💐നീർമിഴിപൂക്കൾ💐: ഭാഗം 37

neermizhippookkal

രചന: ദേവ ശ്രീ

 ഇന്ദ്രനൊപ്പം അനുവും യാത്രയായി... ദൂരെയുള്ള ഒരു കൃഷ്ണന്റെ അമ്പലത്തിലേക്ക് ആയിരുന്നു രണ്ടുപേരും കൂടി പോയത്... അധികം ആൾതാമസമില്ലാത്ത, ഒരു കുന്നിൽ ചെരുവിലായിരുന്നു ക്ഷേത്രം... അവിടെ ചെന്നിറങ്ങിയ അനുവിന്റെ മനസ്സിൽ ഒരു തണുപ്പ് വീഴുന്ന അന്തരീക്ഷം.... ഒരു പാറയുടെ അരികിലാണ് ക്ഷേത്രം... ഒരു കോവിലും ഇരുവശവും രണ്ടു അൽത്തറകളുമുള്ള ഒരു ചെറിയ ക്ഷേത്രം അധികം ആൾതിരക്ക് ഉണ്ടായിരുന്നില്ല... ഒന്ന് രണ്ട് വാഹനങ്ങൾ മാത്രം പുറത്ത് നിർത്തിയിട്ടുണ്ട്... ചുറ്റും മതില്കെട്ടിയ അമ്പലത്തിൽ ഒറ്റപ്രതിഷ്ഠയേ ഉണ്ടായിരുന്നുള്ളു... ഭഗവാൻ ശ്രീകൃഷ്ണൻ... ആ ശ്രീ കോവിലിൽ ചന്ദനം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണനെ കാണുന്നത് തന്നെ ചൈതന്യമായിരുന്നു... ഇന്ദ്രപാലിനൊപ്പം അനുവും അകത്തേക്ക് കയറി... കണ്ണുകളടച്ചു ഭഗവാനെ പ്രാർത്ഥിക്കുന്ന അനുവിന്റെ മനസ്സിൽ പല്ലവിന്റെ സ്നേഹം തന്നിൽ നിന്നും അകത്തി മാറ്റരുതേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ...

വിവിയേ മറന്നു, ഓർക്കാൻ ഇഷ്ട്ടപെടാത്ത ഭൂതക്കാലം മറന്നു, അവൾ പല്ലവുമായി പൊരുത്തപെടാൻ തുടങ്ങി എന്നതിന്റെ തെളിവായിരുന്നു അവളുടെ "നീർമിഴികൾ".... വഴിപാട് കൗണ്ടറിൽ നിന്നും രസീത് വാങ്ങി ഇന്ദ്രനും ശ്രീകോവിലിന്റെ മുന്നിൽ വന്നു വണങ്ങി.... രണ്ടുപേരും പ്രദിക്ഷണം വെക്കുമ്പോൾ തന്റെ പ്രിയപ്പെട്ടവർക്ക് നല്ലത് വരണം എന്ന് മാത്രമേ മനസ്സിൽ ഉരുവിട്ടള്ളൂ... പ്രാർത്ഥന കഴിഞ്ഞു ശ്രീകോവിലിന് മുന്നിൽ രണ്ടുപേരും കൂപ്പുകൈകളുമായി നിന്നു... ഇമ്പ്രാതിരി പൂജകഴിഞ്ഞു പ്രസാദവുമായി ശ്രീകോവിലിൽ നിന്നും ഇറങ്ങി... അർച്ചന ചെയ്ത ചീട്ടുകൾ നോക്കി പേര് വിളിച്ചു... അവിടെ ആകെ വിരലിൽ എണ്ണാവുന്ന കുറച്ചു പേരെ ഉണ്ടായിരുന്നള്ളൂ... ഓരോരുത്തരെ ആയി പൂജാരി വിളിച്ചു... മണികണ്ഠൻ അത്തം നക്ഷത്രം ... ഒരു സ്ത്രീ മുന്നോട്ട് വന്നു കൈകൾ നീട്ടി...

തീർത്ഥം അവരുടെ കയ്യിലേക്ക് ഒഴിച്ചു കൊടുത്തു... പ്രസാദം അവർക്ക് നേരെ നീട്ടുമ്പോൾ അയാൾ പറഞ്ഞു.. എല്ലാം ശരിയാകും... അവന്റെ ഈ ദുശീലം മാറാൻ ഭഗവാൻ തന്നെ കണ്ണ് തുറക്കും... അത്‌ എളിമയോടെ കേട്ട് അവർ തലയാട്ടി... ഗോകുൽ അവിട്ടം നക്ഷത്രം... അവർക്കും തീർത്ഥം ഒഴിച്ച് കൊടുത്തു പ്രസാദം കൊടുക്കുമ്പോൾ പറഞ്ഞു വിദ്യക്ക് ഒരു പ്രത്യേക പൂജ ചെയ്യണം... അവിട്ടം തവിട്ടിലും വാഴുന്നാ പറയാ... പഠിച്ചോരു കേമനാകട്ടെ... ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും... ശരണ്യ മകം നക്ഷത്രം.... അവരോടും അയാൾ പറഞ്ഞു വൈകാതെ തന്നെ വിഷമങ്ങൾ തീരും... ഭഗവാൻ കൃഷ്ണനെ പോലെ ഒരു വരനെ കിട്ടും നിനക്ക് കേട്ടോ കുട്ടി... ആ പൂജാരിക്ക് ഇവിടെ വരുന്നവരെ ഓക്കെ നന്നായി അറിയാമെന്നു അനുവിന് മനസിലായി.. അതായിരിക്കണം അവരുടെ ഓരോരുത്തരുടെയും കാര്യങ്ങൾ വേഗം വേഗം പറയുന്നത്...

എന്നെയും അച്ഛനെയും പരിചയമില്ലാത്ത കാരണം ഒന്നും പറയില്ല... ഒരു കുഞ്ഞു നിരാശ അവളെ പൊതിഞ്ഞു... അടുത്ത ചീട്ട് കയ്യിലെടുത്തു പൂജാരി വിളിച്ചു... പാർവതി തൃക്കേട്ട നക്ഷത്രം... അത്‌ കേട്ടതും ഇന്ദ്രൻ മുന്നിലേക്ക് നിന്ന് തീർത്ഥം വാങ്ങി തളിച്ച് പ്രസാദം ഏറ്റുവാങ്ങി... അപ്പോഴും ആ പേര് കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അനു... അച്ഛൻ അമ്മയുടെ പേരിൽ വഴിപാട് എന്തിനാണ് കഴിപ്പിച്ചത് എന്ന ചിന്ത അനുവിനെ കുഴപ്പിച്ചു... അപ്പൊ സുഷമ മാഡം... പ്രസാദം കൈകൊണ്ട ഇന്ത്രനോട് പൂജാരി പറഞ്ഞു... ഇത്രേം നാൾ എല്ലാവരും ഉണ്ടായിട്ടും ഏകനായിരുന്നല്ലേ... ഇനി അതിന്റെ ആവശ്യമില്ല. ശരിയാണ് ഞാൻ ഒരു മുത്തശ്ശൻ ആവാൻ പോകുവാണ് നമ്പൂതിരി... അയാളുടെ വാക്കുകളുടെ അർത്ഥം ഇന്ദ്രന് ഗ്രഹിക്കാൻ കഴിഞ്ഞില്ല എന്ന് മനസിലാക്കിയ പൂജാരി ഇന്ദ്രനെ നോക്കി ചിരിച്ചു...

ഇത്.... തൊട്ടരികിൽ നിൽക്കുന്ന അനുവിനെ ചൂണ്ടി പൂജാരി ചോദിച്ചു... എന്റെ മകന്റെ ഭാര്യയാണ്... എന്റെ മോള്... ആനന്ദ... പൂജാരിക്ക് മുന്നിൽ അനു കൈകൂപ്പി തന്നെ നിന്നു... ഒരുപാട് കണ്ണീരോഴുക്കിയല്ലേ... ജാനകിയെ പോലെ പരിശുദ്ധയെങ്കിലും വനവാസത്തിൽ കഴിയേണ്ടി വന്ന ജന്മം... അനു ഞെട്ടി... എന്റെ കാര്യങ്ങൾ ഇത്ര കൃത്യമായി എങ്ങനെ മനസിലാക്കി എന്നതായിരുന്നു അവളുടെ അതിശയം... ഇനിയും ദുർഘടം കഴിഞ്ഞിട്ടില്ല കുട്ടി... കണ്ണീരോഴുക്കാൻ ഇനിയും ദിനങ്ങൾ ഉണ്ട്... നിനക്ക് പ്രിയപ്പെട്ടതൊന്നു നിന്നിൽ നിന്നും നഷ്ട്ടപെടും... ആ വേദന കൂടി സഹിക്കാൻ തയ്യാറാവണം... ആ നിമിഷം പല്ലവിന്റെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ... ഇനിയുമൊരു നഷ്ട്ടം... അതോർക്കേ അവളുടെ ഉള്ള് നീറി... കണ്ണുകൾ ചുവന്നു... നമ്പൂതിരി എന്താ അങ്ങനെ പറഞ്ഞേ... ഇന്ദ്രൻ ചോദിച്ചു...

ഞാൻ എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞന്നേ ഉള്ളൂ... ഒരിക്കലും വരാനുള്ളത് വഴിയിൽ തങ്ങില്ല... ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ കുട്ടിക്ക് കൂട്ടായി പരമശിവനെ പോലെ ഒരു പാതിയുണ്ട്... അതാണ് നിന്റെ ജീവിതത്തിലെ വെളിച്ചം... അവളുടെ തലയ്ക്കു മീതെ രണ്ടു കൈകളും കമഴ്ത്തി അനുഗ്രഹിച്ചു.. എല്ലാ പ്രതിസന്ധിയും തരണം ചെയ്യാൻ കഴിയട്ടെ നിനക്ക്... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും... അയാളുടെ ആ അവസാന വാക്കുകൾ അവൾക്ക് ആശ്വാസമായിരുന്നു.... അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോൾ അനുവിന്റെ മനസിന് എന്തെന്നില്ലാത്ത ഒരു പിടച്ചിലുണ്ടായിരുന്നു.. കാറിനരികിലേക്ക് യാന്ത്രികമായി അവൾ ചുവടുകൾ വെച്ചു... കാറിന്റെ ഡോർ തുറക്കുമ്പോളാണ് അനു ഇന്ദ്രനെ നോക്കിയത്.. കാറിന്റെ അരികിലും അമ്പലത്തിന് മുന്നിലും അനു ഇന്ദ്രനെ കണ്ടില്ല... അപ്പോഴാണ് ഇന്ദ്രൻ അമ്പലത്തിന്റെ സൈഡിലുള്ള ആൽത്തറക്ക് അരികിലേക്കു നടക്കുന്നത് കണ്ടത്...

അനുവും ഇന്ദ്രന് പിറകിൽ അങ്ങോട്ടേക്ക് നടന്നു... ആ പാറമുകളിൽ നിന്നാൽ അമ്പലത്തിലേക്ക് വരുന്ന ആർക്കും അവരെ കാണാൻ സാധിക്കുമായിരുന്നില്ല... അവിടെ നിന്നും നോക്കിയാൽ കാണുന്ന കാഴ്ച ആരുടെ കണ്ണിനും കുളിർമ നൽകുന്നതാണ്... ദൂരെ പച്ചവിരിച്ച് നിൽക്കുന്ന നെൽപാടങ്ങളായിരുന്നു... അതിന് വെളുത്ത പൊട്ടു തൊട്ടപോലെ നിറയെ കൊക്കുകളും.... പ്രഭാതകിരണങ്ങളിൽ ആ നെൽകതിരിന് സ്വർണശോഭയായിരുന്നു... അതിന് അരികിലൂടെ ചാലിട്ടോഴുകുന്ന തോടുമുണ്ടായിരുന്നു... കൃഷിക്ക് ആവശ്യമായ വെള്ളം അവിടെ നിന്നാണ് എടുക്കുന്നത്... അവിടെ തന്നെ നിർമിച്ച ഒരു കൊച്ചു വീട് കാണാമായിരുന്നു... ഓടുകൾ മേഞ്ഞ വീടിന്റെ ചുറ്റും നാലഞ്ചു തെങ്ങുകളും പനകളും ഉണ്ട്.... അത് നോക്കിനിൽക്കെ അനുവിന്റെ മനസ് ശാന്തമാകുന്നു എന്ന് തോന്നി അവൾക്ക്...

ഒരു പോസിറ്റീവ് എനർജി വന്നു നിറയുന്ന പോലെ... ആ കാഴ്ചയിൽ നിന്നും കണ്ണുകൾ പിൻവലിച്ച അനു കണ്ടത് ആൽത്തറയിൽ ഇരിക്കുന്ന ഇന്ദ്രനെയാണ്... അവൾ അയാൾക്കരികിലേക്ക് നടന്നു.... അനുവിന്റെ മനസ്സിൽ ഇന്ദ്രനോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ രൂപപ്പെട്ടിരുന്നു... എന്നാലും എങ്ങനെ തുടങ്ങണം എന്ന് ഒരു നിശ്ചയമില്ലാതെ അനു മൗനം പാലിച്ചു... കുറച്ചു നേരത്തെ മൗനത്തിന്‌ ശേഷം അവൾ തന്നെ ആ നിശബ്ദത കീറിമുറിച്ചു..... അച്ഛൻ മിക്കപ്പോഴും ഇവിടെ വരാറുണ്ടോ? ഇല്ല... വർഷത്തിൽ ഒരിക്കൽ... തുലാമാസത്തിലെ തൃക്കേട്ട നാളിൽ.... അതെന്താ അച്ഛാ ആ നാളിന് പ്രത്യേകത... അച്ഛന്റെ പിറന്നാൾ ആണോ? ഇന്ദ്രനിൽ അൽപ്പനേരം മൗനം തളം കെട്ടി... അയാൾ ഓർമകളുടെ വേലിയേറ്റത്തിലായിരുന്നു.. ആ മൗനം ബേധിച്ചു ഇന്ദ്രൻ പറഞ്ഞു... എന്റെ അല്ല മോളെ പിറന്നാൾ... ഇന്ന് പാർവതിയുടെ പിറന്നാൾ ആണ്... ഹേ... അമ്മയുടെ ജന്മദിനമാണോ ഇന്ന്.... പക്ഷേ അതിന്.... അനു വാക്കുകൾക്ക് അറുത്തു മുറിച്ചു ചോദിക്കാതെ പാതിവഴിയിൽ നിർത്തി...

പക്ഷെ അച്ഛാ സുഷമ മാഡം? അതൊക്കെ കഴിഞ്ഞു പോയില്ലേ മോളെ... നിങ്ങൾക്കിടയിൽ എന്താണ് അച്ഛാ പ്രശ്നം? ഇനി സുഷമ മാഡം തിരികെ വരില്ലേ?.... ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല മോളെ.... പിന്നെ... തിരികെ വരില്ലേ എന്ന് ചോദിച്ചാൽ അയാളും ഒരു പുതിയ ജീവിതം തുടങ്ങി.... അത്‌ കേൾക്കെ ആദ്യമായി അനുവിന് ഇന്ദ്രനോട് പുച്ഛം തോന്നി..... അമ്മയോട് അച്ഛൻ ചെയ്തതിന് അച്ഛനും ശിക്ഷ കിട്ടിയല്ലേ... അതുകൊണ്ടാണോ ഈ അമ്പലത്തിൽ വരവും വഴിപാടും ഓക്കെ... ഇപ്പോൾ നിങ്ങൾ വേദനിക്കുന്നതിന്റെ ഇരട്ടി അന്നെന്റെ അമ്മ വേദനിച്ചു കാണും... അനുവിന്റെ വാക്കുകളിൽ പാർവതിയോടുള്ള സ്നേഹവും ഇന്ദ്രനോടുള്ള ദേഷ്യവും നന്നായി കലർന്നിരുന്നു അത്രയും സമയം അയാളോട് സ്നേഹത്തോടെ സംസാരിച്ച അനു, പിന്നീടുള്ള സംസാരത്തിൽ ഇന്ദ്രനോടുള്ള വെറുപ്പ് പ്രകടമായത് അയാളെ ഞെട്ടിച്ചു... പക്ഷെ അതിനും താൻ അർഹനാണ് എന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ട് അയാൾ പ്രതികരിച്ചില്ല.... അറിയാമായിരുന്നു അമ്മയെ ചതിച്ചു കടന്നു കളഞ്ഞ ആളാണ് എന്ന്.....

എന്നാലും അച്ഛാ എന്ന് വിളിച്ചത്, ഒരു മകളുടെ എല്ലാ സ്നേഹത്തോടെയും കൂടിയായിരുന്നു... അത് നിങ്ങളിൽ പലപ്പോഴും ഒരു നന്മ ഞാൻ കണ്ടിരുന്നത് കൊണ്ടാണ്... പക്ഷെ സുഷമ മാഡം ജീവിതത്തിൽ നിന്നും പോയപ്പോൾ വീണ്ടും പകരക്കാരിയായി അമ്മയെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു... അനു വല്ലാത്ത ദേഷ്യത്തിലായിരുന്നു.... മോളെ.... അയാൾ സ്നേഹത്തോടെ വിളിച്ചു... ഈ സമയം നീ എങ്ങനെ വെറുതെ പ്രേഷർ കൂട്ടരുത്... അനു എന്തോ ചിന്തിച്ചു ദൂരെക്ക് നോക്കി... അനു... ഇന്ദ്രൻ വിളിച്ചു... ആ വിളി കേൾക്കാത്ത പോലെ അനു അവളുടെ നോട്ടം തുടർന്നു... അയാൾ ആ ആൽത്തറിയിൽ നിന്നും ഇറങ്ങി കൈകൾ കൊട്ടി കുറച്ചു മുന്നോട്ട് നടന്നു... ദൂരെയുള്ള ആ പച്ച പരവതാനിയിലേക്ക് നോട്ടമെറിഞ്ഞു ആയാൾ പറഞ്ഞു.... ഇത് വരെ ഞാൻ ചെയ്തു ശരിയാണ് എന്ന് ഞാൻ വാദിക്കില്ല മോളെ...

പക്ഷേ ഞാൻ ചെയ്തു എന്റെ ശരികളായിരുന്നു... ഒരുപക്ഷെ തിരിഞ്ഞു നോക്കിയാൽ അതെല്ലാം എന്ന് വലിയ തെറ്റുകൾ തന്നെയാണ്... ഇന്ദ്രൻ എന്താണ് പറയുന്നതെന്ന് മനസിലാവാന്റെ അനു അയാളെ നോക്കി... എന്റെ ജീവിതത്തിൽ ആരുമറിയാതെ പോയ, അല്ലെങ്കിൽ ഞാൻ ആരോടും പറയാതെ പോയ ചില സത്യങ്ങളുണ്ട്... അത് ഞാൻ ഇപ്പോ നിന്നോട് പറയുന്നത് ഒരു കുറ്റബോധത്തിന്റെ പുറത്തോ അല്ലെങ്കിൽ ഇനിയും പലതും നേടാനോ അല്ല... നീയും എന്റെ മകന്റെ കുഞ്ഞും എന്നിൽ നിന്നും അകലാതിരിക്കാനാണ്... നിങ്ങളിലാണ് എന്റെ സന്തോഷം.... അത് കൊണ്ട് സത്യമറിയണം എന്ന് തോന്നി... ഇന്ദ്രന്റെ വാക്കുകൾ എന്താണെന്നറിയാൻ അനു കാതോർത്തു... തൊട്ട് പിറകിൽ തങ്ങളുടെ സംഭാഷണം മൂന്നാമതൊരാൾ ശ്രവിക്കുന്നുണ്ടന്നറിയാതെ ഇന്ദ്രൻ പറഞ്ഞുതുടങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story