നീയും ഞാനും.. 🧡 ഭാഗം 21

neeyum njanjum shamseena

രചന: ശംസീന

ഉള്ളിലുള്ള നോവ് കടിച്ചമർത്തി വീട്ടിലേക്ക് കയറിച്ചെന്ന അവളെ കാത്തിരുന്നത് മറ്റൊരാൾ ആയിരുന്നു... "ഇതാണോ കുട്ടി.. " തിണ്ണയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ബ്രോക്കർ ഭാസ്കരൻ ലതയോട് തിരക്കി.. "അതെ...അടുത്ത മാസം പതിനെട്ടാവും.." പാറു അകത്തേക്ക് കയറിയതും അയാൾ അവളെ അടിമുടി നോക്കി.. "ഒരു കൂട്ടരുണ്ട്.. ചെറുക്കൻ ബാങ്കിലെ അക്കൗണ്ടന്റ് ആണ്... നല്ല തറവാട്ടുകാര് അവർക്കും വിദ്യഭ്യാസം ഉള്ള കൊച്ചിനെയാണ് വേണ്ടത്..ഞാൻ അവരോടൊന്ന് സംസാരിച്ചു ഒഴിവുള്ള ദിവസം ആളെയും കൂട്ടി വരാം..." അയാൾ കാലിയായ ചായ ഗ്ലാസ്‌ തിണ്ണയിൽ വെച്ച് തന്റെ കയ്യിലെ കറുത്ത ബാഗ് ത്വക്കിടുക്കിലേക്ക് വെച്ചു നടന്നു നീങ്ങി... "നല്ല കൂട്ടരായാൽ മതിയായിരുന്നു... " ലത നെടുവീർപ്പിട്ടു... "അമ്മ ഇതാരുടെ കല്യാണക്കാര്യമാ പറയുന്നേ... " അവൾ അതിയായ ദേഷ്യത്തോടെ ചോദിച്ചു... "നിന്റെ അല്ലാതെ ആരുടെയാ.." അവർ ഭാവമേതുമില്ലാതെ മറുപടി കൊടുത്തു.. "അത് അമ്മ മാത്രം തീരുമാനിച്ചാൽ മതിയോ എന്റെ സമ്മതം കൂടി നോക്കേണ്ടേ... " "അതിന്റെ ആവശ്യമില്ല.. നീ എല്ലാം ചെയ്യുന്നത് ഞങ്ങളോട് ചോദിച്ചിട്ടോ അല്ലെങ്കിൽ ഞങ്ങളെ അറിയിച്ചിട്ടോ ആണോ.." ലതയും ഒച്ചയെടുത്തു...

"എന്റെ എന്തെങ്കിലും ഒരു കാര്യം ഞാൻ നിങ്ങളോട് തീരുമാനിക്കാതെ ചെയ്തിട്ടുണ്ടോ പിന്നെ എന്ത് അറിയിച്ചില്ല എന്നാണ് അമ്മ പറയുന്നത്... " "എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല പാറു നിന്റെ വിവാഹം രണ്ട് മാസത്തിനുള്ളിൽ ഞാൻ നടത്തിയിരിക്കും... " "അമ്മേ... " അവരുടെ ഉറപ്പോടെയുള്ള വാക്കുകൾ കേട്ടതും പാറു ദയനീയതയോടെ വിളിച്ചു... "വേണ്ട പാറു നിന്നിലുള്ള വിശ്വാസം ഞങ്ങൾക്ക് നഷ്ടപ്പെട്ടു ഇനി നിന്നേ കൂടെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഈ തീരുമാനം നിനക്ക് ഇഷ്ടമാണേലും അല്ലേലും ഇത് അംഗീകരിച്ചേ മതിയാവൂ... " അമ്മയുടെ പെട്ടന്നുള്ള ഈ മാറ്റത്തിന്റെ കാരണം അറിയാതെ അവൾ കുഴഞ്ഞു.. ഇനിയും അമ്മയോട് തർക്കിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പാറു മുറിയിൽ കയറി വാതിൽ വലിച്ചടച്ചു... **** പിന്നീടുള്ള ദിവസങ്ങൾ കോളേജിലെ ചർച്ചാ വിഷയം ജിത്തു മുൻകൈ എടുത്ത് സസ്പെൻഡ് ചെയ്ത സീനിയേഴ്‌സിനെ കുറിച്ചായിരുന്നു.. നിരന്തരം ശല്യക്കാരായ അവർ കുറച്ചു ദിവസമെങ്കിൽ കുറച്ചു ദിവസം കോളേജിൽ ഇല്ലാത്തത് ഒട്ടുമിക്ക സ്റ്റുഡന്റ്സിനും ആശ്വാസം ആയിരുന്നു..

.ജിത്തു കോളേജിൽ നടന്ന കാര്യം വീട്ടിൽ പറയാത്തതിൽ പാറുവും ആശ്വസിച്ചു... പ്രവിയും മീരയും രണ്ട് ദിവസം മിണ്ടാതെ നടന്നെങ്കിലും ഇനിയും പിണങ്ങി നടക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി അവർ തങ്ങളുടെ സൗഹൃദം ഒന്ന് കൂടെ ഊട്ടി ഉറപ്പിച്ചു..തൻവി മിസ്സ്‌ തന്റെ ട്രെയിനിങ് പിരിയഡ് കഴിഞ്ഞു ആ കോളേജിനോട് വിട പറഞ്ഞുപോയി... സെക്കന്റ്‌ സെമെസ്റ്റർ എക്സാം കഴിഞ്ഞതും വേനൽ അവധിക്കായി കോളേജ് അടച്ചു... പ്രവി കൂട്ടുകാരോടൊപ്പം ടൂർ പോയി.. അതിന്റെ ഫോട്ടോസും മറ്റും അവൻ മീരയും പാറുവും അടങ്ങുന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു...മീരയും വെക്കേഷൻ അടിച്ചു പൊളിക്കാൻ കസിൻസിന്റെ വീട്ടിൽ പോയി.. പാറു മാത്രം വീട്ടിൽ ചടഞ്ഞു കൂടിയിരുന്നു... ഒരുദിവസം ഉച്ചക്ക് ശേഷം കോഴിയെ തുറന്നു വിട്ട് തീറ്റ കൊടുക്കുമ്പോഴാണ് ലത ഓടികിതച്ചു അവളുടെ അടുത്തേക്ക് വന്നത്... "നീ അതവിടെ വെച്ച് വേഗം പോയി റെഡിയായിക്കെ ആ ബ്രോക്കർ പെണ്ണുകാണാൻ ആളേയും കൊണ്ട് വരുന്നുണ്ടെന്ന്... " ലത ധൃതി കൂട്ടി.. "ഞാൻ അമ്മയോട് പറഞ്ഞതല്ലേ എനിക്കിപ്പോൾ കല്യാണം വേണ്ടെന്ന്... " പാറു ദേഷ്യത്തിൽ പറഞ്ഞു..

"അത് നീയല്ല തീരുമാനിക്കുന്നെ.. അമ്മ പറഞ്ഞത് അനുസരിക്കാൻ നോക്ക്.." അങ്ങോട്ട് വന്ന വിച്ചു ഗൗരവത്തോടെ പറഞ്ഞതും മറുത്തൊന്നും പറയാതെ നിറഞ്ഞ കണ്ണുകളുമായി അവൾ അകത്തേക്ക് കയറിപ്പോയി... ലത കട്ടിലിൽ എടുത്തു വെച്ച ചുരിദാർ ധരിച്ചു കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി.. അതിലേറെയും വേദനിപ്പിച്ചത് അവളുടെ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ ആയിരുന്നു... വാതിലിൽ ഉറക്കെ ലത തട്ടിവിളിച്ചതും കണ്ണുകൾ അമർത്തി തുടച്ചു മുഖത്തൊരു ചിരിയെടുത്തണിഞ്ഞവൾ വാതിൽ തുറന്നു... "നിനക്കിപ്പോ വിഷമമൊക്കെ തോന്നും.. പക്ഷേ കുറേ കഴിയുമ്പോൾ നിനക്ക് മനസ്സിലാവും അമ്മയും ഏട്ടനും എടുത്തത് നല്ലൊരു തീരുമാനം ആയിരുന്നെന്ന്.. വന്നവരെ മുഷിപ്പിക്കാതെ വാ ചായ കൊണ്ട് കൊടുക്ക്... " അമ്മ കയ്യിൽ കൊടുത്ത ചായ ട്രെയുമായി ഹാളിലേക്ക് ചെല്ലുമ്പോൾ ആദ്യ പെണ്ണുകാണലിന്റെ നാണമോ വിറയലോ ഒന്നും അവളിൽ ഉണ്ടായിരുന്നില്ല... അല്ലെങ്കിലും മനസ്സ് മരിച്ചു വെറും ശരീരമായി ജീവിക്കുന്നവൾക്ക് എന്ത് നാണം.. എല്ലാം ഒരു തരം മരവിപ്പ് മാത്രം.. അവൾക്ക് സ്വയം പുച്ഛം തോന്നി... ബ്രോക്കർ ചായ അങ്ങോട്ടേക്ക് കൊടുത്തോളാൻ പറഞ്ഞതും അവൾ മിഴികൾ ഉയർത്താതെ സുമുഖനായ ചെറുപ്പക്കാരന്റെ മുന്നിലേക്ക് ട്രേ നീട്ടി...

അയാളുടെ കണ്ണുകളിലെ തിളക്കവും മുഖത്തെ പുഞ്ചിരിയും അവളെ അലോസരപ്പെടുത്തി.. ഓരോരുത്തർക്കായി ചായ കൊടുത്തതും അവൾ അമ്മയുടെ പിന്നിലേക്ക് നീങ്ങി നിന്നു... ബ്രോക്കർ ഓരോരുത്തരെയായി പരിചയപ്പെടുത്തി.. "ഇനി കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം.. " ബ്രോക്കർ എല്ലാവരേയും ഒന്ന് നോക്കി.. അവരെല്ലാം സമ്മതം അറിയിച്ചതും അകത്തേക്ക് മുറിയിലേക്ക് ലത പാറുവിനെ പറഞ്ഞുവിട്ടു... **** പിറകിൽ നിന്നൊരു മുരടനക്കം കേട്ടതും ആലോചനയോടെ നിന്നിരുന്ന പാറു തിരിഞ്ഞുനോക്കി... "ഞാൻ അവിനാഷ്..എനിക്കങ്ങനെ പെൺകുട്ടികളോട് ഇടപഴകി പരിചയമൊന്നും ഇല്ല.. ഇതെന്റെ ആദ്യത്തെയും അവസാനത്തേയും പെണ്ണ് കാണൽ ആയിരിക്കണം എന്നാണ് ആഗ്രഹം... വീടുകൾ തോറും കയറിയിറങ്ങി ചായ കുടിക്കുന്ന പരിപാടിയോട് എനിക്ക് വലിയ താല്പര്യം ഇല്ല..." യാതൊരു മുഖവുരയും കൂടാതെ അയാൾ പറഞ്ഞു തുടങ്ങി.. പാറു ഒന്നും മിണ്ടിയില്ല എല്ലാം കേട്ട് നിന്നതേ ഉള്ളൂ...

"ഇയാളെന്താ ഒന്നും മിണ്ടാത്തെ എന്നെ ഇഷ്ടമായില്ല എന്നുണ്ടോ..? " പാറു അയാളെ നോക്കി... സുമുഖനായ ചെറുപ്പക്കാരൻ ഇപ്പോഴത്തെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് പോലെ കട്ടത്താടിയും മീശയും സൗമ്യമായ പെരുമാറ്റം അഞ്ചക്ക ശമ്പളമുള്ള ജോലി സാധാരണ ഒരു പെൺകുട്ടിയുടെ ആഗ്രഹത്തിനൊത്ത പുരുഷൻ.....എടുത്തു പറയാൻ അവൾ യാതൊരു കുറവും അവനിൽ കണ്ടില്ല.. എന്നിട്ടും തനിക്ക് മാത്രം എന്ത് കൊണ്ട് അംഗീകരിക്കാൻ കഴിയുന്നില്ല...അവൾ സ്വയം ചോദിച്ചു.. "എടോ താൻ ഈ ലോകത്തൊന്നും അല്ലേ.. ഇങ്ങനേയും മനുഷ്യന്മാർ സ്വപ്നം കാണുമോ... " അയാൾ അവളുടെ മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചു കുസൃതിയോടെ പറഞ്ഞു... "അത് പിന്നെ ഞാൻ.. " അവൾ നിന്ന് വിക്കി.. "എനിക്കെന്തായാലും ഇയാളെ ഇഷ്ടപ്പെട്ടു അത് ഞാൻ അവിടെ പറയാൻ പോകുവാണ് തന്റെ തീരുമാനം പിന്നീട് ഫോൺ വിളിച്ചു അറിയിച്ചാൽ മതി..." മുഖത്തെ പുഞ്ചിരി മായാതെ സൗമ്യമായി പറഞ്ഞുകൊണ്ട് അയാൾ മുറിവിട്ടിറങ്ങി... അയാൾ പോയെന്നുറപ്പായതും പാറു വാതിലടച്ചു തന്റെ സങ്കടം പൊട്ടികരഞ്ഞു തീർത്തു... പുറത്ത് നിന്നും എല്ലാവരുടെയും കളിയും ചിരിയും അവളുടെ സമനില തെറ്റിച്ചു... ഒരു ഭ്രാന്തിയെ പോലെയവൾ ചെവി കൈകൾ കൊണ്ട് അടച്ചു വെച്ചു ചുവരിലൂടെ നിലത്തേക്ക് ഊർന്നിരുന്നു... *****

വന്നവരെല്ലാം തിരികെ പോയതും പാറു പുറത്തേക്കിറങ്ങി... അവളുടെ കരഞ്ഞു തളർന്ന കോലം കണ്ടു വിച്ചുവിന്റെ നെഞ്ച് വിങ്ങി.. എന്നാൽ ഇത്രയും വളർത്തി വലുതാക്കിയ അമ്മയെ ധിക്കരിക്കാൻ കഴിയാത്തത് കൊണ്ടവൻ മനപ്പൂർവം അവളെ കണ്ടില്ലെന്ന് നടിച്ചു... അവളുടെ ഇഷ്ടം പോലും ചോദിക്കാതെ ചെറുക്കന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തു...അതിനെതിരെ അവൾ ശക്തമായി എതിർത്തെങ്കിലും അവൾക്ക് ജിത്തുവിനോട് തോന്നിയ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ടവർ അവളുടെ വാ അടപ്പിച്ചു... വിവാഹത്തിൽ നിന്നും പിന്മാറിയാൽ പിന്നീട് ഇങ്ങനൊരു അനിയത്തി തനിക്കില്ലെന്ന് വിച്ചു പറഞ്ഞതും ഇഷ്ടമില്ലാതിരുന്നിട്ടും അവൾ സമ്മതം മൂളി... എന്നിരുന്നാലും ഉള്ളിലൊരു ചോദ്യം അവശേഷിച്ചിരുന്നു തന്റെ പ്രണയം എങ്ങനെ അവർ അറിഞ്ഞെന്നുള്ളത്... അതിന് മാത്രം ഉത്തരം അവൾക്ക് കിട്ടിയില്ല... തേർഡ് സെമെസ്റ്റർ എക്സാം കഴിയുന്നതിന്റെ അടുത്ത മാസം കല്യാണം ഇതായിരുന്നു മേരേജ് ഡേറ്റ്... ജ്യോൽസ്യൻ വന്നു ജാതകവും പൊരുത്തവും നോക്കിയെന്നല്ലാതെ നിശ്ചയമോ മോതിരം മാറൽ ചടങ്ങൊ ഉണ്ടായില്ല..

തീർത്തും രഹസ്യമായൊരു വിവാഹമുറപ്പിക്കൽ... ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു...അവൾ വിച്ചുവിൽ നിന്നും ലതയിൽ നിന്നും മനപ്പൂർവം അകലം പാലിച്ചു...മീരയോടും പ്രവിയോടുമൊന്നും പറഞ്ഞില്ല തന്റെ വിവാഹം ഉറപ്പിച്ച കാര്യം... എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു കൊണ്ടവൾ ജീവിച്ചു... ഒരു ദിവസം മീര അവളെ കാണാനായി വന്നു... പാറുവിനെ അവിടേക്കൊന്നും കാണണത്തതിൽ പരിഭവിച്ചു കൊണ്ടായിരുന്നു അവളുടെ വരവ്... ആകെ ക്ഷീണിച്ചു കോലം കെട്ട പാറുവിനെ കണ്ടവൾ കാര്യം തിരക്കിയെങ്കിലും അവൾ ഒന്നും വിട്ടു പറഞ്ഞില്ല... അപ്പോഴാണ് മീര വിച്ചു കുറച്ചു ദിവസങ്ങൾക്ക് മുന്നേ തന്നെ കാണാൻ വന്നിരുന്നെന്നും പാറുവിന് ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന് അന്യോഷിച്ചെന്നും പറഞ്ഞത്... "എന്നിട്ട് നീയെന്ത് പറഞ്ഞു... " പാറു നിർജീവമായ കണ്ണുകളോടെ അവളെ നോക്കി.. "എടി അച്ഛനും അമ്മയും നിൽക്കുന്നത് കൊണ്ട് എനിക്ക് ജിത്തേട്ടന്റെ കാര്യം പറയേണ്ടി വന്നു.. പിന്നെ വിച്ചേട്ടനെ കണ്ടപ്പോൾ എല്ലാം അറിഞ്ഞുകൊണ്ടുള്ള വരവാണെന്ന് തോന്നി..

ഇനി ഞാൻ കള്ളം പറഞ്ഞു അത് കൂടുതൽ പ്രശ്നം ആവേണ്ട എന്ന് കരുതിയാണ്... " മീര അപ്പോഴത്തെ തന്റെ അവസ്ഥ തുറന്നു പറഞ്ഞു... പാറു മൂളിയെന്നല്ലാതെ മറുത്തൊന്നും പറഞ്ഞില്ല... കുറച്ചു നേരം അവളോടൊപ്പം ഇരുന്ന ശേഷം മീര തന്റെ വീട്ടിലേക്ക് തിരിച്ചു പോയി... കോളേജ് തുറക്കാൻ ഇനി അധികം ദിവസങ്ങളില്ല ഏറിയാൽ ഒരാഴ്ച്ച...പാറു ഒന്നിനും ഒരു ഉത്സാഹം ഇല്ലാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി.. അവളുടെ ഇരുപ്പ് കണ്ടു ലത ശകാരിക്കുമെങ്കിലും അവൾ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല.. തന്റെ ഭാഗം കേൾക്കാൻ പോലും ആരും ഇല്ലല്ലോ എന്ന സങ്കടമായിരുന്നു അവൾക്ക്... അച്ഛന്റെ വാത്സല്യം തന്ന് വളർത്തിയ വിച്ചേട്ടൻ പോലും തന്നോടൊന്ന് ശെരിക്ക് മിണ്ടിയിട്ട് നാളുകളായി അതിന് മാത്രം വലിയ തെറ്റാണോ താൻ ചെയ്തത്... അവൾ തന്റെ മനസാക്ഷിയോട് ചോദിച്ചു കൊണ്ടിരുന്നു,,, കണ്ണുനീരിനാൽ അവളുടെ തലയിണ നനഞ്ഞു കുതിർന്നു...യഥാർഥ്യത്തെ അംഗീകരിക്കാൻ അവളുടെ മനസ്സപ്പോഴും തയ്യാറായിരുന്നില്ല........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story