നീലത്താമര💙: ഭാഗം 55

neelathamara

രചന: തൻസീഹ് വയനാട്

ദിനമതു പലതു കഴിഞ്ഞു തമ്പുരാട്ടിക്കുട്ടിക്ക് പതിനെട്ടു തികഞ്ഞു ആഘോഷങ്ങളും ആരവങ്ങളും ഒതുങ്ങി. വീണ്ടും ആനന്ദത്തിന്റെ നാളുകൾ മുളപൊട്ടി... പ്രണയം പൂത്തുലഞ്ഞു.... അങ്ങിനെ പോകെ.... വെള്ളിടി വെട്ടിയ പോലെ രാജസദസിൽ കൂടി നിൽക്കുന്നവരിലേക്ക് ഒരു സന്തോഷ വാർത്ത. വലിയ കോയി തമ്പുരാന്റെ പ്രിയ പുത്രൻ ആര്യൻ തമ്പുരാൻ അനന്തപുരം ദർശിക്കാൻ വരുന്നു. സമ്പത്ത് കൊണ്ടുo ആഢ്യത്വം കൊണ്ടും വിജയദേവുടു ഗോപ്പയേക്കാൾ ഏറെ മികച്ച പാരമ്പര്യമുള്ള രാജവംശം. ബ്രിട്ടീഷുകാരെ യാതൊരു കൂസലുമില്ലാതെ തുരത്തിയോടിച്ച തമ്പുരാന്റെ സേനയെയും തമ്പുരാനെയും അനുമോദിക്കുവാനും ഒപ്പം ഏക പുത്രി പാർവതി തമ്പുരാട്ടിയെ വിവാഹം കഴിക്കുവാനുള്ള അനുമതിയും തേടി വരുകയാണ്. കൊട്ടാരനിവാസികളെയും തമ്പുരാൻ ദമ്പതികളെയും ഏറെ സന്തോഷിത്തിലാഴ്ത്തിയ വാർത്ത നാടൊട്ടുക്ക് പരന്നു. സ്തംഭിച്ചു നിന്നത് തമ്പുരാട്ടിയും അഗ്നിദേവനും. വാർത്ത അറിഞ്ഞ ഉടനെ അവൾ അവനേ കാണുവാൻ കിണഞ്ഞു പരിശ്രമിച്ചു.

രക്ഷയുണ്ടായില്ല. ആര്യൻ തമ്പുരാന് മുഖം കാണിക്കൽ ചടങ്ങുള്ളതിനാൽ അവളെ അന്തപുരം വിട്ടു പുറത്തേക്കിറക്കിയില്ല. നിസ്സഹായതയുടെ നെടുവീർപ്പുകൾ ചുമരിനുള്ളിൽ തളം കെട്ടി നിന്നു. ഏത് നിമിഷവും പിന്തിരിഞ്ഞോടിയ ബ്രിട്ടീഷ് മേധാവി പിടിച്ചു വെച്ച യന്ത്രങ്ങളെയും കൂട്ടാളികളെയും വിടുതൽ നൽകാൻ സന്നാഹങ്ങളുമായി എത്തുമെന്ന അറിയിപ്പ് മറ്റൊരു വഴിക്ക് നീങ്ങവേ.. അഗ്നിദേവൻ ദേശ സേവനത്തിനായി പടക്കച്ചകെട്ടി ഇരുപത്തിനാലു നാഴികയും കുതിരപ്പുറത്തു പാഞ്ഞു.. കൊട്ടാരത്തിൽ തന്റെ പ്രേയസി മറ്റോരുവന്റെ മുൻപിൽ അണിഞ്ഞൊരുങ്ങി മരവിച്ച മനസുമായി നടന്നു നീങ്ങുന്ന കാഴ്ച അവൻ കണ്ണിൽ കണ്ടുവെങ്കിലും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ. "തമ്പുരാട്ടി ആഗമിച്ചാലും.. തമ്പുരാൻ എഴുന്നള്ളാൻ ആവശ്യപ്പെട്ടിരിക്കുന്നു.. !!" തോഴി അരുന്ധതി വ്യസനത്തോടെ പിന്തിരിഞ്ഞു നിൽക്കുന്ന പാർവതിയോട് ആരാഞ്ഞു. "നമുക്കാരെയും മുഖം കാണിക്കേണ്ടതില്ല. ചെന്നു പറഞ്ഞേക്കു "! "പിതാവ് കോപിഷ്ടനാകും തമ്പുരാട്ടി എഴുന്നള്ളിയാലും ഈ ഉള്ളവളുടെ അപേക്ഷ ആയി കണക്കാക്കുക.. " "ഒന്നു പോകു അരുന്ധതീ... !നാമൽപം തനിച്ചിരുന്നോട്ടെ.. " തമ്പുരാട്ടി സപ്രമഞ്ചത്തിന്‌ മുകളിൽ മുഖം പൂഴ്ത്തി..

ഇമ പൊട്ടിയൊഴുകാൻ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തോഴി പിന്തിരിഞ്ഞു പോയി... സഭയുടെ അരികിൽ ആര്യൻ തമ്പുരാനു വേണ്ടി പ്രത്യേകമൊരുക്കിയ അറക്കു മുൻപിലേക്ക് നടന്നു... മാതാവ് പത്മിനി തോഴി തനിച്ചു വന്നത് കണ്ടപ്പോൾ തന്നെ ആകുലതയോടെ കാര്യം അന്വേഷിക്കുന്നു. തോഴി ഒന്നും തുറന്നു പറയാത്തതു കണ്ടപ്പോൾ മാതാശ്രീ അവളുടെ അന്തപുരത്തിലേക്ക് പുറപ്പെട്ടു. "നീയിതുവരെ ചമഞ്ഞില്ലേ പുത്രീ.. പ്രതിസുദവരനവിടെ കാത്തുനിൽക്കവേ.. എന്തുകൊണ്ട് നീ മുഖം വാടി ഇരിക്കുന്നു..? " മാതാവവളുടെ നെറുകിൽ തലോടി കൊണ്ടു ചോദിച്ചു. മാതാവിന്റെ കരസ്പർശമേറ്റതും അവൾ മുഖമുയർത്തി... ആ നിമിഷം വരേയ്ക്കും അടക്കി പിടിച്ച തേങ്ങൽ ഒരു പൊട്ടിക്കരച്ചിലിൽ അവസാനിപ്പിച്ചു.. മാതാവ് പരിഭ്രമിച്ചു.. "പാർവതീ... നിനക്കീ വിവാഹത്തിൽ താല്പര്യമില്ലായെങ്കിൽ ആരും തന്നെ നിന്നെ നിര്ബന്ധിക്കില്ല പുത്രീ...ഒരു വാക്ക് ആരാഞ്ഞാൽ മതി നീ.. പരിഭ്രമിക്കേണ്ടതില്ല.. നാം പിതാവിനോട് അറിയിക്കുന്നതാണ്. " "എങ്കിൽ അതു മാത്രമല്ല മാതാവേ, മറ്റൊന്നു കൂടെ ഉണ്ട്.. !!"

ഏങ്ങലടിച്ചുകൊണ്ട് തമ്പുരാട്ടി മാതാവിന്റെ ഹസ്തങ്ങൾ ചേർത്തു പിടിച്ചു. "പറയു പുത്രീ.. എന്താണ് നിന്റെ വ്യസനം.. ഇന്നീ വേളയിൽ നിനക്കെന്താണ് പറയാനുള്ളത്? " "മാതാശ്രീ നമുക്ക് അഗ്നിദേവനോട് പ്രിയമാണ്..അദ്ദേഹമല്ലാതെ മറ്റൊരു ദേവനെ നാം പരിണയിക്കുകയില്ല !" അവളുടെ മൂർച്ചയേറിയ വാക്കുകൾ ശ്രവിച്ചതും മാതാവ് പത്മിനി അവളിൽ നിന്നുമകന്നു മാറി.. സ്തംഭിച്ചു കൊണ്ടു.. "എന്ത്..? !" "അതെ മാതെ... എനിക്കദ്ദേഹമില്ലാതെ കഴിയുകയില്ല... "അവൾ വീണ്ടും കണ്ണുനീർ വാർത്തു.. "സമാധാനിക്കു പുത്രീ..നാം ഇപ്പോൾ വരാം... " പിന്നീടൊരക്ഷരം ഉരിയാടാതെ പത്മിനി, തമ്പുരാന്റെ അടുക്കലേക് നടന്നു. കാത്തു നിൽക്കുന്ന ആര്യൻ തമ്പുരാനെ അഥിതികളുടെ സ്വീകരമുറിയിൽ വിശ്രമിക്കാൻ ആസനസ്ഥനാക്കി. ഉടനെ തമ്പുരാനെ തങ്ങളുടെ പള്ളിയറയിലേക്ക് തമ്പുരാട്ടി ക്ഷണിച്ചു വരുത്തി. പെട്ടെന്നുള്ള തമ്പുരാട്ടിയുടെ അരുളപ്പാടിൽ പന്തികേട് തോന്നിയ തമ്പുരാൻ എത്രയും പെട്ടെന്ന് അവരുടെ അടുക്കലേക്ക് ആഗതനായി. "എന്തിനാണ് ധൃതിയിൽ നമ്മെ വിളിച്ചു വരുത്തിയത് തമ്പുരാട്ടി..?? " അദ്ധെഹം സന്ദേഹത്തോടെ ആരാഞ്ഞു.. ആകുലതയോടെ തന്റെ ഉത്തരീയം മുറുകെ പിടിച്ചു ഞെരിച്ചുകൊണ്ട്..

"അങ്ങു നാം പറയുന്നത് ക്ഷമയോടെ കേൾക്കണം.. ഉടനെ തീരുമാനമെടുക്കരുത്..കോപിഷ്ടനാകരുത് "! "പറയു..? !" "നമ്മുടെ പുത്രി..? !" "പുത്രി..?? "! "അത്... അവൾ.... " "പറയു പത്മിനി എന്താണ് നമ്മുടെ പുത്രിക്ക്..?? ! "അവൾക്കീ പരിണയത്തിൽ ഈർഷ്യമുണ്ട്. !" "ഹ ഹ.. അത്രയേ ഉള്ളു.. നിസാരം... നമ്മെ വിട്ടു മറ്റൊരു കൊട്ടാരത്തിലേക്ക് ആഗമിക്കേണ്ടുന്ന അവസ്ഥയെ കുറിച് ആകുലയായികാണും പാർവതി.. ഇത്തരം നിസാര കാര്യങ്ങളെ ഒരു മാതാവെന്ന നിലക്ക്, പത്മിനി അവളെ കാര്യങ്ങൾ ധരിപ്പിച്ചു മനസിലാക്കികൊടുക്കേണ്ടതല്ലേ... " അദ്ദേഹം ആശ്വസിച്ചു.. "അല്ല.. അതല്ല അവളുടെ വ്യസനം.. " മാതാവ് ഒറ്റ വാക്കിൽ തമ്പുരാന്റെ പുഞ്ചിരിയെ മായ്ക്കുന്ന വണ്ണം പറഞ്ഞു തീർത്തു. "പിന്നെന്താണ്..? " "അംഗരക്ഷകനും, നാടിന്റെ സേനാനായകനുo, മുൻപുള്ള പടനായകന്റെ മകനും, വീരശൂരപരാക്രമിയുമായ അഗ്നിദേവനെ അവൾ പ്രണയിക്കുന്നു. പരിണയം ചെയ്യാൻ ആഗ്രഹിക്കുന്നു... !!" "എന്ത്...??? !" അയാൾ ഉടനെ ഉറയിൽ അമർത്തിയ വാളിൽ മുറുകെ പിടിച്ചു കണ്ണുകൾ ജ്വാലകണക്കെ തിളങ്ങി .

"കോപിഷ്ടനാകരുത്... അവളുടെ പ്രായത്തിന്റെ ചാപല്യമായി കണക്കാക്കണം... " "എന്താണ് തമ്പുരാട്ടീ പുലമ്പുന്നത്... കേവലം ശത്രുക്കളുടെ വാൾ മുനയിൽ തീരെണ്ട വെറുമൊരു ഭടന്റെ കുലത്തിലേക്ക് നാം നമ്മുടെ പുത്രിയെ നൽകണമെന്നോ.. അസംഭവ്യം.. !!" "എന്നു നാം ഉണർത്തിച്ചില്ല പ്രഭോ.. അങ്ങു ബുദ്ധിപരമായി കാര്യങ്ങൾ നീക്കണം. പാർവതിയെ നിജസ്ഥിതി പറഞ്ഞു മനസിലാക്കുക ഉചിതമല്ല. പ്രയാസവുമാണ്. അങ്ങ് അഗ്നിദേവന്റെ പിതാവിനോട് കാര്യങ്ങൾ ഉണർത്തിക്കുക സേനാനായകനെ പ്രണയത്തിൽ നിന്നു പിന്തിരിപ്പിക്കുക.. മറ്റൊ രു മാർഗമില്ല. !" "നമ്മുടെ മകൾക് വേണ്ടി പടനായകന്റെ പാദം സ്പർശിക്കണമെന്നാണോ... പുലമ്പുന്നത്..? " "ഒരിക്കലുമല്ല പ്രഭോ.... കല്പിച്ചാൽ മതി. അങ്ങുന്നു പറഞ്ഞാൽ ദേശസ്നേഹിയും അകമഴിഞ്ഞ തമ്പുരാൻ ബഹുമാനവും ഉള്ള പടനായകൻ കേൾക്കാതിരിക്കില്ല. " "ആര്യനോട് നാം എന്ത് പറയും..?? " "അദ്ദേഹം വിശ്രമിക്കട്ടെ.. യുദ്ധപ്പുറപ്പാടുകൾ കഴിഞ്ഞു അഗ്നിദേവൻ എത്തുന്നതിനു മുൻപ് അങ്ങ് പടനായകനെ നിജസ്തിതി അറിയിക്കുക. "

"ഹ്മ്മ്.. " മനസ് പുകച്ചു കൊണ്ടു തമ്പുരാൻ പടനായകന്റെ അരികിലേക്ക് നടന്നു. കാര്യങ്ങൾ അറിഞ്ഞതും അയാൾ അമ്പരന്നു. ഉടനെ തമ്പുരാന്റെ കാൽക്കൽ വീണു മാപ്പു പറഞ്ഞു... തന്റെ മകൻ ദേശ ദ്രോഹം ചെയ്യാതിരിക്കാൻ ശ്രമിച്ചു കൊള്ളാമെന്നും മാപ്പാക്കണമന്നും പറഞ്ഞപേക്ഷിച്ചു. ഒടുവിൽ അഗ്നിദേവന്റെ തിരിച്ചു വരവും കാത്ത് അവന്റെ പിതാവ് അക്ഷമയോടെ നിന്നു.. അവനെത്തിയതും തമ്പുരാട്ടിക്കുട്ടിയുമായുള്ള ബന്ധം ചോദ്യം ചെയ്യുകയും അതുപേക്ഷിക്കുകയും ചെയ്യണമെന്ന് ആജ്ഞാപിച്ചു... അറുത്ത് മാറ്റാൻ കഴിയാത്തത്ര ദൃഢതയിൽ ഞങ്ങളുടെ ബന്ധം വളർന്നു കഴിഞ്ഞെന്ന് അവൻ വാശിയോടെ പറഞ്ഞതും.. മുഖമടക്കി പിതാവിന്റെ ഹസ്തം അവന്റെ കവിളിൽ പതിഞ്ഞു. പിന്നേ മറ്റൊന്നും അവൻ ചിന്തിച്ചില്ല. തമ്പുരാന്റെ സഭയിൽ സിംഹാസനത്തിനടുത്തു ചെന്നു വാളൂരി അദ്ദേഹത്തിന് നേർക്ക് നീട്ടി പിടിച്ചു തലകുനിച്ചു കൊണ്ടു ധീരതയോടെ പറഞ്ഞു തീർത്തു. "പാർവതി തമ്പുരാട്ടിയും ഞാനും പ്രണയത്തിലാണ്. വിട്ടു പിരിയാൻ കഴിയാത്ത വണ്ണം...

അങ്ങയെ ധിക്കരിച്ചു കൊണ്ടു ഒരു തീരുമാനവും അഗ്നിദേവന്റെ ജീവിതത്തിൽ ഇല്ല...പക്ഷെ.. തമ്പുരാട്ടിയെ വിഷണ്ണതയിൽ ആഴ്ത്തരുത്.. !" "ഛീ... ആരവിടെ.. പിടിച്ചു കെട്ടവനെ... "ഇരുന്ന ഇരുപ്പിൽ സിംഹാസനം വിറപ്പിച്ചുകൊണ്ട് ആര്യദേവൻ അവന്റെ വാക്കുകൾ കേട്ടതും പുറത്തേക്ക് വന്നു അലറി വിളിച്ചു കൊണ്ടു അഗ്നിദേവന് നേരെ വാളുയർത്തി... അവന്റെ പ്രവൃത്തി കണ്ടതും കൈയിൽ പിടിച്ചമർത്തിയ മൂർച്ചയേറിയ വാൾ ആര്യന്റെ കഴുത്തിൽ അമർത്തി കൊണ്ടു "പാർവതി എന്റെയാ... മറ്റാർക്കും അവളിൽ അവകാശമില്ല.. !!" എന്നു പറഞ്ഞതും... "ദേവാ...... "എന്നലറി വിളിച്ചു കൊണ്ടു മുകളിൽ നിന്നും ചുമന്ന പരവതാനിയിലൂടെ ഓടി വന്നു കൊണ്ടു പാർവതി അവനേ മുറുകെ പിടിച്ചു. "ഹേയ്.... !!"എല്ലാം കണ്ടു കാഴ്ചക്കാരനെ പോലെ നിൽക്കുന്ന തമ്പുരാൻ വിറയ്ക്കുന്ന കവിളുകളും ജ്വലിക്കുന്ന കണ്ണുകളുമായി ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു... കൊട്ടാരം നിശ്ചലമായത് പോലെ.... അദ്ദേഹം കോപത്തോടെ സംസാരിക്കാൻ തുനിഞ്ഞതും കൊട്ടാര വാതിൽക്കൽ നിന്നും അശരീരി മുഴങ്ങി..

"ബ്രിട്ടീഷുകാർ പൂർവാധികം ശക്തിയോടെ നാടിനെ ആക്രമിക്കാൻ വരുന്നു..... എന്തെങ്കിലും ഉടനെ ചെയ്തേ കഴിയു.... "" കൊട്ടാരനിവാസികൾ സ്തംഭിച്ചു നിന്നു... എന്തെങ്കിലും ഉടനെ ചെയ്തേ കഴിയു.. എല്ലാവരും ആശങ്കയിലായി... "സേനാനായകൻ അഗ്നിദേവ.. !!" ആകുലതയോടെ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്ന അഗ്നിദേവനെ തമ്പുരാൻ അലറി വിളിച്ചു.. "ഈ ധർമ സങ്കടത്തിൽ നിന്നും ആര് ദേശത്തെ രക്ഷിക്കുന്നുവോ... അവനു ഞാൻ എന്റെ മകളെ വിവാഹം ചെയ്തു കൊടുക്കും... " "ഇതെന്റെ രാജശാസന... സമ്മതിക്കാത്ത പക്ഷം... അതെന്റെ പ്രിയ പുത്രിയാണെങ്കിൽ പോലും മേൽകീഴ് നോക്കാതെ ഞാൻ തലയറുക്കാൻ വിധിക്കും.." "ആര്യൻ തമ്പുരാനും അഗ്നിദേവനും ദേശത്തെ രക്ഷിക്കാൻ പൊയ്ക്കൊള്ളുക. ഉടനെ.. " രാജശാസനത്തിനു സമ്മതമാണെന്ന് അറിയിച്ചു കൊണ്ടു അവർ ഇരുവരും യുദ്ധത്തിന് പുറപ്പെട്ടു... ദിനമത് മൂന്ന് കഴിഞ്ഞു.. യുദ്ധമവസാനിച്ചില്ല. പക്ഷെ.. ജലപാനമില്ലാതെ തന്റെ പ്രിയനെ കാത്തു നിന്ന തമ്പുരാട്ടിക്കുട്ടി ക്ഷീണിതയായി മൂന്നാം നാൾ ബോധമറ്റു വീണു. കൊട്ടാരം വൈദ്യർ അവളെ ചികിത്സക്ക് വിധേയയാക്കി... ഉടനെ കാതടപ്പിക്കുന്ന വാർത്ത പരന്നു.. "തമ്പുരാട്ടി പാർവതി ഗർഭിണിയാണ്. !!" എല്ലാവരും അമ്പരന്നു.. തമ്പുരാൻ കോപിഷ്ഠനായി...

തന്നെ വഞ്ചിച്ച മകളെയും സേനാനായകനെയും വെറുത്തു. ഒടുവിൽ കടുത്ത തീരുമാനമെടുത്തു. തന്റെ മകളെ ചതിച്ച സേനാനായകനെ യുദ്ധത്തിൽ ചതിച്ചു വീഴ്ത്താൻ. കരുവായി തിരഞ്ഞെടുത്തത് അഗ്നിദേവന്റെ പിതാവിനെ തന്നെ. യുദ്ധത്തിൽ വിജയിച്ചു വരുവാൻ സാധ്യത കൂടുതൽ അഗ്നിദേവൻ ആണെന്നറിഞ്ഞതും അയാൾ പടനായകനെ യുദ്ധത്തിനയച്ചു. തമ്പുരാന്റെ കല്പന പ്രകാരം തമ്പുരാട്ടിയെ ചതിച്ച സേനാനായകനെ തലയറുത്തു കൊണ്ട് വരണമെന്ന് അനുശാസിച്ചു. അയാൾ കരഞ്ഞു കാലു പിടിച്ചപ്പോൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ അഗ്നിദേവനെ കൊന്നില്ലെങ്കിൽ... തമ്പുരാട്ടിയെയും അവളുടെ ഗർഭസ്ഥ ശിശുവിനെയും കൊല്ലുമെന്ന് തമ്പുരാൻ നിശ്ചയം പറഞ്ഞു. അയാൾ നിസ്സഹായനായി... ഒടുവിൽ തമ്പുരാട്ടി കുട്ടിയുടെയും തന്റെ മകന്റെ കുഞ്ഞിനേയും ഓർത്തു കൊണ്ടു അയാൾ വാളുമേന്തി കുതിരപ്പുറത്തു കയറി യുദ്ധക്കളത്തിലേക്ക് പുറപ്പെട്ടു. യുദ്ധം വിജയിച്ചു തലയെടുപ്പോടെ തന്റെ രാജകുമാരിയെ കാണാൻ കുതിരപ്പുറത്തു പാഞ്ഞു വരുന്ന തന്റെ ഏക പുത്രനെ അയാൾ കെണി വച്ചു വീഴ്ത്തി... കാലുടക്കിയ കുതിര അഗ്നിദേവനെയും കൊണ്ടു നിലതെറ്റി വീണു മറിഞ്ഞു.. മണ്ണിലേക്ക് ശിരസു കൂനിപ്പോയ അഗ്നിദേവൻ തലയുയർത്താൻ തുടങ്ങിയതും അയാൾ... കണ്ണുമടച്ചു അറുത്തെടുത്തു അവന്റെ ശിരസ്..... !!!! ..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story