നീലാംബരി: ഭാഗം 21

neelambari

എഴുത്തുകാരി: ANU RAJEEV

 മേളങ്ങളും നാദസ്വര താളങ്ങളും ആണ് അവിടെ നിന്നവരെ എല്ലാം സ്വബോധത്തിലേക്ക് കൊണ്ടുവന്നത്... ആ വാദ്യങ്ങളുടെ ശബ്ദത്തിൽനേക്കാൾ ഉച്ചത്തിൽ മിടിക്കുന്നുണ്ട് തന്റെ ഹൃദയമെന്ന് നീലുവിനു തോന്നി... തന്റെ എതിർവശത്തായി സിദ്ധുവും കാർത്തിയും ദീപ്തിയും നിൽക്കുന്നുണ്ട്.... തലയുയർത്തി നോക്കാൻ പോലും സാധിക്കുന്നില്ല.... വേഷങ്ങളും ആഭരണങ്ങളും വലിച്ചെറിഞ് ആ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടാൻ തോന്നി അവൾക്ക്.... നിസ്സഹായത വന്നു പൊതിയുന്ന പോലെ.. മുത്തശ്ശിയുടെയും ഗീതമ്മയുടെയും മുഖം കാണുമ്പോൾ തളർന്ന് പോവുന്നു.. ആരെയും വേദനിപ്പിക്കാനും കഴിയില്ല.., എന്നാൽ കുറച്ചു സമയത്തിനകം മറ്റൊരാൾക്ക് കഴുത്തു നീട്ടി കൊടുക്കണമല്ലോ എന്ന് ചിന്തിക്കുമ്പോൾ സ്വയം ഇല്ലാതാവുന്നതാണ് ഭേദം എന്ന് തോന്നി അവൾക്ക്.... " മുഹൂർത്തമായി വധൂവരന്മാർ ഇങ്ങോട്ട് ഇരിക്ക്യ...." ചിന്തകളിൽ മുഴുകിയിരുന്ന നീലു തിരുമേനിയുടെ വാക്കുകൾ കേട്ട് ഞെട്ടി തലയുയർത്തി... തന്റെ നേർ എതിർവശത്ത് നിൽക്കുന്ന സിദ്ധുവിന്റെ മുഖത്ത് യാതൊരുവിധ ഭാവമാറ്റവും കാണാതെ അവൾ പൊള്ളുന്ന ഹൃദയത്തോടെ ഒരു പ്രതിമ കണക്കേ കതിർ മണ്ഡപത്തിലേക്ക് നീങ്ങി...

ഗീതാമ്മ കാർത്തിയോട് മണ്ഡപത്തിലേക്ക് കേറാൻ പറഞ്ഞു... ദീപ്തിയും സിദ്ധുവും അന്നയും മായയും കൂടെ ഞങ്ങളുടെ പുറകിലായി നിരന്നു... തലയുയർത്തി നോക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.... കണ്ണുനീർ കാഴ്ചയെ മറച്ചിരുന്നു.. കണ്ണ് നിറഞ്ഞു തുളുമ്പുന്നത് ആരും കാണാതിരിക്കാൻ അവൾ മുഖമുയർത്താതെ തല താഴ്ത്തി തന്നെ ഇരുന്നു... എന്നാൽ അകം അലറി വിളിച്ചു കരയുന്നത് അവൾ മാത്രമേ കേട്ടുള്ളു.... പൂജാരി താലിയെടുത്ത് തന്റെ നേരെ നീട്ടി... കണ്മുമ്പിൽ ആടുന്ന മഞ്ഞചരടിൽ കോർത്ത ആലിലതാലി അവളെ വീണ്ടും നോവിച്ചുകൊണ്ടിരുന്നു .. അത് തിരുമേനിയുടെ കയ്യിൽ നിന്നും വേറെ രണ്ടു കൈകൾ വാങ്ങലും അത് അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ച് മാറിലമർന്നതും ഒരുമിച്ചായിരുന്നു... കണ്മുന്നിൽ നിന്ന് താലി നീങ്ങി മാറിയതും കഴുത്തിൽ അനുഭവപ്പെട്ട തണുപ്പും അവളെ മുഖമുയർത്തി നോക്കാൻ പ്രേരിപ്പിച്ചു.. ആ കാഴ്ച്ച കണ്ട് അവളുടെ കണ്ണുകൾ പുറത്തേക്കുന്തി വന്നു.. ഇത്ര നേരം അലറി കരഞ്ഞു കൊണ്ടിരുന്ന ഹൃദയംഒരു നിമിഷം കൊണ്ട് നിലച്ച പോലെ തോന്നി...

സത്യമോ മിഥ്യയോ എന്നറിയാതെ കണ്ണ് കൊണ്ട് അവൾ ചുറ്റും നോക്കി... സന്തോഷത്തോടെ നിൽക്കുന്ന ദീപ്തിയുടെയും കാർത്തിയുടെയും മുഖമായിരുന്നു ആദ്യം കണ്ണിലുടക്കിയത്... എന്നിട്ടും അവൾക്കൊന്നും മനസിലായില്ല... അവർക്ക് തോട്ടരികിൽ തന്നെ നിറഞ്ഞ ചിരിയോടെ അന്നയും ദീപുവും... പക്ഷെ മുത്തശ്ശിയുടെയും ഗീതാമ്മയുടെയും കണ്ണിലെ ഞെട്ടൽ അവൾക്ക് വ്യക്തമായിരുന്നു... കഴുത്തിൽ നിന്ന് ആ തണുത്ത കൈകൾ പിൻവലിച്ചപ്പോൾ അവൾ ഉറപ്പിക്കാനെന്ന പോലെ കഴുത്തിലെ താലിയിലേക്കും അതിന്റെ അവകാശിയിലേക്കും നോക്കി... "സിദ്ധു....." അവൾ അരുമായായി വിളിച്ചതും അവൻ അവളെ തോളിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി... എന്നിട്ട് തിരിഞ്ഞ് എല്ലാവരെയും നോക്കി... ആ നാല് മുഖങ്ങൾ ഒഴിച്ച് ബാക്കി എല്ലാവരിലും ഞെട്ടലായിരുന്നു... "ഇത് നീലാംബരി, നീലാംബരി സിദ്ധാർഥ് ഈ സിദ്ധാർഥ് രാഘവിന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്നവൾ...." അവന്റെ വാക്കുകൾ നടുക്കത്തോടെയാണ് ഒരുരുത്തരും ഏറ്റു വാങ്ങിയത്... ആരും അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ല...

"നീ എന്തൊക്കെയാ ഈ പറയുന്നത്.... ആരാണ് എന്താണെന്നൊന്നും അറിയാതെ നിനക്ക് തോന്നിയ പോലെ എല്ലാം ചെയ്യാമെന്നാണോ വിചാരം " രാഘവിന്റെ ശബ്ദം ഉയർന്നു... ജാനകി കണ്ണീരോടെ സിദ്ധുവിനെ നോക്കി.. "ആരാണെന്ന് എനിക്ക് നന്നായി അറിയാം ഡാഡി... പക്ഷെ ഇവിടെ എനിക്കറിയാം എന്നതിനേക്കാൾ ഡാഡിയെ അറിയിക്കുക എന്നതാണ് important" അയാൾ അവനെ ദേഷ്യത്തോടെ നോക്കി... "നിങ്ങൾ നിഷ്കരുണം കൊന്നു തള്ളിയ രാമചന്ദ്രനെയും ഭാര്യയെയും ഓർമ്മയുണ്ടോ...???" അവന്റെ വാക്കുകൾ രണ്ടു പേരുടെ ഉള്ളിൽ സ്ഫോടനം ഉണ്ടാക്കി... അയാൾ പതറിക്കൊണ്ട് ചുറ്റും നോക്കി... നൂറു കണക്കിന് ആളുകൾക്ക് മുന്നിൽ................. "അതെ... നിങ്ങളുടെ ക്രൂരതയിൽ നിന്ന് രക്ഷപെട്ട ഒരു ആറു വയസുകാരി, ഈ മുത്തശ്ശിയുടെ പേരകുട്ടി, എന്റെ അമ്മയുടെ ഏട്ടന്റെ മകൾ, എന്റെ നീലു...." അവന്റെ വാക്കുകൾ എല്ലാവരിലും നടുക്കം സൃഷ്ടിച്ചു.. മുത്തശ്ശി തളർച്ചയോടെ അടുത്തുള്ള ചെയർലേക്കിരുന്നു.... കൂടെ ജീവിക്കാൻ വേണ്ടി എല്ലാവരെയും ഉപേക്ഷിച്ചു വന്നവൾ, പ്രണയം നിറഞ്ഞ നോട്ടം മാത്രം സമ്മാനിച്ചവൾ ആദ്യമായി തന്റെ ഭർത്താവിനെ വെറുപ്പോടെ നോക്കി...

ആ നോട്ടം മാത്രം മതിയായിരുന്നു അയാൾക്കുള്ള ശിക്ഷയായി... സിദ്ധു പഴയ കാര്യങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി, ജെയിംസിൽ നിന്നറിഞ്ഞതും, നീലുവിന്റെ മുറിയിലെ ഫൈലിൽ നിന്നും വായിച്ച, അവൾ അനുഭവിച്ച കാര്യങ്ങളും, സ്വത്തിനു വേണ്ടിയാണ് രണ്ടു പേരും കൂടി ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അവസാനം അവരുടെ മരണശേഷം അറിഞ്ഞു അമ്മാവന് നൽകിയതിൽ പകുതിയിലധികവും അദ്ദേഹം ജാനകിയുടെ പേരിൽ എഴുതി വച്ചിരുന്നു എന്നും... പതിയെ എല്ലാവരുടെയും നോട്ടം ദേവനിലേക്കായി... അയാൾ വെട്ടി വിയർത്തു... ഒരിക്കലും പുറത്ത് വരില്ല എന്ന് കരുതിയതെല്ലാം ഒരു ദിവസം കൊണ്ട് പുറത്തുവന്നിരിക്കുന്നു... പറയുന്നതിനെ എതിർക്കാൻ പോലും അയാളുടെ ശബ്ദം പുറത്ത് വന്നില്ല... നീലു നിറഞ്ഞ മിഴികളോടെ ഓരോരുത്തരെയും നോക്കി.. നിറഞ്ഞ സഹതാപത്തോടെ നോക്കി നിൽക്കുന്ന എല്ലാരേം നോക്കി അവൾ പുഞ്ചിരിച്ചു... എന്നാൽ അവളെ കത്തി ദഹിപ്പിക്കാൻ പാകത്തിന് നോക്കി നിന്ന ആ രണ്ടു മിഴികളെ ആരും ശ്രദ്ധിച്ചില്ല...

ജാനകി ഓടി വന്ന് അവളെ പുണർന്നു കരഞ്ഞു... "മോളെ... എന്റെ കുട്ടിയെ ഞാൻ തിരിച്ചറിഞ്ഞില്ലാലോ.... എന്നോട് ക്ഷമിക്ക് മോളെ...." "എന്തിനാ ആന്റി ഞാൻ ക്ഷമിക്കുന്നെ,? ആന്റി ഒരു തെറ്റും ചെയ്തില്ലാലോ..." കണ്ണീരിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു... അപ്പോഴേക്കും ചുളി വീണ രണ്ടു കൈകൾ അവൾക്ക് നേരെ നീണ്ടു വന്നിരുന്നു... കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ തകർന്നിരുന്ന ആ വൃദ്ധക്കരികിൽ ചെന്ന് അവൾ മുറുകെ പുണർന്നു.. "മുത്തശ്ശി............" "എന്റെ കുട്ടി ഇത്ര അടുത്തുണ്ടായിട്ടും, എന്നോട് പറഞ്ഞില്ലാലോ മോളെ നീ.. എന്റെ കുഞ്ഞാണെന്ന് പറഞ്ഞില്ലാലോ...." ആ വൃദ്ധ കരഞ്ഞുകൊണ്ടേയിരുന്നു... ഒരു ദിവസം കൊണ്ട് പലതും കിട്ടിയ സന്തോഷം കൊണ്ടായിരുന്നു നീലുവിന്റെ കണ്ണുകൾ ഒഴുകിയത്... അവൾ നേരെ ദീപ്തിയുടെ അടുത്തേക്ക് പോയി.. അടുത്ത് തന്നെ കാർത്തിയും ഉണ്ടായിരുന്നു.. "എന്നോട് ദേഷ്യം തോന്നല്ലേ....." അവൾ കരഞ്ഞു കൊണ്ട് തല താഴ്ത്തി കൈ കൂപ്പി കൊണ്ട് പറഞ്ഞു അവർ രണ്ടു പേരും ആ കൈ താഴ്ത്തി പിടിച്ച് അവളുടെ മുഖം പിടിച്ചുയർത്തി...

"നിന്റെ കണ്ണ് ഇനി നിറഞ്ഞു കാണാതിരിക്കാൻ വേണ്ടിയാ ഞാൻ എന്റെ സിദ്ധുവേട്ടനെ നിനക്ക് തന്നത്... എന്നിട്ട് വീണ്ടും കരയാ??? അയ്യേ....! " കളിയാക്കി കൊണ്ടുള്ള ദീപ്തിയുടെ സംസാരം അവളുടെ മനസിലെ കുറ്റബോധത്തിന്റെ അളവ് കുറച്ചു... ആ നോട്ടം പതിയെ കാർത്തിയുടെ മുഖത്തേക്കായി... അവൻ വേഗം ദീപ്തിയുടെ തോളിൽ പിടിച്ച് ചേർത്ത് നിർത്തി... എന്നിട്ട് കണ്ണ് കൊണ്ട് എങ്ങനെയുണ്ട് എന്ന് പിരികം പൊക്കി ആക്ഷനിലൂടെ ചോദിച്ചു... അതിന് നീലു അത്ഭുതം നിറഞ്ഞ മുഖത്തോടെ പുഞ്ചിരിച്ചു കൊണ്ട് ഒരു കണ്ണിറുക്കി കൈ കൊണ്ട് സൂപ്പർ👌 എന്ന് ആക്ഷൻ കാണിച്ചു.. അതിന് അവർ രണ്ടു പേരും ഒരുമിച്ച് ചിരിച്ചു... അന്നയും ദീപുവും സൊള്ളി കൊണ്ട് നിൽക്കുന്നത് കണ്ടിട്ടാണ് നീലു തല ചരിച്ചു നോക്കിയത്... എവിടെ....!!!! രണ്ടും പൊരിഞ്ഞ സംസാരത്തിലാണ്, ഇവിടെ ഇത്രയും വലിയ കാര്യങ്ങൾ നടക്കുമ്പോഴാണ് അവരുടെ ഒരു കുറുകൽ... നീലു അവർക്ക് മുന്നിൽ ചെന്ന് കൈ കെട്ടി നിന്നു... "ആഹ്... നീലു... Happy married life ടീ " അന്ന അവളുടെ കൈ പിടിച്ച് വാങ്ങി, ഷേക്ക്‌ ഹാൻഡ് കൊടുത്ത് ദീപുവിന്റെ കയ്യും പിടിച്ച് തിരിഞ്ഞു നടക്കാനൊരുങ്ങി..

"എടി.. നീ എങ്ങോട്ടാ...???" "11 മണിയായി... വീട്ടിലല്ലേ ഫുഡ്‌... 11.30 ക്ക് ആദ്യത്തെ പന്തിയിടും.. അപ്പോഴേക്കും അവിടെ എത്താൻ നോക്കട്ടെ... ഇനി നിന്നാ വൈകും... വാ ദീപുവേട്ടാ..." അവൾ ദീപുവിന്റെ കയ്യും പിടിച്ച് തിരക്കിനിടയിലൂടെ നൂഴ്ന്ന് കയറുന്നത് കണ്ട് നീലുവിന് ചിരി പൊട്ടി... ചിരിച്ചോണ്ട് തിരിഞ്ഞ അവളെ നോക്കി മുന്നിൽ തന്നെ സിദ്ധു ഉണ്ടായിരുന്നു... അവനെ കണ്ടതും അവളുടെ മുഖത്തെ പുഞ്ചിരി മങ്ങി പരിഭവം നിറഞ്ഞു.. അത് മനസിലായ പോലെ അവൻ അവളെ ചുണ്ട് കടിച്ചു കൊണ്ട് കണ്ണുകളിൽ കുസൃതി നിറച്ച് നോക്കി... ആ നോട്ടം താങ്ങാനാവാതെ അവൾ തല താഴ്ത്തി.. "അതെ... നിങ്ങളിവിടെ റൊമാൻസ് കളിച്ചോണ്ട് നിന്നാൽ എനിക്കും ഇപ്പൊ തന്നെ കെട്ടാൻ തോന്നുംട്ടോ...." കാർത്തി പറഞ്ഞു നിർത്തിയതും ദീപ്തി നാണത്തോടെ തല താഴ്ത്തി... അപ്പോഴേക്കും ഒരു നിലവിളി കേട്ട് അവൾ തലയുയർത്തി നോക്കുമ്പോ കാർത്തിയുടെ ചെവിക്ക് പിടിച്ച് നിക്കുന്നു ഗീതാമ്മ... അത് കണ്ട് എല്ലാവരും ചിരിച്ചു... പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ആൾക്കൂട്ടത്തിന് മുന്നിലേക്ക് വന്നു നിന്നു...

എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.. "ഞാനാ വിളിച്ചു വരുത്തിയത്..." ജാനകിയുടെ വാക്കുകൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു... അവർ തന്നെ സംഭവങ്ങളെല്ലാം പോലീസുകാർക്ക് വിവരിച്ചു കൊടുത്തു... സഹോദരന്റെ മരണത്തിനു കാരണമായവർക്കെതിരെ പരാതിയും എഴുതി കൊടുത്തു... ഒപ്പം കല്യാണത്തിന് എടുത്ത വീഡിയോ ഫുട്ടേജും... കാര്യങ്ങളുടെ ഏകദേശ രൂപം കിട്ടിയതും ദേവനെയും രാഘവ്നെയും അറസ്റ്റ് ചെയ്തു.. ഒപ്പം കൂടുതൽ തെളിവുകൾക്കായി അന്വേഷണം ആരംഭിക്കും എന്ന ഉറപ്പും നൽകി അവരെയും കൊണ്ട് പോലീസുകാർ മടങ്ങി... ജാനകി കണ്ണീരിനിടയിലും പുഞ്ചിരിച്ചു... ഇടറിയ ശബ്ദത്തോടെ പറഞ്ഞു, "വൈകി...ബാക്കി ചടങ്ങ് കൂടി കഴിഞ്ഞാൽ പോവാമായിരുന്നു..." തിരുമേനി രണ്ടാൾക്കും മാല കൊടുത്തു പരസ്പരം കഴുത്തിലേക്ക് അണിയിപ്പിച്ചു... കാർത്തിക്കിന്റെ അച്ഛൻ അവളെ മകളായി കണ്ട് കന്യാദാനം ചെയ്തു കൊടുത്തു... ആ കൈകൾ ചേർത്ത് പിടിച്ച് അഗ്നിയെ മൂന്ന് വലം വച്ച് ഈരേഴു ലോകത്തെയും, മുപ്പതു മുക്കോടി ദൈവങ്ങളെയും സാക്ഷി നിർത്തി അവൾ അവന്റെ നല്ല പാതിയായി...............തുടരും............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story