നീഹാരമായ്: ഭാഗം 54

neeharamayi

രചന: അപർണ അരവിന്ദ്

" ഹായ് ഇഡലി ആണോ . നന്നായി ഞാൻ വിചാരിച്ചേ ഉള്ളൂ ഇഡലി കഴിക്കുന്ന കാര്യം. " അത് പറഞ്ഞ് മാധു അഞ്ചാറ് ഇഡലി പ്ലേറ്റിലേക്ക് ഇട്ട് അതിലേക്ക് സാമ്പാർ ഒഴിച്ച് കഴിക്കാൻ തുടങ്ങി " നിനക്ക് ഒരു കാര്യം അറിയുമോ നിച്ചു. ഈ ഇഡലിക്കും, പുട്ടിനും ഒരിക്കലും ജലദോഷം വരില്ലാ എന്താന്ന് അറിയോ " മാധു കഴിക്കുന്നതിനിടയിൽ ചോദിച്ചു. * " അറിയില്ലാ അതെന്താ " നിധിക ആകാംഷയോടെ ചോദിച്ചു. " വെയ്റ്റ് മോളേ ഞാൻ പറയാം. എട്ടന് അറിയുമോ " മാധു ഹരനെ നോക്കി. " അത് ആവി പിടിക്കുന്നത് കൊണ്ടായിരിക്കും " ഹരൻ താൽപര്യമില്ലാതെ തലക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞ്. " കറക്റ്റ് ചേട്ടാ . ചേട്ടൻ ഇപ്പോൾ എന്റെ ലെവലിലേക്ക് ഉയർന്നു വരുന്നുണ്ട് . കണ്ട് പഠിക്ക് എന്റെ നിച്ചു മോളേ" " എനിക്ക് സത്യത്തിൽ ഒന്നും മനസിലായില്ല. " " ഈ ട്യൂബ് ലൈറ്റിനെ കൊണ്ട് ഞാൻ തോറ്റല്ലോ... എടീ നിച്ചു ഈ പുട്ടും ഇഡലിയും നമ്മൾ ആവിയിൽ അല്ലേ വേവിക്കുക. അപ്പോ എന്നും ആവി പിടിക്കുന്ന കാരണം അവർക്ക് ജലദോഷം വരില്ല. ഇപ്പോ മനസിലായോ " അത് കേട്ട് നിധിക ചിരിക്കാൻ തുടങ്ങിയതും ഹരൻ തലക്ക് കൈ വച്ചു.

" നിനക്ക് എങ്ങനേയാ ഈ നിലവാരമില്ലാത്ത കോമഡിക്കോക്കെ ചിരിക്കാൻ കഴിയുന്നേ " ഹരൻ അത് പറഞ്ഞ് വേഗം കഴിച്ച് എണീറ്റു. " നീ നാളെ എപ്പോഴാ ഇറങ്ങുന്നേ " ഹരൻ കൈ കഴുകുന്നതിനിടയിൽ ചോദിച്ചു. " ഞാൻ നാളത്തന്നെ പോവണോ എട്ടാ . എനിക്ക് എന്റെ എട്ടനെ കണ്ട് കൊതി തീർന്നിട്ടില്ലാ " മാധു ആവശ്യത്തിലേറെ നിഷ്കളങ്കത വാരി വിതറി കൊണ്ട് ചോദിച്ചു. " നാളെ രാവിലെ നേരത്തെ ഇറങ്ങി കൊള്ളണം. നാളെ രാവിലെ ഫസ്റ്റ് പിരീഡ് നീ ക്ലാസ് കയറിയിരിക്കണം. അല്ലെങ്കിൽ ബാക്കി ഞാൻ അപ്പോ പറയാം. നിന്റെ കറങ്ങി നടത്തം ഞാൻ അറിയുന്നില്ലാ എന്ന് കരുതണ്ട. ഞാൻ കണ്ടില്ലാന്ന് നടിച്ചിട്ടാ " " ഇതൊക്കെ കോളേജ് ലൈഫിന്റെ ഭാഗമല്ലേ " മാധു ആരോടെന്നില്ലാതെ പറഞ്ഞു. " ഈ പഠിത്തവും കോളേജ് ലൈഫിന്റെ ഭാഗമാണെന്ന് പൊന്ന് മോൻ മറക്കണ്ട . നിന്നോട് റാങ്കൊന്നും വാങ്ങാൻ പറയുന്നില്ലാലോ. ഒന്ന് പാസായാൽ പോരെ . ഇത്രയും കാശ് മുടക്കി നിന്നെ അത്രയും വലിയ കോളേജിൽ ചേർത്തത് കളിച്ച് നടക്കാൻ മാത്രമല്ലാ പഠിക്കാൻ കൂടിയാണ് " ഹരൻ ചൂടാവാൻ തുടങ്ങി. " അല്ലെങ്കിലും എന്നെ ആർക്കും വേണ്ടാലോ.

വീട്ടിൽ പോയാൽ അവിടേയും ഉപദേശം ഇവിടെ വന്നാൽ എട്ടന്റെ വക വഴക്ക്. മടുത്തു എന്റെ ഈ ജീവിതം. ഞാൻ പോവാ എവിടെക്കെങ്കിലും. വീട്ടിൽ ഇരിക്കുന്ന പൊന്നു പോലെ സ്നേഹിക്കുന്ന പയ്യമ്മാരെ കുറെ പെണ്ണുങ്ങൾ അന്വേഷിക്കുന്നുണ്ട്. അങ്ങനെ ആർക്കെങ്കിലും എന്നെ കെട്ടിച്ചു കൊടുത്തേക്ക് . ഞാൻ അവളുടെ ശമ്പളത്തിൽ അവളുടെ വീട്ടിൽ സുഖമായി ജീവിച്ചോളാം " ബാക്കിയുള്ള ഇഡലി വായിലേക്ക് കയറി മാധു കഴിച്ച് എണീറ്റു. " ഞാൻ നാളെ രാവിലെ പുലർച്ച 7 മണിക്ക് പോവും എന്ന് നിന്റെ ഭർത്താവിനോട് പറഞ്ഞേക്ക് " മാധു നിധിയെ നോക്കി ഇമോഷ്ണൻ ആയി പറഞ്ഞു. " മാധു നീ .." " വേണ്ടാ നിച്ചു. I am going to my own song " അത് പറഞ്ഞ് മാധു റൂമിലേക്ക് കയറി പോയി. അത് കേട്ട് നിധി അന്തം വിട്ടിരുന്നു. " ആ വാ അടച്ച് വക്ക് അല്ലെങ്കിൽ വായിൽ വല്ല ഈച്ചയും കയറും. " അത് പറഞ്ഞ് ഹരനും റൂമിലേക്ക് കയറി പോയി " നിച്ചു ഒരു നിമിഷം രണ്ട് റൂമിലേക്കും മാറി മാറി നോക്കി. ശേഷം പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെ പണികൾ ഒതുക്കി അവൾ നേരെ പോയത് മാധുവിന്റെ റൂമിലേക്കാണ്. " ഞാൻ ഇപ്പോ മരിക്കും. ഓടി വാ ഓടി വാ.

രക്ഷിക്കെടാ . മെഡി കിറ്റ് എടുക്ക്. "ബാത്ത് റൂമിനുള്ളിൽ നിന്നും മാധുവിന്റെ ശബ്ദം കേട്ട് നിധിക ശരിക്കും പേടിച്ചു. " മാധു... നീ അവിവേഗം ഒന്നും കാണിക്കാതെ . വാതിൽ തുറക്ക് മാധു " നിധി ഡോറിൽ തട്ടി വിളിച്ചതും മാധു വാതിൽ തുറന്നു. മാധുവിന്റെ കൈയ്യിലെ ഫോണും അതിൽ നിന്ന് വെടിയുടേയും അടിയുടേയും ശബ്ദം കേട്ടപ്പോൾ നിധി ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. " നീ മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ. ഗെയിം ആയിരുന്നോ . അതും ഈ ബാത്ത്റൂമിനകത്ത് ഇരുന്ന് " നിധി സംശയത്തിൽ നെറ്റിചുളിച്ചു. " എടാ ഞാൻ ലെഫ്റ്റ് ആവാ നിങ്ങൾ കളിച്ചോ " മ്യൂട്ട് ചെയ്ത മൈക്ക് ഓൺ ചെയ്ത് പറഞ്ഞ് മാധു ഫോൺ ഓഫാക്കി ബെഡിൽ വന്നിരുന്നു. " വലിയ ഫ്ളാറ്റൊക്കെ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം. ഇതിനകത്ത് റെയ്ഞ്ചും ഇല്ലാ ഒരു കുന്തവും ഇല്ല. പിന്നെയും ഇത്തിരി നെറ്റ് വർക്ക് സ്പീഡ് കിട്ടുന്നത് ആ ബാത്ത് റൂമിലാ .അതാ അവിടെ പോയിരുന്നത് " അവൻ ബെഡിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു.

" നീ നാളെ പോവാണോ മാധു. ഹരൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ നിനക്ക് സങ്കടമായോ " " സങ്കടമോ അതും ഈ എനിക്ക് . ഇതൊക്കെ എന്ത് ഇതിലും വലുത് കേട്ട് വളർന്നവനാ ഈ മാധു . നിനക്ക് സങ്കടമായോ എന്റെ സെന്റിമെന്റൽ ഡയലോഗ് കേട്ടിട്ട് " " പിന്നെ .. ശരിക്കും കോമഡി ആയിട്ടുണ്ടായിരുന്നു. പക്ഷേ നീ അവസാനം പറഞ്ഞ ആ ഇഗ്ലീഷ് ഡയലോഗ് മാത്രം എനിക്ക് മനസിലായില്ലാ " " ഏത് i am going to my own song ആണോ " " മമ്" " ഞാൻ എന്റെ പാട്ടിന് പോവാന്ന് . ഇത് പോലും അറിയില്ലേ നിനക്ക് . മ്ലേച്ചകരം " " ഓഹ് എന്റെ ദൈവമേ . ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റു. " " തോറ്റു എങ്കിൽ പോയി സപ്ലി എഴുതി പാസായിട്ട് വാ" " ഇവനെ ഇന്ന് ഞാൻ " നിധി അവന്റെ പുറത്തിനിട്ട് ഒന്ന് കൊടുത്തു. അവരുടെ സംസാരം അങ്ങനെ നീണ്ട് പോയി. ഇടക്ക് നിഖിയേയും വീഡിയോ കോൾ ചെയ്തു. നിച്ചുവിനേയും മാധുവിനേയും ഒരുമിച്ച് കണ്ടതും നിഖിയുടെ മുഖം കടന്നൽ കുത്തിയ പോലെയായി.

നിധി സംസാരമൊക്കെ കഴിഞ്ഞ് റൂമിലേക്ക് വരുമ്പോൾ ഹരൻ ഉറക്കം ആയിരുന്നു. ഇടക്ക് എപ്പോഴോ കോൾ വന്നതും ഹരൻ ബാൽക്കണിയിലേക്ക് പോകുന്നതും എല്ലാം നിധി അറിഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞ് ഹരൻ തിരികെ വന്ന് അവളുടെ അരികിലായി കിടന്നതും നിധിക അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. ** " നീ പോവാൻ റെഡിയായോ " രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ നേരം ഹരൻ തന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന മാധുവിനോടായി ചോദിച്ചു. " എനിക്ക് റെഡിയാവാൻ ഒന്നും ഇല്ലാ . ഇത് കഴിച്ച് കഴിഞ്ഞ് ഡ്രസ്സും മാറ്റി ഞാൻ ഇറങ്ങാ " മുഖം വീർപ്പിച്ചാണ് പറച്ചിൽ " എന്നാ ഇന്ന് പോവണ്ടാ . എന്തായാലും ഇന്ന് വന്നതല്ലേ ഇനി നാളെ കഴിഞ്ഞ് പോയാ മതി. നമ്മുക്ക് ഒന്ന് പുറത്തൊക്കെ പോയി വരാം " ഹരൻ പറഞ്ഞതും അവന്റെ മുഖം വിടർന്നു. " സത്യായിട്ടും " "മ്മ് " ഹരൻ മൂളി " അപ്പോ ഇന്ന് ഞാൻ കോളേജിൽ പോവണ്ടാലോ ഹര ..അല്ലാ ഇന്ദ്രേട്ടാ " " അതെന്താ നിനക്ക് ഇന്ന് പ്രത്യേകത " ഹരൻ ഗൗരവം വിടാതെ ചോദിച്ചു

" അത് പിന്നെ മാധു ഇവിടെ ഒറ്റക്ക് ആവില്ലേ " " ഞാൻ ഇന്ന് ലീവ് ആണ് . ഞാൻ ഉണ്ട് അവന് കൂട്ട്. നീ കോളേജിൽ പോയ്ക്കോ വൈകുന്നേരം ഞങ്ങൾ പിക്ക് ചെയ്യാൻ വരാം. എന്നിട്ട് നമ്മുക്ക് ഒന്ന് പുറത്ത് പോവാം" " പ്ലീസ് ഇന്ദ്രേട്ടാ " " പാവം നിച്ചു. അവളോട് പോവണ്ടാ എന്ന് പറ എ... ട്ടാ ..ട്ടാ... അല്ലെങ്കിൽ വേണ്ടാ.. പ.. പഠിക്കാൻ ഉണ്ടാകും അല്ലോ കുറെ ..നിച്ചു ക്ലാസിൽ പോക്കോട്ടെ " ഹരന്റെ ഒറ്റ നോട്ടത്തിൽ മാധു നിന്ന നിൽപ്പിൽ കാല് മാറി. അതാേടെ നിധി ചവിട്ടി തുള്ളി റൂമിലേക്ക് പോയി. കോളേജിൽ പോവാൻ റെഡിയായി ബാഗ് എടുത്ത് തിരിഞ്ഞതും ഡോറിനരികിൽ ഹരൻ നിൽക്കുന്നുണ്ട്. " വഴീന്ന് മാറ് എനിക്ക് പോവണം" " എന്താ എന്റെ യക്ഷിയുടെ മുഖത്തിന് പറ്റിയത് " ഹരൻ ചിരിയോടെ അവളുടെ കവിളിൽ പിടിച്ച് ചോദിച്ചതും നിധി അവന്റെ കൈ തട്ടി മാറ്റി " എന്താടീ നിനക്ക് " " എനിക്ക് ഭ്രാന്ത്. . . എന്തേ നിനക്ക് കുറച്ച് വേണോ. " അവൾ ദേഷ്യത്തിൽ ചോദിച്ചു. " വേണമെങ്കിൽ ... തരുമോ നീ ... അതോ ഞാൻ എടുക്കട്ടെ " അവളെ തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് ചോദിച്ചതും നിധിയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു. " പറ എടുക്കട്ടെ " " വേണ്ടാ " അവൾ വിലങ്ങനെ തലയാട്ടി

" ദേഷ്യാണോ എന്നോട് ... ഇന്നലെ കോളേജിൽ ഒരു പ്രശ്നം കഴിഞ്ഞതല്ലേ ഉള്ളൂ. അപ്പോ നിന്റെ ശ്രീ കോളേജിലേക്ക് വരുമ്പോൾ നീ അവിടെ ഉണ്ടാകണ്ടേ . ആ കുട്ടി ഓൾ റെഡി ടെൻസ്ഡ് ആയിരിക്കും. എന്റെ യക്ഷി പെണ്ണ് വേണ്ടേ കൂടെ നിന്ന് ധെര്യം കൊടുക്കാൻ " ഹരൻ പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ഒപ്പം അവനോടുള്ള ബഹുമാനവും " ഞാൻ പോയിട്ട് വരാം ഹരാ " അവൾ പറഞ്ഞതും ഹരൻ അവളുടെ നെറുകയിൽ ഉമ്മ വച്ച് അവൾക്ക് നേരെ കവിൾ കാട്ടി. നിധിക ഒരു കുസ്യതിയിൽ അവന്റെ കവിളിൽ കടിച്ച് പുറത്തേക്ക് ഓടി " നിന്നെ ഞാൻ എടുത്തോളാമെടി യക്ഷി " " വേണ്ടാ ഹരാ എനിക്ക് നടക്കാൻ അറിയാം " അവൾ ചിരിച്ച് കൊണ്ട് പുറത്തേക്ക് ഓടി . അവൾ ഗേറ്റ് കടന്ന് പോകുന്നത് നോക്കി ഹരൻ ബാൽക്കണിയിൽ തന്നെ നിന്നു. "എട്ടൻ ആകെ മാറി പോയി "മാധുവിന്റെ ശബ്ദം കേട്ട് അവൻ തല ചരിച്ച് നോക്കി. " എട്ടൻ ചിരിക്കാൻ പഠിച്ചു , സംസാരിക്കാൻ പഠിച്ചു , ദേഷ്യപ്പെടാൻ പഠിച്ചു. ഈ എട്ടനെ കണ്ടിട്ട് കുറച്ച് കാലം ആയല്ലോ " മാധു പറയുന്നത് കേട്ട് ഹരൻ വെറുതെ പുഞ്ചിരിച്ചു. " ഇന്ദു പോയോ" ഹരൻ " ഇല്ല വീട്ടിൽ ഉണ്ട് " മാധു " സുഖമല്ലേ അവൾക്ക്.

കുഴപ്പം ഒന്നും ഇല്ലാലോ " " ആവോ ഞാൻ അതൊന്നും അന്വേഷിക്കാൻ പോവാറില്ല " " അവൾ അളിയന്റെ കൂടെ തിരുവനന്തപുരത്ത് ഒറ്റക്ക് അല്ലേ. അവിടത്തെ കാര്യങ്ങൾ ഒറ്റക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ലാ എങ്കിൽ നമ്മുടെ വീട്ടിൽ നിന്നോളാൻ പറ . കഷ്ടപ്പാട് സഹിച്ച് അത്രയും ദൂരെ പോയി നിൽക്കണ്ടാ. ഞാൻ വേണെങ്കിൽ അളിയനോട് പറയാം. ഇന്ദുവിന് നാട്ടിൽ ഒരു ജോലിയും ശരിയാക്കാം. അമ്മയോട് പറഞ്ഞാ മതി" "അതെന്താ എട്ടന് നേരിട്ട് പറഞ്ഞോടെ " അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി " ഞാൻ ഒരു കാര്യം ചോദിച്ചാ എട്ടൻ സത്യം പറയുമോ " " എന്തേ " " എട്ടന് ശരിക്കും എന്നേക്കാൾ ഇഷ്ടം അവളോട് അല്ലേ. ഇപ്പോഴും അവളോട് മിണ്ടുന്നില്ലാ എങ്കിലും അവളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് എട്ടൻ അല്ലേ. എന്റെ അകൗണ്ടിൽ കാഷ് ഇട്ടു തരുന്ന പോലെ അവൾക്കും കൊടുക്കുന്നില്ലേ " " എനിക്ക് നിങ്ങൾ രണ്ടു പേരും ഒരേ പോലെയാടാ . പിന്നെ അവളോട് പണ്ട് കുറച്ച് കൂടുതൽ സ്നേഹം പുറത്ത് പ്രകടിപ്പിച്ചു നിന്നോടുള്ളത് മനസിൽ വച്ചു എന്ന് മാത്രം. അത് എന്റെ തെറ്റാണ് " ഹരൻ അവന്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു. " എട്ടാ " " മമ്" " നിച്ചു പാവമാലേ "

" മമ്" പിന്നീട് കുറേ നേരം അവർ അവിടെ സംസാരിച്ച് നിന്നു. * അന്നത്തെ ദിവസവും ശ്രീ ക്ലാസിലേക്ക് വന്നില്ലാ . ബ്രേക്ക് ടൈമിൽ അവളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ചു. അമ്മയിൽ നിന്നും ശ്രീ ക്ലാസിലേക്ക് വരാൻ കൂട്ടാക്കുന്നില്ലാ എന്ന് മനസിലായി. അതിനാൽ അവളെ നാളെ നേരിട്ട് പോയി കണ്ട് സംസാരിക്കാൻ എല്ലാവരും കൂടി തിരുമാനം എടുത്തു. വൈദുവും ശ്രീയും ഇല്ലാത്തതിനാൽ നിധിക്ക് ഇന്ന് ക്ലാസിൽ വരേണ്ടാ എന്ന് തോന്നി പോയി. ഉച്ചക്ക് ശേഷം ക്ലാസ് കട്ട് ചെയ്യാം എന്ന് കരുതി എങ്കിലും സെമിനാർ ആയ കാരണം ക്ലാസിൽ കയറി. അന്ന് വൈകുനേരം ക്ലാസ് വിട്ട് പോകാൻ അവൾക്ക് വല്ലാത്ത സന്തോഷമായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു. ഗേറ്റിന് പുറത്തായി ഹരൻ നിൽക്കുന്നുണ്ട്. അവന്റെ അടുത്തായി നിൽക്കുന്ന ആളെ കണ്ട് നിധിയുടെ മുഖം വിടർന്നു. എന്നാൽ അതേ സമയം കാറിന്റെ ബോണറ്റിൽ ചാരി മുഖം വീർപ്പിച്ച് നിൽക്കുന്ന മാധുവിനെ കണ്ട് നിധിയുടെ മുഖം സംശയത്താൽ ചുളിഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story