💐നീർമിഴിപൂക്കൾ💐: ഭാഗം 10

neermizhippookkal

രചന: ദേവ ശ്രീ

നിയമപരനായി ആനന്ദ, ആനന്ദ പല്ലവായി മാറിയിരിക്കുന്നു... അപ്പു നീ ഇത് കെട്ടികൊടുക്ക്‌.. കയ്യിൽ ഇരിക്കുന്ന മഞ്ഞചരട് പല്ലവിന് നേരെ നീട്ടി കൊണ്ട് പാർവതി പറഞ്ഞു... അവൻ അവൾക്ക് നേരെ താലിനീട്ടി പിടിച്ചു കഴുത്തിനോട്‌ ചേർത്തു... ഒരുവേള അവനു അതവളുടെ കഴുത്തിലൂടെ വലിച്ചു മുറുക്കാൻ തോന്നി... പതിയെ കഴുത്തിലൂടെ ഇട്ടു കെട്ടികൊടുത്തവൻ ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ വിരൽ അമർത്തി... പരസ്പരം ഹാരം ചാർത്തി അനുവിന്റെ അമ്മാവൻ അവളുടെ കൈപിടിച്ചു അവന്റെ കയ്യിലേക്ക് ഏൽപ്പിച്ചു... രജിസ്റ്റർ ഓഫീസിൽ നിന്നിറങ്ങിയ പാർവതി മകനോട് പറഞ്ഞു... അപ്പു ഫങ്ക്ഷൻ ഒന്നുമില്ലല്ലോ... നീ മോളെയും കൊണ്ടു അവളുടെ വീട്ടിലേക്ക് പൊക്കോ... വൈകുന്നേരം ചേതൻ വരും നിങ്ങളെ കൂട്ടാൻ... അത് വേണോ അമ്മാ... എന്തിനാ അങ്ങോട്ട് പോകുന്നത്... അറിയാതെ തന്നെ അവന്റെയുള്ളിലേ നീരസം പുറത്ത് വന്നു... അപ്പു... അനുവിന്റെ അമ്മക്ക് നിങ്ങളെ രണ്ടുപേരെയും കാണണം എന്നുണ്ടാകില്ലേ... നീ ചെല്ല് മോനെ...

അതിന് മനസില്ലാ മനസോടെ പല്ലവ് അവർക്കൊപ്പം പോയി... ചേതനും പാർവതിയും നേരെ വീട്ടിലേക്ക് പോയി... പല്ലവ് അനുവിനും അവളുടെ വീട്ടിലേക്കും.... ❤️❤️❤️❤️❤️❤️❤️❤️❤️ അമ്മയുടെ അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങുമ്പോൾ അനുവിന്റെയും അമ്മയുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.. അതിന്റെ കാരണം മറ്റൊന്നും ആയിരുന്നില്ല... അനു ഈ കുടുംബത്തിന് വേണ്ടി അനുഭവിക്കുന്ന കഷ്ടതകൾ ഓർത്തായിരുന്നു... ഇനിയെങ്കിലും അതെല്ലാം അവസാനിച്ചു അവൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്നോർത്ത് ആ അമ്മ ഉള്ളം നിറഞ്ഞു പ്രാർത്ഥിച്ചു.... പല്ലവിനെ നോക്കി അവർ ഒന്ന് ചിരിച്ചു... അനുഗ്രഹം വാങ്ങി അമ്മയുടെ മുറിക്കു പുറത്തിറങ്ങിയ അനു നേരെ അവളുടെ മുറിയിലെക്ക് ചെന്ന് കതകടച്ചു പൊട്ടികരഞ്ഞു...... പല്ലവ് അണിഞ്ഞ താലിയിലേക്ക് ഒന്നവൾ നോക്കി.... കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബം നോക്കി കുറച്ചു സമയം അവൾ നിന്നു.... വീണ്ടും സുമംഗലിയായി, നെറ്റിയിൽ സിന്ദൂരവും, കഴുത്തിൽ താലിയും.... തന്റെ അന്നത്തെ തീരുമാനം തെറ്റായി പോയിന്നവൾക്ക് തോന്നി....

പല്ലവ് നേരെ ഉമ്മറത്തേക്ക് നടന്നു... അവിടെ ഇട്ടിരിക്കുന്ന കസേരയിൽ ഒന്നിൽ പോയിരുന്നു ഫോൺ എടുത്തു അതിൽ കുത്തികൊണ്ടിരുന്നു... അപ്പോഴാണ് നിധിമോള് അവിടേക്ക് വന്നത്... മോളെ കണ്ടപ്പോൾ പല്ലവ് കയ്യിലെ ഫോൺ മാറ്റി അവൾക്ക് നേരെ ഒന്ന് പുഞ്ചിരിച്ചു... അവളും തിരിച്ചു പുഞ്ചിരിച്ചു... വാ ചോദിക്കട്ടെ.... അവൻ കുഞ്ഞിനെ സ്നേഹപൂർവ്വം വിളിച്ചു... നിധി നാണത്തിൽ കുതിർന്ന ചിരിയുമായി അവന്റെ അരികിലേക്ക് ചെന്നു... എന്താ മോളുടെ പേര്? നൈന.... എല്ലാരും നിധി എന്നാണ് വിളിക്കുക... ആഹാ ഇത് നിധിക്കുട്ടിയാണോ... അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചവൻ ചോദിച്ചു... അതിന് നിധിമോള് ഒന്ന് കുണുങ്ങി ചിരിച്ചു... പല്ലവിനാകുഞ്ഞിനോട്‌ വല്ലാത്ത വാത്സല്യം തോന്നി... നിധി അവളുടെ ഓരോ കാര്യങ്ങൾ അവനു പറഞ്ഞു കൊടുക്കുവായിരുന്നു... അവൻ നല്ലൊരു കേൾവിക്കാരാനായിരുന്നു..... അവളുടെ കൈകൊണ്ടുള്ള ആക്ഷൻ കാണിക്കലും ഓരോ കാര്യങ്ങൾ പറയുമ്പോൾ മുഖത്തു തെളിയുന്ന ഭാവങ്ങളും എല്ലാം അവൻ ആസ്വദിച്ചിരുന്നു...

അവൾ ഓരോരോ പൂക്കളെ കുറിച്ച് അവനു പറഞ്ഞു കൊടുക്കുമ്പോൾ അവൻ അവളോട് പറഞ്ഞു... നമുക്ക് ഇന്ന് എന്റെ വീട്ടിൽ പോയാൽ അവിടെ ഇതിലും കൂടുതൽ പൂവ് ഉണ്ട്... എല്ലാം ഞാൻ കാണിച്ചു തരാംട്ടോ... അയ്യോ... അതിന് അമ്മ മാത്രമേ ഇയ്യാളുടെ വീട്ടിലേക്ക് വരുന്നള്ളൂ... ഞാൻ വരുന്നില്ലല്ലോ... അവൾ സങ്കടഭാവത്തിൽ പറഞ്ഞു... അതെന്താ നിധികുട്ടി വരാത്തത്... അമ്മയുടെ കൂടെയല്ലേ മോള് നിൽക്കുന്നത്... അല്ലന്നേ... ഞാൻ എന്റെ സ്കൂളിൽ നിന്നാ പഠിക്കുന്നത്... നാളെ ചിറ്റ എന്നെ സ്കൂളിൽ കൊണ്ട് വിടും... പിന്നെ വെക്കേഷന് മാത്രമേ ഞാൻ വരു... അപ്പൊ ഞാൻ ഇയ്യാളുടെ വീട്ടിൽ വരാംട്ടോ.... ഇയ്യാള്?... അതാരാ... അവൻ അവളെ നോക്കി ചോദിച്ചു.... ഞാൻ എന്താ വിളിക്കുക.... അച്ഛാ എന്ന് വിളിച്ചോ.... ഫ്രീയായി എനിക്ക് ഒരു കാന്താരി കൊച്ചിനെയും കിട്ടിയല്ലോ... അച്ഛാ.... നിധി ചുണ്ടുകൾ അനക്കി... അവൾക്ക് വല്ലാത്ത സന്തോഷത്തോടെ ചോദിച്ചു... അങ്ങനെ വിളിച്ചോട്ടെ ഞാൻ... ആടി കാന്താരി പെണ്ണെ... ഇത്തിരി സമയത്തിനുള്ളിൽ തന്നെ അവർ രണ്ടുപേരും പെട്ടൊന്ന് കൂട്ടായി... അപ്പോഴാണ് ആദി അവിടേക്ക് വന്നത്... ചേട്ടനെ ബുദ്ധമുട്ടിച്ചോ ഇവൾ.... ഹേയ്... നിധികുട്ടി അവളുടെ വിശേഷങ്ങൾ പറയൂവായിരുന്നു...

ചിറ്റേ... എന്നോട് അച്ഛാ എന്ന് വിളിച്ചോളാൻ പറഞ്ഞു... ഒരു തരം സന്തോഷത്തിൽ നിധി ആദിയോട് പറഞ്ഞു... അത് കേട്ടപ്പോൾ ആദിക്കും സന്തോഷം തോന്നി.. എന്താ പേര്? പല്ലവ് അവളോട് ചോദിച്ചു... അതിഥി... ആദി എന്നാ വിളിക്കുക.... ഞാൻ ഡിഗ്രിക്ക് പഠിക്കുകയാണ്... ആഹാ... നിങ്ങൾ രണ്ടുപെണ്മക്കൾ ആണോ? അല്ല ചേട്ടാ... ഞങ്ങൾ നാലുപേരാണ്... നാലു പേരോ... അപ്പൊ രണ്ടാളെവിടെ... മൂത്തത് അർപ്പണ.... വല്ല്യേച്ചിക്ക് ചെറിയ ഒരു അസുഖമുണ്ട്... അതിന്റെ ചികിത്സക്ക് വേണ്ടി ഹോസ്പിറ്റലിൽ ആണ്... ചേട്ടന്റെ അമ്മയാണ് ചേച്ചിയുടെ ചികിത്സയൊക്കെ നോക്കുന്നത്... പിന്നെ ഇച്ചേച്ചി... പിന്നെ കുഞ്ഞേച്ചി... അവിക... മെഡിക്കൽ സ്റ്റുഡന്റ് ആണ്... പിന്നെ ഞാൻ..... നിധിമോളുടെ അച്ഛന് എന്താ സംഭവിച്ചത്? മരിച്ചു... കാർ ആക്‌സിഡന്റ് ആയിരുന്നു... ആദി..... അനു അവളെ ഉറക്കെ വിളിച്ചു... ആദി ഞെട്ടി തിരിഞ്ഞു നോക്കി... എന്താ ഇച്ചേച്ചി... നിന്നെ അമ്മാവൻ അന്വേഷിക്കുന്നു... നിധിമോളും ആദിക്ക് പിറകെ പോയി... എനിക്ക് ഒന്ന് വാഷ്റൂം യൂസ് ചെയ്യണം? അനു അവളുടെ റൂം ചൂണ്ടി കാണിച്ചു...

അവൻ പോയതും അനു ഓർത്തു... എന്തായിരിക്കും നിധിമോളോടും ആദിയോടും അയാൾ സംസാരിച്ചു കാണുക... പെണ്ണെന്നാൽ തന്നെ കാമം ആണ് അയാൾക്ക്... അതിൽ എന്റെ അനിയത്തിയെയും കുടുക്കാൻ ഞാൻ സമ്മതിക്കില്ല... അനുവും പല്ലവിനു പിറകെ റൂമിലേക്ക്‌ ചെന്നു... വാഷ് റൂമിൽ നിന്നും ഇറങ്ങിയ പല്ലവ് കാണുന്നത് ഡോർ അടക്കുന്ന അനുവിനെയാണ്... ഹേയ് നന്ദ... താൻ എന്ത് പണിയാണ് കാണിക്കുന്നത്... ആരെങ്കിലും കണ്ടാൽ മോശമല്ലേ... താൻ ഡോർ തുറക്ക്... അതൊക്കെ നമുക്ക് രാത്രി ആഘോഷിക്കാം... ഇപ്പോ നമുക്ക് ആക്രാന്തം കൂടി പോയി എന്ന് കരുതില്ലേ.... പല്ലവ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു... അതും കൂടി കേട്ടപ്പോൾ അനുവിന്റെ ദേഷ്യം ഉച്ചസ്ഥായിയിൽ എത്തി... എന്താടോ തന്റെ ഉദ്ദേശം? എന്നെ ഉപദ്രവിച്ചപോലെ എന്റെ മകളെയും പറഞ്ഞു തീരും മുന്നേ അനുവിന്റെ കവിളിൽ അവന്റെ കൈ പതിഞ്ഞു. ച്ചി നിർത്തടി... അമ്മയെയും പെങ്ങളെയും പല്ലവിനു നന്നായി തിരിച്ചറിയാൻ കഴിയും... പല്ലവ് ഏതെങ്കിലും ഒരു പെണ്ണിനെ തൊട്ടിട്ടുണ്ടെങ്കിൽ അതവൾ സ്വയം വഴങ്ങി തന്നത് കൊണ്ട് തന്നെയാണ്...

അപ്പൊ ഞാനോഡോ... അതേടി... നിന്നെ മാത്രമാണ് ഞാൻ ബലം പ്രയോഗിച്ചു നേടിയത്... അതും ബോധമനസോടെയല്ല... അതിന്റെ കുറ്റബോധം എനിക്ക് ഉണ്ടായിരുന്നു... അനുവിന്റെ ചുണ്ടുകൾ പുച്ഛം കൊണ്ട് കോടി... പക്ഷെ നീ കാണിച്ചതോ... ആ പേരും പറഞ്ഞു എന്റെ അമ്മയെ ബ്ലാക്ക് മെയിൽ ചെയ്തല്ലേ നീ എന്റെ ജീവിതത്തിലെക്ക് വന്നത്... ഇതിലും അന്തസ് മാനം വിറ്റു ജീവിക്കുന്ന പെണ്ണുങ്ങൾക്ക് കാണും... താൻ എന്തൊക്കെയടോ പറയുന്നത്? ഞാൻ തന്റെ അമ്മയെ... മതിയെടി... നിർത്തു... നീ വലിയ സത്യാവാൻ സാവിത്രി ചമയണ്ട... എനിക്ക് എല്ലാം അറിയാം. പക്ഷെ അതിന്റെ പേരിൽ നിന്റെ അനിയത്തിയോടൊ... അല്ലെങ്കിൽ ഒന്നുമറിയാത്ത ആ പിഞ്ചു കുഞ്ഞിനോടും അതൊക്കെ തീർക്കാൻ മാത്രം സംസ്‍കാരം ഇല്ലാത്തവനല്ല ഞാൻ... എന്റെ പകയും പ്രതികാരവും നിന്നോടാണ്... അത് ഞാൻ നിന്നോടു തന്നെ ചെയ്യും... നിന്റെ വേണ്ടപെട്ടവരെ ദ്രോഹിച്ചു നിന്റെ വേദന കാണാൻ ഞാൻ ഒരു സൈക്കോ ഒന്നുമല്ല... നിന്നെക്കാൾ ബേധം എന്റെ കൂടെ വില പറഞ്ഞു ഉറപ്പിച്ചു കിടന്ന പെണ്ണുങ്ങളായിരുന്നു...

ആവശ്യമില്ലാതെ കുറെ ഷോ ഇറക്കി എന്റെ കവിളിൽ നിന്റെ കയ്യും പതിപ്പിച്ചു എന്നിട്ട് വീണ്ടും വന്നിരിക്കുന്നു എന്റെ ജീവിതത്തിലേക്ക്... നാണമില്ലല്ലോ നിനക്ക്... അവൾക്കു നേരെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ വാതിൽ തുറന്നു പുറത്തേക്കു പോയി.... തന്റെ അഭിമാനത്തിനു കോട്ടം പറ്റിയതോർത്ത് അനു ചുമരിലൂടെ ഊർന്നിറങ്ങി... പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞില്ല... ജീവിക്കാൻ യാതൊരു ആഗ്രഹവുമില്ലാത്ത അവൾക്ക് കണ്ണുനീരും വറ്റി തുടങ്ങിയെന്ന് മനസിലായി... വൈകുന്നേരം ചേതൻ വന്നപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞവർ ഇറങ്ങി... ആദിയും നിധിമോളും കരഞ്ഞിരുന്നു... 💚💚💚💚💚💚💚💚💚 നിലവിളക്ക് കയ്യിൽ കൊടുത്തു അനുവിനെ ആ വീടിന്റെ മരുമകളായി പാർവതി സ്വീകരിച്ചു... അത്യാവശ്യം വലുപ്പമുള്ള വീടായിരുന്നു അത്... അവിടെ വയസായ ഒരു സ്ത്രീയും പാർവതി ഡോക്ടറുടെ അതെ പ്രായത്തിൽ തന്നെ മറ്റൊരു സ്ത്രീയും... ഇത് അപ്പുന്റെ അച്ഛമ്മയാണ്... പാർവതി ജാനകിയെ ചൂണ്ടി കാണിച്ചു പറഞ്ഞു... അവർ രണ്ടുപേരും അച്ഛമ്മയുടെ അനുഗ്രഹം വാങ്ങി.

പാർവതിയുടെയും ആയമ്മയുടെയും അനുഗ്രഹം വാങ്ങി അകത്തു കയറി... രാത്രിയിലെ ഭക്ഷണം കഴിച്ചു ആയമ്മ അനുവിനോട്‌ പറഞ്ഞു... മോള് പോയി കിടന്നോളൂ... ഇതൊക്കെ ഞാൻ ചെയ്തോളാം... അവൾ അവർക്ക് നേരെ ഒരു പുഞ്ചിരി നൽകി റൂമിലേക്ക്‌ പോയി... സാധാരണ ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം... അവൾ റൂമിലേക്ക്‌ നടന്നു... തെല്ല് ഭയം അവളെ പിടികൂടിയിരുന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ ധൈര്യമായി തന്നെ റൂമിലേക്ക്‌ നടന്നു... റൂമിന്റെ വാതിൽ തുറന്നു അവൾ അകത്തു കയറി. ബാൽക്കണിയിൽ നിന്നും വമിക്കുന്ന സിഗരറ്റിന്റെ മണം എടുത്തപ്പോൾ അവൾക്കു മനസിലായി അവൻ അവിടെയാണ് എന്ന്... വലിയ റൂമിൽ ഒത്ത നടുക്ക് ഒരു ഡബിൾ കോട്ട് ബെഡ് മാത്രമേ ഉണ്ടായിരുന്നള്ളൂ... ബാക്കി എല്ലായിടവും ഒഴിഞ്ഞു കിടന്നു... ബാൽക്കണിയിൽ നിന്നും വന്ന പല്ലവ് കണ്ടത് റൂമിൽ നിന്ന് പരുങ്ങി കളിക്കുന്ന അനുവിനെയാണ്... വരൂ നന്ദ... പല്ലവിന്റെ സാമ്രാജ്യത്തിലേക്ക് നിനക്ക് സ്വാഗതം... ഹേയ്... ഇത് എന്ത് പറ്റി... അവൻ അവളെ നോക്കി തെല്ല് നാണത്തോടെ പറഞ്ഞു,

ഞാൻ കരുതി താൻ സെറ്റ്മുണ്ട് ഓക്കെ ഉടുത്തു തലയിൽ പൂ ചൂടി ഒരു ഗ്ലാസ്‌ പാലുമായി നമ്രശിരസ്ക്കയായി വരുമെന്ന്... ഓഹ്.... അതിന് നമ്മുടെ ആദ്യരാത്രിയല്ലല്ലോ ഇന്ന് അല്ലെ.... അതൊക്കെ എപ്പോഴോ കഴിഞ്ഞല്ലോ അല്ലെ..... തന്റെ പ്രസംഗം കഴിഞ്ഞെങ്കിൽ എനിക്ക് ഒന്ന് കിടക്കാമായിരുന്നു.... എന്താ ഭാര്യേ ഇത്രേം തിരക്ക്.... നമുക്ക് പതിയെ ഓരോ കൊച്ചു വർത്താനം പറഞ്ഞിരിക്കാം എന്നെ. എനിക്ക് കിടക്കണം.... അവൾ ഒരു വിരിയെടുത്തു നിലത്ത് വിരിച്ചു ഒരു പില്ലോയും പുതപ്പും എടുത്തു കിടന്നു... അവൻ വാർഡ്രോബ് തുറന്നു മദ്യക്കുപ്പി എടുത്തു ചുണ്ടോട് ചേർത്തു.... എന്നിട്ട് ബെഡിൽ വന്നിരുന്നു അവളെ നോക്കി പറഞ്ഞു... ഹരെ വാ.... സ്ഥിരം ക്ലീഷേ സീൻ...... പതിവൃതയായ ഭാര്യ.... സ്ത്രീ ലംബണനും കള്ളുകുടിയനുമായ ഭർത്താവിനോടുള്ള അനിഷ്ടം അറിയിക്കാൻ ചെയുന്ന അവനോട് പിണങ്ങി താഴെ കിടക്കുന്നു... ഭർത്താവ് നിരാശയോടെ അവളെ നോക്കി കിടക്കുന്നു... ഒടുവിൽ അവളെയും പൊക്കി എടുത്തു ബെഡിൽ കിടത്തുന്നു... സിനിമയിൽ ആണെങ്കിൽ ഒരു സോങ്ങിനുള്ള വകയുണ്ട്... മദ്യക്കുപ്പി ഒന്നുടെ വായയിലേക്ക് കമഴ്ത്തിയവൻ പറഞ്ഞു... ഈ പല്ലവിനെ അതിന് നീ പ്രതീക്ഷിക്കണ്ട... നീ അവിടെ തന്നെ കിടക്കും...

അല്ല പിന്നെ... അപ്പൊ ഗുഡ് നൈറ്റ്‌ ഭാര്യേ... എന്നും പറഞ്ഞു ഏ സിയുടെ ഹൈയിലിട്ട് അവൻ മൂടി പുതച്ചു കിടന്നു... കുറച്ചു കഴിഞ്ഞതും അനുവിന് മേലാകെ മരവിക്കാൻ തുടങ്ങി... തണുപ്പ് അത്രമേൽ അവളുടെ ശരീരത്തിൽ വ്യാപിച്ചിരുന്നു... അനു പതിയെ എഴുന്നേറ്റു ബാൽക്കണിയിലെ ഡോർ തുറന്നു അവിടെ പോയി ചാരുപടിയിൽ കാലും നീട്ടിയിരുന്നു.... രാവിലെ നേരത്തെ എഴുന്നേറ്റവൾ കുളിച്ചു ഫ്രഷായി... ഒരു ചുരിദാർ എടുത്തിട്ട് തലയിൽ തോർത്ത്‌ ചുറ്റി.... ഈ നേരം വീട്ടിൽ ആയിരുന്നെങ്കിൽ അടുക്കളയിൽ പാത്രങ്ങളോട് ഒരു മൽപ്പിടുത്തം തന്നെ നടത്തിയേനെ... 4 മണിക്ക് എഴുന്നേറ്റാലും പോകാൻ നേരം പിന്നെയും തിരക്ക് കൂട്ടണം... സമയം 4.30 ആയി .. അവൾ താഴെക്ക് ചെന്നു... അവിടെ ആരും തന്നെ എഴുന്നേറ്റിരുന്നില്ല... ഹാളിൽ സെറ്റ് ചെയ്തിരിക്കുന്ന കൃഷ്ണ വിഗ്രഹത്തിന്റെ അടുത്തേക്ക് നടന്നു... ഒരു തിരിയും കത്തിച്ചു നന്നായി പ്രാർത്ഥിച്ചു നെറുകയിൽ സിന്ദൂരവും നെറ്റിയിൽ ചന്ദനവും ചാർത്തി... നേരെ അടുക്കളയിലേക്ക് നടന്നു.... അവിടെയെല്ലാം ക്ലീൻ ആയി കിടക്കുകയായിരുന്നു.. ഒരു പാത്രത്തിൽ കലക്കി വെച്ച ദോശമാവ് എടുത്തു ദോശ ചുട്ടു... സാമ്പാർ കഷ്ണങ്ങൾ എടുത്തു കഴുകി അരിഞ്ഞു അടുപ്പത്ത് വെച്ചു. തേങ്ങ ചിരവി ചട്നിയും തക്കാളിയും ഉള്ളിയും ചേർത്തു ചമ്മന്തിയും ഉണ്ടാക്കി...

സാമ്പാർ വറുത്തിട്ടു. ദോശയെല്ലാം പാത്രത്തിൽ ആക്കി അവൾ അടുക്കള വൃത്തിയാക്കി... പാത്രങ്ങൾ കഴുകാൻ തുടങ്ങി... ആയമ്മ എഴുന്നേറ്റു കുളിച്ചു ഫ്രഷായി തിരിതെളിയിക്കാൻ വന്നപ്പോൾ അവിടെ ആകെ ചന്ദനത്തിരിയുടെ ഗന്ധം പടർന്നിരുന്നു. അവർ ഭഗവാനെ പ്രാർത്ഥിച്ചു നേരെ അടുക്കളയിലേക്ക് നടന്നു... പാത്രങ്ങൾ കഴുകി അടുക്കി വെക്കുന്ന അനുവിനെയാണ് അവർ കണ്ടത്... എന്റെ മോളെ നീ എന്തിനാ ഇത്രേം നേരത്തെ എഴുന്നേറ്റതു. അത് വീട്ടിൽ ശീലമായി പോയി... അതാ... ആയമ്മക്ക് ഞാൻ ചായ ഇടാം... അതൊന്നും വേണ്ട... നീ ഇവിടെ ഇരിക്ക്... അവിടെ ഉള്ള ചെയറിൽ അവളെ ഇരുത്തി അവർ പറഞ്ഞു... കുറേ നേരായില്ലേ തുടങ്ങിയിട്ട്... ഇനി ഞാൻ ചെയ്തോളാം... മോൾക്ക്‌ ആയമ്മ ചായ ഇട്ട് തരാം... ചായ ഇടാൻ വേണ്ടി അവർ പാത്രം എടുത്തു... അപ്പോഴാണ് അടച്ചു വെച്ചപാത്രങ്ങൾ അവർ കണ്ടത്... അത് തുറന്നു നോക്കി അവർ പറഞ്ഞു എന്തിനാ മോളെ നീ ഇതൊക്കെ ചെയ്തത്. ഇതൊക്കെ ഞാൻ ഉണ്ടാക്കുമായിരുന്നില്ലേ... സാമ്പാർ രുചിച്ചു നോക്കിയവർ പറഞ്ഞു... നന്നായിട്ടുണ്ട്...

പാറു ചേച്ചിയുടെ സെലെക്ഷൻ ഒരിക്കലും തെറ്റിയില്ല... അവർ രണ്ടുപേരും ചിരിച്ചു... പാർവതി ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി വന്നു... ജാനകിയും പ്രാതൽ കഴിക്കാൻ വന്നിരുന്നു... അനുവും ആയമ്മയും കൂടെ എല്ലാം ടേബിളിൽ നിരത്തി... ലക്ഷ്മി അപ്പു വന്നില്ലേ... ഇല്ലമ്മേ... ആയമ്മ മറുപടി നൽകി. അപ്പോഴാണ് സ്റ്റെയർ ഇറങ്ങി വരുന്ന പല്ലവിനെ കണ്ടത്... നീ ഇത് എങ്ങോട്ടാ? -ജാനകി ഓഫീസിലേക്ക്.... ഇന്ന് തന്നെ പോണോ... പോണല്ലോ ജാൻ, ഒരുപാട് പ്രോഗ്രാസ് പെന്റിങ് ആണ്... എല്ലാവരും കഴിക്കാൻ ഇരുന്നു... നന്ദ പോരുന്നുണ്ടോ? -പല്ലവ് അവൾ അവനെ നോക്കി... മോളെ എന്തിനാ നീ ഓഫീസിലേക്ക് കൊണ്ട് പോകുന്നത്? -ലക്ഷ്മി നന്ദ എന്റെ പി എയാണ് ആയമ്മേ... ഹേ... ആണോ മോളെ... നീ നമ്മുടെ ഗ്രൂപ്പിൽ ആണോ വർക്ക്‌ ചെയ്യുന്നതു.. അതെ എന്നർത്ഥത്തിൽ അവൾ തലയാട്ടി... ആഹാ എന്തായാലും അവൾ രണ്ടുദിവസം ലീവ് എടുക്കട്ടെ... അത്‌ കഴിഞ്ഞു അവളെ കൊണ്ട് പോകാം -പാർവതി ശരിയമ്മേ... എല്ലാവരും പോയി കഴിഞ്ഞു അനു അടുക്കളയിലേക്ക് ചെന്നപ്പോൾ ആയമ്മ അവളോട്‌ റൂമിൽ പോയി വിശ്രമിച്ചോളാൻ പറഞ്ഞു... റൂമിലേക്ക്‌ പോകാൻ ഒരുങ്ങുമ്പോൾ ആണ് പൂമുഖത്തിരിക്കുന്ന അച്ഛമ്മയെ അവൾ കണ്ടത്... അവൾ നേരെ അവിടേക്ക് നടന്നു...

അവർക്കരികിൽ പോയിരുന്നു... അവർ രണ്ടുപേരും ഓരോന്ന് സംസാരിച്ചിരുന്നു... അച്ചമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ചോദിച്ചോളു മോളെ... പാർവതി ഡോക്ടറുടെ മകൻ ആണ് സാർ എങ്കിൽ സുഷമ മാഡവും ഇന്ദ്രൻ സാറും അപ്പൊ ആരാണ്? അവർ അവളെ നോക്കി.... പാർവതി ഡോക്ടറോട് സംസാരിക്കുന്ന പോലെ ഒരിക്കലും ഞാൻ ഇന്ദ്രൻ സാറിനോടും സുഷമ മാഡത്തിനോടും സംസാരിക്കുന്നതു കണ്ടിട്ടില്ല. അവരാണ് സാറിന്റെ അച്ഛനും അമ്മയും എന്ന് ഞാൻ കേട്ടത്... ശരിയാണ്.... ഇന്ദ്രൻ തന്നെയാണ് അപ്പുന്റെ അച്ഛൻ.... പക്ഷേ അമ്മ പാർവതിയാണ്... അപ്പൊ സുഷമ മാഡം? പറയാം... ജാനകി വർഷങ്ങൾ പിറകിലേക്ക് പോയി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story