നീഹാരമായ്: ഭാഗം 14

neeharamayi

രചന: അപർണ അരവിന്ദ്

നിധികയുടെ വിളി കേട്ട് തല ഉയർത്തി നോക്കിയ ഹരൻ കാണുന്നത് ചിരിച്ചു കൊണ്ട് താഴേക്ക് ഇറങ്ങി വരുന്നവളെയാണ്. എന്നാൽ അവൾ നടക്കുന്നതിനനുസരിച്ച് പാദസരത്തിന്റെ കിലുക്കം ഉയർന്നതും അച്ഛനും അമ്മയും മാധുവും ആദ്യം നോക്കിയത് ഹരന്റെ മുഖത്തേക്കാണ്. അവന്റെ മുഖ ഭാവം എന്താണെന്ന് ആർക്കും മനസിലാവുന്നുണ്ടായിരുന്നില്ല. " കിടക്കാറായില്ലേ ഹരാ" അവൾ അവന്റെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു. "മ്മ്.. " തന്നെ ദേഷ്യം പിടിപ്പിക്കാനും വഴക്കുണ്ടാക്കാനും ആണ് അവളുടെ ഈ പാദസരം ഇട്ട് വന്നതിന്റെ ഉദ്ദേശം എന്ന് മനസിലായ ഹരൻ സമീപനം പാലിച്ചിരുന്നു. എന്നാൽ താൻ എന്തൊക്കെ ചെയ്തിട്ടും ദേഷ്യപ്പെടാതെ ഇരിക്കുന്നവനെ കണ്ട് നിധികക്കും ദേഷ്യം വരാൻ തുടങ്ങി. അവൾ മുഖം വീർപ്പിച്ച് ടി വി നോക്കി ഇരുന്നു. സമയം കഴിയുന്തോറും അച്ഛനും അമ്മയും മാധുവും എണീറ്റു പോയിരുന്നു. നിധിക ആണെങ്കിൽ സെറ്റിയിൽ കിടന്ന് ഉറങ്ങുകയാണ്. ഹരൻ ടി വി ഓഫ് ചെയ്ത് റൂമിലേക്ക് നടന്നു. സ്റ്റയർ കയറി എങ്കിലും നിധികയെ ഒറ്റക്ക് ആക്കി പോകുന്നത് ശരിയല്ലാ എന്ന് തോന്നി ഹരൻ അവളുടെ അരികിലേക്ക് വന്നു. " നിധിക.. നിധികാ " അവൻ തട്ടി വിളിച്ചു എങ്കിലും അവൾ എണീക്കുന്നില്ല.

"എടോ എണീക്ക്. ഇവിടെ ഒറ്റക്ക് കിടക്കണ്ടാ " അവൻ വിളിച്ചിട്ടും എണീക്കുന്നില്ലാ എന്ന് മനസിലായതും അവളെ താങ്ങി പിടിച്ച് ഹരൻ റൂമിലേക്ക് നടന്നു. " ഇച്ഛാ ... ഇ.. ഇച്ഛാ .." " ഞാൻ നിന്റെ ഇച്ചനും കൊച്ചനൊന്നും അല്ലാ. മിണ്ടാതെ ഇരിക്കടി പുല്ലേ " ഉറക്കത്തിൽ തന്റെ നെഞ്ചിലേക്ക് ചാരി കിടന്നവളെ ഹരൻ ദേഷ്യത്തിൽ നോക്കി. റൂമിൽ കൊണ്ടു വന്ന് കിടത്തി ലൈറ്റ് ഓഫ് ചെയ്ത് അവനും ബെഡിൽ കിടന്നു. * രാവിലെ ഹരൻ എണീറ്റ് കുളിച്ച് ഫ്രഷായി വരുമ്പോഴേക്കും നിധിക എണീറ്റ് പോയിരുന്നു. അവൻ ഓഫീസിൽ പോവാൻ റെഡിയാവാനായി കബോഡ് തുറന്നതും വൃത്തിയിൽ മടക്കി വച്ചിരുന്ന തന്റെ ഡ്രസ്സുകൾ എല്ലാം കൂടി കാലിൽ വന്ന് വീണു. " ഈ പണ്ടാര കാലിയെ കൊണ്ട് ഞാൻ തോറ്റു. എത്ര വൃത്തിയിൽ ഒതുക്കി വച്ചിരുന്ന എന്റെ ഡ്രസ്സുകളാ. ഇപ്പോ കരിമ്പിൻ കാട്ടിൽ ആന കയറിയ അവസ്ഥയായി. അവൻ താഴേ വീണതിൽ നിന്നും ഒരു ഷർട്ടും പാൻസും തിരഞ്ഞെടുത്ത് ബാക്കി ഡ്രസ്സുകൾ അതുപോലെ കബോഡിലേക്ക് തള്ളി കയറി. താഴേയുള്ളത് എടുത്ത് വക്കുമ്പോഴാണ് ബെഡിനടിയിലായി കിടക്കുന്ന ഒരു ടാബ്ലറ്റ് പാക്ക് അവൻ കണ്ടത്. ബാക്കി ഡ്രസ്സുകളും കബോഡിൽ എടുത്ത് വച്ച ശേഷം ഹരൻ അത് എടുത്തു.

" ഇത് നിധിക കഴിക്കുന്ന സ്ലീപ്പിങ്ങ് ടാബ്‌ലറ്റ് അല്ലേ. അപ്പോ ഇന്നലെ ഇവൾ ഇത് കഴിച്ചിരുന്നോ . അതാണോ അങ്ങനെ കിടന്ന് ഉറങ്ങിയത്. എനിക്ക് അപ്പോഴേ ഒരു സംശയം തോന്നിയതാ" ഹരൻ വേഗം ഡ്രസ്സ് ഇട്ട് താഴേക്ക് നടന്നു. ഡെയ്നിങ് ടേബിളിൽ അച്ഛനും മാധുവും ഇരിക്കുന്നത് കണ്ട് അവൻ കിച്ചണിലേക്ക് നടന്നു. " നിധിക ഒന്നിങ്ങ് വാ" പാത്രം കഴുകി കൊണ്ടിരുന്ന നിധിക അമ്മയെ നോക്കി. അമ്മ അവളോട് പൊക്കോള്ളു എന്ന് തലയാട്ടിയതും നിധിക കൈ കഴുകി പിന്നാലെ ചെന്നു. " ഇരിക്ക് " ഹരൻ ഉമ്മറത്തെ അരഭിത്തിയിൽ ഇരുന്നു കൊണ്ട് പറഞ്ഞു. " ഇത് നിന്റെയാണോ " ഹരൻ കയ്യിലുള്ള ടാബ്ലറ്റിന്റെ കവർ നീട്ടി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് പതറി കൊണ്ട് തലയാട്ടി. " അമ്മ ഇത് നിന്നോട് കഴിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ " തികച്ചും ശാന്തമായിരുന്നു അവന്റെ ശബ്ദം. " മ്മ് " " പിന്നെ എന്തിന് നീ ഇത് കഴിച്ചു " " ഉ... ഉറക്കം വ.. വരാൻ " " നോക്ക് നിധിക ഇത് എപ്പോഴും കഴിക്കുന്നത് അത്ര നല്ലതല്ലാ. നിനക്ക് 20 വയസല്ലേ ആയിട്ടുള്ളൂ. ഇപ്പോ തന്നെ ഇത്തരം ടാബ്ലറ്റ് കഴിക്കാൻ തുടങ്ങിയാൽ അതിന്റെ സൈഡ് എഫക്റ്റ് വലുതായിരിക്കും. അതുകൊണ്ട് ഇനി ഇത് കഴിക്കരുത് " " മ്മ് " അവൾ അനുസരണയുള്ള കുട്ടിയെ പോലെ തലയാട്ടി.

" ഈ ടാബ്ലറ്റ് എവിടന്നാ കിട്ടിയത്. നിന്റെ കയ്യിലുള്ളതെല്ലാം അമ്മ കളഞ്ഞതല്ലേ" " ഇത് ഇന്നലെ കൊലുസ് തിരഞ്ഞപ്പോൾ കിട്ടിയതാ .." " ഇനി വേറെ നിന്റെ കയ്യിൽ ഉണ്ടോ .." " ഇ.. ഇല്ലാ " " മമ്. ചെന്ന് ഫുഡ് എടുത്ത് വക്ക് " അത് പറഞ്ഞ് ഹരൻ റൂമിലേക്ക് പോയി. അവൻ ടാമ്പും കീയും ഫോണും എടുത്ത് താഴേ എത്തുപ്പോഴേക്കും അമ്മയും നിധികയും ഫുഡ് എടുത്ത് വച്ചിരുന്നു. " എട്ടൻ നിച്ചുവിനെ ചീത്ത പറഞ്ഞോ " മാധു മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു. " എന്തേ " " നിച്ചുവിന്റെ മുഖം ആകെ സങ്കടത്തിലാണല്ലോ " അടുക്കളയിലേക്ക് പോയ നിധികയെ നോക്കി മാധു പറഞ്ഞു. " പറ എട്ടാ ചീത്ത പറഞ്ഞോ " " പറഞ്ഞെങ്കിൽ " ഹരന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു ഉത്തരം പ്രതീഷിക്കാത്തതു കൊണ്ട് മാധുവിന്റെ മുഖം ആകെ പ്ലിങ്ങായി പോയി. " ചീത്ത പറഞ്ഞോന്ന് ചോദിച്ചല്ലേ ഉള്ളു . അതിനെന്തിനാ ഇങ്ങനെ ചൂടാവുന്നേ " അവൻ വേഗം കഴിച്ച് എണീറ്റു പോയി . അത് കണ്ട് അച്ഛനും അമ്മയും അടക്കി ചിരിച്ചു. * " ഇച്ചായാ എന്തൊരു കിടത്തമാ ഇത് . എണീറ്റ് ഓഫീസിലേക്ക് ഒന്ന് പോക്കുടെ " തന്റെ അനിയന്റെ ശബ്ദം കേട്ട് അലക്സി ഒന്ന് തല ഉയർത്തി നോക്കി. " നീ എപ്പോഴാ വന്നത്. ക്ലാസിലെ നിനക്ക്. അതോ വീണ്ടും അടിപിടി കേസായോ " " ഇല്ലിച്ചായ സേം ബ്രെക്കാണ്. അതോണ്ട് വന്നതാ. ഇതെന്ത് കോലമാ അലക്സിച്ചാ . ആകെ താടിയും മുടിയുമായി . ഇതൊക്കെ ഒന്ന് വെട്ടി കളഞ്ഞുടെ " " വയ്യെന്റെ ഡേവിഡേ . എല്ലാത്തിനും ഒരുമടി. നീ വല്ലതും കഴിച്ചായിരുന്നോ "

" ഞാൻ കഴിച്ചിട്ടാ ഹോസ്റ്റലിൽ നിന്നും ഇറങ്ങിയേ . ഇച്ചായൻ ഇപ്പോ അപ്പാപ്പനോടും , അമ്മാമയോടും മിണ്ടാറില്ലേ " ഡേവിഡിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമായിരുന്നു ഉത്തരം. " അവർക്കൊക്കെ ഒരുപാട് സങ്കടമുണ്ട്. അവരോട് ക്ഷമിച്ചൂടെ " അലക്സി ഒന്നും പറയാതെ ബെഡിൽ എണീച്ചിരുന്നു. " ഞാൻ പറഞ്ഞ കാര്യം നീ ചെയ്തോ ഡെവി . അവളെ വിളിച്ചോ " " മ്മ്. ഇച്ചായൻ പറഞ്ഞക്കാര്യങ്ങൾ അതേ പോലെ പറഞ്ഞു. ഇച്ചനെ അന്വേഷിച്ചു. പാവം ഒരുപാട് സങ്കടമുണ്ട് . " " ഇത്രയും ദൂരം യാത്ര ചെയ്തതല്ലേ . പോയി കുറച്ച് നേരം റെസ്റ്റ് എടുക്ക്" അത് പറഞ്ഞ് അലക്സി വീണ്ടും ബെഡിലേക്ക് കിടന്നു. അവനെ കുറച്ച് നേരം നോക്കി നിന്ന് ഡേവി പുറത്തേക്ക് നടന്നു. അലക്സിയുടെ ഒരേ ഒരു അനിയനാണ് ഡേവിഡ് എന്ന ഡേവി. ഇപ്പോ ഏർണാകുളത്ത് പിജി ചെയ്യുന്നു. * " ഈ വരുന്ന ഞായറാഴ്ച്ചയല്ലേ മോളേ ക്ലാസ്മേറ്റിന്റെ കല്യാണം " രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന അച്ഛൻ വിളമ്പി തരുന്ന നിധിയോട് ചോദിച്ചു. " അതെ അച്ഛാ" " മോള് പോവുന്നില്ലേ " " എയ്. ഞാനും അവളും തമ്മിൽ അത്ര നല്ല ടേംസ് ആന്റ് കണ്ടീഷനിൽ അല്ലാന്നേ. ആ സാധനത്തെ കണ്ണെടുത്താ കണ്ടൂടാ എനിക്ക് " " അതെന്താ നിച്ചു അങ്ങനെ . ആള് പഠിപ്പിസ്റ്റ് ആണോ " മാധു "

പഠിപ്പിസ്റ്റല്ലാ തേപ്പിസ്റ്റാ. ഒരേ സമയം അഞ്ചാറ് കാമുകൻമാരെ ഡീൽ ചെയ്യാനുള്ള കഴിവ് അവൾക്ക് ഉണ്ട്. അവൾക്ക് ഭൂമികാ എന്നല്ലാ തേപ്പികാ എന്നാ പേരിടേണ്ടത് " നിധികയുടെ വാക്കുകളിൽ തന്നെ അവളോടുള്ള വിധ്വേഷം നിറഞ്ഞു നിന്നു. " അപ്പോ നീ എന്തായാലും പോവണം നിച്ചു. എന്നിട്ട് അവളെ കല്യാണം കഴിക്കുന്ന ചെക്കന്റെ അടുത്ത് ഈ കാര്യങ്ങൾ എല്ലാം പറയണം. അല്ലേ എട്ടാ " കഴിക്കാനായി വന്ന ഹരനെ നോക്കി മാധു പറഞ്ഞു. " പിന്നെ . എനിക്ക് അതല്ലേ പണി. കള്ളം പറയാൻ അവളെ കഴിഞ്ഞേ വേറെ ആള് ഉള്ളു. അവൾക്ക് ഒരു എട്ടൻ കൂടി ഉണ്ട്. ഞങ്ങളുടെ കോളേജിൽ തന്നെയായിരുന്നു. അയാൾ അതിനേക്കാൾ വലിയ അലമ്പൻ . ഒരു ഞെരമ്പ് രോഗിയാ . എന്റെ കൂട്ടുക്കാരി വൈദുവിനെ ഒരു ദിവസം ശല്യപ്പെടുത്താൻ നോക്കിയതാ. അന്ന് ഇച്ചായന്റെ കയ്യിൽ നിന്നും അയാൾക്ക് വേണ്ടത് കിട്ടി. പിന്നെ ഒരാഴ്ച്ചക്ക് കോളേജിന്റെ പടി ചവിട്ടിയിട്ടില്ല അയാൾ " " ആരാ നിച്ചു ഇച്ചായാൻ " മാധുവിന്റെ ആ ചോദ്യം നിധികയുടെ മുഖത്തെ പുഞ്ചിരി പതിയെ മറയിച്ചു. " അത് ... അത് പിന്നെ ... ഇച്ചായാൻ .. ഇച്ചായൻ " നിധിക നേരെ നോക്കിയത് അച്ഛന്റെ മുഖത്തേക്കാണ് " ഡാ നിന്നോട് ഞാൻ കറണ്ട് ബിൽ അടക്കാൻ പറഞ്ഞിട്ട് നീ അടച്ചോ " അച്ഛൻ പെട്ടെന്ന് വിഷയം മാറ്റി " അത് അച്ഛാ എനിക്ക് അത്യവശ്യമായി പൈസക്ക് കുറച്ച് ആവശ്യം വന്നപ്പോൾ ഞാൻ ആ പൈസ എടുത്ത് ഒന്ന് മറിച്ചായിരുന്നു. എന്തായാലും രണ്ട് ദിവസത്തിനുള്ളിൽ അടക്കാം "

" ഉത്തരവാദിത്വം വരാൻ നിന്നെയൊക്കെ ഓരോ പണിയേൽപ്പിച്ച എന്നേ പറഞ്ഞാ മതിയല്ലോ " " അതിന് ഉത്തരം വാദിത്വം വരാൻ കല്യാണം കഴിപ്പിച്ചാ മതി അച്ഛാ" മാധു അത് പറഞ്ഞതേ ഓർമയുള്ളു. അന്തരീക്ഷത്തിൽ ചട്ടുകം ഉയർന്ന് വന്ന് അവന്റെ പുറത്ത് വീണിരുന്നു. " നീ ആദ്യം പോയി ഈ കൂറ തലമുടി വെട്ടി മനുഷ്യൻമാരെ പോലെ നടക്ക് . എന്നിട്ട് നോക്കാം കല്യാണവും കളവാണവുമൊക്കെ " അമ്മ അലറിയതും പിന്നെ മാധു ഒന്നും മിണ്ടാതെ കഴിച്ച് എണീറ്റു. രാത്രി ഹരൻ റൂമിലേക്ക് വരുന്നതിനു മുൻപേ തന്നെ നിധിക ഉറങ്ങിയിരുന്നു. അത് കണ്ട് അവനും മറുഭാഗത്തായി കിടന്നുറങ്ങി. ** " നിധിക "പിറ്റേ ദിവസം ഹരന്റെ അലർച്ച കേട്ട് ആ വീട് വരെ ഒന്ന് കുലുങ്ങി പോയി. രാവിലെ മാധുവിനൊപ്പം ഹാളിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്ന നിധി ഹരന്റെ വിളി കേട്ട് ഞെട്ടി വിറച്ചു. " നിനക്ക് ഒരു കാര്യം പറഞ്ഞാ അത് അനുസരിക്കാൻ വയ്യേടി " സ്റ്റയർ ഇറങ്ങി വന്ന ഹരൻ നിധികയെ നോക്കി അലറി. നിധികക്കാണെങ്കിൽ എന്താ കാര്യം എന്ന് മനസിലായില്ല. " ഇത് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടാൽ ഞാൻ അറിയില്ലാ എന്ന് കരുതിയോ" ഹരന്റെ കയ്യിൽ ഇന്നലെ കഴിച്ച സ്ലീപ്പിങ്ങ് ടാബ്ലറ്റിന്റെ കണ്ട് നിധിക തല കുനിച്ചു. " നിന്റെ നാവിറങ്ങി പോയോ നിധിക " അവൻ ദേഷ്യത്തിൽ കൈ ഉയർത്തിയതും മാധു അവനെ തടഞ്ഞിരുന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story