നീലി: ഭാഗം 9

neeli

രചന: റിഷാന നഫ്‌സൽ

''റാം.. ഈശ്വരാ എന്നെ ഒന്ന് അങ്ങോട്ടേക്കെടുക്കോ... '' കാശി മുകളിലേക്ക് നോക്കി പറഞ്ഞു. വിക്കി റാമിനെയും നീലുവിനെയും ഋഷിയെയും മാറി മാറി നോക്കി. ''ഞാൻ തന്നെ പറയാം, ഞാൻ അഭിറാം മേനോൻ, രെമ്യ മേനോന്റെ ഏട്ടൻ..'' വിക്കിയും കാശിയും അവനെ അത്ഭുതത്തോടെ നോക്കി. ''അതെ സംശയിക്കണ്ട നീലിയുടെയും വീക്ഷയുടെയും സുഹൃത്തായിരുന്ന രെമ്യ തന്നെ..'' റാം. ''പക്ഷെ ഇവരുടെ കൂടെ.. എന്തിനു??'' വിക്കി സംശയത്തോടെ ചോദിച്ചു. ''എന്റെ അനിയത്തിക്ക് വേണ്ടി..'' റാം. ''അതിനു രമ്യക്ക് എന്താ പറ്റിയെ, അവൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ സുഗമായി ജീവിക്കുകയല്ലേ ലണ്ടനിൽ..'' വിക്കി. ''അതെ, ഇപ്പൊ രണ്ടു വർഷമായി.'' റാം ഒന്ന് പുഞ്ചിരിച്ചു. ''പിന്നെ എന്താ പ്രശ്നം..'' കാശി. ''രെമ്യ മാത്രമല്ല അതിനു താഴെ ഒരാൾ കൂടി ഉണ്ട് എനിക്ക്, റിവ്യ.. അവൾക്കു വേണ്ടി..'' അത് പറയുമ്പോൾ റാമിന്റെ കണ്ണുകൾ ചുവന്നു. ''മനസ്സിലായില്ല, അന്ന് രേമ്യയുടേയും ഖദീജയുടെയും അനിയത്തിമാരെ തട്ടിക്കൊണ്ടുപോയാണ്‌ അവരെ കൊണ്ട് കള്ളം പറയിച്ചതെന്നു അന്ന പറഞ്ഞിരുന്നു.

ഞാൻ അന്വേഷിച്ചപ്പോൾ അവർ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തി എന്നാണല്ലോ അറിഞ്ഞത്. '' വിക്കി. ''അതെ എത്തിയിരുന്നു. അന്ന് വീക്ഷക്കെതിരെ കള്ളസാക്ഷി പറയാൻ കഴിയില്ല എന്ന് രെമ്യ പറഞ്ഞപ്പോ പത്തിൽ പേടിച്ചോണ്ടിരുന്ന റിവ്യയെയും ഫാത്തിമയെയും അവർ തട്ടിക്കൊണ്ടു പോയി. ഞാൻ ആ സമയം ജോലി കിട്ടി ദുബായിൽ ആയിരുന്നു. അവരുടെ ഭീഷണി ഭയന്ന് എന്നെയും ഒന്നും അറിയിച്ചില്ല. രെമ്യയും ബാക്കിയുള്ളവരും കള്ളസാക്ഷി പറയുകയും വീക്ഷയുടെ കേസ് തള്ളിപ്പോവുകയും ചെയ്തു. അന്ന് രാത്രി റിവ്യ വീട്ടിലേക്കു തിരിച്ചെത്തി.'' റാം. ''പിന്നെന്തായിരുന്നു പ്രശനം..'' കാശി. ''റിവ്യ വീട്ടിലേക്കു തിരിച്ചു വന്നപ്പോ ആകെ മാറിയിരുന്നു. ഏതു നേരവും കല പില സംസാരിച്ചോണ്ടിരുന്നവൾ ഒന്നും മിണ്ടാതെ ആയി. ഒരു ദിവസം രാവിലെ എണീറ്റപ്പോ കണ്ടത് കയ്യുടെ ഞരമ്പു മുറിച്ച റിവ്യയെ ആയിരുന്നു. അതോടെ ആയപ്പോ വീട്ടീന്ന് എന്നെ വിളിച്ചു. കിട്ടിയ ഫ്ലയിറ്റിൽ ഞാൻ നാട്ടിലെത്തി. ആര് ചോദിച്ചിട്ടും ഒന്നും പറയാതിരുന്നവൾ എന്നെ കണ്ടപ്പോ പൊട്ടിക്കരഞ്ഞു.എന്നോട് അവൾ എല്ലാം പറഞ്ഞു.

'' റാമിന്റെ കണ്ണുകൾ ചുവന്നു. ഋഷി അവന്റെ തോളിൽ കൈ വച്ചു. ''ഫാത്തിമയെ വിടാൻ റോഷൻ ആയിരുന്നു പോയത്. റിവ്യയുടെ കൂടെ നിഷാന്തും റിച്ചാർഡും. വീട്ടിലേക്കുള്ള യാത്രയിൽ ആ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്മാർ എന്റെ പെങ്ങളെ.. പാവം, ആരോടേലും പറഞ്ഞാൽ അവളുടെ ഫോട്ടോസും വിഡിയോയും എല്ലാരേയും കാണിക്കുമെന്ന് പറഞ്ഞു. മറ്റാരോടും ഒന്നും പറയാൻ പാടില്ല എന്ന് ഞാൻ റിവ്യയെ കൊണ്ട് സത്യം ചെയ്യിച്ചു. എല്ലാം അറിഞ്ഞു അവരോടു ചോദിക്കാൻ ചെന്ന എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി. ഋഷിയാണ് എന്നെ രക്ഷിച്ചത്. അന്ന് മുതൽ ഞാനുമുണ്ട് ഇവരുടെ കൂടെ. ഞങ്ങളുടെ നാലുവർഷത്തെ പ്ലാനിംഗ് ആണ് ആ ഒമ്പതെണ്ണവും ഇപ്പൊ മണ്ണിനടിയിൽ കിടക്കുന്നത്.'' റാം സന്തോഷത്തോടെ പറഞ്ഞു. ''അപ്പൊ രചന..???'' വിക്കി. ''അവൾക്കൊന്നും അറിയില്ല. ഞങ്ങൾ ഉണ്ടാക്കിയ ഞങ്ങളുടെ സാക്ഷി. എല്ലാം പ്ലാൻഡ് ആയിരുന്നു. അവളെ കല്യാണം ആലോചിച്ചത് വരെ.'' റാം.

''അത് വേണ്ടായിരുന്നു.. പാവം ഇനി അവളുടെ ജീവിതം എന്താവും.. പാവം... ആഹ് ഞാനിവിടുണ്ടല്ലോ..'' കാശി. ''അയ്യടാ.. നല്ല പൂതി. അവളെ സാക്ഷിയാകാൻ ഇത്തിരി കളിച്ചു എന്നെ ഉള്ളൂ, അവളോടുള്ള സ്നേഹവും ഈ കല്യാണവുമൊക്കെ ഒറിജിനൽ ആണ് മോനെ.. അങ്ങോട്ടേക്ക് വച്ച ചട്ടീം കലോം മോൻ അങ്ങ് വെസ്റ്റിലിട്ടേക്കു..'' റാം. വിക്കി അപ്പോളും എന്തോ ആലോചനയിൽ ആയിരുന്നു. ഋഷി അവന്റെ ഷോള്ഡറില് കൈ വച്ചു. ''എനിക്കറിയാം നീ ആലോചിക്കുന്നത്. റിച്ചാർഡും നിഷാന്തും തമ്മിൽ അങ്ങനെ ഒന്നും ഇല്ല. എല്ലാം ഞങ്ങളുടെ പ്ലാൻ ആണ്. ഇവളുടെ കള്ളക്കഥ.'' ഋഷി നീലുവിനെ കാണിച്ചു പറഞ്ഞു. ''അതെ അങ്ങനൊരു കഥ ഉണ്ടാക്കിയത് കൊണ്ടാണ് അവരുടെ പേരെന്റ്സ് ഇതിന്റെ പിന്നാലെ പോവാതിരുന്നത്. മറ്റെന്തായാലും അവർ വിശ്വസിക്കില്ല.'' നീലു. ''അപ്പൊ അന്ന് അവരെ ഒരുമിച്ചു കണ്ടു എന്ന് പറഞ്ഞത്???'' വിക്കി. ''അതൊക്കെ ധാ ഈ തലയിൽ നിന്നും വന്നതാണ്.'' ഋഷി നീലുവിനെ കാണിച്ചിട്ട് പറഞ്ഞു. അവളൊന്നു അവനെ നോക്കി ഇളിച്ചു കാണിച്ചു.

നിഷാന്തും റിച്ചാർഡും ഞങ്ങളോട് ആദ്യമൊക്കെ നല്ല പെരുമാറ്റം ആയിരുന്നു എങ്കിലും പിന്നെ പിന്നെ ഞങ്ങൾ പറഞ്ഞ പോലെ തട്ടലും മുട്ടലുമൊക്കെ ഉണ്ടായിരുന്നു. അന്ന് അവൻ എന്നെ കയറിപ്പിടിച്ചു എന്ന് പറഞ്ഞ ദിവസം നിഷാന്ത് പറഞ്ഞത് സത്യം ആയിരുന്നു. അവനെ ഞാൻ ആണ് റൂമിലെ സ്വിച്ച് ഓൺ ആവുന്നില്ല എന്ന് പറഞ്ഞു വിളിച്ചത്. പക്ഷെ അകത്തു കേറി എന്നെ കുളിച്ചിറങ്ങിയ കോലത്തിൽ കണ്ടതും അവന്റെ തനി സ്വഭാവം പുറത്തു വന്നു. ആ തെണ്ടി എന്നെ കേറിപ്പിടിക്കാൻ നോക്കി. അത് തന്നെ ആയിരുന്നു എനിക്കും വേണ്ടിയിരുന്നത്. പക്ഷെ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു മറ്റു മൂന്നു പേരും അവൻ്റെ കൂടെ നിന്നു. പക്ഷെ രചന എന്റെ കൂടെ നിന്നു.'' നീലു. ''പിന്നെ റിച്ചാർഡിനെയും നിഷാന്തിനെയും ഒരുമിച്ചു കണ്ടത്, അതും ഞങ്ങടെ പ്ലാൻ തന്നെ.'' റാം. ''അന്നത്തെ പ്രശ്നത്തിന് ശേഷം ഞാൻ റിച്ചാർഡിനെയും നിഷാന്തിനെയും കണ്ടു സോറിയൊക്കെ പറഞ്ഞു രണ്ടിനെയും എന്റെ വഴിക്കു കൊണ്ട് വന്നിരുന്നു. രണ്ടും എന്റെ പിന്നാലെ മണപ്പിച്ചു നടക്കാൻ തുടങ്ങി.

അങ്ങനെ ഞാൻ ഓഫീസിൽ ഉച്ചയ്ക്ക് വിടുന്ന ദിവസം റാമിനെ വിളിച്ചു ആദ്യമേ എല്ലാം സെറ്റ് ആക്കി. ഫുഡ് കഴിച്ചു സിനിമ കാണാൻ കേറിയപ്പോ കട്ടുറുമ്പാവാനില്ല എന്ന് പറഞ്ഞു ഞാൻ മാറി ഇരുന്നു. എന്നിട്ട് സിനിമ തുടങ്ങിയപ്പോ മെല്ലെ മുങ്ങി. ഫ്ലാറ്റിൽ ഞാൻ എത്തിയപ്പോ നിഷാന്തും റിച്ചാർഡും ഉണ്ടായിരുന്നു. രണ്ടിനെയും ഞാൻ ഓരോന്ന് പറഞ്ഞു ഓരോ ബിയർ കുടിപ്പിച്ചു. അത് ഞാൻ റിഷിയേട്ടനെ കൊണ്ട് വാങ്ങിപ്പിച്ചതായിരുന്നു. രണ്ടിലും മൂന്നു ഉറക്കഗുളികകൾ വീതം ഇട്ടിരുന്നു. കാരണം മയക്കുമരുന്നോ മദ്യമോ ആയിരുന്നെങ്കിൽ ആ പേരും പറഞ്ഞു അവൻറെ നിയയുടെയും റിച്ചയുടെയും മുന്നിൽ നിന്നും രക്ഷപ്പെട്ടേനെ. പിന്നെ അവരുടെ ബോധം പോയതും ഞാൻ ഇറങ്ങി. ബാക്കി ചെയ്തത് ധാ ഈ ഋഷി എന്ന മഹാൻ ആണ്. ഇന്റെർവെല്ലിനു മുന്നേ ഞാൻ തിരിച്ചു തീയറ്ററിൽ എത്തി. അതോണ്ട് രചനക്ക് നോ സംശയം..'' നീലു. ''ബല്ലാത്ത ജാതി ബുദ്ധി തന്നെ..'' കാശി. ''ഞാൻ കാര്യമായിട്ടൊന്നും ചെയ്തില്ല. ബോധമില്ലാത്ത രണ്ടിനെയും ഡ്രസ്സ് ഊരി ഒരു റൂമിലെ ബെഡിൽ കൊണ്ട് പോയി കിടത്തി ഞാൻ സ്ഥലം വിട്ടു...'' ഋഷി.

''ബാക്കി ഞങ്ങൾ ഉദ്ദേശിച്ച പോലെ തന്നെ നടന്നു. നിയയുടെയും റിച്ചയുടെയും രചനയുടെയും മുന്നിൽ അവർ സ്വവർഗ്ഗ പ്രേമികളായി.'' റാം. ''അവർ മരിച്ച ദിവസം എന്താ നടന്നത്.'' വിക്കി. ''അന്ന് ഇവരുടെ നിശ്ചയം ഞങ്ങൾ പ്ലാൻ ചെയ്തു വച്ചതാണ്. അയ്യരങ്കിളിനും കുടുംബത്തിനും ആ ഞാറാഴ്ച ഒരു കല്യാണം ഉണ്ടായിരുന്നു എന്ന് എനിക്ക് ആദ്യമേ അറിയാരുന്നു. പിന്നെ അവരുടെ മക്കളെ വിളിച്ചു വരുത്തിയതും ഞാൻ തന്നെയാ. ചെറിയൊരു സർപ്രൈസ് എന്ന പേരും പറഞ്ഞു. ഇല്ലെങ്കിൽ ഞാനും രചനയും അവരുടെ വീട്ടിലേക്കു മാറേണ്ടി വന്നേനെ. എങ്കിൽ എല്ലാ പ്ലാനും കൊളമാവുമായിരുന്നു. നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങൾ ഫ്ലാറ്റിലേക്ക് പോവുമ്പോൾ മനപ്പൂർവ്വം അഭിയേട്ടൻ രചനയെ കൂട്ടികൊണ്ടുപോയി. വണ്ടി കേടായതൊക്കെ ഞങ്ങടെ പ്ലാൻ ആയിരുന്നു.'' നീലു. ''അതെ വണ്ടി കേടാക്കി അവളെ ഞാൻ എന്റെ വീട്ടിലേക്കു കൊണ്ട് പോയി. അവിടെ അച്ഛന്റെയും അമ്മയുടെയും റിവ്യയുടെയും കൂടെ ആക്കി ഞാനും ഫ്ലാറ്റിലേക്ക് പോയി.'' റാം. ''അതെ അപ്പോഴേക്കും ഇവൾ അവരെ ബോധം കെടുത്തിയിരുന്നു.'' ഋഷി.

''ഞാൻ അവിടെ എത്തിയപ്പോ നേരെ നിയയുടെയും റിച്ചയുടെയും അടുത്തെത്തി. അവരപ്പോ ഡ്രിങ്ക്സ് കഴിച്ചോണ്ടിരിക്കുവാരുന്നു. അവരുടെ കൂടെ ഇരുന്നു കുറെ സംസാരിച്ചു നിഷാന്തിനെയും റിച്ചാർഡിനെയും അങ്ങോട്ടേക്ക് വിളിച്ചു നേരിട്ട് സംസാരിക്കാൻ വേണ്ടി സമ്മതിപ്പിച്ചു. പിന്നെ അവർ അറിയാതെ അവരുടെ ഡ്രിങ്ക്സിൽ ഞാൻ ഡ്രഗ്ഗ്സ് ഇട്ടു.''നീലു. ''അതെന്താ ഉറക്കഗുളിക തീർന്നോ???'' കാശി. ''ഇല്ല തീർന്നില്ല, പക്ഷെ അവരെ പരിശോദിക്കുന്നവർക്കു ഉറക്കഗുളികയുടെ അംശം കിട്ടൂലോ. അതോണ്ട് ആണ് ഡ്രഗ്ഗ്സ് തന്നെ ഉപയോഗിച്ചേ.'' നീലു. ''അപ്പൊ അവരെ കൊന്നത് നിങ്ങളാണോ..'' വിക്കി. അപ്പൊ നീലുവും ഋഷിയും റാമും ഒന്ന് പുഞ്ചിരിച്ചു. ''അല്ല, റിച്ചാർഡും നിഷാന്തും തന്നെ..'' നീലു. ''വാട്ട്... എന്തിന്???'' കാശി. ''അന്നത്തെ പ്രശ്നത്തിന് ശേഷം റിച്ചയും നിയയും പുറത്തേക്കിറങ്ങിയിരുന്നില്ല. അവരെ രണ്ടു പേരെയും കാണാനും കൂട്ടാക്കിയിരുന്നില്ല. ഫോണിലും ബ്ലോക്ക് ചെയ്തു വാച്ച്മാനോട് അകത്തേക്ക് വിടരുത് എന്നും പറഞ്ഞു. അത് മുതലെടുത്തു ഞങ്ങൾ റിച്ചാർഡും നിഷാന്തും അങ്ങോട്ടേക്ക് വരാൻ ഇറങ്ങുന്ന സമയം റിച്ചയുടെയും നിയയുടെയും ഒരു ഫേക്ക് വീഡിയോ അയച്ചു കൊടുത്തു.

അവരും വേറെ രണ്ടു പെരുമായുള്ള ഫേക്ക് ഫോട്ടോസും വിഡിയോസും അയച്ചു കൊടുത്തു. ഫ്ലാറ്റിലെത്തിയ റിച്ചാർഡും നിഷാന്തും ആ വീഡിയോയുടെ പേരിൽ നിയയും റിച്ചയുമായി അടി ആയി. അവന്മാർ രണ്ടും ആൾറെഡി വെള്ളത്തിൽ ആയിരുന്നു. നിയയും റിച്ചയും ആണെങ്കിൽ കഴിച്ച ഡ്രഗ്ഗ്സിന്റെ പിടിയിലും.. ഒന്നും രണ്ടും പറഞ്ഞു നാലും അടി ആയി. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന് കരുതി ഞാൻ ഒരു കത്തി അവിടെ ഹാളിൽ വച്ചിരുന്നു. അവസാനം ഞാൻ വിചാരിച്ചതു തന്നെ സംഭവിച്ചു റിച്ചാർഡും നിഷാന്തും കൂടി നിയയെയും റിച്ചായേയും കൊന്നു. മദ്യത്തിന്റെ ലഹരിയിൽ അവർ അവരെ തന്നെ മറന്നിരുന്നു. അപ്പോഴേക്കും ഋഷിയെട്ടനും അഭിയേട്ടനും വന്നിരുന്നു.'' നീലു. ''ഞങ്ങൾ വന്നു അവരെ രണ്ടു പേരെയും പിടിച്ചു കെട്ടി. കയ്യിൽ ഉണ്ടായിരുന്ന ഡ്രഗ്ഗ്സ് ഇൻജെക്ട് ചെയ്തു. രണ്ടുപേരെയും ബാൽക്കണിയിലെ റൈലിങ്ങിന് പുറത്തു നിർത്തി കയർ നീലുവിന്റെ റൂമിലെ ജനലിനോട് കെട്ടിയിട്ടു. അതിനിടയിൽ ഇവൾ നിങ്ങളെ വിളിച്ചു. ഞങ്ങൾ ഇറങ്ങി കഴിഞ്ഞപ്പോളേക്കും നിങ്ങൾ എത്തി. ബാക്കി നിങ്ങൾക്കും അറിയാലോ.'' ഋഷി.

''നിങ്ങൾ വന്നതും ഞാൻ ജനലിൽ കെട്ടിയ കയർ ലൂസ് ആക്കി. ഡോർ തുറന്നു പുറത്തേക്കിറങ്ങി. രണ്ടു സെക്കൻഡ് കഴിഞ്ഞതും അവർ വീണു. ഞങ്ങൾ പ്ലാൻ ചെയ്ത പോലെ തന്നെ എല്ലാം നടന്നു.'' നീലു. കുറച്ചു നേരത്തേക്ക് അവരുടെ ഇടയിൽ നിശബ്ദത നിറഞ്ഞു. പിന്നെ കാശി വന്നു അവർക്കു മൂന്നു പേർക്കും കൈ കൊടുത്തു. ''സമ്മതിച്ചിരിക്കുന്നു, വല്ല സിനിമയും കണ്ടു ഇറങ്ങിയ പോലെ ഉണ്ട്.'' ''പക്ഷെ ഇതിൽ ഞങ്ങളെ എന്തിന് പെടുത്തി...'' വിക്കി. ''നിങ്ങളെ ഇതിൽ ഞങ്ങൾ പെടുത്തിയതല്ല, നിങ്ങൾ സ്വയം വന്നു വീണതാണ്. വിക്കി നീലുവിന്റെ പിന്നാലെ വന്നില്ലേ അപ്പൊ ഞങ്ങൾ നിങ്ങളെ ഇതിലെ ഭാഗമാക്കി.'' ഋഷി. ''അപ്പൊ അവളെന്റെ മുന്നിലേക്ക് വന്നതൊന്നും കരുതി കൂട്ടി അല്ലെ..'' വിക്കി. ''അല്ല, അതൊക്കെ വെറും യാദൃശ്ചികമായി നടന്നതാണ്. പിന്നെ ഞങ്ങൾക്ക് തോന്നി നിങ്ങളും വേണമെന്ന്... '' റാം ''അഥവാ പിടിച്ചാലും വീക്ഷയുടെയും നീലിയുടെയും കാര്യം പറഞ്ഞു ഊരിപ്പോരാൻ അല്ലെ..'' വിക്കി അവരെ നോക്കി പുഞ്ചിരിച്ചു.. അവർ മൂന്നു പേരും അവൻ്റെ നോക്കി പുഞ്ചിരിച്ചു.

''അപ്പൊ നീ ഇവരെ വെറുതെ വിടാൻ പോവാണോ''. കാശി. ''മരിച്ചത് പുന്യാളൻമാരൊന്നും അല്ലല്ലോ... നമ്മൾ ചെയ്യണമെന്ന് കരുതിയതല്ലേ..'' എന്നും പറഞ്ഞു വിക്കി തന്റെ പോക്കറ്റിൽ ഇരുന്ന റെക്കോർഡർ നിലത്തെറിഞ്ഞു പൊട്ടിച്ചു. അപ്പൊ റിഷി അവൻ്റെ കെട്ടിപ്പിടിച്ചു. ''അപ്പൊ പോവല്ലെ..'' കാശി. ''എങ്ങോട്ടു..'' ഋഷി. ''നീ കുറേനാളായി കാണാൻ ആഗ്രഹിക്കുന്ന ആളുടെ അടുത്തേക്ക്...'' വിക്കി ഋഷിയുടെ തോളിൽ കയ്യിട്ടു. ''ഹ്മ്മ് കാണണം എനിക്ക് എന്റെ വീക്ഷയെ..'' ഋഷിയുടെ കണ്ണ് നിറഞ്ഞിരുന്നു. എല്ലാരും കാറിലേക്ക് നടന്നു. പെട്ടെന്ന് വിക്കി നീലുവിന്റെ കൈ പിടിച്ചു തന്നോട് ചേർത്തു.. ''വിക്കീ എന്താ ഈ കാണിക്കുന്നേ..'' നീലു അവന്റെ കൈ വിടുവിച്ചു മാറി നിന്നു. ''അല്ല നമ്മളെ കാര്യവും തീരുമാനിക്കണ്ടെ..'' വിക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ''അതൊക്കെ ആദ്യമേ തീരുമാനിച്ചതാ മോനെ.. ഞാൻ നേരത്തെ പറഞ്ഞതിൽ ചെറിയൊരു തിരുത്തു കൂടി..'' നീലു. ''നേരത്തെ പറഞ്ഞ കഥ കള്ളം ആണെന്നല്ലേ .. നീലാംബരിയുടെ കഥ...'' വിക്കി. "അല്ല അത് സത്യം ആണ്. അതിലൊരു തിരുത്തുണ്ട്, നീലാംബരി നിരഞ്ജന് പെങ്ങൾ അല്ല പെണ്ണാണ്.'' നീലു അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. ''വാട്ട്'..'' കാശി.

''അതെ നീലാംബരി ആണ് നിരഞ്ജൻ പ്രാണന് തുല്യം സ്നേഹിച്ച അല്ല സ്നേഹിക്കുന്ന പെണ്ണ്.'' ഋഷി. ''സോറി ഞാൻ സാർ അടുത്ത് പെരുമാറിയപ്പോളും ഒന്നും പറയാതിരുന്നത് ഞങ്ങടെ കള്ളം പൊളിഞ്ഞാലോ എന്ന് പേടിച്ചിട്ടാണ്..'' നീലു. ''നമുക്ക് എന്റെ വണ്ടിയിൽ പോവാം, നിങ്ങളെ വണ്ടി ആരെങ്കിലും വന്നു എടുതോളൂല്ലേ..'' വിക്കി പെട്ടെന്ന് പറഞ്ഞിട്ട് നടന്നു. ''ഓക്കേ..'' എല്ലാരും വണ്ടിയിലേക്ക് കേറി. അവർ യാത്ര ആരംഭിച്ചു വീക്ഷയുടെ അടുത്തേക്ക്... ''എന്നാലും ആ സക്കറിയ അനന്ദൻ എന്നിവർക്കെതിരെ നമ്മൾക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ..'' റാം. ''ഞങ്ങൾക്ക് ആർക്കെതിരെയും ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തിലിരിക്കാ.. അപ്പോഴാ ഒരു കൊക്കരിയാ..'' കാശി ദേഷ്യത്തോടെ പറഞ്ഞു. ''ആര് പറഞ്ഞു..'' വിക്കി പറഞ്ഞതും എല്ലാ കണ്ണുകളും അവനിലേക്ക്‌ നീണ്ടു. അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു...... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story