നീയും ഞാനും.. 🧡 ഭാഗം 22

neeyum njanjum shamseena

രചന: ശംസീന

കോളേജ് തുറന്നതും പതിവ് പോലെ പാറു മീരയോടൊപ്പം ബസ് കയറി കോളേജിലേക്ക് പോയി...വിവാഹം ഉറപ്പിച്ചതിന് ശേഷം അവിനാശ് ഒന്ന് രണ്ട് തവണ പാറുവിനെ ഫോണിൽ വിളിച്ചിരുന്നു.. എന്നാൽ അവൾ കൂടുതൽ സംസാരത്തിനൊന്നും നിൽക്കാതെ ഒഴിഞ്ഞുമാറും... താൻ മൂലം ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാവുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു... "എടി നീ ഒന്നകൂടെയൊന്ന് ആലോചിച്ചു നോക്ക് പെട്ടന്നിങ്ങനെ എടുത്തുചാടി തീരുമാനം എടുക്കണോ...??" പ്രവിയുടേതായിരുന്നു ചോദ്യം.. ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു മൂവരും...പാറു തന്റെ ഉള്ളിലെ ഭാരം അവരുടെ മുന്നിൽ ഇറക്കി വെച്ചു.. വിവാഹം ഉറപ്പിച്ച കാര്യം അറിഞ്ഞപ്പോൾ ഇരുവരുടേയും മുഖത്ത് വല്ലാത്തൊരു അമ്പരപ്പായിരുന്നു.. "എനിക്കറിയില്ല പ്രവി മുന്നോട്ടുള്ള കാര്യം എന്താകുമെന്ന്..എടുത്തുചാടി ഒരു തീരുമാനം ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല... എന്റെ സമ്മതം പോലും ചോദിക്കാതെയാണ് ഈ വിവാഹം ഉറപ്പിച്ചത്..." അവളുടെ മനോവേദന അവർക്ക് മനസ്സിലാകുമായിരുന്നു.. "എടി നീ വിഷമിക്കാതെ നമുക്കെന്തെങ്കിലും വഴികാണാം ജിത്തേട്ടൻ ഈ കാര്യം അറിയുമോ...? " "അതെനിക്കറിയില്ല.. തീർത്തും രഹസ്യമായൊരു പെണ്ണുകാണലും നിശ്ചയവും ആയിരുന്നു..

വീടിനടുത്തുള്ള നീ പോലും അറിഞ്ഞില്ലല്ലോ പിന്നെയാണോ ജിത്തേട്ടൻ... " മീരയുടെ ചോദിച്ചപ്പോൾ പാറു മറുപടി നൽകി.. "അതും ശെരിയാണ്.. " മീര താടിക്ക് കൈ കൊടുത്തു.. "നീ വിഷമിക്കാതെ പാറു ഈ വിവാഹം നടക്കില്ല,, അതിന് എന്ത് വഴിയും ഞാൻ സ്വീകരിക്കും നിന്റെ സന്തോഷം അതാണ് എനിക്ക് വലുത്...." ഉറച്ച വാക്കുകളാൽ പ്രവി പറഞ്ഞു.. "അതൊന്നും വേണ്ട പ്രവി അമ്മയുടേയും ഏട്ടന്റെയും ആഗ്രഹം നടക്കട്ടെ.. എന്ത് പറഞ്ഞാലും എന്നെ ഇത്രയും വളർത്തി വലുതാക്കിയില്ലേ അവരുടെ ഇഷ്ടം ഇനി ഇതാണെങ്കിൽ ഞാനായിട്ട് എതിര് നിൽക്കുന്നില്ല... " "എടി അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാവും ഇത് നിന്റെ ലൈഫ് അല്ലേ അപ്പോൾ അതിൽ തീരുമാനം എടുക്കേണ്ടത് നീയല്ലെ...? " മീര കോപത്തോടെ ചോദിച്ചു.. "ശെരിയായിരിക്കും... എന്നാൽ ചില അവസരങ്ങളിൽ നമ്മൾ മനുഷ്യർ നിസ്സഹായരായി നിൽക്കാറുണ്ട് എപ്പോഴാണെന്നോ നമ്മൾ സ്നേഹിക്കുന്നവർക്ക് മുന്നിൽ ഒരു കുറ്റവാളിയെ പോലെ നിൽക്കേണ്ടി വരുമ്പോൾ... ഇനിയും എനിക്ക് അമ്മയുടെയും ഏട്ടന്റെയും മുന്നിൽ തലതാഴ്ത്തി നിൽക്കാൻ വയ്യ അത്രക്കും മടുത്തു,,,

ഞാൻ അവരോട് ശെരിക്കൊന്ന് മിണ്ടിയിട്ട് പോലും എത്ര ദിവസങ്ങളായെന്നോ.. അവരായിരുന്നില്ലേ എന്റെ എല്ലാം അവർ പോലും എന്നെയൊന്ന് മനസ്സിലാക്കുന്നില്ലെന്ന് കാണുമ്പോൾ നെഞ്ച് പൊടിഞ്ഞു പോകുവാടി.." അവൾ വിതുമ്പി കൊണ്ടിരുന്നു.... ചുറ്റുമുള്ള കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും അവർ അവളേയും ചേർത്ത് പിടിച്ചു പുറത്തേക്കിറങ്ങി.. പാറുവിനെയും കൊണ്ട് നടന്നുവരുന്ന മീരയേയും പ്രവിയേയും കണ്ടു മറ്റൊരു സാറിനോട് സംസാരിച്ചു കൊണ്ടിരുന്ന ജിത്തു നെറ്റിചുളിച്ചു... "പാർവണക്ക് എന്തുപറ്റി വയ്യാഴ്ക വല്ലതും ഉണ്ടോ...?" അവൻ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു... "അവളുടെ വയ്യാഴ്ക സാറിനെ ബാധിക്കുന്ന കാര്യമല്ലല്ലോ... " പ്രവി രൂക്ഷമായി പറഞ്ഞു... "പ്രവി... " അവൾ തലയാട്ടി ദയനീയതയോടെ വേണ്ടെന്ന് പറഞ്ഞു.. അവൻ തന്റെ കോപം പല്ലുകൾ ഞെരിച്ചു കൊണ്ട് തീർത്തു... "പ്രവീൺ ഞാൻ നിങ്ങളുടെ അദ്ധ്യാപകനാണ് അതുകൊണ്ട് തന്നെ നിങ്ങളുടെ കാര്യം അന്യോഷിക്കാനുള്ള അവകാശം എനിക്കുണ്ട്,,, so keep respect.." ജിത്തു പ്രവിയുടെ നേരെ കയർത്തു.. "സോറി സർ... " പ്രവി പാറുവിൽ നിന്നും അല്പം മാറി നിന്നു... "എനിക്ക് കുഴപ്പമൊന്നുമില്ല സർ.. ഞങ്ങൾ ക്ലാസ്സിൽ പൊക്കോട്ടെ... " പാറു ചോദിച്ചതും ജിത്തു സമ്മതം മൂളി...

അവൾ മീരയേയും പ്രവിയേയും കൂട്ടി അവിടെ നിന്നും നടന്നു നീങ്ങി.. **** പാറു നടന്നകലുന്നത് ജിത്തു ചെറു നോവോടെ നോക്കി നിന്നു... രണ്ട് ദിവസം മുൻപേ വിച്ചു അവനെ കാണാനായി വന്നിരുന്നു.. ഇപ്പോൾ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകളും സംസാരവുമെല്ലാം കുറവാണ്.. കാരണം ജിത്തുവിനും വ്യക്തമല്ല...തമ്മിൽ ഓരോ കാര്യങ്ങളും പറയുന്നതിനിടയിലാണ് വിച്ചു പാറുവിന്റെ കാര്യവും പറഞ്ഞത്... "എടാ ജിത്തു നമ്മുടെ പാറുവിന്റെ വിവാഹമാണ്... നാലോ അഞ്ചോ മാസത്തിനുള്ളിൽ ഉണ്ടാവും... " നിർവികരമായി വിച്ചു ഇരുന്നു... കേട്ട വാർത്തയുടെ ഞെട്ടലിൽ ജിത്തു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.. "നീയെന്ത് ഭ്രാന്താണ് പറയുന്നത് വിച്ചു എട്ടും പൊട്ടും തിരിയാത്ത പെങ്കൊച്ചിനെ കെട്ടിച്ചു വിടുകയോ..." ജിത്തു ദേഷ്യം കൊണ്ട് വിറച്ചു... "ഭ്രാന്തൊന്നും അല്ലെടാ അമ്മയും ഞാനും ആലോചിച്ചെടുത്ത തീരുമാനമാണ്... " "നീയും അമ്മയും കൂടിയോ അപ്പോൾ പാറുവിനോട് സമ്മതം ചോദിച്ചില്ലേ...? " "ചോദിച്ചു എതിരൊന്നും പറഞ്ഞില്ല...പിന്നെ പതിനെട്ടായാൽ വിവാഹം വേണമെന്നാണ് ജ്യോൽസ്യൻ പറഞ്ഞത് അല്ലേൽ പിന്നെ ഇപ്പോഴൊന്നും നടക്കില്ലെന്ന്.."

അല്പം പതർച്ചയോടെ വിച്ചു തന്റെ ഭാഗം വ്യക്തമാക്കി.. ഒരിക്കലും ജിത്തു കാരണമാണ് പാറുവിന്റെ വിവാഹം പെട്ടന്ന് നടത്തുന്നതെന്ന് അവൻ അറിയരുതെന്ന് വിച്ചുവിന് നിർബന്ധം ഉണ്ടായിരുന്നു... "എന്ത് വിഡ്ഢിത്തമാണ് വിച്ചു നീ വിളിച്ചുപറയുന്നത് ഇപ്പോഴും ഈ അന്ധവിശ്വാസത്തിൽ കുരുങ്ങി കിടക്കുകയാണോ നീയും നിന്റെ അമ്മയും... " ജിത്തുവിന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ലായിരുന്നു... "നിനക്കറിയാലോ അമ്മക്ക് ഇതിലെല്ലാം നല്ല വിശ്വാസമാണ് പിന്നെ അമ്മയെ എതിർത്ത് എനിക്ക് ഒന്നും ചെയ്യാനും കഴിയില്ല... എന്നായാലും അവളെ കെട്ടിച്ചു വിടേണ്ടതല്ലേ അതിപ്പോൾ ഇത്തിരി നേരത്തെ ആയെന്നല്ലേ ഉള്ളൂ.." വളരെ ലാഘവത്തോടെ വിച്ചു പറഞ്ഞു നിർത്തി.. "എത്ര നിസ്സാരം ആയിട്ടാണ് വിച്ചു നീ പറയുന്നത്..!കെട്ടിച്ചു വിടേണ്ടതല്ലേ എന്ന്... അത്രയേ ഉള്ളൂ നിനക്ക് അവളോടുള്ള കടമ സ്നേഹം ഇതിനാണോ ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും കൊടുത്ത് നീ അവളെ ഇത്രയും വളർത്തി വലുതാക്കിയത്..." "എന്റെ മുന്നിൽ ഈ ഒരു വഴി മാത്രമേയുള്ളൂ ജിത്തു...എന്നെ ചോദ്യങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കാൻ അല്ല നിന്നോട് ഞാനിത് പറഞ്ഞത് എന്റെ ഉറ്റ സുഹൃത്തല്ലേ എന്നുള്ള ഒരു പരിഗണന വെച്ച് മാത്രമാണ് അതുകൊണ്ട് നീ ഇതിനെപറ്റി കൂടുതലൊന്നും എന്നോട് ചോദിക്കരുത്..."

ഇടറുന്ന വാക്കുകളോടെ വിച്ചു പറഞ്ഞുകൊണ്ട് ജിത്തുവിനെ നോക്കി.. "ഓ അത്രയേ ഉള്ളൂ അല്ലേ...! ഇനി നീ എന്താണെന്ന് വെച്ചാൽ ആയിക്കോ ഞാനായിട്ട് എതിരൊന്നും നിൽക്കുന്നില്ല... ഇനി ഈ വിവാഹത്തിന് പാറുവിന് സമ്മതമല്ലായിരുന്നു എന്ന് ഞാൻ എങ്ങനെയെങ്കിലും അറിയുകയാണെങ്കിൽ അതോടെ തീരും വിച്ചുവും ജിത്തുവും തമ്മിലുള്ള ബന്ധം..." കോപത്തോടെ വിച്ചുവിനൊരു മുന്നറിയിപ്പ് നൽകി ജിത്തു നടന്നു നീങ്ങി... ഓർമകളിൽ അവന്റെ ഉള്ള് നീറി... ആരോടോ ഉള്ള കടമ തീർക്കാൻ വേണ്ടി തന്റെ കുഞ്ഞനിയത്തിയുടെ ജീവിതം ബലികഴിപ്പിക്കുന്നൊരു ആങ്ങള.. അവന് സ്വയം അവജ്ഞ തോന്നി... "ജിത്തു സർ എന്താ ആലോചനയോടെ നിൽക്കുന്നേ ക്ലാസ്സിൽ പോവണ്ടേ..?" കൂടെ വർക്ക്‌ ചെയ്യുന്ന മറ്റൊരു അദ്ധ്യാപകന്റെ ചോദ്യം കേട്ടതും അദ്ദേഹത്തിന് തിളക്കമില്ലാത്തൊരു പുഞ്ചിരി മറുപടിയായി നൽകി തിരിഞ്ഞു നടന്നു... ****** ദിവസങ്ങൾ കടന്നുപോയി,,പാറുവിന്റെ ജീവിതം ആ ഒഴുക്കിൽ ദിശയറിയാതെ നീങ്ങിക്കൊണ്ടിരുന്നു... "നീയെവിടെക്കാ പാറു... "

ബാഗും എടുത്ത് പുറത്തേക്കിറങ്ങുന്നവളോട് അല്പം ഗൗരവത്തിൽ ലത ചോദിച്ചു... "കോളേജിലേക്ക്.. ഇന്ന് പ്രാക്ടിക്കൽ ഉണ്ട് നേരത്തെ ചെല്ലണം.." അവൾ ധൃതി കൂട്ടി... "ഇന്ന് പോവേണ്ടാ... അവിനാഷും വീട്ടുകാരും വരുന്നുണ്ട് നിന്നെ കാണാൻ അപ്പോൾ നീ ഇവിടെ ഇല്ലെങ്കിൽ മോശമല്ലേ... " "എന്ത് മോശം..!അല്ലെങ്കിലും അവരെന്തിനാ എന്നെ കാണാൻ വരുന്നത്.. എനിക്കെന്തായാലും പോയേ പറ്റൂ..." പാറു വാശിയോട് പറഞ്ഞു ചെരുപ്പുമിട്ട് മുറ്റത്തേക്കിറങ്ങി... "പാറു.." പിറകിൽ നിന്നും വിച്ചുവിന്റെ കോപത്തോടെയുള്ള വിളികേട്ടതും അവൾ ചലനമറ്റു നിന്നു... "അമ്മ പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി കയറിപ്പോടി അകത്തേക്ക്... " അവൻ അലറിയതും കണ്ണുകൾ നിറച്ചുകൊണ്ടവൾ ആരേയും നോക്കാതെ അകത്തേക്കോടി... തന്റെ കണ്ണുനീരിന്റെ ഉപ്പുരസം ആവോളം രുചിച്ചറിഞ്ഞ തലയിണയിൽ മുഖം അമർത്തി കിടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു... സ്നേഹിക്കുന്നവർ അവഗണിക്കുമ്പോഴുള്ള വേദന തന്നേക്കാൾ കൂടുതലായി മാറ്റാർക്കാണ് അറിയുക... കാലം തനിക്കായി ഇത്തിരിയെങ്കിലും സന്തോഷം മാറ്റി വെച്ചിട്ടുണ്ടാവുമോ അതോ ഇനിയും ഇങ്ങനെ നീറി നീറി കഴിയാനാണോ തന്റെ വിധി...

സ്വയം പഴിചാരി കൊണ്ടവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു... മുഖം കഴുകി കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് ഇമവെട്ടാതെ നോക്കി നിന്നു... പഴയ പാർവണയിൽ നിന്നും ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു.. കവിളുകൾ ഒട്ടിയുണങ്ങി മുഖം കരിവാളിച്ചിരിക്കുന്നു... കൺതടത്തിൽ കാണുന്ന കറുപ്പ് നിറം തന്റെ ഉള്ളിലെ വേദനകളെ എടുത്തു കാട്ടുന്നുണ്ടായിരുന്നു... എന്തിനേറെ പറയുന്നു പണ്ടെല്ലാം അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന താൻ ഇന്നൊരു പൊട്ടുപോലും തൊടുന്നത് അരോചകമായി തോന്നുന്നു... വാതിലിലുള്ള തട്ട് കേട്ട് അവൾ ഞെട്ടിയുണർന്നു.. മുഖം ഒന്നുകൂടെ അമർത്തി തുടച്ചു ചെന്നു വാതിൽ തുറന്നു.. മുന്നിൽ പുഞ്ചിരിയോടെ തന്റെ വരവിനായി കാത്തു നിൽക്കുന്ന അവിനാഷിനെ കണ്ടതും അവളൊന്ന് പതറി.. "ഇതെന്താടോ താൻ എന്നെ കണ്ടിട്ടിങ്ങനെ പരിഭ്രമിച്ചു നിൽക്കുന്നേ..? " അവൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. എന്നാൽ അവൾ അവന്റെ കൈ എടുത്തു മാറ്റി ഒഴിഞ്ഞു നിന്നു...

"ഓ സോറി.. ഞാൻ പെട്ടന്ന് തന്നെ കണ്ട എക്സയ്റ്റ്മെന്റിൽ ... " അവൻ എന്ത് പറയണമെന്നറിയാതെ കുഴങ്ങി... "കുഴപ്പമില്ല... " അവൾ മറുപടി കൊടുത്തു... "തന്നെ അവിടെ അച്ഛനും അമ്മയുമെല്ലാം അന്യോഷിക്കുന്നുണ്ട് വാ നമുക്ക് അവിടേക്ക് ചെല്ലാം... " അവളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് അവൻ പറഞ്ഞുകൊണ്ട് മുന്നേ നടന്നു... "ആ പാറു വന്നല്ലോ.. എന്നാൽ ഇനി ഞങ്ങൾ വന്ന കാര്യം പറയാം... " അവളെ കണ്ടതും അവിനാഷിന്റെ അമ്മ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു... കാര്യമറിയാതെ അവൾ എല്ലാവരേയും മാറി മാറി നോക്കി... അവിനാഷിന്റെ അച്ഛൻ പറഞ്ഞു തുടങ്ങി... "ഇവന്റെ ഒരേ ഒരു പെങ്ങളും ഭർത്താവും വിദേശത്താണെന്നറിയാമല്ലോ... അവർ വിവാഹം അടുപ്പിച്ചു വരാൻ ഇരുന്നതായിരുന്നു എന്നാൽ ആ സമയത്ത് ലീവ് കിട്ടില്ല അതുകൊണ്ട് അവർ വരുന്നത് ഇത്തിരി നേരത്തെയാക്കി അടുത്തയാഴ്ചക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്... " അയാൾ പാതിയിൽ നിർത്തി.. "അച്ഛൻ ഉദ്ദേശിക്കുന്നത്... " വിച്ചു അയാളെ ഉറ്റുനോക്കി...

"നീയിങ്ങനെ പരിഭ്രമിക്കാൻ മാത്രമൊന്നുമില്ല വിച്ചു വിവാഹം ഇത്തിരി നേരത്തെയാക്കിയാൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്..." അയാൾ ഒരു ചിരിയോടെ പറഞ്ഞു... "അതിപ്പോ പെട്ടന്നിങ്ങനെ പറഞ്ഞാൽ ഒരു തീരുമാനമെടുക്കാൻ... " "ഞങ്ങൾക്കറിയാം ബുദ്ധിമുട്ടായിരിക്കുമെന്ന് എന്നാലും അവൻക്കുള്ള ഒരേ ഒരു പെങ്ങളല്ലേ അവൾ വിവാഹത്തിന് പങ്കെടുത്തില്ലെങ്കിൽ അവന് വിഷമമാവില്ലേ.. അതുകൊണ്ടൊന്ന് ചോദിച്ചെന്നെ ഉള്ളൂ..." അയാൾ വിച്ചുവിനെ പറയാൻ അനുവദിക്കാതെ ഇടയിൽ കയറി.. "ഞങ്ങ... " "വിച്ചു നീയൊന്നിങ്ങ് വന്നേ... " ലത വിച്ചുവിനെയും കൂട്ടി അടുക്കള ഭാഗത്തേക്ക്‌ ചെന്നു... പാറുവിന് യാതൊരു അത്ഭുതവും തോന്നിയില്ല.... അവരുടെ വരവിന്റെ ഉദ്ദേശം ചിലപ്പോൾ ഇത് തന്നെ ആയിരിക്കുമെന്ന് അവൾ ഊഹിച്ചിരുന്നു...അവൾ അവരെ ആരേയും നോക്കാതെ താഴേക്ക് മിഴികൾ പതിപ്പിച്ചു നിന്നു...ഇനി എന്തായിരിക്കും നടക്കാൻ പോവുന്നതെന്നും അവൾ മുൻകൂട്ടി മനസ്സിൽ കണ്ടിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story