നീയും ഞാനും.. 🧡 ഭാഗം 16

neeyum njanjum shamseena

രചന: ശംസീന

വീട്ടിലെത്തിയ പാറു തേങ്ങലോടെ ബെഡിലേക്ക് വീണു... എന്ത് പറഞ്ഞുകൊണ്ടാണവളെ സമാധാനിപ്പിക്കേണ്ടതെന്ന് മീരക്കും നിശ്ചയം ഇല്ലായിരുന്നു.. അവളുടെ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാതെ മീര കൈകളാൽ തന്റെ മുഖം മൂടി.. ഇന്നും ഇന്നലേയും തുടങ്ങിയതല്ല അവൾക്ക് ജിത്തേട്ടനോടുള്ള പ്രണയം.. നീണ്ട അഞ്ച് വർഷങ്ങൾ.. യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ അവൾ അദ്ദേഹത്തെ നെഞ്ചിലേറ്റി നടന്നു.. ഇന്നിപ്പോൾ മുന്നോട്ടുള്ള പ്രതീക്ഷയും നഷ്ടമായിരിക്കുന്നു.. അവളുടെ മനസ്സിനും ശരീരത്തിനും താങ്ങാവുന്നതിലും കൂടുതലാണ് ഈ വേദന.. താൻ കൂടി തളർന്നാൽ പിന്നെ അവൾക്കൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ മീര മുഖം അമർത്തി തുടച്ചു.. കമിഴ്ന്നു കിടന്നു നെഞ്ച് പൊട്ടികരയുന്ന പാറുവിന്റെ മുതുകിൽ പതിയെ തടവി കൊണ്ടിരുന്നു... നിർത്താതെയുള്ള കരച്ചിൽ കാരണം ശ്വാസം വിലങ്ങി പാറു ആഞ്ഞു ചുമക്കാൻ തുടങ്ങിയതും മീര അടുക്കളയിൽ പോയി വെള്ളം കൊണ്ടുവന്നവളെ നിർബന്ധിപ്പിച്ചു കുടിപ്പിച്ചു.. "പാറു നീയിങ്ങനെ കരയല്ലേ മോളെ.. എനിക്കത് കണ്ട് നിൽക്കാൻ കഴിയുന്നില്ല.. " കണ്ണുനീരിൽ കുതിർന്ന് മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ മീര പാറുവിന്റെ മുഖത്ത് നിന്നും വകഞ്ഞു മാറ്റി..

"എന്നെ കൊണ്ട് കഴിയുന്നില്ലെടി.. നെഞ്ചിങ്ങനെ പൊട്ടുവാ... കണ്ണടച്ചാൽ മുന്നിൽ കാണുന്നത് തൻവി മിസ്സിന്റെ വിരലിൽ മോതിരം ഇടുന്ന ജിത്തേട്ടന്റെ മുഖമാണ്... എന്ത് തെറ്റാടി ഞാൻ സാറിനോട് ചെയ്തത്.. അത്രക്കും... അത്രക്കും സ്നേഹിച്ചതല്ലേ പ്രണയിച്ചതല്ലേ ഞാൻ ഈ കണ്ട വർഷമത്രെയും.. എന്നിട്ടും എന്റെ പ്രണയത്തെ കേവലം ഒരു പക്വത ഇല്ലായ്മയായി കണ്ട് നിഷ്കരുണം തള്ളി കളഞ്ഞില്ലേ.. അത്രക്കും വിലയേ ഉള്ളൂ എന്റെ സ്നേഹത്തിന്.. " ഇടറുന്ന വാക്കുകളാൽ പാറു പറഞ്ഞു കൊണ്ടിരുന്നു.. ഓരോ വാക്കുകളിലും അവളുടെ ഉള്ളിലെ വേദനയുടെ ആഴമത്രെയും പ്രതിഫലിക്കുന്നുണ്ടായിരുന്നു.. "ഇവിടെ നിന്റെ പ്രണയത്തിന്റെ വിലയല്ല ജിത്തേട്ടൻ നോക്കുന്നത് പാറു.. ബന്ധങ്ങളുടെയും പരസ്പരം ഉള്ള വിശ്വാസത്തിന്റെയുമാണ്..നീ കാരണം വിച്ചേട്ടനുമായുള്ള സൗഹൃദം തകരരുതെന്ന് ജിത്തേട്ടൻ അത്രത്തോളം ആഗ്രഹിക്കുന്നുണ്ടാവും.. അവിടെ നിന്റെ പ്രണയത്തിന് യാതൊരു വിലയും ഇല്ല പാറു.." പുറത്തേക്ക് മിഴികൾ പായിച്ചു മീര നിർവികാരതയോടെ ഇരുന്നു...

"ഇനിയെനിക്ക് ജിത്തേട്ടനെ സ്വന്തമാക്കാൻ കഴിയുമോ മീരേ.. " തീർത്തും ദയനീയമായിരുന്നവളുടെ ചോദ്യം.. അവളോട് എന്ത് പറയണം.. ഇനിയും അവൾക്ക് മുന്നോട്ടൊരു പ്രതീക്ഷ നൽകണോ.. അത് ചിലപ്പോൾ അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.. മീരയുടെ ഉള്ളിൽ ഒരു നൂറായിരം ചോദ്യങ്ങൾ ഉരു തിരിഞ്ഞു.. "പാറു..മോതിരം മാറൽ ചടങ്ങ് കഴിഞ്ഞാൽ പാതി വിവാഹം കഴിഞ്ഞു എന്നല്ലേ പറയാറ്.. അത് പോലെ ജിത്തേട്ടനും തൻവി മിസ്സും ഇപ്പോൾ പാതി ഭാര്യയും ഭർത്താവുമാണ്.. ഇനിയും മുന്നോട്ടൊരു പ്രതീക്ഷ വെക്കുന്നത് ശെരിയല്ല എന്നാണ് എന്റെ മനസ്സ് പറയുന്നത്... നമ്മൾ കരുതുന്നത് പോലെയൊന്നും അല്ല.. അവർ തമ്മിലുള്ള പ്രണയത്തിന് കുറേ വർഷത്തെ പഴക്കമുണ്ട്..." "അപ്പോൾ എന്റെയോ.. ഞാനും പ്രണയിച്ചതല്ലേ ഇത്രയും വർഷം..ഇന്നുവരെ എന്റെ ഹൃദയത്തിൽ ജിത്തേട്ടനല്ലാതെ വേറെ ഒരാൾക്കും കയറിക്കൂടാൻ കഴിഞ്ഞിട്ടില്ല.. അത്രത്തോളം അദ്ദേഹത്തെ ഞാൻ പ്രണയിക്കുന്നുണ്ട്... " പാറു ബെഡിൽ നിന്നും എഴുന്നേറ്റ് ജനലിനരികിലേക്ക് നടന്നു..

അതിന്റെ കമ്പിയിഴകളിൽ പിടി മുറുക്കി പുറത്തേക്ക് കണ്ണ് നട്ടു... തന്റെ മുറിയുടെ ഈ ഭാഗത്ത്‌ നിന്നാൽ ഇടവഴിയിലൂടെ തന്റെ വീട്ടിലേക്ക് നടന്നു വരുന്ന ജിത്തേട്ടനെ കാണാൻ കഴിയുമായിരുന്നു.. ഓരോ വട്ടവും കൊതിയോടെ നോക്കി നിന്നിട്ടുണ്ട് ജിത്തേട്ടന്റെ വരവിനായി..ഇനി തനിക്ക് ഇതുപോലെ കാത്തിരിക്കാനുള്ള അധികാരമോ അവകാശമോ ഇല്ലെന്നോർക്കേ അവളുടെ ഉള്ളാകെ വിറപൂണ്ടു.. "പാറു... " മീര അവളുടെ അടുത്തായി വന്നു നിന്ന് ആർദ്രമായി വിളിച്ചു.. പാറു തിരിഞ്ഞവളെ നോക്കിയില്ല..ഉള്ളിൽ നിന്നും പുറത്തേക്ക് വരാൻ വെമ്പുന്ന തേങ്ങൽ ചീളുകളെ അടക്കി നിർത്തി മൗനം പാലിച്ചു... "പാറു.. പ്രണയം എന്ന് പറയുന്നത് ചിലപ്പോൾ ഇത് പോലെ വേദനകളും സമ്മാനിക്കും.. ഒരുമിക്കാതെ പോയ എത്രയോ പ്രണയങ്ങൾ നമുക്ക് ചുറ്റുമുണ്ട്..ഇന്നും കൂടിയേ ജിത്തേട്ടന്റെ ഓർമ്മകൾ നിന്നിൽ ഉണ്ടാവാൻ പാടുകയുള്ളൂ.. നാളെ മുതൽ നീ പുതിയ പാർവണ ആയിരിക്കണം... വെറുതെ എന്തിനാടി നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലെ കരടായി നിൽക്കുന്നേ..

ഒഴിഞ്ഞു മാറേണ്ടിടത്തു നിന്ന് ഒഴിഞ്ഞു മാറുക തന്നെ വേണം.. അല്ലെങ്കിൽ ഒരു പട്ടിയുടെ വിലപോലും നമുക്കുണ്ടാവില്ല..അത് ഓർത്താൽ നിനക്ക് നല്ലത്.. നിന്റെ അമ്മയേയും വിച്ചേട്ടനെയും കരുതിയെങ്കിലും നീ പഴയത് പോലെ ഞങ്ങളുടെ പാറു ആവണം.. അല്ലെങ്കിൽ നീ കാരണം നിന്റെ കുടുംബവും തകരും.." മീരയുടെ വാക്കുകൾ പാറു ശ്രദ്ധയോടെ ശ്രവിച്ചു.. അവൾ പറഞ്ഞതൊക്കെയും ശെരി തന്നെയാണ്..തന്നെ ആകെ തകർന്ന അവസ്ഥയിൽ കണ്ടാൽ ചിലപ്പോൾ വിച്ചേട്ടനും അമ്മയും കാര്യം അന്യോഷിച്ചെന്നിരിക്കും. അപ്പോൾ സത്യങ്ങൾ അറിഞ്ഞാൽ അവരുടെ അവസ്ഥ പരിതാപകരമായിരിക്കും... താൻ കാരണം ഒരിക്കലും അവരുടെ ഹൃദയം മുറിപ്പെടാൻ പാടുള്ളതല്ല.. പാറു മുഖം അമർത്തി തുടച്ചു മീരയുടെ നേരെ തിരിഞ്ഞു.. "നീ വീട്ടിലേക്ക്‌ പൊക്കോ മീരേ.. ഇനിയും ഇവിടെ നിന്നാൽ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് തോന്നും.. സമയം ഇത്രയും ആയില്ലേ അമ്മയും ഏട്ടനും ഇപ്പോൾ വരുമായിരിക്കും.. " മീരയെ നോക്കി തെല്ലും പതർച്ചയില്ലാതെ പറഞ്ഞുകൊണ്ടവൾ വാഷ്റൂമിലേക്ക് കയറി..

മുഖത്തേക്ക് തണുത്ത വെള്ളം തുരു തുരെ ഒഴിച്ചു കൊണ്ടിരുന്നു.. മുഖമെല്ലാം ചുട്ടു പൊള്ളുന്നപോലെ.. ഇത്രയും നേരം കരഞ്ഞതിന്റെ ആവാം..ശേഷം ഇട്ടിരുന്ന ഡ്രസ്സ്‌ അഴിച്ചു മാറ്റി ശരീരത്തിലൂടെയും വെള്ളം കോരിയൊഴിച്ചു.. നേരിയൊരു ആശ്വാസം തോന്നിയ പാറു വസ്ത്രം മാറി പുറത്തേക്കിറങ്ങി.. പാറുവിന്റെ കുറച്ചെങ്കിലും തെളിഞ്ഞ മുഖം കണ്ട മീരാ അവളോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി.. മീര പോയതും ഉമ്മറത്തെ വാതിൽ അടക്കാൻ ഒരുങ്ങുമ്പോഴാണ് വിച്ചുവും അമ്മയും വരുന്നത് പാറു കണ്ടത്.. അവൾ മുഖമെല്ലാം ഒന്നൂടെ തുടച്ചു പ്രസന്നതയോടെ മുഖത്തൊരു ചിരിയെടുത്തണിഞ്ഞു നിന്നു.. "വയ്യായ്കയൊക്കെ മാറിയോടാ പാറൂസേ.. " വിച്ചു അവളെ ചേർത്ത് നിർത്തി വാത്സല്യത്തോടെ ചോദിച്ചു.. അവൾ മാറിയെന്ന പോലെ തലയനക്കി... "എന്നാ ഏട്ടന്റെ കുട്ടി പോയി ഏട്ടനൊരു സ്പെഷ്യൽ ടീ ഇട്ട് കൊണ്ടുവന്നേ.. വല്ലാത്ത തലവേദന... " നെറ്റിയിൽ കൈവെച്ചു ഉഴിഞ്ഞു കൊണ്ട് വിച്ചു സോഫയിലേക്ക് ചാഞ്ഞു.. "അവള് ചായ ഇട്ടിട്ട് നീ കുടിച്ചത് തന്നെ.. കണ്ടില്ലെ ഒരു അനക്കമില്ലാതെ നിൽക്കുന്നത്..ഞാൻ തന്നെ നിനക്ക് ചായ ഇട്ട് കൊണ്ടുവരാം.." അന്തം വിട്ട് നിൽക്കുന്ന പാറുവിനെ കണ്ട് ലത ശകാരം തുടങ്ങി.. "വേണ്ട ഞാൻ ഇട്ടോളാം.. "

ലതക്ക് മുഖം കൊടുക്കാതെ പാറു അടുക്കളയിലേക്ക് നടന്നു.. "ഈ പെണ്ണിന് ഓരോ നേരത്ത് ഓരോ സ്വഭാവമാ.. അല്ലെങ്കിൽ ആ മണ്ഡപത്തിൽ കിടന്ന് നിലവിളിച്ചു ഇങ്ങോട്ട് ഓടിപ്പോരേണ്ട കാര്യമുണ്ടോ.. ആളുകളൊക്കെ ചോദിക്കുവാ എന്താ മോള് പെട്ടന്ന് പോയതെന്ന്... ജ്യോതിക്കും ടീച്ചറിനുമെല്ലാം വിഷമം ആയിട്ടുണ്ട് ഇവൾ പെട്ടന്ന് പോന്നതിൽ.. അവർക്ക് ഇവളെ അത്രക്കും കാര്യമായത് കൊണ്ടല്ലേ.. " ലത നിർത്താൻ ഉദ്ദേശമില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.. "അമ്മയൊന്ന് നിർത്തിക്കെ.. പാറുമോൾക്ക് വയ്യാത്തത് കൊണ്ടല്ലേ ഇങ്ങ് പോന്നത്.. അതിന് ഇങ്ങനെ പറയണോ..ഇനി ഓരോന്നും പറഞ്ഞു കൊച്ചിനെ വിഷമിപ്പിച്ചാൽ ഉണ്ടല്ലോ.." വിച്ചു അമ്മക്ക് താക്കീത് നൽകി.. "നീയാ ആ പെണ്ണിനെ ഇങ്ങനെ കൊഞ്ചിച്ചു വഷളാക്കുന്നെ... " അമ്മ കെർവിച്ചു അപ്പുറത്തേക്ക് പോയി.. ഇവരുടെ സംസാരമെല്ലാം പാറു അടുക്കളയിലേക്ക് കേൾക്കുന്നുണ്ടായിരുന്നു.. എന്തിനും ഏതിനും ഏത് വിഷമ ഘട്ടത്തിലും ഒരു ഏട്ടന്റെയും അച്ഛന്റേയും സ്നേഹം തനിക്ക് തന്റെ വിച്ചേട്ടനിൽ നിന്നും കിട്ടിയിട്ടുണ്ട്..ആ സ്നേഹവും വാത്സല്യവും തനിക്ക് ആയുസ്സ് ഉള്ളിടത്തോളം കാലം ലഭിക്കണേ എന്നായിരുന്നു അവളുടെ ഉള്ളിലെ പ്രാർത്ഥന.. തിളച്ച വെള്ളത്തിലേക്ക് കാപ്പി പൊടിയിട്ട് പഞ്ചസാരയും ഇട്ടിളക്കി ഗ്ലാസ്സിലേക്ക് പകർത്തി പാറു വിചുവിന് കൊണ്ട് കൊടുത്തു..

"നിന്റെ കാപ്പിക്ക് മുത്തശ്ശി ഇടുന്ന കാപ്പിയുടെ അതേ ടേസ്റ്റ് ആണ്... " കാപ്പി രുചിച്ചു നോക്കി വിച്ചു പറഞ്ഞു... മുത്തശ്ശിയെ കണ്ട ഓർമപോലും തനിക്കില്ല.. അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ മുത്തശ്ശിയെ അച്ഛന്റെ സഹോദരനും സഹോദരിയും വന്നു കൂട്ടി കൊണ്ടുപോയെന്ന് ചെറുപ്പത്തിലെങ്ങോ കേട്ടിട്ടുണ്ട്.. അങ്ങനെയുള്ള ഞാൻ ആണ് മുത്തശ്ശി ഇടുന്ന അതേ രുചിയിൽ കാപ്പി ഇടുന്നുണ്ടെന്ന് പറയുന്നത്.. കാപ്പി കുടിച്ച് ഒഴിഞ്ഞ ഗ്ലാസും വാങ്ങി പാറു അടുക്കളയിലേക്ക് തന്നെ പോയി..അതവിടെ വെച്ച് മറ്റൊരു ഗ്ലാസിൽ അമ്മയ്ക്കും കാപ്പി പകർന്നെടുത്തു കൊണ്ട് കൊടുത്തു.. ആദ്യമായിട്ട് താൻ കാപ്പി കൊണ്ട് കൊടുത്തത് കൊണ്ടാവാം അമ്മ അതിശയിച്ചു നോക്കുന്നുണ്ട്.. ചുണ്ടിൽ ഒരു ചിരിയും...അമ്മയെ നോക്കിയൊരു പുഞ്ചിരി നൽകി അടുക്കള തിണ്ണയിൽ വന്നിരുന്നു.രാത്രിയിലേക്ക് തോരനുള്ള പായറെടുത്ത് പൊട്ടിച്ചെടുക്കാൻ തുടങ്ങി.. ജിത്തേട്ടന്റെ ഓർമകളിൽ നിന്നും മോചനം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ഓരോ പണികളിലും മുഴുകി കൊണ്ടിരിക്കുന്നത്.. അത്ര പെട്ടന്നൊന്നും ഉള്ളിൽ നിന്നും പറിച്ചു മാറ്റാൻ കഴിയില്ലെന്നറിയാം..

അത്രക്കും വേരുറച്ചു പോയതല്ലേ..എങ്കിലും തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി പറിച്ചു മാറ്റി കളഞ്ഞേ മതിയാകൂ.. തോരനുള്ള പയറ് പൊട്ടിച്ചു കഴുകി പാത്രത്തിലേക്ക് വാരിയിടുമ്പോഴാണ് വിച്ചേട്ടന്റെ ഫോണിൽ നിന്നും തനിക്കേറെ ഇഷ്ടമുള്ള പാട്ട് മുഴങ്ങി കേൾക്കുന്നത്.. അതിലെ നായകനെയും നായികയേയും പോലെ ഒരുമിച്ചു ജിത്തേട്ടന്റെ ഒരുമിച്ചു കഴിയാൻ തനിക്കും കഴിഞ്ഞെങ്കിൽ എന്നവൾ ഒരുവേള ഓർത്തുപോയി.. ആ നിമിഷമവൾ കഴിഞ്ഞുപോയ സംഭവങ്ങളെല്ലാം മറന്നു തന്റെ സ്വപ്നലോകത്ത് വിഹരിക്കുകയായിരുന്നു... 🧡ഹിമസന്ധ്യകൾ ഇല പെയ്തിടും എൻ ഹൃദയം പോയ്കയായി അതിലൊന്നു നീ മിഴി നീട്ടുകിൽ ഒന്നു കാണാൻ നിൻ മുഖം കുറുമ്പോടെ കൊഞ്ചുന്ന തേൻകിളി ചിറകാണു നിന്നിലീ ഞാ..ൻ പ്രിയമോടെ വന്നൊന്നു ചായുവാൻ അലിവിന്റെ ചില്ലയിൽ ഞാൻ...

നീയും ഞാനും ഏതു ജന്മ നിലാവിൽ കണ്ടുവോ നീല നീല രാക്കിനാ പുഴയോരം നിന്നുവോ പറയാൻ... മൊഴി ഇഴകൾ കൊണ്ട് തുന്നും ഇരു മാനസം സദാ മിഴിയിൽ... തിരി തെളിയുമെന്നുമെ നീ... അനുരാഗ നാളമായ് നെഞ്ചിൻ എൻ നെഞ്ചിൻ അകമിടിയും നീ ചുടു നിനവും നീ മണ്ണിൽ ഈ മണ്ണിൽ പകലിരവും നീ പൊരുളറിവും നീ..🧡 പാട്ട് നിന്നതും പാറു തന്റെ ചിന്തകളുടെ ലോകത്തു നിന്നും പുറത്തേക്ക് വന്നു.. ഇനി ഒരിക്കലും ജിത്തേട്ടൻ തനിക്ക് സ്വന്തമല്ലെന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു നോവ് സൃഷ്ടിച്ചെങ്കിലും അതിൽ നിന്നും പുറത്തു വരാൻ അവളും തന്റെ മനസ്സിനെ പ്രാപ്തയാക്കുകയായിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story