നീലത്താമര💙: ഭാഗം 11

neelathamara

രചന: തൻസീഹ് വയനാട്

"അവരിപ്പോൾ വരും.....എന്താ പറയണ്ടേയെന്നു എനിക്കൊരു നിശ്ചയുമില്ല..... " കൈകൾ കൂട്ടിത്തിരുമ്മി കരച്ചിൽ ആവുന്നത്ര കടിച്ചമർത്തി ദേവിക വഴിയിലേക്ക് കണ്ണും നട്ടു നിന്നു..... "എന്റെ ദേവു നീയീ പറഞ്ഞത് തന്നെ എത്ര നേരമായി പറഞ്ഞോണ്ടിരിക്കുന്നു..... എപ്പോഴായാലും അവരറിയും... പോലീസിൽ അറിയിക്കാത്തത് ഈ നാട്ടിലെ രീതികളെ കുറിച്ചറിയാത്തതു കൊണ്ടു മാത്രമാണ്.... ഇന്നിപ്പോ പോയിട്ട് ഇരുപത്തിനാല് മണിക്കൂറ് കഴിഞ്ഞു... " "ടാ ആദി അവനൊന്നും പറ്റിക്കാണില്ലായിരിക്കും അല്ലെ..? " "ദേ റയാനെ നീ വാ മൂടി അവിടെയെവിടേലും പോയിരിക്കുന്നുണ്ടോ... മനുഷ്യനിവിടെ തീ തിന്നുകൊണ്ടിരിക്കുമ്പോഴാ അവന്റെ മറ്റേടത്തെ കൊനിഷ്ട്ടു ചോദ്യം......" ചിന്മയയ്ക്കു അവന്റെ ചോദ്യം കേട്ടപ്പോൾ ദേഷ്യം വന്നു.... "ചിന്നുസേ ഇയ്യിന്നെ പറഞ്ഞിട്ടെന്താ ബേജാറോണ്ട് പറഞ്ഞേയല്ലേ...." "ഈശ്വരാ... അവരെത്തി......"

നാല് പേരുടെയും പൂമുഖത്തു നിന്നുള്ള സംസാരത്തിനിടയിൽ രുദ്ര അവരുടെ പിന്നിൽ നിന്നും ഒരു ഞെട്ടലോടെ പറഞ്ഞത് കേട്ടതും അവരെല്ലാം മുറ്റത് വന്നു നിന്ന കാറിലേക്ക് വെപ്രാളത്തോടെ നോക്കി...... നാട്ടിലേക്ക് കല്യാണം വിളിക്കാൻ പോയ വിച്ചുവും അച്ഛനും അമ്മയുമാണ്...ഇത് വരെ ആൽവിയെ കാണാതായത് അവർ ഇവരെ അറിയിച്ചിട്ടില്ല... രഹസ്യങ്ങളുറങ്ങുന്ന നാട്ടിൽ അവൻ എത്തിപ്പെട്ടത് തുരുത്തിലേക്കാണോ അതോ ചതുപ്പിലേക്കാണോ എന്ന് അറിയാതെ അവരും വെപ്രാളപ്പെടും.... ആൽവിയെ ചോദിച്ചാൽ എന്ത് മറുപടി പറയുമെന്ന ഭയം ഒരു ഭാഗത്തു... മറ്റൊരു വശത്തു അവനെവിടെയാണെന്ന വേവലാതി.. രണ്ടു നേരം തെറ്റിയിട്ടും കാണാതായ സുഹൃത്തിനെ ഓർത്തുള്ള വെപ്രാളത്തിലാണ് ചിന്നുവും റയാനും ദേവുവും ആധിയും....രുദ്രയെ ഇവരുടെ അടുത്ത് നിർത്തിയാണ് അവർ പോയത്.... യാത്രാക്ഷീണത്താൽ തളർന്ന അമ്മയെ രുദ്രയും ചിന്നുവും അകത്തേക്ക് കൊണ്ട് പോയി കിടത്തി....

വിച്ചുവും അച്ഛനും പൂമുഖത്തു എല്ലാവരും നിരന്നു നിൽക്കുന്ന അത്ഭുദത്തിലാണ്......കരഞ്ഞു വീർത്ത ദേവുവിന്റെ മുഖം കണ്ടതും വിച്ചുവിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടി.. അച്ഛനെ വിഷമിപ്പിക്കേണ്ട എന്ന രീതിയിൽ അവൻ അപ്പോഴൊന്നും ചോദിക്കാതെ അകത്തേക്ക് കയറി...അച്ഛനും അമ്മയും മുറിക്കുള്ളിൽ കയറിയപ്പോൾ വിച്ചു എല്ലാവരോടും കൂടെ കാര്യം അന്വേഷിച്ചു.... ഇന്നലെ രാവിലെ നാട് കാണാൻ പോയ ആൽവിൻ ഇത് വരെ തിരിച്ചെത്തിയില്ല എന്നറിഞ്ഞതും അവനാകെ പരവേശപ്പെട്ടു. നാടറിയാതെ എങ്ങോട്ടു പോയി തിരയണമെന്നറിവില്ലാതെ നിൽക്കുകയാണ് ഇന്നലെമുതൽ എന്ന് പറഞ്ഞു ദേവു വീണ്ടും കരയാൻ തുടങ്ങി... ഏതായാലും എന്റെ ബൈക്ക് അവന്റെ കയ്യിലുണ്ടല്ലോ... നിവൃത്തിയില്ല... വണ്ടി കാണാതെ പോയെന്ന് പറഞ്ഞു സ്റ്റേഷനിൽ പരതി കൊടുക്കാം... വിച്ചു അവരോട് പറഞ്ഞു. എല്ലാ മാർഗ്ഗങ്ങളും അടഞ്ഞ സ്ഥിതിക്ക് ആ തീരുമാനവുമായി മുൻപോട്ടു പോകാൻ അവർ ഒന്നിച്ചു തീരുമാനിച്ചു. വിച്ചു മൊബൈൽ എടുത്ത് സ്റ്റേഷനിലേക്ക് വിളിച്ചു... "ഹലോ.. പോലീസ് സ്റ്റേഷൻ.. സർ ഞാൻ വിശാൽ രാജശേഖരൻ... എന്റെ ബൈക്ക്.. ഇന്ന....."

അത്രയും പറഞ്ഞു തുടങ്ങിയതും അച്ഛൻ വാതിൽ തുറന്നു പുറത്തേക്ക് വന്നു... വിച്ചു പെട്ടെന്ന് കാൾ കട്ടാക്കി.. അച്ഛനെ നോക്കി... എല്ലാവരുടെയും മുഖത്തെ ഭാവം കണ്ടതും അച്ഛൻ മുറിക്കു വെളിയിലേക്ക് വന്നു... എല്ലാവരുടെയും മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... എന്തോ മറച്ചു പിടിക്കാൻ അവർ ശ്രമിക്കുന്നു എന്ന് കണ്ടതിനാലാവും... ദേവുവിനടുത്തേക്ക് ചെന്ന് അദ്ദേഹം കാര്യം തിരക്കിയത്. "എന്താ.. മോളെ.. എന്തെങ്കിലും.. പ്രശ്നമുണ്ടോ..? " വിങ്ങിപൊട്ടാൻ തയ്യാറായി നിൽക്കുന്ന അവൾക് ആ ചോദ്യം മാത്രം മതിയായിരുന്നു പൊട്ടിക്കരയാൻ.. അവൾ വിച്ചുവിന്റെ അച്ഛന്റ്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു... "അച്ഛാ... ആൽവിൻ... അവനിന്നലെ.... കാണാ..... " അവളുടെ തേങ്ങലിൽ വാക്കുകൾ മുറിഞ്ഞു.. പൂർത്തിയാക്കാൻ കഴിഞ്ഞില്ല.... അച്ഛൻ വീണ്ടുമവളെ സമാധാനിപ്പിച്ചുകൊണ്ട് ചോദിച്ചു... "പറ.. മോളെ.. എന്താ... എന്താടാ.. മക്കളെ.. ആരെങ്കിലും ഒന്ന് പറ... നിങ്ങളെല്ലാവരും എന്താ ഇങ്ങനെ...?" കൈവിട്ടു പോയെന്ന് മനസിലാക്കിയ അവർക് ഇനി മറച്ചു വെച്ചിട്ട് കാര്യമില്ല എന്ന് തോന്നി... "അത് അച്ഛാ.. ഇന്നലെ മുതൽ.. ആൽവിയെ...."

അത്ര പറഞ്ഞതും ദൂരെ നിന്നും ബുള്ളറ്റിന്റെ കട കട ശബ്ദം..... അതവരുടെ നാലുകെട്ടിന്റെ മുൻപിൽ ബ്രേക്കിട്ടു.... അതെ.. അവൻ തന്നെ ആൽവിൻ.... പെട്ടെന്ന് കൂടി നിന്ന അവരിലൊരു ആശ്വാസത്തിന്റെ ദീർഘനിശ്വാസം... അവനേ കണ്ടതും അച്ഛനിൽ നിന്നും വിട്ടു മാറി.. ദേവു അവനരികിലേക്കോടി.... അടുത്തെത്തിയതും അവനേ വാരിപ്പുണർന്നു.... "എവിടെ ആയിരുന്നെടാ ചൂടാ...." അവളവനെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു... ആൽവിനവളുടെ പ്രവൃത്തിയിൽ അത്ഭുതമൊന്നും തോന്നിയില്ല... അവനവളെ അവളിൽ നിന്നും അടർത്തി.... കണ്ണുകൾ തുടച്ചു നീക്കി അവളെ ചേർത്തു നിർത്തി സമാധാനിപ്പിക്കുമെന്നാണ് അവൾ കരുതിയത്... പക്ഷെ നടന്നത് മറ്റൊന്നായിരുന്നു. മനസ്സ് അസ്വസ്ഥമായിരുന്ന ആൽവിൻ അവളെ തള്ളിമാറ്റി അകത്തേക്ക് നടന്നു കയറി.. മറ്റാരെയും അവൻ തിരിഞ്ഞു നോക്കിയില്ല.. അവന്റെ പ്രവൃത്തിയിൽ കൂടി നിന്നവർ എല്ലാവരും ഒന്നടങ്കം നിശ്ചലരായി നിന്നു...

പക്ഷെ.. കൂട്ടുകാരനെ തന്റെ മാതാപിതാക്കളുടെ മുൻപിൽ നല്ലവനാക്കുക എന്നത് ഏതൊരു സുഹൃത്തിന്റെയും കടമയാണ്....അതു കൊണ്ട് തന്നെ സ്തംഭിച്ചു നിൽക്കുന്ന അച്ഛനോട്‌ വിച്ചു സംസാരിച്ചു തുടങ്ങി... "അതച്ഛാ അവനെന്തോ...?" "അവനല്ല അച്ഛാ.. ദാ ഇവളില്ലെ ദേവു.. അവനെയിന്നലെ അവന്റെ മൂക്കിനെ കുറിച്ച് പറഞ്ഞു വീണ്ടും കളിയാക്കി നാറ്റിച്ചു.അപ്പോഴേ അവൻ വല്ലാതെ ചൂടിലായിരുന്നു.. അത് നോക്കാതെ ഇവളിന്നും അവന്റെ മെക്കിട്ടു കേറി.. അവളോടുള്ള ദേഷ്യത്തിൽ ഷർട്ട്‌ പോലും ഇടാതെ അവനിറങ്ങി പോയി... അതാണവളുടെ മോന്ത ചളുങ്ങിയിരിക്കണേ.... " വിച്ചുവിന്റെ വാക്കുകൾ പൂർത്തീകരിക്കാൻ സമ്മതിക്കാതെ റയാൻ ഇടയ്ക്കു കയറി ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു... ഇത് കേട്ടതും ഇത്രയ്ക്കും ഫൂളിഷ്നെസ്സ് ആയ കഥ അച്ഛൻ വിശ്വസിക്കുമോ എന്ന ചിന്തയിൽ മറ്റു മൂവരും റയാനെയും അച്ഛനെയും മാറി മാറി നോക്കി.... പെട്ടെന്ന് രംഗം നിശബ്ദമായി... പിന്നെയൊരൊറ്റ പൊട്ടിച്ചിരിയായിരുന്നു... അച്ഛൻ...ചിരിച്ചു ചിരിച്ചു ഒരു വഴിയായി... ഞങ്ങളെല്ലാവരും കള്ളക്കഥ പറഞ്ഞതിൽ ഞങ്ങളെ കളിയാക്കുകയാണെന്ന് കരുതി... "ഇത്രക്കും ചെറിയ കുട്ടികളുടെ മനസാണോ അവനും ഇവൾക്കും...

നിനക്കെങ്കിലും ഒന്ന് പറഞ്ഞു ശെരിയാക്കിയെടുത്തൂടെ എന്റെ റയാനെ..." അച്ഛൻ വീണ്ടും ചിരിക്കാൻ തുടങ്ങി... കഥ ഏറ്റു.. പടച്ചോനെ ലോഡ് അൽഹംദുലില്ലാഹ്.... "ഞാൻ ഇല്ലാത്ത കുറവാണച്ഛാ...." വിച്ചു വാലിൽ പിടിച്ചു... "എന്തോ എങ്ങനേ... നീ.. ഹാ.. കൊള്ളാം... ആദ്യം നീ നിന്റെ കൂടപ്പിറപ്പുമായുള്ളത് തീർക്കാൻ നോക്..." നൈസ് ആയിട്ട് അച്ഛനവനിട്ടു താങ്ങി... അച്ഛൻ മുഖം വാടി നിൽക്കുന്ന ദേവുവിനെ അടുത്തേക്ക് വിളിച്ചു... "ഇത്രയും ചെറിയ കാര്യത്തിനൊക്കെ ഇങ്ങനെ കരഞ്ഞ് അച്ഛന്റെ നെഞ്ചിടിപ്പ് കൂടിക്കാമോ..?" അവളച്ചന്റെ മുഖത്തേക്ക് നോക്കി അണപൊട്ടൻ നിൽക്കുന്ന ഉറവയെ പിടിച്ചു വെച്ചുകൊണ്ട് പാടുപെട്ട് പുഞ്ചിരിച്ചു... "ഹാ ഈ ചിരി വേണം എപ്പോഴും എല്ലാവരുടെ മുഖത്തും... കേട്ടല്ലോ... ഒരു വശപ്പിശക് തോന്നി കിടന്നിടത്തു നിന്നും എഴുന്നേറ്റു വന്നതാ... എങ്കിൽ ഞാനൊന്ന് കണ്ണടച്ചേച്ചും വരാം..." അത്രയും പറഞ്ഞച്ഛൻ മുറിയിലേക്ക് കയറി... അച്ഛൻ മുറിയിലേക്ക് കയറിയതും ചിരിച്ചുകൊണ്ട് നിന്ന അവരുടെ മുഖം ഇരുണ്ടു കൂടി...

എല്ലാവരും മുകളിലേക്ക് ഓടിക്കയറി... ആൽവിന്റെ മുറിക്ക് മുന്നിലെത്തിയതും അടഞ്ഞു കിടക്കുന്ന വാതിലവർ നാലും കൂടെ ഒരുമിച്ചു മുട്ടി... "അച്ചായാ.. വാതിൽ തുറക്ക്... നീയെവിടെയായിരുന്നു... ടാ... തുറക്കാൻ...." മുറിയിൽ നിന്നും അനക്കമൊന്നും കേൾക്കാതായപ്പോൾ അവരൊന്നു പരിഭ്രമിച്ചു.. അവരൊരുമിച് ദേവുവിനെ കൊണ്ടു വിളിപ്പിച്ചു...അവൾ പറഞ്ഞാലേ പിന്നെയും അവൻ കേൾക്കു എന്ന പ്രതീക്ഷയിൽ.. അവരുടെ നിർബന്ധം കൂടിയപ്പോൾ അവളവന്റെ റൂമിന്റെ ഡോറിൽ കൈ തട്ടി... "ടാ.. ചൂടാ.. വാതിൽ തുറക്കെടാ.....നിന്റെ ദേവുവാ പറയുന്നേ....കേട്ടില്ലെങ്കിൽ ഇനി ദേവൂനെ നോക്കി നീ വരണ്ട ട്ടോ....ഞാൻ എല്ലാം അമ്മച്ചിയെ അറിയിക്കുകയും ചെയ്യും നോക്കിക്കോ....." അത് കേട്ടതും അവന്റെ മുറി തുറന്നു... ചുവന്ന കണ്ണുകളിൽ ദേഷ്യം മാത്രമേ ആൽവിയുടെ മുഖത്തു പ്രകടമായിരുന്നുള്ളു.. "നീയാരാടി.. എന്റെ കാര്യങ്ങൾ തീരുമാനിക്കാൻ.. മേലാൽ എന്റെ മുന്നിലേക്ക് ചൂടെന്നോ തണുപ്പെന്നോ പറഞ്ഞു വന്നാൽ...."

കൈ ചൂണ്ടി അത്രയും പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... പിന്നെയൊരു നിമിഷം അവളവിടെ നിന്നില്ല വാപൊത്തി പിടിച്ചുകൊണ്ടു അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു... "നിനക്കെന്താടാ ആൽവി ഭ്രാന്തായോ..? " ആദി അവന്റെ മുഖത്തു നോക്കി ചോദിച്ചു... "ഇന്നലെ മുതൽ വെള്ളം പോലും കുടിക്കാതെ നിന്നെയും ഓർത്തു കരഞ്ഞോണ്ടിരിക്കുകയാ അവൾ.. ആ പാവത്തിനെ....." "നിർത്തെടാ.. ഞാൻ പറഞ്ഞോ.....എനിക്ക് വേണ്ടി പട്ടിണി കിടക്കാൻ... പൊയ്ക്കോണം എല്ലാം എന്റെ മുന്നിൽ നിന്ന്....." "ആൽവി.... !!!" വിച്ചു അവനേ വിളിച്ചത് കുറച്ചുച്ചത്തിലായി... "ഓ.. നിന്റെ വീടാണെന്ന ബോധം വേണമെന്നായിരിക്കും... നാളെ നേരം വെളുത്താൽ ഞാൻ ഇവിടുന്നു കെട്ടു കെട്ടി പൊയ്കോളാമേ... അത് വരെ ഒന്ന് ക്ഷമിക്കണം.. വേണമെങ്കിൽ ഈ മുറി അല്പസമയം ഉപയോഗിക്കുന്നതിനുള്ള വാടകയും തരാം......" അത്രയും പറഞ്ഞു ആൽവി ആ മുറിയുടെ വാതിൽ അവർക്കു മുന്നിൽ കൊട്ടിയടച്ചു...

അവന്റെ വാക്കുകൾ അവയോരോരുത്തരെയും കീറിമുറിക്കാൻ പ്രാപ്തിയുള്ളതായിരുന്നു....പിന്നെ അവരവനെ ശല്യം ചെയ്തില്ല. അച്ഛനും അമ്മയും ക്ഷീണത്തിൽ ഉറങ്ങുകയാണ്.....അവർ ഭക്ഷണം കഴിച്ചാണ് വന്നത്.. അതുകൊണ്ട് തന്നെ അവർ പിന്നെ മുറിക് പുറത്തേക്ക് ഇറങ്ങിയില്ല.... ദേവു കരഞ്ഞുകൊണ്ട് എപ്പോഴോ മയക്കത്തിലേക്ക് വീണു....ആധിയും റയാനും സംസാരിച്ചുറങ്ങിപോയത് അവർ തന്നെ അറിഞ്ഞില്ല... ചിന്നുവും രുദ്രയും ഒന്നിച്ചാണ് കിടന്നത്. അർദ്ധരാത്രി കഴിഞ്ഞു.. രാത്രിയുടെ ഏഴാംയാമത്തിൽ പുറത്ത് മഴ ഇടിയും മിന്നലോടും കൂടെ തിമിർത്തു പെയ്യുന്നുണ്ട്. ശക്തമായ കാറ്റും കോളും... കട്ടിലിൽ മറിഞ്ഞു കിടന്നു എന്തൊക്കെയോ ചിന്തിച്ചു അസ്വസ്ഥനായി കിടക്കുന്ന ആൽവിന്റെ മുറിയുടെ വാതിലിൽ പൊടുന്നനെ ആരുടെയോ കൈകൾ പതിഞ്ഞു....

ടും ടും.. ടും.... പെട്ടെന്ന് ആയതുകൊണ്ട് അവനൊന്നു ഭയന്നു.... കറണ്ടും പോയി... "ആരാ..? " സംശയത്തോടെ അവൻ ചോദിച്ചു.. മറുപടി ഉണ്ടായിരുന്നില്ല വീണ്ടും വാതിൽ ശബ്‌ദിച്ചു.... എന്തെങ്കിലുമാകട്ടെ കരുതി അവൻ കിടന്നിടത്തു നിന്നും എഴുന്നേറ്റു മുൻപോട്ടു നടന്നു... കറണ്ടില്ലാത്തതിനാൽ അവൻ പെട്ടെന്ന് മുൻപോട്ടു നടന്നതും ഇരുമ്പു മേശയിൽ അവന്റെ വലതു കാൽ തട്ടി മുറിഞ്ഞു... ആഹ്... അവനൊന്നു ഞെരുങ്ങി... കൈകൊണ്ട് വേദനിച്ച സ്ഥലം തൊട്ടു നോക്കി.. കൈകളിൽ നനവ് പടർന്നു... ചോരയാണ്... അവനത് കാര്യമാക്കിയില്ല... നേരെ ചെന്ന് വാതിൽ തുറന്നു..... പെട്ടെന്ന് പുറത്തു നിന്നും രണ്ട് ബലിഷ്ഠമായ കരങ്ങൾ അവന്റെ കഴുത്തിൽ പിടിമുറുക്കി അവനേ അകത്തേക്ക് തള്ളിയതും ചോര വന്നു വീർത്ത കാലു പിണഞ്ഞവൻ കട്ടിലിലേക്ക് തലയടിച്ചു വീണു..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story