നീയും ഞാനും.. 🧡 ഭാഗം 2

neeyum njanjum shamseena

രചന: ശംസീന

കല്ലുങ്കിന്റെ അവിടേക്ക് എത്താറായപ്പോഴേ ഉയർന്നുള്ള സംസാരവും പൊട്ടിച്ചിരികളും കേൾക്കുന്നുണ്ട്.. പാറുവിന്റെ ഇടനെഞ്ച് തുടിച്ചു.. അവനെ ഒരു നോക്ക് കാണാനായി.. കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു.. കല്ലുങ്കിന്റെ അവിടെ എത്തിയതും നടത്തം പതിയെ ആക്കി.. ഇടം കണ്ണിട്ട് അവിടെ ഇരിക്കുന്നവരിലേക്ക് നോട്ടം പായിച്ചു. ഒടുവിൽ തേടിയ ആളിൽ മിഴികളുടക്കി.. ചിരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും മീശയുടേയുയും താടിയുടേയും ഇടയിലായി കാണുന്ന ചുവന്ന ചുണ്ടുകളും അവന്റെ ഭംഗി എടുത്തു കാട്ടി.. കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടുമാണ് വേഷം.. ഒരു നിമിഷം എല്ലാം മറന്നവൾ അവനെ തന്നെ നോക്കിയിരുന്നു.. "ഡീ... നിന്ന് വായ് നോക്കാതെ അങ്ങട് നടന്നേ.. ഇന്നത്തേക്ക് ഇതുമതി.." വായും പൊളിച്ചു ജിത്തുവിനെ തന്നെ നോക്കി നിൽക്കുന്നവളോടായി പറഞ്ഞിട്ട് മീര മുന്നേ നടന്നു..

എന്നാലും ജിത്തു തന്നെയൊന്ന് നോക്കുക കൂടി ചെയ്തില്ലല്ലോ എന്നൊരു വിഷമം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജിത്തുവേട്ടനോട് പ്രണയം എന്ന വികാരം തോന്നി തുടങ്ങിയത്.. പലപ്പോഴും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. വിച്ചേട്ടന്റെ സുഹൃത്താണ് ജിത്തേട്ടൻ അപ്പോൾ തനിക്കും ഏട്ടനെ പോലെ ആണെന്ന്.. ബുദ്ധി അതറിഞ്ഞു പ്രവർത്തിച്ചെങ്കിലും മനസ്സിന് ആ കാര്യങ്ങളൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല.. ജിത്തേട്ടൻ എപ്പോഴും തന്നിൽ നിന്ന് കുറച്ചകലം പാലിച്ചാണ് സംസാരിക്കാറുള്ളത്.. ഒരു കുഞ്ഞനുജത്തിയോടുള്ള വാത്സല്യമാണ് പലപ്പോഴും ആ കണ്ണുകളിൽ താൻ കണ്ടിട്ടുള്ളത്.. അങ്ങനെയുള്ള ഒരാളോട് തന്റെ ഇഷ്ടം പറഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇത്ര വർഷമായിട്ടും ഉള്ളിൽ മൊട്ടിട്ട പ്രണയം തുറന്ന് പറയാതെ അടക്കി വെച്ചത്...

പത്താം ക്ലാസ്സ്‌ മുതലാണ് ഗൗരി ടീച്ചറുടെ അടുത്ത് ട്യൂഷന് പോയി തുടങ്ങിയത്.. എന്നും ജിത്തേട്ടനെ കാണാമല്ലോ എന്ന സന്തോഷത്തോടെയാണ് ട്യൂഷന് പോയിരുന്നത്.. ഇടക്ക് ഗൗരി ടീച്ചർ എന്തെങ്കിലും ജോലിയിൽ ആണെങ്കിൽ ജിത്തേട്ടൻ വന്നു ക്ലാസ്സ്‌ എടുത്ത് തരാറുണ്ട്.. ജിത്തേട്ടനെ കാണുമ്പോഴുള്ള തന്റെ പ്രസരിപ്പും ഉത്സാഹവും കണ്ട് മീരക്ക് കാര്യം മനസ്സിലായി.. ഓരോന്നും പറഞ്ഞു തന്നെ പിന്തിരിപ്പിക്കാൻ നോക്കി,, എന്നാലതൊന്നും തന്റെ ബുദ്ധിയും മനസ്സും കേട്ടില്ല.. ഇനിയും തന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായത് കൊണ്ട് അവളും പറയുന്നത് നിർത്തി.. വിച്ചേട്ടന്റെ കൂടെയാണ് അധികവും ജിത്തേട്ടൻ ഉണ്ടാവാറുള്ളത്... വീട്ടിലേക്ക് അമ്മയെ കാണാൻ ഇടയ്ക്കിടെ വരാറുണ്ട്.. അമ്മയോട് സംസാരിക്കുമ്പോൾ താൻ അടുത്ത് നിൽക്കുന്നുണ്ടെങ്കിൽ പോലും അറിയാതൊരു നോട്ടം പോലും തന്നിലേക്ക് പാറി വീഴാറില്ല..അതെല്ലാം എന്നിൽ കുഞ്ഞു കുഞ്ഞു പരിഭവങ്ങളായി മാറി... ****** സന്ധ്യക്ക്‌ ഉമ്മറത്തിരുന്ന് നാളത്തേക്കുള്ള നോട്സ്‌ എഴുതുമ്പോഴാണ് ഒരു ബുള്ളറ്റ് മുറ്റത്തേക്ക് കടന്നു വന്നത്..

പാറു എഴുതി കൊണ്ടിരുന്ന നോട്ട് മടക്കി നോക്കുമ്പോൾ ജിത്തേട്ടൻ ആണ് വരുന്നത്.. പിറകിൽ തന്നെ വിച്ചേട്ടനും ഉണ്ട്.. അവൾ തന്നെയൊന്ന് നോക്കി.. ഫുൾ സ്ലീവ് ബനിയനും ആഫ് സ്‌കെർട്ടുമാണ് ഇട്ടിരിക്കുന്നത്.. തന്നെ കണ്ടാൽ ഇപ്പോഴൊരു അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയേ പോലെ തോന്നും.. അവൾക്ക് ജാള്യത തോന്നി.. ബൈക്ക് സ്റ്റാൻഡിൽ ഇട്ട് അവർ കോലായിലേക്ക് കയറിയതും പാറു ബുക്‌സും എടുത്ത് അകത്തേക്ക് പോകാനൊരുങ്ങി... "പാറുക്കുട്ടിയെന്താ ഒരു മൈന്റ് ഇല്ലാതെ പോവുന്നേ.. " പിന്നിൽ നിന്നും ജിത്തു വിളിച്ചു ചോദിച്ചു.. "അത് പിന്നെ എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു.. " തിരിഞ്ഞു നിന്നവൾ മറുപടി പറഞ്ഞു.. തലയുയർത്തി നോക്കിയില്ല.. ഇങ്ങനൊരു വേഷത്തിൽ ഇതുവരേയും ജിത്തേട്ടന്റെ മുന്നിലേക്ക് പോയിട്ടില്ല.. അതിന്റെയൊരു ചമ്മൽ.. "ഓ,, വല്യ പഠിത്തക്കാരി.. കൊട്ട കണക്കിന് മാർക്കല്ലേ നീ കൊണ്ടുവരുന്നേ..

ഇന്നാ ഇത് കൊണ്ടുപോയി അമ്മേടെ കയ്യിൽ കൊടുക്ക്.." വിച്ചു കയ്യിലുണ്ടായിരുന്ന കവർ പാറുവിന് നേരെ നീട്ടി.. "ഇതെന്താ വിച്ചേട്ടാ.." കുറച്ച് കൊഞ്ചാ ടി.. നിനക്ക് ഇഷ്ടല്ലേ.. കണ്ടപ്പോഴിങ്ങ് വാങ്ങിച്ചു.. " വിച്ചു ഷർട്ട്‌ അഴിച്ചു അഴയിൽ കിടന്നിരുന്ന തോർത്ത്‌ എടുത്ത് തോളിലേക്കിട്ടു.. "ഇനി ഇത് നേരെയാക്കി എപ്പോ കഴിക്കാനാ.. " പാറു മുഖം ചുളിച്ചു.. "ഇങ്ങനൊരു മടിച്ചി.. അത് നേരെയാക്കിയതാ.. നീയത് അമ്മക്ക് കൊണ്ട് കൊടുത്തേ..." പാറു അതുമായി അടുക്കളയിലേക്ക് ചെന്നു അമ്മയുടെ കയ്യിൽ കൊടുത്തു,, വീണ്ടും ഉമ്മറത്തേക്ക് വന്നു.. ജിത്തുവും വിച്ചുവും അപ്പോഴേക്കും കുളത്തിലേക്ക് പോയിരുന്നു... വീടിനടുത്തുള്ള പാടത്തിനടുത്ത് ഒരു ചെറിയ കുളമുണ്ട്.. ഈ നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും രാത്രി അവിടെ കൂടാറുണ്ട്..വെള്ളത്തിൽ നീന്തി തുടിച്ചും കളി പറഞ്ഞു

ഇടയിൽ ചെറുതായി രണ്ടെണ്ണം വീശിയും അവരാ സായാഹ്നം മനോഹരമാക്കും..ഇനി ഇപ്പോഴൊന്നും അവരെ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട രണ്ടും വെള്ളം കണ്ടാൽ പിന്നെ അതിൽ നിന്ന് കയറാൻ പാടാണ്.. ഓരോന്നാലോചിച്ചു പാറു വീണ്ടും നോട്സ്‌ എഴുതി തുടങ്ങി..ഇടയിൽ ചിന്തകൾ അവളുടെ മാത്രം ജിത്തേട്ടനിലേക്കും കടന്നു ചെന്നു.. എപ്പോഴോ അവിടെ കിടന്നു തന്നെ ഉറക്കം പിടിച്ചു.. "ഡീ.. എഴുന്നേറ്റെ,,വന്നു അത്താഴം കഴിക്ക്.." ബുക്കിന്റെ മുകളിൽ തലവെച്ചു കിടന്നുറങ്ങുന്ന പാറുവിനെ വിച്ചു തട്ടിവിളിച്ചു.. പാറു ചിണുങ്ങി കൊണ്ട് എഴുന്നേറ്റ് ഡെയിനിങ് ഹാളിലേക്ക് നടന്നു.. "ഈ പെണ്ണിന്റെ ഒരു കാര്യം.. " അവൾ പോയ വഴിയേ നോക്കി പറഞ്ഞു വിച്ചു ചിതറി കിടന്നിരുന്ന ബുക്‌സെല്ലാം അടുക്കി വെച്ചു.. കണ്ണും തിരുമ്മി ചെന്നു കസേര വലിച്ചിട്ടു ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നതും കാണുന്നത് തന്റെ മുന്നിലിരുന്ന് ചോറ് കഴിക്കുന്ന ജിത്തേട്ടനെയാണ്..

ഉറക്കപിച്ചിൽ ആയത് കൊണ്ട് പാറു അവനെനോക്കി ഇളിച്ചു കാട്ടി.. ആ സമയം അവന്റെ ചൊടിയിലും ഉണ്ടായിരുന്നു കള്ളച്ചിരി.. "ഇരുന്ന് ഉറക്കം തൂങ്ങാതെ വേഗം കഴിച്ചിട്ട് പോയി കിടന്നുറങ്ങെടി.. " അമ്മ വന്നു തലക്കിട്ടു കിഴുക്കിയപ്പോൾ ആണ് സ്ഥലകാലബോധം വന്നത്.. ചമ്മലോടെ ചോറ് വിളമ്പിയ പാത്രവും എടുത്ത് അടുക്കളയിലേക്കോടി.. അവിടെയെത്തി വാതിലിന്റെ മറവിൽ നിന്ന് ഒളിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ കാര്യം വിച്ചേട്ടനോട് പറഞ്ഞു ചിരിക്കുന്ന ജിത്തേട്ടനെയാണ്.. അവളുടെ ഉള്ളം തുടിച്ചുകൊണ്ടിരുന്നു.. തനിക്കുവേണ്ടി ആദ്യമായി ജിത്തേട്ടന്റെ മുഖത്ത് കുഞ്ഞു പുഞ്ചിരി വിരിഞ്ഞിരിക്കുന്നു.. അത്രയും മതിയായിരുന്നു ആ പതിനേഴുകാരിക്ക് മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story