നീയും ഞാനും.. 🧡 ഭാഗം 14

neeyum njanjum shamseena

രചന: ശംസീന

വീട്ടിലെത്തിയ പാറു ഉമ്മറത്തെ കസേരയിൽ അമ്മയോട് സംസാരിച്ചിരിക്കുന്ന ഗൗരി ടീച്ചറെ കണ്ടൊന്ന് സംശയിച്ചു നിന്നു..അവർ തന്നെ കണ്ടെന്നു മനസ്സിലായതും മുഖത്തെ പതർച്ച മാറ്റി അവൾ അവരുടെ അടുത്തേക്ക് ചെന്നു.. "ഹ പാറു വന്നല്ലോ.. " അമ്മ പറഞ്ഞതും ഗൗരി ടീച്ചർ തിരിഞ്ഞു അവളെ നോക്കിയൊന്ന് പുഞ്ചിരി തൂകി.. പൈപ്പിൻ ചുവട്ടിൽ നിന്നും കാൽ കഴുകി ചെരുപ്പഴിച്ചിട്ടു പാറു അകത്തേക്ക് കയറി.. "ഞാൻ മോളെ കണ്ടിട്ട് പോവാൻ നിൽക്കുവായിരുന്നു.. " ചിരിയോടെ ടീച്ചർ പറഞ്ഞപ്പോൾ അവൾ നെറ്റിച്ചുളിച്ചു അമ്മയെ നോക്കി.. അമ്മയുടെ മുഖത്തും ചിരി തന്നെയാണ്.. "വിശേഷം വല്ലതും അറിഞ്ഞോ കുട്ട്യേ.. " "എന്ത്..വിശേഷം.. " സ്വല്പം പരിഭ്രമം കലർന്നിരുന്നു സ്വരത്തിൽ.. "നമ്മുടെ ജിത്തൂന്റെ കല്യാണ നിശ്ചയമാണ് വരുന്ന ഞായറാഴ്ച.. " അമ്മയുടെ നാവിൽ നിന്നും ഉതിർന്ന വാക്കുകൾ മൂർച്ചയുള്ള കൂരമ്പ് പോലെ അവളുടെ നെഞ്ചിൽ വന്നു പതിച്ചു. അവിടം മുറിഞ്ഞു ചോര കിനിയുന്നത് ആരും തന്നെ കണ്ടില്ല.. നിറഞ്ഞു വന്ന കണ്ണുകൾ അവരിൽ നിന്നും മറച്ചുപിടിച്ചു വെറുതെയൊന്ന് മൂളി.. ശരീരമാകെ തളരുന്ന പോലെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു..ജിത്തേട്ടന്റെ ഉള്ളിൽ താനല്ലാതെ മറ്റൊരു പെൺകുട്ടി സ്ഥാനം പിടിച്ചിരിക്കുന്നു..

ആ ഓർമ അവളെ വല്ലാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു.. "പെൺകുട്ടിയെ മോള് അറിയുമായിരിക്കും.. നിങ്ങടെ കോളേജിലെ തന്നെ ഗസ്റ്റ് ലക്ചർ തൻവി..എന്റെ കൂട്ടുകാരിയുടെ മകളാണ്.." അവളുടെ അടുത്ത് വന്നു ടീച്ചർ തലയിൽ വാത്സല്യത്തിൽ തഴുകി.. എന്നാലത് അവളിൽ അലോസരം സൃഷ്ടിച്ചു.. ജിത്തേട്ടൻ കൈ വിട്ടു പോകുമോ എന്ന ചിന്ത അവളെ പിടിമുറുക്കി.. "ഞാ.. ഞാൻ അറിയും.. ഞങ്ങൾക്ക് ക്ലാസ്സ്‌.. എടുക്കുന്നുണ്ട്.. " അവളൊരുവിധം പറഞ്ഞൊപ്പിച്ചു.. "കുട്ടികൾ തമ്മിൽ കുറേ കാലമായി ഇഷ്ടത്തിലാണ്.. അറിഞ്ഞപ്പോൾ ഞങ്ങൾക്കും എതിർപ്പൊന്നും ഉണ്ടായില്ല.. പിന്നെ എന്തിനാ വൈകിപ്പിക്കുന്നതെന്ന് കരുതി.." ഉത്സാഹത്തിൽ ഗൗരി ടീച്ചർ അവരോടായി പറഞ്ഞു ... "എന്നാൽ ഞാൻ ഇറങ്ങുകയാണ് ലതേ.. വിച്ചുവിനോട് ജിത്തൂട്ടൻ പറഞ്ഞോളും നീ മോളെയും കൂട്ടി നേരത്തെയങ്ങ് എത്തിയേക്കണേ.. " പാറുവിന്റെ അമ്മയുടെ കൈകൾ കവർന്നു പറഞ്ഞുകൊണ്ട് ടീച്ചർ അവിടുന്നിറങ്ങി.. അപ്പോഴും കേട്ടതിന്റെ തരിപ്പിൽ നിൽക്കുകയായിരുന്നു പാറു.. അവൾക്കതൊന്നും വിശ്വസിക്കാനോ ഉൾകൊള്ളാനോ സാധിച്ചില്ല..

"ഡീ പാറു നീയെന്താ ഇങ്ങനെ അനക്കമില്ലാതെ നിൽക്കുന്നേ.. വേഗം ചെന്ന് വേഷമൊക്കെ മാറിക്കെ.. " ലത അവളുടെ കയ്യിൽ വേദനിപ്പിക്കാത്തവിധം പതിയെ ഒന്ന് തല്ലി.. ഒന്നും മിണ്ടാതെ അവളകത്തേക്ക് കയറിപ്പോയി.. ബാത്‌റൂമിനുള്ളിൽ കയറി ഷവർ തുറന്നു പിടിച്ചു അതിന്റെ ചുവട്ടിലേക്ക് നിന്നു.. ശരീരമാകെ തണുത്ത വെള്ളം വീണിട്ടും ഉള്ളിലെ ചൂടിന് യാതൊരു ശമനവും കിട്ടിയില്ല..തന്റെ കണ്ണുനീർ പോലും അതിൽ അലിഞ്ഞില്ലാതാവുന്ന പോലെ തോന്നിയവൾക്ക്.. ഇത്രയും കാലം എന്നെങ്കിലും ഒരുനാൾ ജിത്തു തന്റെ സ്നേഹം തിരിച്ചറിയുമെന്നവൾക്ക് വിശ്വാസം ഉണ്ടായിരുന്നു..എന്നാൽ ഇപ്പോൾ അങ്ങനൊരു പ്രതീക്ഷയുണ്ടോ.. കോളേജിൽ നിന്ന് പ്രവി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ടും തനിക്ക് തന്റെ പ്രണയത്തിൽ വിശ്വാസം ഉണ്ടായിരുന്നു..അതുകൊണ്ടാണ് അവരുടെ മുന്നിൽ തളരാതെ പിടിച്ചു നിന്നത്.. എന്നിട്ടിപ്പോൾ അതിനേക്കാൾ വലിയൊരു വേദനയല്ലേ തനിക്ക് ഏറ്റ് വാങ്ങേണ്ടി വന്നത്..ജിത്തേട്ടനോടുള്ള പ്രണയമില്ലാതെ അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ ഇല്ലാതെ തനിക്കൊരു ജീവിതമുണ്ടോ..അദ്ദേഹത്തോടുള്ള പ്രണയമല്ലേ തന്റെ ജീവശ്വാസം പോലും...

ചിന്തകളങ്ങനെ കാട് കയറി കൊണ്ടിരുന്നു,,, ഡോറിൽ ആരോ ശക്തമായി മുട്ടിയതും ഞെട്ടിയുണർന്നു.. "പാറു ഇറങ്ങാറായില്ലേ നിനക്ക്.. എത്ര നേരമായി അതിനുള്ളിൽ കയറിയിട്ട്.. " പുറത്ത് നിന്നും അമ്മയുടെ ചീത്ത വിളികേട്ടതും പെട്ടന്നവൾ ഷവർ ഓഫ്‌ ചെയ്ത് ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി.. "നീയതിനുള്ളിൽ എന്തുവാ പെണ്ണേ പണിതിരുന്നത്.. മീര വന്നിട്ട് എത്ര നേരമായെന്നോ അവിടെ കാത്തിരിക്കുന്നുണ്ട് .. " അമ്മയവളെ ശകാരിച്ചു.. ഒപ്പം കയ്യിലെ തൂവർത്തെടുത്തു അവളുടെ തല നന്നായി തുടച്ചു കൊടുത്തു.. മീര വന്നെന്ന് കേട്ട പാറു അമ്മയിൽ നിന്നും കുതറി അവിടേക്കോടി.. "നീ റെഡിയായി വാ,, നമുക്കൊന്ന് അമ്പലത്തിൽ പോവാം.. " അവളെ കണ്ടതും മീര പറഞ്ഞു.. അവളുടെ മുഖത്തെ തെളിച്ചയില്ലായ്മ പാറുവിന്റെ മുഖത്തേക്കും പടർന്നിരുന്നു.. പാറു ഒരു ദാവണി ഉടുത്തു ചുറ്റി വന്നു. അമ്മയോട് പറഞ്ഞിട്ടവർ അമ്പലത്തിലേക്ക് പോയി..രണ്ടുപേരും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല...ആൽത്തറയിൽ അവരെ കാത്ത് പ്രവിയും ഉണ്ടായിരുന്നു.. മൂവരും ഒന്നും മിണ്ടാതെ തന്നെ അമ്പലത്തിനകത്തേക്ക് കയറി തൊഴുതു വന്നു.. ഇപ്പ്രാവശ്യം തന്റെ ഇഷ്ട ദേവനോട് പറയാൻ അവൾക്ക് പരാതിയോ പരിഭവങ്ങളോ ഉണ്ടായിരുന്നില്ല..

ജിത്തേട്ടനെ തനിക്ക് കിട്ടണമെന്നവൾ വാശി പിടിച്ചതുമില്ല.. കണ്ണുകൾ നിറയാതിരിക്കാൻ പരമാവധി ശ്രമിച്ചു..അവിടേയും ചില സമയങ്ങളിൽ തോറ്റു പോവുന്നു.. പൂജാരി നീട്ടിയ ഇല ചീന്തിലെ പ്രസാദം ശൂന്യമായ മനസ്സോടെ ഏറ്റുവാങ്ങി.. അതിൽ നിന്നും ഒരുനുള്ള് ചന്ദനം തന്റെ മോതിര വിരലാൽ തൊട്ട് നെറ്റിയിൽ ചാർത്തി.. തിരിഞ്ഞു നോക്കിയപ്പോൾ പ്രവിയെയും മീരയേയും കണ്ടില്ല.. ഒരു നെടുവീർപ്പോടെ അമ്പല കുളത്തിനവിടേക്കുള്ള പടികളിറങ്ങി.. അങ്ങോട്ടെത്തിയപ്പോൾ കണ്ടു ഇരു ദിശകളിലായി ആലോചനയോടെ ഇരിക്കുന്ന മീരയേയും പ്രവിയെയും.. അവളും അവർക്കടുത്തായി ചെന്നിരുന്നു.. മൂവരുടേയും ഉള്ളിൽ ഒരേ ചിന്തകളായിരുന്നു മിന്നിമാഞ്ഞു കൊണ്ടിരുന്നത്.. "ഇനി നിന്റെ തീരുമാനം എന്താണ് പാറു.. " (പ്രവി ) പാറുവിന്റെ മറുപടിക്കായി പ്രവിയും മീരയും അവളെ തന്നെ നോക്കി.. "തീരുമാനമൊന്നുമില്ല,,എൻഗേജ്‌മെന്റിൽ പങ്കെടുക്കണം പോരണം.." അവൾ യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.. "പാറു.. ഇത്ര പെട്ടന്ന് നീ ജിത്തേട്ടനെ മറന്നോ.. " മീര ദേഷ്യത്തിൽ ചോദിച്ചു...

"ആര് പറഞ്ഞു മറന്നെന്ന്. ഓർമകൾക്ക് മരണമില്ലെന്ന് നിങ്ങൾ കേട്ടിട്ടില്ലേ.. അതുപോലെ ജിത്തേട്ടനും എനിക്ക് സുഖമുള്ളൊരു ഓർമയാണ്.. നെഞ്ചിലെ കുഞ്ഞു നോവാണ്.." "എടാ നമുക്കീ വിവാഹം എങ്ങനെയെങ്കിലും മുടക്കാം.. " പ്രവി അവളെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു.. "അതൊന്നും വേണ്ട പ്രവി.. അങ്ങനെ എനിക്ക് സന്തോഷം കിട്ടുമെന്ന് തോന്നുന്നുണ്ടോ.. ഒരിക്കലുമില്ല.. ഈ ജന്മം എനിക്ക് ജിത്തേട്ടനെ വിധിച്ചിട്ടില്ലെന്ന് ഞാൻ കരുതിക്കോളാം..എന്നാൽ അടുത്ത ജന്മത്തിൽ എനിക്ക് അദ്ദേഹത്തെ തന്നെ വേണമെന്ന് ദൈവത്തിനോട് ഞാൻ വരം ചോദിക്കും.." "നീയെന്ത് ഭ്രാന്താണ് പറയുന്നത് പാറു..വിഷമിക്കാതെ നമുക്കെന്തെങ്കിലും വഴികാണാം.." ഭ്രാന്തിയെ പോലെ എന്തൊക്കെയോ വിളിച്ചു പറയുന്നവളെ ചേർത്തു പിടിച്ചു മീര പറഞ്ഞു.. "വേണ്ട മീരേ വിട്ടേക്ക്.. വെറുതെ നിങ്ങളും കൂടി ജിത്തേട്ടന്റെ വെറുപ്പ് ഏറ്റ് വാങ്ങേണ്ട.. " മീരയുടെ കൈ തന്നിൽ നിന്നും അടർത്തി മാറ്റി വിതുമ്പിക്കൊണ്ടവൾ അവിടെ നിന്നും എണീറ്റ് പോയി..

അവൾ പോകുന്നതും നോക്കി നിസ്സഹായരായി നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ.. *** വീട്ടിലെത്തിയ പാറു ഉമ്മറത്തിരിന്ന് വിച്ചുവിനോട് സംസാരിക്കുന്ന ജിത്തുവിനെ കണ്ട് അവനെ നോക്കാതെ പിന്നാമ്പുറത്തേക്ക് നടന്നു അടുക്കള വഴി അകത്തേക്ക് കയറി.. തിരിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ ജിത്തുവും വിച്ചുവും അവളെ കണ്ടില്ലായിരുന്നു.. അടുക്കളയിൽ എത്തിയപ്പോൾ അമ്മ ചായയിടുന്ന തിരക്കിലാണ്.. "നീയിത്ര പെട്ടന്ന് വന്നോ.. " "മ്മ്.. " വെറുതെയൊന്ന് മൂളി പ്രസാദം അവൾ അമ്മയുടെ നെറ്റിയിലും തൊട്ട് കൊടുത്തു.. "നീയാ അട പത്രത്തിലേക്കിട്ട് അതുമായി ഉമ്മറത്തേക്ക് വാ.. ഞാൻ ചായയുമായി അവിടേക്ക് ചെല്ലട്ടെ.." അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കെതിർക്കാൻ തോന്നിയില്ല.. അട പാത്രത്തിലേക്കിട്ട് അതുമായി അവിടേക്ക് ചെന്നു.. കട്ടൻ കാപ്പി കയ്യിലെടുത്തു ഊതിയൂതി കുടിക്കുന്ന ജിത്തുവിനെ കണ്ടതും അവളാ കാഴ്ചയോന്ന് നോക്കി നിന്നു.. എന്തോ ഓർത്തെന്ന പോലെ പിടിവിടുന്ന തന്റെ മനസ്സിനെ വരുതിയിലാക്കി പാത്രം അവരുടെ മുന്നിൽ കൊണ്ട് വെച്ചു..

അറിയാതെ പോലും ജിത്തുവിന്റെ മുഖത്തേക്കവൾ നോക്കിയില്ല.. പതിയെ അവിടെ നിന്നും ഉള്ളിലേക്ക് വലിഞ്ഞു വാതിലിനു മറവിൽ നിന്ന് ജിത്തേട്ടന്റെ സ്വരത്തിനായി കാതോർത്തു.. എത്രയൊക്കെ മറക്കാൻ ശ്രമിക്കുമ്പോഴും മനസ്സതിന് വഴങ്ങാത്തത് പോലെ.. ജിത്തു ലതയോടും വിച്ചുവിനോടും ചിരിച്ചു കളിച്ചു വർത്തമാനം പറയുന്നത് പാറു കൊതിയോടെ കേട്ട് നിന്നു..കുറച്ചു കഴിഞ്ഞു അവരെ നിശ്ചയത്തിന് ക്ഷണിച്ചു അവൻ ഇറങ്ങിപ്പോവുന്നത് വേദനയോടെയവൾ നോക്കി നിന്നു.. ആ ദിവസങ്ങളും തുടർന്നുള്ള ദിവസങ്ങളുമവൾക്ക് വളരെ ദൈർഘ്യവും വേദനയും ഏറിയതായിരുന്നു..ഒരു ദിവസം പോലുമവൾ കണ്ണുനീരിന്റെ കൂട്ടില്ലാതെ നിദ്രയെ പുൽകിയില്ല...കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് ബൈക്കിൽ ജിത്തുവിനോട് ചേർന്നിരുന്നു പോവുന്ന തൻവിയുടെ മുഖമാണ്..മറക്കാൻ ശ്രമിക്കുന്തോറും ഓർമ്മകൾ കൂടുതൽ ആഴത്തിൽ അവളെ മുറിപ്പെടുത്തി കൊണ്ടിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story