നീലത്താമര💙: ഭാഗം 8

neelathamara

രചന: തൻസീഹ് വയനാട്

 "ഹ ഹ ഹ..... അവളിവിടെ എത്തിയതും നിന്നെയിവിടെ എത്തിച്ചതും നിങ്ങളൊന്നിക്കേണ്ടതും വിധിയാണ്..... മുൻജന്മത്തിൽ ശിവപാർവ്വതിയുടെ രാശിയിൽ പിറന്ന നിങ്ങൾ ഇരുവരും ഇനിയുള്ള ആയിരത്തി ഇരുന്നൂറു ജന്മങ്ങളിലും പരസ്പരം പാതികളായിരിക്കും.... കൂടിച്ചേരൽ എളുപ്പമല്ലാത്ത മുൾവേലിയും താമരയിതളും പോലെ നിങ്ങളിരുവരും അകന്നു നില്കും.... പക്ഷെ നിങ്ങളൊന്നിക്കേണ്ടവരാണ് അതൊരുപക്ഷേ നിങ്ങളുടെ അവസാനത്തിലേക്ക്,,,,,അല്ലെങ്കിൽ പുതിയൊരു ജന്മത്തിലേക്ക്......മുൻപോട്ട് പോവുക പരസ്പരം പഴിചാരാതെ ഒന്നിച്ചു യാത്രയാവുക.... ആടിയുലഞ്ഞടിച്ച കാറ്റിൽ പറ്റിച്ചേർന്നു നിന്നു ചെറുത്തു നിന്ന പോൽ ഒരുമിച്ചു നടക്കുക....നീ അവനും അവനു നീയും വഴി കാട്ടിയാവുക... " ഉയർന്നു നിൽക്കുന്ന മഹാഗണിയുടെ ചുവട്ടിൽ മെലിഞ്ഞു ശോഷിച്ച ശരീരവും കനമാർന്ന ശബ്ദവും കൊണ്ടയാൾ പറയുന്നത് ഞങ്ങളിരുവരും ഞെട്ടലോടെ കേട്ടു നിന്നു.....

അയാൾ പറഞ്ഞതിന്റെ പൊരുളറിയാതെ ഞങ്ങളിരുവരും പരസ്പരം മുഖത്തോടു മുഖം നോക്കി... " അമാന്തിക്കേണ്ടതില്ല....വിധിച്ചതിനെ വിട്ടുകളയാതെ മുൻപോട്ടു പോകുക...." വീണ്ടും അയാളുടെ വാക്കുകൾ കേട്ടതും ഞങ്ങൾ അയാളെത്തന്നെ തിരിഞ്ഞു നോക്കി.. പക്ഷെ,,,,,,,ആ വൃദ്ധൻ അവിടെ ഉണ്ടായിരുന്നില്ല....വളരെ പെട്ടെന്നു ഒരു മായാജാലക്കാരനെ പോലെ അയാൾ അപ്രത്യക്ഷമായിരിക്കുന്നു..... "എന്തൊക്കെയാണ് അയാൾ വിളിച്ചു പറഞ്ഞത്.....? " ഇരുന്നിടത്തുമെഴുന്നേറ്റു കൊണ്ടവളെന്നോട് ചോദിച്ചു. "സത്യങ്ങളാകാം.. അറിയില്ല. ...ഇതുവരെ പറഞ്ഞതൊന്നും തെറ്റിയിട്ടില്ല.... " "അപ്പോ അയാളെ മുൻപേ നിങ്ങൾക് അറിയുമോ....??" അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.... "അറിയും....ഇങ്ങോട്ടുള്ള വഴിയറിയാതെ വഴിയിൽ തളർന്നിരുന്ന എനിക്ക് ഒരശരീരി പോലെ വഴി പറഞ്ഞു തന്നത് ഇയാളാണ്.... ഭ്രാന്തു പറയുകയാണെന്നാണ് ആദ്യം കരുതിയത്....പക്ഷെ,,,,ഇവിടെയെത്തി അയാൾ പറഞ്ഞ ഓരോന്നും ആരോ എഴുതി വച്ച പോലെ പരമാർത്ഥങ്ങളാവുകയായിരുന്നു.

നീലത്താമരയുടെ ആദ്യ ഇതൾ വിരിയുന്ന ഭാഗത്തേക്ക്‌ നടന്നാൽ കാണുന്ന കവാടം കഴിഞ്ഞ് കാണുന്ന വഴിയിലൂടെ പോയാൽ ദേവി വിഗ്രഹം കാണുമെന്നതും.. ഒരത്ഭുതം പോലെ തോന്നുന്നു. സിനിമകളിലും കഥകളിലും വായിച്ചത് യഥാർത്ഥത്തിൽ സംഭവിക്കുന്നു. ഇവിടെ എത്തി ക്ഷേത്രത്തിന്റെ വഴിയിലൂടെ ദേവിയെ കാണാൻ പോകുമ്പോഴാണ്,,,,ആയിരം നീലത്താമരകൾ പൂത്തു നിൽക്കുന്ന കുളത്തിൽ നിന്നും ഒരപ്സ..... ( അതു പറയാൻ തുടങ്ങിയതും അവളൊന്നു തലയുയർത്തിയെന്നേ നോക്കി.. ) അല്ല... നീ അതിൽ നിന്നും എഴുന്നേറ്റു വന്നത്... ആരാണെന്നറിയാൻ നിന്നെ ഞാൻ വിളിച്ചെങ്കിലും നീ എന്നെ കാണാത്തത് പോലെ എന്നെ മറികടന്ന് പോയ്‌.. പെട്ടെന്നാണ് അതി ശക്തമായി കാറ്റു വീശിയത്, നിന്നനില്പിൽ പറന്നു പോകുന്ന തരത്തിലുള്ളത്.

പക്ഷെ നിനക്ക് ഒരു കുലുക്കവുമുണ്ടായില്ല.. .അതെന്നെ കുറചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.... നിന്റെ ദാവണി പറന്നു പോകുന്നു എന്ന് കണ്ടപ്പോൾ ഞാൻ അതു പിടിച്ചു വെക്കാൻ അടുത്തേക്ക് വന്നതാണ്....അപ്പോഴേക്കും കാറ്റിന്റെ ശക്തി വീണ്ടും വർധിച്ചു നിന്നിലഭയം തേടാതെ നിർവാഹമില്ലാതെ നിന്നെ പിടിച്ചു ഞാൻ നിന്നു. കാറ്റിന്റെ ശക്തി കുറയുന്നത് വരെ... " എല്ലാം ഒരത്ഭുതകഥ കേൾക്കുന്ന ലാഘവത്തോടെ അവൾ കേട്ടിരുന്നു. "പിന്നീട് നമ്മളിരുവരും ക്ഷേത്രത്തിൽ ചെന്നു ദേവിയെ ദർശിച്ചു. കണ്ണുകളടച്ചു കൈകൂപ്പി നിന്നത് മാത്രമേ ഓർമ്മ ഉള്ളു.. പിന്നീട് കണ്ണു തുറന്നപ്പോൾ നേരം വെളുത്തിരിക്കുന്നു. കാണാൻ കൊതിച്ച ദേവിയെയും കൂമ്പിയടഞ്ഞ താമരമൊട്ടുകളും എല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു.. പക്ഷെ എനിക്ക് വഴികാട്ടിയ നിന്നെ ഞാൻ കണ്ടില്ല.. ആ നിന്നെ തിരഞ്ഞു തിരിച്ചിറങ്ങിയതാണ് ഞാൻ....ഗുഹാകവാടത്തിൽ കിടന്നു കിട്ടിയതാണ് നിന്റെ ദാവണി...

.അതെടുത്തു കഴുത്തിൽ ചുറ്റി നിന്നെ തിരഞ്ഞു മുന്നോട്ട് നടക്കുമ്പോഴാണ് എന്തിലോ തട്ടി ഞാൻ വീണത്....അതൊരു സ്ത്രീ ആണെന്ന് ഒരു ഞെരുക്കത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്.....ആ കൂരാകൂരിരുട്ടിൽ നിന്നെയും എടുത്ത് ഞാൻ പുറത്തെ വെളിച്ചത്തിലേക്ക് കിതച്ചു ഓടിയത് ഇന്നലെ എന്റെ വഴികാട്ടിയായ നീ തന്നെ ആണോ എന്റെ കണ്മുന്നിലെന്ന് അറിയാനാണ്.....പകൽ വെളിച്ചത്തിൽ നിന്റെ മുഖം സൂക്ഷിച്ചു നോക്കുമ്പോഴാണ് നീ കണ്ണുതുറന്നത്....അല്ലാതെ നീ കരുതും പോലെ നിന്നെ ഞാൻ ചതിച്ചിട്ടില്ല..." എല്ലാം പറഞ്ഞവസാനിപ്പിച്ചു ഞാൻ അവളെ പിന്തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം കേട്ടു തരിച്ചു നിൽക്കുന്ന അവളെയാണ് കാണുന്നത്. "ടോ....." ഞാനവളുടെ അടുത്തേക്ക് ചെന്നു തട്ടി വിളിച്ചു.. ഒരു സ്വപ്നത്തിലെന്ന പോലെ അവൾ ഞെട്ടിയുണർന്നു എന്റെ മുഖത്തേക്ക് നോക്കി... "എന്താ ഒന്നും മിണ്ടാത്തെ....? " "ങേ.ഹ്... അതു.. അത്.. ഞ.. ഞാൻ... എനിക്കറിയില്ല... ഒന്നും എനികോർമ്മയില്ല....

ഇന്നലെ നേരം വെളുത്തത് മുതൽ ഓരോരോ സത്യങ്ങൾ കേട്ടു ഒരു തരം ഞെട്ടലിലാണ് ഞാൻ.... " "എന്ത് സത്യങ്ങൾ..? " ഈ നാട്ടിലെ ഒരു നമ്പൂതിരി കുടുംബം ആണെന്റേത്....ഇന്നലെ എന്റെ ജന്മദിനവും.... പുലർച്ചെ നടയിൽ പോയി വന്ന അച്ഛൻ എനിക്ക് ഒരു കെട്ടു താളിയോല നീട്ടികൊണ്ട് പറഞ്ഞതൊക്കെ ഒരു സ്വപ്‌നമാണെന്ന്‌ കരുതി..." "എന്ത്..? " ഈ നാട്ടിലെ സർവൈശ്വര്യമായ ദേവിയുടെ രാശിയിൽ പിറന്ന എനിക്ക് ഇരുപത് തികയുന്ന നാളിൽ എന്നെ അറിയിക്കേണ്ട ചില കാര്യങ്ങൾ ആണെന്ന് പറഞ്ഞു.. കുളിച്ചു ശുദ്ധിയായി വന്നു ഞാൻ താളിയോലകൾ വായിച്ച ഞാൻ നടുങ്ങിയിരുന്നുപോയി...." "ഓരോ വാക്കിലും ദേവിയുടെയും ദേവന്റെയും പ്രണയാർദ്രമായ കഥകൾ, പക്ഷെ തടസങ്ങൾ നിറഞ്ഞ അവരുടെ പ്രണയം അതിന്റെ പാരമ്യതയിലെത്തിയില്ല... പരമശിവൻ ദേവിയെ ഭൂമിയിലേക്ക് അയച്ചു... നാളെ മറ്റൊരു മനുഷ്യ രൂപം പൂണ്ടു ദേവനും ഭൂമിയിലേക്ക് വരുമെന്നും....

ദേവലോകത്തു നിന്നും ഒന്നിക്കാത്ത പ്രണയം ഭൂമിയിൽ വച്ചു സഫലമാകുകയും ചെയ്യുമെന്ന് വാക്കുകൊടുത്തു...പക്ഷെ ഭൂമിയിലേക്ക് അയക്കപ്പെട്ട ദേവിയെ വഴിതെറ്റിച്ചു കൊണ്ട് ഇന്ദ്രൻ ദേവിയെ ഇന്നീക്കാണുന്ന അനന്തപുരത്തിലെത്തിച്ചു...ശിവന്റെ വാക്ക് മറികടന്നു ദേവി മറ്റൊരു ദേശത്തേക്ക് എത്തിപ്പെട്ടത് ശിവനെ ക്ഷിപ്രകോപിയാക്കി... ദേവിയെ ശപിച്ചു.... ഇനിയെന്നും നീ നിന്റെ സഫലീകരിക്കാത്ത പ്രണയത്തിനു വേണ്ടി കാത്തിരിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു ദേവിയെ ശിലയാക്കി മടങ്ങി....." "പക്ഷെ എന്നെ ഞെട്ടിച്ചത് അതൊന്നുമല്ലായിരുന്നു.. ദേവിയുടെ നിരപരാധിത്വം തിരിച്ചറിഞ്ഞ ശിവ ഭഗവാൻ ശിലയായി മാറിയ ദേവിയുടെ മുൻപിൽ ചെന്നു മാപ്പു ചോദിച്ചു,,,,കൂടാതെ ഒരു ശപഥവുമെടുത്തു,,,, സഫലീകരിക്കാത്ത പ്രണയത്തെ കൂട്ടിച്ചേർക്കാൻ മനുഷ്യരിലൂടെ ചിലരെ കണ്ടെത്തി....ആാാ കണ്ടെത്തിയ പ്രണയ ജോഡികളിൽ ഒരാൾ ഞാൻ ആണെന്ന സത്യം...

അതെ ദേവിയുടെ രാശിയിൽ പിറന്ന എന്നെയും അതിലുൾപ്പെടുത്തിയിരിക്കുന്നു എന്ന സത്യം... പക്ഷെ അതിനു ആദ്യം മറഞ്ഞു കിടക്കുന്ന ദേവി രൂപം കാണണം അതിന് വേണ്ടി വൃതമെടുക്കണം.... ദക്ഷിണവെച്ചു വൃതം നോറ്റു ഇന്നലെ കണ്ണടച്ച ഞാൻ ഇന്നിവിടെ....." "ഒന്നും വിശ്വസിക്കാനോ ഉൾകൊള്ളാനോ ആവുന്നില്ല.....തലപെരുക്കുന്നു...." എന്തൊക്കെയോ പിറുത്തുകൊണ്ട് തലയിൽ കൈവെച്ചു അവൾ മുട്ടുകുത്തി വീണ്ടും കൈകൾ കൊണ്ട് മുഖം പൊത്തി... ഞാനവളുടെ അടുത്തേക്കു ചെന്നു അവളുടെ തോളിൽ വലതു കൈ ചേർത്തു ... "ടോ... വിഷമിക്കല്ലേ... എന്ത് ചെയ്യാനാണ്... നമ്മളൊന്നിക്കണമെന്നത് ദൈവഹിതമായി പോയില്ലേ... സാരമില്ല.... എനിക്ക് വിരോധമൊന്നുമില്ല.. തനിക്കൊരു ജീവിതം നൽകാൻ എനിക്ക് സമ്മതമാണ്...." തലകുനിച്ചു നിന്ന അവൾ എന്റെ നേർക്ക് നോക്കി... മുഖത്തു നോക്കി പുച്ഛിച്ചു കൊണ്ട്.... "അയ്യ്യ്യട..... ഒരു മഹാമനസ്കൻ വന്നിരിക്കുന്നു....മാറിനിൽക്കെടോ അങ്ങോട്ട്....." ഞാനാകെ ഇളിഭ്യവിഷണ്ണനായി പോയി... വേണ്ടായിരുന്നു......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story