നീഹാരമായ്: ഭാഗം 36

neeharamayi

രചന: അപർണ അരവിന്ദ്

പിറ്റേ ദിവസം രാവിലെ തന്നെ ഇന്ദുവിന് അമ്പലത്തിൽ പോവാൻ സാരി ഉടുക്കാൻ നിധിക സഹായിച്ചു. അവരുടെ കൂടെ ക്ഷേത്രത്തിൽ പോകാൻ ഇന്ദു വിളിച്ചു എങ്കിലും ഹരന്റെ മുഖത്തെ താൽപര്യ കുറവ് കണ്ട് അവൾ ക്ലാസ് ഉള്ള കാരണം വരുന്നില്ലാ എന്ന് പറഞ്ഞു. അവർ അമ്പലത്തിൽ പോയി തിരിച്ച് വരുമ്പോഴേക്കും നിധിക ക്ലാസിൽ പോവാൻ റെഡിയായിരുന്നു. എല്ലാവരും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിച്ചത്. രാവിലെ തന്നെ ഇന്ദുവും ഭർത്താവും വീട്ടിലേക്ക് ഇറങ്ങാൻ നിന്നു. പോവാൻ നേരം ഇന്ദു നിധിയെ ഒന്ന് കെട്ടി പിടിച്ചു. ശേഷം ഹരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഹരൻ വേറെ എങ്ങാേ നോക്കിയാണ് നിൽപ്പ് ആങ്ങളയുടെയും പെങ്ങളുടേയും പെരുമാറ്റം നിധികയിൽ സംശയം കൂട്ടുകയാണ് ചെയ്തത്. അവർ ഇറങ്ങിയതും നിധികയും ക്ലാസ്സിലേക്ക് പോയി. നേരം വൈകിയത് കൊണ്ട് ഓടിയാണ് ക്ലാസിലേക്ക് എത്തിയത് അപ്പോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു. നന്ദൻ ആയിരുന്നു ക്ലാസ് എടുത്തിരുന്നത്. നിധിയെ കുറെ വഴക്ക് പറഞ്ഞ ശേഷമാണ് ക്ലാസിൽ കയറ്റിയത്. ഇതെല്ലാം മുൻകൂട്ടി പ്രതീക്ഷിച്ചതിനാൽ നിധികക്ക് പ്രത്യക ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ലാ സീറ്റിൽ വന്നപ്പോൾ ശ്രീദേവി അവളെ അലിവോടെ നോക്കി.

നിധികയാണെങ്കിൽ ഒന്നുമില്ലാ എന്ന രീതിയിൽ കണ്ണു ചിമ്മി കാണിച്ചു. * ബ്രേക്ക് ടൈം ആയതും ശ്രീദേവിയേയും കൂട്ടി നിധി കാന്റീനിലേക്ക് നടന്നു. അവിടെ വൈദു അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിധി അവളെ എല്ലാവർക്കും പരിചയപ്പെടുത്തി. ഒപ്പം അവളെ ശല്യപ്പെടുത്തുന്ന സീനിയർ ചേട്ടനെ കുറിച്ച് ഡേവിയോട് സൂചിപ്പിക്കുകയും ചെയ്തു. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കിൽ ഡേവിയോട് പറയണം എന്നും പ്രത്യേകം അവൻ പറഞ്ഞിരുന്നു. സാധാരണ ശ്രീദേവിയോട് ക്ലാസിലെ കുട്ടികൾ ആദ്യമെല്ലാം നല്ല അടുപ്പം കാണിച്ചിരുന്നു. എന്നാൽ പിന്നീട് പതിയെ പതിയെ അത് കുറഞ്ഞ് വന്നു. അതിന് കാരണം തനിക്ക് സംസാരിക്കാൻ കഴിയാത്തത് തന്നെയാണ്. താൻ പറയുന്ന ആംഗ്യങ്ങൾ അവർക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. തനിക്ക് സംസാരിക്കാൻ കഴിയാത്തത് ഒരു കുറവാണ് എന്ന അപകർഷതാ ബോധം ശ്രീദേവിയെ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞ് നടക്കാൻ പ്രേരിപ്പിച്ചു. പക്ഷേ നിധിക.

അവൾക്ക് തന്നോടുള്ള അടുപ്പം കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം ഉണ്ട് . എന്നാൽ അതെ സമയം അവളും മറ്റുള്ളവരെ പോലെ കുറച്ച് കാലം കഴിഞ്ഞ് തന്നെ മടുക്കുമ്പോൾ അകന്നു പോകുമോ എന്ന ഭയവും ഉണ്ടായിരുന്നു. ബ്രേക്ക് ടൈം കഴിഞ്ഞതും എല്ലാവരും അവരവരുടെ ക്ലാസിലേക്ക് നടന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോഴും ശ്രീദേവിയും നിധികയും വൈദുവും ഒരുമിച്ച് തന്നെയായിരുന്നു. * വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഫ്ളാറ്റിൽ ഹരൻ ഉണ്ടായിരുന്നില്ല. പല തവണ ഡോർ ബെൽ അടിച്ചിട്ടും ഡോർ ഓപണാകാത്തതു കൊണ്ട് നിധി ബാഗിൽ നിന്നും സ്പെയർ കീ എടുത്ത് വാതിൽ തുറന്നു. രാവിലെ തന്നോട് എവിടേക്കും പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ലല്ലോ എന്ന് ഓർത്ത് കൊണ്ട് അവൾ റൂമിലേക്ക് നടന്നു. ഡ്രസ്സ് മാറ്റി ഫ്രഷായി കിച്ചണിൽ വന്ന് കോഫി ഉണ്ടാക്കി. അതിനിടയിൽ ഹരനെ ഒരു വട്ടം വിളിച്ചപ്പോൾ അവൻ തിരക്കിലാണെന്നും വരാൻ വൈകും എന്ന് മാത്രം പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. നിധിക രാത്രിയിലേക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കി. 8 മണി കഴിഞ്ഞിട്ടും ഹരനെ കാണാത്തതിനാൽ ടി വി ഓൺ ചെയ്ത് സെറ്റിയിൽ വന്നിരുന്നു.

ഹരൻ തിരിച്ചെത്തുമ്പോഴേക്കും 9 മണി കഴിഞ്ഞിരുന്നു. ടി വി കാണുന്ന നിധിയെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൻ നേരെ റൂമിലേക്ക് കയറി പോയി. പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ഹരനെ തിരിച്ച് കാണാത്തതു കൊണ്ട് നിധിക നേരെ ഹരന്റെ റൂമിലേക്ക് വന്നു. അവൻ ബെഡിൽ കമിഴ്ന്ന് കിടക്കുന്നത് കണ്ട് നിധിക സംശയത്തോടെ അവന്റെ അരികിലേക്ക് നടന്നു. " നീ ഒന്നും കഴിക്കുന്നില്ലേ ഹരാ " " എയ് വേണ്ടാ. നീ കഴിച്ച് കിടന്നോ" " അതെന്താ വേണ്ടാത്തത് " " എനിക്ക് തലവേദന പോലെ " " ടാബ്ലറ്റ് വല്ലതും വേണോ ഹരാ. " " എയ് വേണ്ടാ ഒന്ന് ഉറങ്ങി എണീറ്റാൽ മാറും .." അത് പറഞ്ഞ് അവൻ തലയണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു. വാതിൽ ചാരി നിധിക പുറത്തേക്ക് വന്നു. കഴിക്കാനായി ഫുഡ് എടുത്തു എങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല. വേഗം എന്താേ കഴിച്ചെന്നു വരുത്തി അവൾ എണീറ്റു. റൂമിലേക്ക് പോകുന്നതിന് മുൻപ് ഒരിക്കൽ കൂടി ഹരനെ വന്ന് നോക്കി. അപ്പോഴേക്കും അവൻ ഉറങ്ങിയിരുന്നു. അത് കണ്ട നിധി നേരെ തന്റെ റൂമിലേക്ക് നടന്നു. " ഹരൻ എങ്ങോട്ടാ പോയത്. അടുത്ത ആഴ്ച്ച മുതൽ ഓഫീസിൽ പോയാ മതി എന്നല്ലേ പറഞ്ഞത്.

പിന്നെ ഇപ്പോ എവിടേക്കാ പോയേ " ഓരോന്ന് ആലോചിച്ച് അവൾ എപ്പോഴോ ഉറങ്ങി പോയി. * പിറ്റേ ദിവസം നിധിക ഉറക്കം ഉണരുമ്പോൾ ഹരൻ ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. തന്നോട് ഒരു വാക്ക് പോലും പറയാതെ ഹരൻ എവിടേക്കോ പോയത് അവളിൽ വല്ലാത്ത ദേഷ്യം ഉണ്ടാക്കി. എത്ര വലിയ തിരക്ക് ആണെങ്കിലും തന്നോട് ഒരു വാക്ക് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ. അവൾ തന്റെ ദേഷ്യം മൊത്തം കിച്ചണിലെ പാത്രങ്ങളോട് തീർത്തു. നന്ദന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യാത്തതിനാൽ നേരം വൈകിക്കാതെ വേഗം കോളേജിലേക്ക് ഇറങ്ങി. കോളേജിനു മുന്നിൽ വൈദു അവളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. " നിന്റെ മുഖത്തിന് ഇത് എന്ത് പറ്റിയെടി " അവളെ കണ്ടതും വൈദു ചോദിച്ചു. " എനിക്ക് എന്ത് പറ്റാൻ എനിക്ക് ഒന്നും ഇല്ലാ " " അതിന് നീ എന്തിനാ പെണ്ണേ ഇങ്ങനെ ചൂടാകുന്നത്. അതിനുമാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ " " ചൂടാവുകയോ ..ഞാനോ.. ഞാനോ " അവളുടെ കണ്ണുരുട്ടിയുള്ള പറച്ചിൽ കേട്ട് വൈദു രണ്ടടി പിന്നിലേക്ക് നീങ്ങി.

" എന്റെ പൊന്നോ . - .. ഞാൻ ഒന്നും ചോദിച്ചും ഇല്ലാ നീ ഒന്നും പറഞ്ഞിട്ടും ഇല്ല. " നിധികയുടെ മൂഡ് അത്ര നല്ലതല്ലാ എന്ന് മനസിലായ വൈദു കൈ കൂപ്പി പറഞ്ഞു. " നിധി പിന്നെ ഒരു കാര്യം. ബ്രേക്കിന് ശ്രീദേവിയേയും കൂട്ടി നീ കാന്റീനിലേക്ക് വാ. ഒരു സർപ്രെയ്സ് ഉണ്ട് " " സർപ്രെയ്സോ ..എന്ത് സർപ്രെയ്സ് " " ബ്രേക്ക് ടൈമിന് നിങ്ങൾ വാ . ഞാൻ അപ്പോ പറയാം" അത് പറഞ്ഞ് വൈദു തന്റെ ക്ലാസിലേക്ക് പോയി. നിധി തന്റെ ക്ലാസിലേക്കും. ക്ലാസിൽ എത്തിയിട്ടും നിധിക മുഖം വീർപ്പിച്ച് തന്നെയാണ് നടന്നിരുന്നത്. അത് കണ്ട് ശ്രീദേവി കാര്യം അന്വോഷിച്ചു എങ്കിലും അവൾ ഒന്നുമില്ലാ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. " എന്നാലും എന്നെ ഒന്ന് വിളിക്കുകയെങ്കിലും ചെയ്തോ. അല്ലെങ്കിലും അതിന്റെ ആവശ്യം എന്താ . സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്യുകയാണല്ലോ. ഇനി യക്ഷി പെണ്ണേ എന്ന് വിളിച്ച് വരട്ടെ . ഞാൻ കാണിച്ച് കൊടുക്കുന്നുണ്ട് ആ പരട്ടക്ക് " " അയ്യോ " തലയിൽ എന്താേ വന്ന് വീണപ്പോഴാണ് നിധി ചിന്തയിൽ നിന്നും ഉണർന്നത്. രണ്ട് നിമിഷം കഴിഞ്ഞപ്പോഴാണ് അത് നന്ദന്റെ കയ്യിലെ ചോക്ക് പീസ് ആണെന്ന് മനസിലായത് " " താൻ ക്ലാസിലേക്ക് പഠിക്കാനാണോ വരുന്നത് അതോ സ്വപ്നം കാണാനാണോ "

" സോറി സാർ " " തനിക്ക് ക്ലാസിൽ ഇരിക്കാൻ താൽപര്യമില്ലെങ്കിൽ പുറത്ത് പോവാം . പുറത്താവുമ്പോൾ ആരുടേയും ശല്യം ഇല്ലാതെ സ്വപ്നം കാണാം " നന്ദൻ തന്റെ പതിവ് സാരോപദേശം തുടങ്ങി. നിധി അതെല്ലാം കേട്ട് കുറച്ച് നേരം നിന്നു. " തന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ " പതിവ് പല്ലവിയോടെ ഉപദേശം അവസാനിപ്പിച്ചതും നിധിക സീറ്റിലേക്ക് ഇരുന്നു. " ഇയാൾക്ക് എന്നും എന്നെ മാത്രം ഇങ്ങനെ ചീത്ത പറഞ്ഞ് ബോറടിക്കുന്നില്ലേ ആവോ " അവൾ പതിയെ പിറുപിറുത്തു . ബ്രേക്ക് ആയതും രണ്ടു പേരും പുറത്തേക്ക് ഇറങ്ങി. ഇന്നലെ ശ്രീദേവിയെ കാണാത്തതു കൊണ്ട് സീനിയർ ചേട്ടൻ ബ്രേക്ക് ടൈമായതും ക്ലാസിനു മുന്നിൽ കുറ്റിയടിച്ചു നിൽക്കുന്നുണ്ട്. "ശ്രീദേവി " നിധികയും ശ്രീയും പുറത്തേക്ക് ഇറങ്ങിയതും പിന്നിൽ നിന്ന് വിളി വന്നിരുന്നു. എന്നാൽ അത് കേൾക്കാത്ത പോലെ ശ്രീയുടെ കൈയ്യും പിടിച്ച് നിധിക വേഗത്തിൽ മുന്നോട്ട് നടന്നു. കാന്റീനിൽ അവരെ കാത്തെന്ന പോലെ വൈദു ഇരിക്കുന്നുണ്ടായിരുന്നു.

" നിന്റെ മൂഡ് ഇപ്പോഴും ശരിയായില്ലേടി " നിധികയുടെ മുഖം കണ്ട് വൈദു ചോദിച്ചു. " എനിക്ക് ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ . ഡേവി എവിടെ " " ഡേവിഡ് ഇന്ന് വന്നിട്ടില്ലാ എന്ന് അവന്റെ ഒരു ഫ്രണ്ട് പറഞ്ഞു. ഡേവിയുടെ ആരോ ഹോസ്പിറ്റലിൽ ആണെന്ന് " " ആരാ ഹോസ്പിറ്റലിൽ " അത് കേട്ടതും നിധിക ഇരുന്നിടത്ത് നിന്നും ചാടി എണീറ്റു. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് വൈദുവും ശ്രീയും അമ്പരന്നു. " പറ വൈദു ആരാ ഹോസ്പിറ്റലിൽ " " ആരായാലും ഡേവിയുടെ ബ്രദർ അല്ലാ . വേറെ ആരോ ആണ് " വൈദു പറഞ്ഞത് കേട്ടതും നിധികയുടെ മുഖത്ത് ഒരു ആശ്വാസം തെളിയുന്നത് പേടിയോടെയാണ് വൈദു നോക്കി കണ്ടത്. " നിധി .. നി.. നിനക്ക് ഇപ്പോഴും അലക്സിച്ചനെ ഇഷ്ട " വൈദു മുഴുവൻ ചോദിക്കുന്നതിന് മുൻപേ നിധിക അവളെ തടഞ്ഞു. " എന്നോടൊന്നും ചോദിക്കല്ലേടാ . ഞാൻ എല്ലാം മറന്നതാ. പക്ഷേ ചില സമയങ്ങളിൽ ഞാൻ പോലും അറിയാതെ . എനിക്കറിയില്ലാ എന്താ ഇങ്ങനെയെന്ന് " " എയ് അതിന് നീ ഇങ്ങനെ കരയാതെ . എല്ലാം ശരിയാവും. കുറെ കാലം സ്നേഹിച്ചതല്ലേ അതാ ഇങ്ങനെ . അത് വിട്ടേക്ക് . ഞാൻ ഇപ്പോ എന്തിനാ നിങ്ങളെ ഇവിടേക്ക് വിളിപ്പിച്ചത് എന്ന് അറിയുമോ "

വൈദു ചോദിച്ചതും ഇരുവരും ഇല്ലാ എന്ന അർത്ഥത്തിൽ തലയാട്ടി. " നിങ്ങൾ രണ്ട് പേരും ആന്റിമാരാവാൻ പോവാ . ദാ ഇവിടെ പുതിയ ഒരാൾ കൂടി വരാൻ പോവാ " വയറിൽ കൈ വച്ച് വൈദു പറഞ്ഞതും അവർ ഇരുവരുടേയും മുഖം വിടർന്നു. " വൈദു . സ.. സത്യാണോ " " അല്ലാ കള്ളം . ഇതൊക്കെ ആരെങ്കിലും കളളം പറയുമോടീ " നിധിയുടെ തലയിൽ പതിയെ കൊട്ടി കൊണ്ട് വൈദു പറഞ്ഞു. ശ്രീദേവി വൈദുവിന്റെ വയറിലായി ഒരു കൈ എടുത്തു വച്ചു. അതിന് മുകളിലായി നിധികയും കൈ വച്ചു. " ഇങ്ങനെയൊക്കെ നടന്നാ മതിയോ മോളേ . നിനക്കും ഒന്ന് ആവാം " വൈദു കളിയായി നിധിയോട് പറഞ്ഞതും ശ്രീദേവി വാ പൊത്തി ചിരിച്ചു. " അധികം കളിയാക്കണ്ടാ . ഞാൻ ഒന്ന് മനസ് വച്ചാ ഒന്നല്ലാ ഇതു പോലത്തെ പത്ത് പിള്ളേർ ഉണ്ടാകും" നിധി പുഛത്തിൽ പറഞ്ഞു. " അതിന് നീ മാത്രം മനസ് വച്ചാ പോരാ മോളേ . നിന്റെ ഹരൻ കൂടി മനസ് വക്കണം " വൈദു വീണ്ടും കളിയാക്കിയതും നിധിക ചെയറിൽ നിന്നും എണീറ്റു.

" നീ വരുന്നുണ്ടോ ശ്രീ. ഞാൻ ക്ലാസിൽ പോവാ . അല്ലെങ്കിൽ ദേ ഇവളുടെ വളിച്ച താമാശ കേട്ട് ഇവിടെ ഇരുന്ന് ചിരിച്ചോ " നിധി മുഖം വീർപ്പിച്ച് പറഞ്ഞു. " അയ്യോ അപ്പോഴേക്കും നിധി മോള് പിണങ്ങിയോ . ഞാൻ വെറുതെ പറഞ്ഞത് അല്ലേ. നീ ഇരിക്ക്. എന്നിട്ട് എന്താന്ന് വച്ചാ ഓഡർ ചെയ്തോ ഞാൻ വാങ്ങി തരാം " അത് കേട്ടതും നിധിക ഒന്ന് അമർത്തി മൂളി കൊണ്ട് ചെയറിലേക്ക് തന്നെ ഇരുന്നു. * അന്ന് വൈകുന്നേരവും അവൾ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ ഹരൻ എത്തിയിരുന്നില്ല. അവൻ ഇതുവരെ വിളിക്കുകയും ചെയ്തില്ല. അതിന്റെ വാശിയിൽ നിധിയും തിരിച്ച് വിളിക്കാൻ നിന്നില്ല. രാത്രിയിലേക്കുള്ള ഫുഡ് ഉണ്ടാക്കി കുറച്ച് നോട്ട്സ് എഴുതാനുള്ളത് എഴുതി കൊണ്ടിരിക്കുമ്പോഴാണ് ഹരൻ വന്നത്. അവൻ ഇന്നലത്തെ പോലെ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി ഫ്രഷായി വന്ന് കിടന്നു. അത് കണ്ട് നിധിക ദേഷ്യത്തിൽ തന്റെ മുറിയിലേക്ക് കയറി പോയി. * പിറ്റേ ദിവസം രാവിലെ ഉറക്കം ഉണർന്നതും നിധിക ആദ്യം പോയത് ഹരന്റെ റൂമിലേക്കാണ് . അവിടെ അവനെ കാണാനില്ലാ എന്ന് മനസിലായതും അവൾക്ക് ആകെ കൂടി വിറഞ്ഞ് കയറി. " ആരെ കെട്ടിക്കാനാ ഇയാൾ ഇത്ര നേരത്തെ ഇവിടെ നിന്നും പോകുന്നത്. കയറി വരുന്നത് പാതി രാത്രിക്കും. ഞാൻ ഒന്നും ചോദിക്കുന്നില്ലാ എന്ന് വച്ച് എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ "

അവൾ നേരെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു. ഹരന്റെ അച്ഛനോട് വള്ളി പുള്ളി തെറ്റാതെ കുറച്ച് എരിവു കൂടി ചേർത്ത് പറഞ്ഞു കൊടുത്തു. അച്ഛൻ അവനോട് ചോദിക്കാം എന്ന ഉറപ്പിൻമേലാണ് അവൾ കോൾ കട്ട് ചെയ്തത്. ഇന്ന് വെളിയാഴ്ച്ച ആയതു കൊണ്ട് വൈകുന്നേരം നാട്ടിലേക്ക് പോകും. അപ്പോ അച്ഛന്റെയും അമ്മയുടേയും മുന്നിൽ വച്ച് അവനോട് എല്ലാം ചോദിക്കാം എന്ന മന കോട്ട കെട്ടി അവൾ കോളേജിലേക്ക് പോകാൻ തയ്യാറായി. * " നിനക്ക് എന്താ നിധി പറ്റിയത് രണ്ട് ദിവസമായല്ലോ ഇങ്ങനെ മുഖം വീർപ്പിച്ച് വച്ച് . എന്താ കാര്യം " അവളുടെ വീർത്ത് കെട്ടിയ മുഖം കണ്ട് വൈദു ചോദിച്ചു. " എനിക്ക് ഒന്നുമില്ല. " " വെറുതെ പറയാ . ഞാനും രണ്ടു ദിവസമായി ശ്രദ്ധിക്കുന്നു " ആംഗ്യം കാണിച്ച് കൊണ്ട് ശ്രീയും പറഞ്ഞു. " പറ നിധി വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ . നിന്റെ ഹരനുമായി വല്ല വഴക്കും ആണോ " " ആളെ നേരിട്ട് ഒന്ന് കണ്ടാൽ അല്ലേ വഴക്ക് ഉണ്ടാക്കു. ഇത് രാവിലെ ഞാൻ എണീക്കുന്നതിന് മുൻപേ എവിടേക്കോ പോകും പാതിരാത്രി കയറി വന്നാ നേരെ മുറിയിൽ കയറി കിടക്കും. ഞാൻ എന്ത് ചെയ്തിട്ടാ ഇങ്ങനെയൊക്കെ " " അയ്യേ നീ കരയാണോ " ശ്രീ കണ്ണുകൾ തുടച്ച് തന്നപ്പോഴാണ് താൻ കരയുകയാണെന്ന് നിധിക്കും മനസിലായത്.

" ജോലിയുമായി ബന്ധപ്പെട്ട് വല്ല തിരക്കും കാരണമായിരിക്കുമെടി . നീ ഇങ്ങനെ സങ്കടപ്പെടാതെ " " ഇത്രയും കാലം ഇല്ലാത്ത ഒരു തിരക്ക് ഇപ്പോ പെട്ടെന്ന് എങ്ങനെ വന്നു. ഇനി ജോലി തിരക്കാണെങ്കിൽ തന്നെ എന്നോട് പറഞ്ഞാ എന്താ " അവൾ വിതുമ്പി കൊണ്ട് ചോദിച്ചതും ശ്രീക്കും വൈദുവിനും ചിരിയാണ് വന്നത്. " അപ്പോ നിനക്ക് നേരിട്ട് ചോദിച്ചുടെ എന്താ കാര്യം എന്ന് " " എന്തിന് എന്നോട് പറയാൻ താൽപര്യം ഇല്ലെങ്കിൽ പറയണ്ടാ. അവൻ എവിടെ പോയാലും എനിക്കെന്താ ഒരു കുന്തവും ഇല്ലാ " " പിന്നെ എന്തിനാ നീ ഇങ്ങനെ കിടന്ന് മോങ്ങുന്നത് " " ഞാൻ എന്തിനാ കരയണേ . ഞാനൊന്നും കരഞ്ഞിട്ടില്ലാ." കരഞ്ഞ് പറഞ്ഞ് ഒപ്പം കണ്ണു തുടക്കുന്നവളെ കണ്ട് ശ്രീയും വൈദുവും അന്തം വിട്ടു. * ഇന്ന് വീട്ടിൽ പോകും എന്നതിനാൽ ഹരൻ വൈകുനേരം വേഗം എത്തും എന്ന് പ്രതീക്ഷിച്ച് നിധി ഇരുന്നു എങ്കിലും അവൻ വന്നില്ല. അതുകൊണ്ട് തന്നെ അവൾ നേരെത്തെ ഭക്ഷണം കഴിച്ച് കിടന്നു. ഹരൻ സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്നു. ഹാളിൽ ലൈറ്റ് ഓഫായതിനാൽ നിധി നേരത്തെ കിടന്നു എന്ന് മനസിലായി. അവൻ റൂമിൽ പോയി കുളിച്ച് ഫ്രഷായി.

കബാേഡിൽ നിന്നും ഒരു ഷോട്ട്സും ടി ഷർട്ടും എടുത്തിട്ട് നിധികയുടെ റൂമിലേക്ക് വന്നു. പാതി ചാരിയിട്ട വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറി. നിധിക തിരിഞ്ഞ് കിടക്കുകയാണെന്ന് മനസിലായതും അവളുടെ അരികിലായി ഹരൻ വന്ന് കിടന്നു. പിന്നിൽ നിന്നും അവളെ ചുറ്റി പിടിച്ചതും നിധിക അവന്റെ കൈ തട്ടി മാറ്റി. ഹരൻ വീണ്ടും അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു. വീണ്ടും അവൾ തട്ടി മാറ്റി. " യക്ഷി പെണ്ണേ " അവൻ അവളുടെ പിൻകഴുത്തിൽ മുഖം ചേർത്ത് അവളെ വീണ്ടും ചേർത്ത് പിടിച്ചു. അവന്റെ ശ്വാസനിശ്വാസം പിൻകഴുത്തിൽ തട്ടിയതും അവൾ ഒരു നിമിഷം നിശ്ചലയായി. " വയ്യെന്റെ പെണ്ണേ . ഉറക്കം വന്നിട്ട് വയ്യാ " അവൻ പറഞ്ഞത് കേട്ട് നിധിക അവന് നേരെ തിരിഞ്ഞു. മുഖമെല്ലാം ആകെ ക്ഷീണിച്ചിരിക്കുന്നു. " സോറി" അവളുടെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു. നിധികക്ക് എന്തൊക്കെയോ അവനോട് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവന്റെ മുഖത്തെ ക്ഷീണം കണ്ട് അവൾക്കതിന് തോന്നിയില്ല. പതിയെ ഹരന്റെ കണ്ണുകൾ അടഞ്ഞ് വന്നു. പെട്ടെന്ന് തന്നെ അവൻ നല്ല ഉറക്കമായിരുന്നു. അവനെ തന്നെ നോക്കി കിടന്ന് നിധികയും പതിയെ ഉറങ്ങി......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story