നവവധു: ഭാഗം 1

navavadhu

A story by സുധീ മുട്ടം

"ശേഖരാ ഈ കല്യാണം നടക്കില്ല" "താനെന്താടോ പറയുന്നത്.. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ.എല്ലാവരെയും ക്ഷണിച്ചും കഴിഞ്ഞു" മുറ്റത്തു നിന്നു ബ്രോക്കർ രാമൻ കുട്ടി വിളിച്ചപ്പോഴണ് ശേഖരൻ ഇറങ്ങി വന്നത്" "ഞാൻ കുറെ പറഞ്ഞു നോക്കി ശേഖരാ.ഒരുരാത്രി ഒരു പുരുഷനൊപ്പം കഴിഞ്ഞ പെണ്ണിനെ അവർക്ക് വേണ്ടാത്രേ" ബലം നഷ്ടപ്പെട്ട് തളർന്ന ശരീരവുമായി ശേഖരൻ തലക്ക് കയ്യും കൊടുത്തു തിണ്ണയിലേക്ക് ഇരുന്നുപോയി.അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറി. രാമൻകുട്ടിക്ക് എന്തു പറഞ്ഞു അയാളെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല..ആളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി. രണ്ടു പെൺകുട്ടികളാണ് തനിക്കും..ഒരുപാട് പറഞ്ഞു കാലു പിടിച്ചു നോക്കിയട്ടും ചെറുക്കന്റെ വീട്ടുകാര് അടുക്കുന്നില്ല വേദനയോടെ ഓർത്തു.. ശേഖരന്റെ കണ്ണുകളിൽ മകളുടെ മുഖം നിറഞ്ഞു.വിവാഹം വേണ്ടെന്ന് ഒരുപാട് കരഞ്ഞു പറഞ്ഞതാണ്.എന്നിട്ടും തന്റെ പിടിവാശിക്കാണു നടത്താനായി ഒരുങ്ങിയത്. "ഈശ്വരാ വരണവരോടെന്ത് പറയും" അയാൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. ശേഖരനു ആണും പെണ്ണുമായി ആകെ ഒരെണ്ണമേയുള്ളൂ..പിജി ലാസ്റ്റ് ഇയറിൽ പഠിക്കുന്ന മകൾ സാഗര.അച്ഛന്റെ തണലിൽ ജീവിച്ച പെൺകുട്ടി.

"രാമൻകുട്ടി ഞാനെന്താടാ ചെയ്യാ..എന്റെ മോളോടെന്താ പറയാ" പോകപ്പോടെ കണ്ണുനീരിനാൽ കാഴ്ചകൾ മൂടി. "എനിക്ക് മനസ്സിലാകും ശേഖരാ.രണ്ടു പെൺകുട്ടികൾ എനിക്കും ഉളളതാ.നമ്മുടെ കുട്ടിയെ കുറിച്ച് മോശമായ വിവരം ധരിപ്പിച്ചത് ആരെന്ന് അറിയില്ല" "ഇല്ലെടോ എന്റെ മകൾ ഒരിക്കലും തെറ്റ് ചെയ്യില്ല.എനിക്ക് അറിയാം അവളെ" വാക്കുകളിൽ നല്ല ദൃഢത നിറഞ്ഞു.. സാഗരികയെ ആ ഗ്രാമത്തിലുള്ള എല്ലാവർക്കും അറിയാം..ഗ്രാമീണ വിശുദ്ധിയുടെ നിറകുടമായ എപ്പോഴും പുഞ്ചിരിയോടെ മാത്രം കാണാറുള്ള പെൺകുട്ടി. മകളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് മാത്രം ശേഖരനു അറിയില്ല..അതാണ് അയാളെയേറെ തളർത്തിയത്. "ഞാൻ പോയിട്ട് പിന്നെ വരാം ശേഖരാ" രാമൻകുട്ടി യാത്ര ചോദിച്ചിറങ്ങി...ശേഖരൻ ഒരേയിരിപ്പ് അങ്ങനെ ഇരുന്നു..സമയം പോയത് അറിഞ്ഞില്ല. "അച്ഛാ..." സ്നേഹം നിറഞ്ഞ നീട്ടിയൊരു വിളി വന്ന് കാതിലേക്ക് അലച്ചു വീണു..നടക്കുമ്പോൾ കിലുങ്ങുന്ന പാദസരത്തിന്റെ ശ്രുതികൾ മുഴുങ്ങി... "സാഗര വരുന്നു... നെഞ്ചിലൂടെയൊരു മിന്നൽ പിണർ പാഞ്ഞു കയറി.. " എന്താ അച്ഛാ..എന്താ പറ്റിയത്" സാഗര വന്നു അച്ഛനൊപ്പം ഇരുന്നു..വേദനയോടെ മകളെ നോക്കി.അയാളുടെ ചുണ്ടുകൾ വിങ്ങിപ്പൊട്ടി കണ്ണുകൾ നനഞ്ഞു. "എന്തുപറ്റി അച്ഛാ" അച്ഛന്റെ വേദന മകളിലേക്ക് പടർന്നു കയറി..

അമ്മയില്ലാതെ വളർന്ന കുട്ടി..മകൾ ജനിച്ചു രണ്ടു വർഷങ്ങൾ കഴിഞ്ഞു അസുഖം ബാധിച്ചു അമ്മ മരിച്ചു..അവസാന നാളിലും അവരൊന്നേ പറഞ്ഞുള്ളൂ.. "പെണ്ണാണെന്നു കരുതി അച്ഛന്റേയും അമ്മയുടെയും സ്നേഹം ലഭിക്കാതെ പോകരുതെന്ന്" അതിലെല്ലാം അടങ്ങിയിരുന്നു...ഭാര്യ മരിച്ച ശേഷം ശേഖരൻ മറ്റൊരു വിവാഹത്തിനു മുതിർന്നില്ല.മകളായിരുന്നു അയാളുടെ ലോകം..അവൾക്കായി ജീവിച്ചു..ഇന്ന് വിവാഹം കഴിപ്പിച്ച് അയച്ചാൽ അവളുടെ ജീവിതം ഭദ്രമാകുമെന്ന് കരുതി. "ഒന്നൂല്ലെടീ..." "അത് കളളം..എനിക്ക് സങ്കടമാകുമെന്ന് കരുതിയല്ലേ അച്ഛൻ പറയാത്തത്" മനസ്സിലെ കളളത്തരം മകൾ കണ്ടു പിടിച്ചിരിക്കുന്നു...അവൾക്ക് മുന്നിൽ കളളം പറയുമ്പോൾ മുഖത്ത് ഭാവം തെളിയില്ല. "അച്ഛൻ ഇങ്ങനെ ഇരിക്കാതെ എഴുന്നേറ്റു വാ..നൂറുകൂട്ടം പണിയുളളതല്ലേ" സാഗര പിടിച്ചു വലിച്ചതോടെ അയാൾക്ക് എഴുന്നേൽക്കേണ്ടി വന്നു...അപ്പോഴും കല്യാണം മുടങ്ങിയത് അവളെ എങ്ങനെ അറിയിക്കുമെന്നത് ആയിരുന്നു അലട്ടിയത്.അവൾക്കത് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അച്ഛന്റെ ഓരോ ഭാവവും നന്നായി ശ്രദ്ധിച്ചു..കാര്യമായെന്തോ അച്ഛനെ അലട്ടുന്നുണ്ടെന്ന് അറിയാം.ഒന്നും ചോദിച്ചില്ല.സ്വയം പറയട്ടെയെന്ന് കരുതി. സാഗര ജോലിയെല്ലാം ഒതുക്കി വന്നപ്പോഴും അയാളൊരേ കിടപ്പായിരുന്നു.. "അച്ഛാ ഞാൻ ഗായത്രിയുടെ വീട്ടിലേക്കൊന്ന് പോയി വരാം" മറുപടി കിട്ടിയില്ലെങ്കിലും സാഗര ഒരുങ്ങിയിറങ്ങി..ഏറ്റവും അടുത്ത കൂട്ടുകാരിയാണ്.അവിടെ ചെന്നപ്പോൾ ഗായു അവിടെ ഇല്ലായിരുന്നു. തിരിച്ച് വീട്ടിലേക്ക് മടങ്ങി.

"എന്തൊരു കിടപ്പാ അച്ഛാ..ഇന്ന് എന്താ പറ്റിയത്" സാഗരയുടെ മുഖത്ത് സങ്കടം അലയടിച്ചു.. ഇനിയും താമസിച്ചാൽ ശരിയാകില്ല എന്ന് ശേഖരൻ ഉറപ്പിച്ചു. താമസിക്കുന്തോറും പ്രശ്നങ്ങൾ സങ്കീർണ്ണമാകും.. "അച്ഛൻ പറയുന്നത് കേട്ടു അച്ഛന്റെ കുട്ടി സങ്കടപ്പെടരുത്.." എങ്ങനെയോ അയാൾ വാക്കുകൾ പെറുക്കി എടുത്തു. "ഇല്ലച്ഛാ ഞാൻ സങ്കടപ്പെടില്ല..അച്ഛൻ പറയ്" ശേഖരൻ ചിലമ്പിച്ച സ്വരത്തിൽ വിവാഹം അവർ വേണ്ടെന്നു വെച്ചത് പറഞ്ഞു.. ഉളളിലൊരു തേങ്ങൽ ഉയരുന്നത് അറിഞ്ഞു...എത്രയൊക്കെ ശ്രമിച്ചിട്ടും കഴുകി ഇറങ്ങിയ പുഴയെ നിയന്തിക്കാൻ കഴിഞ്ഞില്ല. "മോളേ" മകളുടെ അവസ്ഥ മനസ്സിലാക്കി ശേഖരൻ വിളിച്ചു.. "സാരമില്ല അച്ഛാ എല്ലാവർക്കും മുന്നിൽ ഞാൻ തെറ്റുകാരി ആണല്ലോ.. ഇത്രയും കാലം സ്നേഹിച്ചവന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അയാളുടെ ഭാര്യാ പദവി അലങ്കരിച്ചു ഇരുന്നിട്ട് കാര്യമില്ല" ഹൃദയം ചുട്ടു നീറി...ആ നീറ്റൽ ശരീരമാസകലം പടർന്നിട്ടും അച്ഛനു മുമ്പിൽ അങ്ങനെയാണ് പറഞ്ഞത്. "നിനക്ക് എങ്ങനെ സഹിക്കാൻ കഴിയുന്നു മോളേ" "ഞാൻ അച്ഛന്റെ മോളായിട്ട്..." പുഞ്ചിരിയോടെ അത്രയും പറഞ്ഞിട്ട് അവൾ മുറിയിൽ കയറി കതകടച്ചു...കിടക്കയിലേക്ക് വീണു നെഞ്ച് പിടയുന്ന വേദനയോടെ ഉറക്കെ കരഞ്ഞു.... "മോളേ...സാഗരേ" അച്ഛന്റെ നീട്ടിയുളള വിളികേട്ടു കണ്ണീനീർ തുടച്ചു എഴുന്നേറ്റു.. മുഖത്ത് പുഞ്ചിരി വരുത്തി കതക് തുറന്നു. തളർന്നിരിക്കുമ്പോൾ അകത്തു നിന്നും ഒഴുകിയെത്തിയ സാഗരയുടെ തേങ്ങലുകൾ അയാളുടെ ചെവിയിൽ വന്നു പതിച്ചു..

ഹൃദയം രണ്ടായി പകുത്തു മാറ്റിയ പ്രതീതിയായിരുന്നത് കേട്ടപ്പോഴേ.എഴുന്നേൽക്കാൻ ഭാവിച്ചപ്പോഴേക്കും വേച്ചു വീണെങ്കിലും മോളുടെ കരച്ചിൽ കേൾക്കാനുള്ള ശക്തി ശേഖരന് ഇല്ലായിരുന്നു. "കരയല്ലേ മോളേ അച്ഛന്റെ പൊന്നുമോള് കരയല്ലേടാ" മനസ്സൊന്ന് വിങ്ങിപ്പോയി...സാഗരയിൽ വിഷമമേറി.അച്ഛൻ കരയുന്നു.. "എന്തിനാച്ഛാ കരയുന്നത്..അതിനും മാത്രം ഇവിടെന്താ പറ്റിയത്" സ്വരം ഇടറാതിരിക്കാനായി നന്നേ പ്രയാസപ്പെട്ടു..മുഖത്ത് വിളറിയൊരു ചിരി വരുത്താനായി നന്നേ ബുദ്ധിമുട്ടി. "എന്റെ അച്ഛാ അച്ഛൻ ഇങ്ങനെ പാവമാകരുതേ..ലോകത്ത് കല്യാണം മുടങ്ങുന്നത് ആദ്യമായല്ലല്ലോ" സങ്കടം മറക്കും പോലെ ഉറക്കെ ചിരിച്ചവൾ...സാഗരയുടെ ചിരിയിൽ മുറിയിലെ നാല് ചുവരും കണ്ണീരൊഴുക്കി..അവളുളളപ്പോൾ മാത്രം ഉണരുമായിരുന്നുള്ളൂ ആ കൊച്ചു വീട്..അവളുടെ ചിരിയും കളിയും മാത്രമേ അവിടെ നിറഞ്ഞിരുന്നുള്ളൂ. വ്യക്തമായി കേട്ടതാണ് പ്രാണന്റെ പിടച്ചിൽ..അവസാന ശ്വാസത്തിന്റെ മാറ്റലികൾ..എന്നിട്ടും മകൾ ചിരിച്ചു നിൽക്കുന്നു.. സാഗരയുടെ ദൃഷ്ടികളിലേക്ക് മിഴികളൂന്നി...അവളുടെ നയനങ്ങൾക്ക് അപ്പുറം തിളച്ചു മറിയുന്ന ലാവാ പ്രവാഹത്തിന്റെ ഇരമ്പുകൾ കേൾക്കാം കാണാം..കൊടുങ്കാറ്റിനു മുന്നിലേയുളള ശാന്തത. "അച്ഛൻ വിഷമിക്കുന്നതേയുള്ളൂ എന്റെ സങ്കടം" ഈ പ്രാവശ്യം സ്വരം നന്നേ ഇടറി പോയിരുന്നു.

"അച്ഛൻ ഒന്നു ആലോചിച്ചു നോക്കൂ..അയാൾ പറഞ്ഞ കാശും സ്വർണ്ണവും സ്ത്രീധനമായി നൽകി വിവാഹം നടന്നിരുന്നെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു.നാളെ വീണ്ടും വീണ്ടും അയാൾ എന്നെയും അച്ഛനെയും ബുദ്ധിമുട്ടിച്ചോണ്ടിരിക്കും..നാളെ എന്റെ ജീവൻ ഏതെങ്കിലും സാരിത്തുമ്പിലോ ഒരുകുപ്പി വിഷത്തിലോ തീരുമെന്ന് ഉറപ്പാണ്" അമ്മയില്ലാതെ അതിന്റെ കുറവ് അറിയിക്കാതെ വളർത്തിയതാണ് പൊന്നുമോളെ...ആ ജീവൻ സാരിത്തുമ്പിലൊന്ന് പിടഞ്ഞു തീരുമെന്ന് അവൾ വെറുതെ എങ്കിലും പറഞ്ഞപ്പോൾ ആ പിതാവിന്റെ ഹൃദയം ശരിക്കും പൊള്ളിപ്പോയി.. "ചുമ്മാതായാലും അച്ഛന്റെ പൊന്ന് ഇങ്ങനെ പറയല്ലേടാ..സഹിക്കില്ല അച്ഛന്" സാഗരയെ ചേർത്തു പിടിച്ചു അയാൾ കണ്ണീരൊഴുക്കി... അവളും അച്ഛനെ കെട്ടിപ്പിടിച്ചു ഉറക്കെ നിലവിളിച്ചു. ഇതുവരെ അടക്കിപ്പിടിച്ച സങ്കടങ്ങളത്രയും ഒഴുക്കി കളയും പോലെ... "വിവാഹം മുടങ്ങിയത് നന്നായെന്ന് കരുതിയാൽ മതി അച്ഛാ" കരച്ചിൽ തെല്ലൊന്ന് അടങ്ങിയതും പറഞ്ഞു.. "കുഞ്ഞിലേ അച്ഛൻ പറയാറില്ലേ വെളളക്കുതിരപ്പുറത്ത് എനിക്കൊരു രാജകുമാരൻ വരുമെന്ന്..ഇനി വന്നില്ലെങ്കിലും കുഴപ്പമില്ല.എനിക്കെന്റെ അച്ഛന്റെ മകളായി കഴിഞ്ഞാൽ മതി" ശരീരമാകെയൊരു കോരിത്തരിപ്പുണർന്നു...ഒരു മോനെ കൂടി ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആ കുറവ് നികന്നിരികുന്നു.. "തന്റെ പൊന്നുമോളാ കുറവ് നികത്തി., സാഗരയെ ചേർത്തു പിടിച്ചു അഭിമാനത്തോടെ നെറ്റിയിൽ അരുമയോടെ ചുംബിച്ചു.... അവൾക്കും അതൊരു ആശ്വാസമായിരുന്നു... 💙💙💙💙

രണ്ടു ദിവസങ്ങൾ മെല്ലെ കടന്നു പോയി... അച്ഛനെ ആശ്വസിപ്പിച്ചെങ്കിലും സാഗര തകർന്നു പോയിരുന്നു...ഇത്രയും കാലം സ്നേഹിച്ചിരുന്നവൻ കൂടി അവിശ്വസിച്ചതാണ് ഉൾക്കൊള്ളാൻ കഴിയാതിരുന്നത്.. " അച്ഛാ ഇങ്ങനെ അടച്ചിരുന്നാൽ ശരിയാകില്ല..നാളെ മുതൽ ഞാൻ കോളേജിൽ പോകുവാ.ഇവിടെ ഇരുന്നാൽ ഓർമ്മകൾക്ക് ഭ്രാന്ത് പിടിക്കും‌" "അതാ നല്ലത്..ഞാനങ്ങോട്ട് പറയാനിരുന്നത്" കോളേജടക്കം എല്ലാവരെയും ക്ഷണിച്ചതാണ് വിവാഹത്തിന്. കല്യാണം മുടങ്ങിയത് എല്ലാവരും അറിഞ്ഞുകാണും.ഓർത്തപ്പോൾ ചെറിയൊരു വിഷമമുണ്ടായി.എന്നാലും ഫേസ് ചെയ്യണം.എത്രയും നേരത്തെ ആയാൽ അത്രയും നല്ലത്.അവൾ സ്വയം കരുത്താർജ്ജിച്ചു. കോളേജിൽ പോകാനായി തലേന്നെ മാനസികമായി തയ്യാറെടുത്തു..സഹതാപം നിറഞ്ഞ നോട്ടങ്ങൾ , ചോദ്യങ്ങൾ എല്ലാം അവഗണിക്കണം..പലരും ചോദിക്കാൻ ഇടയുളള ചോദ്യങ്ങൾക്ക് സ്വയം തയ്യാറാക്കി അതിനുള്ള ഉത്തരവും മനസ്സിലിട്ട് പലതവണ ഉരുവിട്ടു.. പുലർച്ചേ എഴുന്നേറ്റു ഈറനണിഞ്ഞ് അടുത്ത കൃഷ്ണ സ്വാമി അമ്പലത്തിലേക്ക് പോയി...പുഞ്ചിരി പൊഴിച്ചു നിൽക്കുന്ന കണ്ണന്റെ പ്രതിഷ്ഠയിലേക്ക് മിഴികളർപ്പിച്ചു. "എല്ലാം നേരിടാനുളള കരുത്ത് തരണേ ഭഗവാനേ" അശ്രുകണങ്ങളാൽ ഭഗവാന് നിവേദ്യമർപ്പിച്ച ശേഷം ശ്രീ കോവിലിനു മൂന്ന് വലത്തിട്ടിറങ്ങി..ഒരിക്കൽ കൂടി പിന്തിരിഞ്ഞ് തൊഴുതിട്ട് വീട്ടിലേക്ക് പോയി.

നേരം നന്നേ വെളുത്തിരുന്നു...അച്ഛന് കട്ടൻ ചായ കൊടുത്ത ശേഷം ചോറും കറിയും വെച്ചു.കോളേജിലേക്കുളള പൊതിയും കെട്ടിവെച്ചിട്ട് ഒരുങ്ങാൻ തുടങ്ങി. "അച്ഛാ ഞാനിറങ്ങുവാ...സമയത്ത് ആഹാരം കഴിക്കണമേ" ഇറങ്ങാൻ സമയത്ത് ശേഖരനു അടുത്തി.അയാൾ മകളെ സൂക്ഷിച്ചു നോക്കി. ആകെയൊരു മാറ്റം പോലെ..സങ്കടങ്ങൾ മുഖത്തില്ല.. "പോയി വാ മോളേ" "ശരി അച്ഛാ" സാഗര വേഗമിറങ്ങി നടന്നു.. പത്ത് മിനിറ്റിൽ കൂടുതൽ നടക്കണം ബസ് സ്റ്റോപ്പിലെത്താൻ...അറിയാവുന്നരെല്ലാം സഹതാപത്തോടെ നോക്കിയെങ്കിലും അവർക്കെല്ലാം മനോഹരമായൊരു പുഞ്ചിരിച്ചു സമ്മാനമായി നൽകി. സാഗര പാടവരമ്പിലേക്ക് ഇറങ്ങി..ഞാറുകൾ പച്ചപ്പ് വിടർത്തി തലയാട്ടി നിന്നു..പാടത്തിനുപ്പുറമാണ് റോഡ്..അവിടെ ചെന്നുവേണം ബസ് കയറാൻ.. പാടം കഴിഞ്ഞാലാദ്യം കണ്ണന്റെ അമ്പലമാണ്..മതിൽക്കെട്ട് ഇല്ലാത്ത ക്ഷക്ഷേത്രം.അതിന് വലത്ത് ഭാഗത്ത് ഒരു അരയാൽ തറയുണ്ട്.അതിനു മുന്നിലെത്തിയതും ഒരുനിമിഷം നിന്നു.. അമ്പുവേട്ടൻ ദിവസവും തന്നെ കാണാനായി വന്നിരിക്കുന്ന ഇടം....പ്രണയത്തിന്റെ തുടക്കവും ഇവിടെ നിന്ന് ആയിരുന്നു. കണ്ണുകളിൽ ഒരു നനവ് പടർന്നതോടെ വീണ്ടും നടന്നു...എതിരെ ഒരാൾ നടന്നു വരുന്നതു കണ്ടു തരിച്ചങ്ങനെ നിന്നു.. "അമ്പുവേട്ടൻ.... കുറച്ചു ദിവസം വരെ ആ പേര് ഓർക്കുമ്പോഴേ ഹൃദയം തരിളിതമാകുമായിരുന്നു.ഇന്ന് യാതൊരു വികാരവും ഉണ്ടായില്ല വെറുമൊരു മന്ദിപ്പ് മാത്രം.. നടന്നു വന്ന അമ്പുവും സാഗരെയെ കണ്ടതോടെ തറഞ്ഞു നിന്നു... അവളെ പ്രതീക്ഷിച്ചിരുന്നില്ല അയാളും.. "

അമ്പുവേട്ടൻ ഒന്നു നിന്നേ" തല കുനിച്ചു സാഗരയെ മറി കടന്നതും പിന്നിൽ നിന്നും അവളുടെ വിളി ഉയർന്നു..മണ്ണിൽ അയാളുടെ പാദങ്ങൾ നിശ്ചലമായി. "ആരുടെയോ ഒപ്പം ഒരു രാത്രി കഴിഞ്ഞുവെന്ന് അറിഞ്ഞപ്പോൾ എല്ലാം വിശ്വിച്ചുവല്ലേ..ഇത്രയും വർഷം സ്നേഹിച്ചിട്ടും നിങ്ങൾക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ.ഒരുവാക്ക് എന്നോട് ചോദിച്ചിരുന്നെങ്കിൽ എനിക്കിത്രയും സങ്കടം ആകില്ലായിരുന്നു" ഒരു നോവോടെ അയാൾക്ക് മുന്നിലവൾ പൊട്ടിത്തെറിച്ചു... "ഓ... പുണ്യാളത്തി ആണെന്ന് വിശ്വസിപ്പിക്കാനുളള ശ്രമം ആയിരിക്കും" അമ്പു അവളെ പരിഹസിച്ചു.. അതിന്റെ നോവ് അവളിലേക്ക് ആഴ്ന്നിറങ്ങി. "എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നു പറഞ്ഞു പിന്നാലെ നടന്നത് നിങ്ങളാണ് ഞാനല്ല" രോഷത്തോടെ അയാൾക്ക് നേരെ അവൾ വിരൽ ചൂണ്ടി.. "അത്യാഗ്രഹിയായ തന്നോടൊത്തുളള വിവാഹം നടക്കാഞ്ഞതിൽ എനിക്ക് സന്തോഷമേയുള്ളെടോ..സ്ത്രീധനം ആവശ്യമില്ല സ്ത്രീയാാണു ധനമെന്ന് ആദർശം വിളിമ്പിയിട്ട് എന്റെ അച്ഛനു മുമ്പിൽ തന്റെ വീട്ടുകാർ എനിക്കായി വില പേശിയില്ലേ.അപ്പോഴേ ഉറപ്പിച്ചതാ എനിക്ക് ഈ വിവാഹം വേണ്ടെന്ന്..കുറച്ചു സങ്കടം വരും..

എന്നാലും എല്ലാം മറക്കാൻ കഴിയും" സാഗര എന്താണ് പറഞ്ഞു വരുന്നതെന്ന് അയാൾക്ക് മനസ്സിലായില്ല. "ഞാൻ തന്നെയാണെടോ തന്റെ അച്ഛനെ ഫോൺ ചെയ്തു അറിയിച്ചത് മോൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ് ഒരുരാത്രി മറ്റൊരുത്തനൊപ്പം കഴിഞ്ഞതാണെന്ന്...എന്തിനെന്നല്ലേ എന്നെയും എന്റെ അച്ഛനെയും രക്ഷിക്കാൻ. ആണിനു ഉണ്ടാകാത്ത ചീത്തപ്പേര് പെണ്ണിനും ഇല്ലെടോ ..കാലമൊക്കെ മാറിപ്പോയി" വിളറി വെളുത്ത അമ്പുവിനെ മറി കടന്ന് തലയുയർത്തി പിടിച്ചവൾ നടന്നു... തന്നെ വേണ്ടാന്ന് വെച്ചവനോടെ പ്രതികാരം ചെയ്ത സംതൃപ്തി സാഗരയുടെ ചുണ്ടിൽ വിരിഞ്ഞു.... തുടരും..

Share this story