നീയും ഞാനും.. 🧡 ഭാഗം 15

neeyum njanjum shamseena

രചന: ശംസീന

ഇന്നാണ് ജിത്തേട്ടന്റെ വിവാഹ നിശ്ചയം..ഒപ്പം തന്റെ പ്രണയത്തിന്റെ അവസാനവും.. ഇനിയും ജീവിതത്തിലൊരു പ്രതീക്ഷക്ക് സ്ഥാനമില്ല..എന്നന്നേക്കുമായി എല്ലാം അവസാനിക്കുന്നു... വിച്ചേട്ടൻ രാവിലെ തന്നെ പോയിട്ടുണ്ട്.. കുട്ടിക്കാലം മുതലുള്ള സുഹൃത്തിന്റെ വിവാഹനിശ്ചയമല്ലേ.. ഇവിടെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ.. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്നൊരു ചടങ്ങ്..ഇവിടുന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ.. എങ്കിലും പോവാൻ തോന്നുന്നില്ല.. ഇത്ര ദിവസമായിട്ടും മനസ്സ് ഈ കാര്യങ്ങൾ ഒന്നും അംഗീകരിച്ചിട്ടില്ല.. അമ്മയോടൊപ്പം അവളും റെഡിയായി ഇറങ്ങി.. കറുപ്പ് നിറത്തിലുള്ള സിംപിൾ ചുരിദാർ ആയിരുന്നു വേഷം.. വേറെ ചമയങ്ങളൊന്നും ഇല്ല.. അല്ലെങ്കിൽ തന്നെ ഇനി ആരെ കാണിക്കാൻ വേണ്ടിയാണ് വേഷം കെട്ടി നടക്കുന്നത്.. വരുന്നില്ലെന്ന് നിർബന്ധം പിടിച്ചതാണ് പക്ഷേ വിച്ചേട്ടൻ സമ്മതിച്ചില്ല.. താൻ വരുന്നില്ലെങ്കിൽ ഏട്ടനും പോവുന്നില്ലെന്ന് പറഞ്ഞു.. മീരയും അവളുടെ അമ്മയും ഉള്ളത് കൊണ്ട് എല്ലാവരും ഒരുമിച്ചാണ് നടന്നു പോയത്.. ഓഡിറ്റോറിയത്തിന് അടുത്തെത്തിയപ്പോഴേ കൈ കാലുകൾ തളരുന്നത് പോലെ തോന്നി.. ഒരു ബലത്തിനായി മീരയുടെ കൈകളിൽ മുറുകെ പിടിച്ചു..

ഹാളിലേക്ക് കയറിയതേ കണ്ടു സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുന്ന ജിത്തേട്ടനെ.. മുഖത്ത് പതിവിൽ കൂടുതൽ സന്തോഷവും ചിരിയും.. ചിരിക്കുമ്പോൾ ഇടത് കവിളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ചുഴി അതിനെന്നും ഒരു പ്രത്യേക ഭംഗിയാണ്..കടും ചുവപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേഷം.. അല്ലെങ്കിലും ജിത്തേട്ടനെ എപ്പോഴും നാടൻ വേഷത്തിൽ കാണാൻ ആണ് ഭംഗി.. അറിയാതെ അവളുടെ മനസ്സ് വീണ്ടും ജിത്തുവിനെ തേടി അലഞ്ഞു.. തന്നെയും അമ്മയേയും കണ്ടിട്ടാവണം ജിത്തേട്ടൻ അവരോടുള്ള സംസാരം മതിയാക്കി അടുത്തേക്ക് വന്നു..എന്നാൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ മനസ്സ് അനുവദിച്ചില്ല.. പകരം അമ്മയുടെ പിന്നിലേക്ക് മറഞ്ഞു നിന്നു.. അമ്മയോടും മീരയുടെ അമ്മയോടും വിശേഷങ്ങൾ ചോദിക്കുന്നുണ്ട്.. ഗൗരി ടീച്ചർ എവിടെയെന്ന് അമ്മ ചോദിച്ചതിന് ഡ്രസിങ് റൂമിൽ ഉണ്ടെന്ന് പറഞ്ഞു അവിടേക്ക് വിരൽ ചൂണ്ടി..ഇടയിൽ ജിത്തേട്ടന്റെ കണ്ണുകൾ തന്നെ തേടി വന്നോ എന്ന് തോന്നി.. പിന്നീടത് തന്റെ മനസ്സിന്റെ തോന്നലാവാം എന്ന് കരുതി...

ജിത്തേട്ടൻ തങ്ങളുടെ അരികിൽ നിന്നും നടന്നു നീങ്ങിയതും അമ്മമാർ ഞങ്ങളെ കൂട്ടി മുൻവരിയിലുള്ള സീറ്റിൽ തന്നെ പോയിരുന്നു.. വേറൊന്നിനും അല്ല ചടങ്ങുകൾ എല്ലാം വളരെ വ്യക്തമായി കാണാൻ.. അല്പ സമയം കഴിഞ്ഞതും ജ്യോതി ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു വിശേഷങ്ങളെല്ലാം ചോദിച്ചു..മീരയാണ് ചോദിക്കുന്നതിനെല്ലാം മറുപടി കൊടുക്കുന്നത്.. താൻ മിണ്ടാതിരിക്കുന്നത് കണ്ട് കാര്യമെന്താണെന്ന് പലതവണ ചേച്ചി ചോദിക്കുന്നുണ്ട്.. അവൾക്ക് പല്ല് വേദനയാണെന്നുള്ളൊരു കള്ളം മീര പറയുകയും ചെയ്തു.. പിന്നീട് ചേച്ചിയുടെ ബന്തുക്കളിൽ ആരോ ചേച്ചിയെ അന്യോഷിക്കുന്നുണ്ടെന്ന് പറഞ്ഞു അവിടേക്ക് പോയി.. നിമിഷങ്ങൾക്കകം തൻവി മിസ്സിനെയും കൂട്ടി ജ്യോതി ചേച്ചിയും ടീച്ചറമ്മയും മറ്റു ബന്ധുക്കളും സ്റ്റേജിലേക്ക് കയറി.. കടും ചുവപ്പ് നിറത്തിൽ വീതിയുള്ള സ്വർണ കസവു വരുന്ന ദാവണിയായിരുന്നു വേഷം.. അതിന് മാച്ചിങ് ആയിട്ടുള്ള ഓർണമന്റ്സും തലയിൽ ബൺ ചെയ്ത് മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.. അധികം ചമയങ്ങളൊന്നും മുഖത്തില്ലെങ്കിലും തൻവി മിസ്സ്‌ ശെരിക്കുമൊരു അപ്സരസ്സിനെ പോലെ തോന്നിച്ചു..

തനിക്ക് അതിന്റെ പകുതി ഭംഗിപോലുമില്ല..എണ്ണമയം ഉള്ള മുഖവും മുഖത്ത് ചുമന്ന നിറത്തിലുള്ള കുരുക്കളും അത് പൊട്ടിയുള്ള കറുത്ത കലകളും ചിരിക്കുമ്പോൾ തെളിയുന്ന കോമ്പല്ലും വരണ്ടുണങ്ങിയ കാപ്പി നിറമുള്ള ചുണ്ടുകളും....ഉള്ളിന്റെ ഉള്ളിൽ ഒരു കുഞ്ഞു അസ്സൂയ മിസ്സിനോട് തോന്നി.. സ്റ്റേജിൽ നിന്ന് കൂട്ടത്തിൽ നിൽക്കുന്ന മുതിർന്നൊരാൾ ജിത്തേട്ടനെ കൈകാട്ടി വിളിച്ചതും അദ്ദേഹം സ്റ്റേജിലേക്ക് ഓടിക്കയറി.. അകന്നു നിൽക്കുന്ന ജിത്തേട്ടനെ ജ്യോതി ചേച്ചി തൻവി മിസ്സിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.. ഇരുവരും പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു...ഇത്രയും മനോഹരമായ പുഞ്ചിരി താൻ ഇന്നുവരെ ആ മുഖത്ത് കണ്ടിട്ടില്ല.. ചേർന്ന് നിൽക്കുന്ന ജിത്തേട്ടനേയും തൻവി മിസ്സിനേയും കണ്ടതും തന്റെ ചുണ്ടിലും വിരിഞ്ഞു വേദനയിൽ കലർന്നൊരു പുഞ്ചിരി... പ്രണയവിവാഹം ആയത് കൊണ്ടാവാം പൊരുത്തമോ ജാതകമോ നോക്കുന്നില്ലെന്ന് വിച്ചേട്ടൻ പറഞ്ഞിരുന്നു..നേരെ കല്യാണ തീയതിയും മുഹൂർത്തവും വായിച്ചു..ഏപ്രിൽ 4 നുള്ള ശുഭ മുഹൂർത്തത്തിൽ തൻവി മിസ്സ്‌ ജിത്തേട്ടന്റെ പാതിയാവും..

അതോർക്കുന്തോറും മനസ്സിലൊരു പാറക്കല്ല് എടുത്ത് വെച്ചത് പോലൊരു ഭാരം..ജിത്തേട്ടന്റെ പാതിയായി ഒരിക്കലും തൻവി മിസ്സിനെ ചിന്തിക്കാൻ പോലും കഴിയുന്നില്ല.. പരസ്പരം മോതിരം മാറാൻ മുതിർന്നവരിൽ ആരോ പറഞ്ഞു..ഗൗരി ടീച്ചർ ജിത്തേട്ടന്റെ നേരെ അവിടിരുന്ന താലം നീട്ടി.. അതിൽ നിന്നും ജിത്തേട്ടൻ പൂജിച്ച സ്വർണമോതിരം എടുത്തു ശേഷം തൻവി മിസ്സും എടുത്തു.. അപ്പോഴേക്കും തന്റെ ഹൃദയ താളം തെറ്റി തുടങ്ങിയിട്ടുണ്ടായിരുന്നു.. കണ്ണുകൾ അറിയാതെ നിറഞ്ഞു.. അവ ചുട്ടു നീറുന്നത് പോലെ തോന്നി.. മോതിരം മാറാനായി ജിത്തേട്ടന് നേരെ തൻവി മിസ്സ്‌ തന്റെ ഇടതു കയ്യിലെ മോതിര വിരൽ നീട്ടി.. മിസ്സിനെ നോക്കി പ്രണയാർദ്രമായി പുഞ്ചിരിച്ചു കൊണ്ട് ആ വിരലിലേക്ക് ജിത്തേട്ടൻ തന്റെ പേര് കൊത്തിയ മോതിരം ഇട്ട് കൊടുത്തു ശേഷം ആ വിരലിൽ പതിയെ ചുംബിച്ചു.. ആ കാഴ്ചകൾ തന്റെ ഹൃദയത്തെ കീറിമുറിച്ചു.. കണ്ണിൽ നിന്നും മിഴിനീർ കണങ്ങൾ മടിയിലേക്ക് വീണു കൊണ്ടിരുന്നു..കൈകൾ മീരയുടെ കയ്യിൽ ശക്തിയിൽ അമർന്നു..

ഉള്ളിൽ ഒരു അഗ്നിപർവതം പൊട്ടി അതിന്റെ ചുട്ടു പൊള്ളുന്ന ലാവ തന്റെ ശരീരമാകെ പടരുന്നത് പോലെ അനുഭവപ്പെട്ടു.. ബാക്കി രംഗങ്ങൾ കാണാൻ കഴിയാതെ കണ്ണുകൾ ഇറുകെ മൂടി... ചടങ്ങുകളെല്ലാം കഴിഞ്ഞതും കഴിഞ്ഞതും ആർപ്പുവിളികളും കരഘോഷങ്ങളും ഉയർന്നു.. അതിന്റെ ശബ്ദം ചെവിയിലേക്ക് തുളച്ചു കയറുന്ന പോലെ.. എവിടേക്കെങ്കിലും ഓടിയൊളിക്കാൻ തോന്നി.. പിന്നീട് കണ്ണുകൾ തുറക്കുന്നത് അമ്മ തട്ടിവിളിച്ചപ്പോഴാണ്.. ഭക്ഷണം കഴിക്കാൻ വിളിക്കുവാണ്..പോവാൻ തോന്നിയില്ല.. എങ്ങനെയെങ്കിലും അവിടുന്ന് പോയി വീടെത്തിയാൽ മതിയെന്നായിരുന്നു.. ******* ലത നിർബന്ധിച്ചവളെ ഭക്ഷണ ഹാളിലേക്ക് കൊണ്ടുപോയി.. വിച്ചുവാണ് എല്ലാത്തിനും മേൽ നോട്ടം കൊടുക്കുന്നത്..അവരെ കണ്ടപ്പോൾ ഒഴിഞ്ഞ സീറ്റിലേക്ക് ഇരുത്തി സദ്യ വിളമ്പാനായി ഇലയിട്ട് കൊടുത്തു.. ചോറ് വിളമ്പിയപ്പോൾ അറിയാതെ അവളുടെ കണ്ണിൽ നിന്നൊരു തുള്ളി അടർന്നു ഇലയിലേക്ക് വീണു.. വിഷ്ണുവും മീരയും ഞെട്ടി കൊണ്ടവളെ നോക്കി..മീരക്ക്‌ അവൾ പിടിക്കപ്പെടുമോ എന്ന ഭയമായിരുന്നു.. വിച്ചുവിനോ എന്തിനായിരിക്കും തന്റെ കുഞ്ഞു പെങ്ങൾ കരയുന്നതെന്ന ആധിയും.. "മോളെ പാറു.. എന്ത് പറ്റി.. ഏട്ടന്റെ കുഞ്ഞേന്തിനാ കരയുന്നെ..? "

വിച്ചു തന്റെ കയ്യിലുള്ള പാത്രം അവിടെ ആവലാതിയോടെ ചോദിച്ചപ്പോഴാണ് ലതയും അത് ശ്രദ്ധിക്കുന്നത്.. അത് വരെ അവർ മീരയുടെ അമ്മയോട് സംസാരിച്ചിരിക്കുവായിരുന്നു.. എന്നാൽ സങ്കടങ്ങൾ തൊണ്ട കുഴിയിൽ വന്നു തടഞ്ഞു നിൽക്കുന്നത് കൊണ്ടവൾക്ക് ഒന്നും തന്നെ മറുപടി കൊടുക്കാൻ കഴിഞ്ഞില്ല.. "പാറു കരയാതെ കാര്യം പറ.. ആളുകൾ ശ്രദ്ധിക്കുന്നു.. " ലത ചുറ്റുമോന്ന് നോക്കി ഈർഷയിൽ പറഞ്ഞു.. "അമ്മ,, കുഞ്ഞിനോട് ദേഷ്യപ്പെടേണ്ട.. മോൾക്ക് എന്തെങ്കിലും വയ്യായ്കയുണ്ടോ.. " വിച്ചു ചോദിച്ചതും പാറു ഉണ്ടെന്ന് തലയാട്ടി.. "വിച്ചേട്ടാ.. പാറുവിന് പീരിയഡ്സ് ആയിരിക്കുവാണ്.. അതിന്റെ പൈൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.." പെട്ടന്ന് തോന്നിയ ബുദ്ധിയിൽ രക്ഷപ്പെടാനായി മീര പറഞ്ഞു.. "അതായിരുന്നോ.. എന്നാൽ മോള് എഴുന്നേൽക്ക് ഏട്ടൻ വീട്ടിൽ കൊണ്ടുവിടാം.. " വിഷ്ണു അവളെ അവിടുന്ന് എഴുന്നേൽപ്പിച്ചു.. "വേണ്ട വിച്ചേട്ടാ.. നടക്കാവുന്നതല്ലേ ഉള്ളൂ ഞാൻ ഇവളെയും കൊണ്ട് പൊക്കോളാം.. ഏട്ടനിവിടെ തിരക്ക് കാണില്ലേ.. " മീര അവനെ തടയാൻ നോക്കി..

"അതും ശെരിയാണ്.. അങ്ങനെ മതിയോ കുഞ്ഞേ.. മോള് മീരയോടൊപ്പം പോവുമോ.." "മ്മ്.. " പാറു അവനെ നോക്കാതെ മൂളി.. "എന്നാൽ നടന്നു പോവേണ്ട.. ഏട്ടൻ ഒരു ഓട്ടോ വിളിച്ചു തരാം.. " വിച്ചു അവളേയും ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു.. അവളൊരു കുഞ്ഞിക്കിളിയെ പോലെ തന്റെ ഏട്ടന്റെ നെഞ്ചിലെ ചൂടിലേക്ക് പതുങ്ങി.. പാറുവിനേയും ചേർത്ത് പിടിച്ചു പോകുന്ന വിച്ചുവിനെ കണ്ട് സ്റ്റേജിൽ തൻവിയെയും ചേർത്ത് പിടിച്ചു ഫോട്ടോക്ക് പോസ്സ് ചെയ്തിരുന്ന ജിത്തു ഇപ്പൊ വരാമെന്നും പറഞ്ഞു അവന്റെ അടുത്തേക്ക് വന്നു.. "പാറുവിനെന്ത് പറ്റി വിച്ചു.. " സാധാരണ രീതിയിൽ ജിത്തു ചോദിച്ചു.. അവന്റെ ചോദ്യം കേട്ട് മീര പല്ലിറുമ്മി.. എല്ലാം അറിഞ്ഞിട്ടും അറിയാത്തത് പോലെ അഭിനയിക്കാൻ ഇയാൾക്ക് മാത്രമേ കഴിയൂ.. അവൾ ചിന്തിച്ചു.. ആ നിമിഷം അവളുടെ ഉള്ളിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കരയുന്ന മുഖമായിരുന്നു.. "മോൾക്ക് എന്തോ വയ്യായ്ക.. വീട്ടിലേക്ക് കൊണ്ടുവിടാമെന്ന് കരുതി.. " വിച്ചു അവളെ ഒന്നൂടെ പൊതിഞ്ഞു പിടിച്ചു.. "പനി വല്ലതും ആണോ.. എങ്കിൽ ഡോക്ടറെ കാണിച്ചേക്ക്.. " ജിത്തു പാറുവിനെ നോക്കി.. "അതൊന്നും അല്ലേടാ.. ഇത് ചെറിയൊരു ബോഡി പൈൻ ആണ്. റെസ്റ്റെടുത്താൽ മാറാവുന്നതേ ഉള്ളൂ.. നീയങ്ങോട്ട് ചെല്ല് ഞാൻ ഇവർക്കൊരു ഓട്ടോ പിടിച്ചു കൊടുക്കട്ടെ.. " പറഞ്ഞുകൊണ്ട് വിച്ചു അവരേയും കൂട്ടി മുന്നോട്ട് നടന്നു.. ജിത്തുവിന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു അസ്വസ്ഥത ഉടലെടുത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story