നീലത്താമര💙: ഭാഗം 10

neelathamara

രചന: തൻസീഹ് വയനാട്

"നീ അവളുടെ കറുത്ത മുന്തിരി മുത്തിൽ നിന്റെ അധരങ്ങൾ ചേർക്കാത്തിടത്തോളം കാലം അവൾ നിന്നെ തിരിച്ചറിയുകയില്ല..... "!!!! പെട്ടെന്നയാളുടെ ശബ്ദം കേട്ടതും ഞാൻ സഡൻ ബ്രേക്കിട്ടു തിരിഞ്ഞു നോക്കി.. ഇല്ല ആരുമില്ല... "എന്താടോ..? താനെന്നെ കൊല്ലാൻ കൊണ്ടുപോകുവാണോ...? ഇതിപ്പോ എത്രാമത്തെ തവണയായി എന്നെ ഇങ്ങനെ മറിച്ചിടാൻ നോക്കുന്നു..? " അവൾ നിർത്തിയിട്ട ബൈക്കിൽ നിന്നും ചാടിയിറങ്ങികൊണ്ടെന്നോട് ചോദിച്ചു. "ഞാൻ അയാളുടെ ശബ്ദം കേട്ടപ്പോൾ..? നീ കേട്ടില്ലേ അയാൾ പറഞ്ഞത്..?" "ആര്,,,,,എപ്പോ എന്ത് പറഞ്ഞു..? തനിക് തലയ്ക്കു നല്ല സുഖമില്ലേ..? മനുഷ്യനെ കൊല്ലാൻ നോക്കിയിട്ട് നിന്ന് ഓരോന്ന് പറയുന്നത് കേട്ടില്ലേ......" ധാവണിയെടുത്തു ഇടുപ്പിൽ കുത്തി എന്നെ പറഞ്ഞു കൊല്ലാൻ പാകത്തിനവൾ നോക്കി നിന്നു. "അപ്പോൾ എനിക്ക് തോന്നിയതാണോ..? ആ അശരീരി..?" "ആ അശരീരി അല്ല.. ഇപ്പോ എനിക്ക് തോന്നുന്നത്..." "പിന്നെന്താ തോന്നുന്നേ..?" "താൻ ശരിയല്ലെന്നാ തോന്നുന്നേ....."

"ഓ അങ്ങനെയാണോ.. എങ്കിൽ ശരിയല്ലാത്ത എന്റെ കൂടെ നീ വരണ്ടടി......." "ഡീ ന്നോ..?" "അയ്യോ സോറി.....ആണാണല്ലെ,,,,ഞാൻ മറന്നു പോയതാ... നീ വരണ്ടടാ.... മതിയോ സേട്ടാ......" "തല പോക്കാണെന്ന് പണ്ടേ മനസിലായതാ.. ഇപ്പോ കണ്ണും പോക്കാണല്ലേ.. അതല്ല പറഞതു കണ്ണുപൊട്ടാ,,,,,എന്നെ ടീന്ന് വിളിക്കരുതെന്നാ പറഞ്ഞത്......" "ഓ പിന്നെ എന്താണാവോ വിളിക്കണ്ടേ..?" എനിക്കൊരു പേരുണ്ട് "ഈശോയേ....അതൊക്കെ ഉണ്ടോ.. എന്താ കേൾക്കട്ടെ..... " "പത്മജ ദേവി...." "അയ്യേ....കളഞ്ഞല്ലോ കഞ്ഞിക്കലം.. ചെറിയ ഒരു തിരുത്തുണ്ട്..." "എന്ത്......???" "മൂധേവി എന്നാക്കി തിരുത്തണം.. പറ്റുമോ.. ഇല്ലല്ലേ..." "ദേ,,,,,മാക്രിതലയാ തന്റെ വായിതോന്നിയതു വിളിച്ചു കൂവുന്ന നാവു ഞാൻ പിഴുത് ഈ മരത്തിൽ കെട്ടിയിടും ബ്ലഡി ഫൂൾ......" "ഓ പിന്നേ.. നീ പിടിച്ചു വലിക്കാൻ നിക്കുമ്പോൾ ഞാനിങ്ങനെ വാ തുറന്നു തരാം മൂധേവി..." "ടോ.., ദേ എന്റെ പേര് തൊട്ടു കളിക്കണ്ട.... ദൈവകോപം ഉണ്ടാകും പിന്നെ പട്ടിയെയും പൂച്ചയെയും തിന്നാൻ ഈ തല ദേവി വെക്കില്ല....പറഞ്ഞില്ലെന്നു വേണ്ട...." "അതെന്താ.. ആ പേര് ദേവി വന്നിട്ടിട്ടു പോയതാണോ..? കോപം ഉണ്ടാകാൻ ഒഞ്ഞു പോടി മൂധേവി..."

"അതെ ദേവി തന്നെ ഇട്ടതാ......" അവൾ രണ്ടും കയ്യും കെട്ടി എന്റെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി പറയാൻ തുടങ്ങി.... "പത്മം എന്നു വെച്ചാൽ താമര എന്നാണ്.... വർഷത്തിലൊരിക്കൽ നീലത്താമര വിരിയുന്ന ദിവസം ദേവിയുടെ രാശി തിളങ്ങുന്ന അന്ന് ജനിച്ചത് കൊണ്ടാണ് ഈ നാമം എനിക്ക് വന്നത്....താനെന്റെ പേരിനെ മോശമാക്കി പറഞ്ഞാൽ അത് ദേവിയെ പറയുന്നതിനു തുല്യമാണ്,,,,അപ്പോൾ താൻ അനുഭവിക്കും.... താൻ പറഞ്ഞോ,,,,തനിക്ക് ചൊറി വന്നു പഴുത്തു ചീഞ്ഞു കരഞ്ഞു നിലവിളിച്ചു എന്റെ മുന്നിലൂടെ തന്നെ നടക്കുന്നത് എനിക്ക് കാണാലോ... പറ പറ.. ഇനിയും പറ..." കർത്താവെ.. പണി കിട്ടിയോ.. ഇത് വരെ അറിവില്ലായ്മ കൊണ്ടു പറഞ്ഞതാണെന്ന് ആ ദേവിയോടൊന്ന് മെസ്സേജ് അയച്ചു പറഞ്ഞേക്കണേ ഇനി ആവർത്തിച്ചാൽ ചൊറി പിടിച്ചോട്ടെ.... "എന്താടോ മാനത്തേക് നോക്കി അയവിറക്കുന്നേ....." ഞാൻ മനസ്സിൽ ചൊറി വരാതിരിക്കാൻ വേണ്ടി കേണപേക്ഷിക്കുകയാണെന്ന് ഈ ശവത്തിനോട് ഞാൻ എങ്ങനെ പറയും..

"അതോ.. അത് നിന്റെ തലയിലേക്ക് വല്ല റോക്കറ്റും വന്നു വീഴുന്നുണ്ടോന്ന് നോക്കിയതാടി പരട്ടെ... എങ്കിൽ പിന്നെ എനിക്കങ്ങു ഒറ്റക് സമാധാനമായി പോകാലോ..." അത് പറഞ്ഞതും മൂക്ക് ചുവപ്പിച്ചു കൊണ്ടു എന്റെ കൂടെ ഇനിയും വരാനുള്ളതല്ലെന്ന് കരുതി പല്ലും കടിച്ചു നിന്നു. "വാ വാ വന്നു കേറിയിരി.. കുരിശു ചുമന്നു പോയില്ലേ..." "ഓ.. അങ്ങനെയാണോ.. എങ്കിൽ ദേവന്റെ നാമം എന്താണാവോ..?? ഒന്ന് പറഞ്ഞെ കേൾക്കട്ടെ..." "ആം ആൽവിൻ,,,,,ആൽവിൻ ജോൺ എബ്രഹാം......" ഭയങ്കര ഗെറ്റപ്പിൽ ഞാനെന്റെ സ്റ്റൈലൻ പേരങ് കാച്ചി..... "അവിലോ... ഹ ഹ.. അവിലല്ല തവിട്.. തവിടു പൊടി....." എന്റെ ഗെറ്റപ് ഒറ്റ നിമിഷം കൊണ്ടവൾ തവിടു പൊടിയാക്കി... കൂടുതൽ ഒന്നും പറയാതെ എന്റെ മുപ്പത് പല്ലും കടിച്ചു (രണ്ടെണ്ണം വന്നിട്ടില്ല ഞാൻ ചെറിയ കുട്ടിയ.. ) അവളേം ഏറ്റി (കുരിശല്ലേ.. ) മുന്നോട്ട് യാത്രയായി.... പക്ഷെ അപ്പോഴും മനസ്സിൽ ഒരു കരടായി കുടുങ്ങിയത് ആ വാക്കുകൾ ആണ്... "നീ അവളുടെ കറുത്ത മുന്തിരി മുത്തിൽ നിന്റെ അധരങ്ങൾ ചേർക്കാത്തിടത്തോളം കാലം അവൾ നിന്നെ തിരിച്ചറിയില്ല!!!!!" ദൂരേക്ക് മറയുന്ന അവരുടെ ശകടത്തിന്റെ ഇരമ്പൽ കേട്ടു കൊണ്ടു അയാൾ മരത്തിന്റെ കൊമ്പിൽ നിന്നും പുഞ്ചിരിച്ചു.........

നേരമിരുട്ടി തുടങ്ങി.. വീണ്ടും വിശപ്പ്‌ തുടങ്ങിയിരിക്കുന്നു.. കയ്യിലുള്ള കാശ് ആ കരിക്കുകാരന് കൊടുത്തു. സാരമില്ല കുറച്ചൂടെ കഴിഞ്ഞാൽ നാടെത്താനായി,,,, സഹിക്കുക തന്നെ... ഇവൾക്കെവിടെയാണാവോ ഇറങ്ങേണ്ടത്..? ഒന്നും പറയുന്നില്ല.. ഇനി എന്റെ കൂടെ പോരുവാണോ ..? കർത്താവെ.. ഒ..ന്നാമതെ അവരെന്നെ കൊല്ലാൻ നിക്കുവായിരിക്കും അതിനൊപ്പം കൂടെ ഒരു പെണ്ണും കൂടെ ഉണ്ടേൽ.. ശബാഷ്.. !! നാളെ എന്റെ ശവമടക്ക്... ആഹാ... "ഹലോ... എവിടെയാ ഇറങ്ങേണ്ടത്.. കൂടെ പോരാനാണോ..?" ഉറക്കത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്നവൾ എന്നെ നോക്കി.. "ഏഹ് എന്താ ചോദിച്ചേ..? " "ആഹാ എന്റെ ചൂടും പിടിച്ചു ഉറങ്ങുവാന്നോ.. എവിടെയാടി താമരേ നിനക്ക് ഇറങ്ങേണ്ടതെന്ന്..? " "അപ്പൂപ്പൻ കാവിൽ.. !!" "ഏഹ്.. അന്ന് നമ്മൾ കണ്ടിടത്തോ..? അവിടെയാണോ വീട്..?" "ആ അതെ....." "ആഹഹാ.. അതു നന്നായി... എനിക്കവിടെ എന്തായാലും ഒന്നു കൂടെ പോകേണ്ട കാര്യമുണ്ടായിരുന്നു. അതേതായാലും നന്നായി..

ഇറങ്ങി തിരിച്ചറിയാൻ മൂന്ന് കാര്യങ്ങളിൽ രണ്ടെണ്ണം നടന്നു. ഒന്ന് ദേവിയെ കാണലും ഒന്ന് എന്നെ പേടിപ്പിച്ച ആ വടയക്ഷിയെ കാണലും... ഇനി ഒന്നൂടെ ബാക്കിയുണ്ട്.... അതും കൂടെ തീർത്തേച്ചും പോകാം എന്നാൽ വീട്ടിലേക്... " "ഏഹ്.. എന്ത് കാര്യം..? എന്താടോ അവിലെ താൻ പിറുപിറുക്കുന്നെ ..? ആ കാവിൽ എന്ത് കാര്യം..? " "അതൊക്കെ ഉണ്ട് താമരേ.. ബാ.. എങ്കിൽ നമുക്ക് കാവിലേക്ക് ജാതാഹൂം... ഏക് മൂക് മേം ഇടിച്ചു പരത്തൽ അതാഹൂം..." "ഏഹ്.. എന്ത്‌...? " "അതൊക്കെ ഉണ്ടെടീ പെണ്ണേ.. നീ നിന്റെ കാവിലെത്തുന്നത് വരെ വെയിറ്റ് ചെയ്.. ഒരാളുടെ മൂക്ക് കൊണ്ടു ക്ഷ ഞ്ജ ഇക്ര വരക്കുന്നതും കൂടി കണ്ടേച്ചും നിനക്ക് പോകാം.. ഓക്കേ....? " എന്നെ ഈ നാട്ടിൽ കാലുകുത്തിയതും എല്ലാവരുടേം മുന്നിൽ കോമാളിയാക്കിയവളുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് എത്താൻ വേണ്ടി ഞാൻ ശരവേഗത്തിൽ വണ്ടി പായിച്ചു... സ്പീഡ് കൂടിയത് കൊണ്ടാകാം അവൾ എന്നെ ഇറുക്കെ പിടിച്ചത്... അസ്തമയത്തിന്റെ ചോര പടർന്ന മേഘപാളികൾകിടയിലൂടെ കൂട്ടിലേക്ക് ചേക്കേറാൻ പറക്കുന്ന കുരുവിക്കൂട്ടങ്ങൾ എന്നെയും എന്റെ പ്രണയിനിയെയും അസൂയയോടെ നോക്കുന്ന അസുലഭ നിമിഷം. !

അവളുടെ ചുടുശ്വാസം എന്റെ പിൻകഴുത്തിൽ നേരിട്ട് തട്ടുമ്പോൾ വല്ലാത്ത ഒരു തരം അനുഭൂതി... ! ആദ്യമായി കണ്ടുമുട്ടിയ മലനിരകൾ ഞങ്ങളെ അങ്ങു ദൂരെ നിന്നും ഇരു കയ്യുമുയർത്തി അനുഗ്രഹിക്കുന്ന പോലെ.. അതുകൊണ്ട് തന്നെ മടുപ്പില്ലാതെ ഞങ്ങളുടെ യാത്ര അവസാനത്തിലെത്താനായി.. അതെ അവളിനി അധികം നേരം എന്റെ കൂടെ ഉണ്ടാകില്ല എന്ന തിരിച്ചറിവ്. അപ്പൂപ്പൻ കാവിനു മുൻപിൽ ബൈക്ക് നിർത്തി ഞങ്ങൾ ഇരുവരും ഇറങ്ങി നടന്നു. സന്ധ്യ മയങ്ങി.. അവൾക്കെന്നെ പിരിയുന്നതിൽ വിഷമം കാണുമോ..? എവിടുന്ന്..? ഞാൻ രണ്ടു കയ്യും പോക്കറ്റിൽ ഇട്ടു കാലുകൊണ്ട് ഓരോ കരിയിലകളും തട്ടിത്തെറിപ്പിച്ചു മുൻപോട്ടു നടന്നു... ഇടക്ക് വെച്ച് ഒട്ടും പ്രതീക്ഷിക്കാതെ അയാളെന്നോട് ചോദിച്ചു.. "ഇനി കാണുമോ..? " ഒരു ഞെട്ടലുണ്ടാക്കിയെങ്കിലും മനസ്സിലൊളിപ്പിച്ചു കൊണ്ടു ഞാൻ പറഞ്ഞു... "അറിയില്ല..." "ഇവിടെ എത്ര നാളു കാണും,,,, എന്തിനാ വന്നേ..?" "ഒരു ഫ്രണ്ടിന്റെ കല്യാണം കൂടാൻ..."

ഇതുവരെ ഉരുളക്കുപ്പേരി കണക്കെ വഴക്ക് കൂടിയ ഞങ്ങളുടെ മാറ്റം വളരെ അത്ഭുതകരമായി തോന്നി.... "ഓഹ്... ഈ കാട്ടിൽ ആരെ കാണണം എന്നാ പറഞ്ഞെ..? " അതു കേട്ടതും അത് വരെ മറന്നു കിടന്ന എന്റെ ദേഷ്യം സിരകളിലേക്ക് കയറി....പല്ല് കടിച്ചു പിടിച്ചു ഞാൻ വേഗത്തിൽ മുൻപോട്ടു നടന്നു.... അവളും പെട്ടെന്നെനിക്കുണ്ടായ ഭാവമാറ്റത്തിൽ ഭയന്നതുകൊണ്ടാകാം എന്റെ പുറകെ ഒന്നും മിണ്ടാതെ നടന്നത്... ഇരുൾ മൂടിയ സർപ്പക്കാവിലെത്തിയപ്പോൾ പാലപ്പൂവിന്റെയും ചെമ്പകത്തിന്റെയും മനം മയക്കുന്ന സുഗന്ധം... വെളുത്ത പാരിജാതത്തിന്റെ ഇതളുകൾ ഇരുളിൽ വെട്ടിത്തിളങ്ങുന്നതു പോലെ....പക്ഷെ മനസ് അസ്വസ്ഥമണ് ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല... പെട്ടെന്ന് തന്നെ മുൻപോട്ടു നടന്നു... കാവിൽ തൊഴുതുകൊണ്ട് അവളും എനിക്ക് പിറകെ വന്നു.... മുൻപിലൊരു നാലുകെട്ട് കണ്ടു.. അതെ.. കാവ് കഴിഞ്ഞുള്ള ആദ്യത്തെ വീട്.. ഇതാ പൂതനയുടേത് തന്നെ..

ഇവിടെ കേറി അവളുടെ മുഖം നോക്കി ഒരെണ്ണം പൂശിയിട്ട് പത്മയെ വീട്ടിലെത്തിക്കാമെന്ന് മനസ്സിലുറപ്പിച്ചു ഞാൻ വേഗത്തിൽ നടന്നു ആ വീടിന്റെ പടിക്കെട്ടു ചവിട്ടിക്കയറി.... "ഇവിടാരുമില്ലേ...? " ഉച്ചത്തിൽ തുളസിത്തറയുടെ മുന്നിൽ നിന്നും ഞാൻ വിളിച്ചു കൂവി...പൂമുഖത്തെ മരവാതില് തുറന്നു ഒരു മധ്യവയസ്‌കൻ..( അന്പതിനോടടുത്ത പ്രായം ) അല്പം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു... "ആരാ..? കുട്ട്യേ... " അയാളുടെ മുഖ ഭാവം വളരെ വേദനാജനകമാണ്. കാര്യമായി എന്തോ സംഭവിച്ച പോലെ. ഒരു മരണ വീട്ടിൽ ചെന്ന പ്രതീതി... അതൊന്നും ആലോചിച് എനിക്ക് നില്കാൻ തോന്നിയില്ല ദേഷ്യം ഉച്ചിയിൽ കയറിയ സമയം...മനസ് മുഴുക്കെ ആ പൂതനയുടെ മുഖം നോക്കി നാലു പറയുന്നതാണ് ഉള്ളത്... "വിളിക്കവളെ.. ഇവിടുത്തെ ദേവിയെ... കണ്ണും മൂക്കുമില്ലാതെ ആളുകളെ ഇടിച്ചു തെറിപ്പിക്കുന്ന അവളുടെ പല്ല് ഞാൻ ഇന്ന് തെറിപ്പിക്കും...." അയാൾ എന്റെ ശബ്ദം കേട്ടു ഭയന്നു..... എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത മുഖഭാവം...

"എന്താ കുട്ടിയെ... കാര്യം പറയു.. സമാധാനത്തോടെ. എന്റെ മോൾ എന്ത് ചെയ്‌തെന്നാണ്..? " "നിങ്ങളോടെനിക് സംസാരിക്കാൻ താല്‌പര്യമില്ല,,,,ഒറ്റ നോട്ടത്തിൽ ബഹുമാനം തോന്നിപ്പോയി.. അല്ലെങ്കിൽ അവളുടെ അച്ഛനെന്ന പരിഗണന പോലും ഞാൻ തരില്ലായിരുന്നു... വിളിക്കവളെ....." പെട്ടെന്ന് വിഷാദമൂകമായ അയാളുടെ മുഖം വിടർന്നു.. എന്റെ നേർക് നടന്നു വന്നു... എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പൊടുന്നനെ അയാൾ എനിക്ക് പിന്നിലേക്ക് നടന്നു... വല്ലാത്ത ഒരു തരം ആഹ്ലാദത്തോടെ.... "മോളേ.... !!!!" അയാൾ ഉറക്കെ വിളിച്ചു.... കരഞ്ഞു കൊണ്ടു അയാൾ എന്റെ പിന്നിൽ സ്തംഭിച്ചു നിൽക്കുന്ന ദേവിയെ വാരിപ്പുണർന്നു.... നെറ്റിയിലും അവളുടെ കണ്ണുകളിലും മാറിമാറി ചുംബിച്ചു. എനിക്കും അതൊരു ഞെട്ടലുളവാക്കി. അപ്പോൾ... പത്മ? അയാൾ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു... "ഇതാ എന്റെ കുട്ടി.. ന്റെ മോൾ... ഇവളെ ഇന്നലെ മുതൽ കാണാതായ സങ്കടത്തിലാണ് കുഞ്ഞേ ഞാൻ...ന്റെ കുട്ടി നിന്നെ എന്ത് ചെയ്‌തെന്ന നീ പറയുന്നേ... നിക്ക് നിശ്ചയല്യാലോ..."

മുഖത്തൊരടി കിട്ടിയ പോലെ ഞാൻ നിശ്ചലനായി നിന്നു പോയി.. മനസ് മുഴുവൻ നിറഞ്ഞു നിൽക്കുന്ന എന്റെ സ്നേഹത്തിന്റെ പങ്കു പറ്റിയവൾ, അവളെന്റെ ശത്രുവായിരുന്നെന്നോ...? !!!! ഇല്ല ഞാൻ വിശ്വസിക്കില്ല... കള്ളമാണ്... ഇതെന്റെ പത്മയാണെന്ന് വിളിച്ചു പറയാൻ തോന്നി... ഇല്ല ഇതവളല്ല, പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ അവളുടെ അടുത്തേക്ക് ശരവേഗത്തിൽ നടന്നു ചെന്നു എനിക്ക് അഭിമുഖമായി നിൽക്കുന്ന അവളെ പിന്തിരിച്ചു നിർത്തി... അവളുടെ പിൻകഴുത്തു മറച്ച മുടിയിഴകൾ വകഞ്ഞു മാറ്റി കണ്ണടച്ച് തുറന്നു ഞാൻ നോക്കി..... മനസ് തകർന്നു പോയി... അതെ അവളു തന്നെ... പിൻകഴുത്തിൽ മറുകൊളിപ്പിച്ച, എന്റെ മാനം കെടുത്തിയ എന്റെ ശത്രു. ദേവി. !!!!!! അവളും ആശ്ചര്യത്തോടെ എന്നെ നോക്കി..പിന്നൊന്നും ആലോചിച്ചു നിന്നില്ല... . അവസാനമായി അവളെ ഒരു നോക്കു നോക്കി നിറകണ്ണുകളോടെ.. ഞാനാ വീടിന്റെ പടിയിറങ്ങി.. കൂടെ എന്റെ മനസ്സിൽ നിന്ന് ആദ്യത്തെ പ്രണയവും.... ... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story