നീയും ഞാനും.. 🧡 ഭാഗം 11

neeyum njanjum shamseena

രചന: ശംസീന

പിറ്റേന്ന് കോളേജിലേക്ക് പാറു പോയത് തന്നെ മടിച്ചു മടിച്ചാണ്..മീരയും പ്രവിയും അവളുടെ ഉഷാറില്ലായ്മ കണ്ട് കാര്യം എന്താണെന്ന് മാറി മാറി ചോദിക്കുന്നുണ്ട്.. അവളൊന്നും വിട്ട് പറഞ്ഞില്ല.. ഫസ്റ്റ് അവറിനുള്ള സമയമായപ്പോൾ ജിത്തു ക്ലാസ്സിലേക്ക് വന്നു..സിലബസിനെ കുറിച്ചെല്ലാം സ്റ്റുഡന്റ്സിനൊന്നു പറഞ്ഞു കൊടുത്തു.. ക്ലാസ്സിൽ ശ്രദ്ധിക്കാതെ തന്നെ നോക്കി എന്തോ ആലോചിച്ചിരിക്കുന്ന പാറുവിനെ ജിത്തു കണ്ടിരുന്നു.. താനിവിടെ ഇത്രയൊക്കെ വായിട്ടലച്ചിട്ടും അവൾക്ക് യാതൊരു ഭവമാറ്റവും ഇല്ല.. അവനിൽ ദേഷ്യം ഉടലെടുത്തു.. ബെൽ അടിച്ചതും ജിത്തു ക്ലാസ്സ്‌ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.. എന്നാൽ പോയ പോലെ തന്നെ തിരികെ വരുന്ന ജിത്തുവിനെ കണ്ടപ്പോൾ കലപില കൂട്ടിയിരുന്നു ക്ലാസ്സ്‌ മുറി നിശബ്‍ദമായി.. അവൻ ക്ലാസ്സ്‌ മുറിയാകെ ഒന്ന് കണ്ണോടിച്ചു.. "പാർവണ come to staff room.. " ദേഷ്യത്തിൽ അത്രയും പാറുവിനെ നോക്കി പറഞ്ഞുകൊണ്ടവൻ അവിടെ നിന്നും പോയി.. പാറു ദയനീയതയോടെ പ്രവിയെയും മീരയേയും നോക്കി..

"നീ വരുത്തി വെച്ചതല്ലേ.. ചെല്ല് അങ്ങേരുടെ വായിലിരിക്കുന്നത് കേട്ടിട്ട് വാ.. " മീര അവളോട് കയർത്തു.. "മീരാ.. നീ അവളോട് ദേഷ്യപ്പെടേണ്ട.. ധൈര്യമായിട്ട് ചെല്ല് പാറു.. ഞാനും വരാം കൂടെ.. " പ്രവി അവളെ ഇരുന്നിടത്ത് നിന്നും വലിച്ചെഴുന്നേൽപ്പിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.. "ഞാൻ പുറത്ത് നിൽക്കാം.. നീ ചെന്നു കാര്യം എന്താണെന്ന് ചോദിച്ചിട്ട് വാ.. " സ്റ്റാഫ്‌ റൂമിനടുത്തെത്തിയതും പ്രവി പറഞ്ഞു.. "എടാ എന്നാലും ഞാൻ എങ്ങനെ ഒറ്റക്ക്.. " പാറു കണ്ണ് നിറച്ചു.. "നീ ഒറ്റക്കല്ലല്ലോ,, ഞാൻ ഇവിടെ പുറത്ത് നിൽപ്പില്ലേ.. പേടിക്കാതെ പോയിട്ട് വാ.. " പ്രവി അവളെ ഉന്തി തള്ളി സ്റ്റാഫ്‌ റൂമിലേക്ക് കയറ്റി പുറത്ത് വെയിറ്റ് ചെയ്തു.. അകത്തേക്ക് കയറിയ പാറു അവിടെയുള്ള കസേരയിൽ ഇരുന്ന് ബുക്സ് നോക്കുന്ന ജിത്തുവിനെ കണ്ടു..വിറച്ചു വിറച്ചു കൊണ്ടവൾ അവിടേക്ക് ചെന്നു.. "ജിത്തേട്ടാ.. " ഒരു ഉൾപ്രേരണയാൽ അവൾ വിളിച്ചു.. വിളികേട്ട് തലയുയർത്തി നോക്കിയ ജിത്തുവിന്റെ മുന്നിൽ നിൽക്കുന്ന പാറുവിനെ കണ്ടപ്പോൾ കടുത്തു.. "ജിത്തേട്ടൻ എന്തിനാ വരാൻ പറഞ്ഞത്.. "

പതർച്ചയോടെയവൾ ചോദിച്ചു.. അവൻ സീറ്റിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.. അവളൊന്ന് ചുറ്റും നോക്കി അവിടെ വേറെ ആരും ഇല്ല.. അവൾക്കാകെ പരവേഷമായി.. "നാളെ മുതൽ എന്റെ മുഖത്ത് നോക്കി സ്വപ്നം കണ്ടിരിക്കാനാണ് ഭാവമെങ്കിൽ കോളേജിലേക്ക് വരണമെന്നില്ല.. അതല്ല പഠിച്ചു വല്ല ജോലിയും വാങ്ങിക്കാനാണ് എന്നുണ്ടെങ്കിൽ മാത്രം,, മാത്രം കോളേജിലേക്ക് വരാം എന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുകയും ചെയ്യാം കേട്ടല്ലോ.." ഗൗരവത്തിൽ ജിത്തു പറഞ്ഞപ്പോൾ പാറുവിന്റെ തല താഴ്ന്നു..അവൻ പറഞ്ഞതിന് തലയാട്ടി സമ്മതം അറിയിച്ചു കൊണ്ടവൾ അവിടെ നിന്നും പോകാനൊരുങ്ങി.. "പോകാൻ വരട്ടെ.. " പിറകിൽ നിന്നും ജിത്തുവിന്റെ ഒച്ച ഉയർന്നപ്പോൾ പാറു പെട്ടന്നവിടെ നിന്നു.. "ഈ ജിത്തേട്ടാ എന്നുള്ള വിളിയൊക്കെ ഈ കോമ്പോട്ടിന് പുറത്ത്.. Call me sir,,ഇവിടെ ഞാൻ അദ്ധ്യാപകനും നീയെന്റെ സ്റ്റുഡന്റും മാത്രമാണ്.. അങ്ങനെയേ ചിന്തിക്കാൻ പാടുള്ളൂ.. ഇനിയും എന്നെകൊണ്ട് ഇങ്ങനെ പറയാനുള്ളൊരു അവസരം ഉണ്ടാക്കരുത്.. മ്മ് പൊയ്ക്കോ.. "

നിറഞ്ഞു വന്ന കണ്ണുകളെ അവനിൽ നിന്നും മറച്ചു കൊണ്ട് പാറു സ്റ്റാഫ് റൂമിന് പുറത്തേക്കോടി.. പുറത്തെത്തിയതും പ്രവിയെ പോലും ഒന്ന് നോക്കാതെ ലൈബ്രറിയിലേക്ക് വേഗത്തിൽ കയറി.. അവിടെ കുട്ടികളുടെ ശ്രദ്ധ ചെല്ലാത്തിടത്തിരുന്ന് തന്റെ ഉള്ളിലെ നൊമ്പരമെല്ലാം ഇറക്കിവെച്ചു.. ടേബിളിലേക്ക് തല ചായ്ച്ചു വെച്ച് കൊണ്ടവൾ നിശബ്‍ദമായി തേങ്ങി.. തോളിലൊരു കര സ്പർശമേറ്റതും പാറു തലയുയർത്തി.. തന്നെ നോക്കി വിങ്ങുന്ന മുഖവുമായി നിൽക്കുന്ന മീരയേയും പ്രവിയെയും കണ്ടതും ഉള്ള് പിടഞ്ഞു..അവർ അവളെ ഇരുവശത്തുമായി വന്നിരുന്നു ചേർത്ത് പിടിച്ചു.. "നീ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ടല്ലേ പാറു ജിത്തേട്ടനെ മറക്കാൻ നിന്നോട് ഞാൻ പറയുന്നത്.. " മീരയുടെ ശബ്ദം അർദ്രമായി.. "ഞെ കൊണ്ട് കഴിയുന്നില്ല മീരേ..ജിത്തേട്ടനെ തന്നെ വേണമെന്ന് മനസ്സ് വീണ്ടും വാശി പിടിക്കുകയാണ്.." കലങ്ങിയ കണ്ണുകളോടെ പാറു അവരെ നോക്കി.. "സാരമില്ല പോട്ടെ..ഇനി ഓരോന്ന് പറഞ്ഞു പാറുവിനെ വിഷമിപ്പിക്കേണ്ട.. എന്താ വേണ്ടതെന്ന് നമുക്ക് ആലോചിച്ചു ചെയ്യാം..

വാ ഇപ്പൊ ക്ലാസ്സിലേക്ക് പോവാം.." പ്രവി അവരേയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു..വരാന്തയിലൂടെ നടക്കുമ്പോൾ കുട്ടികളെല്ലാം അവരെ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി.. കാരണം വേറൊന്നുമല്ല പാറുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങി വീർത്ത മുഖവും കണ്ടിട്ട്.. പ്രവി അവരെ രണ്ട് പേരേയും കൊണ്ട് വേഗം അവിടെ നിന്ന് പോന്നു.. ക്ലാസ്സിലേക്ക് കയറാതെ അവൻ അവരേയും കൊണ്ട് വാഷ്റൂമിലേക്കാണ് പോയത്.. "പോയി മുഖമെല്ലാം കഴുകിയിട്ടു വാ. കുട്ടികൾ ശ്രദ്ധിക്കുന്നുണ്ട്.. " അവരെ അകത്തേക്കാക്കി അവൻ പുറത്ത് നിന്നു.. പത്തു മിനിറ്റ് കഴിഞ്ഞതും പാറു മുഖമെല്ലാം കഴുകി.. ഒരു പുഞ്ചിരി മുഖത്തെടുത്തണിഞ്ഞു പുറത്തേക്ക് വന്നു.. "ഇനി പോയാലോ.. " പ്രവി ചോദിച്ചപ്പോൾ പാറു വെറുതെയൊന്ന് മൂളി.. അവർ മൂവരും അവിടെ നിന്നും ക്ലാസ്സിലേക്ക് നടന്നു.. പോവുന്നതിനിടയിൽ മീരയും പ്രവിയും ഓരോ ചളി പറഞ്ഞു പാറുവിനെ ചിരിപ്പിക്കാൻ നോക്കുന്നുണ്ട്..

തന്റെ മുഖം വാടിയാൽ അവർക്കും സങ്കടമാവും എന്ന് മനസ്സിലാക്കിയ പാറുവും അവരോടൊപ്പം കൂടി..ഇതുപോലെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കുന്ന രണ്ടു സുഹൃത്തുക്കളെ കിട്ടിയതാണ് തന്റെ ഭാഗ്യമെന്നവൾ ഓർത്തു.. പ്രിൻസിയുടെ റൂം കഴിഞ്ഞിട്ട് വേണം ക്ലാസ്സിലേക്കെത്താൻ.. അവിടെ എത്തിയപ്പോഴാണ് തൂണിൽ ചാരി നിന്ന് ചിരിയോടെ സംസാരിക്കുന്ന ഒരു പെൺകുട്ടിയേ കണ്ടത്.. ഒറ്റ നോട്ടത്തിൽ ടീച്ചർ ആണെന്ന് തോന്നിപ്പിക്കും.. അവർ മുഖത്തോട് മുഖം നോക്കി.. ആരോടായിരിക്കും അവരിങ്ങനെ ചിരിച്ചു കളിച്ചു സംസാരിക്കുന്നത്..ആ ഒരു സംശയത്തോടെ തന്നെ മൂവരും മുന്നോട്ട് ചലിച്ചു.. അവരുടെ അടുത്തെത്തുംതോറും ചിരിയൊച്ചകൾ ചെവിയിൽ മുഴക്കം സൃഷ്ടിച്ചു കൊണ്ടിരുന്നു.. ആ പെൺകുട്ടിയോട് നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന ജിത്തുവിനെ കണ്ടതും പാറു തറഞ്ഞു നിന്നു.

. ഇത്രയും സന്തോഷത്തോടെ അല്ലെങ്കിൽ ചിരിയോടെ താൻ ഇതുവരെ ജിത്തേട്ടനെ കണ്ടിട്ടില്ലെന്നവൾ ഓർത്തു.. ഇന്നലെ ജിത്തേട്ടന്റെ മുഖത്ത് കണ്ട അതേ ചിരിയും കണ്ണുകൾക്ക് അതേ തിളക്കവും.. ഒരു പക്ഷേ താൻ സംശയിച്ചത് ശെരിയായിരുന്നോ.. "നിങ്ങളെന്താ ഇവിടെ ചുറ്റി തിരിയുന്നേ ക്ലാസ്സിലേക്ക് പോവാറായില്ലേ..? " ആ പെൺകുട്ടിയോട് എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് തലയുയർത്തിയ ജിത്തു തന്നെ നോക്കി നിൽക്കുന്ന മൂവർ സംഘത്തെ കണ്ട് ഗൗരവത്തിൽ ചോദിച്ചു.. "പോകുവാണ് സർ.. " പകച്ചു നിൽക്കുന്ന പാറുവിനേയും വലിച്ചു മീരയും പ്രവിയും അവിടെ നിന്നും ഓടി.. ആ ഓട്ടം നിന്നത് ക്ലാസ്സ്‌ റൂമിലാണ്.. പ്രവി അവരോട് എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും ആ പെൺകുട്ടിയെയും കൂട്ടി ജിത്തു ക്ലാസ്സിലേക്ക് കടന്നു വന്നിരുന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story