നീഹാരമായ്: ഭാഗം 38

neeharamayi

രചന: അപർണ അരവിന്ദ്

" ഇന്ന് ഉച്ചക്ക് മുൻപേ ഡിസ്റ്റാർജ് ഉണ്ടാകില്ലേ " അലക്സി " മമ്. ഹാർട്ട് അറ്റാക്ക് ആയിരുന്നല്ലോ. അത് കൊണ്ട് ഇനി കൂടുതൽ സൂക്ഷിക്കണം എന്നാ ഡോക്ടർ പറഞ്ഞത് " " അയാൾക്ക് അപ്പോ ഹാർട്ട് ഒക്കെ ഉണ്ടായിരുന്നു അല്ലേ " അത് കേട്ട് ഹരൻ ഉറക്കെ ചിരിച്ചതും നിധിക അവനെ കണ്ണെടുക്കാതെ നോക്കി നിന്നു . " എടോ എന്നാ ഞാൻ പിന്നെ വിളിക്കാമേ. ഇത്രയും ദൂരം പോയി വന്നതല്ലേ നീ റസ്റ്റ് എടുക്ക്" അത് പറഞ്ഞ് ഹരൻ കോൾ കട്ട് ചെയ്തു. " എന്താടി ഇങ്ങനെ നോക്കണേ" " എപ്പോഴാ വീട്ടിൽ പോവുന്നേ " " വീട്ടിൽ പോവണോ . നെക്സ്റ്റ് വീക്ക് പോയാ പോരെ . എനിക്ക് ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു " " എന്ത് കാര്യം. എനിക്ക് വീട്ടിൽ പോവണം. ഞാൻ മാധുനോട് പറഞ്ഞതാ വരും എന്ന് . അവൻ എനിക്ക് വേണ്ടി കാത്തിരിക്കും. " " എന്നാ ഒരു കാര്യം ചെയ്യാം. നിന്നെ ഞാൻ വീട്ടിൽ ആക്കി തരാം. എന്നിട്ട് നാളെ ഈവനിങ്ങ് നിന്നെ പിക്ക് ചെയ്യാൻ വരാം." " അതെന്താ നീ വരാത്തത്. അത്രയും ദൂരം വന്നാൽ നിനക്ക് അവിടെ നിന്നൂടെ . മാത്രമല്ലാ അവിടെ ഇന്ദുവും വന്നിട്ടുണ്ടല്ലേ . അവൾക്കും ആഗ്രഹം കാണില്ലേ നിന്റെ കൂടെ രണ്ട് ദിവസം നിൽക്കാൻ " " മറ്റുള്ളവരുടെ കാര്യം നീ അന്വേഷിക്കണ്ട .

ഇന്ദു അവിടെ നിൽക്കുന്നതും പോകുന്നതും ഒന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലാ . നീ റെഡിയായിക്കോ. ഒരു അര മണിക്കൂറിനുള്ളിൽ ഞാൻ തിരികെ വരാം." ഗൗരവത്തിൽ പറഞ്ഞ് ഹരൻ റൂമിലേക്ക് പോയി. വേഗം ഡ്രസ്സ് ചെയ്ഞ്ച് ചെയ്യ്ത് പുറത്തേക്ക് പോയി. അവൻ പോയതും നിധിക വേഗം പോവാൻ റെഡിയാവാൻ തുടങ്ങി. വീട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കുന്തോറും അവൾക്ക് വല്ലാതെ സന്തോഷം തോന്നി. * " ഡോക്ടർ എന്താ പറഞ്ഞേ ഡേവി " റൂമിലേക്ക് കയറി വന്ന ഹരൻ കയ്യിലെ കവറുകൾ ടേബിളിലേക്ക് വച്ചു കൊണ്ട് ചോദിച്ചു " ഇന്ന് ഡിസ്റ്റാർജ് ഉണ്ടാവില്ലാ എട്ടായി. ഇ സി ജി യിൽ എന്തോ വേരിയേഷൻ ഉണ്ട്. ഒന്ന് രണ്ട് ടെസ്റ്റുകൾ കൂടി എഴുതി തന്നിട്ടുണ്ട്. " " അത് കഷ്ടമായി പോയല്ലോ " ഹരൻ ടേബിളിലേക്ക് ചാരി നിന്നു. " ആരാടാ കൊച്ചനേ അത് . അലക്സി ആന്നോ " ചിലമ്പിച്ച ശബ്ദത്തോടെ ഒരു വ്യദ്ധൻ ബെഡിൽ നിന്നും പതിയെ എണീറ്റു. "അല്ലാ അപ്പാപ്പാ . ചേട്ടായി ഫ്രണ്ട് ഇല്ലേ ഹരൻ . ആ എട്ടായി ആണ് " " ഹരൻ ആയിരുന്നോ . ഞാൻ പെട്ടെന്ന് കരുതി അലക്സി ആണെന്ന് . മോൻ അവനെ വിളിച്ച് സംസാരിച്ചോ. അവൻ അപ്പാപ്പനെ കാണാൻ വരും എന്ന് പറഞ്ഞോ " അയാൾ പ്രതീക്ഷയോടെ ഹരനെ നോക്കി.

" ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു. വിളിക്കാം ഞാൻ . അപ്പാപ്പനെ കാണാൻ വരാൻ പറയാം" " മമ്" അയാൾ ഒരു ദീർഘ നിശ്വാസത്തോടെ ബെഡിലേക്ക് കിടന്നു. "ഇന്ന് എന്തായാലും ഡിസ്റ്റാർജ് ഇല്ലാലോ . എന്നാ ഞാൻ ഇറങ്ങട്ടെ ഡേവി. ഇന്ന് നാട്ടിൽ പോവണം. ഇനി മൺഡേ യേ വരുകയുള്ളു. അപ്പാപ്പാ ഞാൻ പോയി വരാം." ഹരൻ രണ്ട് പേരോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോയി. " നല്ല ഒരു മോൻ ആണല്ലേ. ഇതുപോലെ ഒരു കൂട്ടുക്കാരനെ കിട്ടിയത് അലക്സിയുടെ ഭാഗ്യം . " ഹരൻ പോകുന്നത് നോക്കി അപ്പാപ്പൻ പറഞ്ഞതും ഡേവിയുടെ മുഖത്ത് ഒരു പുഛ ചിരി വിരിഞ്ഞു. അപ്പാപ്പൻ ഹോസ്പിറ്റലിൽ ആയപ്പോൾ മുതൽ ഡേവിയും ഹരനും ആണ് കൂടെ നിൽക്കുന്നത്. അലക്സിയുടെ പപ്പയും മമ്മയും അമ്മച്ചിയും ധ്യാനത്തിന് പോയിരിക്കുകയാണ്. അതിനാൽ അപ്പാപ്പൻ ഹോസ്പിറ്റലിൽ ആയതൊന്നും അവർ അറിഞ്ഞിട്ടില്ലാ ഡേവിക്ക് എല്ലാം ഒറ്റക്ക് മാനേജ് ചെയ്യാൻ പറ്റാതെ ആയപ്പോഴാണ് അവൻ സഹായത്തിനായി ഹരനെ വിളിച്ചത്. പകൽ സമയം ഹരൻ ഹോസ്പിറ്റലിൽ അപ്പാപ്പന് കൂട്ടിരിക്കും. രാത്രി ഡേവിയും. പകൽ ആയതു കൊണ്ട് തന്നെ അപ്പാപ്പന്റെ ടെസ്റ്റുകൾക്കും ,

മരുന്നു വാങ്ങിക്കാനും മറ്റും ഹരൻ തന്നെയാണ് ഓടി നടന്നിരുന്നത്. അതെല്ലാം അറിഞ്ഞ അലക്സി ഹരൻ പോകുന്നത് എതിർത്തു എങ്കിലും ഡേവിയുടെ ഒറ്റക്കുള്ള കഷ്ട്ടപ്പാട് ഓർത്തപ്പോൾ ഒന്ന് അയഞ്ഞു. * ഹരൻ ഫ്ളാറ്റിൽ തിരിച്ച് എത്തുമ്പോഴേക്കും നിധിക പോകാൻ റെഡിയായിരുന്നു. " ഇപ്പോ വരാം യക്ഷി പെണ്ണേ . ഒരു അഞ്ച് മിനിറ്റ് " അത് പറഞ്ഞ് ഹരൻ കുളിക്കാനായി പോയി. വീട്ടിലേക്കുള്ള യാത്രയിൽ ഇരുവരും പരസ്പരം ഒന്നും മിണ്ടിയിരുന്നില്ലാ. ഉച്ചയോടെയാണ് അവർ വീട്ടിൽ എത്തിയത്.ഹരന്റെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയതും മാധു അകത്ത് നിന്ന് ഓടി ഇറങ്ങി വന്നു. " നിച്ചു... " " മാധു " അവൻ ഓടി വന്ന് നിധിയെ ഉയർത്തി എടുത്ത് വട്ടം കറങ്ങി . അത് കണ്ട് കൊണ്ടാണ് അച്ഛനും അമ്മയും ഇന്ദുവും പുറത്തേക്ക് വന്നത്. " അവളെ താഴേ ഇറക്ക് മാധു. അല്ലെങ്കിൽ വീഴും " ഹരൻ ടെൻഷനോടെ പറഞ്ഞ് മാധുവിനെ പിടിച്ച് നിർത്തി " ഞാൻ എത്ര നേരായി നിച്ചു കാത്തിരിക്കുന്നു. എന്താ ഇത്ര നേരമൊക്കെ " " അതൊക്കെ പിന്നെ പറയാം. അവർ ഒന്ന് അകത്തേക്ക് കയറട്ടെടാ " അമ്മ അത് പറഞ്ഞ് നിധിയേയും വിളിച്ച് അകത്തേക്ക് നടന്നു. പോകുന്ന വഴി നിധി ഇന്ദുവിനെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.

ഇന്ദു തിരിച്ചും ഒന്ന് പുഞ്ചിരിച്ചു. ഹരൻ അധികം സംസാരങ്ങൾക്ക് ഒന്നും നിൽക്കാതെ റൂമിലേക്ക് കയറി പോയി. അത് കണ്ട് നിധി അമ്മക്കൊപ്പം അടുക്കളയിലേക്കും നടന്നു. " മോൾക്ക് ചായ എടുക്കട്ടെ " " എയ് വേണ്ടാ അമ്മാ. പണികൾ ഒക്കെ ഒരുങ്ങിയോ . ഞാൻ സഹായിക്കണോ " " പണികൾ എല്ലാം കഴിഞ്ഞു മോളേ . ഇന്ദുവും ഉണ്ടായിരുന്നല്ലോ കൂടെ " അമ്മ സിങ്കിലെ പാത്രം കഴുകുന്നതിനിടയിൽ പറഞ്ഞു. ഹരനും ഇന്ദുവും തമ്മിലുള്ള പ്രശ്നം എന്താണെന്ന് അറിയാൻ ഇതാണ് എറ്റവും നല്ല സന്ദർഭം എന്ന് നിധിക്ക് തോന്നി " ഹരനും .... അല്ലാ ഇന്ദ്രേട്ടനും ഇന്ദുവും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അമ്മാ" നിധിക അത് ചോദിച്ചതും കഴുകി കൊണ്ടിരുന്ന അമ്മയുടെ കയ്യിലെ പാത്രം താഴേക്ക് വീണു. " അ..അവൻ മോ.. മോളോട് എന്തെങ്കിലും പ... പറഞ്ഞിരുന്നോ " അമ്മ ഒരു വിറയലോടെ ചോദിച്ചു. " ഇല്ലാ " നിധി അത് പറഞ്ഞതും അമ്മയുടെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു. ആ ഭാവമാറ്റം നിധിക ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

" അ..അവർ തമ്മിൽ എന്ത് പ്രശ്നം .. ഒ... ഒരു പ്രശ്നവും ഇല്ലാ . മോൾ എന്താ അങ്ങനെ ചോദിക്കാൻ " "എയ് ഒന്നുല്ലാ അമ്മാ. അവർ തമ്മിൽ അങ്ങനെ സംസാരിക്കുന്നത് ഒന്നും കണ്ടില്ലാ. അതാ ഞാൻ വെറുതെ ചോദിച്ചേ " " അത് മോൾക്ക് തോന്നിയതായിരിക്കും. ഇപ്പോ വന്നല്ലേ ഉള്ളൂ. പോയി കുറച്ച് നേരം റസ്റ്റ് എടുക്ക്. " അമ്മ അത് പറഞ്ഞതും നിധിക തലയാട്ടി റൂമിലേക്ക് തന്നെ നടന്നു. .റൂമിൽ എത്തുമ്പോൾ ഹരൻ ബെഡ് റെസ്റ്റിൽ ചാരി ഇരുന്ന് ഫോണിൽ നോക്കുകയാണ്. അത് കണ്ട് നിധി ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് പോയി. **"" " ഡാഡി കൂൾ .. ഒരു 500 ബട്ട്സ് ഒന്നിങ്ങോട്ട് തന്നെ " ഹാളിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന അച്ഛന് നേരെ കൈ നീട്ടി കൊണ്ട് മാധു പറഞ്ഞു. " നിനക്ക് എന്തിനാടാ ഇപ്പോ പൈസ " ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്നും വന്നുകൊണ്ട് ചോദിച്ചു. " അമ്മ മറന്നോ നമ്മുടെ നിച്ചു വന്ന കാര്യം. 7 ദിവസം കഴിഞ്ഞ് അവൾ വീട്ടിലേക്ക് വരുന്നതല്ലേ . കാര്യമായി എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ .നിച്ചുന് ഐസ് ക്രീം വാങ്ങണം, ചോക്ലേറ്റ് വാങ്ങണം, സ്വീറ്റ്സ് വാങ്ങണം ... "

മാധു വലിയ കാര്യം പോലെ കൈയ്യിൽ എണ്ണി പറയുന്നത് നോക്കി ഇന്ദു നിന്നു. പുറത്ത് പോയി വരുമ്പോൾ തനിക്കായി എപ്പോഴും എന്തെങ്കിലും വാങ്ങി കൊണ്ടുവരാറുള്ള തന്റെ ജിത്തേട്ടനെ അവൾ ഒരു നിമിഷം ഓർത്തു. താൻ മാധുവിനേക്കാൾ കൂട്ട് ഹരനുമായി ആയിരുന്നു. തന്നെ ഒരു നോട്ടം കൊണ്ട് പോലും മനസിലാക്കിയിരുന്നവൻ. അവൻ ഇന്ന് തന്റെ നേരെ അറിയാതെ പോലും ഒന്ന് നോക്കുന്നില്ലാ. അതിനു മാത്രം വലിയ തെറ്റാണോ ഞാൻ ചെയ്തേ . ഇന്ദു സ്വയം ഒന്ന് ചോദിച്ചു. * നിധി ബാത്ത്റൂമിൽ നിന്നും ഇറങ്ങി കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. തന്നെ ഇവിടെയാക്കി ഹരൻ തിരിച്ചു പോവും എന്ന് പറഞ്ഞിട്ട് എന്താ തികച്ച് പോവാത്തത് എന്ന ചിന്തയിലാണ് നിധി അപ്പോഴേക്കും താഴേ നിന്നും മാധുവിന്റെ അലറി വിളി തുടങ്ങിയിരുന്നു. " നിച്ചു ഞാൻ കടയിൽ പോവാ . നീ വരുന്നുണ്ടെങ്കിൽ വേഗം വാ " അത് കേട്ടതും നിധിക വേഗം നെറുകയിൽ കെട്ടി വച്ചിരിക്കുന്ന മുടി അഴിച്ചിട്ട് ഒതുക്കി കെട്ടി വച്ചു. ശേഷം ഒരു പൊട്ടും വച്ച് താഴേക്ക് പോവാൻ നിന്നതും പിന്നിൽ നിന്നും ഹരന്റെ വിളി വന്നിരുന്നു. " എവിടേക്കാ. . . . " " ഞാൻ മാധുന്റെ കൂടെ " " എന്തിന് " " ഷോപ്പിലേക്ക് " " അതെന്താ അവന് ഒറ്റക്ക് പോവാൻ അറിയില്ലേ "

" അതെന്താ ഞാനും കൂടെ പോയീന്ന് വച്ച് ആകാശമാെന്നും ഇടിഞ്ഞ് വീഴില്ലാലോ " " നീ പോവണ്ടാ " " ഞാൻ പോവും" അവൾ വാശിയോടെ പറഞ്ഞു. " നിച്ചു നീ വരുന്നുണ്ടോ . ഞാൻ ഇപ്പോ പോവും" വീണ്ടും മാധുവിന്റെ വിളി വന്നതും നിധി താഴേക്ക് പോകാനായി നിന്നു . " നിന്നോട് പോവണ്ടാ എന്നല്ലേ യക്ഷി പറഞ്ഞേ " " നിച്ചു.. " മാധു ഉറക്കെ വിളിച്ചതും ഹരൻ റൂമിന് പുറത്തേക്ക് ഇറങ്ങി ചെന്നു. " അവൾ കുളിക്കാ . നീ പോയ്ക്കോ " ഹരൻ അത് പറഞ്ഞ് വാതിൽ അടച്ചു. " നീ എന്താ ഹരാ ഇങ്ങനെ സെൽഫിഷ് ആകുന്നത്. ഞാൻ കുറച്ച് താഴ്ന്നു തന്നു എന്ന് കരുതി നീ അധികം ഭർത്താവ് ചമയാൻ വരണ്ടാ " നിധി ദേഷ്യത്തിൽ പറഞ്ഞതും ഹരൻ വെറുതെ ചിരിച്ച് കൊണ്ട് നിൽക്കുക മാത്രം ചെയ്തു. " ദേ ചിരിക്കല്ലേ ഹരാ. എനിക്ക് ദേഷ്യം വരുന്നുണ്ട് " " ആണോ . എന്നാ അത് ഒന്ന് അറിയണമല്ലോ " അവളുടെ തോളിലൂടെ കൈ ചേർത്ത് പറഞ്ഞതും നിധി അവന്റെ കൈ തട്ടി മാറ്റി. " നീ ഒന്ന് അടങ്ങ് എന്റെ യക്ഷി പെണ്ണേ . ഞാൻ ഒന്ന് പറയട്ടെ " ഹരൻ അവളെ ബെഡിലേക്ക് പിടിച്ചിരുത്തി. " നീ പറയുന്നത് ഒന്നും എനിക്ക് കേൾക്കണ്ടാ. നീ സെൽഫിഷാ. നിനക്ക് എപ്പോഴും നിന്റെ കാര്യം മാത്രമേ ഉള്ളൂ. "

നിധി ആകെ ദേഷ്യത്താൽ വിറക്കുകയായിരുന്നു. " ഞാൻ എന്റെ യക്ഷി പെണ്ണിന്റെ ഒപ്പം ഒന്നിങ്ങനെ ഇരുന്നിട്ട് എത്ര കാലമായി എന്ന് അറിയോ . ഒന്ന് കൺ നിറയെ കണ്ടിട്ട് എത്ര നാളായി എന്ന് അറിയോ. എന്നും രാവിലെ നീ ഉണരുന്നതിന് മുൻപേ പോകും. രാത്രി ഒരുപാട് ലേറ്റ് ആയിട്ട് തിരിച്ച് വരികയും ചെയ്യും. ഒരു പക്ഷേ നിനക്ക് ഇതൊന്നും വലിയ പ്രശ്നമായിരിക്കില്ലാ. ഞാൻ അടുത്തില്ലെങ്കിലും നിനക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലായിരിക്കാം. പക്ഷേ എനിക്ക് അങ്ങനെയല്ലാ യക്ഷി. നീ എപ്പോഴും എന്റെ കൂടെ വേണം .നാളെ കഴിഞ്ഞാൽ ഞാൻ വർക്കുമായി ബന്ധപ്പെട്ട് തിരക്കിൽ ആയിരിക്കും. നീ നിന്റെ ക്ലാസും കോളേജുമായി തിരക്കിലും അതിന്റെ ഇടയിൽ നിന്റെ ഒപ്പം ഒന്നിങ്ങനെ ഇരിക്കണം എങ്കിൽ ഒരാഴ്ച്ച കഴിയണം. അതുകൊണ്ട് ഞാൻ സെൽഫിഷാകും യക്ഷി .." തന്റെ മുഖം കൈയ്യിൽ എടുത്ത് കൊണ്ട് ഹരൻ പറഞ്ഞതും നിധിക മറുപടി പറയാനാവാതെ ഇരുന്നു. " രണ്ട് മൂന്ന് ദിവസത്തെ ഓട്ടവും ടെൻഷനുമായി കുറെ ഉറക്കം ബാക്കി ഉണ്ട് . നമ്മുക്ക് ഒന്ന് ഉറങ്ങിയാലോ " ഹരൻ അത് പറഞ്ഞ് നിധിയെ ബെഡിലേക്ക് പിടിച്ച് കിടത്തി. ഒപ്പം ഹരനും കിടന്നു. അവളെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ച് തോളിലേക്ക് മുഖം ചേർത്ത് ഹരൻ കിടന്നു. ക്ഷീണം കാരണം അവൻ വേഗം തന്നെ ഉറങ്ങി പോയിരുന്നു. *

ഹരൻ ഉറക്കം ഉണരുമ്പോൾ അരികിൽ നിധിക ഉണ്ടായിരുന്നില്ല. എഴുന്നേറ്റ് മുഖം കഴുകി താഴേക്ക് ചെല്ലുമ്പോൾ ഹാളിൽ അമ്മയും നിധി കയും ഇന്ദുവും ഇരിക്കുന്നുണ്ട്. " ആഹ് നീ എണീറ്റോ . നീ നല്ല ഉറക്കത്തിലാണെന്ന് നിച്ചു പറഞ്ഞു അതാ വിളിക്കാഞ്ഞത്. എല്ലാവർക്കും ഒരുമിച്ച് കഴിക്കാം എന്ന് കരുതി. മാധുവും ഇപ്പോ വരും. ഞാൻ എല്ലാം എടുത്തു വക്കാം " അമ്മ എഴുനേറ്റ് അടുക്കളയിലേക്ക് പോയി പിന്നാലെ നിധികയും. ഇന്ദു കണ്ണെടുക്കാതെ ഹരനെ നോക്കി ഇരിക്കുകയാണെങ്കിലും അവൻ അവളെ ശ്രദ്ധിക്കാതെ ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. ഡേവിയെ വിളിച്ച് ഹോസ്പിറ്റലിലെ കാര്യം അന്വോഷിച്ച് കോൾ കട്ടാക്കി തിരിഞ്ഞതും ഡോറിനരികിൽ അവനെ നോക്കി ഇന്ദു നിൽക്കുന്നുണ്ട്. ഹരൻ അവളെ ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയതും പിന്നിൽ നിന്നും ഇന്ദു വിളിച്ചു. " ജിത്തേട്ടാ " എന്നാൽ ഹരൻ കേൾക്കാത്ത പോലെ മുന്നോട്ട് നടന്നു. " എട്ടനിപ്പോഴും എന്നോട് ദേഷ്യമാണോ. അതാണോ എന്നോട് മിണ്ടാത്തത് "

അവൾ ചോദിച്ചിട്ടും ഹരൻ ഒന്നും മിണ്ടാതെ സ്റ്റയറിനരികിലേക്ക് നടന്നു. "ജിത്തേട്ടാ..'' " ജിത്തേട്ടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് . -- " " ജിത്തേട്ടാ " അവൾ എത്രയൊക്കെ വിളിച്ചിട്ടും അവൻ ഒന്ന് തിരിഞ്ഞ് നോക്കിയില്ലാ " ജീവാ " അവൾ ഉറക്കെ വിളിച്ചതും സ്റ്റയർ കയറി കൊണ്ടിരുന്ന ഹരൻ ഒരു നിമിഷം നിശ്ചലനായി. അവൻ വല്ലാത്ത ഒരു ഭാവത്തിൽ തിരിഞ്ഞ് നോക്കി. ഹരന്റെ കണ്ണുകൾ ചുവന്ന് കലങ്ങി. മുഖം ആകെ വിയർത്തു. കൈകാലുകൾ വിറച്ചു. " എടീ നീ.." അടുത്ത നിമിഷം മെയിൻ ഡോറിന് അരികിൽ നിന്നിരുന്ന മാധു പാഞ്ഞ് വന്ന് ഇന്ദുവിന്റെ മുടിക്ക് കുത്തി പിടിച്ചു. " നീ എന്താടി ഇപ്പോ വിളിച്ചത്. എന്റെ എട്ടനെ സങ്കടപ്പെടുത്തി മതിയായില്ലാ അല്ലേ നിനക്ക് " മാധു അവളുടെ മുടിയിൽ പിടിച്ച് താഴേക്ക് തള്ളി......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story