നീഹാരമായ്: ഭാഗം 17

neeharamayi

രചന: അപർണ അരവിന്ദ്

" നീ നാളെ അച്ഛന്റേയും അമ്മയുടേയും കൂടെ പോവുന്നുണ്ടോ " കിടക്കാൻ നേരം തന്റെ മറുഭാഗത്തായി കിടക്കുന്ന നിധികയോട് ഹരൻ ചോദിച്ചു. " ഡീ യക്ഷി നിന്നോടാ ഞാൻ ചോദിക്കുന്നേ " അവൻ വീണ്ടും ചോദിച്ചതും നിധിക തിരിഞ്ഞ് നോക്കി അവനെ പേടിപ്പിച്ചു. "നിനക്ക് എന്താ ചെവി കേൾക്കുന്നില്ലേ . നീ നാളെ പോവുന്നുണ്ടോന്ന് " " ഇല്ലാ " " ഡോക്ടർ തന്ന ടാബ്ലറ്റ് നീ കഴിച്ചോ " " മ്മ് " " നാളെ അ.." " ഒന്ന് മിണ്ടാതെ ഇരിക്കുമോ . എനിക്കൊന്ന് ഉറങ്ങണം" അവൾ ദേഷ്യത്തിൽ പറഞ്ഞത് കേട്ട് ഹരന് ചിരി വന്നിരുന്നു. പിന്നീട് അവൻ ഒന്നും മിണ്ടാൻ പോയില്ലാ. * " മാധു ഞാൻ കുളിച്ചിട്ട് വരാം. അടുക്കള വാതിൽ വെറുതെ തുറന്നിടരുത്. പൂച്ചക്കയറി എല്ലാം തട്ടി മറക്കും. " " നീ പോയി വാ നിച്ചു. ഞാൻ നോക്കി കൊള്ളാം " ടിവി കാണുന്ന മാധു പറഞ്ഞതും നിധിക റൂമിലേക്ക് നടന്നു. രാവിലെ നേരത്തെ തന്നെ അമ്മയും അച്ഛനും ഇറങ്ങി. നിധികക്ക് ഒന്നും ഉണ്ടാക്കാൻ അറിയാത്തതു കൊണ്ട് രാവിലേക്കും ഉച്ചക്കും ഉള്ളത് അമ്മ ഉണ്ടാക്കി വച്ചിരുന്നു. രാത്രിയിലേക്ക് ഉള്ളത് ഹരൻ ഓഫീസിൽ നിന്നും വരുമ്പോൾ വാങ്ങി കൊണ്ടു വരും. ടിവിയിൽ മൂവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് മാധുവിന്റെ ഫോൺ റിങ്ങ് ചെയ്തത്. അവൻ ഫോണിൽ സംസാരിച്ചു കൊണ്ട് അടുക്കളയിൽ എത്തി.

അടുക്കളയിൽ നിന്നും ഒരോന്ന് എടുത്ത് കഴിച്ച് അടുക്കള വാതിൽ തുറന്ന് അവൻ പുറത്തേക്ക് ഇറങ്ങി. അടുക്കള ഭാഗത്തെ ചെടികളുടെ ഇലയെല്ലാം പറിച്ച് കൊണ്ട് ഫോണിൽ സംസാരിക്കുന്ന മാധു അടുക്കളയിൽ നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടതും അകത്തേക്ക് ഓടി. ഉച്ചക്ക് ഉണ്ടാക്കി വച്ച ചോറും കറികളും തട്ടി മറച്ച് ഒരു മൂലയിൽ ഇരുന്ന് മീൻ വറുത്തത് തിന്നുന്ന പൂച്ചയെ കണ്ടതും മാധു ഞെട്ടി. പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ട് നിധിക വരെ താഴേ എത്തിയിരുന്നു. അടുക്കളയിൽ പരന്ന് കിടക്കുന്ന പാത്രങ്ങളും അന്തം വിട്ട് നിൽക്കുന്ന മാധുവിനേയും കണ്ടപ്പോൾ തന്നെ നിധിക്ക് ഏറെ കുറേ കാര്യങ്ങൾ മനസിലായി. " ഇതെല്ലാം വൃത്തിയാക്കി അടുക്കള അടിച്ച് വാരി തുടച്ചില്ലെങ്കിൽ ബാക്കി ഞാൻ അപ്പോ പറയാം" നിധിക മാധുവിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞ് റൂമിലേക്ക് തിരികെ പോയി. * " എനിക്ക് വിശന്നിട്ട് വയ്യെടി ചേച്ചി " നിധിക കട്ട് ചെയ്ത ആപ്പിൾ കഴിച്ചു കൊണ്ട് മാധു പറഞ്ഞു. "ദേ ചെക്കാ മര്യാദക്ക് വാ അടച്ചിരുന്നോ . ഉള്ള ചോറും കറിയും പൂച്ചക്ക് കൊടുത്തിട്ട് അവന് വിശക്കുന്നു പോലും " നിധി കണ്ണുരുട്ടി പേടിപ്പിച്ചു.

" എന്റെ രേഷ്മയെ ഞാൻ ഒരു വിധം കറക്കി എടുത്തി കൊണ്ടുവരുകയായിരുന്നു. ആ നശിച്ച പൂച്ചക്കാരണം അതും മിസ്സായി. ഇനി ആദ്യം മുതൽ തുടങ്ങണം" " നിന്റെ കോഴിത്തരം കാരണമാ ഇപ്പോ പട്ടിണി കിടക്കേണ്ടി വന്നത് " " എന്തായാലും അടുക്കളയിൽ പൂച്ചക്കയറി എല്ലാം കഴിച്ചു. അപ്പോ എന്തുകൊണ്ട് നമ്മുക്ക് പുറത്ത് പോയി കഴിച്ചു കൂടാ. ഈ ഉച്ചക്ക് നല്ല ചിക്കൻ ബിരിയാണി , അല്ലെങ്കിൽ നല്ല പൊറോട്ടയും ബീഫും , അതും അല്ലെങ്കിൽ നല്ല മസാല ദോശ. നല്ല കാറ്റും വെളിച്ചവും ഉള്ള നാച്വറൽ ആംബിയൻസ് " " അവിടെ പോയി ചിരിച്ച് കാണിച്ചാ ഫുഡ് തരില്ല. പൈസ കൊടുക്കണം " " അതിനല്ലേ അച്ഛന്റെ പണപെട്ടി . നമ്മുക്ക് അടിച്ച് മാറ്റാം " മാധു അച്ഛന്റെ റൂമിലേക്ക് ചൂണ്ടി പറഞ്ഞു. " അത് വേണ്ടാ. ഞാൻ പൈസ ഒപ്പിക്കാം. നീ റെഡിയാവ്" " അയ്യടി മോളേ കെട്ട്യോന്റെ പൈസ അടിച്ച് മാറ്റാനാണല്ലേ " " ആണെങ്കിൽ എന്താ . നിനക്ക് വല്ല നഷ്ടവും ഉണ്ടോ . പോയി റെഡിയാവടാ ചെക്കാ " അവന്റെ തലക്കിട്ട് കൊട്ടി കൊണ്ട് നിധിക റൂമിലേക്ക് നടന്നു. അവൾ തന്റെ പേഴ്സിൽ ആകെയുള്ള ആയിരം രൂപ കയ്യിലെടുത്തു. അന്ന് വീട്ടിൽ പോയപ്പോൾ അമ്മ കൈയിൽ വച്ച് തന്ന പൈസയാണ്. അല്ലെങ്കിലും അമ്മമാർ അങ്ങനാണല്ലോ. അവൾ ഒരു പുഞ്ചിരിയോടെ വേഗം റെഡിയാവാൻ തുടങ്ങി. *

"സോറി രേഷ്മ എനിക്ക് ഒരു അർജന്റ് കോൾ വന്നു അതാ . തനിക്ക് അറിയാമല്ലോ എന്റെ തിരക്കുകൾ . സ്റ്റുഡന്റ് ആണെങ്കിലും വീട്ടിലെ കാര്യങ്ങൾ എല്ലാം മാനേജ് ചെയ്യുന്നത് ഞാനാ. എന്തു ചെയ്യാനാ ഇത്രയും കഴിവെനിക്ക് ദൈവം തന്നു. തിരക്കുകൾ കൊണ്ട് നിന്നു തിരിയാൻ സമയമില്ലാന്നേ. അതൊക്കെ വിട്ടേക്ക് . ഞാൻ പറഞ്ഞ കാര്യത്തെ കുറിച്ച് രേഷ്മ മറുപടിയൊന്നും പറഞ്ഞില്ലാ " " ഡാ മാധു ഈ പൈസ നിന്റെ പോക്കറ്റിൽ വച്ചേക്ക് . ഞാൻ പേഴ്സ് എടുക്കുന്നില്ല. " ഫോണിൽ സംസാരിക്കുന്ന മാധുവിനോടായി പറഞ്ഞ് കയ്യിലുള്ള പൈസ ടീപ്പോയിൽ വച്ച് അവൾ അടുക്കള വാതിൽ അടക്കാൻ പോയി. " ഓക്കെ രേഷ്മ താൻ ആലോചിച്ച് ഒരു ഉത്തരം തന്നാ മതി. എനിക്ക് അത്യവശ്യമായി ബാങ്ക് വരെ പോകണം. എന്റെ അകൗണ്ടിൽ നിന്നും ഡാഡിയുടെ അകൗണ്ടിലേക്ക് ഒരു 20 Laks ട്രാൻസ്ഫർ ചെയ്യാനുണ്ട്. ഡാഡിയുടെ ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് എല്ലാം ഞാൻ തന്നെ മാനേജ് ചെയ്യണമെന്ന് ഡാഡിക്ക് നിർബന്ധമാ . എന്നാ ശരി രേഷ്മ ബയ് " അവൻ കോൾ കട്ട് ചെയ്ത് തിരിഞ്ഞതും പിന്നിൽ അവനെ നോക്കി പേടിപ്പിച്ച് നിധി നിൽക്കുന്നുണ്ട്. " സ്വന്തമായി അഞ്ചിന്റെ പൈസ ഇല്ലാത്തവനാ 20 Laks ട്രാൻസ്ഫർ ചെയ്യാനുണ്ട് പോലും . " " നമ്മുക്ക് ഇറങ്ങിയാലോ " അവൻ വിഷയം മാറ്റാനായി പറഞ്ഞു.

" മ്മ് " " എന്റെ കൈ കൊണ്ട് വയ്യാ . നീ വണ്ടി എടുത്തോ" മാധു കീ അവൾക്ക് കൊടുത്തു. " എനിക്ക് ലൈസൻസ് ഇല്ലാ " " അതൊന്നും സാരില്യ. നമ്മൾ ഇവിടെ അടുത്തല്ലേ പോവുന്നേ. പിന്നെ ഉച്ച സമയവും " രണ്ടു പേരും വാതിൽ പൂട്ടി പുറത്തേക്ക് ഇറങ്ങി. " എടാ ഹെൽമറ്റ് എടുത്തില്ലല്ലോ " കുറച്ച് ദൂരം മുന്നോട്ടു പോയപ്പോഴാണ് നിധിക ഓർത്തത്. " ഇനി ഇപ്പോ തിരിച്ച് പോയി എടുക്കുമ്പോഴേക്കും ഞാൻ വിശന്ന് ചാവും . നീ പോവാൻ നോക്ക്" വണ്ടി മുന്നോട്ട് എടുത്ത് കുറച്ച് ദൂരം പോയതും റോഡിൽ പോലീസ് " നീ പേടിക്കല്ലേ . ഉച്ച സമയം അല്ലേ ചെക്കിങ്ങ് ഉണ്ടാകില്ലാ. അയാൾ ഫോണിൽ സംസാരിച്ച് നിൽക്കാ . ധൈര്യമായി പോയിക്കോ " മാധുവിന്റെ ധൈര്യത്തിൽ അവൾ വണ്ടി മുന്നോട്ട് എടുത്തു. " വണ്ടി നിർത്തിക്കേ. ഹെൽമറ്റ് ഇല്ലാതെ രണ്ടും കൂടി എങ്ങോട്ടാ " " ഹോസ്പിറ്റലിലേക്കാ സാർ . " കൈയ്യിലെ മുറിവ് കാണിച്ച് കൊണ്ട് മാധു പറഞ്ഞു. " ഹോസ്പിറ്റലിലേക്കാണെങ്കിൽ എന്താ ഹെൽമറ്റ് വക്കണ്ടേ . ഇതെന്താടാ നിന്റെ തലയിൽ മഴവില്ലോ " അവന്റെ മുടിയിലേക്ക് ചൂണ്ടി പോലീസ് പറഞ്ഞതും മാധുവിന് ദേഷ്യം വരാൻ തുടങ്ങി. " ഹെൽമറ്റ് വക്കാത്തതിന് ഫൈൻ അടച്ചാ പോരെ സാറേ . എന്റെ മുടി ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും.

ചിലപ്പോ കളറടിക്കും ചിലപ്പോ മൊട്ടയടിക്കും അതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. അതിൽ ഇടപെടാൻ സാറിന് അധികാരമില്ല. " മാധു പറയുന്നത് കേട്ട് നിധി അവനെ തടഞ്ഞു എങ്കിലും കാര്യമുണ്ടായില്ല. " അപ്പോ അധികാരത്തേയും വകുപ്പുകളെ കുറിച്ചൊക്കെ അറിയാം അല്ലേ. എന്നാ കാര്യങ്ങൾ നിയമപരമായി തന്നെ നടക്കട്ടെ . ലൈസൻസ് , ഇൻഷൂറൻസ് , വണ്ടിയുടെ ബുക്കും പേപ്പറും എല്ലാം എടുത്താട്ടെ" പോലീസ് കാരനും വാശി കയറിയിരുന്നു. അയാൾ പറഞ്ഞത് കേട്ട് മാസ് ഡയലോഗ് അടിച്ച് നിന്ന മാധുവിന്റെ മുഖം കാറ്റഴിച്ചു വിട്ട ബലൂൺ പോലെയായി. അച്ഛൻ ഇൻഷൂറൻസ് അടക്കാൻ തന്ന പൈസയും , കറണ്ട് ബിൽ അടക്കാൻ തന്ന പൈസയും എടുത്താണ് രണ്ട് ദിവസം മുൻപ് ഫ്രണ്ട്സിന് പാർട്ടി കൊടുത്തത്. " അത് പിന്നെ സാർ എനിക്ക് ലൈസൻസ് ഇല്ലാ " ഒന്ന് പരുങ്ങി കൊണ്ട് നിധി പറഞ്ഞു. "ആഹാ . നിയമങ്ങളെ കുറിച്ച് പറഞ്ഞ സാർ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞില്ലേ " മാധുവിനെ നോക്കിയായിരുന്നു ആ ചോദ്യം. " ലൈൻസൻസ് മാത്രമല്ലാ ഇൻഷുറൻസും അടച്ചിട്ടില്ല. " മാധു പറഞ്ഞു " അതെന്തായാലും നന്നായി. അപ്പോ ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും , ലൈസൻസ് , ഇൻഷൂറൻസ് മൊത്തത്തിൽ ഒരു 3000 രൂപ അടച്ചേക്ക് " അയാൾ പറഞ്ഞതും നിധികയും മാധുവും ഒരുമിച്ച് ഞെട്ടി.

" ഞങ്ങളുടെ കയ്യിൽ ഇപ്പോ അത്ര പൈസ ഇല്ലാ സാർ . ഇപ്പോ 1000 അടക്കാം. ബാക്കി സ്റ്റേഷനിൽ വന്ന് അടച്ചോളാം. മാധു ആ പെസ എടുക്ക്" " പൈസയോ ഏത് പൈസ " " എടാ ഞാൻ വീട്ടിൽ വച്ച് തന്നില്ലേ 1000 രൂപ " " എപ്പോ " " മാധു വെറുതെ കളിക്കല്ലേ . നിന്റെ കയ്യിൽ വക്കാൻ പറഞ്ഞ് ഞാൻ പൈസ തന്നില്ലേ." " ഇതൊക്കെ എപ്പോ ഞാൻ അറിഞ്ഞില്ല. എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല. നിന്റെ കയ്യിൽ അല്ലേ പൈസ " " എന്റെ കയ്യിൽ ഇല്ലാ " " രണ്ട് പേരും ഇവിടെ നിന്ന് തർക്കിച്ച് കണ്ട് പിടിക്ക് . വണ്ടി സ്റ്റേഷനിൽ ഉണ്ടാകും. തിരക്കൊന്നും ഇല്ലാ . പതിയെ വന്ന് ഫൈൻ അടച്ചിട്ട് തിരിച്ചെടുത്താ മതി. " " പ്ലീസ് സാർ സ്കൂട്ടി കൊണ്ടുപോവല്ലേ . വീട്ടിൽ അറിഞ്ഞാ അച്ഛൻ കൊല്ലും " " മര്യാദക്ക് ഹെൽമെറ്റ് വക്കാത്തതിന് ഒരു ഉപദേശിച്ച് വിടാം എന്നാണ് കരുതിയത്. അപ്പോ മോന്റേ വലിയ ഒരു നിയമം പറച്ചിൽ . ഇനി എന്തായാലും കാര്യങ്ങൾ നിയമത്തിന്റെ വഴിക്ക് നടക്കട്ടെ " അയാൾ ജീപ്പിൽ കയറി കോൺസ്റ്റബിളിനോട് വണ്ടി എടുത്തിട്ട് വരാൻ നിർദേശം നൽകി. " നീ ഒറ്റ ഒരുത്തനാ ഇതിന് കാരണം. ആവശ്യമില്ലാതെ അവന്റെ ഒരു ഡയലോഗ് " " പിന്നെ എന്റെ മുടിയെ കുറിച്ച് പറഞ്ഞാ ഞാൻ മിണ്ടാതെ ഇരിക്കണോ " " ഇനി ഇപ്പോ എന്താ ചെയ്യാ . എനിക്ക് വിശന്നിട്ട് വയ്യാ " നിധി അലറി കുറേ നേരം ഓട്ടോക്ക് വേണ്ടി വെയ്റ്റ് ചെയ്തു എങ്കിലും ഒരു പൂച്ച കുഞ്ഞ് പോലും ആ വഴിക്ക് വന്നില്ല. " എട്ടനെ വിളിച്ച് നോക്കാം " മാധു ഫോണിൽ ഹരനെ വിളിച്ചു എങ്കിലും അവൻ കോൾ എടുക്കുന്നില്ല. " ഇനി ആകെ ഒരേ ഒരു വഴിയേ ഉള്ളൂ " അത് പറഞ്ഞ് കാര്യമായി ചിന്തിച്ച് കൊണ്ട് നിധികയുടെ കയ്യും പിടിച്ച് മാധു മുന്നോട്ട് നടന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story