നീലത്താമര💙: ഭാഗം 16

neelathamara

രചന: തൻസീഹ് വയനാട്

"മാപ്പ്... " നടത്തത്തിനിടയിൽ അവളുടെ അടുത്തുനിന്നും പ്രതീക്ഷിക്കാത്ത തരത്തിലാണ് സംസാരത്തിനു തുടക്കം ഉണ്ടായത്.. ഞാനവളുടെ മുഖത്തേക്ക് നോക്കി.. കൈകൾ രണ്ടും ജീൻസിന്റെ പോക്കറ്റിൽ സ്ഥാനമുറപ്പിച്ചു കൊണ്ടു നീളെ കാണുന്ന നടപ്പാതയിലേക്ക് കാലെടുത്തു വച്ചു.. ഇനി നേരെ കാവിലേക്ക്.. സന്ധ്യ മയങ്ങി. പേരറിയാത്ത ജീവികളുടെ ചിലച്ചിൽ ആരംഭിച്ചിരിക്കുന്നു. തണുത്ത കാറ്റ്... വശ്യമായ കാടിന്റെ ഇരുണ്ട സൗന്ദര്യം. "എന്തിനു..?" അന്നങ്ങിനെ അറിയാതെ സംഭവിച്ചതാണ്. മനഃപൂർവ്വമല്ല. പച്ച ധാവണിയിൽ അവളുടെ വെളുത്ത മുഖം എന്റെ നേർക് മാപ്പപേക്ഷയോടെ നോക്കി കൊണ്ട് തുടർന്നു. "എന്ന്..?" "അന്ന്.. ട്രെയിനിൽ.. മൂക്ക്.." അവൾ എനിക്ക് ഓർമ വരാൻ വേണ്ടി സൂചനകൾ തന്നു.. "ഓ.. ലത്.. മനഃപൂർവമാണെങ്കിൽ താനിങ്ങനെ ജീവനോടെ എന്റെ മുൻപിൽ നില്കില്ലല്ലോ... പിന്നേ.. എന്നിട്ടും ദേഷ്യമുണ്ടായിരുന്നു. കൂട്ടുകാരുടെയും ആദ്യമായ്‌ കാണുന്ന ആളുകളുടെയും ഇടയിൽ എന്നെ ഒരു പരിഹാസപാത്രമാക്കിയതിനു...." "അപ്പോൾ.. ഇപ്പോഴില്ല.. എന്നാണോ..?" അവൾ സംശയത്തോടെ ചോദിച്ചു... "ഉണ്ടായിരുന്നു.. ഇന്ന് ഉച്ച വരെ.."

"ഉച്ചയോ? അതെന്ത് സമയമാണ്..?" "അതെ.. എന്റെ ദേവൂനെ.. എന്നോടുള്ള ദേഷ്യം പോലും മറന്നു താൻ സുശ്രൂഷിച്ചില്ലേ... അപ്പോൾ.. ആ നിമിഷം മാറി.." "ദേഷ്യമോ.. നിങ്ങളോട് എനിക്ക് ദേഷ്യമൊന്നുമില്ല..നന്ദി മാത്രമേ ഉള്ളു.." "നന്ദിയോ..? എന്തിനു..? ഉപകാരം ചെയ്തവരോടല്ലേ നന്ദി പറയണ്ടേ..?" "ഉപകാരമല്ലേ..ചെയ്തതൊക്കെ?" "എന്ന ചെയ്തുന്ന?" "കാട്ടിലൊറ്റക്കായി പോയ എന്നെ ഒരു പോറല് പോലുമേൽകാതെ എന്റെ വീട്ടിൽ എത്തിച്ചു ദാഹവും വിശപ്പും മാറ്റി..അതിനൊക്കെ.." "ഓഊ...അങ്ങനെ... അപ്പോൾ നന്ദിയല്ലേ പറയണ്ടേ..? എന്നത്തിനാ മാപ്പ്..?" "മാപ്പ് പറയേണ്ട തെറ്റ് ചെയ്‌തെന്ന് തോന്നി. പക്ഷെ മനഃപൂർവ്വമല്ല. സാധാരണ ഞാൻ ഇടിച്ചിടാറുള്ളത്.. പാവം മാരാരെയാണ്.." "അതെന്നാ അങ്ങനൊരു പല്ലവി ഞാനും കേട്ടു.." "അതോ.. എല്ലാം ശനിയാഴ്ചയും അമ്പലത്തിൽ പടചോറ് ബാക്കി വരും. അത് കൊടുക്കാനുള്ള നെട്ടോട്ടത്തിൽ ആരെയൊക്കെയോ തട്ടി താഴെയിടും.. പക്ഷെ ഞാൻ ഇടിച്ചിടുന്നവർക്കൊക്കെ അറിയാട്ടോ ഞാനെന്തിനാ ഓടുന്നെന്ന് അതുകൊണ്ട് ആരും വീട്ടിൽ കയറി അടിച്ചിട്ടില്ല.." "ആർക്കു കൊടുക്കാൻ..?" "ട്രെയിനിൽ.. പാട്ടു പാടി അന്നം തേടുന്ന ഒരു കുടുംബമുണ്ട്..

അവർക് ഒരു നേരത്തെ എങ്കിൽ ഒരു നേരത്തെ എത്തിക്കാനായാൽ.." "ഒരു നിമിഷം... നിൽക്കു.. ഞാൻ തിരിയെടുത്തിട്ടു വരാം.." അവളത്രയും പറഞ്ഞെന്നെ കടന്നു പോയി.... എനിക്കെന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷം.. ഒരാൾക്കു നന്മ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും അത് ചെയ്യുന്നവരെ തടയാതെ എങ്കിലും നിൽക്കണമെന്നാണ് കർത്താവു പറഞ്ഞിട്ടുള്ളത്. അങ്ങനെ ഉള്ള ഒരുവളെ ഞാൻ ശത്രുവായി കണ്ടു... വെറുത്തു. ഛെ... എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നതിനൊടുവിൽ അവൾ തിരി കത്തിച്ച കുഞ്ഞു വിളക്കുമായെന്റെ മുൻപിലെത്തി. ജ്വലിക്കുന്ന അഗ്നിയിൽ അവളുടെ മുഖത്തിനു പ്രകാശം ഏറിയതു പോലെ... ചുണ്ടിൽ സന്ധ്യാനാമം ഉരുവിട്ട് കൊണ്ടു അവളും അവളുടെ പിന്നിൽ ഞാനും കാവ് ലക്ഷ്യമാക്കി നടന്നു... അവൾ കാവിൽ വിളക്കു വെച്ചു.. കൈകൾ കൂപ്പി.പ്രാർത്ഥിക്കുകയാണ് .. ഇമ ചിമ്മാതെ ഞാൻ അവളെയും നോക്കി നിന്നു. പെട്ടെന്നവളുടെ ശ്രദ്ധ എന്റെ നേർക്കായി.. അവളെയും നോക്കി നിന്ന എന്നോട് കൈകൂപ്പി കാവിലേക്ക് നോക്കി പ്രാർത്ഥിക്കാൻ അവൾ ആംഗ്യം കാണിച്ചു... ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഞാനും തൊഴുതു.. വീണ്ടും തിരിച് നടന്നു.

"അല്ലാ ഇപ്പോ ആ മാരാര് ജീവനോടെ ഉണ്ടോ..?" ഇടയ്ക്കു വെച്ച് എന്റെ ചോദ്യo കേട്ടപ്പോൾ നടത്തം നിറുത്തി അവളെന്നെ തിരിഞ്ഞു നോക്കി.. "എന്തേ... അങ്ങനെ ചോദിച്ചേ..? അന്ന് മാരാര് വരാത്തത് കൊണ്ടാണോ...?" "ഏയ്‌ അല്ല.." "പിന്നേ?" "ചോറ് കൊടുക്കുന്നതൊക്കെ ശെരി.. നല്ല കാര്യം.., പക്ഷെ.. ഇങ്ങനെ ആളുകളെ കൊല്ലനാക്കിയിട്ട് പോയാലെങ്ങനെയാ...കേട്ടത് വെച്ച് മാരാര് കൊറച്ചു പ്രായമുള്ള കൂട്ടത്തിലാണ്.. അപ്പോൾ ഈ സൈസ് ഇടി ഒന്നു രണ്ടു വട്ടം കിട്ടിയാൽ കാറ്റു പോകാനാണ് സാധ്യത.. അതാ ചോദിച്ചേ..?" ഞാനവളെ നോക്കി ഒന്നിളിച്ചു കാണിച്ചു. "അയ്യോ.. ഇത് വരെ ഇടിച്ചിട്ടുണ്ടെലും ഇങ്ങനെ ഒരാളെ ഇടിച്ചത് ആദ്യവായിട്ട.. ചുമ്മാ തട്ടി പോകും അത്രേ ഉണ്ടാകാറുള്ളൂ...വിധി ആകും.. ആ ഇടിച്ച ആളെ തന്നെ വീണ്ടും കണ്ടതും, പരിചയപ്പെട്ടതും എല്ലാം.. മാപ് പറയാൻ വേണ്ടി തന്നെയാകണം.." "ഏയ്‌.. എനിക്ക് ഈ മാപ്പൊന്നും വേണ്ടായേ... എന്റെ ദേവൂനു സുഖപ്പെട്ടാൽ മതി.."

"അത് നാളേക്ക് ഭേദാകും വിഷമിക്കേണ്ട.. നമുക്ക് പെട്ടെന്ന് നടക്കാം.. സന്ധ്യ കഴിഞ്ഞു.സർപ്പങ്ങൾ ഉണ്ടാകും.." പെട്ടെന്നവളുടെ മുഖം മാറിയതും.. നടത്തം വേഗത്തിലായതും ആൽവി ശ്രദ്ധിച്ചില്ല... അവനും നടത്തം വേഗത്തിലാക്കി.. നടക്കുന്നതിനിടയിൽ നാരകത്തിന്റെ മണമുള്ള കാറ്റു വീശി... "ആഹാ.. നല്ല മണം.." "അത്.. അവിടെ നാരങ്ങ പഴുത്തു വീണു കാണും. അതിന്റെയാ.". "ആണോ.. എങ്കിലേ.. എനിക്ക് നേരത്തെ തന്ന സാധനത്തിനു പകരം നാരങ്ങ തെരുവോ..?" "എന്ത്..?" അവൾ സംശയത്തോടെ ചോദിച്ചു.. "അല്ലാ.. മാപ് വേണ്ട.. നാരങ്ങ പറിക്കട്ടേന്ന്..." "ഓ.. അതിനെന്താ.. ചെന്നോളു.." അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.. "ആഹാ.. പാമ്പുണ്ടാകുമെന്ന് പറഞ്ഞിട്ട്.. താനും കൂടെ വ.. പേടിയുണ്ടായിട്ടല്ല.. പിന്നേ ദേവിയെ കണ്ടാൽ സർപ്പം പിന്തിരിഞ്ഞാലോ..." ഞാനവളെ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചു.. "ഓ. കളിയാക്കുവാണല്ലേ... ഹ്മ്മ്മ്.. നട.. നട..." അവൾ കാവിനെതിർവശത്തേക്ക് നടന്നു. ഞാനവളെ പിന്തുടർന്നും. കാറ്റിലാടിയുലയുന്ന മരങ്ങളുടെയും പേരറിയാത്ത ജീവികളുടെ കലമ്പലുകൾക്കിടയിലൂടെയും നടന്നു നടന്നു... അവളെന്നെ എത്തിച്ചത്..

പഴുത്തു തുടുത്ത് നിൽക്കുന്ന ഓറഞ്ച് മരത്തിന്റെ കീഴിലാണ്... ഹോ.. എന്തൊരു മണം...നാവിൽ വെള്ളമൂറുന്നു. കുറെയെണ്ണം പഴുത്തു ചീഞ്ഞു നിലത്തു കിടക്കുന്നു. ചിലത് പഴുത്തു തൂങ്ങി നിലത്തേക്ക് വീഴാൻ തയാറായി. മറ്റുചിലത് മഞ്ഞിച്ച നിറത്തിൽ... ചിലത് പച്ച കലർന്ന്... പകൽ വരേണ്ടതായിരുന്നു.. "മനോഹരം. !!!" "എന്തെ ആദ്യമായിട്ടാണോ കാണുന്നത്.. ഓറഞ്ചുണ്ടായി നില്കുന്നത്..? " "ഏയ്‌.. അങ്ങനൊന്നുമില്ല. കാശ്മീരിൽ പോയിട്ടുണ്ട്. വർഷങ്ങൾക് മുൻപ്.. അവിടെ വിളഞ്ഞു കിടക്കുന്ന ഓറഞ്ചു മരങ്ങളുടെ കീഴിൽ നിന്ന് പറിച്ചു തിന്നിട്ടുമുണ്ട്.." "ഹാ.. അത് വില്പനക്കുള്ളതല്ലേ.. വെള്ളവും വളവും വിഷവും കൊടുത്തു വളർത്തുന്നവ.. ഇതെങ്ങനെയല്ല.. മഴയുടെ കുളിരിൽ കാടിന്റെ തണലിൽ വെയിലറക്കാതെ വളർന്നു പൊങ്ങിയതാണ്. പുറത്തു കിട്ടുന്ന ഓറഞ്ചിന്റെ വലിപ്പം ഉണ്ടാകില്ല. ചെറുതാണ്. അതിമധുരവും." "എന്നിട്ടെന്താ നിങ്ങൾ പറിക്കാതെ.. വെച്ചിരിക്കുന്നെ..?" "എനിക്ക് വേണ്ടത് ഞാൻ പറിക്കാറുണ്ട്. ഒറ്റ മരമെ ഉള്ളിവെങ്കിലും നല്ല കായ്‌ഫലമാണ്.." "ആാാ മതി.. മതി.. ഇനിയും നോക്കി വെള്ളമിറക്കാൻ എനിക്ക് വയ്യ.. ഞാൻ ആദ്യം രണ്ടെണം തിന്നട്ടെ.."

അത്രയും പറഞ്ഞു ഞാൻ മുൻപോട്ടു നടന്നു.. കയ്യെത്തുന്നിടത്തു നിന്നും രണ്ടു മൂന്നെണ്ണം പറിച്ചെടുത്തു.. പഴുത്തു തുടുത്ത് ഒന്നിന്റെ തൊലി കളഞ്ഞു, രണ്ടു ഭാഗമാക്കി എടുത്ത് ഒരല്ലിയെടുത്തു വായിൽ വെച്ചമർത്തിയതും തേൻ തെറിക്കുന്ന പോലെ നാവിലേക്ക് അതിന്റെ നീര് എന്റെ ഉമിനീരിൽ പടർന്നു... ഹ്മ്മ്മ്മ്മ്...... ഹ്ഹ... ഒറ്റയിരിപ്പിനു ആസ്വദിച്ചു രണ്ടെണ്ണം വയറ്റിലാക്കി.. എന്റെ കഴിപ്പ് കണ്ടിട്ടാകണം.. അവൾക്കും നാവിൽ വെള്ളമൂറിയത്... അത് മനസിലാക്കിയത് പോലെ.. ഞാൻ ഒരല്ലിയെടുത്തവൾക്കു നേരെ നീട്ടി... "വേണ്ട ഞാൻ വേറെ പറിച്ചോളാം..." എന്നും പറഞ്ഞു.. മുന്നിൽ തൂങ്ങിക്കിടക്കുന്ന ഓറഞ്ചിന് നേർക് അവൾ ചാടി പഠിക്കാൻ ഒരുങ്ങിയതും... നിലത്തു ചീഞ്ഞു കിടക്കുന്ന ഓറഞ്ചിൽ ചവിട്ടി അവൾ വഴുതി... കൈയിലുണ്ടായിരുന്ന ഓറഞ്ചിന്റെ അല്ലി ഞാൻ വായിലേക്ക് വച്ച സമയം.. അവൾ വീഴാൻ പോയതും ഞാൻ അവൾക്കു നേരെ ചെന്നു... അവൾ ചവിട്ടിയ അതെ ഓറഞ്ചിൽ എന്റെ കാലും സ്ലിപ് ആയി....

മലർന്നു വീണ.. അവളുടെ ദേഹത്തേക്ക് വീണു. അവളുടെ ഭീതി കലർന്ന മുഖത്തേക്ക് എന്റെ മുഖo ചെന്നിടിച്ചു. എന്റെ അധരങ്ങൾ അവളുടെ അധരത്തിലേക്ക് ചെന്നമർന്നു. പെട്ടെന്നായതിനാൽ ഞാൻ അറിയാതെ വ തുറന്നു പോയി... അബദ്ധത്തിൽ വായിലുണ്ടായിരുന്ന ഓറഞ്ചിന്റെ അല്ലി അവളുടെ വായിലേക്ക്.... . വിടർന്ന കണ്ണുകൾ അവളമർത്തിയടച്ചു... എന്റെ കൈയിലുണ്ടായിരുന്ന ഓറഞ്ച് എന്റെയും അവളുടെയും നെഞ്ചിൽ കിടന്നമർന്നു നീര് തെറിച്ചു.......... ഒരു നിമിഷം കഴിഞ്ഞു... പെട്ടെന്ന് തന്നെ ഞാൻ അവളുടെ ദേഹത്തു നിന്നുമെഴുന്നേറ്റു...താടിരോമത്തിൽ പിടിച്ച ഓറഞ്ചു നീര് തുടച്ചു നീക്കി.. അവളെയും പിടിച്ചെഴുന്നേല്പിച്ചു.. ഉള്ളം കിടന്നു പിടക്കുവാണ്. അവളുടെ മുഖത്തെ ഭാവം എന്താണെന്നു നോക്കാൻ പോലും കഴുയുന്നില്ല.... "അതറിയാതെ...?? !!" ഞാൻ തുടക്കമിട്ടു.. അവൾ മിണ്ടുന്നില്ല... "ഡോ... സോറി...." തിരിഞ്ഞു നിക്കുന്ന അവളേ ഞാൻ ജാള്യതയോടെ വിളിച്ചു. വീണ്ടും മൗനം തുടന്നപ്പോൾ ഞാനവൾക്കു മുൻപിലേക്ക് ചെന്നു. നോക്കിയപ്പോൾ ചുണ്ട് കടിച്ചു പിടിച്ചു നിൽക്കുന്ന പത്മ... "എന്നാ പറ്റി..?" "ഡാ..." (ഒപ്പം പിന്നിൽ നിന്ന് മറ്റൊരു ശബ്ദവും.. ).. തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story