നീഹാരമായ്: ഭാഗം 41

neeharamayi

രചന: അപർണ അരവിന്ദ്

" നമ്മുക്ക് ഇവിടെ നിൽക്കണ്ടാ ഹരാ. നമ്മുക്ക് തിരിച്ച് പോവാം" അവൾ പറയുന്നത് കേട്ട് ഹരൻ അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു. " ഇവിടെ വന്നപ്പോൾ മുതൽ നിനക്ക് ഓരോ സങ്കടങ്ങളാ . അതുകൊണ്ട് നമ്മുക്ക് ഇവിടെ നിൽക്കണ്ടാ "ഹരൻ അതിന് മറുപടി പറയാതെ അവളെ ചുറ്റി പിടിച്ച് അവളുടെ നെറുകയിലായി ഉമ്മ വച്ചു. "നീ എന്റെ മാത്രം അല്ലേ യക്ഷി പെണ്ണേ . നീ ഈ ഹരന്റെ മാത്രം യക്ഷി അല്ലേ " ഹരൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചതും നിധിക യാന്ത്രികമായി അതേ എന്ന് തലയാട്ടി. ഒപ്പം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുകയും ചെയ്തു. "എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് " കുറച്ച് നേരത്തെ മൗനത്തിനു ശേഷം ഹരൻ പറഞ്ഞു " ഇപ്പോ വേണ്ടാ ഹരാ. നീ ഉറങ്ങിക്കോ" അത് പറഞ്ഞ് നിധിക അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. ഹരനും അവളെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ച് കിടന്നു. ** ഹരൻ ഉറങ്ങി എന്ന് മനസിലായതും നിധിക പതിയെ എഴുന്നേറ്റു . ശേഷം ശബ്ദമുണ്ടാക്കാതെ തന്റെ ബാഗിനടുത്തേക്ക് നടന്നു.

ബാഗ് തുറന്ന് അവൾ ബുക്കിനിടയിൽ നിന്നും ഒരു പേപ്പർ പുറത്തെടുത്തു. "പ്രണയമേ നമ്മുക്ക് കാത്തിരിക്കാം അടുത്ത ജന്മത്തിനായി. എനിക്കായ് നീ പുനർജനിക്കണം ഒരു വിധിക്കും വിട്ടു കൊടുക്കാതെ ചേർത്ത് പിടിച്ചോളാം ഞാൻ . അകലുന്നത് ശരീരം കൊണ്ട് മാത്രമല്ലേ . മനസു കൊണ്ട് എന്നോ ഒന്നായവരല്ലേ നമ്മൾ . ഒരുമിച്ചുള്ള ജീവിതത്തിലേക്കുള്ള കാത്തിരിപ്പിനായി ഈ ജന്മം മുഴുവൻ ജീവിച്ചു തീർക്കുവാൻ എനിക്ക് നീ തന്ന ഓർമകൾ മാത്രം മതിയാവും കൂട്ടിന്. എന്ന് യക്ഷി പെണ്ണിന്റെ മാത്രം ഇച്ഛായൻ " അവസാനമായി അലക്സി തന്ന ആ പേപ്പർ അവൾ ഒന്നു കൂടി വാങ്ങിച്ചു. ശേഷം അവൾ ആ പേപ്പർ മടങ്ങി വേസ്റ്റ് ബിന്നിലേക്ക് ഇട്ടു. " തെറ്റാണോ എന്ന് അറിയില്ലാ. പക്ഷേ എനിക്ക് എന്റെ ഹരനെ മതി. ഈ ജന്മത്തിലും ഇനിയുള്ള എല്ലാ ജന്മത്തിലും . ഇച്ചായന് നല്ലൊരു പെൺകുട്ടിയെ തന്നെ കിട്ടട്ടെ . ഇച്ചായനെ എന്നെക്കാൾ സ്നേഹിക്കുന്ന എന്നെക്കാൾ മനസിലാക്കുന്ന ഒരുവളെ " നിധിക മനസിൽ പറഞ്ഞ് ബെഡിനരികിലേക്ക് വന്നു.

പുതപ്പ് കൊണ്ട് ഹരനെ പുതപ്പിച്ച് അരികിലായി അവളും കിടന്നു. അവന്റെ ഹൃദയ താളം കേട്ട് അവൾ ഉറക്കത്തിലേക്ക് വീണു. എന്നാൽ അതേ സമയം ഹരന് അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. നിധിക ഉറങ്ങി എന്ന് മനസിലായതും അവൻ കണ്ണുകൾ തുറന്നു. " എനിക്കറിയാമായിരുന്നു യക്ഷി പെണ്ണേ നീ എന്നെ സ്നേഹിക്കും എന്ന് . ഇനി എന്നും ഈ ഹരന്റെ കൂടെ ഈ യക്ഷി പെണ്ണും ഉണ്ടായിരിക്കും. എന്റെ ജീവശ്വാസം പോലെ " അവളുടെ നെറുകയിൽ ഉമ്മവച്ച് അവൻ പറഞ്ഞു. എന്നാൽ അതേ സമയം തന്റെ ഭൂത കാലത്തിന്റെ കയ്പ്പ് നിറഞ്ഞ ഓർമകൾ അവന്റെ മനസിലൂടെ കടന്ന് പോയി കൊണ്ടിരുന്നു. അത് അവന്റെ ഉറക്കം തന്നെ ഇല്ലാതാക്കി. * പിറ്റേ ദിവസം നിധിക ഉണരുമ്പോൾ അടുത്ത് തന്നെ ഹരൻ ഉണ്ട്. സാധാരണ താൻ എഴുന്നേൽക്കുന്നതിന് മുൻപേ എഴുന്നേൽക്കുന്ന ആളാണ്. അവൻ കണ്ണ് തുറന്ന് സീലിങ്ങിലേക്ക് നോക്കി കാര്യമായ ആലോചനയിൽ ആണ്. നിധിക പതിയെ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി എണീക്കാൻ ശ്രമിച്ചു എങ്കിലും ഹരൻ അതിന് സമ്മതിക്കാതെ വീണ്ടും അവനിലേക്ക് ചേർത്ത് പിടിച്ചു.

എങ്കിലും നോട്ടം ഇപ്പാേഴും സീലിങ്ങിൽ തന്നെയാണ്. " എന്താ ഹരാ കണ്ണ് തുറന്ന് സ്വപ്നം കാണുകയാണോ " നിധി അവന്റെ താടി പിടിച്ച് വലിച്ച് കൊണ്ട് ചോദിച്ചു. " ആഹ്. താടി പിടിച്ച് വലിക്കല്ലേടീ. " " എന്നാ പറ എന്താ ഈ ചിന്തിച്ച് കൂട്ടുന്നത് " " അല്ലാ ഞാൻ ആലോചിക്കായിരുന്നു. " " എന്ത് " " ഈ ഈശ്വര വിശ്വാസം തുടങ്ങിയാലോ എന്ന് " " അതെന്താ ഇപ്പോ അങ്ങനെ തോന്നാൻ " " ഈ ഈശ്വരൻ ശരിയായ സമയത്ത് ശരിയായ ആളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരും എന്ന് പറയുന്നത് എത്ര ശരിയാണല്ലേ." "അതെയോ ." " മ്മ്. അല്ലെങ്കിൽ എവിടേയോ കിടന്ന ഈ യക്ഷി പെണ്ണ് ഇന്ന് എന്റെ അരികിൽ എത്തുമായിരുന്നോ . അതിനർത്ഥം ദൈവം ഉണ്ട് എന്നല്ലേ . അപ്പോ കുറച്ച് ദൈവ വിശ്വാസം ഉണ്ടാകുന്നതിൽ തെറ്റില്ലാലോ " അത് കേട്ട് നിധിക കണ്ണെടുക്കാതെ കുറച്ച് നേരം അവനെ തന്നെ നോക്കി കിടന്നു. " നിച്ചൂ... നിച്ചു... എടി നിച്ചു വാതിൽ തുറക്ക് " മാധു അപ്പോഴേക്കും വാതിൽ തല്ലിപൊളിക്കാൻ തുടങ്ങിയിരുന്നു. " ഓഹ് ഈ ചെറുക്കനെ കൊണ്ട് ഞാൻ തൊറ്റല്ലോ. നേരം വെളുത്തില്ലാ അപ്പോഴേക്കും തുടങ്ങി. മനുഷ്യനെ മനസമാധാനത്തോടെ ഒന്ന് സ്നേഹിക്കാനും സമ്മതിക്കില്ലാ "

ഹരൻ പിറുപിറുത്തു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി പോയി. നിധിക ഒരു ചിരിയോടെ ചെന്ന് വാതിൽ തുറന്നു. " എത്ര നേരമായി നിച്ചു നിന്നെ ഞാൻ വിളിക്കുന്നു. എന്തൊരു ഉറക്കമാ ഇത് " " എന്തേ " " താഴേ അച്ഛനും അമ്മയും നിഖിയും ഒക്കെ വന്നിട്ടുണ്ട് വേഗം താഴേക്ക് വാ" " മ്മ് " നിധിക വേഗം ബ്രഷ് ചെയ്ത് കുളിച്ച് താഴേക്ക് നടന്നു. ഹരൻ ആരോടോ ഫോണിൽ സംസാരിക്കുന്ന തിരക്കായതിനാൽ അവൾ ഒന്നും മിണ്ടാതെ താഴേക്ക് പോയി * ഫോൺ കട്ട് ചെയ്ത് ഹരൻ നോക്കുമ്പോൾ റൂമിൽ നിധി ഉണ്ടായിരുന്നില്ല. അതിനാൽ അവൻ കുളിച്ച് ഫ്രഷായി താഴേക്ക് ഇറങ്ങി. സ്റ്റയർ ഇറങ്ങി താഴേക്ക് എത്തിയപ്പോഴാണ് ഹാളിൽ നിധിയുടെ അച്ഛനും അമ്മയും നിഖിയും ഇരിക്കുന്നത് അവൻ കണ്ടത്. " ദേ ജിത്തുവും വന്നല്ലോ. ഇനി ഭക്ഷണം കഴിച്ചിട്ട് ആവാം സംസാരം " അമ്മ പറഞ്ഞതും എല്ലാവരും ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു. രണ്ട് അമ്മമാരും കൂടിയാണ് ഭക്ഷണം വിളമ്പുന്നത്. ഹരനാണെങ്കിൽ നിഖിയോട് ഒരോ വിശേഷങ്ങൾ തിരക്കുകയും ചിരിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്.

അത് കണ്ട് ഇന്ദുവിൽ ചെറിയ ദേഷ്യം ഉയർന്നിരുന്നു. " ശരിക്കും ഞങ്ങൾ വന്നത് നിച്ചുവിനേയും ജിത്തുമോനേയും വീട്ടിലേക്ക് വിളിക്കാൻ ആയിരുന്നു. ഇന്ന് തന്നെ പോവണം എന്ന് മോന് നിർബന്ധം ഉണ്ടോ " നിച്ചുവിന്റെ അച്ഛൻ ചോദിച്ചതും ഹരന്റെ മുഖം സംശയത്താൽ ചുളിഞ്ഞു. " നിച്ചു പറഞ്ഞിരുന്നു നിങ്ങൾക്ക് എന്തോ തിരക്കുണ്ട് ഇന്ന് ഉച്ചക്ക് മുൻപ് തന്നെ ഏർണാകുളം പോകും എന്ന്. അത് വേണേ മോനേ അത്രയും വലിയ തിരക്ക് ആണോ. നിങ്ങൾ പോയാ പിന്നെ കുറേ ദിവസം കഴിഞ്ഞല്ലേ വരൂ" അമ്മ ചോദിച്ചു. അതെല്ലാം കേട്ട് ഹരൻ ആദ്യം നോക്കിയത് തന്റെ അരികിൽ ഇരിക്കുന്ന നിധികയുടെ മുഖത്തേക്ക് ആണ്. " ഞാൻ എപ്പോഴാ നിന്നോട് അങ്ങനെ പറഞ്ഞത് " ഹരൻ ശബ്ദം കുറച്ച് കൊണ്ട് ചോദിച്ചു " നമ്മുക്ക് ഇവിടെ നിൽക്കണ്ടാ ഹരാ. നമ്മുക്ക് വേഗം പോകാം. ഇവിടെ ഇനിയും നിന്നാ നീ മൂഡ് ഓഫ് ആവും വീണ്ടും " ചെറിയ കുട്ടികളെ പോലെ നിധി പറയുന്നത് കേട്ട് ഹരന് ചിരി വന്നു.

" ഇനി ഇപ്പോ നാളെ പോയാ പോരേ ജിത്തു. അവരുടെ ഒരു ആഗ്രഹം അല്ലേ " ഹരന്റെ അച്ഛൻ കൂടി പറഞ്ഞു. " സമ്മതിക്ക് എട്ടാ " മാധുവും പറഞ്ഞതും എല്ലാവരുടേ മുഖത്തെ പ്രതീക്ഷയും കൂടെ കണ്ടതും ഹരന് എതിർക്കാൻ കഴിഞ്ഞില്ലാ. " എന്നാ യക്ഷി .. അല്ലാ നിധിക നിങ്ങളുടെ ഒപ്പം വന്നോട്ടെ. നാളെ രാവിലെ വെളുപ്പിന് ഞാൻ അവളെ പിക്ക് ചെയ്യാൻ വന്നോളാം. വെളുപ്പിനെ ഇറങ്ങിയാ ഓഫീസ് ടൈം തുടങ്ങും മുൻപേ തന്നെ ഏർണാകുളം എത്തുകയും ചെയ്യാം " " അതെന്താ നിച്ചു ഒറ്റക്ക്. ജിത്തു എട്ടനും കൂടി വരണം " നിഖി " എനിക്ക് അത്യാവശ്യമായി ചെയ്തു തീർക്കേണ്ട ചില ജോലികൾ ഉണ്ട് അത് ഇവിടെ ഇരുന്നാലെ നടക്കൂ " എല്ലാവരും കൂടി നിർബന്ധിച്ചു എങ്കിലും ഹരൻ കൂടെ വരാൻ സമ്മതിച്ചില്ല. അതുകൊണ്ട് തന്നെ നിധികയുടെ മുഖം ആകെ വീർത്ത് കെട്ടി. * നീ കുറെ നേരമായല്ലോ നിഖി ഇവിടെ വന്ന് നിൽക്കുന്നു. നീ ആരെയാ ഈ നോക്കുന്നേ " ഉമ്മറത്ത് വന്ന് റോഡിലേക്ക് എത്തി നോക്കുന്ന നിയിയെ കണ്ട് മാധു ചോദിച്ചു. " ഞാൻ വെറുതെ വീടും പരിസരവും ഒക്കെ നോക്കുകയായിരുന്നു. അല്ലാ മാധു അന്ന് നമ്മൾ കണ്ട ആ കുട്ടിയുടെ വീട് എവിടെയാ . ഇവിടെ അടുത്താണോ "

" ഏത് കുട്ടി " " അന്ന് പായസം കൊണ്ട് വന്നില്ലേ . മാളു . ആ കുട്ടിയുടെ വീട് " " അതെന്തിനാ നീ അറിയുന്നേ . എന്താ മോനേ ഉദേശം " " ഒരു ഉദേശവും ഇല്ല. ഇവിടെ വന്നപ്പോൾ ഈ തെങ്ങ് കണ്ടപ്പോൾ ആ കുട്ടിയെ ഓർമ വന്നു. അതുകൊണ്ട് ചോദിച്ചതാ " " ഓഹോ ... അവൾ നിന്നെ ഈ തെങ്ങിൻ ചുവട്ടിലേക്ക് അല്ലേ ചവിട്ടി വീഴ്ത്തിയത്. ഓർമ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ... മാളുന്റെ വീട് കുറച്ച് അപ്പുറത്താണ്. കുറച്ച് ദൂരം നടക്കണം. ഇവിടെ നിന്ന് നോക്കിയാൽ ഒന്നും കാണില്ല. നിന്ന് വെയില് കൊള്ളാതെ അകത്തേക്ക് വാ" അത് പറഞ്ഞ് മാധു അകത്തേക്ക് നടന്നു. പിന്നാലെ നിഖിയും. ഹാളിൽ ഹരനും നിധിയും അച്ഛൻമാരും ഇന്ദുവും ഇരുന്ന് ടി വി കാണുന്നുണ്ട്. അമ്മമാർ അടുക്കളയിൽ ആണ്. " റിമോട്ട് ഇങ്ങ് താ പിതാജീസ്. മതി ന്യൂസ് കണ്ടത്. വല്ല സിനിമയും ഉണ്ടോ നോക്കട്ടെ " അത് പറഞ്ഞ് മാധു റിമോട്ട് തട്ടി പറച്ച് വാങ്ങിയതോടെ അച്ഛൻമാർ പതിയെ അകത്തേക്ക് പോയി. ജയറാമിന്റെയും അഭിരാമിയുടേയും ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയാണ് മാധു വച്ചത്. അതിൽ അവർ അനിയത്തിമാരെ കൂട്ടി ഹണി മൂണിന് പോകുന്ന സീനാണ്. "

അല്ലാ ഞാൻ ഇപ്പോഴാണ് ഓർത്തത്. നിങ്ങൾ എന്താ ഹണിമൂണിന് പോകാത്തത് " മാധു ചോദിച്ചതും ഹരനും നിധികയും പരസ്പരം ഒന്ന് നോക്കി. " ഊട്ടി, കൊടേകനാൽ പോയാ മതി ജിത്തു എട്ടാ " നിഖി " എന്തിനാ ഊട്ടി. മലമ്പുഴ ഡാം കാണാൻ പോയാ പോരെ . അതാവുമ്പോൾ രാവിലെ പോയാ രാത്രി ആവുമ്പോഴേക്കും തിരിച്ച് വരാം. വേണെങ്കിൽ വരുന്ന വഴി സ്നേഹതീരം ബീച്ചിലും കൂടി പോയിക്കോട്ടെ സൺ സെറ്റ് കാണാൻ .... ഇവർ എന്താ സ്കൂളിൽ നിന്നും ടൂർ പോവണോ . ഒരു ഊട്ടിയും കനാലും .... നമ്മുക്ക് കുറച്ച് ഇന്റർനാഷ്ണൽ ലെവൽ പിടിക്കാം. ലണ്ടൻ ആയാലോ " മാധു " അയ്യേ ലണ്ടനോ . അതിനേക്കാൾ സൂപ്പർ പാരിസ് ആണ്. സിറ്റി ഓഫ് റൊമാൻസ്... ഓഹ് എന്താ ഒരു ഫീൽ " നിഖി " അത് വളരെ നല്ല ഒരു ഇതാണ് " മാധുവും ഏറ്റു പിടിച്ചു. " ഒന്ന് നിർത്തോ രണ്ട് പേരും. ഇവിടന്ന് ആരും എവിടേക്കും പോകുന്നില്ലാ " നിധി ഉച്ചത്തിൽ പറഞ്ഞതും രണ്ടു പേരും വാ അടച്ചു. " ഇവൾക്ക് ഇതെന്താ പറ്റിയത് " വിറഞ്ഞ് ന്നിൽക്കുന്ന നിധിയെ കണ്ട് മാധുവും നിഖിയും പരസ്പരം ചോദിച്ചു. എന്നാൽ താൻ കൂടെ പോകാത്തതിന്റെ ദേഷ്യം തീർക്കലാണെന്ന് നിധിയുടെ ഈ ദേഷ്യത്തിന് കാരണമെന്ന് ഹരന് മനസിലായിരുന്നു.

" മഞ്ഞളും ചന്ദനവും ഒത്തു ചേരും സന്തൂർ. ചർമത്തിൻ അഴക് എകും. സന്തൂർ സന്തൂർ " ടി വിയിലെ പരസ്യത്തിനൊപ്പം മാധവും പാടി. " ഒന്ന് മിണ്ടാതെ ഇരിക്കുമോ മാധു " ഇന്ദു ചെവി പൊത്തി കൊണ്ട് പറഞ്ഞതും മാധു ഒന്നുകൂടെ ഉറക്കെ പാടാൻ തുടങ്ങി. " നിച്ചു നീയും സന്തൂർ ഉപയോഗിച്ചാ മതി ട്ടോ . അപ്പോ നിനക്കും സന്തൂർ മമ്മി ആകാം. നീയും നിന്റെ അഞ്ചാറ് പിള്ളേരും ഒരുമിച്ച് നടന്ന് പോകുമ്പോൾ നീ അവരുടെ അമ്മയാണെന്ന് ആർക്കും തോന്നില്ലാ. നീ ഈ പരസ്യം ഒക്കെ കണ്ടിട്ടില്ലേ " മാധു " അതെന്താ അങ്ങനെ . ഈ പെണ്ണുങ്ങൾക്ക് മാത്രം ഇങ്ങനെ പ്രായം കുറഞ്ഞ് തോന്നിയാ മതിയോ. ഞങ്ങൾ ആണുങ്ങൾ എന്താ പുകയോ . അല്ലെങ്കിലും ഇവിടെ മൊത്തം ജെന്റർ ഡിസ്ക്രിമിനേഷൻ ആണ് " നിഖി " അത് ശരിയാ . എല്ലാ സോപ്പിന്റെ പരസ്യത്തിലും പെണ്ണുങ്ങൾ മാത്രമാണ് ഉള്ളത്. ഞങ്ങൾ ആണുങ്ങൾ എന്താ ഹാർപ്പിക്ക് ഇട്ടാണോ കുളിക്കുന്നേ " മാധു പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു. " മെ ഐ കം ഇൻ "

ഡോറിനരികിൽ നിന്നുള്ള ശബ്ദം കേട്ട് എല്ലാവരും അവിടേക്ക് നോക്കി. മാളു ആയിരുന്നു അത്. " ഇതാരാ മാളുവോ . എന്താ പതിവില്ലാതെ ഈ വഴിക്ക് " ഇന്ദു എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു. " ഞാൻ ദേ ഇവൻ വിളിച്ചിട്ട് വന്നതാ . മര്യാദക്ക് കിടന്ന് ഉറങ്ങുന്ന എന്നെ വിളിച്ച് സമാധാനം തരാതെ ഞാൻ വന്നതാ. എന്തിനാടാ തവള കണ്ണാ എന്നെ വിളിച്ച് വരുത്തിയത് " മാളു. " നിന്നെ ഒന്ന് കാണാനാ എന്തേ " " ദേ നീ ഒരുമാതിരി മറ്റെടത്തെ പരിപാടി കാണിക്കല്ലേ . നീ എന്താ ആളെ വിളിച്ച് വരുത്തി കളിയാക്കുന്നോ " " എടീ പൊട്ടി ഞാൻ കളിയാക്കിയത് അല്ലാ . ശരിക്കും കാണാൻ വേണ്ടി വിളിച്ചതാ . ദേ ഈ നിഖി നിന്നെ വന്നപ്പോൾ മുതൽ അന്യോഷിക്കുന്നതാ. പാവം നിന്നെ കാണാൻ വേണ്ടിയാ ഇത്രയും ദൂരം വന്നത് പോലും " ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് നിഖി ആകെ ഒന്ന് പതറി പോയി . എല്ലാവരുടേയും നോട്ടം തന്റെ നേർക്കാണെന്ന് മനസിലായതും അവൻ ഒരു വിളറിയ ചിരി ചിരിച്ചു. " അല്ലെങ്കിലും നിഖി നിന്നെ പോലെ അല്ലാ . സ്നേഹം ഉള്ളവനാ "

അത് പറഞ്ഞ് മാധു ഇന്ദുവിന്റെ അരികിൽ വന്നിരുന്നു. ഉച്ചക്കുള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷമാണ് മാളു തിരിച്ച് പോയത്. എല്ലാവരോടും പെട്ടെന്ന് കൂട്ടാകുന്ന സ്വഭാവമായതിനാൽ മാളുവിനെ പെട്ടെന്ന് തന്നെ എല്ലാവർക്കും ഇഷ്ടമാകും മാളു ഇറങ്ങിയതിന് പിന്നാലെ തന്നെ നിധിയുടെ വീട്ടുക്കാരും ഇറങ്ങാൻ നിന്നു. അപ്പോഴും നിധിയുടെ മുഖം മാത്രം വീർത്തു തന്നെയാണ് നിൽക്കുന്നത്. നാളെ നേരിട്ട് വീട്ടിൽ നിന്നും ഏർണാകുളത്തേക്ക് പോകുന്നതിനാൽ നിധി സാധനങ്ങളെല്ലാം എടുത്താണ് വീട്ടിലേക്ക് പോകുന്നത്. ഇറങ്ങാൻ നേരം നിധി ഹരന്റെ അരികിലേക്കായി വന്നു. അവൻ നിഖിയോട് കാര്യമായ എന്താേ സംസാരത്തിൽ ആണ്. " ഞങ്ങളുടെ കൂടെ വരുമോ ഹരാ " അപ്പോൾ അവളുടെ മുഖത്ത് ദയനീയത ആയിരുന്നു. " ഞാൻ നാളെ രാവിലെ വരാം നിധികാ " " പ്ലീസ് ഹരാ. ഇപ്പോ വാ നീ . രാവിലെ വരുന്നത് എല്ലാം ബുദ്ധിമുട്ട് അല്ലേ " " ഒരു ബുദ്ധിമുട്ടും ഇല്ലാ . " ഹരൻ പറഞ്ഞതും അവളുടെ മുഖം വീണ്ടും വീർത്തു. " നിഖി ഇതൊന്നു പിടിച്ചേ " മാധു വിളിച്ചതും നിഖി അവിടേക്ക് പോയി. "

അപ്പോ നീ വരില്ലാ അല്ലേ. "നിധി " അങ്ങനെ പറഞ്ഞില്ലാലോ. ഞാൻ നാളെ വരും" ഹരൻ അത് പറഞ്ഞതും നിധിക ദേഷ്യത്തിൽ വെട്ടി തിരിഞ്ഞ് നടന്ന് കാറിന്റെ ബാക്ക് സീറ്റിൽ കയറി. " നിങ്ങൾ വരുന്നുണ്ടോ " എല്ലാവരോടും യാത്ര ചോദിക്കുന്ന അച്ഛനേയും അമ്മയേയും നിഖിയേയും അവൾ ഉറക്കെ വിളിച്ചു. " ഈ പെണ്ണിന് ഇത് എന്ത് പറ്റി എന്തോ . ഓരോ സമയത്ത് ഓരോ സ്വഭാവമാ " അത് പറഞ്ഞ് അമ്മ യാത്ര പറയാനായി ഇന്ദുവിന്റെ അടുത്തേക്ക് നടന്നു. നിധികയുടെ മുഖ ഭാവം കണ്ട് ഹരൻ ഒരു ചിരിയോടെ ബാക്ക് സീറ്റിനടുത്തേക്ക് വന്നു. " എന്തിനാ നീ ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നേ " " നീ എന്നോട് മിണ്ടണ്ടാ. നിനക്ക് വലുത് നിന്റെ തിരക്കുകൾ ആണല്ലോ " " നീ ഇങ്ങനെ ദേഷ്യപെടാതെ. . . .എന്റെ യക്ഷി പെണ്ണ് ഉറങ്ങുന്നതിന് മുൻപ് ഞാൻ വീട്ടിൽ എത്തിയിരിക്കും " അത് കേട്ടതും നിധിയുടെ മുഖം വിടർന്നു " സത്യം " നിധി ആകാംഷയോടെ ചോദിച്ചു " എന്റെ യക്ഷിയാണെ സത്യം " " എന്നാ ഞാൻ യാത്രാ ക്ഷീണം കൊണ്ട് ചെന്നതും ഉറങ്ങും ഹരാ. അപ്പോ എന്നാ നീ ഇപ്പോ തന്നെ കൂടെ വാ" " നിധികാ " ഹരൻ ഗൗരവത്തിൽ വിളിച്ചതും അവൾ ഒന്നു ചിരിച്ചു കാണിച്ചു. " മറക്കല്ലേ ഹരാ... വേഗം വരണെ . ഞാൻ കാത്തിരിക്കും " അവൾ പറഞ്ഞതും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. അവരുടെ കാർ ഗേറ്റ് കടന്ന് പോകുന്ന വരെ ഹരൻ മുറ്റത്ത് തന്നെ നോക്കി നിന്നു. ശേഷം റൂമിലേക്ക് കയറി പോയി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story