നീയും ഞാനും.. 🧡 ഭാഗം 19

neeyum njanjum shamseena

രചന: ശംസീന

പിന്നീടുള്ള ദിവസങ്ങളെല്ലാം പാറു ജിത്തുവിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറി നടന്നു.. ജിത്തു പലവട്ടം പാറുവിനോട് സംസാരിക്കാൻ തുനിഞ്ഞെങ്കിലും പാറു അവനൊരിക്കൽ പോലും മുഖം കൊടുത്തില്ല.. തീർത്തും ശാന്ത സ്വഭാവക്കാരനായ ജിത്തു കാരണമില്ലാതെ സ്റ്റുഡൻസിനോടും ഇടക്ക് തൻവിയോടും ദേഷ്യം പ്രകടിപ്പിക്കാൻ തുടങ്ങി.. അവന്റെ സ്വഭാവത്തിലെ മാറ്റം തൻവിയിൽ സംശയത്തിന്റെ വിത്ത് മുളപ്പിച്ചു... **** രാത്രിയുടെ അന്ത്യയാമത്തിൽ പോലും ഗാഡമായൊരു നിദ്രയെ പുൽകാൻ കഴിയാതെ ജിത്തു കട്ടിലിൽ നിന്നും എഴുന്നേറ്റു... കുറച്ചു നേരം ആലോചനയോടെ തല കുമ്പിട്ടിരുന്നുകൊണ്ടവൻ അവിടുന്നെഴുന്നേറ്റ് മുകളിലെ മട്ടുപ്പാവിലേക്ക് നടന്നു... അവിടെ കൈ വരിയോട് ചേർന്നുള്ള തിണ്ണയിൽ തൂണിലേക്ക് ചാരി കാലുകൾ നിവർത്തി വെച്ചുകൊണ്ട് വിദൂരതയിലേക്ക് കണ്ണ് നട്ടിരുന്നു... കുറച്ചു ദിവസങ്ങളായി മനസൊട്ടും ശാന്തമല്ലെന്നവന് തോന്നി..ഉറങ്ങാൻ വേണ്ടി കണ്ണുകൾ അടച്ചാൽ പോലും തെളിയുന്നത് തന്നെ കാണുമ്പോൾ മുഖം തിരിച്ചു പോവുന്ന പാറുവിനെയാണ്... അവളുടെ പ്രണയം നിരസിച്ചത് ഇത്രയും വലിയ പാപമാണോ.. താൻ മനസ്സ് കൊണ്ട് പോലും പങ്ക് ചേരാത്തൊരു തെറ്റിന് ഇങ്ങനെ കുറ്റബോധവും പേറി നടക്കുന്നതിലവന് അവനോട് തന്നെ പുച്ഛം തോന്നി...

ഇതേ പറ്റി വിച്ചുവിനോട് സംസാരിക്കണമെന്നുണ്ടെങ്കിലും അവന്റെ പിന്നീടുള്ള പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാവുന്നത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു.. തൻവിയോട് പോലും ശെരിക്കൊന്ന് മിണ്ടിയിട്ട് ദിവസങ്ങളായി.. അവൾ സംസാരിക്കാനായി അടുത്ത് വരുമ്പോഴെല്ലാം ഒഴിഞ്ഞുമാറും.. ഫോൺ വിളിച്ചാൽ അത് ഓഫ്‌ ചെയ്ത് വെക്കും...താൻ എല്ലാവരിൽ നിന്നും ഓടിയൊളിക്കുന്നത് എന്തിനാണെന്ന് തനിക്ക് പോലും അറിയില്ല....ആരോടെങ്കിലും തന്റെ ഉള്ളിലെ ഭാരം ഇറക്കി വെക്കണമെന്നവന് ഒരു വേള തോന്നി.. ജിത്തു ഇരുന്നിടത്ത് നിന്നും അസ്വസ്ഥമായ മനസ്സോടെ എഴുന്നേറ്റ് വരാന്തയിലൂടെ കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒരുപാട് നേരത്തെ ചിന്തകൾക്കൊടുവിൽ ഫോണെടുത്തവൻ തൻവിയുടെ നമ്പർ ഡയൽ ചെയ്തു.. അസമയത്തുള്ള ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉറക്കം മുറിഞ്ഞ നീരസത്തിൽ തൻവി ഫോൺ എടുത്തു... ജിത്തുവിന്റെ നമ്പർ കണ്ടതും അവൾ ഫോൺ വേഗം അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു... "ഹെലോ.. ജിത്തു..." "മ്മ്.. താൻ ഉറങ്ങിയിരുന്നോ... " മറുപുറത്ത് നിന്നും വിശാദം കലർന്ന സ്വരത്തോടെയവൻ ചോദിച്ചു.. "ആ.. ചെറുതായോന്ന് ഉറങ്ങിപ്പോയി.. ജിത്തു എന്താ ഈ നേരത്ത്... "

അവന്റെ ശബ്‍ദത്തിലെ വ്യത്യാസം മനസ്സിലാക്കിയ തൻവിയിലും ചെറിയൊരു പരിഭ്രാന്തി ഉടലെടുത്തു... "എടോ ഞാൻ ഒരു കാര്യം പറയാൻ വേണ്ടിയാണ് വിളിച്ചത്... അത് കുറച്ചു ദിവസങ്ങളായി എന്റെ ഉള്ളിൽ കിടന്നിങ്ങനെ ഉരുകുന്നു..തന്നോട് പറയാതെ എന്റെ മനസ്സ് ശാന്തമാവില്ല... " അവൻ എന്തായിരിക്കും പറയാൻ പോകുന്നതെന്നറിയാനുള്ള ആകാംഷയോടെ അവൾ കാതുകൾ കൂർപ്പിച്ചു... അവൻ പാറുവിന് തന്നോട് തോന്നിയ പ്രണയവും താനത് കണ്ട് പിടിച്ചതും അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതും തുടർന്ന് വിവാഹ നിശ്ചയത്തിന്റെയന്ന് പാറു ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങിപ്പോയതും ഇപ്പോൾ തന്നെ കാണുമ്പോൾ മുഖം തിരിച്ചു നടക്കുന്നതുമെല്ലാം പറഞ്ഞു... അവൻ പറഞ്ഞതെല്ലാം അവൾ ക്ഷമയോടെ കേട്ടിരുന്നു...തൻവിയുടെയുള്ളിൽ പാറുവിനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തി... അവൾ കാരണമാണ് ജിത്തു തന്നിൽ നിന്നും അകലം പാലിച്ചതെന്ന തിരിച്ചറിവ് അവളിലെ ദേഷ്യത്തെ ആളിക്കത്തിച്ചു... എല്ലാം തുറന്നു പറഞ്ഞു മനസ്സിലെ ഭാരം വിട്ടൊഴിഞ്ഞ ആശ്വാസത്തിൽ ജിത്തു ഫോൺ കട്ട്‌ ചെയ്ത് തിണ്ണയിൽ നിവർന്നു കിടന്നു കണ്ണുകൾ അടച്ചു... എന്നാൽ അതേ നിമിഷം തൻവിയുടെ ഉറക്കം നഷ്ടമായിരുന്നു...

പാർവണ ഇനി ഒരു നോട്ടം കൊണ്ട് പോലും തന്റെ പ്രണയത്തെ ആഗ്രഹിക്കരുതെന്നവൾ മനസ്സിൽ ഉറപ്പിച്ചു... അതിനായി പാറുവിനെ നേരിൽ കണ്ട് സംസാരിക്കണമെന്നവൾ മനസ്സിൽ കരുതി..കലുഷിതമായ മനസ്സോടെ തൻവി കട്ടിലിലേക്ക് ചാഞ്ഞു... ****** ദിവസങ്ങൾ മാറ്റമേതുമില്ലാതെ കടന്നുപോയി... തൻവിയുടെ ട്രെയിനിങ് പിരിയഡ് അടുത്ത മാസത്തോടെ കഴിയും... അപ്പോൾ അതിന്റെ പിറകെയുള്ള ഓട്ടത്തിനിടയിൽ തൻവിക്ക് പാറുവിനോട് സംസാരിക്കാൻ ഒരവസരം കിട്ടിയിരുന്നില്ല....തൻവിക്ക് കൊടുത്ത വാക്കിനാൽ ജിത്തു പിന്നീട് പാറുവിനെ കുറിച്ച് ചിന്തിച്ചത് പോലുമില്ല... ക്ലാസ് എടുക്കുമ്പോൾ പോലും എല്ലാ കുട്ടികളോടും പെരുമാറുന്നത് പോലെ അവളോടും പെരുമാറി... പാറുവിന്റെ ഉള്ളിൽ നിന്നും പതിയെ പതിയെ ജിത്തു എന്ന അദ്ധ്യായം നീങ്ങി തുടങ്ങിയിരുന്നു... മീരയുടേയും പ്രവിയുടെയും സൗഹൃദവും സ്നേഹവും അവൾക്കതിനുള്ള കരുത്തേകി... സെക്കന്റ്‌ സെമെസ്റ്റർ എക്സാമിനുള്ള തയ്യാറെടുപ്പിലാണ് പാറു.... രാത്രി ഉറക്കമൊഴിച്ചിരുന്നുള്ള പഠിത്തം അവളെ ഏറെ ക്ഷീണിതയാക്കിയിരുന്നു... രാത്രിയിൽ പുസ്തകത്തിനു മുകളിൽ തലവെച്ചു മയങ്ങിപ്പോയിരുന്ന പാറുവിനെ വിച്ചു തട്ടിയെഴുന്നേൽപ്പിച്ചു അത്താഴം കഴിക്കാനായി കൊണ്ടുപോയി...

ഭക്ഷണത്തിനു മുന്നിലിരുന്ന് വീണ്ടും ഉറക്കം തൂങ്ങുന്ന പാറുവിന്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്ത് അമ്മ അവളെ ശാസിച്ചു...തിരിച്ചു അമ്മയെ കണ്ണുകൾ കൂർപ്പിച്ചു നോക്കി കൊണ്ടവൾ ചോറ് വാരി കഴിക്കാൻ തുടങ്ങി... കുറച്ചു നേരം അവളുടെ പ്രവർത്തികൾ വീക്ഷിച്ചു കൊണ്ടിരുന്ന ലത വിച്ചുവിന് നേരെ തിരിഞ്ഞു... അവർ പറഞ്ഞ കാര്യം കേട്ട് അവരിരുവരും ഒരുപോലെ ഞെട്ടി... "അമ്മയിതെന്താ പറയുന്നേ... അവൾ കൊച്ചു കുട്ടിയല്ലേ... " രോക്ഷത്തോടെ ചോദിച്ചുകൊണ്ട് വിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു... "അതെനിക്കും അറിയാം...കൊച്ചു കുഞ്ഞാണ് പഠിക്കുവാണ് എന്നൊക്കെ.. എന്നാലും അടുത്ത മാസം വന്നാൽ അവൾക്ക് പതിനെട്ടു വയസ്സാവും അത് കഴിഞ്ഞു മൂന്ന് മാസത്തിനുള്ളിൽ വിവാഹം നടന്നില്ലേൽ പിന്നെ മുപ്പത്തി അഞ്ചു വയസ്സിലെ വിവാഹമുള്ളൂ എന്നാണ് കണിയാൻ പാറുവിന്റെ ജാതകം നോക്കി പറഞ്ഞത്... " അമ്മ വിച്ചുവിനെ അനുനയിപ്പിച്ചു "അമ്മ ഈ നൂറ്റാണ്ടിലും ജാതകവും കുത്തി പൊക്കി നടക്കുവാണോ.. അമ്മ ഇനി എന്ത് തന്നെ പറഞ്ഞാലും എന്റെ കൊച്ചിനെ ഇപ്പോഴേ കെട്ടിച്ചു വിടില്ല.. ഇനി ഇതും പറഞ്ഞു വന്നേക്കരുത്... " ലതയെ നോക്കി താക്കീതോടെ പറഞ്ഞുകൊണ്ട് വിച്ചു തന്റെ മുറിയിലേക്ക് പോയി..

പാറുവും നിറഞ്ഞു വന്ന കണ്ണുകളാൽ അമ്മയെ ഒന്ന് നോക്കി കഴിച്ച പാത്രവുമായി എഴുന്നേറ്റു... എന്നിരുന്നാലും ലത പിന്മാറാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.. എങ്ങനെയും വിവാഹം വേഗത്തിൽ നടത്തണമെന്നവർ ഉറപ്പിച്ചു... ***** പാറു ഉറങ്ങിയെന്ന് ഉറപ്പായതും ലത ഒച്ചയുണ്ടാക്കാതെ എഴുന്നേറ്റ് വിച്ചുവിന്റെ മുറിയുടെ അടുത്തെത്തി.. വാതിലിൽ പതിയെയുള്ള തട്ട് കേട്ട് പുസ്തകം വായിച്ചു കൊണ്ടിരുന്നിരുന്ന വിച്ചു വന്നു കതക് തുറന്നു.. ലതയെ കണ്ടതും അവൻ വെട്ടി തിരിഞ്ഞു അകത്തേക്ക് പോയി കട്ടിലിൽ ഇരുന്നു... "വിച്ചു,,മോനെ നീ അമ്മ പറയുന്നത് മുഴുവൻ സമാധാനത്തോടെ കേട്ടിട്ട് ഒരു തീരുമാനം എടുക്ക്... " അവർ അപേക്ഷാ സ്വരത്തിൽ പറഞ്ഞു.. "എനിക്ക് കേൾക്കേണ്ട..അമ്മ തന്നെയല്ലേ പറയാറ് അമ്മക്ക് സാധിക്കാത്തത് നമ്മുടെ പാറുവിനെ കൊണ്ട് സാധിക്കുമെന്ന്.. അവളെ പഠിപ്പിച്ച് ഒരുപാട് ഉയരങ്ങളിൽ എത്തിക്കണമെന്ന്.. ആ അമ്മ തന്നെ ഇപ്പോഴിത് മാറ്റി പറയുമ്പോ ദേഷ്യം വരാതിരിക്കുവോ.." വിച്ചു തന്റെ അണപ്പല്ലുകൾ ഞെരിച്ചു... "അത് തന്നെയാണ് ഇപ്പോഴും എന്റെ സ്വപ്നം.. പാറുവിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ കഴിവുള്ളൊരാൾക്കേ ഞാൻ എന്റെ കൊച്ചിനെ ഏൽപ്പിക്കൂ..എന്നാലും ഇപ്പോഴൊരു വിവാഹം അനിവാര്യമാണ്..

അതല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പാറുവിനെ നമുക്ക് നഷ്ടമായെന്ന് വരും.." പൊട്ടികരഞ്ഞു കൊണ്ടവർ അവന്റെ നെഞ്ചിലേക്ക് വീണു.. ഒരു നിമിഷം അവനും പ്രതികരിക്കാൻ ആവാതെ മരവിച്ചു നിന്നു... "അമ്മേ.. അമ്മ കരയാതെ കാര്യം പറ.. പാറുവിന് എന്താ പറ്റിയെ... " വിച്ചുവിലും നേരിയ ഭയം ഉടലെടുത്തു... "അവളിത്രയും ദിവസം നമ്മളെ ചതിച്ചു കൊണ്ടിരിക്കുവായിരുന്നു...നമ്മുടെ ജിത്തുവിനെ അവൾ ആരുമറിയാതെ പ്രേമിക്കുന്നുണ്ടായിരുന്നു.. അവന്റെ വിവാഹം ഉറപ്പിച്ചത്തിലുള്ള വേദനയാണ് അവൾക്ക്‌ അന്ന് മണ്ഡപത്തിൽ വെച്ചുണ്ടായ തളർച്ചക്ക് കാരണം..." ലത പറഞ്ഞതത്രെയും പകപ്പോടെയവൻ കേട്ടിരുന്നു... "അമ്മ ഇതാരെ കുറിച്ചാണ് ണ് പറയുന്നതെന്ന് നിശ്ചയമുണ്ടോ..? നമ്മുടെ പാറുവിനെ കുറിച്ച്.." പതർച്ച മറച്ചു പിടിച്ചു കൊണ്ട് വിച്ചു ചോദിച്ചു.. "എല്ലാം അറിഞ്ഞിട്ട് തന്നെയാണ് വിച്ചു ഞാൻ പറയുന്നത്..കഴിഞ്ഞയാഴ്ച പാറുവിന്റെ മുറി വൃത്തിയാക്കുമ്പോൾ അവളുടെ പഴയൊരു ഡയറിയിൽ നിന്നും ജിത്തുവിന്റെ ഫോട്ടോ കിട്ടി..

ഞാനത് തിരികെ വെക്കാൻ തുടങ്ങുമ്പോഴാണ് ആ ഫോട്ടോയിൽ ഏതാണ്ടൊക്കെയോ കുത്തിക്കുറിച്ചു വെച്ചിരിക്കുന്നത്..നിങ്ങളുടെ അത്രയും വിദ്യഭ്യാസം ഒന്നുമില്ലെങ്കിലും അതിൽ എഴുതിയത് എന്താണെന്ന് വായിച്ചു മനസ്സിലാക്കാനുള്ള വിവരമൊക്കെ ഈ അമ്മക്കുണ്ട്..." "ഞാൻ പാറുവിനോടൊന്ന് ചോദിച്ചു നോക്കട്ടെ... " പറഞ്ഞുകൊണ്ട് വിച്ചു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... "ഇപ്പൊ വേണ്ടാ... ആവശ്യമെങ്കിൽ പിന്നീട് ചോദിക്കാം.. ഞാൻ ഇന്നലെ കണിയാനെ കണ്ട് അവളുടെ ജാതകം നോക്കിയായിരുന്നു.. ഇപ്പോൾ എന്ത്കൊണ്ടും വിവാഹത്തിന് ഉചിതമായ സമയമാണ്.. നീ നാളെ ആ ഗോപാലൻ ബ്രോക്കറെ കണ്ട് പാറുവിന്റെ ഫോട്ടോയും മറ്റും കൊടുക്കണം.. ജിത്തുവിന്റെ വിവാഹത്തിന് മുൻപേ ഈ വീട്ടിൽ പാറുവിന്റെ വിവാഹപ്പന്തൽ ഉയരണം.."

ഉറച്ച വാക്കുകളാൽ പറഞ്ഞുകൊണ്ട് ലത മുറിയിൽ നിന്നും എഴുന്നേറ്റ് പോയി... ഇനിയെന്ത് ചെയ്യണം എന്നറിയാതെ വിച്ചു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒരുവശത്തു തന്റെ നെഞ്ചിൽ കിടന്ന് വളർന്നവൾ മറുവശത്തു സൗഹൃദം കൊണ്ട് തന്റെ ഹൃദയത്തിൽ ചേക്കേറിയവൻ.... ആരുടെ ഭാഗത്തു നിൽക്കണമെന്നറിയാതെ അവന്റെ ഉള്ളം തേങ്ങി.. ജിത്തുവിന് എല്ലാം അറിയുമോ..? അതായിരിക്കുമോ അവൻ ഇപ്പോൾ ഇങ്ങോട്ടൊന്നും വരാത്തത്?.. അതോ അവനും തിരികെ പ്രണയമുണ്ടോ..?അങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവൻ സ്വയം ചോദിച്ചു കൊണ്ടിരുന്നു...എന്നാലും തന്റെ കൂടപ്പിറപ്പിന്റെ ഉള്ളിൽ ഇങ്ങനൊരു ആഗ്രഹം ഉള്ള കാര്യം താൻ അറിയാതെ പോയല്ലോ എന്നോർത്തു ആ നിമിഷം അവന്റെ ഹൃദയം മുറിഞ്ഞു ചോര വാർന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story