നീഹാരമായ്: ഭാഗം 64

neeharamayi

രചന: അപർണ അരവിന്ദ്

സീനിയർ ചേട്ടൻ എന്നോട് ദേഷ്യപ്പെട്ട് പുറത്തേക്ക് പോയതും ഞാനും ആകെ പേടിച്ച് പോയിരുന്നു. ഞാൻ നോക്കി കൊണ്ടിരുന്ന ബുക്ക് തിരികെ വച്ച് മുന്നോട്ട് നടന്നതും കൈയ്യിൽ നന്ദൻ സാറിന്റെ പിടി വീണിരുന്നു. ആ സമയം ഞാൻ പകച്ചു പോയി. അതിനെക്കാൾ എന്നെ ഭയപ്പെടുത്തിയത് അയാളുടെ മുഖത്തെ ക്രൂര ഭാവമാണ്. * " നീയും അവനും തമ്മിൽ എന്താ ഇവിടെ ഏർപ്പാട് " നന്ദൻ അവളെ നോക്കി ചോദിച്ചതും ശ്രീ അങ്ങനെ ഒന്നും ഇല്ലാ എന്ന് തല ചലിപ്പിച്ചു. " ഉണ്ടല്ലോ. ഞാൻ എന്റെ ഈ രണ്ടു കണ്ണുകൾ കൊണ്ട് കണ്ടതാണല്ലോ. ഇവിടെ ക്യാമറ ഇല്ലാ എന്ന ധൈര്യത്തിൽ ആയിരിക്കും അല്ലേ ഈ അനാശ്യാസ്യം " അത് കേട്ട് ശ്രീ കരഞ്ഞു കൊണ്ട് തല ചലിപ്പിച്ചു കൊണ്ടിരുന്നു. " എനിക്കറിയാം ഇവിടെ ഒന്നും നടന്നിട്ടില്ലാ എന്ന്.

പക്ഷേ ഞാൻ അങ്ങനെ വരുത്തി തീർക്കും. പട്ടാപകൽ കോളേജിൽ വച്ച് രണ്ട് കോളേജ് പിള്ളേർ തമ്മിൽ .... ശ്ശേ മോശം ആയിരിക്കും അല്ലേ പുറത്ത് അറിഞ്ഞാൽ ആ പയ്യൻ എന്തായാലും ഇത് എതിർക്കാൻ നിൽക്കില്ലാ എന്ന് നൂറ് ശതമാനം ഉറപ്പാണ്. പിന്നെ ഞാൻ നേരിട്ട് കണ്ടതു കൂടി ആയ കാരണം ശ്രീദേവിപ്പെടും" ശ്രീ പേടിച്ച് അവന്റെ മുന്നിൽ കൈ കൂപ്പി കരഞ്ഞു. കാരണം അവൾക്ക് അറിയാം ഇങ്ങനെ ഒരു അപവാദം തനിക്ക് നേരെ വന്നാൽ അതിന്റെ സത്യാവസ്ഥ എല്ലാവരും മനസിലാക്കുന്നവരെ താൻ കോളേജിലെ ഒരു പരിഹാസ കഥാ പാത്രം ആവുമെന്ന്. " അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാൻ ഞാൻ ഒരു എളുപ്പ വഴി പറഞ്ഞ് തരാം. അത് അനുസരിച്ചാൽ ശ്രീദേവി സേഫ് ആയിരിക്കും " അവൾ എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി നിന്നു. " ഒരു ദിവസം ക്ലാസിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങണം. എന്നിട്ട് നേരെ എന്റെ ഫ്ളാറ്റിലേക്ക് വന്നോ. ഇപ്പോ ആണെങ്കിൽ വൈഫ് കൂടെ ഇല്ലതാനും. നമ്മുക്ക് എന്തെങ്കിലും ഇങ്ങനെ മിണ്ടിയും പറഞ്ഞും ഇരിക്കാമെന്നേ. എന്നിട്ട് വൈകുന്നേരം ക്ലാസ് കഴിയുന്ന സമയത്ത് തിരികെ പോക്കോള്ളു. കോളേജിൽ ഒക്കെ പഠിക്കുകയല്ലേ . ഇതിലൂടെ നമ്മുക്ക് കുറച്ച് പോക്കറ്റ് മണിയും ഉണ്ടാക്കാം.

പഠിച്ചില്ലെങ്കിലും എന്റെ ശ്രീ മോൾക്ക് ഞാൻ മാർക്ക് വാരി കോരി തരും " അവൻ പറഞ്ഞതിലെ ദ്വയാർത്ഥം മനസിലായതും ശ്രീ മറ്റൊന്നും ചിന്തിച്ചില്ല. ആദ്യത്തെ അടി അവന്റെ മുഖത്തിനിട്ട് തന്നെ കൊടുത്തു. ശേഷം തന്റെ കൈയ്യിലെ അവന്റെ പിടി അഴിച്ച് അവൾ പുറത്തേക്ക് ഓടി . നിധി പറഞ്ഞത് വച്ച് നന്ദൻ അത്ര നല്ലവൻ അല്ലാ എന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രക്കും തരം താണ പ്രവ്യത്തി അവനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾ നേരെ പോയത് ക്ലാസിലേക്കാണ്. ലാസ്റ്റ് ബെഞ്ചിലെ തന്റെ സീറ്റിൽ പോയി ഇരുന്നു. ടേബിളിലേക്ക് തല ചായ്ച്ച് വച്ച് ഒരുപാട് കരഞ്ഞു. തനിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ തന്നോട് എന്തും ചെയ്യാം എന്നാണ് അവന്റെ മനസിൽ . അവൾ ഓരോന്ന് ചിന്തിച്ച് കിടന്നതും ക്ലാസിലേക്ക് സാർ കയറി വന്നു. നന്ദനെ കണ്ട് അവൾക്ക് പേടി തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. കൈയ്യിൽ ഒരു കെട്ട് പേപ്പറുമായാണ് വരവ്. ഇന്റേണൽ എക്സാമിന്റെ ആൻസർ ഷീറ്റാണ് അത്.

എല്ലാവർക്കും ആൻസർ ഷീറ്റ് കൊടുത്ത് അവസാനമാണ് ശ്രീയെ വിളിച്ചത്. അവൾ എണീറ്റ് നിന്നതും ആൻസർ ഷീറ്റ് പറന്ന് വന്ന് കാൽ ചുവട്ടിൽ വീണു. കണ്ടവൻന്മാരുടെ കൂടെ കൂട്ടു കൂടി നടന്ന് പഠിക്കാനും വയ്യാതായോ ശ്രീദേവിക്ക്. താൻ എക്സാം എഴുതി വാങ്ങിച്ചത് വെറും 6 മാർക്കാണ്. ഇങ്ങനെ പോയാൽ താൻ സേം എക്സാമിന് തോൽക്കും. ഞാനാ പറയുന്നേ." നന്ദൻ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞു. ചില കുട്ടികളുടെ മുഖത്ത് സഹതാപമാണെങ്കിൽ മറ്റു ചിലരിൽ പുഛമാണ്. ശ്രീ തല കുനിച്ച് നിന്നു " താൻ എന്തായാലും ക്ലാസ് കഴിഞ്ഞ് വന്ന് H O D യെ കണ്ടിട്ട് പേപ്പർ വാങ്ങിയാൽ മതി " നന്ദൻ താഴെ കിടന്ന പേപ്പർ എടുത്ത് കൈയ്യിൽ പിടിച്ചു. പിന്നീട് ക്ലാസ് എടുത്തു എങ്കിലും അതിനിടയിൽ ഇടക്കിടക്ക് ശ്രീയോട് ചോദ്യം ചോദിക്കുകയും ചീത്ത പറയുകയും ചെയ്തിരുന്നു.

ഇതെല്ലാം അവൻ മനപൂർവ്വം ചെയ്യുന്നതാണെന്ന് അവൾക്കും അറിയാമായിരുന്നു. " ബാക്കി നാളെ എടുക്കാം. ശ്രീദേവി ഡിപ്പാർട്ട്മെന്റിൽ വന്ന് പേപ്പർ വാങ്ങിക്കേണ്ട കാര്യം മറക്കണ്ട"ക്ലാസ് കഴിഞ്ഞ് പോകാൻ നേരം നന്ദൻ ഒന്നുകൂടി ഓർമിപ്പിച്ചു. അവൾ ബാഗും എടുത്ത് ഡിപ്പാർട്ട്മെന്റിൽ എത്തുമ്പോൾ അവിടെ നന്ദനും എച്ച് ഒ ഡി യും മാത്രമേ ഉണ്ടായിരുന്നുള്ളു. H O dയുടെ വായിൽ നിന്നും ശ്രീക്ക് വേണ്ടത് കിട്ടി. ശേഷം പേപ്പർ വാങ്ങി അവൾ പുറത്തേക്ക് ഇറങ്ങി. താൻ നന്നായി എക്സാം അറ്റന്റ് ചെയ്തിട്ടുണ്ട് പക്ഷേ വേണം വച്ച് മാർക്ക് കുറച്ചതാണ് " ശ്രീദേവി " പിന്നിൽ നിന്നും വിളി വന്നതും അവൾ തിരിഞ്ഞ് നോക്കി. പിന്നിൽ ക്രൂരമായ ചിരിയോടെ നന്ദൻ , " എന്നെ തല്ലിയിട്ട് അങ്ങനെ എളുപ്പത്തിൽ ഈ കോളേജിൽ പഠിക്കാം എന്ന് കരുതിയോ. എന്നാ നിനക്ക് തെറ്റി.. ഈ കോളേജിൽ നിന്നും ഫുൾ പാസ് ആയി നീ പിജി കംപ്ലീറ്റ് ചെയ്യുന്നത് എനിക്കൊന്ന് കാണണം. ഇവിടെ ഞാൻ ഉള്ളിടത്തോളം അത് നടക്കില്ല. " അത് പറഞ്ഞ് അവൻ പുറത്തേക്ക് പോയി.

പിറ്റേന്നും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. നന്ദൻ പേർസണലി ശ്രീയെ അറ്റാക്ക് ചെയ്യുന്ന പോലെ. അവളെ ടാർഗറ്റ് ചെയ്ത് ചോദ്യം ചോദിക്കുകയും ചീത്ത പറയുകയും ചെയ്തിരുന്നു അതോടെ അവൾക്ക് ആകെ മടുത്തു. - അന്ന് ഉച്ചക്ക് ക്ലാസിൽ നിന്നും പോയതാണ്. പിന്നെ അയാളെ പേടിച്ച് കോളേജിൽ പോയില്ല. വീട്ടിൽ പറയാനും തോന്നിയില്ല. പാവം അച്ഛന് എന്ത് ചെയ്യാൻ പറ്റും പിന്നെ ഉള്ളത് നിധി ആണ്. അവളും അയാളും തമ്മിൽ അല്ലെങ്കിൽ തന്നെ പ്രശ്നമാണ്. അതിന്റെ കൂടെ ഇതു കൂടെ പറയാൻ തോന്നിയില്ല. പിന്നീട് നിധിയൊക്കെ നിർബന്ധിച്ചിട്ടാ കോളേജിൽ വരാൻ തുടങ്ങിയത്. പക്ഷേ അയാളിൽ നിന്നും എപ്പോഴും ഒഴിഞ്ഞ് മാറി നടക്കും. * ശ്രീ എഴുതി തന്നതെല്ലാം വായിച്ച ശേഷം അലക്സി കണ്ണടച്ച് സീറ്റിലേക്ക് ചാരി കിടന്നു. ശ്രീദേവിയും ഒന്നും മിണ്ടാതെ ഇരുന്നു. " ഇന്ന് വന്നിട്ട് ആ....മോൻ എന്താ നിന്നോട് പറഞ്ഞത് "അലക്സി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. " അയാളുടെ കൂടെ ഞാൻ ചെന്നാൽ പഴയ കാര്യങ്ങൾ എല്ലാം മറക്കാം. മാർക്ക് കൂടുതൽ ഇട്ട് തരാം.

പൈസയും തരാം എന്ന് " അത് വായിച്ചതും അലക്സിയുടെ കാർ ഒരു ഇരമ്പലോടെ മുന്നോട്ട് എടുത്തു. * ഉച്ചക്കുള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹരനും നിധിയും ഇറങ്ങാൻ നിന്നു എങ്കിലും ഇന്ദുവിന്റെ നിർബന്ധത്താൽ അത് നാളെ രാവിലേക്ക് മാറ്റി വച്ചു. സന്ധ്യക്ക് വിളക്ക് വച്ച് കഴിഞ്ഞ് നിച്ചുവും മധുവും ഇന്ദുവും ഇരുന്ന് ടി വി കാണുമ്പോഴാണ് ഹരൻ സ്റ്റയർ ഓടിയിറങ്ങി വന്നത്. അവൻ വേഗം മാധുവിന്റെ കൈയ്യിൽ നിന്നും ടി വി റിമോട്ട് വാങ്ങി ന്യൂസ് ചാനൽ വച്ചു. " കോളേജിൽ കയറി അധ്യാപകനെ മർദ്ധിച്ചതിന്റെ പേരിൽ കേരളത്തിലെ വ്യവസായിയും യുവ സംരംഭകനുമായ അലക്സി കുരിശുമറ്റത്തലിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം " വാർത്ത കേട്ട് നിധി ഇരുന്നിടത്ത് നിന്ന് എണീറ്റു. " നിധിക വേഗം പോയി റെഡിയാവ് . നമ്മുക്ക് ഇപ്പോൾ തന്നെ ഇറങ്ങണം. " ഹരൻ അത് പറഞ്ഞ് റൂമിലേക്ക് ഓടി. രണ്ട് പേരും വേഗം തന്നെ റെഡിയായി താഴേക്ക് വന്നു. പെട്ടെന്ന് തന്നെ ഹരനും നിധിയും പോകുന്നതിൽ ഇന്ദുവിന് നല്ല സങ്കടം ഉണ്ടായിരുന്നു എങ്കിലും ഹരൻ പോകാൻ കൂടുതൽ തിരക്ക് പിടിക്കുന്നത് കൊണ്ട് ഇന്ദുവും അധികം നിർബന്ധിക്കാൻ നിന്നില്ല. *

ഹരനും നിധിയും നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ് . അവർ അവിടെ എത്തുമ്പോഴേക്കും ഹരൻ ഏർപ്പാടാക്കിയ വക്കിൽ അലക്സിയെ പുറത്തിറക്കിയിരുന്നു. ഹരനെ കണ്ടതും വക്കീൽ പരിചയഭാവത്തിൽ അവന്റെ അരികിലേക്ക് വന്നു. അയാൾ ഹരനെ ഹഗ്ഗ് ചെയ്തു. "പേടിക്കാൻ ഒന്നും ഇല്ല. ജാമ്യം കിട്ടിയിട്ടുണ്ട്. ഇനി മറ്റന്നാ കോർട്ടിൽ ഒന്ന് ഹാജറായാൽ മതി ബാക്കി കാര്യം ഞാൻ ഏറ്റു. " " താങ്ക്യു മിഥുൻ " " താങ്ക്യു നിന്റെ കയ്യിൽ തന്നെ വച്ചോ " ഹരന്റെ തോളിൽ തട്ടി പറഞ്ഞ് അയാൾ കാറിൽ കയറി പോയി. ഡേവിയുടെ ജീപ്പിൽ മറ്റെങ്ങോട്ടോ നോക്കി ഇരിക്കുന്ന അലക്സിയുടെ മുൻപിലായി വന്ന് ഹരൻ കൈ കെട്ടി നിന്നു. " എന്താ ഉദേശം " അവൻ ചോദിച്ചതും അലക്സി അവനെ വെറുതെ ഒന്ന് നോക്കി ഇരിക്കുക മാത്രം ചെയ്തു. " ഞാൻ ഇത് കുറെ നേരം ആയി ചോദിക്കുന്നു. ആ കോളേജിൽ കയറി തല്ലാൻ മാത്രം എന്താ ഇപ്പോ ഉണ്ടായത് എന്ന് " ഡേവിയും ദേഷ്യപ്പെട്ടു. " മതി ബാക്കി എല്ലാം വീട്ടിൽ പോയി സംസാരിക്കാം " ഹരൻ ഡേവിയുടെ തോളിൽ തട്ടി പറഞ്ഞു.

ഹരനും നിധിയും മുന്നിലും അവരെ ഫോളോ ചെയ്ത് പിന്നിൽ ഡേവിയും അലക്സിയും വന്നു. ഹരന്റെ ഫ്ളാറ്റിലേക്കാണ് അവർ പോയത്. പോകുന്ന വഴി കഴിക്കാനുള്ള ഫുഡും ഹരൻ വാങ്ങിയിരുന്നു. വീട്ടിൽ എത്തിയിട്ടും ഹരൻ പോലീസ് കേസിനെ കുറിച്ചൊന്നും അലക്സിയോട് ചോദിച്ചില്ലാ എന്ന് മാത്രമല്ല നിധിയോടും ഡേവിയോടും അതെ കുറിച്ചുള്ള സംസാരം വേണ്ടെന്ന് പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കുന്ന സമയങ്ങളിൽ സംസാരത്തിൽ ആ വിഷയം കടന്ന് വരാതിരിക്കാൻ ഹരൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കിടക്കാനായി മറ്റേ റൂം അവർക്ക് റെഡിയാക്കി കൊടുത്തു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഡേവിയും അലക്സിയും അവരുടെ ഫ്ളാറ്റിലേക്ക് പോകാൻ നിന്നു എങ്കിലും ഹരൻ അതിന് സമ്മതിച്ചില്ല. * " ഇന്ദ്രേട്ടാ ഉറങ്ങിയോ " " ഇല്ല്യാ എന്തേ " ഹരൻ അവൾക്ക് നേരെ തിരിഞ്ഞ് കിടന്നു. " കെട്ടിപിടിക്ക് " അവൾ ഇരു കൈയ്യും നീട്ടി പറഞ്ഞതും ഹരൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. "എന്താ ഇന്ദ്രേട്ടാ അലക്സിച്ചന് പറ്റിയത് " " അറിയില്ല എന്റെ യക്ഷി പെണ്ണേ " അവളുടെ മൂക്കിൻ തുമ്പിൽ പതിയെ കടിച്ചവൻ പറഞ്ഞു.

" നീ എന്താ അതിനെ കുറിച്ച് ചോദിക്കാഞ്ഞത് " " അതിന്റെ ആവശ്യം എന്താ. സമയം ആവുമ്പോൾ അലക്സി തന്നെ എല്ലാം പറയും. അത് വരെ വെയ്റ്റ് ചെയ്യാം " " പറഞ്ഞില്ലാ എങ്കിലോ " " പറയണ്ട .അത്ര തന്നെ " ഹരൻ കുസ്യതിയോടെ പറഞ്ഞ് അവളുടെ ഇടുപ്പിൽ നുള്ളിയതും അവൾ കൈ തട്ടി മാറ്റി. " തൊടണ്ടാ എന്നെ .. " അതെന്താ തൊട്ടാല് . ഉരുകി പോകുമോ " " ആ പോയീന്നൊക്കെ ഇരിക്കും " " ആണോ എന്നാ അതൊന്ന് അറിയണമല്ലോ " ഹരൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. " ഒന്ന് വെറുതെ ഇരിക്ക് ഇന്ദ്രേട്ടാ . മര്യാദക്ക് ഉറങ്ങാൻ നോക്ക്" " മര്യാദക്ക് ഉറങ്ങാൻ കിടന്ന എന്നെ വിളിച്ച് കെട്ടിപിടിക്കാൻ പറഞ്ഞത് നീ അല്ലേടീ യക്ഷി " " കെട്ടിപിടിക്കാൻ അല്ലേ ഞാൻ പറഞ്ഞുള്ളു. ഉമ്മ വക്കാൻ പറഞ്ഞില്ലാലോ ". " ആഹാ . ഇതാപ്പോ നന്നായത്. അങ്ങനെ നീ എന്റെ മേലെ സുഖിച്ച് കിടക്കണ്ട . എന്റെ മേൽ നിന്നും ഇറങ്ങി കിടക്കടി " " ഇല്ലാ എന്റെയാ " അവൾ ഒന്നുകൂടി ഹരന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു. ഹരനും അവളെ ചേർത്ത് പിടിച്ച് കിടന്നുറങ്ങി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story