നീലത്താമര💙: ഭാഗം 6

neelathamara

രചന: തൻസീഹ് വയനാട്

"ടീ... " വിളിച്ചത് കുറച്ചുത്തിലായി എന്നെനിക്കും തോന്നി.. പക്ഷെ ഇങ്ങനെ മൈൻഡ് ചെയ്യാതെ പോയാൽ ശരിയാകില്ലല്ലോ... എന്റെ വിളിക്ക് ഉത്തരം നൽകാനെന്നവണ്ണം അവൾ മുന്നോട്ട് എടുത്തു കാലുകൾ നിശ്ചലമാക്കികൊണ്ട് നിലയുറപ്പിച്ചു നിന്നു.... ഹാ അന്ത ഭയം ഇറുക്കണം കന്നടക്കാരി....മലയാളി മക്കളോടാ നിന്റെ കളി... അതും ഈ അച്ചായനോട്... ഏഹ്.. കന്നട അല്ല,,,,തെലുങ്ക്... നമുക്കേതായാലും അറബി പോലെയാ,,,,ഒരു അക്ഷരം മനസ്സിലാവൂല..... എന്തായാലും എന്റെ വിളി കേട്ടു പേടിച്ചു നിന്നതല്ലേ... ഇങ്ങോട്ട് വിളിക്കണ്ട അങ്ങോട്ടു ചെന്നേക്കാം... ദേഹത്തു പറ്റിയ വെള്ളത്തുള്ളികൾ തുടച്ചു നീക്കി.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു നിന്നു..... കർത്താവെ... ഈ കണ്ണുകളിലേക്ക് നോക്കി ഞാൻ എങ്ങനെ ദേഷ്യപ്പെടും... പൂർണചന്ദ്രന്റെ ശോഭ അവളുടെ മുഖത്തു തട്ടി എന്റെ കണ്ണുകളിലേക്ക് പ്രതിഫലിച്ചു... സ്വർണത്തിൽ കൊത്തിയ ശില്പം കണക്കെ നിൽക്കുന്ന അവളുടെ നോട്ടം മുന്നിൽ തടസ്സമായി നിൽക്കുന്ന എന്റെ മുഖത്തേക്ക് നീണ്ടെങ്കിലും അവിടെ പ്രത്യേകിച്ചു യാതൊരു ഭാവ വ്യത്യാസവുമിലായിരുന്നു....

.മഞ്ഞിച്ച ദാവണിയിൽ വെണ്ണയിൽ കടഞ്ഞെടുത്ത പോലുള്ള ശരീരം.... അപ്സരസു തന്നെ. എത്രയോ സ്ത്രീ രൂപങ്ങൾ എന്റെ മുന്നിലൂടെ പോയിട്ടുണ്ട്... അപ്പോഴോന്നും തോന്നാത്ത ഭ്രമിപ്പിക്കുന്ന ഒരു തരം ആകർഷണം ഇവലിൽ മാത്രമായി തോന്നുന്നു.... ഒരു പക്ഷെ എനിക്കായി കാത്തു വെച്ച എന്റെ പാതി ഇവളാകുമോ...?എന്റെ പുനർജന്മത്തിൽ എനിക്കായി വിരിഞ്ഞ എന്റെ നീലത്താമര... എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഞാനവളുടെ മുഖത്തേക്ക് നോക്കി നിന്നു....... പെട്ടെന്ന് ആ കാടൊട്ടാകെ ഇളക്കി മാറ്റാൻ കെല്പുള്ള അതിശക്തമായി ഒരു കൊടുങ്കാറ്റവിടെ ആഞ്ഞടിച്ചു...... കാട്ടിലുള്ള ഓരോ പുൽകൊടികളും വേരടക്കം പിഴുതു പറിഞ്ഞു പോരുമെന്ന അവസ്ഥയിൽ ആടിയുലഞ്ഞു......നിന്ന നിൽപ്പിൽ ഞാനും പറന്നു പോവുമെന്നു തോന്നി .... അരയിൽ കെട്ടിയ എന്റെ ഷർട്ട്‌ കെട്ടഴിഞ്ഞു പറന്നു പോയി... അവളുടെ ദാവണി കാറ്റിൽ ആടിയുലഞ്ഞു... നിലയുറക്കാത്ത കാലുകൾ എങ്ങനെയൊക്കെയോ എടുത്തുറപ്പിച്ചു ഞാൻ അവളുടെ അടുത്തേക്ക് നടന്നു..

ഓരോ അടിയിലും ഞാൻ പിന്നോട്ടേയ്ക്കാഞ്ഞു പൊയ്ക്കൊണ്ടിരുന്നു... ഒടുവിൽ ഞാനവളുടെ ധാവണിയിൽ പിടിത്തമിട്ടു... അപ്പോളും അവൾ കൈകൂപ്പി ക്ഷേത്രത്തിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു... ഇതെന്തു ജീവിയാണ്....? ഒന്നനങ്ങുക പോലും ചെയ്യാതെ..ഇത്രയ്ക്കു സ്റ്റാമിന ഇവൾക്കെങ്ങനെ...? കാറ്റിലാടിയുലയുന്ന അവളുടെ ധാവണി ഞാൻ പിടിച്ചു വച്ചു. മൃദുലമായ ശരീരത്തിൽ എന്റെ ഉള്ളം കൈകൾ അമർന്നു . ഒരു പുരുഷന്റെ കര സ്പർശം അവളുടെ ദേഹത്തമർന്നിട്ടും അവൾക്കൊരു അനക്കവുമില്ല.... നിൽക്കക്കള്ളിയില്ലാതെ പറന്നു പോകുമെന്ന് ഉറപ്പായപ്പോൾ ഞാൻ അവളെ ഇരു കൈകളും കൊണ്ട് ഇറുക്കെ ചേർത്ത് പിടിച്ചു... നിശ്ചലയായി നിൽക്കുന്ന അവളിൽ ഞാൻ അഭയം തേടി എന്നതാണ് സത്യം.... പെട്ടെന്ന് കാറ്റിന്റെ ശക്തി കുറഞ്ഞു ഞാനവളിൽ നിന്നും അടർന്നു മാറി..... മുഖമടച്ചൊരടി ആണ് ഞാൻ പ്രതീക്ഷിച്ചത്... പക്ഷെ അവൾ കൂപ്പിയ കൈകൾ എടുത്തു മാറ്റാതെ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു....

യാന്ത്രികമായി ഞാനവളെ പിന്തുടർന്നു.... ക്ഷേത്രത്തിലേക്ക് ഓരോ ചുവടു വെക്കുന്തോറും തലയ്ക്കു മുകളിലൂടെ പേരറിയാത്ത പൂക്കളുടെ ഇതളുകൾ ഞങ്ങൾക്ക് മീതെ വന്നു വീണു... കല്ലുകളിൽ തീർത്ത പടിക്കെട്ടുകൾ പൂക്കൾ കൊണ്ട് നിറഞ്ഞു... അതിൽ പാദങ്ങൾ കഴുകികയറുന്ന പോലെ ഞങ്ങളിരുവരും ക്ഷേത്രത്തിനകത്തേക്കു കയറി....ഒറ്റക്കല്ലിൽ തീർത്ത ക്ഷേതത്തിനിരുവശവും ഉയർന്നു നിൽക്കുന്ന ഭീമാകാരമായ തൂണുകൾ കടന്നവൾ ഉള്ളിലേക്ക് വലതു കാലുവെച്ചു കയറി കൂടെ ഞാനും..... പെട്ടെന്ന്... കൂരിരുട്ടിൽ മൂടിയ ക്ഷേത്രത്തിനിരുവശവുമുള്ള വൃത്താകൃതിയിൽ തീർത്ത അഴികൾക്കുള്ളിലൂടെ നിലാവെളിച്ചം അകത്തേക്ക് പ്രവേശിച്ചു... കണ്ണു തുറന്നു നേരെ നോക്കിയത് ഞങ്ങളുടെ നേർക് നോക്കി പുഞ്ചിരി തൂകുന്ന തിളങ്ങുന്ന വിഗ്രഹത്തിലേക്ക്... അതെ കല്ലിൽ തീർത്ത അർദ്ധനന്ഗ്നനയായ പാർവതി ദേവി. !!!!!! ഒടിവിലെന്റെ ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു. ഇരുകൈകളും അറിയാതെ വായുവിലുയർന്നു ദേവിയുടെ നേർക് കൂപ്പുകൈയുയർന്നു....

ഇരുകണ്ണുകളും അടഞ്ഞു.. എത്രയോ നേരം.... ഒരുപക്ഷെ മണിക്കൂറുകളോളം ഞങ്ങൾ ഇരുവരും അങ്ങിനെ നിന്നു കാണണം..... ചെവിയിൽ കിളികളുടെ കലമ്പൽ കേട്ടാണ് കണ്ണുതുറന്നത്... കാലിൽ എന്തോ ജീവനുള്ളത് വന്നു തട്ടി... "ക്ലൈപ്ചലിം.... " എന്നു കരഞ്ഞു കൊണ്ടോടി... ഞെട്ടി കണ്ണു തുറന്നു നോക്കിയപ്പോൾ അണ്ണാനാണ് .. ചുറ്റുമൊന്നു കണ്ണോടിച്ചു.... ഞാൻ ക്ഷേത്രത്തിനകത് കൈകൂപ്പി തന്നെ നിൽക്കുകയാണ്.... കണ്ണിൽ വെളിച്ചം തട്ടിയപ്പോൾ.. വല്ലാത്ത പുളിപ്പ്...നിന്നുറങ്ങി പോയോ ഞാൻ.. .. ഒന്നും മനസിലാകുന്നില്ല... ഇന്നലെ നടന്നതൊക്കെ ഞാൻ ഒന്ന് ഓർമിച്ചെടുക്കാൻ ശ്രമിച്ചു... നേരെ നോക്കിയപ്പോൾ ഭീമാകാരമായി നിൽക്കുന്ന വിഗ്രഹം... പക്ഷെ... രാത്രി കണ്ട ശോഭയിൽ ആണ് ദേവി ഒന്നുകൂടെ സൗന്ദര്യവതി... അതോർത്തപ്പോഴാണ് വന്ന ലക്ഷ്യത്തെക്കാൾ എന്റെ മനം കവർന്നവളെവിടെ..? അതെ.. ആ അപ്സരസ്സ്.. ഞാൻ ആ ക്ഷേത്രം മുഴുക്കെ തിരഞ്ഞു... ഓരോ കരിയിലകൾക്കിടയിലും ഒരു ഭ്രാന്തനെ പോലെ... അവളെ വിട്ടു കൂടാ.... ഒരിക്കൽ കൂടി കാണണം...

മനസിന്‌ വല്ലാത്ത വീർപ്പുമുട്ടൽ...ചുറ്റും ഓടിപ്പാഞ്ഞു തിരഞ്ഞു തളർന്നു.... പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ വിഗ്രഹത്തിനടുത്തേക്ക് ഓടി.... ഇനി നിനക്ക് മാത്രമേ അവളെ എന്റെ മുന്നിലെത്തിക്കാൻ കഴിയു... ഞാൻ നേരെ ചെന്നു മുട്ടുകുത്തി... എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു..... ഒന്നു മാത്രമേ പറഞ്ഞുള്ളു.... ഒരിക്കൽ കൂടി എനിക്കവളെ കാണണം...... ഉറച്ചു പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും നിരാശയോടെ മടങ്ങി... വന്നത് മറ്റൊരു കാര്യത്തിന് വേണ്ടി.. അത് സഫലമായിരിക്കുന്നു... പക്ഷെ... ഇന്നീ കണ്ട കാഴ്ചകളൊന്നും എനിക്കിപ്പോൾ സന്തോഷം നൽകുന്നില്ല..... മനസ് മുഴുവൻ അവളാണ്... യാന്ത്രികമായി വന്ന വഴിയേ തിരിച്ചു നടന്നുകൊണ്ടിരിന്നു..... അങ്ങോട്ടു പോകുമ്പോൾ ഉണ്ടായിരുന്ന ഒരു ഭീതിയും മനസ്സിൽ ഇല്ല... കണ്ട കാഴ്ചകളൊന്നും ആസ്വദിക്കാതെ മനസ് മുഴുവൻ ഒരു കനം പേറി കൊണ്ട് ഞാൻ തിരിച്ചു നടന്നു... അവസാനമായി...

വഴുവഴുത്ത വള്ളിപ്പടർപ്പുകൾ നിറഞ്ഞ ഗുഹ കവാടത്തിലെത്തിയപ്പോൾ ഇന്നലെ വിരിഞ്ഞു ഇന്ന് പുലർന്നപ്പോൾ കൂമ്പി നിൽക്കുന്ന നീലത്താമരയെ ഒന്നുകൂടി തിരിഞ്ഞു നോക്കി... ഞാൻ അതിനുള്ളിലേക്ക് കയറി.... പക്ഷെ.. മുഖത്തെന്തോ... മറ തീർത്ത പോലെ.. എന്തോ ഒരു തുണി എന്റെ മുഖത്തു വന്നു ശ്വാസം മുട്ടിക്കുന്നു... ഞാൻ അത് വലിച്ചെടുത്തു കൊണ്ട് ഇരുട്ടിലേക്ക് പ്രവേശിച്ചു.. എന്താണിത്.....? എന്തെങ്കിലും ആകട്ടെ... ഞാൻ അത് നിലത്തെറിയുവനായി കൈ പൊക്കിയതും ആ തുണിഎടുത്ത് ഒന്ന് മുഖത്തേക്ക് അടുപ്പിച്ചു.... അതെ... അതുതന്നെ... അവളുടെ ഗന്ധം... അവളെ ചേർത്തു പിടിച്ചപ്പോൾ ഞാൻ അനുഭവിച്ച മാദകഗന്ധം.... മനസ്സിൽ ഒരു വെള്ളിടി വെട്ടിയ പോലെ...ഒരു പക്ഷെ ഇതിനകത്ത് കാണുമോ..? ഞാൻ മുന്നോട്ട് കുതിച്ചു.... വളരെ വേഗത്തിൽ.. ആ ശീല ഞാൻ എടുത്തു കഴുത്തിൽ ചുറ്റി... വളരെ വേഗത്തിൽ മുന്നോട്ടെക്ക്...... പെട്ടെന്ന് ഓടുന്ന ഓട്ടത്തിൽ ഇരുട്ടായതു കൊണ്ടാകാം...

എന്തോ ഒരു വസ്തുവിൽ.. എന്റെ വലം കാൽ വെച്ചുകുത്തി.... ഞാൻ മറിഞ്ഞു വീണു..... "മ്മ്മ് മ്മ്..... ".... ആരുടെയോ... മൂളൽ..... ഒരു നിമിഷം പകച്ചു പോയ അവസ്ഥ.... അതൊരു സ്ത്രീയാണ്.. ഒരു പക്ഷെ.. അവളായിരിക്കുമോ.... ഞാൻ ഇരുട്ടിൽ തപ്പി... നിലം മുഴുക്കെ .... അവസാനം എന്റെ കൈകൾ ആ സ്ത്രീയുടെ ശരീരത്തിൽ തട്ടി.. അവളാണ് എന്നു തന്നെ മനസ് പറഞ്ഞു കൊണ്ടിരിക്കുന്നു... കണ്ണുകാണാതെ... ഞാനാ ശരീരം.. പരവേശത്തോടെ എടുത്തു പൊക്കി.. മുന്നോട്ട് നടന്നു.. വെളിച്ചം കാണുന്നത് വരെ... പക്ഷെ ശരീരമോ മനസോ തളർന്നില്ല... ആവേശം മാത്രമായിരുന്നു.. ഞാൻ ഉദ്ദേശിക്കുന്നവൾ തന്നെ ആകണേ എന്റെ കൈവെള്ളയിൽ എന്ന് ആയിരാമവർത്തി മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.... ഒടുവിൽ ഒരുപാട് നടന്നു നീങ്ങി.... പാറയുടെ മുൻകവാടം ദൃശ്യമായി.... അടങ്ങാത്ത സന്തോഷവും ആഹ്ലാദവും തോന്നി മനസിന്‌... വേഗത്തിൽ മുന്നോട്ട് കുതിച്ചു....

വെളിച്ചം മുഖത്തേക്ക് തട്ടുന്ന അവസ്ഥയിൽ കണ്ണുകൾ ഇറുക്കിയടച്ചു ഞാൻ എന്റെ കയ്യിലേക്കു നോക്കി...... കൃഷ്ണമണി വിടർന്നു... ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു....പൊൻപുലരിയുടെ തിളക്കം വശ്യതയേറിയ ആ മുഖത്തിനും ശരീരത്തിനും അഴക് കൂട്ടി.... അതെ അവള് തന്നെ.. എന്റെ അപ്സരസ്സ്. അർദ്ധനന്ഗ്നയായ ദേവി ജീവനോടെ എന്റെ കൈക്കുള്ളിൽ... താമര കൂമ്പിയ പോലുള്ള തളർന്ന കണ്ണുകൾ.. നീണ്ട മൂക്ക്, ഇളം മജന്ത നിറം കലർന്ന പനിനീർ ഇതളുകളിൽ തീർത്ത അധരങ്ങൾ.., ഓറഞ്ച് അല്ലി പോലുള്ള ചെവി... അഴിഞ്ഞുലഞ്ഞ കേശഭാരം...

ബാക്കി ഞാൻ വർണിക്കില്ല... ആ കാഴ്ച അതെനിക് മാത്രം എന്റെ കണ്ണുകൾക്ക് മാത്രം സ്വന്തമായിരിക്കട്ടെ.... കിതച്ചുകൊണ്ട് അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം എന്നെ അവളിലേക്ക് കാന്തം പോലെ ആകർഷിച്ചു കൊണ്ടിരുന്നു...യാന്ത്രികമായി തന്നെ എന്റെ മുഖം അവളുടെ അടഞ്ഞ കണ്ണുകൾ ലക്ഷ്യമാക്കി നീങ്ങി... ഒരു പൂവിന്റെ സുഗന്ധം അടുത്തറിയാനുള്ള ലാഘവത്തോടെ കൊതിയോടെ ഞാൻ അവളുടെ കണ്ണുകളിലേക്ക് എന്റെ അധരങ്ങൾ ചലിപ്പിച്ചു..... പക്ഷെ.... എന്റെ നെറ്റിയിൽ നിന്നുതിർന്ന എന്റെ വിയർപ്പു തുള്ളികൾ എനിക്ക് മുൻപേ അവളുടെ അടഞ്ഞ കണ്ണുകളിൽ തലോടി കൊണ്ട് അവളുടെ കണ്ണിലേക്കു ഇറ്റ് വീണു.... പതിയെ അവൾ മിഴികൾ തുറന്നു.......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story