നീയും ഞാനും.. 🧡 ഭാഗം 12

neeyum njanjum shamseena

രചന: ശംസീന

പ്രവി അവരോട് എന്തോ പറയാനായി തുടങ്ങിയപ്പോഴേക്കും ആ പെൺകുട്ടിയെയും കൂട്ടി ജിത്തു ക്ലാസ്സിലേക്ക് കടന്നു വന്നിരുന്നു.. അവനെ കണ്ടതും കുട്ടികളെല്ലാം എഴുന്നേറ്റ് നിന്നു.. "സ്റ്റുഡന്റസ്.. ഇത് നമ്മുടെ പുതിയ ഗസ്റ്റ് ലക്ചറാണ് തൻവി.. ഇനി മുതൽ ഇൻ ഓർഗാനിക് കെമിസ്ട്രി എടുക്കുന്നത് തൻവിയായിരിക്കും.. " നിറഞ്ഞ ചിരിയോടെ പറഞ്ഞു നിർത്തിയ ശേഷം തൻവിയുടെ തിരിഞ്ഞു.. "Ok തൻവി you can continue.. " തൻവിയുടെ തോളിലൊന്ന് തട്ടി ജിത്തു പുറത്തേക്ക് നടന്നു..തൻവി അവൻ പോയ ദിശയിലേക്കൊന്ന് നോക്കി ചിരിച്ചു സ്റ്റുഡന്റ്സിന് നേരെ തിരിഞ്ഞു.. സ്വയമൊന്ന് പരിചയപ്പെടുത്തി ശേഷം കുട്ടികളേയും പരിചയപ്പെട്ടു.. തൻവി ക്ലാസ്സ്‌ എടുത്ത് തുടങ്ങിയിട്ടും പാറു ആ ഭാഗത്തേക്കേ ശ്രദ്ധിച്ചില്ല..ജിത്തുവിന്റെ മുഖം തന്നെയായിരുന്നു അവളുടെ മനസ്സിൽ..തൻവിയെ കാണുമ്പോൾ അവന്റെ ചുണ്ടിൽ വിരിയുന്ന ചിരിയും കണ്ണുകളുടെ തിളക്കവും അവളെ വേട്ടയാടി കൊണ്ടിരുന്നു.. ബെൽ അടിച്ചതും തൻവി ക്ലാസ്സ്‌ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.. "പാറു വാ ഓരോ ചായ കുടിക്കാം.. "

പ്രവി ചിന്തയിൽ ആഴ്ന്നിരിക്കുന്ന പാറുവിനെ തട്ടി വിളിച്ചു.. "നിനക്ക് ഏത് നേരവും തീറ്റ തീറ്റ എന്നൊരു വിചാരമേ ഉള്ളോടാ.. " അത് കേട്ട മീര അവനെ കളിയാക്കി.. "ഓ.. നീയൊക്കെ പിന്നെ വായുവാണല്ലോ ഭക്ഷിക്കുന്നെ.. ഒന്ന് പോയെടി.." പ്രവി പറഞ്ഞത് കേട്ട് പാറു ചിരിയടക്കി.. "ചിരിച്ചോടി ചിരിച്ചോ.. അല്ലേലും നിനക്ക് ഈ പൊന്നാങ്ങളയെ കിട്ടിയപ്പോൾ എന്നെ വേണ്ടല്ലോ.. " മീര പാറുവിനെ നോക്കി പരിഭവിച്ചു പുറത്തേക്ക് പോയി..പാറു ചുണ്ട് പിളർത്തി.. "അവൾ പോയാൽ ഏത് വരെ പോവും.. നീ വാ പാറു.. " പ്രവി അവളുടെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കോടി... ക്യാന്റീനിൽ ചെന്നപ്പോൾ കണ്ടു മൂന്ന് ചായയും സമൂസയും ഓർഡർ ചെയ്തിട്ടിരിക്കുന്ന മീരയെ.. "കൊച്ചു ഗള്ളി ഇവിടെ ഇരിക്കുവാണല്ലേ.. " കുസൃതിയോടെ പറഞ്ഞിട്ട് പ്രവി മീരയുടെ മണ്ടക്കിട്ടൊന്ന് കൊടുത്തു.. "ഔ.." മീര തല തടവി പ്രവിയെ കൂർപ്പിച്ചു നോക്കി.. എന്നാലവൻ ഒരു കൂസലും ഇല്ലാതെ ഇരുന്ന് ചായയും സമൂസയും കഴിക്കുവാണ്.. "മീരേ നിനക്ക് ലൈൻ ഒന്നും ഇല്ലേ നമ്മുടെ പാറുവിനെ പോലെ.. "

പ്രവിയൊരു കള്ളച്ചിരിയോടെ ചോദിച്ചു.. "പിന്നെ നാലെണ്ണം ഉണ്ടായിരുന്നു.. നാലെണ്ണത്തിനെയും ഞാൻ തേച്ചു.. " മീര അവനെ നോക്കി ചിറികോട്ടി.. "നീ ആള് ശൂപ്പറാടി.. " "ദേ ചെക്കാ മിണ്ടാണ്ടിരുന്നോ ഇല്ലേൽ ഈ സോസ് നിന്റെ തലവഴി കമിഴ്ത്തും നോക്കിക്കോ... " മീര അവനു നേരെ ചീറി.. "നീ പോടീ.. എനിക്ക് എന്റെ പാറൂസിനെ മതി.. " അവൻ പാറുവിന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു..ആലോചനയിൽ ഇരുന്നിരുന്ന പാറു ഞെട്ടിയുണർന്നു... "ശവം.. ഏത് നേരവും സ്വപ്നലോകത്താ.. ഇതിന് മാത്രം എന്തോന്നാടി നിനക്ക് ആലോചിക്കാൻ.. " "അവൾക്കല്ലേ ആലോചിക്കാൻ വിഷയങ്ങൾക്ക് ക്ഷാമം. ഇന്നിപ്പോ തൻവി ടീച്ചർ ആയിരിക്കും മൂല ഘടകം.. " മീര പരിഹാസത്തോടെ പറഞ്ഞു.. "നീയൊന്ന് ചുമ്മാതിരുന്നെ മീരേ.. അവൾ പറയട്ടെ എന്താ ആലോചിച്ചതെന്ന്.." "മീര പറഞ്ഞത് തന്നെയാ പ്രവി.. എനിക്കെന്തോ പേടി തോന്നുന്നു ..അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ.. " ഇടറിയ സ്വരത്തിൽ പാറു പറയുന്നത് കേട്ട് മീരക്കാകെ ദേഷ്യം വന്നു.. "ഓ തുടങ്ങി അവൾ ഒരുമാതിരി കണ്ണീർ സീരിയൽ പോലെ.. "

പ്രവി കണ്ണുകൾ കൊണ്ട് മീരയോട് ഒന്നും പറയരുതെന്ന് കാട്ടി.. അത് കണ്ട മീര തന്റെ ദേഷ്യം നിയന്ത്രിച്ചു.. "പാറു.. " അരുമയോടെ പ്രവി വിളിച്ചു.. അവളതിന് ഉത്തരം നൽകിയില്ല.. "പാറൂസേ.. നമ്മൾ ഇക്കാര്യം മുന്നേ സംസാരിച്ചതല്ലേ.. ജിത്തു സാറിനെ നിനക്ക് തന്നെ കിട്ടിയിരിക്കും ഉറപ്പ്.." പ്രവി അവളുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു.. "പ്രവി നീ വെറുതെ ഓരോ പൊല്ലാപ്പ് ഉണ്ടാക്കി വെക്കേണ്ട..ഒന്നാമതെ അങ്ങേർക്ക് ഇവളെ കണ്ണിനു കണ്ടൂടാ ഇനിയും ഓരോ പുതിയ പ്രശ്നങ്ങളും കൊണ്ട് ചെന്നാൽ അങ്ങേര് വെറുതെ ഇരിക്കില്ല.. കൈ വിട്ട കളിയാ മോനെ.." മീര മുന്നറിയിപ്പ് പോലെ പറഞ്ഞു.. "ഓ എന്നാൽ ഞാനങ്ങു സഹിച്ചു.. എനിക്ക് എന്റെ പാറൂസിന്റെ സന്തോഷമാണ് വലുത്.. " പ്രവി പറഞ്ഞത് കേട്ട് പാറുവിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..എന്നാൽ മീരയുടെ ഉള്ളിലാകെ ആധിയായിരുന്നു ഇനി മുന്നോട്ടുള്ള കാര്യങ്ങൾ എന്താകുമെന്നാലോചിച്ച്.. ****

ജിത്തു പിന്നെ ഉച്ച കഴിഞ്ഞുള്ള പിരിയഡാണ് ക്ലാസ്സെടുക്കാൻ വന്നത്.. നേരത്തെ കിട്ടിയ ഉപദേശം കൊണ്ടും ഇനിയും അവന്റെ മുന്നിൽ കണ്ണീരോടെ പറയുന്നതെല്ലാം കേട്ട് നിൽക്കാൻ കഴിയാത്തത് കൊണ്ടും പാറു ക്ലാസ്സിലേക്ക് തന്നെ ശ്രദ്ധിച്ചിരുന്നു.. ജിത്തുവും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഇടയിൽ ഇരുവരുടേയും കണ്ണുകളൊന്ന് ഉടക്കിയതും ജിത്തു പെട്ടന്ന് തന്നെ നോട്ടം പിൻവലിച്ചു.. നാല് മണിയോടെ ക്ലാസ്സ്‌ കഴിഞ്ഞതും ഫസ്റ്റ് ബസിന് തന്നെ വീട്ടിലെത്താൻ വേണ്ടി കോളേജിന് മുന്നിലുള്ള ബസ്സ്റ്റോപ്പിൽ കാത്തിരിക്കുമ്പോഴാണ് ജിത്തുവിന്റെ ബുള്ളറ്റിന്റെ സൗണ്ട് പാറുവിന്റെ കാതിൽ വന്നു പതിച്ചത്..അവളുടെ ഉള്ളൊന്ന് വിറച്ചു.. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കണം എന്നുണ്ടെങ്കിലും കൂടെ മീരയും പതിവില്ലാതെ പ്രവിയും ഉള്ളത് കൊണ്ട് അവൾക്കൊരു ജാള്യത തോന്നി.. മീരക്ക് തന്നോട് ഇഷ്ടമുണ്ടെങ്കിലും ജിത്തൂവേട്ടന്റെ കാര്യത്തിൽ അവൾ അന്നും ഇന്നും ഇടഞ്ഞു നിൽക്കുവാണ്.. ആ ഒരു കാര്യത്തിന് മാത്രമാണ് അവൾ തന്നോട് പിണങ്ങിയിട്ടുള്ളതും..

ബുള്ളെറ്റ് അടുത്തെത്തിയതും അറിയാതെ തന്നെ പാറുവിന്റെ നോട്ടം ജിത്തുവിനെ തേടി ചെന്നു.. അതേ നിമിഷം തന്നെ അവളുടെ കണ്ണുകളിൽ മിഴിനീർ ഉരുണ്ട് കൂടി.. ഉള്ള് പിടഞ്ഞു...പാറുവിൽ നിന്നൊരെങ്ങൽ പുറത്തേക്ക് പതിച്ചതും കാര്യമെന്തെന്നറിയാൻ പ്രവിയും മീരയും അവളുടെ നോട്ടം പോയ വഴിയേ നോക്കി.. ബുള്ളറ്റിൽ ജിത്തുവിനോട് ചേർന്നിരുന്ന് കളിച്ചു ചിരിച്ചു സംസാരിക്കുന്ന തൻവിയെ കണ്ട് അവരും പകച്ചു നിന്നു.. ഇങ്ങനൊരു കാഴ്ച അവരും പ്രതീക്ഷിച്ചതല്ലായിരുന്നു.. പരിസരം മറന്നു നിശബ്‍ദമായി തേങ്ങുന്ന പാറുവിനെ എന്തു പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അവർക്കും അറിയില്ലായിരുന്നു.. "എടി അവർ ചിലപ്പോൾ സുഹൃത്തുക്കളാവും നീ പേടിക്കുന്നത് പോലെ ഒന്നും ഉണ്ടാവില്ല.. " പ്രവി അവളെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.. "അതൊന്നും അല്ല പ്രവി അവർ തമ്മിൽ എന്തോ ഒരു അടുപ്പം ഉണ്ട് അതെനിക്കുറപ്പാ.. " പാറു ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു നീക്കി.. അപ്പോഴേക്കും ബസ് വന്നിരുന്നു..

പ്രവി പാറുവിനേയും ചേർത്ത് പിടിച്ചു പിറകിലൂടെ കയറി മുന്നിലൂടെ കയറി സീറ്റിലിരിക്കുന്ന മീരയുടെ അടുത്തിരുത്തി അവനും അവരുടെ അടുത്ത് നിന്നു.. "പാറു നീ കരയാതെ നമുക്കന്യോഷിക്കാടാ.." പാറുവിന്റെ വേദന കണ്ടു നിൽക്കാൻ കഴിയാതെ മീര നിസ്സഹായതയോടെ പറഞ്ഞു.. ആ വാക്കുകളൊന്നും പാറുവിന്റെ മുറിവേറ്റ മനസ്സിനെ സ്വാന്ത്വനിപ്പിച്ചില്ല.. ബസ് ജംഗ്ഷനിൽ എത്തിയതും പാറു യാന്ത്രികമെന്നോണം അതിൽ നിന്നും ഇറങ്ങി ..മീര പ്രവിയോട് യാത്ര പറഞ്ഞു പാറുവിനേയും കൂട്ടി മുന്നോട്ട് നടന്നു.. അന്ന് രാത്രി മുഴുവനും പാറു ഉറങ്ങാതെ തന്റെ പ്രണയത്തെ കുറിച്ചോർത്തു കണ്ണീർ വാർത്തു കൊണ്ടിരുന്നു.. ഇത്തിനിടയിൽ മീരയും പ്രവിയും പല തവണ വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തില്ല.. പിറ്റേന്ന് ലൈബ്രററിയിൽ ഇരുന്ന് പുസ്തകം വായിക്കുന്ന പാറുവിന്റെയും മീരയുടെയും അടുത്തേക്ക് പ്രവി ഓടി കിതച്ചു കൊണ്ട് വന്നു... അവൻ പറഞ്ഞ കാര്യം കേട്ട് അവർ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story