💐നീർമിഴിപൂക്കൾ💐: ഭാഗം 1

neermizhippookkal

രചന: ദേവ ശ്രീ

എത്രയായി ചേട്ടാ?..... അവൾ ഓട്ടോയിൽ നിന്നും ഇറങ്ങി ഡ്രൈവറോട് ചോദിച്ചു..... 80 രൂപ.... അതുത്തിരി കൂടുതൽ ആണുട്ടോ എന്ന് പറഞ്ഞവൾ ബാഗിന്റെ ഉള്ളിലെ പേഴ്സിൽ നിന്നും നൂറുരൂപ അയാൾക്ക്‌ എടുത്തു കൊടുത്തു.... വഴിയേല്ലാം മോശമാണ് പെങ്ങളെ...... ഈ കുണ്ടും കുഴിയും താണ്ടി വന്നു വണ്ടിക്ക് പണിയാവുന്നത് മിച്ചം... 80 രൂപ ഒരു കിലോ അരി വാങ്ങിക്കുവാൻ പോലും തികയാറില്ല... അരി റേഷൻ കടയിൽ പോയാൽ 80 രൂപക്ക് ഒരു കിലോയും അതിലുമധികവും വാങ്ങിക്കാം ചേട്ടാ... നിന്നു തർക്കിക്കാതെ കൊച്ചു പോയെ മനുഷ്യനു പോയിട്ട് വേറെ വാടകയുണ്ട് എന്നും പറഞ്ഞു അയാൾ പോക്കറ്റിൽ നിന്നും 20 രൂപ അയാൾക്ക് എടുത്തു കൊടുത്തു.... വണ്ടിയിൽ നിന്നും കവറുകൾ എടുത്തു അവൾ വീട്ടിലേക്ക് നടന്നു.... പഴക്കം തോന്നിയ ഒരു ഓട് മേഞ്ഞ ഇരുന്നില കെട്ടിടം ആയിരുന്നു അത്....

പുറത്തെ വണ്ടിയുടെ ശബ്ദം കേട്ട് സെറ്റ് മുണ്ടുടുത്ത ഒരു മധ്യവയസ്ക ഉമ്മറത്തേക്ക് വന്നു.... അവളുടെ കയ്യിലെ കവർ കണ്ടു അവര് ചോദിച്ചു... എന്തിനാ മോളെ നീ ഈ സാധനങ്ങൾ ഓക്കെ വാങ്ങിയത്... ഉള്ള പൈസ അങ്ങനെ കളഞ്ഞോ നീ.... ഇല്ലല്ലോ എന്റെ ഊർമിള കുട്ടി.... അവരുടെ കയ്യിൽ കവർ ഏല്പിച്ചു അവൾ പറഞ്ഞു.. അമ്മ ഇതൊക്കെ അകത്തേക്കു വച്ചേ.... നാളെ അച്ഛന്റെ ആണ്ടല്ലേ.... അതിനുള്ള സാധനങ്ങൾ ആണ്... മ്മം.... ഉടുത്ത സെറ്റ്മുണ്ടുകൊണ്ട് കണ്ണുനീർ ഒപ്പി കവറുമായി അകത്തേക്കു നടക്കാൻ ഒരുങ്ങുമ്പോൾ അവർ ചോദിച്ചു... മോളെ അവി വരുന്ന കാര്യം വല്ലോ പറഞ്ഞായിരുന്നോ... ആഹാ അമ്മേ... അവൾക്കു എക്സാം ആയ കാരണം ലീവ് ഇല്ലെന്നു പറഞ്ഞു... മ്മം... നീ പോയി കുളിച്ചു വാ... അമ്മ കഴിക്കാൻ വല്ലതും എടുക്കാം... ഉമ്മറത്തെ തിണ്ണയിൽ കുറച്ചു നേരം അവൾ ഇരുന്നു.....

മുന്നിൽ നോക്കിയാൽ കാണാത്ത അത്രദൂരം പരന്നു കിടക്കുന്ന വയൽ ആണ്.... അതിലേക്ക് നോക്കി അവൾ ചിന്തയിൽ ആണ്ടു... അച്ഛൻ ഉള്ളപ്പോൾ ആ പാടങ്ങൾ എല്ലാം പാട്ടത്തിനു എടുത്തു കൃഷി ചെയ്യുമായിരുന്നു... ഒരു സ്റ്റേഷനറി കടയായിരുന്നു അച്ഛന്... അതിലെ വരുമാനവും കൃഷി ചെയ്തു കിട്ടുന്നതുമായി ജീവിച്ചു പോകും... ചെറുപ്പം തൊട്ടേ ഒന്നിനും ഒരു കുറവും അച്ഛൻ വരുത്തിയിട്ടില്ല... വലിയ വരുമാനം ഇല്ലെങ്കിലും ഉള്ളത് കൊണ്ട് പൊന്നുപോലെ ഞങ്ങളെയും അമ്മയെയും നോക്കുമായിരുന്നു.... അച്ഛൻ ദേവൻ നാട്ടുകാർക്ക് എല്ലാം പ്രിയപെട്ടവൻ ആയിരുന്നു.... അച്ഛന് പറയത്തക്ക ബന്ധങ്ങൾ ഒന്നുമില്ല... അമ്മക്ക് ഒരു ഏട്ടൻ ഉണ്ട്... അത്‌ കൊണ്ട് തന്നെ അയല്പക്കത്തുള്ളവർ എല്ലാം നല്ല സ്നേഹം ആയിരുന്നു.... ഞങ്ങൾ നാലു മക്കൾ ആണ്... മൂത്തത് അർപ്പണ എന്ന അപ്പു... എന്റെ ചേച്ചി... പിന്നെ എനിക്ക് താഴെ രണ്ടു അനിയത്തിമാരും...

അവിക എന്ന അവിയും അതിഥി എന്ന ആദിയും.... ഞാൻ ആനന്ദ.... എല്ലാവരുടെയും അനു..... ഇത് എന്റെ കഥയാണ്.... എന്റെ ജീവിതം.... അപ്പൊ ഞാൻ ആരാണ് എന്താണ് എന്നൊക്കെ അറിയണ്ടേ... തുടർന്നു വായിച്ചോള്ളൂ.... വീടിന്റെ പിറകിൽ ഉള്ള തൊടിയിൽ നിന്നുമുള്ള ശബ്ദം കേട്ടു അവൾ ചിന്തയിൽ നിന്നും ഉണർന്നു... തിരിഞ്ഞു നോക്കിയപ്പോൾ ആദിയുടെ കയ്യും പിടിച്ചു വരുന്ന നിധിമോളാണ്.... എന്നെ കണ്ട ഉടനെ അമ്മേ എന്നും വിളിച്ചു അവൾ എനിക്കരികിലേക്ക് ഓടി വന്നു.... അവളെ എടുത്തു മടിയിൽ വെച്ചു നെറുകയിൽ ചുംബിച്ചു.... അമ്മേടെ മോള് എവിടെ പോയതാ..... അതോ ഞാൻ ചിറ്റേടെ കൂടെ തൊടിയിൽ കറുക പറിക്കാൻ പോയതാ... അമ്മേ നാളെ ചിറ്റേടേം എന്റെയും അച്ഛന്റെ ഓർമ ദിവസമാണ് എന്ന് ചിറ്റ പറഞ്ഞല്ലോ.... അത് വരെ പുഞ്ചിരിച്ച അനുവിന്റെ മുഖത്ത് പൊടുന്നനെ സങ്കട ഭാവം നിറഞ്ഞു....

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ആദിയോട് പറഞ്ഞു കുഞ്ഞിനെ പിടിക്ക് മോളെ... ഞാൻ കുളിച്ചു അടുക്കളയിലേക്ക് ചെല്ലട്ടെ എന്നും പറഞ്ഞവൾ അവിടെ നിന്നും എഴുന്നേറ്റു.... അകത്തേക്കു കയറുമ്പോൾ അവളുടെ ഉള്ളം വിതുമ്പുകയായിരുന്നു... അവളുടെ ജീവിതത്തിലെ എല്ലാ നഷ്ട്ടങ്ങൾക്കും തുടക്കമായ ദിവസം.... അതൊർക്കേ നെരിപ്പോട് പോലെ അവളുടെ ഹൃദയം നീറി.... കുളിയെല്ലാം കഴിഞ്ഞു അടുക്കളയിൽ ചെന്നു... കലം എടുത്തു അടുപ്പത്ത് വെക്കുന്ന അമ്മയോട് അവൾ പറഞ്ഞു... അവിടെ വെച്ചേക്കു അമ്മേ... ഭാരം ഒന്ന് പൊക്കരുത് എന്ന് ഡോക്ടർ പറഞ്ഞത്... ഇനി അമ്മക്ക് കൂടി വയ്യാതായാൽ എങ്ങനെയാ.... അത് പറയുന്നതിനിടെ അവൾ അമ്മയുടെ കയ്യിൽ നിന്നും കലം വാങ്ങി വെച്ചു... അമ്മേ നാരായണെട്ടൻ വന്നാൽ ഈ മാസത്തെ വാടക കൊടുത്തേക്കു...

അവൾ അമ്മയുടെ കയ്യിൽ വാടക കൊടുത്തു.... എന്റെ കുട്ടീടെ ദുരിതം നീ കാണുന്നില്ലേ ഈശ്വരാ എന്നും പറഞ്ഞു അവർ പൈസ വാങ്ങി വച്ചു... എല്ലാം ശരിയാവും അമ്മേ... ചപ്പാത്തി മാവ് കുഴക്കുന്നതിനിടയിൽ അവൾ പറഞ്ഞു.... ഇച്ചേച്ചി ഞാൻ കറിക്ക് അരിയാം എന്നും പറഞ്ഞു അവൾ ആദി അവിടേക്ക് വന്നു.... വേണ്ട മോളെ ചേച്ചി ചെയ്യാം... നീ പോയി പഠിച്ചോ എന്നും പറഞ്ഞു അനു ആദിയെ പറഞ്ഞയച്ചു.... ആദി ഇപ്പോ ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.... അവളുടെ മൂത്തവൾ അവിക മെഡിസിന് പഠിക്കുന്നു.... അവളിലാണ് അനുവിന്റെ എല്ലാ പ്രതീക്ഷകളും... അവൾക്കു ഒരു ജോലിയായൽ അനുവിന് ഒരു സഹായം ആകും....

ഇപ്പോ തന്നെ എടുത്താൽ പൊക്കാൻ കഴിയാത്ത അത്രയും കടങ്ങൾ ഉണ്ട് അവൾക്കു... അമ്മയുടെ ചികിത്സ ചിലവ്... അവിയുടെ പഠനം.... ചേച്ചിയുടെ ട്രീറ്റ്‌മെന്റ്... വീടിന്റെ വാടക, വീട്ടു ചിലവ്... എല്ലാത്തിനും പുറമെ അച്ഛന്റെ ചികിത്സക്കായി എടുത്ത ലോൺ അടവ് തെറ്റി കുടിശികയായി കിടപ്പ് തുടങ്ങി മാസം 6കഴിഞ്ഞു... അടുക്കളയിലെ പണിയെല്ലാം ഒതുക്കി അവൾ ചേച്ചിക്കുള്ള കഞ്ഞി എടുത്തു അകത്തേക്കു നടന്നു.... പൂട്ടിയിട്ട റൂമിന് മുന്നിൽ എത്തിയപ്പോൾ അമ്മ മുന്നറിയിപ്പെന്ന പോലെ അവളോട്‌ പറഞ്ഞു... അനു സൂക്ഷിക്കണം ഇന്ന് വല്ലാതെ ബഹളം വയ്ക്കുന്നുണ്ടായിരുന്നു... ഉച്ചക്ക് ഭക്ഷണം ആയി ചെന്ന ആദി മോളെ ഉപദ്രവിക്കാൻ നോക്കി...

അനു അമ്മക്ക് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്കു കയറി... അപ്പേച്ചി..... കാലിൽ ചങ്ങല കൊരുത്തു മുടിയെല്ലാം അലസതയോടെ പാറിപറക്കുന്ന ആ രൂപത്തെ നോക്കി അനു വിളിച്ചു.... മുടിയെല്ലാം മാടിയോതുക്കി അവൾ പറഞ്ഞു... ദേ കഞ്ഞി കുടിക്കണ്ടേ.... അവൾ കഞ്ഞി ഒരു സ്പൂൺ വാരി കൊടുത്തു... അനുസരണയുള്ള കുട്ടിയെ പോലെ അവൾ എല്ലാം കഴിച്ചു.... അവൾക്കുള്ള മരുന്നും നൽകി അനു റൂമിന് പുറത്തിറങ്ങി.... നിധി മോൾക്ക്‌ ആഹാരം നൽകി അവളെ ഉറക്കാൻ കിടത്തി അനു അവളോട് ചേർന്നു കിടന്നു... അന്നവൾ വിശപ്പില്ല എന്നും പറഞ്ഞു ഒന്നും കഴിച്ചില്ല... മനസ് നിറയെ അവളുടെ വിവിയും അവന്റെ പ്രണയവും ആയിരുന്നു... തുടരും....

Share this story