ കാണേ ശ്രീക്ക് അത്ഭുതം തോന്നി.... അവന്റെ കൈകളിൽ പിടിച്ചു മുറുക്കി തിരിച്ച് പുറകിലേക്ക് ആക്കി, നെഞ്ച് നോക്കി കൈ ചുരുട്ടി ഒന്നു കൊടുത്തു... അവൻ പിടഞ്ഞു കൊണ്ട് താഴേക്കു പതിച്ചു.. ഇത് കണ്ടു കൊണ്ട് നിന്ന ശ്രീയുടെ കൈയ്യിൽ ബ്ലോക്ക് ചെയ്ത രണ്ടുപേർ അവനെ വിട്ട് വേഗം അർജുനു നേരെ വന്നു... പക്ഷേ ഓടിയ ഒരുത്തന്റെ കാലിൽ ചവിട്ടി ശ്രീ വീഴ്ത്തിയിട്ടു മറ്റൊരുത്തനെ അർജുനും കൈകാര്യം ചെയ്തു. എല്ലാവരും താഴെവീണതിനുശേഷം അർജുൻ തിരിഞ്ഞുനോക്കാതെ മുണ്ടുമടക്കിക്കുത്തി ദൂരേക്ക് നടന്നു.. ശ്രീ അവനെ തന്നെ നോക്കി നിന്നു... എന്നും അവൻ ഒരു അത്ഭുതമായിരുന്നു ശ്രീക്ക്... അവൻ വേഗം തന്നെ കാറ് സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും പോയി... 💠💠💠💠💠💠💠

നാട്ടുകാർക്ക് പത്രിക കൊടുക്കാൻ ഏർപ്പാടാക്കിയ ആൾ അർജുനിന്റെ വീട്ടിലും എത്തി.. പത്രിക ജെസ്സിയുടെ കയ്യിലേക്ക് വച്ചു കൊടുത്തു.. "ശിവ ശൈലത്ത് മാധവൻ മഹാദേവൻ മകൻ ശ്രീനാഥ്ന്റെ വിവാഹത്തിന് ക്ഷണമുണ്ട്.. കുടുംബ സമേതം പ്രതീക്ഷിക്കുന്നു " അത്രയും പറഞ്ഞ് അയാൾ പോയി.. ജെസ്സിക്ക് ആദ്യം അത്ഭുതം തോന്നിയെങ്കിലും പിന്നെ സന്തോഷം ആയിരുന്നു... അവിടെ നിന്ന് ക്ഷണം കിട്ടിയില്ലേ.... അതിനേക്കാളേറെ ശ്രീയുടെ വിവാഹം ആണല്ലോ...അത് ഇപ്പോഴാണല്ലോ താൻ അറിഞ്ഞത് എന്ന് ചെറിയൊരു സങ്കടവും അവരിൽ ഉണ്ടായി.. ജെസ്സി ആകാംക്ഷയോടെ പത്രിക പൊട്ടിച്ച് നോക്കി അടുത്തുതന്നെ ജോണും ജെനിയും ഉണ്ടായിരുന്നു... വധുവിനെ പേരിന്റെ ഭാഗത്ത് വേണുഗോപാൽ മകൾ വാമിക എന്ന് കണ്ടത് അവരിൽ ഞെട്ടലുണ്ടാക്കി... ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്ന കുഞ്ഞ് ഇത് തന്നോട് പറഞ്ഞില്ലല്ലോ എന്നത് ജെസ്സിക്ക് ചെറിയൊരു പരിഭവവും ഉണ്ടാക്കി.. ജെസ്സിയുടെ മനസ്സിൽ എവിടെയോ ഒരു ചെറിയ നിരാശ യുണ്ടായി .

അർജുനോടൊപ്പം കാണുമ്പോൾ എപ്പോഴോ ആഗ്രഹിച്ചിരുന്നു വാമിയെ മരുമകളായി കിട്ടാൻ എന്നത് ആ നിമിഷമാണ് അവർക്ക് മനസ്സിലായത്... എങ്കിലും അത് പുറമേ കാണിക്കാതെ ജോണിനോടും ജെനിയോടും ചിരിച്ചുകൊണ്ട് പത്രിക നീട്ടി.. അവിടെ വധുവിന്റെ സ്ഥാനത്ത് വാമിയുടെ പേര് കണ്ട് ജെനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി.. കല്യാണം ഉറപ്പിച്ചിട്ടും അജു ഏട്ടനോട് ഇങ്ങനെയെല്ലാം കാണിക്കുന്നു എന്നത് അവളിൽ വാമിയോട് ഒരുതരം വെറുപ്പ് ഉളവാക്കി... വാമിയെ അവൾ പുച്ഛത്തോടെ ഓർത്തു.. അവളുടെ ആ സന്തോഷം ഒരിക്കലും നീണ്ടകാലത്തേക്ക് അല്ല എന്ന് മനസ്സിലാക്കാതെ അവൾ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി... ◽️◽️◽️◽️🔹🔹🔹🔹🔹🔹◽️◽️◽️◽️ വേണുവിന്റെയും മാധവന്റെയും മുന്നിൽനിന്ന് എങ്ങനെയോ രക്ഷപ്പെട്ടെങ്കിലും ജോഗിങ് കഥ അവർ വിശ്വസിച്ചിരിക്കില്ല എന്ന് വാമിക്ക് തോന്നി... റൂമിലേക്ക് വന്ന് ഫ്രഷ് ആയി അവൾ ബെഡിലേക്ക് കിടന്നു ഫോണെടുത്ത് കുറച്ചുനേരം നോക്കുമ്പോഴേക്കും പ്രിയ വന്ന് റെഡിയാവാൻ പറഞ്ഞു...

ഡ്രസ്സ് എടുക്കാൻ പോകണത്രേ... അപ്പോഴാണ് അജു തന്നോട് ഇന്നലെ തന്നെ ആ കാര്യം പറഞ്ഞത് അവൾക്ക് ഓർമ്മ വന്നത്... അർജുനിന്റെ ഓർമ്മയിൽ അവളിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് അവൾ താഴേക്ക് വന്നു..അവളുടെ മുഖത്തുള്ള ചിരിയും സന്തോഷവും ആർക്കും സംശയം ഒന്നും ഉണ്ടാക്കിയില്ല... പക്ഷേ മാധവൻ ആ ചിരിയിൽ ഭയന്നു... അജുവിനോടുള്ള വാമിയുടെ പ്രണയം ഏറ്റവും ആദ്യം മനസ്സിലാക്കിയത് മാധവനായിരുന്നു... ശ്രീയെ നിർബന്ധിച്ചെങ്കിലും അവൻ വരാൻ കൂട്ടാക്കിയില്ല... പിന്നെ ഒരുപാട് നിർബന്ധിച്ചപ്പോൾ കുറച്ചുകഴിഞ്ഞ് എത്തിക്കോളാം എന്നു പറഞ്ഞു.. നഗരത്തിലെ തന്നെ ഏറ്റവും വലിയ ടെക്സ്റ്റൈൽ ഷോപ്പിനു മുന്നിൽ ആണ് കാർ വന്നു നിന്നത്... അവർ നേരെ ആദ്യം ക്യാഷ്വൽ സെക്ഷനിൽ പോയി എല്ലാവർക്കും വേണ്ട ഡ്രസ്സുകൾ എടുത്തു... വിവാഹ സാരീ ശ്രീ വന്നിട്ട് എടുക്കാം എന്നു കരുതി ആദ്യം ബാക്കിയുള്ളവർക്ക് മുഴുവൻ ഡ്രസ്സ് എടുത്തു... അപ്പോഴാണ് ശ്രീ ദൂരെ നിന്നും വരുന്നത് കണ്ടത്...

അവനോടൊപ്പം എല്ലാവരും സാരി സെലക്ഷനിലേക്ക് പോയി.. വാമിയുടെ മുഖവും ശ്രീയുടെ മുഖവും തീരെ തെളിച്ചം ഇല്ല എന്നത് മഹിമയും ഭാമയും ശ്രദ്ധിച്ചു... അവർ തന്നെയാണ് സാരി സെലക്ട് ചെയ്തതും എടുത്തതും എല്ലാം... ശ്രീയും വാമിയും യാതൊരുവിധ അഭിപ്രായങ്ങളും പറയുന്നില്ല, എന്തിന് സാരി പോലും ശ്രദ്ധിക്കുന്നില്ല എന്നതിൽ വേണുവിന് വിഷമം ഉണ്ടായി... എന്തൊക്കെ പറഞ്ഞാലും മകളെ അളവിന് അധികം സ്നേഹിച്ചിരുന്ന ഒരു അച്ഛനായിരുന്നു അദ്ദേഹം.. ഇത്രത്തോളം എന്റെ മകൾക്ക് ഈ വിവാഹം ഇഷ്ടമല്ലേ എന്നത് അയാളുടെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി നിന്നു... പക്ഷേ ഭാമയുടെയും മാധവന്റെയും മുഖത്തെ സന്തോഷം കാണെ വാമിയെ അയാൾ കണ്ടില്ലെന്നു നടിച്ചു.. തന്റെ മകളെ ഒരു സുരക്ഷിതമായ കയ്യിലാണ് ഏൽപ്പിക്കുന്നത് എന്ന് ചിന്തിച്ച് അയാൾ വാമിയുടെ മുഖഭാവം മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു.... വാമി അലസമായി ഫോണിൽ നോക്കി കൊണ്ട് മുഖം തിരിച്ചു നോക്കുമ്പോൾ ആണ് ദൂരെയായി പ്രിയയും പ്രിയക്ക് അടുത്ത് ഒന്നുമറിയാത്തപോലെ അമലും നിൽക്കുന്നത് കണ്ടത്... അവരെ കണ്ടതും അവളുടെ കണ്ണുകൾ മറ്റാരെയോ അന്വേഷിച്ചു കൊണ്ടിരുന്നു..

. പതിയെ നിന്നവിടെ നിന്നും സ്കൂട്ടായി അവൾ അവനെ അന്വേഷിച്ചു നടന്നു കൊണ്ടിരുന്നു... സ്റ്റാൻഡുകൾ ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് അവളുടെ പിൻകഴുത്തിൽ ആ ശ്വാസം ഇക്കിളിയാക്കിയത്... തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് ആ ശ്വാസം പോലും മനസ്സിലായി... അതേപടി തന്നെ അവന്റെ കയ്യിലേക്ക് പിടിച്ച് വലിച്ച് നേരെ ട്രയൽ റൂമിൽ ഉള്ളിലേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു... അർജുൻ ഒരു പിരികം പൊക്കി എന്താണ് എന്ന ഭാവത്തിൽ നിന്നു.. അവളുടെ മുഖം അപ്പോൾ തന്നെ വാടി അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കെട്ടിപ്പിടിച്ചു... ഉള്ളിലെ ആധിക്ക് അൽപം ആശ്വാസം തോന്നി അവൾക്ക്... "അജു... I can't.... എന്നെക്കൊണ്ട് പറ്റുന്നില്ല ഡാ... ശ്രീയേട്ടനൊപ്പമുള്ള വിവാഹത്തിന് ഞാൻ എങ്ങനെ ഡ്രസ്സെടുക്കാനാ? എത്രയൊക്കെ ആക്ട് ചെയ്താലും ചിലതൊന്നും വരുന്നില്ല... Iam scared...." "Why?? നീ പേടിക്കണ്ട... നിന്റെ വിവാഹം ശ്രീയുമായി ആണെന്ന് ആരു പറഞ്ഞു? എടി പൊട്ടികാളി നമ്മുടെ വിവാഹം ആയിരിക്കും നടക്കുക..."

"നിനക്കെന്താ ഇത്ര ഉറപ്പ്??? എനിക്ക് നല്ല പേടിയുണ്ട്.. പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ..." "Iam always be with you... പേടിക്കണ്ട...." അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി നോക്കി... അർജുനിന്റെ മുഖത്തെ ആത്മവിശ്വാസം അവളുടെ മുഖത്തേക്കും പടർന്നു.. അതിന്റെ ഫലമെന്നോണം അവളുടെ മുഖത്ത് നറു പുഞ്ചിരി മൊട്ടിട്ടു.. അവൻ അവളുടെ കവിളിൽ ചുണ്ട് ചേർത്തു.. അവളത് കണ്ണടച്ച് കൊണ്ട് സ്വീകരിച്ചു... 💠💠💠💠💠▫️▫️▫️▫️▫️💠💠💠💠 ഉച്ചക്ക് സൊസൈറ്റിയിൽ പാല് കൊടുത്ത് ലച്ചുവിന്റെ കയ്യിൽ പിടിച്ച് നടന്നു വരികയാണ് ദേവിക.. ലച്ചു അവളുടെ കയ്യിൽ തൂങ്ങി ഓരോന്ന് പറഞ്ഞു നടക്കുന്നുണ്ട്.. ഓരോരുത്തരും അർത്ഥം വച്ച് നോക്കുമെങ്കിലും ഇപ്പോൾ അതൊന്നും അവൾ ശ്രദ്ധിക്കാറില്ല.. ദൂരെ നിന്നും ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടതും ദേവിക തിരിഞ്ഞു നോക്കി.. "അജു മാമ അമ്മാ" ലച്ചു പ്രതീക്ഷയോടെ ദേവികയെ നോക്കി.. "അജു മാമ അല്ലടാ... വേറെ ആരോ ആണ്.." ബുള്ളറ്റിന്റെ കളർ മാറിയത് കണ്ട് ദേവിക മോളോട് പറഞ്ഞു..

അപ്പോഴേക്കും ആ ബുള്ളറ്റ് ഒരു ഇരമ്പലോടെ അവരുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി... ദേവിക പേടിച്ച് വേഗം കുഞ്ഞിനെ കയ്യിലെടുത്തു... അവളാണെങ്കിൽ ബുള്ളറ്റും നോക്കി കൊണ്ട് നിൽക്കുകയാണ്... അയാൾ തലയിൽനിന്നും ഹെൽമറ്റ് ഊരി.. ആ മുഖം കാണെ ദേവികയുടെ കൈയും കാലും കുഴയുന്ന പോലെ തോന്നി... "ശിവേട്ടൻ" അവളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു... "ഓഹ്.. അപ്പൊ നീ മറന്നിട്ടില്ല അല്ലേടി...." അയാൾ വഷളൻ ചിരിയോടെ ചോദിച്ചു... ദേവികയുടെ അമ്മയുടെ ചേട്ടന്റെ മോനാണ്... അമ്മയും അച്ഛനും മരിച്ചപ്പോൾ ആദ്യം സഹായഹസ്തവുമായി വന്നത് അവരായിരുന്നു... പക്ഷേ പിന്നീടാണ് അവരുടെ ഉദ്ദേശം അവൾക്ക് മനസ്സിലായത്... അവരുടെ പേരിൽ ആകെ ഉണ്ടായിരുന്ന വീടും പറമ്പും അയാൾ കൈക്കലാക്കി... അത് കിട്ടിയപ്പോൾ അമ്മാവനും അമ്മായിയും പോയെങ്കിലും ശിവേട്ടൻ അവരിൽ നിന്ന് പോകാൻ തയ്യാറായില്ല... അത് ദേവികയെ കണ്ടിട്ട് ആയിരുന്നു എന്ന് പിന്നീടാണ് അവൾക്ക് മനസ്സിലായത്...

ഒരു ആൺതുണ ആയി വീട്ടിൽ ഒരാൾ ഇരുന്നോട്ടെ എന്ന് അമ്മമ്മ പറഞ്ഞപ്പോൾ വിശ്വസിച്ചാണ് ശിവേട്ടനെ കൂടെ നിർത്തിയതു... പക്ഷേ ഒരു ദിവസം തന്നോട് മോശമായി പെരുമാറിയപ്പോഴാണ് അയാളുടെ ചിന്ത അത്രയ്ക്കും അധഃപതിച്ചത് ആയിരുന്നു എന്ന് അവൾക്ക് മനസ്സിലായത്... അമ്മമ്മ തന്നെ അവിടെ നിന്നും അയാളെ ഓടിച്ചു എങ്കിലും എന്നും ശല്യമായി കൂടെ തന്നെ ഉണ്ടായിരുന്നു... പ്രഗ്നന്റ് ആയതിനു ശേഷവും ഞാൻ കെട്ടിക്കോളാം എന്ന് പറഞ്ഞ് അയാൾ പുറകെ ഉണ്ടായിരുന്നു... വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ നശിപ്പിക്കാൻ അയാൾ കഴിയുന്നവിധം എല്ലാം അയാൾ ശ്രമിച്ചുകൊണ്ടിരുന്നു... അതിന് പിന്തുണയുമായി അമ്മമ്മയും ഉണ്ടായിരുന്നു എന്നതാണ് അവൾക്ക് ഏറ്റവുമധികം വിഷമമുണ്ടാക്കിയ കാര്യം... അവളും അനിയത്തിയും പറ്റുന്ന പോലെ പൊരുതി യിട്ടാണ് ലക്ഷ്മി മോൾ ഇപ്പോൾ തന്റെ കയ്യിൽ ഭദ്രമായി ഇരിക്കുന്നത് എന്ന് ദേവിക വേദനയോടെ ഓർത്തു... അതിനു ശേഷവും കുറച്ചുകാലം കൂടി ആ ശല്യം തുടർന്നു..

പക്ഷേ ഇടയ്ക്ക് ഒരു പെണ്ണുപിടി കേസിൽ പെട്ട് അയാളെ പോലീസ് അറസ്റ്റ് ചെയ്തെന്നും കുറച്ചുകാലം പുറത്തു കാണില്ലെന്നും അറിഞ്ഞത് ദേവികക്ക് എന്തെന്നില്ലാത്ത ആശ്വാസം ഉണ്ടാക്കി... പക്ഷേ ഇങ്ങനെയൊരു കൂടിക്കാഴ്ച അവൾ പ്രതീക്ഷിച്ചിരുന്നില്ല.. ഭയം കൊണ്ട് അവളുടെ കൈകാലുകൾ തളർന്നു പോകുന്ന പോലെ തോന്നി... "നീ ഒന്ന് കൂടെ വെളുത്തു കൊഴുത്തല്ലോടി പെണ്ണെ....." ശിവൻ വായിലെ പാക്ക് വെളിയിലേക്ക് തുപ്പി കൊണ്ട് വഷളൻ ചിരിയോടെ പറഞ്ഞു.. അവൾ പേടിച്ച് വിറച്ച് കൊണ്ട് ചുറ്റും നോക്കി.. എല്ലാവരും നോക്കുന്നുണ്ടെങ്കിലും ആരും അവനെതിരെ ഒരു വാക്ക് പോലും മിണ്ടില്ലെന്ന് അവൾക്ക് ബോധ്യം ഉണ്ടായിരുന്നു.. ശിവൻ ദേവികയുടെ ഉടലളവുകൾ കണ്ണ് കൊണ്ട് ചൂഴ്ന്നെടുക്കുകയാണ്‌.. അവൾ ആ വണ്ടിയെ കടന്ന് പോവാൻ നിന്നതും അവളുടെ കയ്യിൽ ആ ബലിഷ്ടമായ കൈകൾ പതിഞ്ഞു.. പുഴുവരിക്കും പോലെ തോന്നി അവൾക്ക്.. ഉടനെ തന്നെ കൈ കുടഞ്ഞെങ്കിലും ആ കൈകളെ പിൻവലിപ്പിക്കുക എന്നത് അവളെ കൊണ്ട് സാധിക്കുന്ന ഒന്നായിരുന്നില്ല.. ആ സ്പർശം തന്നെ അവൾക്ക് അരോചകമായി തോന്നി.. "ഇപ്പൊ നിന്റെ പണി മറ്റേതാണെന്ന് പറയുന്നത് കേട്ടു. എന്നിട്ടും ഒട്ടും ഉടഞ്ഞിട്ടില്ലാലോടി പെണ്ണെ നീ..

എത്ര പേര് നിന്നെ .........." അവൾക്ക് ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് തോന്നി പോയി... മിഴികൾ കലങ്ങി കണ്ണുനീർ കാഴ്ചയെ മറച്ചു തുടങ്ങി... "കണക്ക് ഞാൻ പറഞ്ഞ് തന്നാൽ മതിയോ....??" വേറൊരു പുരുഷ ശബ്ദം കേട്ട് ശിവൻ പുറകോട്ട് നോക്കി.. തല ഉയർത്തി നോക്കണം എന്നുണ്ടെങ്കിലും അപമാന ഭാരത്താൽ ദേവികക്ക് അതിന് സാധിച്ചില്ല... പെട്ടെന്നാണ് ശിവനും ആ ബുള്ളറ്റും ഒരുമിച്ച് നിലം പതിച്ചത്... ദേവിക ഞെട്ടി തലയുയർത്തി നോക്കി.. മുന്നിൽ കാണുന്നത് സത്യമാണോ എന്ന് പോലും അവൾ ഒരു നിമിഷം സംശയിച്ചു.. ലച്ചുമോൾ അവളുടെ തോളിൽ നിന്നും എഴുന്നേറ്റ് മുന്നിലേക്ക് നോക്കി.. "നാഥ കുഞ്ഞി ല്ലെ അമ്മേ........" ലച്ചു മോൾടെ ശബ്ദമാണ് ദേവികയെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്.. ▫️🔹▫️🔹▫️🔹▫️🔹▫️🔹▫️🔹▫️🔹 ഉച്ച ആവുമ്പോഴേക്കും ഷോപ്പിംഗ് കഴിഞ്ഞിരുന്നു.. എന്തുകൊണ്ടോ ശ്രീക്ക് ഇതിലൊന്നും പങ്കെടുക്കാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല... എന്നിട്ടും അമ്മ ഒരുപാട് നിർബന്ധിച്ച കാരണമാണ് ഡ്രസ്സ് എടുക്കാൻ കൂടെ പോയത്....

ഉച്ചയാവുമ്പോഴേക്കും എല്ലാം അവസാനിപ്പിച്ച് അവൻ വീട്ടിലേക്ക് വന്നു... കുറച്ചു നേരം ഇരുന്നപ്പോഴാണ് ഭക്ഷണം കഴിക്കാൻ പുറത്തുപോകണം എന്ന് കരുതിയത്.... ദൂരെ നിന്നും ദേവികയും കുഞ്ഞും വരുന്നത് കണ്ടപ്പോൾ തന്നെ അറിയാതെ അവൻ കാർ നിർത്തി.... അവളുടെ കയ്യിൽ തൂങ്ങി കിന്നാരം പറഞ്ഞു വരുന്ന ലച്ചു മോളെ അവൻ കണ്ണെടുക്കാതെ നോക്കിനിന്നു... കളിച്ചു രസിച്ചു വരുന്ന കുറുമ്പിയെ കാണെ അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത വിധം സന്തോഷം വന്നു നിറയുന്നത് അവൻ അറിഞ്ഞു... അപ്പോഴാണ് ദൂരെ നിന്നും ഒരു ബുള്ളറ്റ് വരുന്നതും അത് അവർക്ക് കുറുകെ വന്നു നിൽക്കുന്നതും കാണുന്നത്... അത് ആരാണെന്ന് മനസ്സിലായില്ല എങ്കിലും ആളെ കണ്ട് ദേവികയും കുഞ്ഞും ഭയക്കുന്നത് ശ്രീയിൽ അസ്വസ്ഥത ഉണ്ടാക്കി... അവൻ കാർ തുറന്നു പുറത്തേക്കിറങ്ങി ചുറ്റും നോക്കി... എല്ലാവരും കാണികളെ പോലെ നോക്കി നിൽക്കുന്നു... അവളുടെ കണ്ണുകൾ കലങ്ങി യിട്ടുണ്ട്... എങ്കിലും പോകാൻ നിന്ന അവളെ അയാൾ കയ്യിൽ പിടിച്ചു നിർത്തി...

അത് കാണെ ശ്രീക്ക് ദേഷ്യം ഉച്ചസ്ഥായിലെത്തി.. അവൻ അവിടെ നിന്നും അവർക്കരികിലേക്ക് നീങ്ങി. ദേവിക തലയുയർത്തി നോക്കുന്നില്ല എങ്കിലും ചുറ്റുമുള്ള നാട്ടുകാർ അവനെ തന്നെ ഉറ്റുനോക്കുന്നത് ശ്രീക്ക് മനസ്സിലായി... അവർക്കരികിൽ പോകുമ്പോഴാണ് അയാളുടെ വാക്കുകൾ അവന്റെ കാതിൽ പതിച്ചത് "ഇപ്പൊ നിന്റെ പണി മറ്റേതാണെന്ന് പറയുന്നത് കേട്ടു.. എന്നിട്ടും ഒട്ടും ഉടഞ്ഞിട്ടില്ലല്ലോടി പെണ്ണെ നീ.. എത്ര പേര് നിന്നെ ........." "കണക്ക് ഞാൻ പറഞ്ഞു തന്നാൽ മതിയോ....?" ശിവൻ തിരിഞ്ഞു നോക്കിയതും അവന്റെ നെഞ്ച് നോക്കി ഒരു ചവിട്ടായിരുന്നു.. ശിവനും വണ്ടിയും കൂടെ നിലത്തേക്ക് വീണു.. ഞെട്ടി തലയുയർത്തിയ ദേവികയുടെ മുഖത്തെ ഭാവം എന്താണെന്ന് ശ്രീക്ക് മനസ്സിലായില്ല... പക്ഷേ ലച്ചുവിനെ വായിൽ നിന്ന് നാഥൻ കുഞ്ഞ് എന്ന് കേട്ടപ്പോൾ അവനെന്തെന്നില്ലാത്ത ദേഷ്യം തോന്നി.. പണ്ട് അവളങ്ങനെ വിളിക്കുമ്പോഴും തനിക്ക് ദേഷ്യം തന്നെയായിരുന്നു അവളുടെ കരഞ്ഞ മുഖവും കുഞ്ഞിന്റെ നാഥൻ കുഞ്ഞ് എന്ന പറച്ചിലും അവനിൽ ദേഷ്യം നിറച്ചു..

അതിന്റെ പരിണിതഫലമെന്നോണം ശിവന്റെ വായിൽ നിന്നും ചോര വന്നു.. വീണത്തിൽ പതറി പോയ ശിവനെ പോസ്റ്റിലേക്ക് ചേർത്ത് വച്ച് ശ്രീ തലങ്ങും വിലങ്ങും അടിച്ചു... മുഖത്ത് തന്നെ കൈ ചുരുട്ടി പിടിച്ച് ആഞ്ഞു ആഞ്ഞു കുത്തി ശ്രീ... അവളുടെ കയ്യിൽ പിടിച്ച ആ കൈ പുറകിലേക്ക് തിരിച്ചൊടിച്ചു... ശിവൻ വേദന കൊണ്ട് പുളഞ്ഞു.. ലച്ചുമോൾ സന്തോഷത്തോടെ കയ്യടിച്ചു.. ദേവികക്ക് ഒരു ഭാവവും ഉണ്ടായിരുന്നില്ല.. തനിക്ക് വേണ്ടി പ്രതികരിക്കാൻ അർജുൻ അല്ലാതെ മറ്റൊരാൾ വന്നതിന്റെ അമ്പരപ്പിലായിരുന്നു അവൾ.. അതും ശ്രീനാഥ്.. വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി അവൾക്ക്.. ലച്ചുവിനെയും ചേർത്ത് പിടിച്ച് അവൾ തിരിഞ്ഞു നടന്നു.. ഒരു വാക്ക് പോലും മിണ്ടാതെ നടന്നകലുന്ന ദേവികയെ ശ്രീ വേദനയോടെ നോക്കി നിന്നു............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story