നീഹാരമായ്: ഭാഗം 43

neeharamayi

രചന: അപർണ അരവിന്ദ്

" നീയും വന്നിരുന്നോ മാധു. നീ വരുന്ന കാര്യം എന്താ പറയാതിരുന്നേ " അവൾ സന്തോഷം കൊണ്ട് ഉറക്കെ ചോദിച്ചു. " എന്തൊരു ബഹളമാ ഇത് . " മാധുവിന്റെയും നിധിയുടെയും സ്നേഹ പ്രകടനം കണ്ട് സഹിക്കാനാവാതെ നിഖി ചോദിച്ചു. " ഞാൻ എന്റെ ചേച്ചിയോടല്ലേ ബഹളം വച്ചത്. ഇവന് അസൂയയാ നിച്ചു " " പിന്നെ ..എന്താ ഒരു അസൂയ . അല്ലെങ്കിലും ഞാൻ എന്തിന് അസൂയ പെടണം. എനിക്ക് വേറെ പണിയുണ്ട് " അത് പറഞ്ഞ് നിഖി അകത്തേക്ക് കയറി പോയി. * " നാളെ ഓഫീസിൽ ജോയിൻ ചെയ്യേണ്ടതു കൊണ്ട് രാത്രി അതിന്റെ വർക്കുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു ഹരൻ . മാധുവും നിഖിയും ഉമ്മറത്ത് ഫോണും നോക്കി ഇരിക്കുന്നുണ്ട്. ലേറ്റസ്റ്റായി ഇറങ്ങിയ ഫോൺ, ബൈക്ക്, കാർ തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചർച്ച അതിലൊന്നും താൽപര്യം ഇല്ലാത്ത കാരണം നിധി അകത്ത് ടി വി കാണുന്ന അച്ഛന്റെ അരികിൽ വന്നിരുന്നു. "മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് (എംടിപി) പരിധിയിൽ നിന്ന് അവിവാഹിതരായ സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി.

അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രത്തിന് വൈവാഹിക നില പരിഗണിക്കേണ്ടതില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നന്‍സി നിയമം പ്രകാരം വിലയിരുത്തുമ്പോൾ ഭർത്താവിൽനിന്ന് സമ്മതമില്ലാതെയുള്ള ലൈംഗികവേഴ്ചയും ബലാത്സംഗമെന്ന രീതിയിൽ കണക്കിലെടുക്കാമെന്നും കോടതി വിലയിരുത്തി." പുതിയ സുപ്രീം കോടതി വന്നതിനെ കുറിച്ചുള്ള ചാനൽ ചർച്ചയാണ് ടി വി യിൽ ഓടി കൊണ്ടിരിക്കുന്നത്. കുറച്ച് നേരം കണ്ട് കൊണ്ട് ഇരുന്നുവെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ദേഷ്യം വരാൻ തോന്നിയിരുന്നു. പരസ്പരം വഴക്ക് ഉണ്ടാക്കുന്ന ചർച്ചക്കു വന്ന വ്യക്തികളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന റിപ്പോർട്ടറെ കണ്ട് നിധി ചിരിയോടെ എണീറ്റ് അടുക്കളയിലേക്ക് നടന്നു. നമ്മുക്ക് ഇതൊക്കെ തമാശ. ആ റിപ്പോർട്ടർ അതേ സമയം അനുഭവിക്കുന്ന മെന്റൽ സ്ട്രെസ് നമ്മുക്ക് മനസിലാകില്ലാ. പാവം ഹരൻ . അവനും ഇങ്ങനെ കഷ്ടപ്പെടേണ്ടി വരും. അവൾ അമ്മയുടെ അടുത്തായി വന്ന് നിന്നു.

രാത്രിയിലേക്കുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കുന്ന തിരക്കിൽ ആണ് അമ്മ. നിധികയും അമ്മയെ സഹായിക്കാൻ തുടങ്ങി. രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ഹരൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത്. അച്ഛനോടും അമ്മയോടും നിഖിയോടും എല്ലാം സ്നേഹത്തോടെ സംസാരിക്കുന്ന ഹരനെ അവൾ നോക്കി ഇരുന്നു. താൻ കല്യാണം കഴിഞ്ഞ് ഹരന്റെ വീട്ടിൽ കയറി ചെല്ലുന്ന സമയത്ത് എല്ലാവരോടും ദേഷ്യപ്പെട്ടിട്ടെ സംസാരിച്ചിട്ടുള്ളു. എന്തിന് പറയുന്നു ഹരന്റെ നെറ്റിയിൽ വരെ ദേഷ്യത്തിൽ എറിഞ്ഞ് മുറിവാക്കിയിട്ടുണ്ട്. എങ്കിലും അവൻ ഒരിക്കൽ പോലും ഇവിടെ ഉള്ളവരോട് ദേഷ്യപ്പെട്ട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. " നിധി ഹരനെ നോക്കി ആലോചിച്ചിരിക്കുകയാണ്. അതേ സമയം നിഖിയോട് എന്തോ പറഞ്ഞ് ചിരിച്ച ഹരൻ നേരെ നോക്കിയത് നിധിയുടെ മുഖത്തേക്കാണ്. അത് മനസിലായ നിധി വേഗം മുഖം തിരിച്ചു. എങ്കിലും ഇടക്കിടെ അവളുടെ കണ്ണുകൾ അവനെ തേടി പോയിരുന്നു. അത് ഹരൻ കൃത്യമായി മനസിലാക്കി എങ്കിലും അറിയാത്ത പോലെ ഇരുന്നു. " അയ്യേ ..ഞാനിതെന്താ ഇങ്ങനെ ...." നിധി തന്റെ മനസിനെ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും ഹരനെ നോക്കാതിരിക്കാൻ അവളെ കൊണ്ട് ആകുമായിരുന്നില്ല.

* ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മയെ സഹായിച്ച ശേഷമാണ് നിധി റൂമിലേക്ക് തിരികെ വന്നത്. " നിങ്ങൾ എന്താ ഇവിടെ " ഹരന്റെ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കുന്ന നിഖിയേയും മാധുവിനേയും കണ്ട് നിധിക ചോദിച്ചു. " അതെന്ത് ചോദ്യമാ ഇവിടെ വരുമ്പോൾ നമ്മൾ നാലു പേരും ഇവിടെയല്ല കിടക്കാറുള്ളത് " മാധു " അത് പണ്ട് അല്ലേ " നിധി " അതിന് ഇപ്പോ എന്താ മാറ്റം " നിഖിൽ " അത് .അത് പിന്നെ ... നിധിക്ക് പറയാൻ ഉത്തരം ഉണ്ടായിരുന്നില്ല. " നീ കിടക്കുന്നുണ്ടെങ്കിൽ വന്ന് കിടക്ക് . എന്നിട്ട് ആ ലൈറ്റ് ഓഫ് ചെയ്യ് " മാധു നിധിയോടായി പറഞ്ഞു. " നാല് പേർക്കും കൂടി ഇവിടെ കിടക്കാൻ പറ്റുമോ . സ്ഥലം തികയുമോ " നിധി അവസാന അടവ് എടുത്ത്. " ഇവൾ ആള് ശരിയല്ലാ മാധു . ഇവൾ നമ്മളെ ഇൻ ഡയറക്ടായി ഈ റൂമിൽ നിന്നും പുറത്താക്കാനുള്ള ഐഡിയ ആണ് " നിഖി " ഞാൻ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ലാ. ഞാൻ വെറുതെ ചോദിച്ചു എന്നേ ഉള്ളൂ. നിങ്ങൾ എവിടെ കിടന്നാലും എനിക്ക് എന്താ " നിധി ലൈറ്റ് ഓഫ് ചെയ്ത് നിഖിയുടെ അരികിൽ കിടന്നു. " എനിക്ക് അറ്റത്ത് കിടക്കാൻ പേടിയാ " നിധി " ഇവിടെന്നു പോകുന്ന വരെ നിനക്ക് ഒരു പേടിയും ഉണ്ടായിരുന്നില്ലാലോ " നിഖി

" എല്ലാവരും എപ്പോഴും ഒരേ പോലെ ആയിരിക്കുമോ " നിധിക്ക് ആകെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു. " ഓഹ് ഭദ്രക്കാളി തുടങ്ങി " അവളുടെ ഭാവം കണ്ട് നിഖി പറഞ്ഞു. " ഭദ്രക്കാളിയോ ...ഞാനോ.. ഞാനോ... ഞാനെന്താ അതിന് ചെയ്തേ . പറയടാ " " അയ്യോ മതി നിർത്ത് രണ്ടാളും . പോത്തു പോലെ വലുതായിട്ടും കിടന്ന് അടിയുണ്ടാക്കാ . നിങ്ങൾ എന്നേയും ജിത്തു എട്ടനേയും കണ്ട് പഠിക്ക്. ഞങ്ങൾ എപ്പോഴേങ്കിലും വഴക്ക് ഇടുന്നത് കണ്ടിട്ടുണ്ടോ " മാധു " അതിന് നിനക്ക് ജിത്തു എട്ടനെ പേടിയായത് കൊണ്ടല്ലേ വഴക്ക് ഇടാൻ പോവാത്തത് " നിഖി " അതാണോ ഇപ്പോ ഇവിടുത്തെ ആന കാര്യം. നിച്ചുന്ന് അറ്റത്ത് കിടക്കാൻ പേടിയാണെങ്കിൽ ഞാൻ അറ്റത്ത് കിടക്കാം. അത് പറഞ്ഞ് മാധു ഹരന്റെ അരികിൽ നിന്നും എണീറ്റ് നിധിയുടെ അടുത്ത് കിടന്നു. നിഖിയെ നടുവിൽ നിന്നും മാറ്റി ഹരന്റെ അരികിൽ കിടക്കാം എന്ന നിധിയുടെ പ്ലാൻ മാധു പൊളിച്ച് കൈയ്യിൽ കൊടുത്തു. നിഖി അവന്റെ കയ്യും കാലും ഹരന്റെ മേലെ കയറ്റി വച്ചാണ് കിടക്കുന്നത്. ഹരനും അവനെ കെട്ടിപിടിച്ചിട്ടുണ്ട്. അതു കൂടെ കണ്ട് നിധി ക്ക് ആകെ ദേഷ്യം വന്നു. ഹരനും മാധുവും നിഖിയും ഒരോന്ന് പറഞ്ഞ് ചിരിക്കുന്നുണ്ട്.

ഏതോ സിനിമാ കഥയാണ് . നിധി അതിലൊന്നും താൽപര്യമില്ലാതെ തലയണയിലേക്ക് മുഖം ചേർത്തു. അവരുടെ ചിരി ആ റൂമിൽ അലയടിച്ചു കൊണ്ടിരുന്നു. അതിൽ ഹരന്റെ ചിരിയും തമാശയുമാണ് അവളിൽ കൂടുതൽ ദേഷ്യം ഉയർത്തിയത്. " ഒന്ന് നിർത്തുമോ മൂന്നും . പാതിരാത്രിക്കാ അവരുടെ ഒരു സിനിമാ കഥാ . ബാക്കി ഉള്ളവർക്ക് ഒന്ന് കിടന്ന് ഉറങ്ങണം" അതൊരു അലർച്ചയായിരുന്നു. " ജിത്തു എട്ടാ, മാധു കിടന്ന് ഉറങ്ങിക്കോ. നിച്ചു ആകെ ടെറർ ആയി " അതോടെ എല്ലാവരും മിണ്ടാതെ കിടക്കാൻ തുടങ്ങി. സമയം മുന്നോട്ട് പോയി എങ്കിലും നിധിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവൾ തല ഉയർത്തി നോക്കിയപ്പോൾ മൂന്നും നല്ല ഉറക്കമാണ്. കുറേ നേരം കണ്ണടച്ച് കടന്നു എങ്കിലും ഉറക്കം വരുന്നില്ല. പിന്നീട് രാത്രി എപ്പോഴോ നിഖി ബാത്ത് റൂമിൽ പോവാൻ എണീറ്റ് പോയതും നിധി വേഗം ഹരന്റെ അരികിലേക്ക് നീങ്ങി കിടന്നു. നെഞ്ചിൽ വച്ചിരുന്ന അവന്റെ കൈ നിവർത്തി വച്ച് അവൾ അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. മുഖത്തിന് കുറുകെ വച്ചിരുന്ന ഹരന്റെ മറ്റേ കൈ എടുത്ത് തന്റെ മേലായി വച്ച് അവൾ കണ്ണടച്ച് കിടന്നു. കുറച്ച് കഴിഞ്ഞതും നിഖി ബാത്ത് റൂമിൽ നിന്നും വന്നു.

" എസ്ക്യൂസ് മീ നിച്ചു . ഇതെന്റെ സ്ഥലമാ " ഉറങ്ങുന്ന നിധിയെ തട്ടി വിളിച്ച് നിഖി പറഞ്ഞു. എന്നാൽ നിധി ഒന്ന് അനങ്ങുക പോലും ചെയ്യാതാതെ ഉറങ്ങുന്ന പോലെ കിടന്നു. ഇനിയും വിളിച്ച് കാര്യമില്ലാ എന്ന് മനസിലായതും നിഖി മാധുവിന്റെ അരികിയിൽ വന്ന് കിടന്നു.ഹരന്റെ നെഞ്ചിൽ കിടന്ന് നിധികയും ഉറങ്ങി പോയിരുന്നു. * പിറ്റേ ദിവസം അതിരാവിലെ തന്നെ അവർ വീട്ടിൽ നിന്നും ഇറങ്ങി. ഹരൻ ആയിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത് . മാധു നിധിയുടെ വീട്ടിൽ തന്നെയാണ് നിൽക്കുന്നത്. അടിച്ച് പൊളിച്ച് രണ്ട് ദിവസം കഴിഞ്ഞേ വീട്ടിൽ പോവുന്നുള്ളൂ എന്നാണ് അവൻ പറയുന്നത്. മെയിൽ റോഡിലേക്ക് കയറിയതും നിധിക ഡ്രൈവ് ചെയ്യുന്ന ഹരന്റെ കൈയ്യിലൂടെ ചുറ്റി പിടിച്ച് തോളിലേക്ക് തല വച്ചു ഇരുന്നു. " നിധിക... " " മമ്" " നിനക്ക് എന്താ വയ്യേ " " എയ് കുഴപ്പമൊന്നും ഇല്ലാലോ " " പിന്നെ എന്താ നിനക്ക് പറ്റിയത്. ഇന്നലെ മുതൽ ശ്രദ്ധിക്കുന്നതാണ്. നിനക്ക് എന്തൊക്കെയോ ഒരു മാറ്റം " ഹരൻ സംശയത്തിൽ ചോദിച്ചു. " എന്ത് മാറ്റം " അവൾ പറഞ്ഞതും ഹരൻ കാർ സൈഡാക്കി. ശേഷം അവൾക്ക് നേരെയായി ഇരുന്നു. "എന്താ എന്റെ യക്ഷി പെണ്ണിന് പറ്റിയത്. നിന്നക്ക് വയ്യേ. ഹോസ്പിറ്റലിൽ പോവണോ.

അതോ വീട്ടുക്കാരെ വിട്ട് വരുന്ന സങ്കടമാണോ . വേണെങ്കിൽ ഞാൻ നിന്നെ വീട്ടിൽ ആക്കി തരാം. എനിക്ക് എന്തായാലും ഇന്ന് ജോയിൻ ചെയ്തേ പറ്റു. നിന്നെ വേണെങ്കിൽ അടുത്ത് ആഴ്ച്ച വന്ന് കൊണ്ട് പോകാം . വീട്ടിക്ക് ആക്കി തര.. " മുഴുവൻ പറയുന്നതിന് മുൻപേ നിധി അവന്റെ വാ പൊത്തി. " I love you haran" അത് പറഞ്ഞ് അവൾ സീറ്റ് ബെൽറ്റ് അഴിച്ച് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് കഴുത്തിലേക്ക് മുഖം ചേർത്തു. ഹരൻ ഒരു നിമിഷം തറഞ്ഞു ഇരുന്നു. നിധികക്ക് തന്നെ ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്ന് ഒരു തുറന്ന് പറച്ചിൽ അവൻ പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ ഒരു അമ്പരപ്പിനു ശേഷം ഹരനും അവളെ ചേർത്ത് പിടിച്ചു. " എന്താ യക്ഷി ഇപ്പോ ഇങ്ങനെ പെട്ടെന്ന് " " എനിക്ക് അറിയില്ലാ ഹരാ. പക്ഷേ ഇതൊരിക്കലും ഒരു സഹതാപത്തിന്റെ പുറത്ത് അല്ലാ . എനിക്ക് നിന്നേ ശരിക്കും ഇഷ്ടാ." അത് പറയുമ്പോൾ നിധികയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ഹരനാണെങ്കിൽ നിധി പറഞ്ഞതിന്റെ പൊരുൾ മനസിലായില്ലാ. "നമ്മുക്ക് പോകാം. ഇനിയും നിന്നാ അവിടെത്താൻ ലേറ്റ് ആവും " അവനിൽ നിന്നും അകന്നു മാറി കൊണ്ട് നിധിക പറഞ്ഞു.

" നിധിക എനിക്ക് നിന്നോട് ഒരു കാ.." " അതാെക്കെ പിന്നെ പറയാം. നീ ഇപ്പോ കാർ എടുക്ക്" നിധി വാച്ചിൽ നോക്കി തിരക്കിട്ട് പറഞ്ഞതും ഹരൻ കാർ മുന്നോട്ട് എടുത്തു. ** നിധിയെ ഫ്ളാറ്റിനു മുന്നിൽ ഇറക്കി അപ്പോ തന്നെ ഹരൻ ഓഫീസിലേക്ക് പോയി. നിധിക തന്റെ ബാഗും റൂമിന്റെ കീയും ആയി ലിഫ്റ്റിലേക്ക് കയറി. " എന്റെ ദൈവമേ സമയം വൈകിയല്ലോ. ആ കാലൻ ക്ലാസിൽ എത്തുമ്പോഴേക്കും അവിടെ എത്തണം. " നിധി ഡോർ തുറന്ന് അകത്ത് കയറി. വേഗം കോളേജിലേക്കുള്ള ബാഗിൽ ബുക്ക്സും മറ്റും ഇട്ട് വേഗം അവൾ റൂം ലോക്ക് ചെയ്ത് പുറത്തേക്ക് ഇറങ്ങി. ബസ് പിടിച്ച് കോളേജിൽ എത്തുമ്പോഴേക്കും ബെല്ലടിച്ചിരുന്നു. അവൾ ഓടി കിതച്ച് ക്ലാസിൽ എത്തുമ്പോഴേക്കും നന്ദൻ ക്ലാസ്സ് തുടങ്ങിയിരുന്നു. " മെ ഐ കം ഇൻ സാർ " അവൾ ഡോറിനരികിൽ നിന്നും വിളിച്ചു. അവനെ സാർ എന്ന് വിളിക്കുന്നതിൽ നിധികക്ക് വല്ലാതെ വെറുപ്പ് തോന്നിയിരുന്നു . അവൻ ഹരനോട് ചെയ്തതെല്ലാം ആലോച്ചിച്ചപ്പോൾ പക തോന്നി പോയി.

ഹരൻ നന്ദനോട് പ്രതികരിക്കാതെ ഇരിക്കുന്നതിന് കാരണം എന്താണെന്ന് ഇപ്പോൾ നിധികക്ക് അറിയാം. ഹരൻ ഈ ലോകത്ത് ഇന്ന് ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് നന്ദനെയാണ്. ഹരനിൽ നിന്നും ആ ഭയം ഇല്ലാതാക്കാൻ തന്നെ കൊണ്ട് മാത്രമേ കഴിയുകയുള്ളൂ എന്ന് നിധികക്കും അറിയാം ** ഹരൻ ഓഫീസിൽ എത്തി. ഇതിനു മുൻപ് വർക്ക് ചെയ്ത ഓഫീസ് ആയതിനാൽ അവന് അപരിചിതത്ത്വം ഒന്നും തോന്നിയിരുന്നില്ല. അവിടെ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും ഹരന്റെ ഒപ്പം വർക്ക് ചെയ്തവരായതിനാൽ ഹരനെ അവർക്ക് നന്നായി അറിയാം. ആരോടും അധികം സംസാരിക്കാത്ത, തന്റെ വർക്കുകൾ മാത്രം കൃത്യമായി ചെയ്യുന്ന, തന്നിലേക്ക് മാത്രം ഒതുങ്ങി ജീവിക്കുന്ന, പേരിനു പോലും ഒരു സുഹൃത്തില്ലാത്ത ഹരൻ ഇന്ദ്രജിത്തിനെയാണ് അവർക്ക് പരിചയം. അതുകൊണ്ട് തന്നെ എല്ലാവരും ഫോർമലായി മാത്രമേ സംസാരിച്ചിരുന്നുള്ളൂ. എല്ലാവരോടും വിഷ് പറഞ്ഞ് അവൻ ക്യാമ്പിനിലേക്ക് കയറി. അതേ സമയം ഫോണിലേക്ക് ഡേവിയുടെ കോൾ വന്നു.

അപ്പാപ്പനെ കാണാൻ അലക്സി ഹോസ്പിറ്റലിലേക്ക് വന്നു എന്നും നാളെ അപ്പാപ്പനെ ഡിസ്റ്റാർജ് ആക്കുമെന്നും അതിന് മുൻപ് ഹരനെ ഒന്ന് കാണണമെന്ന് അപ്പാപ്പൻ പറഞ്ഞതായും ഡേവിഡ് അവനോട് പറഞ്ഞു. ഹരൻ വൈകുനേരം ഓഫീസ് കഴിഞ്ഞ് വരാം എന്നും കുറച്ച് തിരക്കുകൾ ഉണ്ടെന്നും പറഞ്ഞ് വേഗം കോൾ കട്ട് ചെയ്തു. തന്റെ സീറ്റിലേക്ക് ഇരുന്ന് ലാപ്പ്ടോപ്പ് ഓപ്പൺ ചെയ്തു. " ചേട്ടായി അധികം സുശ്രുഷക്കൊന്നും നിൽക്കണ്ടാ. നിച്ചുവും എന്റെ ചേട്ടായിയേയും ആരും അറിയാതെ പിരിച്ച മുതലാ ഈ കിടക്കുന്നത് " അന്ന് അപ്പാപ്പനെ കുറിച്ച് ഡേവിഡ് പറഞ്ഞ കാര്യം ഓർമ വന്നതും ഹരന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ഒപ്പം എന്തോ ഓർമ വന്ന പോലെ അവൻ നിധികയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു. * " പഠിക്കണം എന്ന ചിന്ത ഉണ്ടെങ്കിലേ നേരത്തും കാലത്തും ക്ലാസിൽ വരാൻ തോന്നു . അല്ലെങ്കിലും ആർക്കോ വേണ്ടി ഒരുങ്ങി കെട്ടി വരുകയാണല്ലോ. അവനവനോ പഠിക്കുന്നില്ല. മറ്റു കുട്ടികളെങ്കിലും ഒന്ന് പഠിച്ചോട്ടെ. അതിന്റെ ഇടയിൽ ഇങ്ങനെ കയറി വന്ന് അവരുടെ ശ്രദ്ധ തിരിക്കരുത് " നന്ദൻ തന്റെ സ്ഥിരം സാരോപദേശം തുടർന്നുകൊണ്ടിരുന്നു.

നിധികയാണെങ്കിൽ ഇതൊക്കെ എത്ര കേട്ടതാ എന്ന എക്സ്പ്രഷനിൽ തന്നാേടല്ലാ ഈ പറയുന്നത് എന്ന ഭാവത്തിൽ നിന്നു. ഇടക്ക് ഒന്ന് ബോർ അടിച്ചപ്പോൾ ഇടം കണ്ണിട്ട് ലാസ്റ്റ് ബെഞ്ചിൽ ഉള്ള ശ്രീദേവിയെ നോക്കി. സാധാരണ തന്നെ വഴക്ക് പറയുന്നത് കേൾക്കുമ്പോൾ സങ്കടപ്പെട്ടിരിക്കുന്ന ആൾ ഇന്ന് ടേബിളിൽ തല വച്ച് കിടക്കുകയാണ്. " എന്നും എന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കരുത്. ഇത് നിധിക ഹരൻ ഇന്ദ്രജിത്തിന് നൽക്കുന്ന അവസാന വാണിങ്ങ് ആണ് . ക്ലാസ്സിൽ കയറി കൊള്ളു" അത് കേട്ട് നിധിക കാൽ എടുത്ത് വച്ച് ക്ലാസിലേക്ക് കയറിയതും ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ചാണ്. "കുണുക്കുപെണ്മണിയെ ഞാെണുക്കു വിദ്യകളാല്‍ മാടപ്രാപിടപോലെ കുരുക്കിലാക്കണം തുടുത്ത പൂങ്കവിളില്‍ നനുത്തപൂഞ്ചിമിഴില്‍ മുത്താരം മുകിലാരം മുത്തമേകണം " നിധികയുടെ റിങ്ങ് ടോൺ കേട്ട് അവിടെ ഒരു കൂട്ട ചിരി ഉയർന്നു. " എടാ മാധു നിന്റെ അന്ത്യം മിക്കവാറും എന്റെ കൈ കൊണ്ട് ആയിരിക്കും " ഇടക്ക് നിധികയുടെ റിങ്ങ് ടോണും കോളർ ട്യൂണും ഇതുപോലെത്തെ പാട്ടുകൾ ആക്കുന്നത് മാധുവിന്റെ സ്ഥിരം പരിപാടിയാണ്. മാധുവിനെ നന്നായി ഒന്ന് സ്മരിച്ച ശേഷം നിധിക നന്ദനെ ഒന്ന് നോക്കി. ആൾ ദേഷ്യത്തിൽ ആകെ അടിമുടി വിറച്ച് നിൽക്കുകയാണ്. "Get out of my class" അതൊരു അലർച്ചയായിരുന്നു. അടുത്ത നിമിഷം നിധിക ജീവനും കൊണ്ട് പുറത്തേക്ക് ഓടി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story