നീലത്താമര💙: ഭാഗം 53

neelathamara

രചന: തൻസീഹ് വയനാട്

നനുത്ത ഉപ്പുരസമുള്ള ഉമിനീർ നാവിലൂടെ പടർന്നവളുടെ തൊണ്ടക്കുഴി വഴി അന്നനാളത്തിലേക്ക് പ്രവേശിച്ചതും കൂമ്പിയടഞ്ഞ മിഴികൾ അവൾ പതിയെ തുറന്നു. കണ്ണുകൾ തുറന്നു കണ്ടതും അവൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി... "എഴുന്നേൽക്കു തമ്പുരാട്ടികുട്ടീ... എന്താണ് സംഭവിച്ചത്..? വഴുതിയതാണോ...?? !!" അല്പം സമാധാനത്തോടെ എന്നാൽ വെപ്രാളത്തോടെ അവൻ തമ്പുരാട്ടിക്കുട്ടിയുടെ മൃദുല ഹസ്തത്തിൽ പിടിച്ചെഴുന്നേല്പിച്ചു. "അ... ആരാണ് നിങ്ങൾ... !!? " തളർച്ചയിൽ എഴുന്നേറ്റു നിന്ന തമ്പുരാട്ടി ഒരു തരം ഞെട്ടലോടെ ഇരുകൈകളും ചേർത്ത് അവളുടെ മാറു മറച്ചുകൊണ്ട് ചോദിച്ചു.. "പരിഭ്രമിക്കേണ്ട.. ഉത്തരീയം(ഉടയാട ) ഇവിടെ തന്നെയുണ്ട്.. അണിഞ്ഞുകൊള്ളുക... " തലകുനിച്ചു കൊണ്ടു വലം കൈയുടെ മുഷ്ടി ചുരുട്ടി നെഞ്ചോടു ചേർത്തു വെച്ചു ഉത്തരീയം എടുത്തു കൊണ്ട് അവൻ അവൾക്കു നേരെ നീട്ടി പിടിച്ചു. പാർവതി അതു വാങ്ങി അണിഞ്ഞു.. "പറയു.. ആരാണ് നിങ്ങൾ..?? ഞാനിതു വരെ കണ്ടിട്ടില്ല... നിന്റെ നാമം എന്താണ്? "

"അവിടുന്നിന്റെ കൂടെ ഇത്രയും നേരം തുണ വന്ന സൈനികൻ ആണ്... പടനായകന്റെ മകൻ. "അഗ്നിദേവൻ ", കവചം കൊണ്ടു മുഖം മറച്ചതിനാൽ അവിടുന്ന് കണ്ടു കാണില്ല ഈയുള്ളവനെ. " "ഓ.. അങ്ങനെയാകട്ടെ... ജീവൻ രക്ഷിച്ചതിനു നന്ദി. വരു നമുക്ക് തൊഴാം.. " തമ്പുരാട്ടിക്കുട്ടി അത് പറഞ്ഞതും അവൻ സ്തമ്പിച്ചു കൊണ്ടു അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കി.. "ഏയ്‌... എന്തസംബന്തമാണ് അവിടുന്ന് പറയുന്നത്... കേവലമൊരു സൈനികനായ ഞാൻ ഈ മണ്ണിൽ കാലുകുത്തിയതേ തെറ്റ്.. എന്നിട്ട് തൊഴാൻ വിളിക്കുക എന്നു പറഞ്ഞാൽ... തമ്പുരാൻ അറിഞ്ഞാൽ എന്റെ തലയറുക്കും.. " "ഞാൻ പറഞ്ഞാൽ അനുസരിക്കില്ല എന്നുണ്ടോ.. സൈനികൻ അഗ്നിദേവ..?? !" ഉടനെ അവനേ കേട്ടു നിന്ന അവളുടെ ഭാവം മാറി... അവനൊന്നു പകച്ചു. "നടക്കു നമുക്കൊപ്പം ചേർന്നു നടക്കു. ദേവി എല്ലാവർക്കും ദേവി തന്നെ... അവിടെ ഭരിക്കുന്നവനെന്നോ ഭരിക്കപ്പെടുന്നവനെന്നോ ഇല്ല.... സർവേശ്വരിയായ ദേവിയുടെ അടിമകളാണ് നമ്മൾ. നടക്കു." "കല്പന പോലെ.. !" അവൻ തമ്പുരാട്ടിക്കുട്ടിയെ ചേർന്നു നടന്നു... അവരൊരുമിച്ചു ഭീമകാരമായി സൂര്യവെളിച്ചം തട്ടി സ്വർണമുഖരിതയായ ദേവീവിഗ്രഹത്തെ തൊഴുതു.

"വൃതം മുറിക്കാനുള്ള ചടങ്ങെന്താണെന്ന് ഈയുള്ളവനറിയില്ല തമ്പുരാട്ടികുട്ടീ.... എന്തെങ്കിലും സഹായം..? " അവന്റെ വാക്കുകൾ കേട്ടതും അവളുടെ നനുത്ത ജലകണങ്ങൾ പറ്റിപ്പിടിച്ച അധരങ്ങളിൽ മൃതു മന്ദഹാസം... "വൃതം മുറിക്കേണ്ടത് താമരയിതൾ പിളർത്തി കഴിച്ചാണ്.. എങ്കിലത്‌ ഇനി കഴിയില്ല... വൃതം ദേവി തന്നെ അവളുടെ ഇoഗിതത്തോടെ മുറിച്ചു " "മുറിഞ്ഞുവെന്നോ... എങ്ങിനെ? " അവനാകുലനായി "അതെ...എന്റെ സൈനികന്റെ ഉമിനീർ എന്റെ ആമാശയത്തിൽ എത്തിയിരിക്കുന്നു... " അവന്റെ കണ്ണുകൾ തുറിച്ചു. അത്ഭുതത്തോടെ നാണത്തോടെ തലകുനിച്ചു ചിരിക്കുന്ന തമ്പുരാട്ടിയെ നോക്കി അവൻ നിന്നു. എന്നെ ഭരിച്ചു കൊണ്ട് നടക്കേണ്ട തമ്പുരാട്ടിക്കുട്ടി എന്തുകൊണ്ടാണെന്നേ ലജ്ജയോടെ നോക്കുന്നത്... അവനമ്പരന്നു.... "തമ്പുരാട്ടി..?? എൻ..? !" "ഒന്നും പറയേണ്ടതില്ല...ഇന്നെന്റെ പിറന്നാൾ ദിവസം എനിക്ക് ദേവി നൽകിയ പിറന്നാൾ സമ്മാനം ഞാൻ ഇരുകയ്യും നീട്ടി മനം നിറഞ്ഞു സ്വീകരിച്ചിരിക്കുന്നു. നമുക്ക് പോകാം.. " പാർവതിതമ്പുരാട്ടി ദേവി വിഗ്രഹത്തെ നോക്കി ഒന്നുകൂടെ കൈകൂപ്പിക്കൊണ്ട്... മുൻപിൽ നടന്നു. അഗ്നിദേവൻ ഒന്നും മനസിലാകാത്ത തരത്തിൽ തന്റെ ശരീര കവചമെടുത്തു കൊണ്ടു അവളെ പിന്തുടർന്ന് നടന്നു.. വഴുവഴുത്ത ഗുഹകവാടത്തിനുള്ളിലേക്ക് അവരിരുവരും പ്രവേശിച്ചു... ഉള്ളിൽ ആകുലതയോടെ നിൽക്കുന്ന പടനായകൻ....

തമ്പുരാട്ടിയെ കണ്ടതും അദ്ദേഹം ആശ്വസിച്ചു. ശിരസു കുനിച്ചു കൊണ്ടു.. "അവിടുത്തേക്ക് ആപത്തൊന്നും പിണഞ്ഞില്ലല്ലോ...? " "ഇല്ല.. പടനായകന്റെ മകനെന്റെ ജീവൻ രക്ഷിച്ചു. ഒപ്പം..." അവൾ ചുണ്ടിൽ മന്ദഹാസത്തെ കൂട്ടുപിടിച്ചുകൊണ്ട് അഗ്നിദേവനു നേർക്ക് ദൃഷ്ടി പായിച്ചു. പടനായകന് തമ്പുരാട്ടിയുടെ പ്രകൃതത്തിൽ ഇതുവരെ കാണാത്ത ഭാവ വ്യാത്യസം കണ്ടതും ഉള്ളൊന്ന് കിടുങ്ങി... അയാൾ ഉടവാള് മുറുകെ പിടിച്ചുകൊണ്ടു അഗ്നിദേവനെ നോക്കി.. അവൻ തലകുനിച്ചു നിൽക്കുകയാണ്. അവൾ മറ്റൊന്നും നോക്കാതെ മുൻപിൽ നടന്നു. അവളെ പിന്തുടർന്ന് കൊണ്ടു അവരും. തോഴി കാത്തു നിൽക്കുന്ന ഗുഹയവസാനിക്കുന്നിടത്തു കവാടത്തിനു സമീപം എത്തിയപ്പോൾ "പടനായകൻ ഒന്ന് നിൽക്കു " പിന്നിൽ നിന്നും തമ്പുരാട്ടിയുടെ വിളി... കേൾക്കേണ്ട താമസം അയാൾ നില്പുറപ്പിച്ചു കൊണ്ടു തലകുനിച്ചു. "അരുൾ ചെയ്താലും.. "! "ക്ഷേത്രത്തിനകത്തേക്ക് അഗ്നിദേവൻ പ്രവേശിച്ചതും എന്റെ ജീവൻ രക്ഷിച്ചതും പിതാവിനെ ഞാൻ അറിയിച്ചു കൊള്ളാം... നിങ്ങളാരും പറയേണ്ടതില്ല. " "ഉവ്വ്.. !" "എങ്കിൽ പോകാം.. " ദേവിയെ തൊഴുതു കഴിഞ്ഞു മകളെ ആശിർവദിക്കാൻ നിൽക്കുന്ന തമ്പുരാനും പത്നിയും. സമയമേറെ ആയിട്ടും അവരെ കാണാത്തതിൽ പരിഭ്രമിച്ചു നിൽക്കവേ.... അവരുടെ പല്ലക്കിന്റെ അകമ്പടി താളം കർണപടത്തിൽ ശ്രവിച്ചു... ആശ്വാസത്തോടെ അവർ കൊട്ടാരത്തിൽ സിംഹാസനത്തിൽ ഉപവിഷ്ടരായി.

അടിമകളുടമകൾ എല്ലാവരും തമ്പുരാട്ടിയുടെ നീരാട്ട് കഴിഞ്ഞുള്ള വരവ് കാത്തു നിൽക്കുകയാണ്. ഉത്സവം തുടങ്ങാൻ കാത്തിരിപ്പിനൊടുവിൽ ഭീമകാരമായ സർപ്പ ഫണത്തെ കൊത്തിവെച്ച കൊട്ടാരവാതിൽ കടന്നു സ്വർണപല്ലക്ക് കൊട്ടാര മുറ്റത്തു വന്നു നിന്നു. പടനായകൻ വെളുത്ത കുതിരപ്പുറത്തു നിന്നും ഇറങ്ങി.. തമ്പുരാട്ടിയെ സ്വീകരിക്കാൻ ഒരുക്കിയ ചമയങ്ങളോട് "മേളം... തുടങ്ങട്ടെ... " എന്ന് ആർപ്പുവിളിച്ചു പറഞ്ഞു... ഉടനെ.. പല്ലക്കിൽ നിന്നും വെളിയിലേക്കിറങ്ങിയ തമ്പുരാട്ടിയെ... ആഡംബരത്തോടെ കൊട്ടാരത്തിനകത്തേക്ക് പ്രവേശിപ്പിച്ചു... തന്നെ കാത്തു സിംഹാസനത്തിൽ ഉപവിഷ്ടനായ തനിക് ഏറെ പ്രിയപ്പെട്ട പിതാവിനെ കണ്ടതും പാർവതി... ഉടനെ തന്നെ അവൾ കൊച്ചു കുഞ്ഞിനെ പോലെ പിതാവിനടുത്തേക്ക് ഓടിയടുത്തു.. ഓടിയടുത്ത മകളെ ചേർത്തു കൊണ്ടദ്ദേഹം അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. അടുത്ത നിമിഷം തമ്പുരാട്ടി അദ്ദേഹത്തിന്റെ പാദങ്ങൾ വലതു കരം കൊണ്ട് തൊട്ടു അനുഗ്രഹം വാങ്ങി.. കുനിഞ്ഞു നിന്ന തന്റെ പുത്രിയെ അദ്ദേഹം കൈപിടിച്ചെഴുന്നേല്പിച്ചു കൊണ്ടു ചോദിച്ചു. "പറയു... എന്റെ പ്രിയ പുത്രിക്ക് പിതാവ് ഇന്ന് നിന്റെ ജന്മദിനത്തിൽ എന്ത് സമ്മാനമാണ് നൽകേണ്ടത്..?? "

"പിതാവേ... അത്.. "! "പറയു പുത്രീ എന്തിനാണ് അമാന്ദം..? ! "സധൈര്യം എന്തും ചോദിക്കു പുത്രീ... ഇന്ന് നിന്റെ ദിനമാണ്. പവിത്രമാക്കപ്പെട്ട ദിനം. " "ചോദിക്കു തമ്പുരാട്ടി .... "(കൂടി നിൽക്കുന്ന ജനക്കൂട്ടങ്ങൾ എല്ലാവരും ഒന്നൊന്നായി വിളിച്ചു പറഞ്ഞു. ) പുറത്ത് അടിമകൾ ജനങ്ങൾ എല്ലാവരും തമ്പുരാട്ടിയുടെ നാവിൽ നിന്നും വരുന്ന അപൂർവ ആശയെ കേൾക്കാൻ കാതോർത്തിരുന്നു. "അതെ.. ചോദിക്കു... " പാർവതിക്ക് പതിവിൽ കവിഞ്ഞ ആശങ്കയും വെപ്രാളവും മനസ്സിൽ കടന്നു കൂടി.. "ചോദിക്കു പുത്രീ.. എല്ലാവരും അറിയട്ടെ.. " അരികിൽ നിന്നും മാതാവ് കൂടെ നിർബന്ധിച്ചപ്പോൾ അവൾ അഗ്നിദേവന്റെ നേർക്ക് ദൃഷ്ടി പായിച്ചു. പടനായകനരികിൽ ചേർന്നു നെഞ്ച് വിരിച്ചു കൊട്ടാരം വീക്ഷിച്ചുകൊണ്ടിരിക്കുന്ന അഗ്നിദേവൻ അവളുടെ ദൃഷ്ടി തന്നിലേക്കാണെന്ന് അറിയാതെ ചുറ്റും വീക്ഷിച്ചു കൊണ്ടിരുന്നു. മകളുടെ മിഴികൾ പാഞ്ഞിടത്തേക്ക് അവളുടെ വലതു കരം ഉയർന്നു പൊങ്ങി നീണ്ട വിരലുകൾ ചൂണ്ടിയ ഭാഗത്തേക്ക്‌ തമ്പുരാനും നോട്ടമെറിഞ്ഞു. കൂടെ മറ്റുള്ളവരും. കൊട്ടാരത്തിനരികിൽ കാവൽ നിൽക്കുന്ന അഗ്നിദേവനെ തന്നെ എല്ലാവരും നോക്കി നിന്നു... ജനങ്ങളുടെ മുറുമുറുപ്പ് കേട്ടപ്പോൾ.. അവൻ തലചെരിച്ചു നോക്കിയപ്പോൾ കണ്ടത്..

കൂടി നിൽക്കുന്ന സകലരും തന്നെ മത്സരിച്ചു നോക്കുന്നതാണ്. അതിനു മൂലകാരണം കണ്ണുകൾ കൊണ്ടു തിരഞ്ഞപ്പോൾ കണ്ടത് തനിക്കു നേരെ ചൂണ്ടി നിൽക്കുന്ന തമ്പുരാട്ടിയെ ആണ്, അവനാകെ പതറി. "പടനായകന്റെ മകനെ പുതിയ സേനാനായകനായി എന്റെ അംഗരക്ഷകനായി പ്രഖ്യാപിക്കണമെന്നാണ് എന്റെ ആവശ്യം.. !!" പടനായകൻ ഞെട്ടി തരിച്ചു. അവനും. കേട്ടുനിന്ന എല്ലാവരും ആശ്ചര്യത്തോടെ നോക്കി നിന്നു. "എന്താണ് പുത്രി പറയുന്നത്..? യുദ്ധമുറകൾ വശമില്ലാത്ത ഈ പൊടിച്ചെറുക്കനെ എങ്ങനെ ഞാൻ ഈ നാടിന്റെ തമ്പുരാട്ടി കുട്ടിയുടെ അoഗരക്ഷകനായി നിയമിക്കാനാണ്.. അസാധ്യം... " തമ്പുരാൻ ഉറക്കെ പറഞ്ഞു. കണ്ണുകളിൽ അരിശം പൂണ്ടിരുന്നു. കോപം കൊണ്ടു ജ്വലിച്ചു നിൽക്കുന്ന തന്റെ പിതാവിന്റെ ഹസ്തത്തിൽ പാർവതി കൈചേർത്തു പിടിച്ചു. "തക്കതായ കാരണമുണ്ട് പിതാവേ.. ഒന്നുമാലോചിക്കാതെ ഈ ഉള്ളവൾ ഒരു തീരുമാനമെടുക്കില്ലെന്ന് അങ്ങേക്കറിയില്ലേ..?? " "എന്ത് കാരണമാണ് പുത്രീ..? !" "കാരണം ഇന്ന് ഞാൻ ജീവനോടെ നിൽക്കുന്നത് അദ്ദേഹത്തിന്റെ ധീരത കൊണ്ടാണ്. " "എന്ത്..? നാമെന്താണീ കേൾക്കുന്നത്..? " ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു..

ക്ഷേത്രത്തിൽ വച്ചു കാലുടക്കി വീണതും ശേഷം അവൻ എന്നെ കരയിൽ എത്തിച്ചതും.. എല്ലാം പിതാവിനോനുണർത്തിച്ചു "കുളത്തിൽ കാലു വഴുതി വീണു രക്ഷിച്ചെന്ന പേരിൽ എങ്ങിനെയാണ് അംഗരക്ഷകനായി നാം അവനേ നിയമിക്കുക പുത്രീ നീന്തൽ അറിയുന്ന പത്തു വയസുള്ള ഒരു കുട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ് അത്.. " എങ്കിൽ ബാക്കി കൂടി കേൾക്കുക പിതാവേ... ബോധരഹിതയായി ഞാൻ ചലനമറ്റു കിടക്കുമ്പോൾ എന്നെ ആക്രമിക്കാൻ വന്ന ഒരു പറ്റം കാട്ടു മനുഷ്യന്മാരിൽ നിന്നും വളരെ വിദഗ്ധമായി അഗ്നിദേവനെന്നെ രക്ഷിച്ചു. "എന്ത്..??? !"എല്ലാവരും ഒന്നാകെ ചോദിച്ചു കൂടെ അവനും.. "അതെ.. സത്യമാണ്.!" "പുത്രിയെന്തു കൊണ്ടു വന്നയുടനെ എന്നെ ഇതുണർത്തിച്ചില്ല... ആരവിടെ... പടനായകന്റെ മകൻ അഗ്നിദേവനെ ഉടനെ എന്റെ മുൻപിലെത്തിക്കു... !!" തമ്പുരാൻ ഉറക്കെ അരുൾ ചെയ്തു... "ഞാൻ ഇവിടെ തന്നെ ഉണ്ട് തമ്പുരാൻ.. കല്പിച്ചാലും.. " അഗ്നിദേവൻ ഉടനെ പടക്കച്ചമുറുക്കി ശിരസു കുനിച്ചു തമ്പുരാന്റെ മുൻപിലേക്ക് കയറി നിന്നു. അവനേ കണ്ടമാത്രയിൽ അദ്ദേഹം ശരവേഗത്തിൽ അവനടുത്തേക്ക് നടന്നു നീങ്ങി... "പുണ്യമാക്കപ്പെട്ട ഭൂമിയിൽ രാജവംശക്കാരല്ലാതെ പാദം സ്പർശിച്ചാൽ തലവെട്ടുമെന്ന കാര്യം അഗ്നിദേവൻ മറന്നുവോ..?? ! "മറന്നിട്ടില്ല തമ്പുരാൻ.. എന്റെ ശിരസറുത്താലും തമ്പുരാട്ടിയുടെ ജീവൻ നഷ്ടപ്പെടാതെ നോക്കേണ്ടത് ഒരു സൈനികന്റെ കടമയല്ലേ...

അതുകൊണ്ടാണ് ഞാൻ അങ്ങിനെ പ്രവർത്തിച്ചത്..ശിക്ഷ ഇപ്പോൾ വിധിക്കാം, ഞാൻ ശിരസു കുനിച്ചു ഏറ്റു വാങ്ങുന്നതാണ്. . " ഒരു നിമിഷം കൊട്ടാരം നിശബ്ദമായ്. എല്ലാവരും അഗ്നിദേവന്റെ തലയറുക്കുന്ന വിധിക്കു വേണ്ടി കാതു കൂർപ്പിച്ചു നിന്നു. ഉള്ളിലടക്കിപിടിച്ച തേങ്ങൽ പലരുടെയും പല്ലിന്റെയും ചുണ്ടിന്റെയും ഇടയിൽ ജീവൻ ഭയന്ന് തങ്ങി നിന്നു. തമ്പുരാട്ടിയും ഒരു നിമിഷം പകച്ചു പോയി... കളവു പോലും പറഞ്ഞത് അവനേ അടുത്ത് കിട്ടുവാനാണ്.... അബദ്ധമായോ.. എല്ലാം.. എന്ന സന്ദേഹം.. "ഹ ഹ.. ഹ.. ശബാഷ്.... !!!! ഗംഭീരം... " "പടനായകന്റെ മകനു യുദ്ധമുറകൾ കാണാപാടം പടിക്കെണ്ടതില്ല.... അവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ധൈര്യവും ശൂരവുo തന്നെ ധാരാളം.... തലപോയാലും രാജാവും രാജ്യവുമാണ് വലുതെന്നു പറയാതെ പറഞ്ഞ പ്രവൃത്തിയിൽ കാണിച്ച.. അഗ്നിദേവനെ.. ഇന്നുമുതൽ.. നാട് കാക്കുന്ന സേനാനായകനായി ഈ നിമിഷം പ്രഖ്യാപിക്കുന്നു ഒപ്പം എന്റെ പുത്രിയുടെ അംഗരക്ഷകനായും വിളംബരം ചെയ്യുന്നു.. " "ഇതിലൊരു മറുചിന്തയില്ല.. !!!!"

തമ്പുരാൻ ഉറക്കെ കൈനിവർത്തി ശാസനം അറിയിച്ചു... പിന്തിരിഞ്ഞു മകളെ നോക്കിയതും അവൾ ഓടി വന്നു തമ്പുരാനെ മുറുകെ ചേർത്തു പിടിച്ചു. "നീ കണ്ടെത്തിയത് ഉത്തമനായ അംഗരക്ഷകനെ തന്നെ... ഇനി എല്ലാവർക്കും ആഘോഷങ്ങളിലേക്ക് കടക്കാം... !!! സന്തോഷം കൊണ്ടു കണ്ണുകൾ വിടർന്നു കൊണ്ടു അവൾ അഗ്നിദേവനെ നോക്കി.. അവൻ മുഖം തിരിച്ചു ആഘോഷ പരിപാടികളിലേക്ക് തിരിഞ്ഞു. അവളുടെ അധരങ്ങളിൽ അപ്പോഴും മന്ദഹാസം അലങ്കരിച്ചിരുന്നു. ആഘോഷവും ആർപ്പുവിളിയും ഏഴുലോകങ്ങളെയും മോഹിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു.. മൃഷ്ടാനം ഭോജനവും പൂക്കളും ആർപ്പുവിളിയും കൂടിക്കലർന്നത്.. ഇന്നുമുതൽ ഏഴു ദിനം ഇത്‌ തുടരും... സന്ധ്യമയങ്ങുമ്പോൾ ആഘോഷങ്ങൾ അവസാനിപ്പിച്ചു, പുലർച്ചക്ക് വീണ്ടും ആരംഭിക്കും... ആളും ആർപ്പുവിളിയും സന്ധ്യയോടെ തിരികെ മടങ്ങി... തമ്പുരാട്ടിക്കുട്ടി തന്റെ അന്തപുരത്തിലേക്ക് ക്ഷീണിതയായി തോഴിമാരോടൊപ്പം നടന്നു നീങ്ങി... അവളുടെ അഗ്നിദേവനെ മറഞ്ഞുള്ള നോട്ടം തോഴിമാരിൽ സംശയം ജനിപ്പിക്കുകയും അവനേ കുറിച്ചുള്ള വാതോരാതെ ഉള്ള സംസാരം അവരുടെ സംശയമുറപ്പിക്കുകയും ചെയ്തു

. തമ്പുരാട്ടിക്കുട്ടി കണ്ടെത്തിയ യോദ്ധാവിനെ പറഞ്ഞു അവളെ ജലസിയാക്കാൻ അവർക്കു വല്ലാത്തൊരു ലഹരി ആയിരുന്നു.. അങ്ങിനെ അങ്ങിനെ കഥ പറച്ചിലും നീരാട്ടും കഴിഞ്ഞു തമ്പുരാട്ടി മയങ്ങാനായി അന്തപുരത്തിൽ പട്ടുമെത്തയിൽ കിടന്നു... കിടന്നിട്ടും ഇരുന്നിട്ടും സ്വസ്ഥതയില്ല.... അവളുടെ ദേവനെ എപ്പോഴും കണ്ടു കൊണ്ടിരിക്കാൻ തോന്നുന്ന അവസ്ഥ... ഒരുതരം ഭ്രാന്തമായ അവസ്ഥ. ഒറ്റ നോട്ടത്തിൽ മനം മയക്കിയ യോദ്ധാവിനെ കണ്ണിൽ നിന്നും മനസ്സിൽ നിന്നും മായ്ക്കാനൊക്കുന്നില്ല... ഇന്നെനിക്ക് ലഭിച്ച സന്തോഷങ്ങളെക്കാൾ ഏറെ ഞാൻ തൃപ്തയായത് അവനിലാണ്. അവന്റെ അധരം എന്നിൽ ചേർന്നപ്പോൾ അണി വിരൽ മുതൽ മൂർധാവ്‌ വരെ ഉണ്ടായ ഒരു തരം മരവിപ്പിക്കുന്ന അവസ്ഥ അതിലാണ് ഞാൻ കണ്ണുതുറന്നത്... നീണ്ട പത്തു ദിവസം ഞാൻ കനമേറിയ ഭോജനങ്ങൾ ത്യജിച്ചു, കണക്കാക്കപെട്ട ഒരു കുഞ്ഞ് ചില്ലുപാത്രത്തിൽ ഇത്തിരി ജലം മാത്രം കുടിച്ചു വിധിപ്രകാരം ഞാൻ നോറ്റ വൃതം... കുളത്തിൽ നിന്നും കരയിലേക്ക് കയറി കണ്ണുതുറക്കുമ്പോൾ രുചിയുള്ള ഒരു വസ്തു കൊണ്ട് വൃതം മുറിക്കണം എന്നാണ് നിയമം. അതിനാണ് ചവർപ്പും പുളിപ്പും ഉള്ള താമരയിതൾ കഴിക്കുന്നത്...

എന്നാൽ.. ജലാശയത്തിൽ നിന്നും കരയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ നുണഞ്ഞത് ഉപ്പുരസം കലർന്ന മറ്റൊരു വസ്തു... എന്താണെന്നു നോക്കിയതും.. ഞാൻ അറിഞ്ഞത് മനോഹരമായ ഒരനുഭൂതിയാണ്. അവന്റെ കണ്ണുകൾ അവന്റെ അധരങ്ങളുടെ ചൂട് ശ്വാസത്തിന്റെ ഗതി... ഒന്നും മറക്കാൻ കഴിയുന്നില്ല.... ഇല്ലാ... ആ യോദ്ധാവിനെ മറക്കാൻ എനിക്ക് കഴിയില്ല.. ഇന്ന് ആദ്യമായ് പിതാവിനോട് കള്ളം പറഞ്ഞത് അവനു വേണ്ടിയാണു. അടുത്ത് കാണാൻ എന്നും എപ്പോഴും... എന്റെ അനുഭൂതി പറയാൻ... എന്നിട്ട് അവനെവിടെ... ഇതു വരെ കണ്ടില്ല... കൂടെ നിർത്താൻ കള്ളം പറഞ്ഞ ഞാൻ വിഡ്ഢി.. എവിടെ എന്റെ അംഗരക്ഷകൻ. എനിക്കിപ്പോൾ കാണണം. തോഴിമാരോക്കെ മയക്കത്തിൽ ആണ്. ഒന്നും നോക്കിയില്ല.. ഞാൻ എന്റെ കൊലുസഴിച്ചു വെച്ചു പതിയെ...ഉത്തരീയം കൊണ്ടു മുഖം മറച്ചു കെട്ടി ശബ്ദമുണ്ടാക്കാതെ ഞാൻ പരവതാനിയിൽ ചവിട്ടി മന്ദം മന്ദം അന്തപുരത്തിന്റെ വാതായനം തുറന്നു പുറത്തേക്ക് കാലു വെച്ചതും . പെട്ടെന്ന്... ആരോ എന്റെ വലംകയ്യിൽ പിടുത്തമിട്ടു പുറത്തേക്ക് വലിച്ചു.. അടുത്ത നിമിഷം എന്റെ കഴുത്തിൽ മൂർച്ചയുള്ള വാൾ ചേർന്നു... ഒരു നിമിഷം ഭയന്നെങ്കിലും..

എന്നെ ചേർത്തു പിടിച്ച ആളുടെ കരസ്പർശം ഏറ്റതും എന്റെ ഭയം അവസാനിച്ചു. ഞാൻ നിന്നു കൊടുത്തു അല്പം പോലും കുതറാതെ. "വധിക്കു സൈനിക... !!" ഞാൻ പറഞ്ഞു എന്റെ ശബ്ദം കേട്ടതും അവനെന്റെ മേലുള്ള പിടിവിട്ടു.. ഉടനെ അവൻ എനിക്ക് മുന്നിൽ തലകുനിച്ചു മുട്ട് കുത്തി നിന്നു. "മാപ്പാക്കണം... ഞാൻ കരുതിയത് ഇരുട്ടിൽ ആക്രമിക്കാൻ ആരോ... !!" "അറിയാം.. നീ നിന്റെ കൃത്യം നിർവഹിക്കാൻ നോക്കി... മാപ്പെന്തിന്..? അനുമോദനം മാത്രം.. !" "എന്തിനാണ് ഈ സമയങ്ങളിൽ അന്തപുരം വിട്ടിറങ്ങിയത്..? !ആവശ്യമെന്താണെന്ന് കല്പിച്ചാലും " "എന്റെ ആവശ്യo.. അത് നടപ്പിലാക്കി തരുമോ..?? " "തീർച്ചയായും .. "! അവിടുന്ന് കല്പിച്ചാലും. അവൻ അവന്റെ ഇരുകരങ്ങളും എനിക്ക് നേരെ നീട്ടി പിടിച്ചു. . അടുത്ത നിമിഷം ഞാൻ അവന്റെ കരങ്ങളിൽ സ്പർശിച്ചു. അവൻ അത്ഭുതത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി. "തമ്പുരാട്ടി..? ! എന്താണീ.. പ്രവർത്തിക്കുന്നത്..? " "ഞാൻ എനിക്ക് എന്റെ ജീവൻ നൽകിയ യോദ്ധാവിന് മുൻപിൽ എന്റെ പ്രണയം സമർപ്പിക്കുവാൻ പോകുന്നു.. " "തമ്പുരാട്ടി..?? !" "അതെ.. എനിക്ക് പ്രണയമാണ്. സ്വീകരിക്കണം... അതു മനസ്സിലാക്കാൻ അങ്ങു തയാറാകണം.. "

"ഏയ്‌.. എന്ത് അസംബദ്ധമാണ്.. തമ്പുരാട്ടി പുലമ്പുന്നത്..? ഞാനൊരു സൈനികൻ ആണ്. അവിടുന്ന് ഈ നാട് ഭരിക്കുന്ന തമ്പുരാന്റെ ഏക പുത്രിയും.. " "അതുകൊണ്ട്.. എനിക്ക് നിന്റെ കുലത്തിനോടല്ല പ്രണയം നീ എന്ന മനുഷ്യനോടാണ്. " "വേദാന്തo പുലമ്പാതെ, കയറി ചെല്ലാൻ നോക്കു തമ്പുരാട്ടി.. " "ഇല്ല, എനിക്ക് ഉത്തരം കിട്ടണം.. " "അവിടുത്തേക്ക് എന്നോട് പ്രണയമില്ല..?? " "പ്രണയമോ..?? അവിടുന്നിനോട് എനിക്ക് ബഹുമാനം മാത്രo... ". "എങ്കിൽ എനിക്ക് അടങ്ങാത്ത പ്രണയമാണങ്ങയോട്..അതു നിങ്ങൾ സ്വീകരിക്കണം. " "ഇന്ന് ജീവൻ രക്ഷിച്ചു എന്ന കാരണത്താൽ ഉള്ള ഒരു തരം നന്ദിയും താല്പര്യവുമാണ് അവിടുത്തേക്ക്.. എന്നോട്, പതിനേഴു വയസിൽ ഏതൊരു പെൺകുട്ടിക്കും ഒരു പുരുഷനോട് തോന്നുന്നത്.. അത് പ്രണയമെന്ന തെറ്റിദ്ധാരണയാണ്, ചെല്ലൂ.. ഒന്ന് മയങ്ങി എഴുന്നേറ്റാൽ മാറും ഈ ചിന്തയൊക്കെ.. " യാതൊരു ഭാവവ്യത്യാസവുമില്ലാതെ അഗ്നിദേവൻ തമ്പുരാട്ടിയോട് പറഞ്ഞു... "എന്റെ പ്രണയം കേവലമൊരു താല്പര്യം മാത്രമല്ലെന്ന് മാത്രo ഞാൻ തെളിയിച്ചാൽ അങ്ങു വിശ്വസിക്കുമോ..?? എന്റെ പ്രണയം സ്വീകരിക്കുമോ...?"

അവളുടെ ഓരോ വാക്കിലും നോക്കിലും അവനോടുള്ള പ്രണയവും വാശിയും നിരാശയും നിറഞ്ഞു നിന്നിരുന്നു... "ഞാൻ അപേക്ഷിക്കുന്നു തമ്പുരാട്ടി... അന്തപുരത്തിലേക്ക് പോകുവിൻ.. " "വാക്ക് തരൂ... ഞാൻ അത് തെളിയിച്ചാൽ അങ്ങെന്നെ പ്രണയിക്കുമെന്ന്, എങ്കിലേ മടങ്ങുകയുള്ളു " "തമ്പുരാട്ടി.. " "വാക്കു തരൂ.... " നിൽക്കക്കള്ളിയില്ലാതെ അവൻ . "വാക്ക്.. !!" എന്ന് ഉറപ്പു നൽകി... അവൾ ഉള്ളിൽ എടുത്ത ദൃഢ നിശ്ച്ചയോടെ അന്തപുരത്തിലേക്ക് കയറി... അവനതു കാര്യമാക്കിയില്ല.. അന്നു മുതൽ.. അവളുടെ ഓരോ ചുവട് വെപ്പിലും അവന്റെ കാവൽ ഉണ്ടായിരുന്നു...തോഴിമാരില്ലാത്ത ഓരോ നിമിഷവും അവൾ അവന്റെ മുൻപിൽ കെഞ്ചി... ചിലപ്പോൾ രോക്ഷകുലയായി.. ചിലപ്പോൾ വാശി പിടിച്ചു..ഒന്നിലും അവൻ അവൾക്കു മുൻപിൽ തളർന്നില്ല.. ഒരുപാട് ദിവസങ്ങൾ അങ്ങിനെ അങ്ങിനെ കടന്നു പോയി... നാട് വെട്ടിപ്പിടിക്കാൻ ബ്രിട്ടീഷുകാർ വരുന്നുണ്ടെന്ന കുറിമാനം രാജസദസിൽ എത്തി ചേർന്നു.. ഭയത്തോടെ എല്ലാവരും അതിനെ നോക്കി കണ്ടു...

അവരെ ചെറുക്കാനുള്ള യുദ്ദ തന്ത്രങ്ങൾ ഓരോന്നായി പയറ്റിത്തുടങ്ങി... അഗ്നിദേവൻ മുൻപന്തിയിൽ നിന്ന് എല്ലാത്തിനും നേതൃത്വം കൊടുത്തു . അപ്പോഴുo തന്റെ പ്രണയാഭ്യർത്ഥന അവൾ തുടർന്നു കൊണ്ടിരുന്നു.. ബ്രിട്ടുഷുകാരുടെ അടുത്ത വിളംബരം എത്തിച്ചേർന്നു. തീതുപ്പുന്ന യന്ത്രങ്ങളുമായി അവർ അതിർത്തി കടന്നെന്ന അറിയിപ്പ് ഹംസത്തിനു പിറകിൽ കെട്ടി അയച്ചു... അതു കണ്ടതും രാജാവും സൈനികരും ജാഗരൂകരായി... ഉടനെ അതിർത്തിൽ എത്തി അവരെ തടയണമെന്നുറപ്പിച്ചു കൊണ്ടു അഗ്നിദേവൻ തന്റെ പടക്കുതിരയിൽ തന്റെ സന്നാഹങ്ങളെ കൂട്ടി യാത്രയായി.... കനത്ത യുദ്ധം തന്നെ നടന്നു.. ഒരുപാട് പേര് കൊല്ലപ്പെട്ടു... എങ്കിലും.. തീതുപ്പികളെ കൊണ്ട് വന്ന വലിയൊരു സന്നാഹത്തെ അഗ്നിദേവൻ പിടിച്ചു കെട്ടുകയും... അവർക്കത് ഉപയോഗിക്കാൻ കഴിയാതെ വരികയും ചെയ്തു... അതിർത്തി കടന്ന ബ്രിട്ടീഷുകാരെ... ഒന്നനടങ്കം തോൽപിച്ചു തിരിച്ചയച്ചു.... പക്ഷെ ഇതിനിടെ.. അഗ്നിദേവൻ പിടിച്ചു വച്ച യന്ത്രങ്ങളേ കൂടാതെ ബ്രിട്ടീഷ് തലവന്റെ മേൽക്കുപ്പായത്തിൽ ഒളിപ്പിച്ച തീതുപ്പി അവനു നേർക് പ്രയോഗിച്ചു... അതെ, അവന്റെ വലം കയ്യിൽ തീതുപ്പിയിൽ നിന്നും വന്ന കൊടിയ വിഷാഗ്നി തുളച്ചു കയറി.....

ആ വീഴ്ചയിൽ അവൻ ആ തലവന്റെ നെഞ്ചിലേക്ക് അമ്പെയ്തു വീഴ്ത്തി... യുദ്ധമവസാനിച്ച ശേഷം അഗ്നി ദേവനെ പ്രഥമ സുസ്രൂഷക്ക് കൊട്ടാരവൈദ്യന്റെ മുന്പിലെത്തിച്ചു. അഗ്നിദേവന്റെ അവസ്ഥ അറിഞ്ഞ തമ്പുരാട്ടി മേലുകീഴ് നോക്കാതെ അവൻ കിടക്കുന്നിടത്തേക്ക് ഓടി... തോഴികൾ തടഞ്ഞെന്നാലും അവൾ അവരെ പിടിച്ചു മാറ്റി അവന്റടുക്കലേക്ക് ഓടി... കിതച്ചു കൊണ്ടു അവന്റെ അരികിൽ കരഞ്ഞു കൊണ്ടു അവൾ തലകുനിച്ചു.. തമ്പുരാട്ടിയുടെ പ്രവൃത്തികൾ കൊട്ടാര നിവാസികൾ കാണാതെ നിൽക്കാൻ തോഴികൾ കിണഞ്ഞു പരിശ്രമിച്ചു. മയക്കത്തിലായിരുന്നു അവൻ, അവളുടെ കണ്ണുനീരിന്റെ നനവ് പടർന്നെഴുന്നേറ്റു. അതു കണ്ടതും അവൾ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു അവനൊരുതരം തരിപ്പോടെ കിടന്നിടത്തു നിന്നും എഴുന്നേറ്റു കൊണ്ടു അവളെ ശാസിച്ചു.. അതവളിൽ ഒട്ടും പ്രതീക്ഷിക്കാത്ത പ്രഹരം ആണുണ്ടാക്കിയത്.. ഇത്രയും നാളവള് സഹിച്ചു.. പരിശ്രമിച്ചു. " ഒരു യുദ്ധത്തിൽ അവസാനിക്കാനുള്ളതാണ് എന്റെ ഈ ജീവൻ.. അതിനു ആർക്കും, ഒരു പ്രണയത്തിനും ഉടമസ്ഥാവകാശമോ ഉറപ്പോ നൽകാൻ കഴിയില്ലെന്ന്... "അവൻ വിളിച് പറഞ്ഞു.. തന്റെ അവസ്ഥ മനസിലാക്കണമെന്നും ഇതിൽ നിന്നും പിന്തിരിയണമെന്നും അവൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞതും...

അവളുടെ ക്ഷമ നശിച്ചു.. അവന്റെ അരയിൽ മറച്ചു കെട്ടിയ ഉടവാളെടുടുത്തവൾ ഒന്നും നോക്കാതെ അവളുടെ വലം കയ്യിൽ മാറി മാറി വരഞ്ഞു... അവളുടെ കയ്യിൽ നിന്നും രക്തം ചിന്തിയതും അവനാകെ പരിഭ്രമിച്ചു.. അവളുടെ ഉടയാട വലിച്ചെടുത്തു അതിൽ മുറുകെ കെട്ടാൻ നോക്കി... പക്ഷെ അവളവനെ തടഞ്ഞു "ഒരു യുദ്ദത്തിൽ അവസാനിക്കാനുള്ളതാണ് നിന്റെ ജീവനെങ്കിൽ.. എന്റേത് ഇങ്ങനെ അവസാനിക്കട്ടെ... "എന്ന് പറഞ്ഞുകൊണ്ടവൾ വീണ്ടും അവൻ പിടിച്ചു വെച്ച വാളു കൊണ്ടു അവളുടെ വയറ്റിൽ കുത്തി ഇറക്കാൻ നോക്കിയതും... ഒട്ടും പ്രതീക്ഷിക്കാതെ തമ്പുരാട്ടിയുടെ കവിളിൽ അവന്റെ കൈ പതിഞ്ഞു.... "പടെ... !" "ഇഷ്ടമാണ് തമ്പുരാട്ടി പെണ്ണേ എനിക്ക്... ജീവനാണ് നിന്നെ.... പ്രാണനാണ്.... എന്നു പറഞ്ഞു കൊണ്ടവൻ അവളെ നെഞ്ചോട് ചേർത്തമർത്തി... കരഞ്ഞു തളർന്ന അവളുടെ മുഖവും കഴുത്തും മാറും ചുംബനങ്ങൾ കൊണ്ടു പൊതിഞ്ഞു... " ..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story