നീഹാരമായ്: ഭാഗം 47

neeharamayi

രചന: അപർണ അരവിന്ദ്

" നിനക്ക് ഞാൻ ആരാ എന്ന് അറിയണ്ടേ " " വേണ്ടാ " " അതെന്താ അങ്ങനെ " " അറിയണ്ടാ അത്ര തന്നെ. " " അത് പറ്റില്ലാ നിധിക. എന്നെ കുറിച്ച് നീ പൂർണമായും അറിഞ്ഞിരിക്കണം. നിനക്ക് അറിയാത്ത മറ്റൊരു ഹരൻ കൂടി ഉണ്ട്. മറ്റാർക്കും അറിയാത്ത ഒരു ഹരൻ " അവന്റെ സ്വരം വല്ലാതെ ഇടറി പോയി. " നീ കരയുകയാണോ ഹരാ. " " എയ് " " പിന്നെന്താ കണ്ണ് നിറഞ്ഞിരിക്കണേ ..?" " എന്റെ അഞ്ചാമത്തെ വയസിലാണ് ഞാൻ നമ്മുടെ അച്ഛനെ ആദ്യമായി കാണുന്നത്. അതും മധുരയിൽ വച്ച് . അച്ഛനും അമ്മയും കൂടി അമ്പലത്തിലേക്ക് വന്നതായിരുന്നു. " ഹരൻ നിറഞ്ഞ കണ്ണുകൾ തുടച്ച് നിധിയുടെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. നിധികയും അവനെ ഇരു കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു. " എന്റെ അമ്മാ എന്ന് പറയുന്ന സ്ത്രീയുടെ മുഖം ഇപ്പോഴും എനിക്ക് ഓർമയുണ്ട്. വലിയ ചുവന്ന വട്ടപ്പൊട്ട് വച്ച് തലയിൽ നിറയെ മുല്ല പൂവാെക്കെ വച്ച് സുന്ദരിയായ ഒരു സ്ത്രീ . ഒരു അമ്മയുടെ സ്നേഹം എനിക്ക് അവർ തന്നിരുന്നോ എന്ന് ചോദിച്ചാ എനിക്ക് അറിഞ്ഞു കൂടാ. എനിക്ക് മൂന്ന് നേരം ഭക്ഷണം തരും . ചില രാത്രികളിൽ ഞാൻ ഒരുപാട് പേടിച്ച് കരഞ്ഞിട്ടുണ്ട്.

ഒരു മുറി മാത്രമുള്ള ഒരു ഒറ്റ മുറി വീടായിരുന്നു അത്. നേരം ഇരുട്ടിയാൽ എനിക്ക് പരിചയമില്ലാത്ത പലരും ആ വീട്ടിൽ കയറി വരും. ആ സ്ത്രീ അവരുമായി റൂമിൽ കയറി വാതിൽ അടക്കും. ഇടിയും മിന്നലുമുള്ള രാത്രികളിൽ ആ മുറിയുടെ വാതിൽ തട്ടി ഞാൻ എത്ര കരഞ്ഞ് വിളിച്ചിട്ടുണ്ട് എന്നോ . തീർത്തും ഒറ്റപ്പെട്ടായിരുന്നു ഞാൻ വീട്ടിൽ കഴിഞ്ഞിരുന്നത്. അടുത്തുള്ള വീട്ടിലെ കുട്ടികൾ എന്നെ കളിക്കാൻ പോലും കൂടെ കൂട്ടില്ല. അവരുടെ കൂട്ടത്തിൽ ചെന്ന് നിന്നാൽ ഞാൻ ചീത്തയാണെന്ന് പറഞ്ഞ് അകറ്റി നിർത്തും. എന്നാൽ എനിക്ക് അതിലൊന്നും ഒരു പരാധിയുമുണ്ടായിരുന്നില്ല. പക്ഷേ ആ സ്ത്രീക്ക് എന്നെ ഒന്ന് സ്നേഹിക്കാമായിരുന്നില്ലേ . ഒന്ന് പരിഗണിക്കാമായിരുന്നില്ലേ . സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും എനിക്ക് നേരെ അവർ നോക്കിയിട്ടില്ല. എല്ലാവരും അവർ ചീത്ത സ്ത്രീയാണെന്ന് പറയുമായിരുന്നു. പക്ഷേ അതിന്റെ കാരണം എനിക്കന്ന് അറിയുമായിരുന്നില്ലാ.

എന്നാൽ ഒരു ദിവസം ഞാൻ നേരിട്ട് കണ്ടു. ആ സ്ത്രീയേയും ഒരു പുരുഷനേയും ഒരുമിച്ച് ഒരു റൂമിൽ ഒരു മകനും കാണാൻ പാടാത്ത രീതിയിൽ ഞാൻ പേടിച്ച് ആ വീട്ടിൽ നിന്നും ഓടി ഇറങ്ങി. ആ ഓട്ടം വന്ന് നിന്നത് ഒരു അമ്പല മുറ്റത്താണ്. പരിചയമില്ലാത്ത ഒരുപാട് ആളുകൾക്കിടയിൽ വിശന്ന് വലഞ്ഞ് ഞാൻ രണ്ട് ദിവസം അലഞ്ഞ് നടന്നു. അവസാനം ഭിക്ഷയാചിക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഞാൻ ചേർന്നു. അവിടെ നിന്നാണ് അച്ഛനും അമ്മക്കും എന്നെ കിട്ടുന്നത്. എനിക്ക് കഴിക്കാൻ ഭക്ഷണം വാങ്ങി തന്നു. നല്ല വസ്ത്രം വാങ്ങി തന്നു. നല്ലൊരു ജീവിതം തന്നെ എനിക്ക് നേരെ വച്ച് നീട്ടി. ഭൂതകാലത്തിന്റെ ഓർമകൾ പോലും എന്നിൽ അവശേഷിക്കാതിരിക്കാൻ എന്റെ പേര് തന്നെ മാറ്റി. അങ്ങനെ ജീവൻ എന്ന ഞാൻ ഹരൻ ഇന്ദ്രജിത്തായി. എന്നാലും ജീവൻ എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ആ സ്ത്രീയെ ഓർമ വരും. അവർ എന്നെ ആ പേരായിരുന്നു വിളിച്ചിരുന്നത്. ആ സമയം ആ ചുവന്ന പൊട്ടും,

മുല്ലപ്പൂവിന്റെ മണവും ആ വീട്ടിൽ കയറി ഇറങ്ങിയ പുരുഷൻമാരെയും എനിക്ക് ഓർമ വരും. അതെന്റെ സമനില വരെ തെറ്റിക്കും. : " പഴയ കാര്യങ്ങൾ മനസിൽ തെളിഞ്ഞ് വരുന്തോറും ഹരൻ നിധികയെ ഇറുക്കെ പുണർന്നു. അവന്റെ അവസ്ഥ മനസിലാക്കിയ അവൾ പതിയെ അവന്റെ പുറത്ത് തട്ടി കൊടുത്തു. " ഇപ്പോ അവർ എവിടേയാ . നീ പിന്നീട് അന്വേഷിച്ചിരുന്നോ " കുറച്ച് നേരത്തെ മൗനത്തിന് ശേഷം അവൾ ചോദിച്ചു. " മരിച്ചു പോയി. എട്ട് വർഷങ്ങൾക്ക് മുൻപ് " ഒപ്പം അവന്റെ കൺകോണിലൂടെ കണ്ണീർ ഒഴുകി ഇറങ്ങി നിധികയുടെ നെഞ്ചിൽ പതിച്ചു. " നിനക്ക് അവരോട് ദേഷ്യമുണ്ടാേ ഹരാ. " " അങ്ങനെ ചോദിച്ചാൽ എനിക്ക് അറിയില്ലാ. ചിലപ്പോൾ അവരുടെ സാഹജര്യങ്ങൾ ആകാം അവരെ അങ്ങനെ ഒരാളാക്കി മാറ്റിയത്. പക്ഷേ അതിന് ഞാൻ എന്ത് തെറ്റ് ചെയ്തു. ഒന്നെല്ലെങ്കിലും അവരുടെ സ്വന്തം മകനല്ലേ ഞാൻ . ഞാനും ആഗ്രഹിച്ച് കാണില്ലേ അവരുടെ ഒരിറ്റ് സ്നേഹം.

അവർ എന്റെ മുഖത്ത് പോലും ഒന്ന് നേരെ നോക്കിയിട്ടില്ലാ. ഭക്ഷണം കഴിക്കാൻ നേരം കഴിക്കാൻ ഉള്ളത് എടുത്ത് വച്ച് ജീവാ എന്നൊരു നീട്ടി വിളി വിളിക്കും. അതല്ലാതെ അവർ മറ്റൊന്നും എന്നോട് സംസാരിച്ചിട്ട് കൂടി ഇല്ല. മൂന്ന് നേരം ഭക്ഷണവും വസ്ത്രവും മാത്രം മതിയോ ഒരു മനുഷ്യന് . അതും അത്രയും ചെറിയ പ്രായത്തിൽ . ഞാനും ആഗ്രഹിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹം, ചേർത്ത് പിടിക്കൽ , വാത്സല്യം . അതെല്ലാം എനിക്ക് പിന്നീട് മറ്റൊരു അമ്മയിലൂടെ ലഭിച്ചു. ഒരു പക്ഷേ അച്ഛനും അമ്മയും അന്ന് കൂടെ കൂടിയില്ലായിരുന്നു എങ്കിൽ ഞാൻ ജീവിച്ചിരിക്കുമോ എന്ന് പോലും എനിക്ക് സംശയമാണ് " ഹരൻ ഒരു കിതപ്പോടെ പറഞ്ഞ് നിർത്തിയതും നിധികക്ക് അവനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല. പരസ്പരം ഒന്നും മിണ്ടാതെ ഇരുവരും കിടന്നു. എപ്പോഴോ ഉറങ്ങി പോയി. * പിറ്റേ ദിവസം നിധിക എണീക്കുമ്പോൾ ഹരൻ അപ്പോഴും അവളുടെ മേൽ തല വച്ച് തന്നെയാണ് കിടക്കുന്നത്.

അവൾ പതിയെ അവന്റെ നെറുകിലൂടെ തലോടിയതും ഹരൻ മുഖം ചുളിച്ചു കൊണ്ട് ബെഡിലേക്ക് കമിഴ്ന്ന് കിടന്നു. നിധിക അത് കണ്ട് അവന്റെ പുറത്തായി തല വച്ച് കിടന്നതും ഹരൻ ഒന്ന് തല ഉയർത്തി നോക്കി. " നീ ഇന്ന് ക്ലാസിൽ പോവുന്നില്ലേ " " മമ്" അവൾ ഒന്ന് അലസമായി മൂളി " എന്നാ എണീറ്റ് വേഗം പോയി റെഡിയാവാൻ നോക്ക്" " മമ്" അവൾ താൽപര്യമില്ലാതെ മൂളി കൊണ്ട് വീണ്ടും അവന്റെ പുറത്ത് മുഖം ചേർത്ത് കിടന്നു. അത് കണ്ട് ഹരൻ ഒരു പുഞ്ചിരിയോടെ അവൾക്ക് നേരെ തിരിഞ്ഞ് കിടന്ന് ഇരു കൈകൾ കൊണ്ടും അവളെ കെട്ടിപിടിച്ചു. " എന്റെ യക്ഷി പെണ്ണേ " അവൾ അവളുടെ കാതിലായി പതിയെ പറഞ്ഞതും നിധിക ഒന്ന് ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി പറ്റി ചേർന്നു...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story