നീയും ഞാനും.. 🧡 ഭാഗം 10

neeyum njanjum shamseena

രചന: ശംസീന

വീട്ടിലെത്തിയ പാറുവിന്റെ ഓർമ്മകൾ അവളുടെ ജിത്തേട്ടനിൽ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു... പ്രണയമുണ്ടോ എന്ന് ചോദിച്ചപ്പോൾ ജിത്തേട്ടന്റെ കണ്ണുകളിൽ കണ്ട തിളക്കം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അത് ഹൃദയത്തിന്റെ താളം തെറ്റിക്കുന്നു... "നീയിത് ആരെ സ്വപ്നം കണ്ടിരിക്കുവാ പാറു.." കടപൂട്ടി വീട്ടിലെത്തിയ വിച്ചു സോഫയിലിരുന്ന് കാര്യമായി ചിന്തിക്കുന്ന പാറുവിനെ നോക്കി ചോദിച്ചു..അവനെ കണ്ടതും "അമ്മേ.. " അകത്തേക്ക് നോക്കി അമ്മയെ വിളിച്ചു.. തുന്നി കൊണ്ടിരുന്ന അമ്മ പുറത്തേക്ക് വന്നതും കയ്യിലുണ്ടായിരുന്ന കവർ അവരെ ഏൽപ്പിച്ചു റൂമിലേക്ക് പോയി... അവിടെ മുഷിഞ്ഞ തുണിയും ഷർട്ടും അഴിച്ചിട്ടു ഒരു കൈലിയും ഉടുത്തു പുറത്തേക്ക് വന്നു.. ഒരു തോർത്ത്‌ മുണ്ട് കഴുത്തിലൂടെ ചുറ്റി ഇട്ടിട്ടുണ്ട്.. "ഡീ നീ വരുന്നോ കടവിലേക്ക്.. " ചിന്തയിലാണ്ട് ഇരിക്കുന്ന പാറുവിനോടവൻ ചോദിച്ചു.. "ഞാനോ..അവിടെ ഏട്ടന്റെ കൂട്ടുകാരൊക്കെ ഉണ്ടാവില്ലേ..ഞാനില്ല നിക്ക് ചമ്മലാ.." "അവിടെ ആരും ഇല്ല ഞാനും ജിത്തുവും മാത്രമേ ഉള്ളൂ ഇന്ന്.."

ജിത്തുവിന്റെ പേര് കേട്ടതും പോകണമെന്ന് മനസ്സും പോകേണ്ടാ എന്ന് ബുദ്ധിയും തർക്കിച്ചു കൊണ്ടിരുന്നു.. കുറച്ച് നേരത്തെ വാക്ക്വാദങ്ങൾക്കൊടുവിൽ അവന്റെ കൂടെ പോകാനവൾ തീരുമാനിച്ചു.. അങ്ങനെ വിച്ചുവിന്റെ കൈയിൽ തൂങ്ങി അവനോടൊപ്പം നടന്നു.. അതിനിടയിൽ കോളേജിലെ വിശേഷങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു.. "നീ ഗൗരി ടീച്ചറുടെ അടുത്തേക്ക് പൊക്കോ.. അവിടെ ജ്യോതി വന്നിട്ടുണ്ട്.." ജിത്തുവിന്റെ വീടിനടുത്തെത്തിയതും വിച്ചു പറഞ്ഞു.. "അപ്പോൾ കുളം.. " പാറു ചുണ്ട് പിളർത്തി ചോദിച്ചു.. "അത് ഞാൻ ചുമ്മാ പറഞ്ഞതാ.. നീ ഇപ്പോൾ ഇവിടേക്കൊന്നും വരാറില്ലെന്ന് ടീച്ചറും ജ്യോതിയും പറഞ്ഞപ്പോൾ നിന്നെ അവിടെ നിന്ന് ചാടിക്കാൻ വേണ്ടി പറഞ്ഞതാ..." "അങ്ങനെയാണോ എങ്കിൽ ഞാൻ തിരികെ പോവാണ്.. " "അയ്യോ ചതിക്കല്ലേ പാറൂസെ.. നിന്നെ കൂട്ടിയിട്ട് വരാമെന്ന് ഞാൻ ജ്യോതിക്ക് വാക്ക് കൊടുത്തു..ഒന്ന് ചെല്ലേടാ,, അല്ലേൽ അവരെന്തു വിചാരിക്കും.." വിച്ചു കെഞ്ചി പറഞ്ഞതും പാറു മനമില്ലാ മനസ്സോടെ ജിത്തുവിന്റെ വീട്ടിലേക്ക് ചെന്നു.

. ഉമ്മറത്തു തന്നെ ജിത്തുവും ടീച്ചറും ജ്യോതിയുമെല്ലാം ഇരിപ്പുണ്ട്.. ജിത്തു തന്റെ മടിയിലിരിക്കുന്ന രണ്ടു വയസ്സുകാരി അച്ചുവിനോട് കിന്നാരം പറയുകയാണ്.. അതിനിടയിൽ പാറു വന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല.. ജിത്തുവിനെ കണ്ടതും പാറുവിന് ചെറിയൊരു പേടി തോന്നി.. അന്ന് ജിത്തു വഴക്ക് പറഞ്ഞതിൽ പിന്നെ ഇവിടേക്കങ്ങനെ വന്നിട്ടില്ല.. എന്തെങ്കിലും ആവശ്യത്തിന് വരികയാണെങ്കിൽ തന്നെ മീരയോ അല്ലെങ്കിൽ അമ്മയോ ഉണ്ടാവാറുണ്ട്. ഇതിപ്പോ തനിയേ അവനെ അഭിമുഖീകരിക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്കാകെ പരവേഷമായി...അവൾ പൂമുഖത്തേക്ക് കയറാതെ മുറ്റത്ത് നിന്ന് തന്നെ തത്തി കളിച്ചു.. "ഇതാര് പാറുവോ.. കയറി വാ.. ഒത്തിരി നാളായല്ലോ കണ്ടിട്ട്.." പാറുവിനെ കണ്ടതേ ജ്യോതി ഉമ്മറത്തു നിന്നും എഴുന്നേറ്റ് അവളുടെ കൈ പിടിച്ചു പുഞ്ചിരിയോടെ അകത്തേക്ക് കയറ്റി..പാറുവിന്റെ ചുണ്ടിലും ഉണ്ടായിരുന്നു തെളിച്ചമില്ലാത്തൊരു പുഞ്ചിരി.. ജ്യോതിയുടെ ശബ്‍ദം കേട്ട ജിത്തു തലയുയർത്തി നോക്കി..

പാറുവിന്റെ കണ്ണുകളും അവനിൽ തന്നെയായിരുന്നു..പെട്ടന്ന് തന്നെ ജിത്തു മുഖം വെട്ടിച്ചു അച്ചുവിനെ മടിയിൽ നിന്നും കസേരയിലേക്കിരുത്തി അകത്തേക്ക് കയറിപ്പോയി..തിരികെ വരുമ്പോൾ കയ്യിലൊരു തോർത്ത്‌ മുണ്ടും ഉണ്ട്.. ജ്യോതിയുടെ അടുത്ത് നിൽക്കുന്ന പാറുവിനെ ദേഷ്യത്തിൽ നോക്കി പുറത്തേക്കിറങ്ങി..അവളുടെ മുഖം മങ്ങി.. കണ്ണുകൾ ഈറനണിഞ്ഞുവോ.. ഇതൊന്നും അറിയാതെ ജ്യോതി പാറുവിനോട് ഓരോ വിശേഷങ്ങളും ചോദിക്കുന്ന തിരക്കിലാണ്.. "നീയതിന് കുറച്ചു ശ്വാസം എടുക്കാനുള്ള അവസരം കൊടുക്കേണ്ട ജ്യോതി..വന്നപ്പോൾ മുതൽ തുടങ്ങിയതാ അതിന്റെ ചെവി തിന്നാൻ.." "ഒന്ന് പോയേ അമ്മ.. എത്ര നാള് കൂടിയാ ഈ പെണ്ണിനെ ഒന്ന് കാണുന്നതെന്നോ.." പാറുവിനെ നോക്കി പരിഭവിച്ചു കൊണ്ടാണ് ജ്യോതി അത് പറഞ്ഞത്.. "മോളിരിക്ക്,, ടീച്ചർ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. " അതും പറഞ്ഞു ടീച്ചർ അകത്തേക്ക് പോയി.. ജ്യോതി അവളുമായി തിണ്ണയിലേക്കിരുന്നു..വിശേഷങ്ങൾ ചോദിക്കാനും പറയാനും..

ജ്യോതി ചോദിക്കുന്നതിനെല്ലാം ഒന്നോ രണ്ടോ വാക്കിലോ അല്ലെങ്കിൽ ഒരു മൂളലിലോ തന്റെ മറുപടിയൊതുക്കി.. *** വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും നേരം പോയതറിഞ്ഞില്ല.. അതിനിടയിൽ അച്ചുമോളും പാറുവും നല്ലത് പോലെ കൂട്ടാവുകയും ചെയ്തു.. "പാറൂ നമുക്ക് ഇറങ്ങിയാലോ..?" അച്ചുവിനെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന പാറുവിനോട് അവിടേക്ക് വന്ന വിച്ചു ചോദിച്ചു.. കൂടെ തന്നെ ജിത്തുവും ഉണ്ട്.. കണ്ണുകൾ അനുസരണക്കേട് കാണിക്കാൻ തുടങ്ങിയിട്ടും മനസ്സ് കൊണ്ടതിനെ തടുത്തു നിർത്തി.. ഇനിയും തന്റെ കണ്ണുകൾ ജിത്തേട്ടനെ തേടിപ്പോയാൽ ചിലപ്പോൾ അത് വലിയൊരു പ്രശ്നത്തിന് കാരണമാകും.. "ഇനി അത്താഴം കഴിച്ചിട്ട് പോകാം വിച്ചു..ഇവിടെ എല്ലാം റെഡിയായിട്ടുണ്ട്.." ഗൗരി ടീച്ചർ പറഞ്ഞു .. "വേണ്ട ടീച്ചറെ അമ്മ കാത്തിരിക്കുന്നുണ്ടാവും.." ചെറു ചിരിയോടെ വിച്ചു അവരെ നോക്കി...പാറു പൂമുഖത്തു നിന്നും ഇറങ്ങി വിച്ചുവിനരികിലേക്ക് ചെന്നു.. "ദേ ചെറുക്കാ കൊഞ്ചാതെ കഴിക്കാൻ വന്നോ.. അമ്മയോട് ജ്യോതി വിളിച്ചു പറഞ്ഞിട്ടുണ്ട്.. രണ്ടിനെയും അത്താഴം കഴിപ്പിച്ചിട്ടേ വിടുള്ളൂ എന്ന്."

വാത്സല്യം കലർത്തിയ ശാസനയോടെ ടീച്ചർ പറഞ്ഞപ്പോൾ പിന്നെ വിച്ചു ആ ക്ഷണം നിരസിക്കാൻ നിന്നില്ല.. പാറുവിനേയും കൂട്ടി അകത്തേക്ക് നടന്നു.. ജ്യോതി അപ്പോഴേക്കും കഴിക്കാനുള്ളതെല്ലാം എടുത്ത് ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു.... പാറു വിച്ചുവിന്റെ അടുത്തായി ഇരുന്നു.. ജിത്തു അവർക്ക് ഓപ്പോസിറ്റും.. ഗൗരി ടീച്ചർ ഒരു പ്ലേറ്റിൽ കുറച്ചു ചോറെടുത്ത് അച്ചുമോൾക്ക് വാരി കൊടുക്കുന്നുണ്ട്.. പാറു പരമാവധി ജിത്തുവിനെ നോക്കാതിരിക്കാൻ ശ്രമിച്ചു.. ജിത്തുവും അവിടെ അങ്ങനെ ഒരാൾ ഇല്ലെന്ന മട്ടിലാണ് പെരുമാറ്റം.. അതവൾക്ക് തീർത്തും വേദനാജനകമായിരുന്നു.. ജ്യോതി എല്ലാവർക്കും ചോറ് വിളമ്പി..അത് കഴിഞ്ഞു ജ്യോതിയും അവരോടൊപ്പം ഇരുന്നു.. "നീയെന്താ പാറു കഴിക്കാതെ ഇരിക്കുന്നെ..കറികളൊന്നും ഇഷ്ടപ്പെട്ടില്ലേ.." ജ്യോതി കഴിക്കാതിരിക്കുന്ന പാറുവിനെ കണ്ട് ആകുലതയോടെ ചോദിച്ചു.. വിച്ചു അത് കേട്ട് ചിരിച്ചു.. "ഇവൾക്ക് ഞാനോ അമ്മയോ വാരി കൊടുക്കണം എന്നാലേ കഴിക്കൂ.." വിച്ചു പറയുന്നത് കേട്ട് ജിത്തുവും ഒരുവേള അവളെ നോക്കി..

അതേ നിമിഷം അവളുടെ കണ്ണുകളും അവനിൽ തറഞ്ഞു നിന്നു.. ഇരുവരുടേയും കണ്ണുകൾ ഇടഞ്ഞ വേളയിൽ ജിത്തു പൊടുന്നനെ തന്റെ കണ്ണുകളെ പിൻവലിച്ചു.. "അയ്യേ നീയിപ്പോഴും കൊച്ചു കുട്ടിയാണോ പാറു.. " ജ്യോതി അവളെ കളിയാക്കി.. പാറുവിനാകെ ചമ്മൽ തോന്നി.. ദയനീയതയോടെ അവൾ വിച്ചുവിനെ നോക്കിയതും തന്റെ മുന്നിലിരിക്കുന്ന പ്ലേറ്റിൽ നിന്ന് ഒരുരുള എടുത്ത് അവളുടെ നേരെ നീട്ടിയിരുന്നു.. "കഴിക്ക് പാറു.. " "മോളോരു നാണക്കേടും വിചാരിക്കേണ്ട.. നിന്റെ ഏട്ടനല്ലേ,,കഴിച്ചോ " വിച്ചു പറഞ്ഞിട്ടും കഴിക്കാൻ മടിക്കുന്ന പാറുവിനോട് ടീച്ചർ പറഞ്ഞു.. അവൾ ജിത്തുവിനെ ഇടം കണ്ണാലെ നോക്കി..

എന്നാലവൻ അവിടേക്ക് ശ്രദ്ധിക്കാതെ കഴിക്കുവാണ്.. അത് കണ്ട പാറു വിച്ചു നീട്ടിയ ചോറ് വാങ്ങി കഴിച്ചു.. പിന്നീട് കൊച്ചു കുട്ടികൾക്ക് കൊടുക്കുന്ന പോലെ വിച്ചു അവൾക്ക് വാരി കൊടുത്തു.. ഇടയിൽ അവനും കഴിക്കുന്നുണ്ട്.. അത്താഴം കഴിക്കൽ കഴിഞ്ഞ് അവരോടെല്ലാം കുറച്ചു നേരം സംസാരിച്ചിരുന്നിട്ടാണ് വിച്ചുവും പാറുവും വീട്ടിലേക്ക് മടങ്ങിയത്.. ജിത്തുവിന്റെ അവഗണന അവളുടെ മനസ്സിനെ തകർത്തു കളഞ്ഞിരുന്നു.. കൂടാതെ വിച്ചേട്ടനോട് സംസാരിക്കുമ്പോഴെല്ലാം ഇടക്കിടക്ക് ഫോൺ നോക്കുന്നതും അതിൽ നോക്കി ചിരിക്കുന്നതുമെല്ലാം പാറു കണ്ടിരുന്നു.. ആരോടായിരിക്കും ജിത്തു ഇത്രയും സന്തോഷത്തോടെ ചാറ്റ് ചെയ്യുന്നതെന്നാലോചിച്ചു ആ രാത്രിയവൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story