നീയും ഞാനും.. 🧡 ഭാഗം 23

neeyum njanjum shamseena

രചന: ശംസീന

"വിച്ചു കൂടുതൽ ഒന്നും ആലോചിക്കേണ്ട അവർ പറഞ്ഞതിനങ്ങ് സമ്മതിച്ചേക്ക്... " ലത ശബ്ദം താഴ്ത്തി പറഞ്ഞു... "അമ്മേ എന്നാലും എടിപിടിന്നൊരു തീരുമാനം വേണോ...നമുക്ക് സാവധാനം ആലോചിച്ചിട്ട് പറഞ്ഞാൽ പോരെ.." വിച്ചുവിനെന്തോ ഈ തീരുമാനം അംഗീകരിക്കാൻ തോന്നിയില്ല.. "പോരാ,,, അവളുടെ മനസ്സ് എപ്പോഴാ മാറുക എന്ന് പറയാൻ കഴിയില്ല..തൊട്ടാൽ തെറിക്കുന്ന പ്രായമാണ് അതുകൊണ്ട് നമ്മൾ വേണം സൂക്ഷിക്കാൻ.." "അമ്മയിതെന്തൊക്കെയാ പറയുന്നേ...? അവൾ നമ്മുടെ പാറുവല്ലേ അങ്ങനൊന്നും ഉണ്ടാവില്ല... " "എന്നിട്ടാണോ അവൾ ആ ചെറുക്കനെയും ഉള്ളിൽ വെച്ചോണ്ട് നടന്നത്.. ഇത്ര വർഷമായിട്ടും നമ്മൾ ആരെങ്കിലും അറിഞ്ഞോ ആ കാര്യം... " വിച്ചു പറയാൻ മറുപടി ഇല്ലായിരുന്നു... "ഇനി കൂടുതൽ ഒന്നും ആലോചിക്കാനില്ല നീ അവരോട് ചെന്നു സമ്മതമാണെന്ന് പറ..ബാക്കിയുള്ളത് പിന്നീട് ആലോചിക്കാം..." "അമ്മേ അവളോടൊന്ന് ചോദിക്കാതെ... " വിച്ചുവിന് ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നാലുണ്ടായി.. "ചോദിച്ചിടത്തോളം മതി.. നീയങ്ങോട്ട് ചെന്നേ വന്നവരെ മുഷിപ്പിക്കാൻ നിൽക്കണ്ട..." ലത വിച്ചുവിനെ നിർബന്ധപൂർവ്വം അവരുടെ അടുത്തേക്കയച്ചു... അവനെ കണ്ടതും അവരുടെ മുഖം തിളങ്ങി...

"നിങ്ങളുടെ തീരുമാനം എന്താണോ അത് പോലെ നടക്കട്ടെ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല... " അവൻ അല്പം പരിഭ്രമത്തോടെ പറഞ്ഞു... പാറുവിന്റെ മുഖത്തേക്ക് നോക്കാൻ അവനു കഴിഞ്ഞില്ല... വിച്ചു പറഞ്ഞത് കേട്ട് പാറുവിന് വലിയ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല.. തന്റെ അമ്മ അതിനായിരിക്കും വിച്ചുവിനെ കൂട്ടി പോയിട്ടുണ്ടാവുക എന്നവൾക്ക് അറിയാമായിരുന്നു...ഉള്ളിൽ ചെറിയൊരു വേദന ഉടലെടുത്തെങ്കിലും കണ്ണുകൾ നിറഞ്ഞൊഴുകിയില്ല... "എന്നാൽ ഞങ്ങൾ ഇറങ്ങുവാണ് എത്രയും അടുത്തുള്ളൊരു മുഹൂർത്തം നോക്കി അറിയിക്കാം... " അവിനാഷിന്റെ അച്ഛനും മറ്റുള്ളവരും എഴുന്നേറ്റ് യാത്ര പറഞ്ഞിറങ്ങി... അവിനാഷ് കണ്ണുകൾ കൊണ്ടവളോട് പ്രണയാർദ്രമായി യാത്ര പറഞ്ഞു...എന്നാൽ പാറു അത് കണ്ടില്ലെന്ന് നടിച്ചു മുറിയിലേക്ക് പോയി... നാളത്തെ ക്ലാസ്സ്‌ ടെസ്റ്റിനുള്ളത് പഠിക്കാനെടുത്ത് മുന്നിൽ വെച്ചെങ്കിലും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അവൾ അവിടുന്നെഴുന്നേറ്റ് മുറിക്ക്‌ പുറത്തിറങ്ങി.. ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് സംസാരിക്കുന്ന വിച്ചുവിനെയും ലതയെയും കണ്ടില്ലെന്ന് നടിച്ചു അവൾ മുറ്റത്തേക്കിറങ്ങി... "നീയിതെവിടെക്കാ..? " ലത വിളിച്ചു ചോദിച്ചു... "പേടിക്കേണ്ടാ.. ഓടിപോവുകയൊന്നും അല്ല .."

അത്രമാത്രം പറഞ്ഞുകൊണ്ടവൾ മുന്നോട്ട് നടന്നു... "പൊന്നിന്റെ കാര്യം ആലോചിച്ചു നീ തലപ്പുണ്ണാക്കേണ്ട.. നമ്മുടെ വടക്കേപുറത്തുള്ള പറമ്പങ്ങട് വിൽക്കാം.. ഇപ്പോൾ സ്ഥലത്തിനൊക്കെ നല്ല വിലയുള്ള സമയമല്ലേ നമ്മൾ വിചാരിച്ച തുക കിട്ടാതിരിക്കില്ല..." "മ്മ് ഞാനൊന്ന് നോക്കട്ടെ പറ്റിയ ആളെ കിട്ടുമോ എന്ന്..." വിച്ചു അവിടെ നിന്നും എഴുന്നേറ്റ് കടയിലേക്കാണെന്ന് പറഞ്ഞു പോയി.. പാടവരമ്പിനു നടുവിലൂടെയുള്ള ഇടറോഡിലൂടെ ബൈക്കിൽ പോവുമ്പോഴാണ് ഒഴുകുന്ന തോടിലേക്ക് കാലുകളിട്ടിരിക്കുന്ന പാറുവിനെ കണ്ടത്.. അവളുടെ അടുത്തേക്ക് പോവണമെന്ന് മനസ്സ് പറഞ്ഞെങ്കിലും അവനാ ഉദ്യമം വേണ്ടെന്ന് വെച്ചു... കാരണം അവളിപ്പോൾ തനിച്ചിരിക്കുന്നതാണ് നല്ലതെന്നവന് തോന്നി... ഇന്നുവരെ ഒന്ന് നുള്ളി പോലും നോവിക്കാത്ത തന്റെ കുഞ്ഞിനെയാണ് ഇത്രയും വലിയൊരു വിഷമത്തിലേക്ക് തള്ളിയിടുന്നതെന്നാലോചിച്ചു അവനുള്ളിൽ വല്ലാത്തൊരു കുറ്റബോധം തോന്നി... അവിനാഷിന്റെ വീട്ടുകാരോട് വിളിച്ചു ഈ വിവാഹത്തിൽ നിന്നും പിന്മാറിയാലോ എന്നുവരെ അവനാ നിമിഷം ചിന്തിച്ചു...

എന്നാൽ തന്റെ അമ്മയുടെ മുഖം ആലോചിച്ചപ്പോൾ അവനതിനും കഴിഞ്ഞില്ല... ആരെ തള്ളണം കൊള്ളണം എന്നറിയാൻ കഴിയാത്തൊരു അവസ്ഥ ആയിരുന്നവന്.. **** "ഇന്നലെ നീ എവിടെ ആയിരുന്നു.. " ബസ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ മീര തിരക്കി... "തലവേദനയായിരുന്നെടി... " പാറു മീരയെ നോക്കാതെ പറഞ്ഞു.. "മ്മ് വിശ്വസിച്ചു...പിന്നെ ഇന്നലെ വേറൊരു കാര്യം ഉണ്ടായി..." "എന്ത്..." പാറു അവളെ നോക്കി... "ജിത്തേട്ടൻ നിന്നെ തിരക്കി.. നീയെന്താ വരാത്തതെന്നും എന്ത് പറ്റിയെന്നുമൊക്കെ ചോദിച്ചു.. ഞങ്ങൾ മറുപടി കൊടുക്കാൻ നിന്നില്ല... " "മ്മ്.. " പാറുവിൽ നിന്നൊരു നെടുവീർപ്പുയർന്നു... "നീയെന്താ ഒന്നും മിണ്ടാത്തെ,,ഞാൻ പറഞ്ഞത് വിഷമമായോ... " മീരക്ക് പിന്നീടത് പറയേണ്ടെന്ന് തോന്നി... "എന്ത് വിഷമം..! ഇപ്പൊ അതിനെ പറ്റിയൊന്നും ഞാൻ ചിന്തിക്കാറില്ല..ജിത്തേട്ടനെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ..." അവർ നടന്നു ബസ്റ്റോപ്പിൽ എത്തി... അപ്പോഴേക്കും കോളേജ് സ്റ്റോപ്പിലേക്കുള്ള ബസ് വന്നിരുന്നു..ഇരുവരും അതിൽ കയറി കോളേജിലേക്ക് പോയി... *****

കോളേജിന്റെ ഗേറ്റ് കടന്നപ്പോഴേ കണ്ടു ജിത്തു ബുള്ളെറ്റ് സ്റ്റാന്റിൽ ഇട്ട് ഓഫീസ് റൂമിലേക്ക് ചെല്ലുന്നത്... ഒരു നോട്ടമേ അവൾ നോക്കിയുള്ളൂ പെട്ടന്നത് പിൻവലിച്ചു..ഇപ്പോൾ ജിത്തേട്ടൻ തനിക്ക് സ്വന്തമല്ലെന്ന തിരിച്ചറിവ് അവൾക്കുണ്ട്... ഫസ്റ്റ് അവർ ജിത്തുവായിരുന്നു ക്ലാസ്സ്‌ എടുത്തത്... പാറു സാധാരണ പോലെ തന്നെ ഇരുന്നു... അവൻ പറയുന്ന ഓരോ പോയന്റ്സും ശ്രദ്ധയോടെ നോട്ടിലേക്ക് പകർത്തി... ലഞ്ച് ബ്രേക്കിന് പാറു ഫുഡ്‌ കഴിക്കാൻ പോയില്ല വിശപ്പില്ലെന്ന് അവരോട് പറഞ്ഞിട്ടവൾ ലൈബ്രറിയിലേക്ക് പോയി...അവിടെ നിന്നും തനിക്കിഷ്ടപ്പെട്ട ബുക്ക്‌ എടുത്തുവെച്ചു വായന തുടങ്ങി... ക്ലാസിലേക്ക് പോവാനുള്ള ബെൽ അടിച്ചതും അവൾ വേഗത്തിൽ അവിടെ നിന്നും എഴുന്നേറ്റു.. ഇപ്പോഴുള്ള ലൈബ്രറിയിൽ നിന്നും കുറച്ചു ദൂരമുണ്ട് ക്ലാസ്സിലേക്ക്... അവൾ ധൃതിയിൽ കോണിപ്പടികൾ ഇറങ്ങിയതും മുഖം മറച്ച ആരോ ഒരാൾ അവളെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തി കൊണ്ട് ഓടി മറഞ്ഞു... സ്റ്റെപ്പിൽ നിന്നും താഴേക്ക് പതിക്കാൻ തുടങ്ങിയ അവളെ ആരോ ഒരാൾ വന്നു താങ്ങി നിർത്തി...

പേടിച്ചു വിറച്ച അവൾ അയാളെ ഇറുകെ പുണർന്നു കരഞ്ഞു കൊണ്ടിരുന്നു... അയാളും ഒരുവേള അവളുടെ മുടിയിഴകളിലൂടെ തലോടി ഒരാശ്വാസമെന്നപോലെ... ഭയം വിട്ടുമാറിയതും പൊടുന്നനെ അവൾ അയാളിൽ നിന്നും അകന്നു മാറി... മുന്നിൽ നിൽക്കുന്ന ജിത്തുവിനെ കണ്ടവൾ ഒരു നിമിഷം പകച്ചു നിന്നു... അവളോട് സംസാരിക്കാൻ ഒരുങ്ങിയ ജിത്തുവിനെ അതിനനുവദിക്കാതെ പാറു അവിടെ നിന്നും ക്ലാസ്സിലേക്ക് നടന്നു... തന്നെ തള്ളിയിട്ടു ഓടിയ ആ വ്യക്തി ആരായിരിക്കും... എന്തിനായിരിക്കും അയാൾ മനപ്പൂർവം ഇത് ചെയ്തത്... നേരത്തെ നടന്ന സംഭവത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു പാറു... ജിത്തുവിനെ കുറിച്ചവൾ മനഃപൂർവം ഓർത്തില്ല അല്ല മറന്നെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു...ഈ വിഷയത്തെ കുറിച്ചവൾ മീരയോടും പ്രവിയോടും പറഞ്ഞില്ല... എന്തോ പറയേണ്ടെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു... പിന്നീട് രണ്ട് ദിവസം കോളേജ് അവധിയായിരുന്നു... വീട്ടിലിരുന്നു പാറുവിന് ഭ്രാന്ത്‌ പിടിക്കാൻ തുടങ്ങി... എവിടെ ഇരുന്നാലും ഏട്ടന്റെയും അമ്മയുടേയും സംസാരവിഷയം തന്റെ വിവാഹമാണ്...

എവിടേക്കെങ്കിലും ഓടിപ്പോയാലോ എന്ന് വരെ തോന്നിപ്പോയവൾക്ക്.... "നിന്റെ ഫോൺ എന്തിയേ...? " ഹാളിലെ സോഫയിൽ ഇരുന്ന് ടിവി കാണുന്ന പാറുവിന്റെ അടുത്തേക്ക് വിച്ചു വന്നു....അവന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും പാറു ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "നിന്റെ ഫോൺ എവിടെ ആണെന്നാണ് ചോദിച്ചത്... " അവൻ അവളുടെ നേരെ ശബ്‍ദമുയർത്തി... "ഞാൻ കണ്ടില്ല..." ദേഷ്യം വന്ന തന്റെ ഫോണെടുത്തു അവളുടെ നമ്പറിലേക്ക് കാൾ ചെയ്തു... സോഫയിൽ കിടന്ന് റിങ്ങ് ചെയ്യുന്ന ഫോൺ കണ്ടതും അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല... പൊടുന്നനെ പാറുവിന്റെ ഇടതു കവിളിൽ അവന്റെ കൈ ആഞ്ഞു പതിച്ചു... ചുട്ടുനീറുന്ന വേദനയാലേ അവൾ തന്റെ കവിൾ പൊത്തി പിടിച്ചു നിറക്കണ്ണുകളോടെ അവനെ നോക്കി... "ഇനി മേലിൽ മുഖത്ത് നോക്കി കള്ളം പറയരുത്...ഫോണെടുത്ത് അവിനാഷിനെ തിരിച്ചു വിളിക്ക്... വെറുതെ ഇനിയും എന്നെ ദേഷ്യം പിടിപ്പിക്കേണ്ട..." അവൻ താക്കീതോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി... ഒരുതരം വാശിയോട് നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ടവൾ ബെഡിലേക്കിരുന്നു...

ഓർമ വെച്ചിട്ടിന്നുവരെ തന്റെ ഏട്ടൻ തന്നെയൊന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ല... അങ്ങനെയുള്ള ഏട്ടൻ ദിവസങ്ങളുടെ മാത്രം പരിചയമുള്ളൊരാൾക്ക് വേണ്ടി തന്നെ തല്ലിയിരിക്കുന്നു..ഓർക്കുന്തോറും അവൾക്ക് സ്വയം വെറുപ്പ് തോന്നി...താൻ ആരാധിക്കുന്ന ദൈവങ്ങളോട് പോലും നീരസം തോന്നി..... **** വിച്ചുവും അമ്മയും കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. ബന്ധുവീടുകളിലും മറ്റും പോയി വിവാഹം ക്ഷണിച്ചു.... നിശ്ചയം പോലും പറയാത്തതിൽ ചില കുടുംബക്കാർ ഇടഞ്ഞെങ്കിലും ഈ കുടുംബക്കാരൊന്നും ഞങ്ങൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പറഞ്ഞു അവരുടെ വാ അടപ്പിച്ചു... നാട്ടുകാരേയും അയൽവാസികളേയും ക്ഷണിച്ചപ്പോൾ അവരെല്ലാം മൂക്കത്ത് വിരൽ വെച്ചു...ഇത്ര ചെറുപ്പത്തിലേ ആ കൊച്ചിനെ പിടിച്ചു കെട്ടിക്കണമെങ്കിൽ അതിന് എന്തേലും കുഴപ്പം കാണുമെന്നു അവർ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടിരുന്നു...ജിത്തുവിന്റെ വീട്ടിൽ വിവാഹം ക്ഷണിക്കാൻ പോയ അവരെ ഗൗരി ടീച്ചർ പാറുവിന്റെ വിവാഹം പെട്ടന്ന് നടത്തുന്നതിൽ അവരെ ഒരുപാട് ശകാരിച്ചു..

എന്നാൽ ഇല്ലാത്തൊരു ജാതകദോഷത്തിന്റെ കാര്യം പറഞ്ഞു ലത അവരെ സമാധാനിപ്പിച്ചു... ജ്യോൽസ്യത്തിൽ വിശ്വാസമുള്ള ടീച്ചർ അവരുടെ വാക്കുകൾ വിശ്വസിച്ചു... പാറു കോളേജിൽ പോയിട്ടിപ്പോൾ ദിവസങ്ങളായി... കല്യാണത്തിന് ആളുകൾ കാണുമ്പോൾ ഇത്തിരി മെനയൊക്കെ വേണമെന്ന് പറഞ്ഞു ലത അവളെ വീട്ടിൽ പിടിച്ചിരുത്തി... അവൾ എതിർപ്പൊന്നും പറഞ്ഞില്ല,, പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം.... പ്രവിയേയും മീരയേയും അവസാനമായി ഒരു നോക്ക് കാണണമെന്നും അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കണമെന്നും അവൾക്കതിയായ ആഗ്രഹം തോന്നി... അല്പം പേടിയോടെ ആണെങ്കിലും അവൾ തന്റെ ആവശ്യം വിച്ചുവിന്റെ മുന്നിൽ അവതരിപ്പിച്ചു... വിച്ചു എതിര് പറയും എന്നാണ് അവൾ കരുതിയതെങ്കിലും അതിനെ എതിർത്തത് ലതയായിരുന്നു..പിന്നീട് വിച്ചു ഒരുവിധം അവരെ പറഞ്ഞു സമാധാനിപ്പിച്ചു അവളേയും കൂട്ടി കോളേജിലേക്ക് പോയി... കോളേജിന് മുന്നിൽ അവളെ ഇറക്കി വിട്ട ശേഷം വൈകീട്ട് വിളിക്കാൻ വരാമെന്നും പറഞ്ഞിട്ടാണവൻ പോയത്...

പാറു ദീർഘമായൊന്ന് നിശ്വസിച്ചു മുന്നോട്ടു നടന്നു... ഇത്ര ദിവസം എവിടെ ആയിരുന്നു എന്ന് ചോദിച്ചതിന് പനിയായിരുന്നെന്നൊരു കള്ളം പറഞ്ഞു അവൾ ഒഴിഞ്ഞു മാറി... തന്റെ കൂട്ടുകാരോടൊപ്പം കളിയും ചിരിയുമായി അവൾ ഏറെ നേരം ചിലവഴിച്ചു... കോളേജ് വിട്ടതും അവൾ തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ക്ഷണക്കത്ത് അവരുടെ നേരെ നീട്ടി.. വിതുമ്പി കൊണ്ടവർ അവളെ ഇറുകെ പുണർന്നു... മൂവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... ഇനിയും ഇവിടെ നിന്നാൽ താൻ തളർന്നു പോവുമെന്ന് മനസ്സിലാക്കിയ പാറു അവരിൽ നിന്നും അകന്നുമാറി.. വിച്ചുവിന്റെ ബൈക്കിന്റെ ഹോണടി കേട്ടതും അവൾ അവരിരുവരേയും ഒന്നുകൂടെ കെട്ടിപിടിച്ചു ധൃതിയിൽ മുന്നോട്ട് നടന്നു.. പാറുവിന്റെ വിധിയുടെ മുന്നിലവരും നിസ്സഹായരായി നിന്നു... അവൾ അവസാനമായി തന്റെ കോളേജ് നോക്കികണ്ടു.. ഇനി ഇങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് അവളുടെ ഉള്ളം മന്ത്രിച്ചു.... വിങ്ങുന്ന മനസ്സോടെ അവൾ വിച്ചുവിനോടൊപ്പം ബൈക്കിൽ കയറി.. .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story

AROUND THE WEB

Share this story