നാഥാർജുനം: ഭാഗം 22

Natharjunam

എഴുത്തുകാരി: അനു രാജീവ്

രാത്രി മുഴുവൻ ശ്രമിച്ചിട്ടും അർജുനിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു... വാമി കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി.. പുറത്ത് നിന്നുമുള്ള കലപില ശബ്ദം കേട്ടാണ് അവൾ കണ്ണ് തുറന്നത്.. ഒരുപാട് കരഞ്ഞത് കൊണ്ട് കണ്ണിനു ചുറ്റും വീങ്ങിയിട്ടുണ്ട്... ഒരു എരിച്ചിൽ.. കൺപോളകൾ തുറക്കാൻ വിസമ്മതിക്കുന്നത് പോലെ.. ഹെഡ്ബോർഡിൽ ചാരി ഉറങ്ങിയത് കൊണ്ട് നടുവിന് ലേശം വേദന തോന്നി അവൾക്ക്.. ജനലിനടുത്തേക്ക് നീങ്ങി താഴേക്ക് നോക്കുമ്പോൾ കണ്ടു കല്യാണതിരക്കിൽ എല്ലാവരും ഓട്ടമാണ്... വേണു മുന്നിൽ തന്നെയുണ്ട്.. ചെയർ അറേഞ്ച് ചെയ്യുന്നവരെ സഹായിക്കുന്നു.. മാധവൻ ഊട്ടുപുരയിൽ... കാലത്തുള്ള ഭക്ഷണം കൊടുക്കാനുള്ള തിരക്കിലാണ്... ഇവന്റ് മാനേജ്മെന്റ്കാർ മണ്ഡപം പൂക്കൾ കൊണ്ട് അലങ്കരിക്കുന്ന തിരക്കിലാണ്... അപ്പോഴേക്കും ഡോറിൽ ആരോ തട്ടി. വാതിൽ തുറന്ന് നോക്കുമ്പോൾ മഹിമയാണ്... "ഇങ്ങനെയൊരു പെണ്ണ്.. സ്വന്തം കല്യാണത്തിന് 7 മണി വരെ കിടന്നുറങ്ങയിരുന്നു...

പോയി കുളിക്കടി... വേഗം ഒരുങ്ങ്.. ബ്യുട്ടീഷൻ വന്നിട്ടുണ്ട്.. കാമറക്കാരും താഴെ വെയിറ്റ് ചെയ്യാ.. വേഗം പോ..." സാരി കയ്യിൽ വച്ച് കൊടുത്ത് മഹിമ പറഞ്ഞു. നിർവികാരത.... ഒന്നും പറയാൻ സാധിക്കുന്നില്ല.. പൊട്ടികരയണമെന്നുണ്ട്.. കണ്ണുനീർ വരുന്നില്ല... മഹിമ പോയിട്ടും അവൾ അതേ നിൽപ്പ് നിന്നു.. പിന്നെ ഒന്ന് ദീർഘശ്വാസം വിട്ടു ബാത്റൂമിൽ കയറി... കുളിച്ചിറങ്ങുമ്പോഴേക്കും ബ്യുട്ടീഷൻ റൂമിൽ ഇരിപ്പുണ്ടായിരുന്നു.. വാമി അവരെ നോക്കി ചിരിച്ചു.. ജീവനില്ലാത്ത ചിരി.. വളരെ സിംപിൾ ആയി അവളെ ഒരുക്കി.. വാമിയുടെ നിർബന്ധമായിരുന്നു കൂടുതൽ ഒന്നും വേണ്ട എന്ന്.. ഒരു നെക്‌ളേസ്‌ മാത്രം ഇട്ട് നിൽക്കുന്ന അവളെ കണ്ട് മഹിമ വഴക്കിട്ടപ്പോൾ പുടവ തന്നതിന് ശേഷം നന്നായി ഒരുങ്ങാം എന്ന് പറഞ് അവൾ ഒഴിഞ്ഞു... ദക്ഷിണ കൊടുത്ത് ഓരോ കാറുകളായി അമ്പലത്തിലേക്ക് പുറപ്പെട്ടു..

വാമിയും പ്രിയയും അപ്പോഴും അർജുനെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. നിരാശയായിരുന്നു ഫലം.. വാമിയും കാറിൽ കയറി.. കണ്ണ് കലങ്ങി മറിഞ്ഞു.. പ്രിയയുടെ തോളിൽ ചാരി അവൾ കണ്ണുനീർ വാർത്തു... ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ "ഭാമേ ശ്രീയെവിടെ????" മാധവൻ ഭാമയോട് ചോദിച്ചു.. "എനിക്കറിയില്ല..." "അറിയില്ലെന്നോ.. നീ എന്താ റെഡി ആയില്ലേ.. പുതിയ സാരി എവിടെ???" അതിന് അയാൾക്ക് മറുപടി ഒന്നും കിട്ടിയില്ല. മഹിമ മുറിയിൽ തുണി മടക്കി വക്കുന്ന തിരക്കിലായിരുന്നു... "നീ അമ്പലത്തിലേക്ക് വരുന്നില്ലേ..?" അതിനും മറുപടിയില്ല.. മാധവൻ തുടർന്നു... "ഓഹ്... താനിപ്പോഴും ഒരു പഴഞ്ചനാണല്ലോ... മകന്റെ കല്യാണത്തിന് അമ്മമാർ വരാത്തതൊക്കെ പണ്ടല്ലേ. ഇപ്പൊ എല്ലാവരും പോകുന്നുണ്ട്.. താൻ റെഡി ആവ്.. ഞാൻ ശ്രീയെ വിളിച്ചു നോക്കട്ടെ..." "വിളിക്കണ്ട.. അവൻ എടുക്കില്ല..." "എന്ത്???"

"അതേ.. അവന് ഈ വിവാഹത്തിൽ താല്പര്യമില്ല.. അവൻ പോയി ." "ച്ചീ... നിർത്തടി.. എന്തൊക്കെയാ പറയുന്നേ നീ.. ഇതെന്താ കുട്ടികളി ആണോ... തോന്നുമ്പോൾ വേണമെന്നും പിന്നെ വേണ്ടാന്നും പറയാൻ... എങ്ങോട്ട് പോയി..???" അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.. "അവന്റെ കുഞ്ഞിനെ കാണാൻ..." ഭാമയുടെ മറുപടി അയാളെ ഞെട്ടിച്ചു... "കു... കുഞ്ഞോ...?" "എന്തെ?? നിങ്ങൾക്ക് അറിയില്ലേ...???" ഒരു കൂസലും ഇല്ലാത്ത ഭാമയുടെ സംസാരം അയാളെ അത്ഭുതപെടുത്തി.. തന്റെ മുന്നിൽ തലയുയർത്തി പിടിച്ച് നിൽക്കാത്തവളാണ് തന്റെ നേർക്ക് ഇത്രയധികം ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്... "ഭാമേ.. "അലറണ്ട... വാമി മോൾടെ വായിന്നു കേട്ടപ്പോൾ തന്നെ തോന്നി ആ കുട്ടി വിവാഹം മുടക്കാൻ വേണ്ടി പറയുന്നതാവില്ല എന്ന്.. കാരണം അറിയോ നിങ്ങൾക്ക്, നിങ്ങടെ മോന് ദേവികയെ എത്രത്തോളം ഇഷ്ട്ടമാണെന്ന് എനിക്കറിയാമായിരുന്നു... അവൻ അവന്റെ പ്രണയം പറഞ്ഞത് അവന്റെ അമ്മയോട് മാത്രമായിരുന്നു..

അവൾ മറ്റൊരുത്തന്റെ കുഞ്ഞിനെ ചുമക്കുന്നു എന്നറിഞ്ഞ നിമിഷം തകർന്ന് പോയി എന്റെ കുഞ്ഞ്... എന്റെ മടിയിൽ കിടന്നു എത്ര കരഞ്ഞിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയോ????? ഇന്നലെയും കരഞ്ഞു.. ഒരുപാട്.. നേരം വെളുക്കുന്നത് വരെയും... പക്ഷെ അത് സന്തോഷം കൊണ്ടായിരുന്നു.. അവന്റെ പ്രണയം തിരിച്ചു കിട്ടിയ സന്തോഷം കൊണ്ടായിരുന്നു.. അവൻ പോയി... അവന്റെ പെണ്ണിന്റടുത്തേക്ക്.. അവന്റെ കുഞ്ഞിന്റടുത്തേക്ക്..." മാധവൻ തറഞ്ഞു നിന്നു... കാലടിയിലെ മണ്ണ് ഒലിച്ചു പോവുകയാണെന്ന് അയാൾക്ക് തോന്നി. ഭാമ തുടർന്നു.. " നിങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് നന്നായിട്ടറിയാം... ഇക്കാര്യം അറിഞ്ഞ ഉടനെ നിങ്ങൾ അവനോട് പറഞ്ഞിരുന്നെങ്കിൽ അവനും അവളും കുഞ്ഞും ഇന്ന് നമ്മോടൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു... പക്ഷേ നിങ്ങളുടെ അതിബുദ്ധി കാരണം നിങ്ങൾ നിങ്ങളുടെ മകനെ നഷ്ടപ്പെടുത്തി... അവന്റെ മുന്നിൽ ഇപ്പോൾ ഒരു ചതിയനായ അച്ഛനാണ് നിങ്ങൾ... അവന് ഇനി ഒരിക്കലും നിങ്ങളെ പഴയപോലെ സ്നേഹിക്കാനോ വിശ്വസിക്കാനോ സാധിക്കില്ല... നിങ്ങളെല്ലാം നഷ്ടപ്പെടുത്തി...

അവൻ നിങ്ങളുടെ മേലെ വച്ച ബഹുമാനവും സ്നേഹവും വിശ്വാസവും അങ്ങനെയെല്ലാം..." "അവൻ.. അവനിപ്പോ എവിടെയുണ്ട്...?" "ഹും.. ഇനി അറിഞ്ഞിട്ടെന്തിനാ.. അവരെ ഇനിയും പിരിക്കാനോ... അവനെവിടെ എന്ന് എനിക്കറിയില്ല... ഇനി അഥവാ അറിയുമായിരുന്നെങ്കിലും പറയില്ല ഞാൻ..." ഭാമയിൽ അത്തരമൊരു ഭാവം ആദ്യമായിരുന്നു.. അപ്പോഴും ശ്രീ എങ്ങനെ എല്ലാം അറിഞ്ഞു എന്ന കാര്യം അയാൾ ചിന്തിക്കാതിരുന്നില്ല... അവനെ എങ്ങനെയും മണ്ഡപത്തിലേക്ക് കൊണ്ട് വരണം.. തന്റെ അഭിമാന പ്രശ്നമാണ് ഈ വിവാഹം എന്ന് അയാൾ ചിന്തിച്ചു.. ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്ത് കാതോട് ചേർത്ത് അയാൾ റൂമിന് പുറത്തിറങ്ങി.. "അവൻ ആ നേരത്ത് മണ്ഡപത്തിൽ എത്തിയിരിക്കണം.. അവൻ കുറച്ച് മുമ്പേ ഇവിടന്ന് പോയുള്ളു... അവരെ അവൻ കാണരുത്... ആ പെണ്ണിനേം കുഞ്ഞിനേയും കൊന്നിട്ടായാലും, എന്റെ മോൻ പന്തലിൽ എത്തിയിരിക്കണം.." അയാളുടെ മുഖത്ത് ഒരു ക്രൂരമായ ചിരി വിടർന്നു.. ▫▫️▫️▫️🔹🔹💠💠🔹🔹▫️▫️▫️▫️

കാറിൽ നിന്നും ഇറങ്ങിയ വാമി ചുറ്റും നോക്കി... എവിടെയൊക്കെയോ അർജുനിന്റെ സാമീപ്യമുള്ള പോലെ അവൾക്ക് തോന്നി.. ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് അവൾ മനസ്സാലെ ആഗ്രഹിച്ചു... കണ്ണുകൾ ചുറ്റും പായിച്ചു കൊണ്ടിരിക്കുമ്പോൾ പുറകെ നിന്നും വേണു തട്ടിവിളിച്ചു... അവൾ തിരിഞ്ഞുനോക്കി... മഹിമയോടൊപ്പം അകത്തേക്ക് കയറാൻ അയാൾ പറഞ്ഞു.. ഒരു പാവ കണക്കേ അവൾ മഹിമയുടെ പിന്നാലെ പോയി... വെളിയിൽ നിന്നും നാദസ്വര മേളമുയർന്നു കേട്ടു... ഒരു പക്ഷെ തന്റെ ഹൃദയം അതിലും വേഗത്തിൽ മിടിക്കുന്നുണ്ടെന്ന് വാമിക്ക് തോന്നി... അപ്പോഴും അവൾ ഫോണെടുത്ത് അർജുനെ വിളിച്ചുകൊണ്ടിരുന്നു.. ലാസ്റ്റ് ട്രൈ ചെയ്യുമ്പോൾ പെട്ടെന്ന് അർജുനിന്റെ ഫോൺ റിങ് ചെയ്തു.. അവളിൽ എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നി... സന്തോഷത്തോടെ ഫോൺ ചെവിയിൽ ചേർത്തു നിൽക്കുമ്പോഴേക്കും മഹിമ പുറകിലൂടെ വന്ന് അവളുടെ ഫോൺ കൈക്കലാക്കി കട്ട് ചെയ്ത് സൈഡിലേക്ക് വച്ചു...

വാമിക്ക് സങ്കടം തൊണ്ടകുഴിയിൽ വന്ന് നിന്നു... "ഈ നേരത്ത് നീ ആരെയാ വിളിച്ചു കൊണ്ടിരിക്കുന്നത്? മുഹൂർത്തമായി... നിന്നെ അങ്ങോട്ട് കൊണ്ടുപോകാൻ പറഞ്ഞു...." അപ്പോഴേക്കും ഉള്ളിലേക്ക് കുറെ കുട്ടികൾ താലപ്പൊലിയുമായി എത്തി അവർക്കു പിന്നാലെ പ്രതിമ കണക്കെ അവൾ നടന്നു... കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു... കയ്യിൽ കൊടുത്ത താലത്തിലെ ദീപം അവളുടെ കണ്ണു നീരിൽ മങ്ങി നിൽക്കുന്നതായി തോന്നി.. ആരെയും ശ്രദ്ധിക്കാതെ ചുറ്റും ഒന്നും നോക്കാതെ അവൾ മണ്ഡപത്തിലേക്ക് കയറി വലംവെച്ച് സദസ്സിനെ തൊഴുതു ഇരിക്കാൻ പറഞ്ഞിടത്ത് ഇരുന്നു.. തന്റെ ജീവിതം ഒരു ചോദ്യ ചിഹ്നമായിരിക്കുന്നു.. തന്റെ പ്രണയം ഇവിടെ അവസാനിക്കുകയാണോ..? ഇത്രയും ദിവസം അവൻ തന്ന ധൈര്യത്തിൽ പിടിച്ചു നിന്നു.. ഇപ്പൊ തന്നെ ഒറ്റക്കാക്കി എങ്ങോട്ടാ പോയത്.? ശ്രീയേട്ടന്റെ താലി കഴുത്തിൽ വീണാൽ ജീവിച്ചിരിക്കില്ല വാമി... മനസ്സിൽ ചോദ്യോത്തരങ്ങൾ അനവധി... തലയുയർത്തി നോക്കുമ്പോൾ തൊട്ട് മുന്നിൽ കണ്ടത് ഭാഗവാനെയാണ്..

കണ്ണ് ചിമ്മി മനസുരുകി പ്രാർത്ഥിച്ചു... കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിനെ ആരോ കൈകൾ കൊണ്ട് തുടച്ച് തരുന്നതായി തോന്നി വാമിക്ക്... 🔹🔹🔹💠💠💠💠💠💠💠🔹🔹🔹 കൂട്ടുകാരിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ശ്രീക്ക് കുറ്റബോധത്തെക്കാൾ ഏറെ സന്തോഷമാണ് നൽകിയത്... അകന്നുപോയി എന്ന് കരുതിയ എന്തോ തിരിച്ചു കിട്ടിയ സന്തോഷം... ഇത്രയും കാലം തോന്നിയ നിരാശ ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ഏറ്റവും വലിയ നേട്ടം ആയി മാറിയിരിക്കുന്നു.. അവൻ സന്തോഷത്തോടെ ആദ്യം പോയി ഇക്കാര്യങ്ങൾ പറഞ്ഞത് അമ്മയോടാണ്... അവർക്കും സന്തോഷം തോന്നി... ഒപ്പം താൻ ഇത് കുറച്ചുകൂടി നേരത്തെ അറിഞ്ഞിട്ടും അവനോട് പറയാതിരുന്നതിലുള്ള ചെറിയ കുറ്റബോധവും.... വാമി ഇതെല്ലാം വേണുവിനോട് പറഞ്ഞ കാര്യവും ഭാമ ശ്രീയോട് പറഞ്ഞു... താലികെട്ടിയിരുന്നെങ്കിൽ വാമിയോടും ദേവികയോടും അജുവിനോടും ചെയ്യുന്ന പാപം ആവുമായിരുന്നു എന്ന് ഭാമ അവനെ ഓർമ്മപ്പെടുത്തി... കാര്യങ്ങൾ അറിഞ്ഞതോടെ ശ്രീക്ക് അജു എന്നോടുള്ള ദേഷ്യം പകുതിയോളം കുറഞ്ഞു എന്ന് തന്നെ പറയാം...

എങ്കിലും പണ്ടുതൊട്ടേ ഉള്ള വിരോധത്തിന് യാതൊരു മാറ്റവും അവന്റെ മനസ്സിൽ വന്നില്ല... ഇക്കാര്യത്തിൽ അജുവിനെ തെറ്റിദ്ധരിച്ചു എന്ന ഒരു ചെറിയ സങ്കടം മാത്രം... അമ്മയുടെ മടിയിൽ ഒരുപാടുനേരം കിടന്നു കരഞ്ഞു.... അല്ലെങ്കിലും തന്റെ സങ്കടം ഏറ്റവുമധികം മനസ്സിലാക്കുന്നത് അവന്റെ അമ്മ തന്നെയാണെന്ന് അവനറിയാമായിരുന്നു.... കിടന്ന് എപ്പോഴോ കണ്ണടച്ചു എഴുന്നേൽക്കുമ്പോൾ പുലർച്ചെ 5 മണി കഴിഞ്ഞിരുന്നു . തന്റെ അഭിപ്രായം അമ്മയോട് പറഞ്ഞപ്പോൾ അമ്മയും യോജിച്ചു... അതുകൊണ്ടുതന്നെ കൂടുതൽ ആലോചിക്കാതെ വേഗം കാറെടുത്ത് ദേവികയുടെ വീട് ലക്ഷ്യമാക്കി പോയി.. പക്ഷേ അവിടെ ശ്രീക്ക് പൂട്ടിയ വീടാണ് കാണാൻ കഴിഞ്ഞത്.. അവിടെ അവരുടെ അമ്മമ്മ ഇരിക്കുന്നുണ്ടായിരുന്നു... അവരോട് കാര്യം തിരക്കിയപ്പോഴാണ് പറഞ്ഞത് ദേവികയും അനിയത്തിയും കുഞ്ഞും ഇന്ന് രാവിലെ പുലർച്ചെ 4 മണി ആവുമ്പോഴേക്കും പാലക്കാട്ടേക്ക് പോയെന്നും ഒരു ഒന്നര മണിക്കൂർ മുന്നേയുള്ള ബസ്സിൽ ടൗണിലേക്ക് പോയത് എന്നും.. പാലക്കാടിൽ എവിടെയാണെന്നോ ഏതു ബസ്സിലാണ് പോയത് എന്നോ അവർക്ക് അറിയില്ലായിരുന്നു...

പക്ഷേ അർജുനാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നുമാത്രം അവരുടെ സംസാരത്തിൽ നിന്നും ശ്രീക്ക് മനസ്സിലായി.. വേഗം അവൻ ഫോണെടുത്ത് അർജുനെ വിളിച്ചു നോക്കി.. റീച്ച് ആവാതിരുന്നപ്പോൾ പ്രിയയെ വിളിച്ച് ജെസ്സിയുടെ നമ്പർ വാങ്ങി ജെസ്സിക്ക് കോൾ ചെയ്തു... അവരോട് ചോദിച്ചപ്പോൾ അർജുൻ ബാംഗ്ലൂർ പോയിരുന്നു എന്നും, തിരികെ വന്നിട്ടില്ല എന്നും അറിഞ്ഞു... ഇന്നലെ എത്തും എന്ന് പറഞ്ഞിട്ടും വരാത്തതിന്റെ ടെൻഷനും ജെസ്സിയുടെ സംസാരത്തിൽ ഉണ്ടായിരുന്നു... അവൻ അവിടെ നിന്നും കാർ തിരിച്ച് നേരെ ടൗണിലേക്കുള്ള റോഡിലേക്ക് കയറുമ്പോഴാണ് ഒരു ഇന്നോവ വന്ന് കാറിലേക്ക് ഇടിച്ചത്.. ആകെ ദേഷ്യം പിടിച്ചു നിൽക്കുകയായിരുന്നു അതുകൊണ്ട് തന്നെ ശ്രീ വേഗം ഇറങ്ങി ആ വണ്ടിക്ക് മുന്നിൽ പോയി ഡോറിൽ തട്ടി തുറക്കാൻ പറഞ്ഞു... വണ്ടിയിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ശ്രീ മുഖം ചുളിച്ചു നല്ല പരിചയമുള്ള മുഖം എന്ന് കരുതി കാറിനുള്ളിലേക്ക് നോക്കിയപ്പോൾ ശ്രീ ഞെട്ടിപ്പോയി..

കൈയും കാലും ബന്ധിച്ച് വായിലൊരു പ്ലാസ്റ്റർ ഒട്ടിച്ച നിലയിൽ അർജുൻ... അപ്പോഴാണ് അവന് കാറിൽ നിന്നും ഇറങ്ങിയ ആളെ മനസ്സിലായത് അർജുനിന്റെ അമ്മാവൻ, അഥവാ ജെസ്സിയുടെ ചേട്ടൻ ആയിരുന്നു അത്... "അർജുൻ....." ശ്രീ വേഗം ബാക്ക് ഡോർ തുറന്ന് അവനെ തട്ടി വിളിച്ചു.. "നീയെന്താടാ ചെയ്യുന്നേ.. മാറി നിക്ക്..." ജോൺ അവനെ തടയാൻ ശ്രമിച്ചു.. അയാളെ തട്ടി മാറ്റി ഫ്രണ്ട് സീറ്റിൽ നിന്നും വെള്ളമെടുത്ത് അർജുനിന്റെ മുഖത്തേക്ക് ഒഴിച്ചു.. അപ്പോഴേക്കും ജോൺ, ശ്രീയെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചു.. അയാളെ തള്ളി മാറുമ്പോഴേക്കും വലിയ ശബ്ദത്തിൽ ഒരു ബുള്ളറ്റ് അവിടേക്ക് വന്നു നിന്നു... ഹെൽമറ്റ് ഇട്ട ആളെ കണ്ട് ജോൺ നിഗൂഢമായി ചിരിച്ചു.. ശ്രീ ആളെ മനസ്സിലാകാതെ അവനെ തന്നെ സൂക്ഷിച്ചുനോക്കി... ഹെൽമറ്റ് മാറ്റിയതും ശ്രീ ഞെട്ടിപ്പോയി... "ശിവൻ.." ഇവൻ എങ്ങനെ ഇയാളോടൊപ്പം എന്ന് അവൻ അത്ഭുതപ്പെട്ടു... അപ്പോഴേക്കും ശ്രീയുടെ നെഞ്ചിൽ ശിവന്റെ ആദ്യത്തെ ചവിട്ട് വീണിരുന്നു...

പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട്തന്നെ അവൻ പെട്ടെന്ന് പുറകോട്ട് വീണു... വീണുകിടക്കുന്ന ശ്രീയുടെ നേരെ ശിവൻ നടന്നടുത്തു... ശ്രീയെ നോക്കി ഒന്ന് പുച്ഛിച്ച് ചിരിച്ച് ബുള്ളറ്റിന്റെ അടുത്തേക്ക് പോയി കുനിഞ്ഞ് ബംബറിനുള്ളിൽനിന്ന് ഒരു വാൾ പുറത്തേക്ക് വലിച്ചെടുത്ത് അവനുനേരെ വന്നു.... ഇതുകണ്ട് ജോൺ ഞെട്ടിയെങ്കിലും പുറത്ത് കാണിച്ചില്ല നേരം പുലർന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു അതുകൊണ്ടുതന്നെ ആ ഭാഗത്ത് ആൾക്കാർ ആരുമുണ്ടായിരുന്നില്ല ശ്രീക്ക് നേരെ വാൾ ഓങ്ങുമ്പോഴേക്കും പിന്നിൽ നിന്നും ശക്തിയായി കിട്ടിയ പ്രഹരത്തിൽ ശിവൻ റോഡിൽ കമിഴ്ന്നടിച്ചു വീണു... ശ്രീ നോക്കിയപ്പോൾ തല ഉഴിഞ്ഞു കൊണ്ട് ആടി കുഴഞ് നിൽക്കുന്ന അർജുനെയാണ്... കുറച്ച് മാറി നിന്നിരുന്ന ജോൺ പതിയെ റോഡിന്റെ വളവിലേക്ക് മാറി നിന്നു... അർജുൻ അയാളെ കണ്ടില്ല... കാറിൽ നിന്നും വീണുകിടന്ന ബോട്ടിൽ എടുത്ത് അവൻ മുഖത്ത് കൂടി വെള്ളം ഒഴിച്ചു... ബാക്കി തലയിലേക്കും കമിഴ്ത്തി ഒന്ന് ആഞ്ഞു കുടഞ്ഞു... കുപ്പി താഴെയിട്ട് മുടിയിഴകൾക്കിടയിലൂടെ കൈകടത്തി തല രണ്ട് സൈഡിലേക്കും വെട്ടിച്ചു.. അവന്റെ മനസ്സിൽ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് നടന്ന സംഭവങ്ങൾ തിരശ്ശീല പോലെ തെളിഞ്ഞു വന്നു........... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story