നീയും ഞാനും.. 🧡 ഭാഗം 18

neeyum njanjum shamseena

രചന: ശംസീന

ഒരാഴ്ച്ച അവളെ വിച്ചു കോളേജിലേക്ക് പറഞ്ഞു വിട്ടില്ല.. അവനും കടയിൽ നിന്നും ലീവ് എടുത്തു കൊച്ചു കുഞ്ഞിനെ നോക്കുന്നത് പോലെയവളെ കൊണ്ട് നടന്നു... സമയത്തിന് ഭക്ഷണം വാരി കൊടുത്തും മരുന്ന് കഴിപ്പിച്ചും ഇടയ്ക്കവൾ വാശി കാണിക്കുമ്പോൾ ശാസിച്ചും അവൻ ഒരേട്ടനെക്കാൾ ഉപരി ഒരച്ഛനെ പോലെ അവളെ നോക്കി... അവളുടെ മനസ്സിനെ അലട്ടുന്ന എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് അവനറിയാമായിരുന്നു.. എന്നിരുന്നാലും ആ കാര്യം ചോദിച്ചു അവളെ വിഷമിപ്പിക്കേണ്ടെന്നവൻ തീരുമാനിച്ചു.. അവളുടെ ലോകം വിച്ചുവിലേക്കും അമ്മയിലേക്കും മാത്രമായി ഒതുങ്ങി.. മീരയും പ്രവിയും ഇടക്കൊരു ദിവസം അവളെ കാണാൻ വന്നിരുന്നു... അവരുടെ സംസാരത്തിൽ അറിയാതെ പോലും ജിത്തുവിന്റെ പേര് വരാതിരിക്കാനവർ ശ്രമിച്ചു... ****** അടുത്ത ദിവസം വിച്ചുവാണ് പാറുവിനേയും മീരയേയും കോളേജിലേക്ക് കൊണ്ട് വിട്ടത്... അവർ ക്ലാസിലേക്ക് പോയെന്ന് ഉറപ്പായതും വിച്ചു ഫോണെടുത്തു ജിത്തുവിനെ വിളിച്ചു... "ഹെലോ.. " "ആ പറയെടാ.. ഇതെന്താ അതിരാവിലെ.. " ജിത്തു ഫോൺ എടുത്ത ഉടനെ ചോദിച്ചു.. "നീയെന്താ ഇപ്പൊ വീട്ടിലേക്കൊന്നും വരാത്തത്... " വിച്ചുവിന്റെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാതവൻ കുറച്ചു നേരം മിണ്ടാതെ നിന്നു..

"ഹെലോ.. ജിത്തു കേൾക്കുന്നുണ്ടോ..? " "എടാ അത് കോളേജ് കഴിഞ്ഞു വന്നാൽ പിന്നെ സമയം ഉണ്ടാവാറില്ല.. എക്സാം അല്ലേ വരുന്നത് അതുകൊണ്ട് കുട്ടികൾക്ക് ഓൺലൈൻ ആയും സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കുന്നുണ്ട്.. " "മ്മ്.. അതൊക്കെ പോട്ടെ ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാണ്... " അവനെന്തായിരിക്കും പറയാൻ പോവുന്നതെന്നാലോചിച്ചു ജിത്തുവിന്റെ നെഞ്ചിടിപ്പ് കൂടി.. "പാറു ഇന്ന് കോളേജിലേക്ക് വന്നിട്ടുണ്ട്.. നീയൊന്ന് പ്രത്യേകം ശ്രദ്ധിച്ചേക്കണേടാ അവളെ..കുറച്ചു ദിവസം കൊണ്ട് അവളാകെ മാറിപ്പോയി ഒന്നിലും ഒരു താല്പര്യം ഇല്ലാതെ ഒരു മൂലക്ക് ചടഞ്ഞു കൂടിയിരിക്കും എന്താണെന്നറിയില്ല..നീയേതായാലും അവളെയൊന്ന് നോക്കിയേക്കണേ.. എന്നാ ഞാൻ വെക്കുവാ കടയിലേക്ക് പോയിട്ട് ആഴ്ചയൊന്നായി.. " വിച്ചു പറഞ്ഞതിനവൻ വെറുതെയൊന്ന് മൂളി.. കാൾ ഡിസ്‌ക്കണക്ട് ആയതും ജിത്തു ചെവിയിൽ നിന്നും മാറ്റി ആലോചിച്ചു നിന്നു... ഇത്രയും ദിവസം പാർവണ എന്നൊരാളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.. ഹോസ്പിറ്റലിലേക്കവളെ കൊണ്ടുപോയ ദിവസം ചെന്നൊന്ന് കാണണമെന്ന് കരുതിയിരുന്നു

എന്നാൽ പിന്നീടത് വേണ്ടെന്ന് വെച്ചു.. ചിലപ്പോൾ ആ സന്ദർശനവും അവളിൽ പ്രതീക്ഷ വളർത്തിയേക്കാം... മോതിരം മാറൽ ചടങ്ങിന്റെ അന്നും അവളെ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചു..ഒരു കുഞ്ഞു പെങ്ങളെ പോലെ അവളെ കൊണ്ടു നടന്ന എന്നോടവൾക്ക് പ്രണയമാണെന്നറിഞ്ഞപ്പോൾ ദേഷ്യം വന്നു അതിലേറെ വെറുപ്പും...അതുകൊണ്ട് തന്നെയാണ് അവഗണിച്ചതും.. എന്നാൽ അവളോടുള്ള ദേഷ്യത്തിന് പാവം വിച്ചു എന്ത് പിഴച്ചു.. ആഴ്ച ഒന്നായിട്ടും അവനെ താനൊന്ന് വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല.. വീട്ടിലേക്ക് പോവണമെന്ന് പലവട്ടം കരുതി പക്ഷേ മനസ്സതിന് അനുവദിച്ചില്ല... പാർവണയോടുള്ള ദേഷ്യത്തിന് താൻ തന്റെ സുഹൃത്തിനെ മറന്നു... അവന് സ്വയം പുച്ഛം തോന്നി... "നീയിത് എന്ത് ആലോചിച്ചു നിൽക്കുവാ ജിത്തുട്ടാ.. കോളേജിലൊന്നും പോവുന്നില്ലേ മണി പത്താവാൻ പോവുന്നു.. " ഗൗരി ടീച്ചർ വാതിലിനോരം വന്നു പറഞ്ഞപ്പോഴാണ് ജിത്തുവും ചിന്തകളെ വെടിഞ്ഞത്.. അവൻ ടീച്ചറെയൊന്ന് നോക്കി ബാഗും എടുത്ത് കോളേജിലേക്ക് പുറപ്പെട്ടു... ****

ജിത്തുവിന്റെ ബുള്ളറ്റിന്റെ ശബ്‍ദം കേട്ടിട്ടെന്നോണം തൻവി സ്റ്റാഫ്‌ റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരാന്തയിലെ തൂണിൽ ചാരി നിന്നു... ബുള്ളെറ്റ് പാർക്ക്‌ ചെയ്ത് ജിത്തു സ്റ്റാഫ്‌ റൂം ലക്ഷ്യം വെച്ച് നടന്നു.. തന്നെ കാത്തു നിൽക്കുന്ന തൻവിയെ പോലും കാണാതെയവൻ വരാന്തയിലേക്ക് കയറി.. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ആലോചനയോടെ നടന്നു പോവുന്ന ജിത്തുവിനെ അവൾ പിന്നിൽ നിന്നും വിളിച്ചു.. നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി കപട ദേഷ്യത്തിൽ തന്നെ നോക്കി നിൽക്കുന്ന തൻവിയെ കണ്ടപ്പോഴാണവന് താൻ എവിടെയാണ് നിൽക്കുന്നത് എന്നുള്ള ബോധം പോലും വന്നത്... അവൻ തന്റെ ഉള്ളിലെ സംഘർഷം മറച്ചു വെച്ചു മുഖത്തൊരു ചിരിയുടെ മൂടുപടമണിഞ്ഞു.. "ഇതെന്താ മാഷേ ഒരു മൈന്റ് ഇല്ലാതെ പോവുന്നേ... " കുറുമ്പോടെയായിരുന്നവളുടെ ചോദ്യം.. "ഞാൻ ശ്രദ്ധിച്ചില്ലെടോ.. " ജിത്തു നെറ്റിയൊന്ന് തടവി.. "ഇന്നെന്തുപറ്റി മൂഡോഫ് ആണല്ലോ.. പനിയുണ്ടോ.. " തൻവി അവന്റെ നെറ്റിയിൽ തൊടാനാഞ്ഞു.. "ഒന്നുമില്ലെടോ രാവിലെ മുതൽ ചെറിയൊരു തലവേദന.."

ജിത്തു അവളുടെ കൈകളെ തടഞ്ഞു.. "ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ ഇപ്പൊ തന്നെ വൈകി.. " അവൻ അവളിൽ നിന്നും ഒടിയൊളിക്കാൻ ശ്രമിച്ചു.. പാർവണക്ക്‌ തന്നോടുള്ള പ്രണയം ഒരിക്കലും തൻവി അറിയരുതെന്നവന് നിർബന്ധം ഉണ്ടായിരുന്നു.. ജിത്തു അവിടെ നിന്നും നടന്നു നീങ്ങിയതും തൻവിയും ചിന്തിക്കുകയായിരുന്നു അവന്റെ മാറ്റത്തെ കുറിച്ച്... ***** ജിത്തു ക്ലാസ്സിൽ എത്തിയതും കുട്ടികളെല്ലാം എഴുന്നേറ്റ് നിന്ന് ഗുഡ് മോർണിംഗ് വിഷ് ചെയ്തു... എന്നാൽ അവന്റെ കണ്ണുകൾ ആദ്യം തേടിയത് പാറുവിനെയായിരുന്നു.. മുഖമെല്ലാം കരിവാളിച്ചു കണ്ണുകളെല്ലാം കുഴിഞ്ഞു കൂന്നികൂടിയിരിക്കുന്നു രൂപത്തെ കണ്ടവന്റെ ഉള്ളും ഒരു വേള നൊന്തു..അവൾ തന്റെ വിച്ചുവിന്റെ പ്രാണൻ ആണെന്നോർക്കേ ആ നോവ് കൂടിയതേയുള്ളൂ... ജിത്തു അവളിൽ നിന്നും നോട്ടം മാറ്റി ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു...ഇടയിൽ അവന്റെ നോട്ടം പാറുവിലേക്കും നീണ്ടു.. എന്നാൽ അവൾ അറിയാതെപോലും അവനെ തലയുയർത്തി നോക്കിയില്ല.. ബ്രേക്ക്‌ ആയതും ജിത്തു ക്ലാസ്സ്‌ അവസാനിപ്പിച്ചു പുറത്തേക്ക് പോയി..

അവൻ പോയെന്നുറപ്പായതും അവൾ മിഴികളുയർത്തി.. "നീയെത്ര കാലം സാറിൽ നിന്നും മറഞ്ഞിരിക്കും... " പ്രവി അല്പം ഗൗരവത്തോടെ ചോദിച്ചു... "പറ്റാവുന്നിടത്തോളം.. ഇനിയും ഞാൻ അദ്ദേഹത്തെ മുഖാമുഖം കണ്ടാൽ ചിലപ്പോൾ എന്റെ മനസ്സ് പിടിവിട്ടു പോവും.." അത്ര മാത്രം പറഞ്ഞുകൊണ്ട് പാറു അവിടുന്നെഴുന്നേറ്റ് പോയി.. "ഇവൾ വല്ല കടും കയ്യും ചെയ്യുമോ എന്നാണ് എന്റെ പേടി.. " മീര തന്റെ ഉള്ളിലെ ആശങ്ക പ്രവിയോട് പങ്കു വെച്ചു.. "അവളതൊരിക്കലും ചെയ്യില്ല മീരേ.. കാരണം അവളുടെ വിച്ചേട്ടനെയും അമ്മയേയും മറന്നുകൊണ്ട് അവളങ്ങനൊരു സഹസത്തിന് ഒരിക്കലും മുതിരില്ല... " ഉള്ളിലെ നോവ് മറച്ചു പിടിച്ചു ക്ലാസ്സിലെ കുട്ടികളോട് സംസാരിക്കുന്ന പാറുവിനെ നോക്കി കൊണ്ടവൻ പറഞ്ഞു... ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അവൻ മനസ്സിലാക്കിയിരുന്നു തന്റെ പ്രിയ കൂട്ടുകാരിയുടെ മനസ്സ്........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story