നീയും ഞാനും.. 🧡 ഭാഗം 17

neeyum njanjum shamseena

രചന: ശംസീന

രണ്ട് ദിവസം വയ്യ എന്നും പറഞ്ഞു പാറു കോളേജിലേക്ക് പോയില്ല.. പ്രവിയും മീരയും മാറി മാറി വിളിച്ചെങ്കിലും അവൾ വരാൻ കൂട്ടാക്കിയില്ല... ഇനിയും വീട്ടിൽ നിന്നാൽ ചിലപ്പോൾ ഏട്ടന്റെയും അമ്മയുടേയും ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടിവരും എന്നറിയാവുന്നതിനാൽ പിറ്റേന്ന് മുതൽ പാറു മീരയുടെ കൂടെ കോളേജിലേക്ക്‌ പോയി തുടങ്ങി.. കോളേജ് മുഴുവനും സംസാര വിഷയം തൻവിയുടെയും ജിത്തുവിന്റെയും കാര്യമാണ്.. ഇരുവരുടേയും എൻഗേജ്മെന്റ് കഴിഞ്ഞു എന്നുള്ളത് പല പിടക്കോഴികളും വിശ്വസിച്ചിട്ടില്ല.. പാറു രണ്ട് ദിവസം കൊണ്ട് ആകെ മാറിയിരുന്നു..അവൾ അവളിൽ തന്നെ ഒതുങ്ങിക്കൂടി.. ക്ലാസ്സിൽ നിന്നും പുറത്തിറങ്ങാതെ ആരോടും അധികം സംസാരിക്കാതെ ഇരുന്നു... അവളുടെ മാറ്റം ഏറെ വിഷമിപ്പിച്ചത് പ്രവിയേയും മീരയേയുമാണ്.. അവർക്ക് തങ്ങളുടെ പഴയ പാറുവിനെ തിരിച്ചു കിട്ടാൻ വേണ്ടി അവളുടെ അടുത്ത് പല കുസൃതികളും കാട്ടി..എന്നിട്ടും പാറുവിൽ മാറ്റമൊന്നും സംഭവിച്ചില്ല.. തൻവിയും ജിത്തുവും ക്ലാസ്സ്‌ എടുക്കാൻ വേണ്ടി വരുമ്പോൾ അവരുടെ മുഖത്തേക്ക് പോലും നോക്കാതെ പുസ്തകത്തിലേക്ക് മാത്രം ശ്രദ്ധിച്ചു തല കുമ്പിട്ടിരിക്കും..

ജിത്തുവിന്റെ നോട്ടം പലപ്പോഴും അവളെ തേടി വരുന്നത് പ്രവിയും മീരയും ശ്രദ്ധിച്ചിരുന്നു.. ആ സമയം അവർ ജിത്തുവിനെ നോക്കി പുച്ഛത്തോടെ ചിരിക്കും.. ഒരു ദിവസം പാറുവിനെ ക്ലാസ്സിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോവുകയാണ് പ്രവിയും മീരയും.. സ്വസ്ഥമായി കോളേജിന് പുറകിലുള്ള വാക ചുവട്ടിൽ ഇരുന്ന് സംസാരിക്കാം എന്നുള്ള രീതിയിലാണ് പാറുവിനേയും വലിച്ചവർ പോയത്..എങ്ങനെയും അവളെ പഴയത് പോലെ ആക്കിയെടുക്കണമെന്നൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ലഞ്ച് ബ്രേക്ക്‌ ആയത് കൊണ്ട് തന്നെ അധികം കുട്ടികളൊന്നും അവിടെ ഉണ്ടാവാൻ സാധ്യതയില്ല.. എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിലായിരിക്കും.. പാറു പാതി മനസ്സോടെ അവരുടെ കൂടെ ചെന്നു.. എന്നാൽ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച അവളുടെ മനസ്സിനെ കൂടുതൽ പിടിച്ചുലച്ചു.. പരസ്പരം പുണർന്നു നിൽക്കുന്ന തൻവിയും ജിത്തുവും.. ഇരുവരും അവരുടെ മാത്രം സ്വകാര്യമായ ലോകത്ത് വിഹരിക്കുകയായിരുന്നു.. തന്റെ കയ്യിൽ മുറുകുന്ന കൈകളുടെ ശക്തിയിൽ പ്രവിക്ക് മനസ്സിലായി അവളുടെ ഉള്ളിലെ വേദന...

പാറുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. തന്നെ മുറുകെ പിടിച്ചിരുന്ന മീരയുടെ കൈകളെ തള്ളി മാറ്റികൊണ്ടവൾ അവിടുന്നോടി.. പിറകെ തന്നെ പ്രവിയും മീരയും... അവളുടെ ഓട്ടം ചെന്നവസാനിച്ചത് ആളൊഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറിയിലാണ്... "മറക്കാൻ ശ്രമിക്കുന്ന ഓർമകളെ വീണ്ടും തിരികെ നൽകാനാണോ നിങ്ങൾ എന്നെ അവിടേക്ക് കൂട്ടി കൊണ്ട് പോയത്... " അവളുടെ മനസ്സിലെ വേദന വാക്കുകളായി അവരുടെ നേരെ വർഷിച്ചു.. "സോറി പാറു.. ഞങ്ങൾ അറിഞ്ഞില്ലെടി അവർ അവിടെ ഉണ്ടായിരിക്കുമെന്ന്... " പ്രവി മീരയുടെ കൈകൾ കവർന്നു നിസ്സഹായതയോടെ പറഞ്ഞു... "പ്രവി.. എന്നെ കൊണ്ട് കഴിയുന്നില്ലെടാ.. ഞാൻ തളർന്നു പോകുവാ.. ഓരോ നിമിഷവും ഞാൻ ചത്ത് ജീവിക്കുകയാണ്.. അത്രക്കും സ്നേഹിച്ചതാടാ ഞാൻ ആ മനുഷ്യനെ.." പാറു പൊട്ടികരഞ്ഞു കൊണ്ട് പ്രവിയുടെ നെഞ്ചിലേക്ക് വീണു.. അവളുടെ കണ്ണുകളിലെ ചുടു ബാഷ്പം അവന്റെ ഉള്ളമാകെ പൊള്ളിച്ചു.. അവളുടെ വേദന കണ്ട് മീരയും പ്രവിയും എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ നിന്നു.. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി..മീരയും മറു വശത്തിരുന്ന് പാറുവിനെ ചേർത്ത് പിടിച്ചു.. നിമിഷങ്ങൾ കഴിയുന്തോറും പാറുവിന്റെ ഉച്ചത്തിലുള്ള പൊട്ടികരച്ചിലുകൾ ശാന്തമായി..

അവളുടെ നേർത്ത തേങ്ങൽ ചീളുകൾ മാത്രം അവിടെ മുഴങ്ങിക്കേട്ടു..സ്വാന്തനമെന്നോണം പ്രവിയുടെ കൈകൾ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു.. നിമിഷങ്ങളേറെ കഴിഞ്ഞിട്ടും പാറുവിൽ നിന്നൊരു പ്രതികരണവും കിട്ടാതായാപ്പോൾ മീര പ്രവിയുടെ നെഞ്ചിൽ നിന്നും അവളെ ബലമായി അടർത്തി മാറ്റി.. അതേ നിമിഷം തന്നെ തളർന്നു കൊണ്ടവൾ മീരയുടെ കൈകളിലേക്ക് വീണു... "പാറു.. പാറു.. " മീരയും പ്രവിയും മാറി മാറിയവളെ വിളിച്ചു കൊണ്ടിരുന്നു..എന്നാൽ അവൾ ഒന്ന് ഞെരങ്ങിയതല്ലാതെ കണ്ണുകൾ തുറന്നില്ല.. ഭയപ്പാടോടെ പ്രവി അവളെ കൈകളിൽ കോരിയെടുത്തു ക്ലാസിനു പുറത്തേക്കോടി പിറകെ കരഞ്ഞുകൊണ്ട് പ്രവിയും.. തളർന്നു കിടക്കുന്ന പാറുവിനെ എടുത്ത് ഓടുന്ന പ്രവിയെ കണ്ട് കുട്ടികളെല്ലാം കാര്യം അറിയാതെ മുഖത്തോട് മുഖം നോക്കി... അവരും അവരുടെ പിറകെ ഓടി.. പ്രവി പാറുവിനേയും കൊണ്ട് പോയത് സ്റ്റാഫ് റൂമിലേക്കാണ്.. അവിടെയുള്ള ടീച്ചേഴ്സിനോട് പറഞ്ഞു പാറുവിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ വാഹനം ഏർപ്പാട് ചെയ്തു..

വിവരം അറിഞ്ഞ ജിത്തുവും വെപ്രാളത്തോടെ സ്റ്റാഫ്‌ റൂമിലേക്കെത്തിയെങ്കിലും അപ്പോഴേക്കും പ്രവിയും മീരയും മറ്റൊരു സാറിന്റെ കാറിൽ പാറുവുമായി ഹോസ്പിറ്റലിലേക്ക് തിരിച്ചിരുന്നു... ഹോസ്പിറ്റലിൽ എത്തിയ പാറുവിനെ ക്യാഷ്വാലിറ്റിയിലേക്ക് കയറ്റി.. മീര ഉടനെ തന്നെ ഫോണെടുത്തു വിച്ചുവിനെ വിളിച്ചു വിവരം പറഞ്ഞു..കേട്ട പാതി വിച്ചു അമ്മയേയും കൂട്ടി അവിടേക്ക് വന്നു... "മീരേ..എന്റെ കൊച്ചിന് എന്താ പറ്റിയെ... " കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ മുന്നിൽ നിൽക്കുന്ന വിച്ചുവിനോട് മറുപടി പറയാൻ കഴിയാതെയവൾ തല താഴ്ത്തി... അവൾക്കറിയാം തന്റെ മുന്നിൽ നിൽക്കുന്ന ഈ മനുഷ്യന് പാറുവെന്നാൽ ജീവനാണെന്ന്.. "മീരേ.. മോളെന്താ ഒന്നും പറയാത്തത്... " ഒന്നും മിണ്ടാതെ നിൽക്കുന്ന മീരയെ ലത പിടിച്ചു കുലുക്കി ചോദിച്ചു.. "പേടിക്കാൻ ഒന്നുമില്ലമ്മേ.. പാറു ഒന്ന് തല കറങ്ങി വീണതാ.. " അടുത്ത് നിന്ന പ്രവി ലതയെ വന്നു ചേർത്ത് പിടിച്ചു അവിടെയുള്ള ബെഞ്ചിലേക്കിരുത്തി.. അവനെ മനസ്സിലാകാത്ത പോലെ ലതയും വിച്ചുവും അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി...

"ഞാൻ പ്രവീൺ.. പാറു പറഞ്ഞിട്ടില്ലേ, പ്രവി.. " അവൻ സ്വയം പരിചയപ്പെടുത്തിയതും ലതയും വിച്ചുവും മനസ്സിലായെന്ന പോലെ തലയാട്ടി... ക്യാഷ്വാലിറ്റിയുടെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവരെല്ലാവരും അവിടേക്ക് നോക്കി..മധ്യ വയസ്കയായൊരു ലേഡി ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു.. "ഡോക്ടർ പാർവണക്ക് ഇപ്പോൾ എങ്ങനുണ്ട്...?" അവരുടെ കൂടെ വന്ന സാർ ആണ് ചോദിച്ചത്.. 'പേടിക്കാനൊന്നുമില്ല.. ആൾക്ക്‌ ബിപി ഷൂട്ട്‌ ഔട്ട്‌ ആയതാണ്...ആള് നേരെ ചൊവ്വേ ഫുഡ്‌ കഴിച്ചിട്ട് ദിവസങ്ങൾ ആയെന്ന് തോന്നുന്നു ബോഡി വീക്ക്‌ ആണ്.. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുവാണ്.. അത് കഴിഞ്ഞാൽ കൊണ്ടുപോവാം.." "ഞങ്ങളൊന്ന് കയറി കണ്ടോട്ടെ.. " "കണ്ടോളൂ..പക്ഷേ മറ്റു പേഷ്യന്റ്സിന് ഡിസ്റ്റർബ് ഉണ്ടാക്കരുത്.." ചെറു ചിരിയോടെ ലതയുടെ ചോദ്യത്തിന് മറുപടിയും കൊടുത്ത് ഡോക്ടർ അവിടുന്ന് നടന്നു നീങ്ങി.. "അമ്മ കയറി കണ്ടോളൂ.. നിക്ക് വയ്യ തളർന്നു കിടക്കുന്ന അവളെ കാണാൻ.. " നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു അത്രയും പറഞ്ഞു കൊണ്ട് വിച്ചു അവിടെയുള്ള ബെഞ്ചിലേക്കിരുന്നു.. ഒരു ആശ്വാസത്തിനെന്ന പോലെ പ്രവിയും അവനടുത്തായിരുന്നു.. മീരയും ലതയും അകത്തേക്ക് കയറി പാറുവിന്റെ അടുത്തായി ഇരുന്നു.. അവരെ കണ്ടതും പാറു മുഖത്തൊരു പുഞ്ചിരി എടുത്തണിഞ്ഞു..

'ഒരൊറ്റ അടിയങ്ങ് വെച്ചു തന്നാലുണ്ടല്ലോ..നേരത്തിനും കാലത്തിനും ഭക്ഷണം കഴിക്കാതെ നിനക്കിവിടെ വന്നു കിടന്നാൽ മതിയല്ലോ തീ തിന്നാൻ മറ്റുള്ളവരും.. " ലത പതം പറഞ്ഞു സാരി തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ചു.. "എനിക്കൊന്നുമില്ലമ്മേ...തല കറങ്ങിയത് വെയില് കൊണ്ടതിന്റെയാണ് അല്ലാതെ ഭക്ഷണം കഴിക്കാത്തത്തിന്റെയൊന്നുമല്ല..." അമ്മയെ സമാധാനിപ്പിക്കാൻ എന്നോണം പാറു തളർന്ന സ്വരത്തിൽ പറഞ്ഞു.. വെയില് കൊള്ളാൻ നീ തൊഴിലുറപ്പിന്റെ പണിക്കല്ലേ പോയത്.. കുറച്ചു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു നിന്റെ പെരുമാറ്റം.. ആരോടും മിണ്ടാതെ എപ്പോഴും ഓരോന്നാലോചിച്ചു എന്തെങ്കിലും കഴിക്കാൻ തന്നാൽ അതും നുള്ളി പെറുക്കി ഇരുന്ന് അവസാനം കഴിക്കാതെ പോവുന്നതും.. അതിന് മാത്രം എന്താ ആലോചിക്കാൻ ഉള്ളത് നിനക്ക് ഈ പ്രായത്തിൽ.. പറ എന്താ ഉള്ളതെന്ന്.. "

അമ്മയുടെ ശാന്തത മാറി അവിടെ ഗൗരവം വന്നിരുന്നു.. "ഒന്നുമില്ലമ്മേ.. എക്സാമിന്റെ ടെൻഷൻ ആണ് അവൾക്ക്..ഫസ്റ്റ് സെമെസ്റ്ററിൽ പ്രതീക്ഷിച്ചത്ര മാർക്ക്‌ കിട്ടിയില്ലല്ലോ.. അതിന്റെയാ.." മീര പാറുവിന്റെ രക്ഷക്കെത്തി.. "അതൊന്നും അല്ല നിങ്ങള് തമ്മിൽ എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്..എന്തായാലും ഞാനത് കണ്ട് പിടിക്കും... " ലതയുടെ ഉറച്ച വാക്കുകൾ കേട്ടതും പാറുവും മീരയുമൊന്ന് ഞെട്ടി.. എന്നിരുന്നാലും മുഖത്തെ പതർച്ച ലത കാണാതെ അവർ മറച്ചു പിടിച്ചു... രാത്രിയോടെ പാറുവിനെ ഡിസ്ചാർജ് ചെയ്തു.. ഇരുട്ടി തുടങ്ങിയതും മീരയേയും പ്രവിയേയും വിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു.. ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെ വിച്ചു പാറുവിനെ എടുത്ത് ടാക്സിയിലേക്ക് കയറ്റി കൂടെ അവനും കയറി... വീട്ടിലെത്തുന്നത് വരെ അവൾ തന്റെ ഏട്ടന്റെ മാറിലെ ചൂടിലേക്ക് പതുങ്ങി.. അങ്ങേയറ്റം സുരക്ഷിതത്വവും സമാധാനവും അനുഭവപ്പെട്ടു അവൾക്കാ നിമിഷം.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story