നീയും ഞാനും.. 🧡 ഭാഗം 1

neeyum njanjum shamseena

രചന: ശംസീന

നീയും ഞാനും ഏതുജന്മ നിലാവിൽകണ്ടുവോ.. നീല നീല രാക്കിനാപുഴയോരം നിന്നുവോ പറയാൻ... മൊഴി ഇഴകൾ കൊണ്ട്തുന്നും ഇരു മാനസം സദാ മിഴിയിൽ... തിരി തെളിയുമെന്നുമെ നീ...അനുരാഗ നാളമായ് നെഞ്ചിൻ എൻ നെഞ്ചിൻഅകമിടിയും നീ ചുടുനിനവും നീ മണ്ണിൽ ഈ മണ്ണിൽപകലിരവും നീ പൊരുളറിവും നീ🧡 "ഡീ അസത്തേ മര്യാദക്കത് ഓഫ്‌ ചെയ്ത് ട്യൂഷൻ ക്ലാസ്സിന് പൊക്കോ.." ഉണങ്ങിയ തുണികൾ കൊണ്ടുവെക്കുന്നതിനിടയിൽ ടിവി കണ്ടുകൊണ്ടിരിക്കുന്ന പാർവണ എന്ന പാറുവിനോട് അമ്മ പറഞ്ഞു.. "ഓ..പോകുവാ,, സമയം ആവുന്നല്ലേ ഉള്ളൂ,, മീര ഇതുവരേയും വന്നിട്ടില്ല.." പാറു വീണ്ടും ടീവിയിൽ ഒഴുകുന്ന ഗാനത്തിലേക്ക് ശ്രദ്ധ തിരിച്ചു..

അതിലെ ഓരോ ഭാഗങ്ങൾ കാണുമ്പോഴും അവളുടെ ഉള്ളിൽ ഒരാളുടെ മുഖം മിഴിവോടെ തിളങ്ങി നിന്നു.. ചുണ്ടിൽ ഒളിച്ചു വെച്ച ചിരിയോടെ കണ്ണുകളടച്ചിരുന്നു ആ മുഖം ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴത്തിൽ പതിപ്പിച്ചു... " പാറു..പാറു..നീ വരുന്നുണ്ടോ..ഇല്ലേൽ ഞാൻ പോകുവേ.." വേലിക്കടുത്തു നിന്നും മീര വിളിച്ചു പറഞ്ഞു.. "ഓ. ദാ വരുന്നെടി.. അമ്മേ,, ഇറങ്ങുവാണേ.. " ടിവി ഓഫ്‌ ചെയ്ത് സോഫയിൽ കിടന്നിരുന്ന ബാഗും തോളിലേക്കിട്ട് പാവാട തുമ്പുയർത്തി പിടിച്ചു പാറു പുറത്തേക്കോടി.. "ഓ വന്നോ സുന്ദരിക്കോത.. " മീര അവളെ കണ്ടതേ ചിറി കോട്ടി.. "നിനക്ക് അസൂയയാ.. " "ഓ ആയിക്കോട്ടെ,, ഇനി നമുക്ക് പോകാമല്ലോ.." "വാ.. " പാറു മീരയുടെ കയ്യും പിടിച്ചു ഇടവഴിയിലൂടെ നടന്നു.. "എടി.. നീ മറ്റേ സീരിയൽ കണ്ടോ..?" നടത്തത്തിനിടയിൽ പാറു ചോദിച്ചു..

"ഏത്..എനിക്ക് നിന്റെ പോലത്തെ ഭ്രാന്തൊന്നും ഇല്ല.." "ഒന്ന് പോടി.. നീ അതിലെ പാട്ടൊന്നു കേൾക്കണം.. എന്ത് ഫീൽ ആണെന്നോ.. അതിലെ നായകന്റെയും നായികയുടേയും പോലെയായിരിക്കും ഞാനും ജിത്തേട്ടനും.." "എന്തോ,, എങ്ങനെ.. " "ദേ മീരേ എന്നെ കളിയാക്കാൻ നിന്നാലുണ്ടല്ലോ.. " പാറു ചുണ്ട് കൂർപ്പിച്ചു.. "ഞാൻ കളിയാക്കിയതൊന്നും അല്ല..മുട്ടയിൽ നിന്നും വിരിയാത്ത നീ പ്രേമമാണെന്നും പറഞ്ഞു അങ്ങേരുടെ അടുത്തേക്ക് ചെല്ല്.. ആദ്യം കിട്ടുന്നത് നിന്റെ ഏട്ടന്റെ കയ്യിൽ നിന്നാവും.. " "അങ്ങനെയൊന്നും ഉണ്ടാവില്ല.. എന്റെ ഏട്ടൻ തന്നെ ഈ കല്യാണം നടത്തിതരും.. നീ കണ്ടോ.." ഉള്ളിലുള്ള മോഹം അതുപോലെ പാറു തുറന്നു പറഞ്ഞു.. "കാണാം.. " "ഓ.. "

ഇരുവരും നടത്തം അവസാനിപ്പിച്ചത് കോവിലകം പോലെ തോന്നുന്ന വീടിന്റെ ഉമ്മറത്താണ്....അവിടെ ഉമ്മറത്തു തൂക്കിയിട്ടിരുന്ന മണിയിലൊന്ന് തട്ടി.. "കയറിപ്പോര് പിള്ളേരെ.. ഞാനിവിടെ ഇത്തിരി പണിയിലാ.. " പാറുവും മീരയും ചെരുപ്പൂരി അകത്തേക്ക് കയറി.. തിണ്ണയുടെ അടുത്തായി മാറ്റിയിട്ടിരുന്ന ടേബിൾ വലിച്ചു തിണ്ണയോട് ചേർത്തിട്ട് അവിടെ ഇരുന്നു.. ബാഗിൽ നിന്നും പുസ്തകങ്ങൾ എടുത്ത് ടേബിളിൽ വെച്ചു വായിക്കാൻ തുടങ്ങി.. നല്ല ചൂടുള്ള ഉണ്ണിയപ്പത്തിന്റെ വാസന അവിടെയാകെ വ്യാപിക്കാൻ തുടങ്ങിയതും അവർ പുസ്തകത്തിൽ നിന്നും തലയുയർത്തി നോക്കി... ഒരു പാത്രത്തിൽ നിറയെ ഉണ്ണിയപ്പവുമായി വരുന്ന ഗൗരി ടീച്ചർ..

മുണ്ടും നേര്യതും ആണ് വേഷം.. മുഖത്തെ ഐശ്വര്യം കൂട്ടാനെന്നോണം നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറി.. ഹയർസെക്കന്ററി സ്കൂൾ ടീച്ചർ ആയിരുന്നു ഗൗരിയമ്മ.. ഇപ്പോൾ റിട്ടേട് ആയി വീട്ടിലിരിക്കുന്നു.. ചുറ്റുവട്ടത്തുള്ള പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്.. കൂട്ടത്തിൽ നമ്മുടെ പാറുവിനും മീരക്കും.. ഫീസ് വാങ്ങിയിട്ടൊന്നും അല്ല ട്യൂഷൻ എടുക്കുന്നത് തന്റെ അടുത്ത് വരുന്ന ആവശ്യമുള്ള കുട്ടികൾക്ക് ടീച്ചർക്ക് അറിയാവുന്നത് പറഞ്ഞുകൊടുക്കും.. "രണ്ടാളും എടുത്ത് കഴിക്ക് .." ഉണ്ണിയപ്പം അവരുടെ അടുത്തേക്ക് വെച്ച് ടീച്ചറും അവിടെ ഇരുന്നു.. "ഇന്നെന്താ വിശേഷം ടീച്ചറെ.. " അതിൽ നിന്നൊരു ഉണ്ണിയപ്പം എടുത്ത് കടിച്ചു കൊണ്ട് മീര ചോദിച്ചു.. "ഒന്നൂല്യ കുട്ടിയേ...ജിത്തൂട്ടന് വല്യ ഇഷ്ടമാ.. അതുകൊണ്ട് പണികൾ ഒതുങ്ങിയപ്പോൾ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി.." ബുക്സ് മറിച്ചു നോക്കുന്നതിനിടയിൽ ഗൗരിയമ്മ പറഞ്ഞു..

ജിത്തൂട്ടൻ എന്ന് കേട്ടതും പാറുവിന്റെ കണ്ണുകൾ അവനെ തേടി ആ വീടിന്റെ മുക്കും മൂലയും അലഞ്ഞു.. "ന്നിട്ട് ജിത്തുവേട്ടൻ എവിടെ.. " പാറുവിന്റെ മനസ്സറിഞ്ഞു പോലെ മീര ചോദിച്ചു.. "ആ കല്ലുങ്കിന്റെ അവിടെ കാണുമായിരിക്കും.. അല്ലാതിപ്പോ എവിടെ പോവാൻ.. ഇന്ന് അവധിയല്ലേ..." ഗൗരിയമ്മ പറഞ്ഞപ്പോൾ പാറുവിന്റെ മുഖം മങ്ങി.. "മോഡൽ എക്സാം എന്നാണ്.. " "അടുത്ത monday തുടങ്ങുമെന്നാണ് പറഞ്ഞത്..നാളെ ടൈം ടേബിൾ കിട്ടുമായിരിക്കും.." മീര പറഞ്ഞു.. "എന്താണ് പാറുക്കുട്ടി ഒന്നും മിണ്ടാതെ ഇരിക്കുന്നെ.. " ഒന്നും മിണ്ടാതെ ഇരിക്കുന്നവളോടായി ഗൗരിയമ്മ ചോദിച്ചു.. "ഏയ്‌ ഒന്നുല്ല ടീച്ചറെ.. ഞാനിങ്ങനെ വെറുതെ.. " "മ്മ്.. വെറുതെ ഇങ്ങനെ സ്വപ്നം കണ്ടിരിക്കേണ്ട..

ഇത്തവണ പരീക്ഷക്ക്‌ മാർക്ക്‌ കുറഞ്ഞാൽ ചട്ടുകം പഴുപ്പിച്ചു വെക്കും ഞാൻ കേട്ടല്ലോ.." ഗൗരിയമ്മ തലയും താഴ്ത്തിയിരിക്കിയുന്ന പാറുവിനോടായി കപട ഗൗരവത്തിൽ പറഞ്ഞു.. അത് കേട്ടപ്പോൾ മീര വാ പൊത്തി ചിരിച്ചു.. "നിന്നോടും കൂടിയാ.. " പിന്നീട് ഇരുവർക്കും പഠിക്കാനുള്ളത് പറഞ്ഞുകൊടുത്തു ഗൗരിയമ്മയും അവർക്കൊപ്പം ഇരുന്നു.. അവരുടെ പ്രിയപ്പെട്ട ടീച്ചർ ആണ് ഗൗരിയമ്മ... ഇരുവരും പ്ലസ് വൺ വിദ്യാർത്ഥികൾ ആണ്.. അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്.. മീരക്കും പാറുവിനും അഡ്മിഷൻ കിട്ടിയത് സയൻസിനാണ്.. പഠിക്കാൻ രണ്ടുപേരും മടിച്ചികൾ ആയത് കൊണ്ടാണ് ഗൗരിയമ്മയുടെ അടുത്തേക്ക് ട്യൂഷന് വിടുന്നത്..

അതിന്റെ ഗുണം രണ്ട് പേരിലും കാണാനും ഉണ്ട്.. പാറുവിന് അമ്മയും ഒരു ചേട്ടനും ആണ് ഉള്ളത്.. അച്ഛൻ ചെറുപ്പത്തിലേ ഇവരെ ഉപേക്ഷിച്ചു വേറെയൊരു സ്ത്രീയുടെ കൂടെ പോയി.. അന്ന് പാറുവിന്റെ പ്രായം വെറും ഒന്നര വയസ്സ് മാത്രമാണ്.. ചേട്ടന് പത്ത് വയസ്സും.. പിന്നീടങ്ങോട്ട് അവൾക്ക് അച്ഛന്റെ വാത്സല്യം കൊടുത്ത് വളർത്തിയത് അവളുടെ ചേട്ടൻ വൈശാഖ് എന്ന വിച്ചുവേട്ടൻ ആണ്.. അവൻ ജീവിക്കുന്നത് പോലും പാറുവിന് വേണ്ടിയാണ്.. പാറുവിന്റെ അമ്മക്ക്‌ തയ്യൽ മെഷീൻ ഉണ്ട്.. ചുറ്റുവട്ടത്തുള്ളവരുടെ തുണിയെല്ലാം തൈപ്പിച്ചു കൊടുക്കും..അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് മക്കളെ രണ്ട് പേരേയും വളർത്തി ഈ നിലയിൽ എത്തിച്ചത്.. ഗൗരി ടീച്ചറുടെ മകൻ ജിതിനും വൈശാഖും ഉറ്റ സുഹൃത്തുക്കൾ ആണ്.. ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ.. ജിതിന് മൂത്തത് ഒരു സഹോദരിയാണ് ജ്യോതി..

വിവാഹം കഴിഞ്ഞു ഭർത്താവും കുഞ്ഞുമായി ജീവിക്കുന്നു..ജിതിന്റെ അച്ഛൻ അവന് അഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്സിഡന്റിൽ മരണപ്പെട്ടു..അതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് ഗൗരിയമ്മ മക്കളെ വളർത്തിയത്.. വൈശാഖ് ടൗണിൽ സൂപ്പർ മാർക്കറ്റ് നടത്തുകയാണ്.. അത്യാവശ്യം തരക്കേടില്ലാതെ പോവുന്നൊരു കടയാണ്.. ഇടക്ക് ജിത്തുവും വന്നു സഹായിക്കാറുണ്ട്.. ജിത്തു ടൗണിലെ തന്നെ കോളേജിൽ മാഷ് ആയി വർക്ക്‌ ചെയ്യുകയാണ്.. അമ്മയുടെ പാത പിന്തുടരാൻ ആയിരുന്നു അവനിഷ്ടം.. പഠിത്തമെല്ലാം കഴിഞ്ഞ് ഗൗരിയമ്മയോടും യാത്ര പറഞ്ഞു പാറുവും മീരയും വീട്ടിലേക്ക് നടന്നു.. വീടിനടുത്തേക്കുള്ള വഴിയിലോട്ട് കയറാൻ നിന്നതും പാറു മീരയുടെ കൈ പിടിച്ചു വലിച്ചു അപ്പുറത്തെ വഴിയിലേക്ക് കടന്നു.. "ഡീ നീയിതെവിടെക്കാ.. " തന്നെയും വലിച്ചു മുന്നേ നടന്നു പോകുന്ന പാറുവിനെ നോക്കി മീര ചോദിച്ചു.. "നമ്മുക്കിന്ന് ഇതുവഴി പോവാം... " "ഏയ്‌ അതൊന്നും പറ്റില്ല.. വീട്ടിൽ വിളക്ക് വെക്കുന്നതിന് മുന്നേ ചെല്ലണം.. " മീര കൈ കുടഞ്ഞെടുത്തു.. "പ്ലീസ് ഡീ.. ഇന്നൊരു ദിവസത്തേക്ക്.. " പാറു അവളെ നോക്കി കെഞ്ചി.. "ഇത്തിരി കൂടുന്നുണ്ട് പാറു നിനക്ക്.. നടക്കങ്ങോട്ട്.. " പാറുവിനെ നോക്കി കടുപ്പിച്ചു പറഞ്ഞു മീര നടന്നു തുടങ്ങി.. കൂടെ അവളും.. (തുടരും..)

Share this story