നീയും ഞാനും.. 🧡 ഭാഗം 20

neeyum njanjum shamseena

രചന: ശംസീന

പിറ്റേന്ന് പാറു അമ്മക്ക് മുഖം കൊടുക്കാതെ നടന്നു... പരിഭവമാണോ എന്ന് ചോദിച്ചാൽ അതേ എന്ന് പറയാം... ആരോടും മിണ്ടാതെ അവൾ ബാഗും എടുത്ത് മീരയോടൊപ്പം കോളേജിലേക്ക് പോയി.. പ്രവിയും മീരയും കളിച്ചു ചിരിച്ചു നടക്കുന്നുണ്ടെങ്കിലും പാറുവിന് അതിലൊന്നും കൂടാൻ കഴിഞ്ഞില്ല.. അമ്മയുടെ പെട്ടന്നുള്ള ഈ തീരുമാനത്തിനുള്ള ഉത്തരം തേടുകയായിരുന്നു മനസ്സപ്പോഴും... "നീയെന്താ പാറു ഒന്നും മിണ്ടാതെ ഇരിക്കുന്നെ,, വയ്യേ നിനക്ക്..? " ഡസ്കിൽ തലവെച്ചു കിടക്കുന്നവളെ പ്രവി തട്ടിവിളിച്ചു... "ചെറിയൊരു തലവേദന... " അവൾ നെറ്റിയൊന്ന് തടവി.. "ഈ തലവേദനയുടെ കാരണം എന്താണെന്നാണ് ചോദിച്ചത്... " പാറു ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു.. "അപ്പോൾ കാര്യമായിട്ടെന്തോ ഉണ്ട്.. " മീര അവളെ കൂർപ്പിച്ചു നോക്കി... "ഒന്നുമില്ലെടി ശെരിക്കും വെയ്യാത്തോണ്ടാ... " "മ്മ് വിശ്വസിച്ചു... " പ്രവി പരിഭവിച്ചു തിരിഞ്ഞിരുന്നു..പാറു മീരയെ നോക്കി അവളും ദേഷ്യത്തിൽ തന്നെയാണ്..പാറു ഒന്നും പറയാതെ വീണ്ടും അതേ കിടപ്പ് കിടന്നു...

കുറച്ചു കഴിഞ്ഞു ഡസ്കിൽ ആരോ ശക്തമായി തട്ടിയതും അവൾ ഞെട്ടിയെഴുന്നേറ്റു... "ഉറങ്ങാൻ ആണെങ്കിൽ പാർവണക്ക് വീട്ടിൽ പോവാം... " തൻവി ഒരല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു.. "സോറി മിസ്സ്‌.. " പാറു തലതാഴ്ത്തി... അമർത്തിയൊന്ന് മൂളി അവളോട് ഇരുന്നോളാൻ പറഞ്ഞുകൊണ്ട് തൻവി ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു... പാറു ഇടം കണ്ണിട്ട് മീരയേയും പ്രവിയേയും നോക്കി അവരപ്പോഴും മുഖം വീർപ്പിച്ചു തന്നെ ഇരിക്കുവാണ്... "പാർവണ ഒന്ന് ലൈബ്രററിയിലേക്ക് വരൂ... " ലഞ്ചിനുള്ള ബെൽ അടിച്ചതും പുറത്തേക്കിറങ്ങുന്നതിനിടയിൽ തൻവി പറഞ്ഞു... അവൾ തലയൊന്നാട്ടി വരാമെന്ന് മറുപടി കൊടുത്തു.... തൻവി മിസ്സ്‌ തന്നെ എന്തിനായിരിക്കും വിളിപ്പിച്ചതെന്നവൾ തല പുകഞ്ഞു ആലോചിച്ചു... മീരയും പ്രവിയും മാറിയിരുന്നു ഭക്ഷണം കഴിച്ചു പാറു അവരോടൊപ്പം ചെന്നിരുന്നെങ്കിലും അവർ കണ്ടതായി പോലും ഭാവിച്ചില്ല.. കഴിച്ചു കഴിഞ്ഞതും ടിഫിൻ ബോക്സ്‌ ബാഗിലേക്ക് വെച്ച് കൈ കഴുകി തൻവിയുടെ അടുത്തേക്ക് പോയി... പോവുന്നതിനിടയിൽ വരാന്തയിലൂടെ നടന്നു വരുന്ന ജിത്തുവിനെ കണ്ടതും അവൾ ഒതുങ്ങി നിന്ന് കൊടുത്തു... "ബെൽ അടിക്കാൻ ആയല്ലോ നീയിതെവിടെക്കാ...? " അവളെ തടുത്തു നിർത്തി ജിത്തു ചോദിച്ചു..

"ഞാൻ ലൈബ്രറിയിലേക്ക്.. " അവനെ നോക്കാതെ മറുപടിയും കൊടുത്തു കൊണ്ടവൾ അവിടുന്നോടി... അവൾ ഓടിപോകുന്നതവൻ ഒരു നെടുവീർപ്പോടെ നോക്കി നിന്നു... തന്റെ കയ്യും പിടിച്ചു പടവരമ്പിലൂടെ സ്കൂളിലേക്ക് പോയിരുന്ന പട്ടു പാവടക്കാരിയെ അവനോർമ വന്നു.. അന്നൊന്നും തന്റെ പിറകിൽ നിന്നും മാറിയിരുന്നില്ല... ഓർക്കുന്തോറും മധുരമായ ഓർമ്മകൾക്കും കൈപ്പു രസമാണെന്നവന് തോന്നി... ***** പാറു ലൈബ്രറിയിലേക്ക് കടന്നു ചെല്ലുമ്പോൾ തൻവി അവിടെ പുസ്തകം വായിച്ചിരിക്കുകയായിരുന്നു... "മേം.. " "ഹ താൻ വന്നോ... " അവൾ പുസ്തകം മടക്കി വെച്ചു എഴുന്നേറ്റു... "മേം എന്തിനാണ് വിളിപ്പിച്ചത്... " "പറയാം,,, വാ നമുക്കൊന്ന് നടക്കാം... " തൻവി പാറുവിനേയും കൂട്ടി കോറി ഡോറിലൂടെ നടന്നു...നടന്നു നടന്നവർ കോളേജിന് പുറകിലുള്ള ആളൊഴിഞ്ഞൊരിടത്തെക്കെത്തി... "ജിത്തുവിനെ മുൻപേ പാർവണക്ക് അറിയാമായിരുന്നല്ലേ..? " "മ്മ്,, ഏട്ടന്റെ സുഹൃത്താണ്.." പാറു ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു... "സുഹൃത്ത് മാത്രമാണോ അതിലുപരി ആരും അല്ല നിനക്ക് ജിത്തു.." തൻവി പാറുവിനെ നോക്കി... "മേം എന്താണ് ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല... " പതർച്ചയോടെ പാറു ചോദിച്ചു...

"നിന്റെ മുഖത്തെ പതർച്ചയിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് പാർവണ നിനക്ക് ജിത്തു നിന്റെ ഏട്ടന്റെ സുഹൃത്ത് മാത്രമല്ല നിന്റെ പ്രണയം കൂടിയായിരുന്നെന്ന്.." തൻവി പല്ലുകൾ കടിച്ചു.. "No.. അങ്ങനെയൊന്നും ഇല്ല... ന്റെ ഏട്ടന്റെ സുഹൃത്ത് മാത്രമാണ് ജിത്തേട്ടൻ അതിലുപരി വേറെ ഒന്നും ഇല്ല.... " പാറു കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു... "ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് പാർവണ... ഞാൻ എല്ലാം അറിഞ്ഞുകൊണ്ടാണ് നിന്നോട് സംസാരിക്കുന്നത്.." പാറു വിശ്വാസം വരാത്തത് പോലെ തൻവിയെ നോക്കി.. "ഞാൻ എങ്ങനെ അറിഞ്ഞെന്നാവും പക്ഷേ അതിനിവിടെ യാതൊരു പ്രസക്തിയും ഇല്ല...ഞാൻ പിന്നെ നിന്നെ വിളിപ്പിച്ചത് ഇനി ജിത്തുവിന്റെ മേൽ അറിയാതെ പോലും നിന്റെ പിഴച്ച കണ്ണുകൾ വീഴരുതെന്ന് പറയാൻ വേണ്ടിയാണ്... അവൻ എന്റെ മാത്രമാണ് വർഷങ്ങളായിട്ടുള്ള എന്റെ പ്രണയം... അതിനിടയിൽ നീയൊരു തടസ്സമായി വരരുത്.. ഇനി നിന്റെ പേര് പോലും ഞങ്ങൾക്കിടയിൽ വരാതെയിരിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത് അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല അല്ല നിനക്കത് വേദനിച്ചെങ്കിൽ I don't care... പറഞ്ഞത് ഓർമയിൽ ഇരുന്നോട്ടെ ഇനി നിന്റെ മനസ്സിൽ പോലും ജിത്തു ഉണ്ടാവരുത്.. ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ അന്ന് എന്താ സംഭവിക്കുന്നതെന്ന് പോലും ചിലപ്പോൾ എനിക്ക് പറയാൻ കഴിഞ്ഞെന്ന് വരില്ല..

.ഞാനും നീയും തമ്മിൽ സംസാരിച്ചത് നമ്മളല്ലാതെ മൂന്നാമതൊരാൾ അറിയാൻ ഇടവരരുത്..." അത്യധികം കോപത്തോടെ പറഞ്ഞുകൊണ്ട് തന്റെ മുന്നിൽ കണ്ണുകൾ നിറച്ചു നിന്നിരുന്ന പാറുവിനെ തള്ളിമാറ്റി തൻവി അവിടെ നിന്നും പോയി... തൻവി പറഞ്ഞതെല്ലാം കേട്ട് ഒന്നനങ്ങാൻ പോലും കഴിയാതെ പാറു അവിടെ നിന്നു.. ഒരു രക്ഷക്കായവൾ അവിടെ ഉണ്ടായിരുന്ന മരത്തിലേക്ക് ചാരി.. ജിത്തുവിന്റെ ഓർമകളെ പോലും മനസ്സിൽ നിന്നും പിഴുതെറിഞ്ഞിട്ടു നാളുകളായിരുന്നു.. ഇപ്പോൾ വീണ്ടും അതെല്ലാം കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു.. അതിന് മാത്രം എന്ത് തെറ്റാണ് താൻ ചെയ്തതെന്നവൾ നെഞ്ച് പൊട്ടി ഈശ്വരന്മാരോട് ചോദിച്ചു.. കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടിരുന്നു... ഹൃദയത്തിൽ ഇരുന്നാരോ കത്തി കൊണ്ട് തുളക്കുന്നത് പോലെ കഠിനമായ വേദന അനുഭവപ്പെട്ടു...അവൾ ആർത്തലച്ചു കരഞ്ഞു തന്റെ ഉള്ളിലെ സങ്കടമെല്ലാം ഒഴുക്കി കളഞ്ഞു... വാഷ്റൂമിൽ കയറി മുഖം കഴുകിയിറങ്ങി... ക്ലാസ്സിലേക്ക് പോവാൻ തോന്നിയില്ല പതിയെ അവിടെ നിന്നും നടന്നു...അധികം ആരുടേയും കണ്ണെത്താത്ത ഒരിടത്തു ചെന്നിരുന്നു... "മോളെന്താ ഇവിടെ തനിച്ചിരിക്കുന്നെ... വാ ചേട്ടന്മാരോടൊപ്പം വന്നിരിക്ക്... നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാമെന്നെ.."

വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് കുറച്ചു സീനിയേഴ്‌സ് പയ്യന്മാർ അവളുടെ അടുത്തേക്ക് വന്നു... അവൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് ഭയത്തോടെ ഒരടി പിറകിലേക്ക് നീങ്ങി.. "മോളെന്താ മാറി നിൽക്കുന്നേ അടുത്തേക്ക് വാ... " അതിലൊരുത്തൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... അവരിൽ നിന്നും വമിക്കുന്ന അസഹ്യമായ ഗന്ധത്തിൽ നിന്നും നല്ലത് പോലെ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായി.. "വിട് വിടെന്നെ... " അവൾ അവന്റെ കയ്യിൽ നിന്നും തന്റെ കൈ പിടിച്ചു വലിച്ചു...രക്ഷക്കായവൾ ചുറ്റും കണ്ണുകൾ പായിച്ചു... അവിടെയൊന്നും ഒരു മനുഷ്യ കുഞ്ഞു പോലും ഉണ്ടായിരുന്നില്ല... അവളിൽ ഭയം ഏറി തുടങ്ങി... "വിടെടാ അവളുടെ കയ്യിൽ നിന്ന്... " പിന്നിൽ നിന്നുള്ള അലർച്ച കേട്ടതും അവൻ അവളുടെ കയ്യിലെ പിടിവിട്ടു... "ഇവിടെ എന്താ പരിപാടി നിങ്ങൾക്കൊന്നും ക്ലാസ്സ്‌ ഇല്ലെ...?" കണ്ണുകൾ നിറച്ചു നിൽക്കുന്ന പാറുവിനെ ഗൗനിക്കാതെ ഗൗരവത്തിൽ ജിത്തു പയ്യന്മാരോട് ചോദിച്ചു.. "ഞങ്ങൾ പോകുവാണ്.. " കുഴഞ്ഞ ശബ്‍ദത്തിൽ അതിലൊരുത്തൻ പറഞ്ഞു...

"പോവാൻ വരട്ടെ.. നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ...? " ജിത്തു അവരുടെ അടുത്തേക്ക് വന്നു... പാറു വേഗം വന്നു ജിത്തുവിന്റെ പിറകിലൊളിച്ചു... "സർ അത് പിന്നെ.. ഇനി ആവർത്തിക്കില്ല സർ ഇതൊരു ഇഷ്യൂ ആക്കരുത്... " അവർ ജിത്തുവിനോട് താഴ്മയോടെ അപേക്ഷിച്ചു... "ഇഷ്യു ആക്കരുതെന്നോ.. നിങ്ങളുടെ തോന്നിവാസം ഞാൻ കണ്ടില്ലെന്ന് നടിക്കണോ..." ജിത്തു രോഷാകുലനായി... "സർ ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞില്ലേ... " "നിങ്ങളുടെ പേരും ക്ലാസും പറ... " അവർ പറഞ്ഞതിന് ചെവി കൊടുക്കാതെ ജിത്തു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു... പയ്യന്മാർ മിണ്ടാതെ നിൽക്കുന്നത് കണ്ടതും അവൻ ഫോണിൽ അവരുടെ ചിത്രങ്ങൾ പകർത്തി ദേഷ്യത്തിൽ പാറുവിന്റെ കയ്യും പിടിച്ചു വലിച്ചു അവിടുന്ന് പോയി... "ഒരു വിധത്തിലും മനുഷ്യന് സമാധാനം തരില്ലെന്നാണോ... നീയെന്തിനാ ഈ സമയത്ത് ക്ലാസ്സിൽ കയറാതെ അവിടേക്ക് പോയത്.. " അവൻ പാറുവിന്റെ കയർത്തു.. ജിത്തുവിൽ നിന്നും ഇത്തരത്തിൽ ഉച്ചത്തിലുള്ള സംസാരം അവൾ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്..

. "നിന്റെ നാവെന്താ ഇറങ്ങിപ്പോയോ മറുപടി പറയാൻ... " ഒന്നും മിണ്ടാതെ നിൽക്കുന്ന പാറുവിനെ കണ്ടു അവന്റെ കോപം ഇരട്ടിച്ചു.. "സർ ഞാൻ വെറുതെ...തലവേദനയെടുത്തപ്പോൾ.. " വിക്കി വിക്കി കൊണ്ടവൾ മറുപടി പറഞ്ഞു... "അപ്പോൾ പോയി ഇരിക്കാൻ പറ്റിയ സ്ഥലമാണോ അത്.. ഇപ്പോൾ ഞാൻ ഇതുവഴി വന്നില്ലെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.. " അവൻ പറയുന്നത് കേട്ടവൾ വിതുമ്പലടക്കി... "മ്മ് ക്ലാസ്സിൽ പൊക്കോ... " അവളുടെ എങ്ങലടികൾ ഉയർന്നു കേൾക്കാൻ തുടങ്ങിയതും അവൻ പറഞ്ഞു.. അതനുസരിച്ചു കൊണ്ടവൾ ക്ലാസ്സിലേക്ക് പോയി... ജിത്തു ഓഫീസിലേക്കും... തന്റെ മൊബൈലിൽ പകർത്തിയ ചിത്രം അവൻ ഹെഡ്മാസ്റ്ററെ കാണിച്ചു നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു...അദ്ദേഹം ആലോചിച്ചു വേണ്ടത് എന്താണെന്ന് വെച്ചാൽ ചെയ്യാമെന്ന് ജിത്തുവിന് ഉറപ്പ് നൽകി.. അന്ന് കോളേജ് കഴിഞ്ഞു പാറു പ്രവിയോടും മീരയോടും പറയാതെ കിട്ടിയ ബസ്സിൽ വീട്ടിലേക്ക് പോയി...ജിത്തു ഏട്ടനോട് വിളിച്ചു വിവരങ്ങൾ പറയുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു... അപ്പോൾ താൻ എന്തിനാണ് അവിടെ ചെന്നതെന്നുള്ള കാര്യം ഉൾപ്പടെ പറയേണ്ടി വരും...അങ്ങനെയെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തുകയേ ഉള്ളൂ എന്നവൾക്ക് അറിയാമായിരുന്നു... ഉള്ളിലുള്ള നോവ് കടിച്ചമർത്തി വീട്ടിലേക്ക് കയറിച്ചെന്ന അവളെ കാത്തിരുന്നത് മറ്റൊരാൾ ആയിരുന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story